
പൂച്ചവഴി

സുധീഷ് സുബ്രഹ്മണ്യന്
അനക്കമില്ലാത്ത
അടുക്കളയില്നിന്നിറങ്ങി,
മെല്ലെ
നടന്നുതുടങ്ങി.
വഴികളൊക്കെയും;
ജീവിതം
മീന്മുള്ളുകളാല്
നിറച്ചുവച്ചിരിക്കുന്നു.
ഓരോ മീനും
ജീവിക്കുന്ന കടലാണെന്ന്,
പിറുപിറുക്കുന്നു.
ഉപ്പുരുചികള്ക്കൊക്കെയും,
വിയര്‍പ്പെന്ന് പേരിട്ടിരുന്ന
കാലത്തിലേക്ക്
തിരിച്ചുപോകാന്‍,
ഒരു സ്വപ്നം
കുഴിച്ചിടുന്നു.
വഴിപോക്കര്‍
തൊഴിച്ചെറിയുമ്പോള്‍,
നാലുകാലില്‍ വീഴുന്നതിന്റെ
ഓരോര്‍മ്മ തെന്നിപ്പോകുന്നു.

ഓര്‍മ്മകള്‍ക്ക്;
പഴയ മുരള്‍ച്ച
നഷ്ടമായിരിക്കുന്നെന്ന്,
ഒരു ഗദ്ഗദം
തൊണ്ടയില്‍
കുരുങ്ങിയമരുന്നു.
തിരിച്ചുപോകാന്‍
വഴിയറിയാത്ത
ചരിത്രത്തിലെ
ആദ്യത്തെ പൂച്ചയായി,
ഒരു കവിതയുടെ
വക്കത്ത്
യജമാനനെ കാത്തിരിക്കുന്നു
മാളത്തില്‍നിന്ന്;
ഭൂതകാലം കൊറിച്ചുകൊണ്ട്
ഒരെലി
എത്തിനോക്കുന്നു.
ഒട്ടും ദയവില്ലാതെ
ചിരിക്കുന്നു.
ചിരിച്ചുകൊണ്ടേയിരിക്കുന്നു…