
മലബാറിന്റെ ചരിത്രം വാരിയം കുന്നന്റെയും

ഷാഫി മുഹമ്മദ് പി
പോയ വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ തുടങ്ങി പുതുവര്‍ഷത്തിലെ ആദ്യ ദിനം തന്നെ വായിച്ച് തീര്‍ത്ത പുസ്തകമാണ് റമീസ് മുഹമ്മദിന്റെ അന്വേഷണാത്മക കണ്ടെത്തലുകള്‍ ‘സുല്‍ത്താന്‍ വാരിയം കുന്നന്’. വായിച്ച് തീര്‍ന്നപ്പോള്‍ ഇതിനെ കുറിച്ച് രണ്ട് വാക്ക് പറയണമെന്ന് തോന്നി. റമീസിന്റെ പ്രയത്നത്തെ പരാമര്‍ശിക്കാതെ തുടങ്ങാന്‍ പറ്റില്ല. അയാളുടെ രാഷ്ട്രീയം കാരണം പുസ്തകം വായിക്കാതിരിക്കരുത് എന്ന് സൂചിപ്പിക്കട്ടെ. പുസ്തകങ്ങളിലെ സംഭവങ്ങള്‍ക്കും സംഭാഷണങ്ങളും കൃത്യമായ സൈറ്റേഷന്‍ നല്‍കുന്നുണ്ട്. അതില്‍ പ്രധാനികള്‍ ഹിച്കോക്കിന്റെ തന്നെ റിപ്പോര്‍ട്ടും ഇഎംസിന്റെ ലേഖനവും എം.പി. നാരായണ മേനോന്റെ പുസ്തകവും മറ്റൊരു കോണ്‍ഗ്രസ്സ് നേതാവായ മാധവന് നായരുടെ പുസ്തകവും സര്‍ദാര്‍ പണിക്കരുടെ കണ്ടെത്തലുകളും ആണ്. തീര്‍ച്ചയായും റമീസിന്റെ നിരീക്ഷണങ്ങളും ഉണ്ട്. ഇല്ലെന്ന് പറഞാല്‍ അപൂര്‍ണ്ണമാണ്.
പുസ്തകത്തെ കുറിച്ച്;
പുസ്തകത്തിന്റെ ഒഴുക്ക് വായനക്കാരനെ പിടിച്ചിരുത്തുന്നതാണ്. ഐ.വി ശശിയുടെ ‘1921’ കണ്ട മലയാളിക്ക് പെട്ടന്ന് പുസ്തകം റിലേറ്റ് ചെയ്യപ്പെടും. മലബാര്‍ കലാപത്തെയും മലബാര്‍ മാപ്പിള ജീവിതത്തെയും അതിന്റെ ചരിത്രത്തെയുമെല്ലാം കൃത്യമായി പുസ്തകം ആമുഖമായി രേഖപ്പെടുത്തുന്നുണ്ട്. ചരിത്ര ധാരണ ഇല്ലാത്തയാള്‍ക്കും പുസ്തകം ദഹിക്കുന്നതാണ്. അവസാന ഭാഗത്ത് കലാപത്തെ കുറിച്ചുള്ള വായനകളും റമീസിനു ലഭിച്ച അപൂര്‍വ്വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയത് ഉദ്യമത്തിന് പൂര്‍ണത നല്‍കുന്നുണ്ട്. വിമര്‍ശന ബുദ്ധിയോടെ തന്നെ നിങ്ങള്‍ ഇത് വായിക്കുക, വിശകലനം ചെയ്യുക.
വാരിയം കുന്നനെ കുറിച്ച്;
ചരിത്രത്തോട് എത്ര വലിയ നീതികേടാണ് ബ്രിട്ടീഷ് സൈന്യം ചെയ്തതെന്ന് പുസ്തകം വിശദീകരിച്ച് തരുന്നുണ്ട്. കുഞ്ഞാലി മരക്കാര്‍ നാലാമനോട് പോര്‍ച്ചുഗീസുകാര്‍ ചെയ്തതിന് സമാനമായ അല്ലെങ്കില്‍ അതിനും കൂരമായ രീതി വാരിയംകുന്നന്റെ ശരീരത്തോടും ഓര്മകളോടും ഹിച്കോക്കും സംഘവും ചെയ്തതിന്റെ കാരണവും പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു. സാമ്രാജ്യത്വം അതിന്റെ ഉച്ചസ്ഥായിയില്‍ നില്കുന്ന സമയം അതിനെ നേര്‍ക്കുനേരെ നിന്ന് വെല്ലുവിളിക്കുക, ഇന്ത്യയില്‍ തന്നെ ആദ്യവും അവസാനമായി ബ്രിട്ടനെതിരെ സമാന്തരമായ ഭരണകൂടം സ്ഥാപിക്കുക, ജന്മിത്വ വ്യവസ്ഥക്ക് എതിരെ കൃത്യമായ നിലപാട് സ്വീകരിച്ച് പോരാടുക, കുടിയന്മാരുടെയും ചോലനായ്ക്കര്‍ അടക്കമുള്ള ആദിവാസി വിഭാഗത്തിന്റെയും പൂര്‍ണ പിന്തുണ കരസ്ഥമാക്കുക, ആറ് മാസത്തോളം മലബാറിന്റെ സിംഹ ഭാഗവും ബ്രിട്ടനില്‍ നിന്നും സായുധ പോരാട്ടത്തിലൂടെ പിടിച്ചെടുത്ത് ഭരണം നടത്തുക, സ്വന്തമായി പാസ്പോര്‍ട്ടും നാണയവും ഇറക്കുക. സൈന്യത്തെ സൃഷ്ടിക്കുക, അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥാപിക്കുക, ബ്രിട്ടീഷ് ചക്രവര്‍ത്തി കുറച്ച് മാസങ്ങളെങ്കിലും സകല ശ്രദ്ധയും മലബാറിലേക്ക് കേന്ദ്രീകരിക്കുക, ഇന്ത്യക്ക് പുറത്ത് നിന്ന് ആളുകളെ ഈ സമാന്തര ഭരണത്തെയും ഭരണാധികാരികളെയും തുരത്താന്‍ കൊണ്ട് വരിക. ഒടുവില്‍ പിടിക്കപ്പെട്ട ശേഷം, തന്നെ മുന്നില്‍ നിന്ന് വെടിവേക്കണം, അത് തനിക്ക് കാണുകയും വേണമെന്ന് പറഞ്ഞ ഒരു മലബാറുകാരന് മാപ്പിള! കൂടുതല്‍ പറയുന്നില്ല.

1921 എന്ന സിനിമയെ കുറിച്ച്;
ദാമോദരന്‍ മാഷിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത സിനിമ വ്യക്തിപരമായി ഒത്തിരി പ്രിയപ്പെട്ടതാണ്. ചരിത്രത്തോട് ഒത്തിരി നീതി പുലര്‍ത്തിയിട്ടുണ്ട് എന്ന് തോന്നിയിരുന്നു. തൊള്ളായിരത്തി ഇരുപത്തൊന്നില് ഈമലബാര് കലാപം അതിന്റെ മൂര്ധഭാവം കാണിച്ചപ്പോള്‍, ആ ഊര്‍ജത്തിന്റെ പ്രഭവ കേന്ദ്രം കുഞ്ഞഹമ്മദ് ഹാജിയാണ് എന്നറിയാത്ത ആളായിരിക്കില്ല ദാമോദരന്‍ മാഷ്. എങ്കിലും ബാലന്‍സിങ് തന്ത്രമാവണം സിനിമയില്‍ കുഞ്ഞഹമ്മദ് ഹാജിയെ അല്പം മാറ്റി നിര്‍ത്തുന്നതും ഖാദര്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിച്ച്, അയാളുടെ കണ്ണിലൂടെ കഥ പറയുന്നതും. കുഞ്ഞഹമ്മദ് ഹാജിയെ കാണിച്ച രീതിയും ടിപ്പിക്കല്‍ ആണെന്ന് പറയാതെ വയ്യ. മുകളില്‍ പറഞ്ഞ ബാലന്‍സിങ് തന്ത്രവും, കൂടെ ആരെയും പിണക്കേണ്ടത്തില്ലെന്ന താല്പര്യവുമാവണം ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും സിനിമയില്‍ നിന്നും പിന്മാറാന് പ്രേരിപ്പിച്ചത്. അല്ലെങ്കിലും മുസ്ലിം ജീവിതങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ കണ്ടുശീലിച്ച വാര്‍പ്പുമാതൃകകള്‍ തകര്‍ക്കാനുള്ള ധൈര്യംമൊന്നും ഇവരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മലബാര്‍ കലാപം പൂര്‍ണ്ണരൂപത്തില്‍/വാരിയന്‍ കുന്നന്റെ കണ്ണിലൂടെ സിനിമയായി വരണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, കാത്തിരിക്കുന്നു.
ജമാഅത്തെ ഇസ്ലാമി വാരിയംകുന്നനോട് ചെയ്യുന്നത്;
ഇതിവിടെ പറയേണ്ടതാണോ എന്നറിയില്ല. എങ്കിലും അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമി ഒരുപാട് ആഘോഷിക്കുന്ന, എടുത്ത് ഉപയോഗിക്കുന്ന ഒന്നാണ് മലബാര്‍ കലാപവും അതിന്റെ ചരിത്രവും. ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയും മറ്റു പരിവാരങ്ങളും മുസ്ലീം നാമധാരികള്‍ ആയിരുന്നെങ്കിലും/ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ മുറുക്കെ പിടിച്ചവര്‍ ആയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടര്‍ന്ന നേതാക്കളോടും കോണ്‍ഗ്രസ് നേതാക്കളോടും അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. ഇത്തരത്തില്‍ പൊതു സ്വീകാര്യരായിരുന്ന നേതാക്കളെ മുസ്ലീങ്ങളുടെ മാത്രം നേതാക്കളാക്കി ഉയര്‍ത്തി കാണിക്കുക വഴി, അല്ലെങ്കില്‍ അത്തരത്തില്‍ ഒരു തോന്നല്‍ മറ്റുള്ളവര്‍ക്ക് ജനിപ്പിക്കുന്ന രീതിയിലെങ്കിലും പ്രവര്‍ത്തിക്കുക വഴി നിങ്ങള്‍ ക്രൂരത കാണിക്കുന്നത് വാരിയംകുന്നനോട് തന്നെയാണ്. കുഞ്ഞാലിമരക്കാര്‍മാര്‍ ആണെങ്കിലും ടിപ്പുസുല്‍ത്താന്‍ ആണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ജീവിച്ച ഗാന് അബ്ദുല്‍ ഗാഫര്‍ ഖാന്, മൗലാനാ അബുല്‍ കലാം ആസാദ്, അല്ലാമാ ഇഖ്ബാല്‍, മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ്, മലബാര്‍ കലാപത്തിലെ പ്രമുഖ നേതാക്കള്‍ etc ഇവരെല്ലാം പൊതു നേതാക്കളോ പോരാളികളോ ആയിരുന്നു. ഇവരെ രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി ദയവു ചെയ്തു വര്‍ഗീയ വല്കരിക്കരുത്, ഇസ്ലാമിന്റെ കൂട്ടില്‍ കെട്ടരുത്.(ഇവര്‍ മത വിശ്വാസികളായിരുന്നു). ഇത് തന്നെയാണ് ചരിത്രം അവകാശപ്പെടാനില്ലാത്ത സംഘപരിവാര്‍ ആയുധമാക്കി ഉപയോഗിക്കുന്നത്. ദയവു ചെയ്ത് അവര്‍ക്ക് ക്രൂശിക്കാന്‍ പാകത്തിന് ചരിത്രത്തെ ഇട്ടു കൊടുക്കരുത്.
2 Comments
🔥🔥
വളരെ നല്ല നിരീക്ഷണങ്ങൾ
വായിക്കാൻ മാറ്റിവച്ച പുസ്തകമായിരുന്നു