സമൂഹവ്യാപനം

സുഭാഷ് ഒട്ടുംപുറം
വഴിയാത്രക്കാരുടെ നഗരത്തില്‍ അതിന്റെ ഉടമസ്ഥാവകാശത്തെ പറ്റിയുള്ള തര്‍ക്കം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍, ദൂരെയൊരു യുദ്ധഭൂമിയില്‍ ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു. തുടക്കത്തില്‍ അത് ലോകത്തെ മുഴുവന്‍ നിശ്ചലമാക്കാന്‍ പോന്ന മാരകമായ പകര്‍ച്ചവ്യാധിയാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇരുഭാഗത്തേയും സൈനികരില്‍ ചിലര്‍ക്ക് പെട്ടൊന്ന് എന്തോ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ഒരു തരം മന്ദത ബാധിച്ച പോലെ അവര്‍ നിശ്ചലരാവുകയും ചെയ്തതായിരുന്നു തുടക്കം. സൈന്യാധിപര്‍ എത്ര തന്നെ ആജ്ഞാപിച്ചിട്ടും അവര്‍ യുദ്ധം ചെയ്യാന്‍ കൂട്ടാക്കിയില്ല. അവരെ ഉടന്‍ തന്നെ യുദ്ധമുഖത്ത് നിന്ന് പിന്‍വലിച്ച് താവളത്തില്‍ കൊണ്ടുവന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും അവര്‍ മറുപടി പറയുകയോ, ചോദ്യങ്ങള്‍ കേട്ടതായ് ഭാവിക്കുകയോ ചെയ്തില്ല. ഒരു തരത്തിലുള്ള വികാരവും പ്രകടിപ്പിക്കാതെ നിശ്ചലരായ് അവര്‍ നിന്നു. ആ നില്‍പ്പ് മൂന്ന് ദിവസം തുടര്‍ന്നു. മൂന്നാംനാള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാകട്ടെ, അത് യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലായിരുന്നുതാനും. തങ്ങള്‍ സൈനികരാണെന്നും നില്‍ക്കുന്നത് യുദ്ധഭൂമിയിലാണെന്നുമുള്ള കാര്യം അവര്‍ മറന്നു കഴിഞ്ഞിരുന്നു. സ്വന്തം വ്യക്തിത്വം മറന്നു പോയ അവര്‍ മറ്റാരോ എന്ന പോലെയായിരുന്നു സംസാരിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും. അവരുടെ കാര്യത്തില്‍ മറ്റൊന്നും ചെയ്യാനുള്ള സാഹചര്യമല്ലാത്തത് കൊണ്ട് അവരെയെല്ലാം വിശ്രമത്തിനെന്നവണ്ണം വീടുകളിലേക്കയച്ചു. അവരെല്ലാം ലോകത്തിന്റെ പല കോണുകളിലുള്ളവരായിരുന്നു. അവര്‍ പ്രകടിപ്പിച്ചത് വെറും മാനസികാസ്വാസ്ഥ്യമാണ് എന്ന ധാരണയിലായിരുന്നു അവരെയെല്ലാം തിരിച്ചയച്ചത്. അങ്ങനെ മുന്‍കരുതലില്ലാതെ എടുത്ത ആ നടപടി കാരണം ആ യുദ്ധഭൂമിയില്‍ ഒടുങ്ങുമായിരുന്ന മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചു.
സാധാരണ മറ്റു പകര്‍ച്ചവ്യാധികളെ പോലെ അത് ബാധിച്ചിരുന്നത് ശരീരത്തിനെയായിരുന്നില്ല; മറിച്ച് മനസ്സിനെ ആയിരുന്നു. രോഗാണു മനസ്സിനകത്ത് കടന്ന് കഴിഞ്ഞാല്‍ അതിനകത്തെ ചിന്തകളെ തകിടം മറിക്കുകയും അടിച്ചമര്‍ത്തിയ പല വികാരങ്ങളെയും പുറത്തു കൊണ്ടുവരികയും ചെയ്യും. പടര്‍ന്ന് പിടിച്ച് വളരെ കഴിഞ്ഞാണ് ഇതൊരു രോഗമാണെന്ന് സ്ഥിതീകരിച്ചതും അതിനെ കുറിച്ച് ആഴത്തിലൊരു പഠനം നടത്തി തുടങ്ങിയതും. രോഗം ബാധിച്ചവര്‍ക്ക് ഉണ്ടായിരുന്ന പൊതുവായ പ്രത്യേകത, അവര്‍ തീവ്രമായി ആഗ്രഹിക്കുന്നത് എന്താണോ അതായി സ്വയം മാറി എന്ന് അവര്‍ കരുതുന്നു, അല്ലെങ്കില്‍ അതു പോലെ പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു. ലോകത്തില്‍ മറ്റെന്തിനെക്കാളും ഐസ്ക്രീം ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി രോഗം ബാധിച്ചതിനു ശേഷം സ്വയം ഐസ്ക്രീമാണെന്ന് കരുതുകയും അലിഞ്ഞു പോകാതിരിക്കാന്‍ ഫ്രിഡ്ജിനുള്ളില് കയറി ഇരിക്കുകയും ചെയ്തു. പെണ്‍ക്കുട്ടിയെ കാണാതെ വീടും പരിസരവും മുഴുവന്‍ തിരഞ്ഞ വീട്ടുകാര്‍ അവസാനം ഫ്രിഡ്ജ് തുറന്നപ്പോള്‍ മരവിച്ച് കിടക്കുന്ന നിലയിലാണ് അവളെ കണ്ടെത്തിയത്.
തന്റെ കാമുകിയോട് അതിരുകവിഞ്ഞ അഭിനിവേശം പുലര്‍ത്തിയ ഒരു യുവാവ്, മൂന്നു ദിവസത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങിയത് താന്‍ അവളാണെന്ന രീതിയിലായിരുന്നു. അവളെ പോലെ വസ്ത്രം ധരിക്കാനും ചുണ്ടില്‍ ചായം പുരട്ടാനും തുടങ്ങിയ അയാള്‍ ആദ്യമൊക്കെ നാട്ടുകാര്‍ക്ക് ഒരു പരിഹാസകഥാപാത്രമായിരുന്നു. പക്ഷേ, അതൊരു രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഹാസം പെട്ടെന്ന് തന്നെ ഭയത്തിന് വഴിമാറിക്കൊടുത്തു. തനിക്കും രോഗം പകരാതിരിക്കാന്‍ കാമുകിക്ക് അവനെ വിട്ടുപോകേണ്ടി വന്നു. അവള് നടന്നകലുമ്പോള്‍ അവന് ഒരു ഭ്രാന്തനെപ്പോലെ വിളിച്ചു കൂകി: ”ഞാന്‍ എത്ര തന്നെ സ്നേഹിച്ചിട്ടും അവനതാ എന്നെ വിട്ടു പോകുന്നു.വഞ്ചകന്”
ഇങ്ങനെ ആളുകള്‍ അപരവ്യക്തിത്വങ്ങളായും വസ്തുക്കളായും മാനസികപരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് കാരണം അവരുടെ മനസ്സുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു സൂക്ഷ്മാണുവാണെന്ന് വൈകാതെ കണ്ടെത്തി. മായ എന്ന് പേരിട്ട ഈ ജീവിക്ക് ശരീരമുണ്ടായിരുന്നില്ല. മനസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു അതിന്റെ സാമൂഹിക അന്തര്‍വ്യാപനം. ഒരു വ്യക്തിയുടെ മനസ്സില്‍ അത് പ്രവേശിച്ചുകഴിഞ്ഞാല്‍ വളരെ പെട്ടെന്നുതന്നെ പ്രവര്‍ത്തനമാരംഭിക്കും. ആദ്യം അത് മനസ്സിന്റെ ഓരോ ഭാഗവും അതിസൂക്ഷ്മമായി പരിശോധിച്ച് വ്യക്തിയുടെ അതുവരെയുള്ള ഓര്‍മ്മകളെയും ചിന്തകളേയും വിശകലനം ചെയ്യും. അത് മൂന്ന് നാള് നീണ്ടുനില്‍ക്കും. ഈ മൂന്നു ദിവസവും രോഗം ബാധിച്ച വ്യക്തി നിശ്ശബ്ദനായിരിക്കും. അതിനുശേഷം രോഗാണുവിനാല്‍ വിശകലനം ചെയ്യപ്പെട്ട ഓര്‍മ്മകളില്‍ നിന്നും ചിന്തകളില്‍നിന്നും ഏറ്റവും തീക്ഷ്ണമായ ഒരു ആഗ്രഹത്തിന്റെ മൂര്ത്തരൂപമെന്നോണമായിരിക്കും രോഗി പുനരാവിഷ്കരിക്കുപ്പെടുക. ശരീരത്തിന് ബാധിക്കാത്തത് കൊണ്ട് ഈ രോഗം അത്ര അപകടകരമല്ല എന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ അതിന്റെ അപകടസാധ്യതകള്‍ മറ്റൊരു തരത്തിലായിരുന്നു സമൂഹത്തെ വിഴുങ്ങാന്‍ തുടങ്ങിയത്.
രോഗം ബാധിച്ച വ്യക്തി മാനസികമായി മറ്റൊരാളോ വസ്തുവോ ഒക്കെയായി മാറി കഴിഞ്ഞാല്‍, സമൂഹത്തിന് അവരെ അംഗീകരിക്കാനുള്ള വൈമനസ്യം രോഗിയുടെ മനസ്സില്‍ കടുത്ത നൈരാശ്യം നിറയ്ക്കും. ഒപ്പം, സ്വന്തം വ്യക്തിത്വത്തിലേക്ക് മടങ്ങാനുള്ള അബോധമായ ഓര്‍മ്മപ്പെടുത്തലും ഇത്തരത്തിലുള്ളവരെ ആത്മഹത്യയ്ക്കോ അക്രമത്തിനോ പ്രേരിപ്പിക്കും. നന്നേ ചെറിയ കുഞ്ഞുങ്ങളും ഓട്ടിസം ബാധിച്ചവരും സ്ഥലകാലബോധമില്ലാതെ അലഞ്ഞുനടക്കുന്നവരും പക്ഷിമൃഗാദികളും ഈ രോഗത്തിന്റെ പിടിയിലകപ്പെട്ടിരുന്നില്ല. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശപ്രകാരം ജനങ്ങളോട് അവരുടെ ആഗ്രഹങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറയാന്‍ ഭരണാധികാരികള്‍ക്ക് കഴിയുമായിരുന്നില്ല. ആകെപ്പാടെ അവര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നത് ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് എന്ന് പറയുക മാത്രമായിരുന്നു. അങ്ങനെ ഓരോ രാജ്യവും നഗരവും അതിന്റെ അതിര്‍ത്തികള്‍ മറ്റുള്ളവരില്‍നിന്നും അടച്ചിട്ടു. പക്ഷേ, അപ്പോഴേക്കും ഭൂരിഭാഗം ജനങ്ങളും രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു.
വൈകാതെ തന്നെ ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശം ഭരണാധികാരികള്‍ക്ക് അവരവരുടെ ജനതയ്ക്കു മേല്‍ അടിച്ചേല്‍പ്പിക്കേണ്ട ഘട്ടം വന്നു. അതിന് കാരണം, ഭൂരിഭാഗം ജനങ്ങളും ഏറ്റവുമധികം ഇഷ്ടപ്പെട്ടിരിക്കുന്നത് ദൈവങ്ങളെ ആയിരുന്നു എന്നതായിരുന്നു. ദൈവങ്ങളാണെങ്കില്‍ ഒരുപാടെണ്ണം ഉണ്ടായിരുന്നുതാനും. രോഗം ബാധിച്ച മഹാഭൂരിപക്ഷവും മൂന്നു നാളത്തെ മൗനത്തിനുശേഷം സംസാരിച്ചു തുടങ്ങിയത് സ്വയം ദൈവമായി വെളിപ്പെട്ടു കൊണ്ടായിരുന്നു. അവരുടെ വെളിപാട് കേള്ക്കാനുള്ളവരെല്ലാം വീടുകളില്‍ അടച്ചുപൂട്ടിയിരുന്നത് കാരണം പുതിയ ദൈവങ്ങള്‍ക്ക് തന്റെ ദൂതനായയും പ്രബോധകനായും അനുയായി ആയും സ്വയം മാറേണ്ടിവന്നു. ഒരു ദൈവത്തിന് മറ്റൊരു ദൈവത്തോട് ശത്രുതയുള്ള കാരണം വിശ്വാസസംരക്ഷണത്തിനായി ഓരോ ദൈവവും തനിച്ചു പൊരുതി. നഗരങ്ങളും ഗ്രാമങ്ങളും വൈകാതെ കൊല്ലപ്പെട്ട ദൈവങ്ങളാല്‍ നിറഞ്ഞു. ഓടകളിലും വഴിയോരത്തുമൊക്കെ ദൈവങ്ങള്‍ ചത്തുമലച്ചു കിടന്നു. എന്നിട്ടും ദൈവങ്ങളുടെ എണ്ണം കുറഞ്ഞില്ല. ഒന്നിന് പത്ത് എന്ന തോതില്‍ ലോകമെമ്പാടും പുതിയ പുതിയ ദൈവങ്ങള്‍ അവതാരമെടുത്ത് തുടങ്ങി. ബാക്കിയായ മനുഷ്യരെയെങ്കിലും രക്ഷപ്പെടുത്താന്‍ വേണ്ടി അവരോട് ആഗ്രഹങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഭരണാധികാരികള്‍ക്ക് കര്‍ശനമായി പറയേണ്ടി വന്നു. അവരങ്ങനെ പറയുമ്പോഴും അതെങ്ങനെ സാധിക്കും എന്ന കാര്യത്തില്‍ അവര്‍ക്കും ഉത്തരമില്ലായിരുന്നു. അവര്‍ക്കും അവരുടേതായ സ്വകാര്യമോഹങ്ങള്‍ ഏറെയുണ്ടായിരുന്നു. ദേഹം മുഴുവന്‍ പൊതിഞ്ഞുകൊണ്ടായിരുന്നു അവര്‍ ജനങ്ങളെ അഭിമുഖീകരിച്ചത്. അല്ലായിരുന്നെങ്കില്‍ അവര്‍ക്കും രോഗം ബാധിച്ച് മറ്റേതെങ്കിലുമൊരു രാജ്യത്തിന്റേയോ അല്ലെങ്കില്‍ ലോകത്തിന്റെ തന്നെയോ ഭരണാധികാരി എന്ന നിലയിലായിരിക്കും അവര്‍ സ്വന്തം ജനങ്ങളോട് സംസാരിക്കുക.
രോഗം ബാധിച്ച് ദൈവങ്ങളായി മാറിയവരുടെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലാത്തതുകൊണ്ടും, അവര്‍ രോഗം കൂടുതല്‍ പേരിലേക്ക് പകര്ന്നുകൊടുക്കുമെന്നത് കൊണ്ടും, അങ്ങനെ വന്നാല്‍ മനുഷ്യരൊന്നു പോലും ഭൂമിയില്‍ അവശേഷിക്കില്ല എന്നതുകൊണ്ടും അവരെയെല്ലാം വെടിവെച്ച് കൊല്ലാന്‍ എല്ലാ രാജ്യത്തെയും ഭരണാധികാരികള്‍ ചേര്‍ന്ന് തീരുമാനമെടുത്തു. അങ്ങനെ വിശുദ്ധയുദ്ധങ്ങള്‍ നടത്തുകയായിരുന്നു ദൈവങ്ങളെല്ലാം വെടിയേറ്റു വീണു. അവരെയെല്ലാം ഒരു സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ലോകത്തിലെ എല്ലാ ഭാഗത്തും ഇങ്ങനെ ദൈവങ്ങളുടെ ചിതകള്‍ കാണാമായിരുന്നു.
സ്വയം ഒരു പക്ഷിയാണെന്ന് കരുതി ഉയരത്തിലുള്ള ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് താഴോട്ട് ചാടി പറക്കാന്‍ ശ്രമിച്ച ഒരാളെ വെടി വെച്ചിട്ടു കൊണ്ടായിരുന്നു വഴിയാത്രക്കാരുടെ നഗരത്തിലെ ശുദ്ധികലശത്തിന് തുടക്കം കുറിച്ചത്. ആ ദൃശ്യം നേരില്‍ കണ്ട് മറ്റൊരാള്‍, വെടിവെച്ച സൈനികനോട് വിഷാദത്തോടെ പറഞ്ഞു: ‘അരുത് കാട്ടാളാ.’
അതിനുശേഷം അയാള്‍ ഒരു നീണ്ട കാവ്യമെഴുതാന്‍ തയ്യാറെടുത്ത് അതിലും നീണ്ട മൗനത്തിലേക്ക് വീണു. കുറച്ചുനാള്‍ കഴിഞ്ഞ് സംശയം തോന്നിയ വീട്ടുകാരുടെ അഭ്യര്‍ത്ഥനപ്രകാരം സൈനികര്‍ വന്നയാളെ കൊണ്ടുപോയി. എഴുതിക്കൊണ്ടിരുന്ന കാവ്യത്തിന്റെ അവസാന വരികളില്‍ ആയിരുന്നു അയാള്‍. അതും കൂടി എഴുതാനുള്ള സാവകാശം അയാള്‍ ചോദിച്ചു വാങ്ങി. സൈനികര്‍ സമ്മതിച്ചു. പൂര്‍ത്തിയാക്കിയ പുസ്തകം അവരുടെ കയ്യില്‍ കൊടുത്ത് അയാള്‍ പറഞ്ഞു: ‘എനിക്ക് ശേഷം വരുന്നവര്‍ ഇത് വ്യാഖ്യാനിക്കും.’
വാസ്തവത്തില്‍ ആ പുസ്തകത്തില്‍ ഒന്നും തന്നെ എഴുതിയിരുന്നില്ല. ശൂന്യമായിരുന്നു അതിന്റെ താളുകള്‍. മൗനമായിരുന്നു അതില്‍ നിറഞ്ഞു നിന്നിരുന്നത്.
വഴിയാത്രക്കാരുടെ നഗരം ഒരു പുരാതന നഗരമായിരുന്നു. മരങ്ങള്‍ക്കും കുന്നുകള്‍ക്കും അടിയില്‍ നിന്നായി അതിനെ കണ്ടെടുക്കുകയായിരുന്നു. അതിനുശേഷം ഓരോരുത്തരായി അവിടെ കുടിയേറി പാര്‍ത്തു. മനോഹരമായ പണിതീര്‍ത്ത, പല പോരാട്ടങ്ങളെയും അതിജീവിച്ച ആ നഗരം മണ്ണിനടിയില്‍ നിന്നുയര്‍ന്ന് വന്നത് ഒരു പ്രേതനഗരമായിട്ടായിരുന്നു. രോഗം പടര്‍ന്ന് പിടിക്കുന്നതിന് തൊട്ട് മുമ്പ് നഗരം സ്വയം കത്തിയെരിയാനായ് കാത്തിരിക്കുകയായിരുന്നു. ആരുടെ സ്വന്തമാണ് ആ നഗരം എന്ന തര്‍ക്കത്തിലായിരുന്നു അവര്‍. ഇത്തരം തര്‍ക്കങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുള്ളതാണ്. തന്റേതെന്ന് പറഞ്ഞ മുന്‍ തലമുറകളൊക്കെ നഗരത്തിനെ സ്വന്തമാക്കാന്‍ കഴിയാതെ മരിച്ചു മണ്ണടിഞ്ഞു. എന്നിട്ടും ഒരാവര്‍ത്തനം പോലെ പിന്തലമുറ അത് തുടരുകയായിരുന്നു. ഓരോരുത്തരും അടുത്തടുത്ത് തന്നെ നിന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്കിടയിലെ ദൂരം അളക്കാനാവാത്തതായിരുന്നു.
അവരുടെ തര്‍ക്കങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ വേണ്ടി നഗരത്തെ പറ്റി ഒരു ആധികാരികമായ പഠനം നടത്താന്‍ തീരുമാനമെടുത്തിരുന്നു. അതിന്‍പ്രകാരം നഗരത്തിന്റെ പല ഭാഗങ്ങളും കുഴിച്ച് പരിശോധന നടത്തി വരികയായിരുന്നു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനിടെ ഊഹാപോഹങ്ങളും തര്‍ക്കങ്ങളും മുറുകി. മണ്ണു മാറ്റിയപ്പോള്‍ ഉറച്ച ഒരു പ്രതലത്തില്‍ കാണപ്പെട്ട വലിയ ഒരു കാല്പ്പാടായിരുന്നു തര്‍ക്കത്തിന്റെ മുഖ്യ ഹേതു. അത് തങ്ങളുടെ ദൈവത്തിന്റെ കാല്‍പ്പാടാണെന്ന് ഓരോരുത്തരും അവകാശവാദമുന്നയിച്ചു. ആരാധാന നടത്താന്‍ വേണ്ടിയുള്ള അവകാശത്തിനായ് അവരെല്ലാം അപ്പഴേ ശ്രമങ്ങള്‍ തുങ്ങി. വാസ്തവത്തില്‍ അതൊരു സ്റ്റൈഗോസോറസിന്റെ* കാല്പ്പാടായിരുന്നു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിട്ടില്ലായിരുന്നെങ്കില് വൈകാതെ അതിന്റെ ഫോസില്‍ കണ്ടെത്തിയിട്ടുണ്ടാവുമായിരുന്നു.
പുറത്ത് മഹാമാരി പെയ്യുമ്പോഴും വീട്ടുതടങ്കലിനുള്ളില് കിടന്ന് ചിലരെങ്കിലും ആ തര്‍ക്കത്തിന്റെ മുനകള്‍ ഉലയിലെന്നപോലെ ഊതി കാച്ചിയെടുക്കുന്നുണ്ടായിരുന്നു. പുതിയ പരിതസ്ഥിതിയില്‍ പുതിയ വെളിപാടുകള്‍ എന്ന പോലെയായിരുന്നു അതിന്റെയൊക്കെ അവതരണം. രോഗത്തില്‍ നിന്ന് രക്ഷനേടാന്‍ പ്രാകൃത വസ്ത്രധാരണത്തിന്റെ ആവശ്യകതകളും പണ്ടത്തെ ചില മാറ്റിനിര്ത്തലുകളുമൊക്കെ ശാസ്ത്രത്തിന്റെ സഹായത്തോടെ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു അതൊക്കെ. ഇത്തരം വിനോദങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെങ്കില്‍ അവരൊക്കെ തീര്‍ത്തും നിര്‍ജ്ജീവമായി പോയേനെ.
മാസങ്ങള്‍ കഴിഞ്ഞിട്ടും പകര്‍ച്ചവ്യാധി വിട്ടുപോകുന്നതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. ആളുകളുടെ വീട്ടുതടങ്കല്‍ അനന്തമായി നീണ്ടു. നിരന്തരമായി വീട്ടില്‍ തന്നെയിരുന്ന് പൊറുതിമുട്ടിയ പലരും നിരത്തിലിറങ്ങാന്‍ ആഗ്രഹിച്ചെങ്കിലും ഇടക്കിടെ കേള്‍ക്കുന്ന വെടിയൊച്ചകള്‍ അവരെ വീട്ടില്‍ തന്നെ പിടിച്ചിരുത്തി. വീടിനുള്ളില്‍ തന്നെയിരുന്ന് മനസ്സ് മടുത്ത ചിലര്‍ രണ്ടും കല്‍പ്പിച്ച് പുറത്തേക്കിറങ്ങി. അവരൊക്കെ ഉടന്‍ തന്നെ എന്തൊക്കെയോ വസ്തുക്കളോ ദൈവങ്ങളോ ഒക്കെയായ് വഴിയരികില്‍ ചോരയൊലിപ്പിച്ച് കിടന്നു.
ഒരുദിവസം തെരുവിലെ കത്തുന്ന ചിതകള്ക്കരികിലൂടെ ഒരു മനുഷ്യന് നടന്നു വരുന്നത് സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. നീട്ടിയ തോക്കുകള്‍ക്ക് മുന്നില്‍ ആ മനുഷ്യന് അക്ഷോഭ്യനായ് നിലകൊണ്ടു. ഒറ്റ നോട്ടത്തില്‍ രോഗത്തിന്റെ യാതൊരു ലക്ഷണവും ആ മനുഷ്യനില്‍ കാണാന്‍ കഴിഞ്ഞില്ല. കൂടെ ചെല്ലാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം യാതൊരു എതിര്‍പ്പും കൂടാതെ അവരോടൊപ്പം നടന്നു. ആ മനുഷ്യന് പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് വരച്ച സൈനികര്‍ അമ്പരന്നു പോയി. അതിവിചിത്രമായിരുന്നു ആ സഞ്ചാരപഥങ്ങള്‍. അത് തുടങ്ങുന്നത് ലോകത്തിന്റെ ഒരറ്റത്ത് നിന്നായിരുന്നു. അദ്ദേഹം കടന്നു വന്ന വഴികളെല്ലാം തന്നെ മഹാമാരി അതിഭീകരമായി പടര്‍ന്നു പിടിച്ച ഭാഗങ്ങളായിരുന്നു. എന്നിട്ടും രോഗബാധയേല്‍ക്കാതെ ആ മനുഷ്യന് തങ്ങള്‍ക്കിടയില്‍ തുന്നികൂട്ടിയ വേഷത്തോടെ നില്ക്കുന്നു എന്നോര്‍ത്തപ്പോള്‍, അതെല്ലാം കളവാകുമെന്ന് അവര്‍ക്ക് തോന്നി. പക്ഷേ, ആ മുഖത്തെ തേജസും നിഷ്കളങ്കതയും കണ്ടപ്പോള്‍ മറിച്ച് ചിന്തിക്കാനവര്‍ക്ക് തോന്നിയതുമില്ല. അദ്ദേഹം വന്നുവെന്ന് പറഞ്ഞ സ്ഥലങ്ങളിലെ ഇഇഠഢ ദൃശ്യങ്ങള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ അവര്‍ക്ക് പിന്നെ വിശ്വസിക്കാതെ തരമില്ലെന്നായി. മനുഷ്യര്‍ക്കിടയിലൂടെ, ചിതകള്ക്കരികിലൂടെ എന്തൊക്കെയോ മന്ത്രിച്ചു കൊണ്ട് നടക്കുന്ന ആ രൂപം തങ്ങള്ക്കരികിലിരിക്കുന്ന അതേ ആള് തന്നെയാണെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.
‘താങ്കള്‍ ഈ വഴിയത്രയും നടന്നത് എന്തിനാണ്?’- സൈനികരുടെ ചോദ്യത്തില്‍ അവര്‍ പോലുമറിയാത്ത വിധം ബഹുമാനം നിറഞ്ഞു നിന്നിരുന്നു.
‘ഞാന്‍ സംസാരിക്കുകയായിരുന്നു’ –
ആ മനുഷ്യന് ശാന്തനായ് മറുപടി പറഞ്ഞു.
‘ആരോട്?’
‘എല്ലാവരോടും. അതിലുപരി എന്നോട് തന്നെ’
സൈനികര്‍ മുഖത്തോട് മുഖം നോക്കി. ആ മനുഷ്യന് ഒരു ഭ്രാന്തനായിരിക്കുമെന്ന് അവര്‍ സംശയിച്ചു.പക്ഷേ, മുഖാവരണമില്ലാതെ, കീറിയ വേഷത്തോടെ അക്കണ്ട ദൂരമത്രയും താണ്ടിയിട്ടും ആ മനുഷ്യന് രോഗബാധയേല്ക്കാതിരുന്നത് അവരെ വല്ലാതെ അത്ഭുതപ്പെടുത്തി.
‘എന്തുകൊണ്ടാണ് താങ്കള്‍ക്ക് രോഗം ബാധിക്കാതിരുന്നത്?’- അവര്‍ ചോദിച്ചു.
‘ഞാന്‍ മോഹമുക്തി നേടിയതുകൊണ്ട്’ ‘- ആ മനുഷ്യന് സൗമ്യനായ് മറുപടി പറഞ്ഞു.
ആ വാക്കുകള്‍ വിസ്മയത്തോടെയാണ് അവര്‍ കേട്ടത്. ആദ്യമായാണ് ഒരാള്‍ ഇത്ര ആത്മവിശ്വാസത്തോടെ അങ്ങനെയൊരു അവകാശവാദം നടത്തുന്നത്. ഒരു മഹാജ്ഞാനിയുടെ മുമ്പിലാണ് തങ്ങള്‍ ഇരിക്കുന്നതെന്ന് അവര്‍ക്ക് തോന്നി.ആ അത്ഭുതമനുഷ്യനെ കാണാന്‍ നഗരാധിപനും സംഘവുമെത്തി. തങ്ങളുടെ നഗരത്തെ ബാധിച്ച മഹാമാരിയില്‍ നിന്നും രക്ഷപ്പെടുത്തണം എന്ന് അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതു കേട്ടപ്പോള്‍ ആ മനുഷ്യന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:
‘ലോകത്തിന്റെ വിശപ്പു മാറ്റാന്‍ വയലുകളില്‍ കഷ്ടപ്പെടുന്നവന് ദാരിദ്ര്യത്തിലും ആഡംബരവസ്തുക്കള്‍ നിര്മ്മിക്കുന്നവന് സമ്പന്നതയിലും കഴിയുന്ന നാട്ടില്‍ ഇതിലും വലിയത് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ നിങ്ങളോരോരുത്തരും രോഗബാധയേല്‍ക്കാതിരിക്കാന്‍ അകന്നിരിക്കുന്നു. പക്ഷേ, മനസ്സ് കൊണ്ട് നിങ്ങള്‍ എന്നേ അകന്നു കഴിഞ്ഞിരിക്കുന്നു. ഈ രോഗാണുവില്‍ നിന്നും നമുക്കൊത്തിരി പഠിക്കാനുണ്ട്. അതിന്റെ സാമൂഹിക അന്തര്‍വ്യാപനം അതിശയകരമാണ്. എന്തുകൊണ്ട് സ്നേഹത്തിന്റെ കാര്യത്തില്‍ നമുക്കാ മാര്‍ഗ്ഗം സ്വീകരിച്ചു കൂടാ?’
അവര്‍ അദ്ദേഹം പറയുന്നതെല്ലാം നിശ്ശബ്ദമായി കേട്ടിരുന്നു. അദ്ദേഹം പിന്നേയും പിന്നേയും പറഞ്ഞു കൊണ്ടേയിരുന്നു. കഥകളിലൂടെയും പാട്ടുകളിലൂടെയും അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം ഇത്ര കാലം തങ്ങളുടെ ഉള്ളില്‍ തന്നെ ഉണ്ടായിരുന്നതാണല്ലോ എന്നവര്‍ക്ക് ഓര്‍മ്മ വന്നു. ഹൃദയത്തിനു മേല്‍ വന്നു വീണ അഴുക്കുകള്ക്കടിയില് നിന്ന് അദ്ദേഹം അതിനെയെല്ലാം പുറത്തു കൊണ്ടുവന്നിരിക്കുന്നു. മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞു. അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. അവര്‍ക്ക് എഴുന്നേറ്റ് പോകാന്‍ തോന്നിയതേയില്ല. ഒരു പെരുമഴ പോലെ അദ്ദേഹം അവരിലേക്ക് പെയ്തു.അവരുടെ ഉള്ളം നനഞ്ഞ് കുതിര്‍ന്നു. അവസാനം പെയ്ത്തവസാനിപ്പിച്ച് പോകാന്‍ നേരത്ത് അദ്ദേഹം ഇത്രകൂടി പറഞ്ഞു: ‘സംസാരിക്കുക; എല്ലാവരോടും. സ്വന്തം യുക്തിക്കനുസരിച്ച് തീരുമാനങ്ങളെടുക്കുക. ഈ നിമിഷവും കടന്ന് പോകും.’
ആ മനുഷ്യന് നടന്നു നീങ്ങി. കേട്ടുനിന്നവരെല്ലാം തങ്ങളുടെ മനസ്സിന്റേയും ശരീരത്തിന്റേയും ആവരണങ്ങള്‍ ഒന്നൊന്നായ് അഴിച്ചുമാറ്റി. അവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി. ഓരോ വീടുകളുടേയും വാതിലുകളില്‍ മുട്ടി വിളിച്ചു. മാസങ്ങളോളം അടച്ചിരുന്നവര്‍ പുതിയ വെളിച്ചത്തിലേക്ക് കണ്ണ് തുറന്നു. അവര്‍ സംസാരിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതിന്റെ അടക്കാനാവാത്ത സന്തോഷത്തില്‍ ഒരു യുവാവ്, അയാള്‍ മുമ്പൊരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരുവളെ നഗരമധ്യത്തില്‍ വെച്ച് എല്ലാവരും കാണ്‍കെ ദീര്‍ഘമായി ചുംബിച്ചു. രോഗാണുവിന്റെ ചങ്ങലയിലെ കണ്ണികള്‍ ഒന്നൊന്നായ് അറ്റു വീണു. അങ്ങനെയൊക്കെയാണെന്നു തോന്നുന്നു വഴിയാത്രക്കാരുടെ നഗരത്തില്‍ നിന്നും ലോകത്തില്‍ നിന്നു തന്നെയും ആ മഹാമാരി ഒഴിഞ്ഞു പോയത്. ഇതൊക്കെ വളരെ പണ്ട് നടന്ന കഥയാണ്. പണ്ടുള്ളവര്‍ പറഞ്ഞു കേട്ട കഥയാണ്. അതുകൊണ്ട് തന്നെ ഇതൊക്കെ ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോയെന്ന് ആര്‍ക്കറിയാം?