
ചൂണ്ടക്കാരനും മീനും

സുഭാഷ് ഒട്ടുംപുറം
ചൂണ്ടക്കാരനേയും മീനിനേയും
ബന്ധിപ്പിക്കുന്നത്
ഒരു ചരടും കൊളുത്തും മാത്രമല്ല.
അതിൻ്റെ രണ്ടറ്റത്തും
നമുക്ക് കാണാനാവത്ത
ചിലത് പൂത്ത് നിൽക്കുന്നുണ്ട്.
രണ്ട് പേർക്കും ഒരേ വിശപ്പ്.
രണ്ടു പേർക്കും ഒരേ ഉദ്വേഗം.
പരസ്പരം കാണാത്ത കളിയിൽ
ചൂണ്ടയാണെന്ന് മീനറിയരുതെന്ന് ചൂണ്ടക്കാരൻ.
ചൂണ്ടയാണെന്നറിഞ്ഞിട്ടും
തക്കം പാർത്ത് കൊത്തുന്ന മീൻ.
വിശപ്പ് ആരേയും എന്തും ചെയ്യിക്കും;
ചൂണ്ടയിടാനും ചൂണ്ടലിൽ തന്നെ കൊത്താനും.
ചൂണ്ടക്കാരന് വലുതായൊന്നും നഷ്ടപ്പെടാനില്ല.
മീനിന് വലുത് മാത്രമേ
നഷ്ടപ്പെടാനുള്ളു താനും.
ചൂണ്ടക്കാരന് കാത്തിരിക്കാൻ
ക്ഷമയുള്ള കാലത്തോളം
മീനിന് വേണമെങ്കിൽ ചൂണ്ടയിൽ
കൊത്താതിരിക്കാം.
ചൂണ്ടക്കാരൻ്റെ ക്ഷമയൊന്നും
പലപ്പോഴും മീനിനുണ്ടാകാറില്ല.
അതുകൊണ്ടാണ് സ്വന്തം വിശപ്പ്
തീർത്തു കൊണ്ട് തന്നെ അത്
അറിയാതെയെങ്കിലും ചൂണ്ടക്കാരൻ്റെ
വിശപ്പിനേയും പരിഗണിക്കുന്നത്.
പക്ഷേ, പ്രശ്നം
ചൂണ്ടക്കാരൻ്റെ വിശപ്പ്
ഒരിക്കലും തീരുന്നില്ല എന്നതാണ്.
അയാൾക്ക് നൂറ്റാണ്ടുകൾ
കാത്തിരിക്കാനുള്ള ക്ഷമയും
അത്ര തന്നെ വിശപ്പുമുണ്ട്.
അതുകൊണ്ട്,
ഒന്നുകിൽ മീൻ ചൂണ്ടയിൽ കൊത്തരുത്.
അല്ലെങ്കിൽ ചരട് കടിച്ച് മുറിക്കാനുള്ള
ബലം മീനിൻ്റെ പല്ലിനുണ്ടാവണം.
മീനിനൊരിക്കലും
അതിന് കഴിഞ്ഞെന്ന് വരില്ല.
പക്ഷേ, മീനുകൾക്ക് കഴിഞ്ഞേക്കാം.

വര: നിധിൻ വി.എൻ.