
എഴുതാപ്പുറം വരയ്ക്കൽ

സുധീഷ് കോട്ടേമ്പ്രം
ഇല്ലസ്ട്രേറ്റർമാരായിരുന്നല്ലോ ആധുനികമലയാളത്തിൽ ആർട്ടിസ്റ്റുകളായി എണ്ണപ്പെട്ടത്. എന്നാൽ ഇന്ന് സ്ഥിതി മാറി. സാഹിത്യത്തിനു വരയ്ക്കുന്നവരെ മുഖ്യധാരാ വരപ്പുകാർ അവരുടെ കൂട്ടത്തിൽ കൂട്ടില്ല. സാഹിത്യവര അന്നുമിന്നും ഒരു രണ്ടാംകിട പണിയാണ്. സാഹിത്യകൃതി ഒന്നാമതായിരിക്കുന്നിടത്ത്, വര അതിനുള്ള അലങ്കാരവേല ചെയ്യുക മാത്രം. അച്ചടിച്ച പേജിൽ മുമ്മൂന്ന് ആറുകോളവും ടെക്സ്റ്റ് മാത്രമായിരിക്കുന്നതിന്റെ ഏകതാനതയിൽ ചിത്രം വായനയ്ക്കുള്ള ശ്വാസവായു കടത്തിവിട്ടു. ചിത്രം കണ്ടും വായന തുടരാം എന്നോ ചിത്രത്തിലൂടെയും കഥയിലേക്ക് പടർന്നുകയറാമെന്നോ മാഗസിൻ വായനക്കാർ കരുതി. ‘രേഖാചിത്രം’ എന്നാണ് പറയുക മലയാളത്തിൽ. അച്ചടിയുടെ സാങ്കേതികത ഇന്നത്തെ അത്രയും വളർന്നിട്ടില്ലാത്ത കാലത്ത് വ്യത്യസ്ത നിറങ്ങളും അതിന്റെ സൂക്ഷ്മമായ ലയനവും അച്ചടിയിൽ ലഭ്യമാകുക ശ്രമകരമായിരുന്നു. അവിടെ രേഖകൾ മാത്രമാണ് അച്ചടിയിൽ കൃത്യമായ റിസൽറ്റ് നല്കിയിരുന്നത്. അത്തരമൊരു സാങ്കേതികപരിമിതിയിലാണ് രേഖാചിത്രണം എന്ന വാക്കും ആശയവും നാം സ്വീകരിക്കുന്നത്. അച്ചടിയും സാങ്കേതികതയും വളർന്നിട്ടും രേഖാചിത്രമെന്നത് നമ്മുടെ ഗൃഹാതുരതയായി കൂടെനില്ക്കുന്നു. അച്ചടിച്ച പേജിന്റെ ആലങ്കാരികതയിൽ കവിഞ്ഞുപോയ ചുരുക്കം ചില കലാകാരർ ഉണ്ടായി. അവരാകട്ടെ അധികകാലം ആ രംഗത്ത് തുടർന്നുമില്ല. ആഘോഷിക്കപ്പെട്ട രേഖാചിത്രകാരന്മാരെല്ലാം സാഹിത്യാഖ്യാനത്തെ അതേപടി ദൃശ്യവത്കരിക്കാൻ വെമ്പിയവരോ സ്വന്തം ശൈലികളിൽ തളയ്ക്കപ്പെട്ടവരോ ആയിരുന്നു.
എഴുത്തുകാർക്ക് കൃതി പൂർണമായ കലാസൃഷ്ടിയാണെങ്കിൽ വരപ്പുകാർക്ക് അത് റോ-മെറ്റീരിയൽ മാത്രമാണ്. എഴുതപ്പെട്ട കഥയ്ക്ക് വരയ്ക്കലല്ല കഥാവര. ഞാൻ ”വായിച്ച” കഥയ്ക്കാണ് വരയ്ക്കാറ്. എഴുത്തിനോടുള്ള സർഗാത്മകപ്രതികരണമാണ് എനിക്ക് വര. അതു പലപ്പോഴും എഴുത്താളിന്റെയും പത്രാധിപരുടെയും ഇച്ഛകൾ പാലിക്കപ്പെടുന്ന ഒന്നാവണമെന്നില്ല. കഥയിൽ/കവിതയിൽ പറഞ്ഞതുമാത്രം വരയ്ക്കുന്നത് തനിക്കു കിട്ടിയ ടെക്സ്റ്റ് ഭാഷാന്തരപ്പെടുത്തുന്ന ഒരു ട്രാൻസലേറ്ററുടെ ക്ലറിക്കൽപ്പണി മാത്രമാണ്. കൃതിയിൽ പറഞ്ഞതിനപ്പുറം പോകുന്നതാണ്, മറ്റുചിലപ്പോൾ കൃതിയിൽ ഉള്ളടങ്ങിയ അന്തരീക്ഷത്തെ ആവിഷ്കരിക്കലാണ് എനിക്ക് ഇല്ലസ്ട്രേഷൻ. കഥയിൽ പറഞ്ഞത് വരയിൽ വന്നില്ല എന്ന്, എന്റെ കഥാപാത്രം മഞ്ഞസാരിയല്ല, നീലസാരിയായിരുന്നു ചുറ്റിയിരുന്നത് എന്ന്, എന്റെ കഥാപാത്രത്തിന് പ്രായമിത്തിരി കൂടിപ്പോയോ? എന്ന് ഖേദിക്കുന്ന മുൻനിര എഴുത്തുകാരെ എനിക്ക് പരിചയമുണ്ട്. അവരുമായി കലയെക്കുറിച്ചൊരു സംവാദമേ സാധ്യമല്ല. അവരാഗ്രഹിക്കുന്നത് ചെയ്തവസാനിപ്പിക്കുക മാത്രമേ അവിടെ നിവൃത്തിയുള്ളൂ. ചിലപ്പോഴൊക്കെ നിവൃത്തികേടുമാണ് ഇല്ലസ്ട്രേഷൻ. മികവുറ്റ സാഹിത്യത്തിനുമുന്നിലിരിക്കുമ്പോൾ വരയും അതിനൊപ്പം മെച്ചപ്പെടാൻ അറിയാതെ ആഗ്രഹിക്കും.
കഥയും ഒരുപരിധിവരെ കവിതയും ദൃശ്യാത്മകതയെ പിൻപറ്റുന്ന എഴുത്തായിട്ടുണ്ട് സമകാലിക മലയാളസാഹിത്യത്തിൽ. കണ്ടെഴുത്താണ് കഥ. എഴുത്താൾ കാഴ്ചയെ എഴുതുന്നു. മൂർത്തമായും അമൂർത്തമായും എഴുതപ്പെട്ട കാഴ്ചയെ വരയ്ക്കുക താരതമ്യേന എളുപ്പമാണ്. എഴുതാപ്പുറം വരയ്ക്കലാണ് വെല്ലുവിളി. വാക്കുകൾക്കിടയിലാണ് കവിത എന്നു പറയും പോലെ. അവിടെയാണ് ഇല്ലസ്ട്രേറ്ററുടെ പ്രതിഭ. ഒരു കഥ മൂന്നുപേർക്ക് കൊടുത്തുനോക്കൂ, മൂന്നുതരം കഥകളാക്കി വരയ്ക്കുമവർ. ഒരാളും മറ്റൊരാളെ അതേപടി കാണുന്നില്ല. അവരവരുടെ കാഴ്ചയാണ് കല. അവരവരുടെ എഴുത്തെന്നെപോലെ. അതംഗീകരിച്ചുതരാൻ മടിയുള്ള എഴുത്തുകാരാണ് എന്റെ കഥാപാത്രം ഇങ്ങനെയല്ല എന്ന് പഴിപറയുക.
എഴുത്തിൽ ചില സൗകര്യങ്ങളുണ്ട്. ഒരു കഥാപാത്രത്തിന്റെ മനോലോകങ്ങളിലേക്ക് പെട്ടെന്ന് ഊളിയിട്ടങ്ങുപോകാം. അയാളുടെ ചിന്തകളിലലയാം. അവരെ വരയ്ക്കാൻ പോകുന്ന ചിത്രകാരർ പെട്ടതുതന്നെ. അവർ ചായപ്പെൻസിലുകളുമായി പുറത്തുകാത്തുനിൽക്കണം. അപ്പോഴാവും കഥയിലെ മനുഷ്യർ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കൾ കണ്ണിൽപ്പെടുക. വരക്കാർ അതു വരയ്ക്കും. അപ്പോൾ ആ വസ്തുവിന് അതുവരെയുള്ള അർത്ഥമല്ല, അത് ആ കഥാപാത്രത്തിന്റെ മനോനിലയെ പിടിച്ചെടുക്കാൻവെച്ച ആൾക്കണ്ണാടി പോലെ പ്രവർത്തിച്ചുതുടങ്ങും. അതിനാൽ ചിത്രീകരണങ്ങളിലെ വസ്തുവരകളെ വെറുതെ കണ്ടുതള്ളാനാവില്ല.
ഉപേക്ഷിച്ച ഒറ്റച്ചെരുപ്പ് അതിന്റെ നാഥനെ തിരയുന്നപോലെ അക്ഷമനിറഞ്ഞ ഒരേകാന്തത കഥാവരകളിലെ വസ്തുക്കൾക്കുണ്ട്. പ്രണയത്തെ കൊക്കുരുമ്മുന്ന രണ്ടുപക്ഷികളായി വരയ്ക്കുമ്പോലെ പ്രതീകാത്മകമല്ല ഈ വസ്തുവര. പ്രതീകങ്ങളെ റദ്ധാക്കൽ കൂടിയാണെനിക്ക് വര. പ്രതീകം പഴഞ്ചനാണ്. അതെപ്പോഴും നിങ്ങളെ ഒരേ വഴിക്കുതന്നെ നടക്കാൻ പ്രേരിപ്പിക്കും. പ്രതീകങ്ങളിൽനിന്ന് രക്ഷപ്പെടുമ്പോഴേ വസ്തുക്കളെ അതായിമാത്രം കാണാനൊക്കൂ. ഒരു കസേര എപ്പോഴും അധികാരത്തെ സൂചിപ്പിക്കുകയല്ല, അത് അപ്പോൾ എഴുന്നേറ്റ് പോയ ഒരാളുടെ അഭാവത്തെ കാഴ്ചപ്പെടുത്തുകയാണെന്ന് അപ്പോഴേ അറിയാനാവൂ. മറിഞ്ഞുവീണ കസേര ആത്മഹത്യ ചെയ്യാൻ ഒരാളുപയോഗിച്ചതാവാം. തൂങ്ങിനിൽക്കുന്ന രണ്ടുകാലുകൾ തന്നെ വേണമെന്നില്ല ആ മരണത്തെ വരയാൻ. അവിടെ കസേര ഇരിപ്പിടമല്ല. മരണത്തിലേക്കുള്ള ചവിട്ടുപടിയാണ്. കട്ടപിടിച്ചുപോയ അർത്ഥങ്ങളിൽനിന്ന് വസ്തുക്കളെ മോചിപ്പിച്ചെടുക്കൽ കൂടി വരപ്പുകാരുടെ ബാധ്യതയാണ്. എന്റെ കവിതയിലെ കാക്ക ബലിക്കാക്കയല്ലെന്ന് എസ് ജോസഫ് ഒരിടത്തുപറയുന്നുണ്ട്. അത് വെറുമൊരു കാക്കയാണെന്നും. അങ്ങനെ പ്രതീകാത്മകപ്പെട്ടുപോയ കാക്കയെ, പ്രാവിനെ, പൂച്ചയെ, പൂക്കളെ, മരങ്ങളെ ഒക്കെ തിരിച്ചുപിടിക്കൽ കൂടിയാണ് വരയിലെ വെല്ലുവിളി. ആരോപിതാർത്ഥങ്ങളിൽനിന്ന് മോചിപ്പിച്ചിട്ടുവേണം അവയെ പുതുതായി കാണാൻ; പുതുതായി വരയാൻ.