
ഈമോജികൾ

സുകന്യ പി പയ്യന്നൂർ
ആ കടൽത്തീരം വിജനമായിരുന്നു. അവസാനത്തെ അപരിചിതനും കടലോരം വിട്ട് നടന്നു മറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒഴുക്കിൽ അകപ്പെട്ട കർണികാരപ്പൂവ് പോലെ ഒരു മഞ്ഞ ചുരിദാറിൽ സാന്ദ്രാ ഫിലിപ്പ് മാത്രം ഒടുവിൽ കടൽക്കരയിൽ ഒരു അടയാള ചിഹ്നം മായി അവശേഷിച്ചു. തന്റെ കൺ പോളകളുടെ ഭാരം വകവയ്ക്കാതെ അവൾ വീണ്ടും വീണ്ടും തിരമാലകളുടെ കൈക്കുടന്നയിലേക്ക് ഇറങ്ങി നിന്നു. ഈ കൊറോണക്കാലം എന്നത് ഒരു തിരിച്ചറിവിന്റെ കൂടി കാലഘട്ടം തന്നെയല്ലേ… അവൾ സ്വയംചോദിച്ചു…. അതേ മനുഷ്യന്റെ സ്വാർത്ഥതയുടെ മുഖംമൂടിക്കുമേൽ കാവൽ
ഇരിക്കുന്ന , കാലം നെയ്ത് എടുത്ത മറ്റൊരു മുഖം മൂടി . അവൾ സ്വയം പിറുപിറുത്തു . ആഴക്കടലിലേക്ക് നോക്കിയപ്പോൾ കണ്ണുനീർ വരണ്ട് ഉണങ്ങിയ അവളുടെ മുഖത്ത് ഒരു സൗഹൃദചിരി വിടർന്നു . അത് ഈ പാൻഡമിക്കിന്റെ ഏകാന്തതയിൽ തുല്യദുഃഖം അനുഭവിക്കുന്ന ആൾപെരുമാറ്റ മില്ലാത്ത ആ നിശബ്ദ തീരങ്ങളിലേക്ക് , അവിടെനിന്ന് അവൾക്കു മുഖാമുഖം നിന്ന് അവളുടെ ആവലാതികൾ കേൾക്കുന്ന , മറുമൊഴി ചൊല്ലുന്ന തിരകളിലേക്ക് , ആ ആഴക്കടലിന്റെ മർമ്മരങ്ങൾക്ക് ഒക്കെ പടർന്നിറങ്ങി . അവൾക്കി പ്പോൾ ആകെ ഹൃദയം തുറന്ന് പൊട്ടി കരയുവാനുള്ളത് ആർത്തിരമ്പുന്ന ആ കടലിലിനു മുന്നിൽ മാത്രമാണ് . നനഞ്ഞു കുതിർന്ന ടിഷ്യൂ ബാഗിന്റെ സൈഡ് പോക്കെറ്റിൽ തിരുകി വീണ്ടും ഒരു പുതിയ ടിഷ്യൂ എടുത്ത് കണ്ണും മുഖവും നന്നായി ഒന്നു തുടച്ചു കഴിഞ്ഞ് അവൾ തുടർന്നു .
” സമുദ്രം … നീ കേൾക്കുന്നുണ്ടോ … എവിടെയായിരുന്നു നമ്മൾ പറഞ്ഞു നിറുത്തിയത് ….? “
തെല്ലിട ഒന്ന് ചിന്തിച്ച ശേഷം അവൾ വീണ്ടും പാഞ്ഞുതുടങ്ങി …
” അതേ … സമുദ്രം …!!! ഞാൻ അങ്ങനെയായിരുന്നു അയാളെ കണ്ടിരുന്നത് .. അയാൾ വെറും കാമുകൻ മാത്രമായിരുന്നില്ല …. അറിവിന്റെ യും സംശയ നിവാരണ ത്തിന്റെയും ഒക്കെ ആത്മ ബോധമായിരുന്നു എനിക്ക് അയാൾ .. എന്റെ ഒരു എൻസൈക്ലോപീഡിയ … അയാളെ കണ്ടതിനു ശേഷം അയാളോട് ചോദിക്കാതെ യുള്ള ഒരു കാര്യവും എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായിരുന്നില്ല. … അയാൾ അലക്ഷ്യമായി പറയുന്ന മറുപടികൾ പോലും എന്റെ ജീവിത്തിൽ ഞാൻ പകർത്തി എഴുതി …. എന്റെ മനസിന് അയാളിലുണ്ടായ വിശ്വാസത്തെ അയാളുടെ വാക്കിന്റെ പൂർണ്ണത യാണെന്ന് ഞാൻ തെറ്റി ദ്ധരിക്കുകയായിരുന്നു അല്ലാതെ അയാൾ വാക്കുകൊണ്ട് പോലും എന്നിലേക്ക് ഇറങ്ങിയിട്ടില്ല എന്ന് ഞാൻ അറിയുന്നത് പിന്നീട് മാത്രമായിരുന്നു. …… സമുദ്രം …. ഏയ് സമുദ്രം ….. നീ. കേൾക്കുന്നില്ലേ …??? “
അവൾ സങ്കടഭാവത്തിൽ സമുദ്രത്തിൽ ഒന്ന് തട്ടി വിളിച്ചു ….ചെറിയ ചെറിയ തിരകൾ അവളുടെ വാക്കുകൾ അവഗണിച്ചു കടന്നുപോകുന്ന തായി അവൾക്ക് തോന്നിതുടങ്ങിയിരുന്നു …. അവളുടെ ചോദ്യത്തിന്റെ അലകൾ ആ കടൽ പരപ്പിൽ നിറഞ്ഞു നിന്നപ്പോൾ തിരമാലകൾ വീണ്ടും വീണ്ടും കെട്ടി പുണർന്നു അവൾക്കു മുന്നിൽ ഒറ്റക്കെട്ടായി വിരിച്ചു നിന്നു …. അപ്പോഴേയ്ക്കും ഒരുവലിയ തിര ഓടിവന്ന് അവൾക്കൊപ്പം ഉയരത്തിൽ പടർന്ന് കവിളിലെ ഒലിച്ചിറങ്ങിയ കണ്ണുനീർ കറ തുടച്ച് താഴേയ്ക്ക് ഊർന്നിറങ്ങി കടന്നു പോയി . അവൾ സമാധാനത്തോടെ വീണ്ടും തുടർന്നു .
” ഇപ്പോൾ കൊറോണ ക്കാലമായത് കൊണ്ടു തന്നെ ഫോൺവഴി മാത്രമായിരുന്നു ഞങ്ങളുടെ ബന്ധം തുടർന്നിരുന്നത് … അയാൾ ഒരു പൊതു പ്രവർത്തകനും കൂടിയായതു കൊണ്ട് സദാ സമയം എന്നവണ്ണം ഈ കോവിഡ് കാലത്തും അയാൾ പ്രവർത്തന നിരതനായിട്ടായിരിക്കും എന്ന് ഞാൻ കരുതി . കൂടുതൽ ബുദ്ധിമുട്ടിക്കാൻ ഞാൻ ശ്രമിക്കാറില്ല . സഹപ്രവർത്തകർ പലരും ഉണ്ട് അയാൾക്കൊപ്പം . അതിൽ ആണും പെണ്ണും ട്രാൻസും പെടും . എങ്കിലും അവരുമായൊക്കെ ഊഷ്മളമായ സൗഹൃദങ്ങൾ അല്ലാതെ അതിനപ്പുറം ഒന്നുമില്ലെന്ന് അയാൾ എപ്പോഴും എന്നോട് പറയും …. അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ എടുത്തോളൂ കുഴപ്പമില്ല ഞാൻ പിന്മാറി തന്നേക്കാം , പക്ഷെ എന്നെ കബളിപ്പിക്കരുതേ എന്നു ഞാൻ പലവട്ടം പറഞ്ഞു നോക്കിയതാണ് , അതിനു തക്കതായ ചില കാരണങ്ങൾ കണ്ടിരുന്നത് കൊണ്ടുതന്നെ . എങ്കിലും അപ്പോഴും അയാൾ ആ നിലപാടിൽ തന്നെ ഉറച്ചു നിന്നു …..”
അവൾ കുറച്ചിട ഒന്ന് പറഞ്ഞു നിറുത്തിയ ശേഷം പുറകിലോട്ട് ഇട്ടിരിക്കുന്ന ബാഗ് എടുത്ത് തുറന്ന് ഒരു ബിയർ ബോട്ടിൽ പുറത്തെടുത്തു …. അതുകാലിയാണെന്നു മനസിലായി ബാഗിലേക്ക് തന്നെ തിരിച്ച് ഇട്ടു കൊണ്ട് വാട്ടർ ബോട്ടിൽ എടുത്ത് കുറച്ചു വെള്ളം വായിലേക്ക് ഒഴിച്ചശേഷം മൂടി അടച്ചു ബോട്ടിൽ പുറകിലേ ബാഗിലേക്ക് ഇട്ട് വീണ്ടും പറഞ്ഞു തുടങ്ങി …
” അയാളുടെ വാട്സാപ്പ് സന്ദേശങ്ങൾ കുറഞ്ഞുവരുന്നതായി ഞാൻ ശ്രദ്ദിച്ചുതുടങ്ങിയത് ഈയ്യിടെ ആയിരുന്നു സമുദ്രം ….. അയാളുടെ ലാസ്റ്റ് അപ്പ്ഡേറ്റ് സീൻ എനിക്ക് തൊട്ടു തൊട്ട് തന്നെ കാണുമായിരുന്നു . എന്നിട്ടും അയാൾ പലപ്പോഴും എന്നോട് സംസാരിക്കാതെ , എന്റെ ചാറ്റിന് മറുപടി പറയാൻ നിൽക്കാതെ
ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . ലാസ്റ്റ് സീൻ മറച്ചു വയ്ക്കുന്ന ശീലം അയാൾക്ക് പണ്ടേ ഉണ്ടായിരുന്നില്ലല്ലോ ….
അയാൾക്ക് പൂക്കളെ വലിയ ഇഷ്ട്ടമായിരുന്നു … പൂക്കളുടെ ബിംബങ്ങൾ പ്രണയവുമായി ബന്ധപ്പെടുന്നതിന്റെ രഹസ്യങ്ങൾ ഒക്കെ അയാൾ എനിക്ക് പലവട്ടം വിശദികരിച്ചു തന്നിട്ടുണ്ട് . കേസരങ്ങളോടൊപ്പം കാണുന്ന പൂക്കളെയാണ് അയാൾക്ക് ഏറെ ഇഷ്ട്ടം . അയാളുടെ വീട്ടിൽ നിന്നും പലപ്പോഴും അത്തരം പൂക്കൾ അന്നൊക്കെ എനിക്ക് കോളേജിലേ ക്ക് കൊണ്ടുവന്ന് തരുമായിരുന്നു . ഈ കൊറോണക്കാലത്ത് ആദ്യമൊക്കെ അയാൾ എന്റെ വാട്സ്ആപ്പിലേക്ക് അയാളുടെ വീട്ടുമുറ്റത്തുനിന്ന് എടുത്ത അത്തരം പൂക്കളുടെ ഫോട്ടോകളും ഈമോജി പൂക്കളും ഒക്കെ ഇടുമായിരുന്നു … പിന്നീട് ചാറ്റിങ് ഇല്ലാതായതിന് പിന്നാലെ ഞാൻ ഇട്ട മെസ്സേജുകളിലും ഈമോജികളിലും നീല ശരികൾ പോലും കാണാതായി തുടങ്ങി …
… പൂക്കൾ ഇല്ലാതെയായി …. ആൾപ്പെരുമാറ്റ മില്ലാത്ത. , നീല ശരികൾ കാണാത്ത ഫോണിൽ ഏറ്റവും താഴേക്ക് ഇറങ്ങി നിൽക്കുന്ന എന്റെ വാട്സ്ആപ്പിലെ അയാളുടെ പ്രൊഫൈൽ കണ്ട് ഞാൻ അന്തം വിട്ടുതുടങ്ങി . സമുദ്രം … നീയിത് കേൾ ക്കുന്നുണ്ടോ. …”
അവൾ രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി ഒന്നു തേങ്ങി… “സമുദ്രം …” ആ വിളിയിൽ തിരമാലകൾ ഒരു നിമിഷം നിശ്ചലരായതായി നിൽക്കുന്ന തായി അവൾക്കുതോന്നി …. അവൾ തുടർന്നു…
” ഞാൻ ഒടുവിൽ അയച്ച മെസ്സേജുകൾക്ക് ഒന്നിനും
മറുപടി കിട്ടാതായപ്പോൾ ഞാൻ അത് അയാളോട് ചോദിച്ചു സമുദ്രം …”
അവൾ ഒന്നു നിറുത്തി …..
കണ്ണുകൾ ഒപ്പിക്കൊണ്ട് വീണ്ടും പറഞ്ഞുതുടങ്ങി…
” ഗ്രൂപ്പുകളിലും സിംഗിൾ പ്രൊഫൈലുകളിലുമായി ആയിരത്തിൽ പരം ഞാൻ
നോക്കാത്ത മെസ്സേജുകളെ
പിൻ തള്ളികൊണ്ട് , എന്റെ മറുപിടി കിട്ടാത്ത അയാൾക്ക് അയച്ച ആ പഴയ മെസ്സേജിന് താഴെ വീണ്ടും ചാറ്റ് ചെയ്ത് ഞാൻ അയാളെ ഉയർത്തി , സമുദ്രം …. . ഞാൻ എഴുതി ഇട്ട
“ഇപ്പോൾ പൂക്കൾ വിരിയാറില്ലേ ” എന്ന ചോദ്യത്തിന്ന് ഉള്ള മറുപടിയായി അയാൾ എന്നോട് തിരിച്ചുചോദിക്കുകയാണ് …
“ഇമോജിപ്പൂക്കളാണോ ” എന്ന് … അയാളുടെ ആ മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി …. എങ്കിലും ഞാൻ മറുപിടി പറഞ്ഞു …
“എല്ലാപൂക്കളും ” എന്ന് ….
അയാൾ ഉടനെ മറുപിടി ഇട്ടു … “വിരിയാറുണ്ടല്ലോ “എന്ന് “
അപ്പോഴേക്കും അവൾക്ക് തൊണ്ട നന്നേ വരണ്ടിരുന്നു …. വീണ്ടും ബോട്ടിൽ തുറന്ന് കുറച്ചു കൂടി വെള്ളം കുടിച്ചിറക്കിയ ശേഷം അവൾ തുടർന്നു ..
” സമുദ്രം… നീ കേൾക്കുന്നുണ്ടല്ലോ അല്ലേ …. പിന്നീട് ഞാൻ അയാളോട് വെറുതെ ചോദിച്ചു ” എന്നിട്ട് ആ പൂക്കൾ ആർക്കെങ്കിലും ഒക്കെ അയക്കാറുണ്ടോ “എന്ന് …
” ഉണ്ട് “എന്ന അയാളുടെ പൊടുന്നനവേ യുള്ള ഉത്തരം കണ്ട് ഞാൻ വീണ്ടും അയാളോട് ആശയറ്റ മനസ്സോടെ ചോദിച്ചു ആർക്കാണ് അയച്ചുകൊടുക്കാറുള്ളത് എന്ന് …
ക്ഷണത്തിൽ വീണ്ടും എനിക്ക് അയളുടെ ഉത്തരം കിട്ടി
” പലർക്കും “
അയാളുടെ തണുപ്പൻ മട്ടിലുള്ള പ്രതികരണം ……
സമുദ്രം ….. നിനക്കെങ്കിലും തിരിച്ചറിയാൻ കഴിയുന്നുണ്ടോ ??? അയാളുടെ ആ പലരിൽ പോലും പെടാത്ത എന്നെ …!!!!! “
” നിന്റെ ഈ കണ്ണീർ ചില്ലിലേക്ക് ഒരിക്കലെങ്കിലും കണ്ണാടി നോക്കാതെ അയാൾക്ക് ഈ ലോകം വിട്ടുപോകാൻ കഴിയില്ല …. സാന്ദ്രാ “
അവൾ പ്രതീക്ഷയുടെ കണ്ണടകൾ കണ്ണുകൾക്ക് നേരെ സെറ്റ് ചെയ്ത് കൊണ്ട് ചോദിച്ചു …..
” ങേ ആരാണത് പറഞ്ഞത് ….!!?? സമുദ്രം , നിന്റേതായിരുന്നു … അല്ലെ …
ആ വാക്കുകൾ …..!!!? “
സാന്ദ്ര ഒരു തീനാളം പോലെ ആ കടലോരത്ത് കുറച്ചുനേരം കൂടി ജ്വലിച്ചു നിന്നു ……. അപ്പോഴയ്ക്കും ഒരു കൂറ്റൻ തിരമാല കൈകൾ അവളുടെ അടുത്തേക്ക് ഇറങ്ങിവന്ന് ആ വ്യഥകൾ അത്രയും ഏറ്റുവാങ്ങി കൊണ്ട് തിരപ്പുതപ്പുകൾക്കുള്ളിൽ അവളെ തിരുകി സ്നേഹവാത്സല്യം കൊണ്ട് മൂടി … അതേ അവളുടെ മനസ് ആ തിരകൾ തിരിച്ചറിഞ്ഞിരിക്കുന്നു . ആ തരാട്ടിൽ അവൾ ആ കടൽ ഹൃദയത്തിലേക്ക് ആശ്വാസ പൂർവം ഊളിയിട്ട് ഇറങ്ങി കൊണ്ടിരുന്നു