
വിഷാദ രാത്രിയിലെ നക്ഷത്രങ്ങൾ

സുജിത് താമരശ്ശേരി
നിറഞ്ഞ മിഴികളോടെ മുൻപിൽ നിൽക്കുന്ന ആ ചെറിയ മനുഷ്യൻ പറഞ്ഞു.. ചെറിയ പനിയുണ്ട്…
ടെസ്റ്റ് ചെയ്യുമ്പോൾ അറിയാലോ അല്ലേ?
അതിനു നിങ്ങൾ എന്തിനാണ് കരയുന്നത്?
കയ്യിൽ വെള്ളകുപ്പി താഴെ പോയപ്പോൾ അയാൾ എടുത്തു കൊണ്ടു പറഞ്ഞു..
മൂന്ന് പെൺകുട്ടികളാണ്.. അവർക്ക് ഉമ്മയും ഇല്ല…
നീണ്ട വരിയുടെ പിറകിൽ മങ്ങി കത്തുന്ന വിളക്കു തൂണിന്റെ താഴെ കൊറോണ ടെസ്റ്റ് ചെയ്യാനുള്ള നിൽപ്പ് തുടരുന്നതിനിടയിൽ സ്പോർട്സ് ഹാളിലെ മഞ്ഞ പെയിന്റ് അടിച്ച ചെറിയ മുറി പ്രായം കുറെയുള്ള ഒരു പാകിസ്താനി തുറക്കുമ്പോൾ ഞാൻ പതുക്കെ പറഞ്ഞു…
തറാവി പ്രാർത്ഥനയാണ് നമ്മൾ ഈ കേൾക്കുന്നത്..
നാട്ടിൽ പ്രാർത്ഥിക്കാൻ അത്താഴകലങ്ങൾ വരെയുള്ളപ്പോൾ നമ്മൾ തോറ്റു പോകില്ല..
അൽഹംദുലില്ലാഹ്…
നിങ്ങൾ മലബാറിൽ എവിടെയാണ് കണ്ണു തുടച്ചു കൊണ്ടു ചോദിച്ചു..
കോഴിക്കോട് ആണ്.. അറിയുമോ?
കേട്ടിട്ടുണ്ട്.. ഈ നാട്ടിൽ നിറയെ നിങ്ങളുടെ നാട്ടുകാരാണ്..
അതെ ഞാൻ തലകുലുക്കി..
നിങ്ങളുടെ താമസം ഇവിടെ ഐകാട് ആണോ? ഞാൻ അയാളുടെ ചുവപ്പ് നിറഞ്ഞ കണ്ണുകളിൽ നോക്കി കൊണ്ടു ചോദിച്ചു..
അല്ല ഇവിടെ ടെസ്റ്റ് ഉണ്ടെന്ന് കേട്ടു വന്നതാണ്..
ജോലി എവിടയാണ്?
ഞാൻ ഈ കാണുന്ന മദീനയിൽ മീൻ സ്റ്റാളിൽ ആയിരുന്നു വന്ന കാലത്ത്. ഇപ്പോൾ പഞ്ചർ ഒട്ടിക്കുന്ന വണ്ടിയിലാണ്..
പഞ്ചർ ഒട്ടിക്കുന്ന വണ്ടിയോ? അതു എങ്ങനെയാണ്?
ഒരു പിക്കപ്പ് വണ്ടിയിൽ പഞ്ചർ ഒട്ടിക്കാനുള്ള എല്ലാം സെറ്റ് ചെയ്യും.. ആളുകൾ വിളിക്കുന്ന സ്ഥലത്തു പോയി ഒട്ടിച്ചു കൊടുക്കും.
അടുത്ത ജൂണിൽ പതിനാലു വർഷം ആകും.
മെച്ചമുണ്ടോ ഞാൻ ചോദിച്ചപ്പോൾ നാട്ടിലെ കാര്യങ്ങൾ കഴിഞ്ഞു പോകുന്നു.. കുട്ടികൾക്കു ഫീസ്, അവരുടെ മറ്റു കാര്യങ്ങൾ അങ്ങനെ എല്ലാം.. അതിനിടയിൽ ഭാര്യ മരിച്ചു….
ഞാൻ മൂളി കേൾക്കുന്നതിനടയിൽ അയാൾക്ക് ഒരു ഫോൺ വന്നു..
എനിക്കു അറിയാത്ത ഭാഷയിൽ അയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ വീണ്ടും ഒരു തവണ കൂടി അയാളുടെ കൈയിൽ നിന്നും ആ വെള്ളകുപ്പി താഴെ പോയി.. ഞാൻ അയാളുടെ കൈകളിലേക്ക് നോക്കി..
വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു..
നേരെ നിൽക്കാൻ കഴിയാത്ത ക്ഷീണത്തിൽ അയാൾ വിളക്ക് തൂണിനോട് ചാരി നിന്നുകൊണ്ടായിരുന്നു സംസാരം..
മെലിഞ്ഞ ആ ശരീരത്തിനു ഒരിക്കലും ചേരാത്ത നീളൻ വെള്ള ഷർട്ടിൽ നിറയെ ഓയിൽ കറയുണ്ട്..
കോളർ കീറിയ ഷർട്ടിന്റെ പിറകു വശത്ത് മറ്റൊരു കീറൽ കണ്ടപ്പോൾ അയാളുടെ ഇല്ലായ്മകളുടെ ചിത്രം ആ മനുഷ്യനിൽ നിന്നും വെളിച്ചത്തു വന്നു പറയുന്നത് ഇങ്ങനെ നോക്കുമ്പോൾ തന്നെ അറിയാൻ പറ്റുമായിരുന്നു…
നീണ്ട കഴുത്തിൽ ഞരമ്പുകൾ പൊന്തി നിൽക്കുമ്പോൾ
കൊഴിഞ്ഞു തീർന്ന അയാളുടെ തലമുടിയിൽ ബാക്കിയുള്ളവയിൽ വെള്ള പടർന്നത് ആ വെളിച്ചത്തിൽ എന്റെ കണ്ണുകളിൽ വന്നു എത്തി നോക്കി പോകുന്നുണ്ടായിരുന്നു…
തുടങ്ങിയ നീണ്ട വരി, ആകാശത്തിന് താഴെ ഒരു ചാല് പോലെ നീണ്ടു കിടക്കുമ്പോൾ ഫ്രീ ടെസ്റ്റ് ചെയ്യാനുള്ള ഈ നിൽപ്പ് കാലിനു വേദന തന്നുകൊണ്ട് തുടരുകയാണ്…
തറാവി പ്രാർത്ഥന അതിന്റെ അവസാനത്തിലേക്ക് എത്തുന്നു.. ഇടയ്ക്ക് തണുപ്പ് കാറ്റു വന്നു പോകുന്നുണ്ടെങ്കിലും ചൂട് മൂക്കുന്ന കാലമായതിനാൽ ഷർട്ടിന്റെ കുടുക്കു രണ്ടെണ്ണം അഴിച്ചുകൊണ്ടു കൈ നിവർത്തി ഒന്ന് ആയാസപ്പെട്ടു വരിയുടെ നിര, പിറകിൽ എവിടം വരെ എത്തിയെന്നു നോക്കിയപ്പോൾ ടാക്സി ഗ്രൗണ്ട് കഴിഞ്ഞു പോയിട്ടുണ്ടായിരുന്നു…
അയാളുടെ ഫോൺ സംസാരത്തിനു അവസാനം തിരിഞ്ഞു നിന്നു വീണ്ടും പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കണ്ണുകളിലേക്ക് നോക്കാതെ ചോദിച്ചു..
സഹിക്കാൻ പറ്റാത്ത ചൂട് അല്ലേ? ഒരു പുഴുങ്ങൾ ആണ് മൊത്തം..
ഈന്തപ്പഴം പഴുകാൻ ഉള്ള ചൂട് ആണ്.. ഇങ്ങനെ വെന്തു വെന്തു ആണ് ഈന്തപ്പഴം പഴുകുന്നത്.. അയാൾ പറഞു..
ഇതു എനിക്കൊരു പുതിയ അറിവായിരുന്നു..
അങ്ങനെ എന്തൊക്കെ അല്ലേ ഞാൻ സ്വയം ചോദിച്ചു…
കുറച്ചു നേരത്തെ നിശബ്ദത വെടിഞ്ഞു കൊണ്ടു ഞാൻ ചോദിച്ചു.. വിഷമം ആവുമെന്ന് അറിയാം എന്നാലും..
കുട്ടികളുടെ അമ്മ എങ്ങനെയാണ് മരിച്ചത്..?
അവൾ ജീവനൊടുക്കിയതാണ്.. കുറഞ്ഞ നിമിഷങ്ങൾ താണ്ടിയ നിശബ്ദതയ്ക്ക് ശേഷം അയാൾ പറഞ്ഞു തുടങ്ങി.
നിറയെ പുഴകൾ ഉള്ളൊരിടമാണ് ഞങ്ങളുടെ നാട്.. അവിടെ വീടിനു അടുത്തുള്ള പുഴയിൽ അവൾ ചാടി മരിച്ചു… അവൾക്ക് പണ്ടേ പുഴകൾ ഇഷ്ടമായിരുന്നു.. അവൾ മുങ്ങി നിവരാതെ പുഴയുടെ ആഴത്തിൽ മുങ്ങി താണു അങ്ങ് പോയി ഞങ്ങളെ തനിച്ചാക്കി..
ഈ അടുത്ത കാലത്തായിരുന്നോ? നിങ്ങൾ നാട്ടിലുണ്ടായിരുന്നോ ?
കുറച്ചായി. ഞാൻ നാട്ടിലുള്ളപ്പോൾ.. ഞങ്ങൾക്ക് സിറ്റിയിലേക്ക് പോകണമെങ്കിൽ പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യണം.. അങ്ങനെ ഒരു യാത്രയുടെ തിരിച്ചു വരവിൽ ഞാനും മകളും എല്ലാവരും ഉള്ളപ്പോൾ അവൾ ഞങ്ങളെ തോൽപ്പിച്ചു പോയി.. നിറഞ്ഞ് ഒഴുകുന്ന പുഴയുടെ നടുവിൽ അവൾ ചാടി മരിച്ചു…
നിങ്ങൾ എല്ലാവരും അപ്പോൾ ആ ബോട്ടിൽ ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു.. എന്റെ ചെറിയ മോളെ ഉമ്മകൊടുത്തു എന്റെ തലയിൽ കൈ വെച്ചുകൊണ്ട് അവൾ സ്പീഡിൽ പോകുന്ന ബോട്ടിൽ നിന്നും, രക്ഷിക്കാൻ പോലും കഴിയാത്ത ആഴമുള്ള ഒരു സ്ഥലത്തു എത്തിയപ്പോൾ എടുത്തു ചാടി അവൾ ജീവനൊടുക്കി…
എന്തിനു ഇങ്ങനെ ഒരു മരണം അവർ അതും കുട്ടികളുടെ കൺമുൻപിൽ വെച്ചു കൊണ്ടു ചെയ്തു?
കാരണം ഉണ്ട്.. ഞാൻ അതു ആരോടും പറഞ്ഞിട്ടില്ല.. എനിക്കും അവൾക്കും മറ്റൊരാൾക്കും മാത്രം അറിയുന്ന ഒരു കാരണം.. ഞാൻ ഇനി അതു ആരോടും പറയുകയുമില്ല… നിറഞ്ഞു തുടങ്ങിയ കണ്ണുകൾ കൈ കൊണ്ടു തുടച്ചു അയാൾ ആകാശത്തേക്ക് നോക്കി കണ്ണടച്ചു..
കുട്ടികളുടെ മുൻപിൽ വെച്ചു ജീവൻ ഇല്ലാതാകാൻ മാത്രം മനസ്സിന് കട്ടിയുള്ള ഒരു പെണ്ണായിരുന്നോ അവർ?നിങ്ങളുടെ ഭാര്യ?
മരിക്കുന്നവർക്കു അതിനു ഒരു കാരണമുണ്ടാകും.. പക്ഷെ ജീവിക്കുന്നവരെ ഉള്ള കാലത്തോളം കൊന്നുകൊണ്ടിരിക്കുന്ന ഓർമ്മ തന്നുകൊണ്ട് ആരും മരിക്കാൻ പോവരുത്… ഞാൻ ആ ഞെട്ടിൽ പറഞ്ഞു പോയി..
ആ നോവാണ് ഇനിയുള്ള കാലം ഞങ്ങളുടെ ജീവിതം.. എന്റെ ചെറിയ മകൾ ഇപ്പോളും സ്വപ്നം കൊണ്ടു നിലവിളിച്ചു ഞെട്ടി ഉണരും
ഉറക്കത്തിൽ ഉമ്മയെ രക്ഷിക്കാൻ വിളിച്ചു പറയും.. അവളുടെ ചേച്ചിമാർ പലതും പറഞ്ഞു ആശ്വസിപ്പിക്കാറാണ് പതിവ്… ഇനി അവർക്ക് ഞാൻ മാത്രമേയുള്ളു. എനിക്കു എന്തെങ്കിലും പറ്റിയാൽ അതോർക്കുമ്പോൾ എന്റെ കണ്ണു നിറയും.. ഞാൻ കരഞ്ഞു പോകും ഉമ്മയില്ലാത്ത കുട്ടികളെ അവരെ പോറ്റുന്നതാണ് ഒരു ബാപ്പയുടെ ഏറ്റവും വലിയ നീറി പുകയുന ആധി..
ഞാനും ആകാശത്തേക്ക് തലയുർത്തി.. കാർമേഘം മൂടിയ മനസ്സോടെ ഞാൻ ദൈവങ്ങളെ വിളിച്ചു.. തൊണ്ടയിൽ വിയർപ്പു പടരുന്നതിനിടയിൽ കേട്ട കഥകൾ തന്ന ഭാരം മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു..
വാച്ചിൽ നോക്കി സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു.. നീങ്ങി തുടങ്ങിയ വരി ഹാളിന്റെ ഇരുമ്പു വാതിലിന്റെ അരികിലേക്കു എത്താൻ ആവുന്നു.. നോമ്പ് കാലമായതിനാൽ പള്ളിയിൽ നിന്നും ആളുകൾ വന്നും പോയും കൊണ്ടിരുന്നു..
പള്ളിയിൽ നിന്നും ഇറങ്ങുന്നവർ പിറകിൽ വരിയിൽ ഇപ്പോളും കയറി വന്നു നിൽക്കുകയാണ്.. രണ്ടായിരം രൂപ ലാഭിക്കാം ഗവണ്മെന്റ് നടത്തുന്ന ഫ്രീ ടെസ്റ്റ് ചെയ്യാൻ കഴിഞ്ഞാൽ.. അധികവും പഠാണികളും ബംഗാളികളും ആണ്.. പിന്നെ പൈസ മിച്ചം പിടിക്കാൻ എന്നെ പോലത്തെ മലബാറികളും..
വാക്സിനേഷൻ എടുക്കാനുള്ള, തൊട്ടടുത്തമറ്റൊരു ലൈനിൽ ആളുകൾ കുറവാണ്. കൊറോണ എന്നൊരു രോഗമില്ലെന്നു വിശ്വസിച്ചിരുന്ന വലിയൊരു വിഭാഗം പാകിസ്ഥാനികളെ എനിക്കു തന്നെ നേരിട്ട് അറിയാമായിരുന്നു.. അതിൽ നന്നായി മലയാളം പറയുന്ന ഒരു പാകിസ്താനി – കറാച്ചികാരനാണ് നിസാം അബുദായുള്ള.. അയാൾക്ക് കള്ളപ്പാസ്പോർട്ട് ഉണ്ടാക്കി നൽകുന്ന ഏർപ്പാട് ഉണ്ടായിരുന്നു.. കാസർകോടുള്ള കുറെ മലയാളികളുടെ ദോസ്ത് ആയ നിസാം തർക്കിച്ചു പറയുമായിരുന്നു കൊറോണ അമേരിക്ക പടച്ചുണ്ടാക്കിയ കള്ളകഥയാണെന്ന്.. തിരുത്താൻ കഴിയാത്ത അയാളുടെ ആ വിശ്വാസത്തെ കാലം മായ്ക്കുമെന്ന എന്റെ ധാരണ ശരി വെച്ചുകൊണ്ട് അടുത്തുള്ള വാക്സിൻ എടുക്കാനുള്ള വരിയിൽ നിസാം നിൽപ്പുണ്ട്..
ഞാൻ ചിരിച്ചുകൊണ്ട് സലാം പറഞ്ഞപ്പോൾ
ഇപ്പോൾ തീരെ കാണുന്നില്ലെന്നു ഹിന്ദിയിൽ കുറച്ചു അകലത്തിൽ നിന്നു നിസാം വിളിച്ചു പറയുന്നുണ്ടായിരുന്നു…
ഞങ്ങളുടെ വരി നീങ്ങി നീങ്ങി ഹാളിന്റെ ഉള്ളിലെ ചെറിയ നാലു വരികളായി തിരിഞ്ഞു തുടങ്ങിയപ്പോൾ ആ അമ്മയില്ലാത്ത മൂന്ന് കുട്ടികളുടെ ബാപ്പ എന്റെ മുൻപിൽ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു ഞാൻ നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു..
ഞാൻ പേര് പറഞ്ഞു കഴിഞ്ഞപ്പോൾ അയാളുടെ പേര് പൂർത്തിയാകാൻ കഴിയാതെ ശക്തമായി ചുമച്ചുകൊണ്ട് കുഴഞ്ഞു നിലത്തു ഇരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടന്നു തന്നെ പിടിച്ചു നേരെ നിർത്തികൊണ്ട് പറഞ്ഞു..
ഇങ്ങനെ ചുമ ഉണ്ടാകാറുണ്ടോ?
ഇല്ലെന്നു അയാൾ തലയാട്ടി..
ഡോക്ടറെ കാണാൻ പോകണോ? നല്ല ചുമയുണ്ടല്ലോ? ശരീരം നല്ല പോലെ വിയർക്കുന്നുമുണ്ട്.. കുറച്ചു പോയാൽ ഹോസ്പിറ്റൽ ഉണ്ട്.. നമുക്ക് കാണിച്ചു വരാം..
സാരമില്ല വെള്ളം കുടിച്ചാൽ ചുമ നിൽകും വെള്ളം തീർന്നു..
എന്നാൽ ഞാൻ വെള്ളം എടുത്തു തരാം
വരിയിൽ നിന്നും മാറിയാൽ വീണ്ടും പിറകിൽ പോകേണ്ടി വരും.. അതു വേണ്ട
എന്നാലും കുഴപ്പമില്ല ഞാൻ പോയി വെള്ളം വാങ്ങി തരാം.. കൈയിൽ ഉള്ള വെള്ളം തീർന്നല്ലോ
വേണ്ട എത്താൻ ആയല്ലോ.. അയാൾ നിർത്താതെ ചുമച്ചു കൊണ്ടു തന്നെ പറഞ്ഞു..
ഒന്ന് ഇരിക്കാൻ സൗകര്യം ഇല്ലാത്ത നിൽപ്പിന്റെ നോവ് അയാളിൽ കൂടുതൽ അവശതയായി മാറുമ്പോൾ വേഗം കൂടിയ വരി പെട്ടന്നു തന്നെ വീണ്ടും നാലായി സെക്യൂരിറ്റി മാറ്റിയപ്പോൾ ഞങ്ങൾ രണ്ടു വരിയിൽ ആയി മാറി..
മുൻപിലുള്ള പി പി കിറ്റ് ധരിച്ചു ഇരിക്കുന്ന ഫിലിപിനോ പെൺകുട്ടികൾ എമിരിറ്റസ് ഐഡി ഞങ്ങളെ കൊണ്ടു തന്നെ ടാപ് ചെയ്യിപ്പിച്ചു ടെസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങി..
ലാപ്ടോപിലേക്ക് കണ്ണു താഴ്ത്തി ഫോൺ നമ്പർ വാങ്ങി ടൈപ്പ് ചെയ്തു. പ്രിന്റ് വരാൻ കാത്തിരിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് കവറിൽ നിന്നും സാമ്പിൾ എടുക്കാനുള്ള ചെറിയ ബോട്ടിലിന്റെ മുകളിൽ പേരുള്ള ഐഡന്റി സ്ലിപ്പ് ഒട്ടിച്ചു കൈയിൽ തന്നു..
ടെസ്റ്റ് ചെയ്യാൻ സെക്യൂരിറ്റി ആദ്യം വിളിച്ചത് എന്നെ ആയിരുന്നെങ്കിലും നിർത്താതെ ചുമച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ ഞാൻ മുൻപിലേക്ക് കയറ്റി നിർത്തി, വേഗം ടെസ്റ്റ് കൗണ്ടർ സീറ്റിൽ പോയി ഇരിക്കാൻ വേണ്ടി ഞാൻ മാറി കൊടുത്തു..
അയാൾ നിറഞ്ഞ അവശതയിൽ ആ നീളം കുറഞ്ഞ കുഷ്യൻ ഇട്ട കസേരയിൽ ശ്വാസം ഒന്നുകൂടി നീട്ടി എടുത്തു കൊണ്ടു ഒട്ടും ആയാസത്തിൽ അല്ലാത്ത തരത്തിൽ തളർന്നു ഇരുന്നു കൊണ്ടു കറുപ്പ് മാസ്ക് മൂക്കിനു താഴേക്ക് മാറ്റി, മുകളിലേക്ക് നോക്കി ഇരുന്നു തുടങ്ങിയപ്പോൾ കഴുത്തിൽ നിന്നും ഒലിച്ചു ഇറങ്ങുന്ന വിയർപ്പ്, ഷർട്ടിനെ വെള്ളം ആയതുപ്പോലെ നനച്ചിരുന്നു…
ആ മെഡിക്കൽ സ്റ്റാഫ് അയാളുടെ കൈയിൽ നിന്നും സാമ്പിൾ ബോട്ടിൽ വാങ്ങിക്കൊണ്ടു കൈയിൽ കരുതിയ ചെറിയ പ്ലാസ്റ്റിക് നീഡിൽ കൊണ്ടു രണ്ടു മൂക്കിൽ നിന്നും സാമ്പിൾ എടുത്തു തിരിഞ്ഞു ബോക്സിൽ വെച്ച് അടുത്ത ആൾക്കുള്ള നീഡിൽ എടുത്തു തിരിഞ്ഞിട്ടും അയാൾ കസേരയിൽ നിന്നും ടെസ്റ്റ് കഴിഞ്ഞു എഴുന്നേറ്റിലായിരുന്നു….
പരേ പരേ (സഹോദരാ ) എന്ന് ഫിലിപിനോ ഭാഷയിൽ സാമ്പിൾ എടുത്ത ഫിലിപ്പിനോ കസേരയിൽ നിന്നും എഴുന്നേൽക്കാതെ ഇരിക്കുന്ന അയാളെ തട്ടി വിളിച്ചപ്പോൾ കസേരയുടെ കൈയിൽ വെച്ചിരുന്ന അയാളുടെ കൈ പെട്ടെന്നു താഴേക്കു പോയി സൈഡിലേക്ക് ചരിഞ്ഞു വീണു…
അടുത്തുള്ള ആരോഗ്യ പ്രവർത്തകർ ചേർന്ന് പെട്ടന്നു തന്നെ അയാളെ പിടിച്ചുകൊണ്ടു എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ അടുത്തേയ്ക്ക് വന്ന ഫിലിപ്പിനോ നഴ്സ് വലതു കൈയുടെ പൾസ് നോക്കി കൊണ്ടു ചുറ്റുമുള്ളവരുടെ മുഖത്തു ദയനീയമായി നോക്കി പറഞ്ഞു. ആം ബുലൻസിലുള്ള സ്ട്രക്ച്ചർ പെട്ടന്നു കൊണ്ടു വരാൻ…
നിമിഷ നേരം കൊണ്ടു നിറഞ്ഞ മെഡിക്കൽ ടീം അയാളുടെ ബിപി അടക്കമുള്ള ചെക്കപ്പുകൾ നടത്തിയതിനു ശേഷം ആംബുലൻസിലേക്ക് എടുക്കുമ്പോൾ ആ ഒരു ഫിലിപിനോ ലേഡി ഡോക്ടർ ഉറക്കെ ചോദിച്ചു ഇയാളുടെ കൂടെയുള്ള ആരെങ്കിലും ഉണ്ടോ?
എന്റെ ആരാണ് അയാൾ? ഞാൻ എന്നോട് തന്നെ ആ നിമിഷം ചോദിച്ചു…
അറിയില്ല ,പക്ഷെ ഇപ്പോൾ അയാൾ എന്റെ ആരൊക്കയോ ആണ്.. ഈ ഒരു കണ്ടുമുട്ടൽ സംസാരം പരിചയപ്പെടൽ എല്ലാം ഇതിനു വേണ്ടിയുള്ള എന്റെ നിയോഗം ആയിരിക്കാം. സെൽഫിഷായി തിരിഞ്ഞു നിൽക്കുന്ന ലോകത്തിനു മുൻപിൽ എനിക്കു കഴിയില്ല ഞാൻ ഉറപ്പിച്ചു..
ഉത്തരം ഇങ്ങനെ ആയിരുന്നു..
ഉണ്ട് ഡോക്ടർ.. ഞാൻ അങ്ങോട്ട് പെട്ടന്നു നടന്നു ചെന്നു…
ലേഡി ഡോക്ടർ തിരിക്കിൽ നിന്നും എന്നെ മാറ്റി കൊണ്ടു ഇംഗ്ലീഷ് അറിയുമോ എന്നു ചോദിക്കുമ്പോൾ അവർക്ക് എന്നോട് പറയാനുള്ള ആ സത്യം ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു….
വിയർപ്പു വറ്റി തുടങ്ങുന്ന ആ ശരീരത്തിൽ നിന്നും വിറങ്ങലിക്കുന്ന മരവിപ്പ് അയാളെ പൊതിഞ്ഞു തുടങ്ങിയ ആ നിമിഷങ്ങൾ തന്നെ അബുദാബി പോലീസ് ആംബുലൻസ് വലിയ ശബ്ദത്തിൽ സൈറൺ മുഴക്കി നീല വെളിച്ചത്തിൽ പ്രധാന കവാടം വഴി കയറി വന്നപ്പോൾ പള്ളിയുടെ മിനാരത്തിൽ നിന്നും പ്രാവുകൾ ചിറകടിച്ചു കൊണ്ടു നാലുപാടും ചിതറി പറന്നു…
തണുത്തുറഞ്ഞ ആ പഞ്ഞി മെത്തയിലെ മങ്ങിയ വെളിച്ചത്തിൽ അയാളുമായി ആ ആംബുലൻസ് ചലിച്ചു തുടങ്ങുമ്പോൾ അയാൾ ഇതാ ഈ നിമിഷം മുതൽ എന്നിൽ ഓർമയുടെ ഒരു ആകാശ ചിത്രമായി മാറുകയായിരുന്നു…..