
മറവിയുടെ പുസ്തകത്തിൽ നാം

സുധീഷ് സുബ്രഹ്മണ്യൻ
തൊലിയടർന്നുപോയ
മരത്തിനകത്ത്
ഒരു വെയിലോളം
ദാഹമുണ്ടായിരിക്കണം.
പുഴയെയപ്പാടെ
ചെകിളകളിലൂടെ
കടത്തിവിട്ടിട്ടും
പിടഞ്ഞുമരിക്കുന്ന
മീനുകളെപ്പോലെ.
ഈ വഴികളത്രയും
നിന്റെ കാൽപ്പാടുകളുടെ
കടലുകളാണ്.
ആകാശം
പ്രണയത്തോളം വലിയ
ഒരു കള്ളവും.
മുറിവുകളുടെ
പറ്റുപുസ്തകമാണു
ജീവിതമെന്ന വാക്കിൽ
ഒളിച്ചിരിക്കുന്നത്.
തുറക്കരുത്.
ഭാഷ മറന്നുപോയ
രണ്ട് വൃദ്ധരാണു നാം.