
സ്റ്റാച്യു ജംഗ്ഷന്

പ്രശാന്ത് ചിന്മയന്
”ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോക രഹസ്യമാര്‍ക്കുമേ.”
- കുമാരനാശാന്
(ചിന്താവിഷ്ടയായ സീത)
- പല നേരങ്ങളില്‍ ചിലര്‍
കനകക്കുന്ന് കൊട്ടാരവളപ്പിലെ നടപ്പാതയിലൂടെ കയ്യും കാലും ആഞ്ഞ് വീശി, വിയര്‍പ്പില്‍ കുതിര്‍ന്ന ദേഹവുമായി അഞ്ചു റൗണ്ട് നടത്തം പൂര്‍ത്തിയാക്കിയ അനില്‍കൃഷ്ണന്‍, തനിക്കു മുന്നിലൂടെ നടന്നുപോകുന്ന സമൃദ്ധപെണ്നിതംബങ്ങളുടെ താളചലനങ്ങളില്‍ ഒരുവട്ടം കൂടി നോക്കി ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് നടപ്പിന്റെ വേഗം കുറച്ച്, കടും നീല ട്രാക് സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫെടുത്ത് മുഖത്തെ വിയര്‍പ്പൊപ്പി,ഗേറ്റിനു പുറത്തേക്കിറങ്ങി. റോഡില്‍, കാക്കകള്‍ കലപില കൂട്ടുന്ന വാകമരങ്ങള്‍ക്കു ചുവട്ടില്‍ ഉറുമ്പുവരി പോലെ നിരന്നിരിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്ന് തന്റെ ഇളം നീല ഹോണ്ട ആക്ടീവ കണ്ടെത്തിയ അയാള്‍ അതിലേക്കു കയറിയിരുന്ന ശേഷം കടും ചുവപ്പ് ടീ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണെടുത്ത് ഓണ്‍ ചെയ്തു. ശംഖുമുഖം ബീച്ചിന്റെ പശ്ചാത്തലത്തില്‍ പുഞ്ചിരി തൂകി നില്ക്കുന്ന അയാളുടെ ഭാര്യ പ്രിയംവദ തങ്കച്ചിയുടേയും മകള്‍ ഗ്രീഷ്മയുടേയും സ്ക്രീന്‍ സേവര്‍ ചിത്രം മൊബൈലില്‍ തെളിഞ്ഞു. പക്ഷേ, തന്റെ സംതൃപ്ത കുടുംബചിത്രത്തിലല്ല, ചിത്രത്തിനു മുകളില്‍ തെളിഞ്ഞു കണ്ട അക്കങ്ങളിലാണ് അനില്‍ കൃഷ്ണന്റെ ദൃഷ്ടികള്‍ പതിഞ്ഞത് – 5:58 AM. അയാളുടെ വലതു കയ്യിലെ തള്ളവിരല്‍ ധൃതിയില്‍ വണ്ടിയുടെ ഇലക്ട്രിക് സ്റ്റാര്‍ട്ടറില്‍ അമര്‍ന്നു.
വെള്ളയമ്പലം പണിക്കേഴ്സ് ലെയ്ന്‍ ബി ബ്ലോക്കിലെ 32-ാം നമ്പര്‍ വീടായ ‘ഗ്രീഷ്മ’ത്തിനു മുന്നില്‍ വന്നിറങ്ങിയ അനില്‍കൃഷ്ണന്‍, വണ്ടി റോഡില്‍ വച്ചിട്ട്, ഗേറ്റ് തുറന്ന് അകത്തു കയറി. കറുപ്പും വെളുപ്പും ഇന്റര്‍ലോക്കു ടൈലുകള്‍ ഇടകലര്‍ന്ന്,ചതുരംഗപ്പലക പോലെ തോന്നിക്കുന്ന ചെറിയ മുറ്റത്ത് പല കളങ്ങളിലായി കിടന്നിരുന്ന ‘ദേശാഭിമാനി’ – ‘മലയാള മനോരമ’ – ‘ഇന്‍ഡ്യന്‍ എക്സ്പ്രസ്’ പത്രങ്ങള്‍ നുള്ളിപ്പെറുക്കിയെടുത്ത് സിറ്റൗട്ടിലെ ടീപ്പോയിലേക്കെറിഞ്ഞശേഷം അയാള്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.കോളിംഗ് ബെല്ലിന്റെ ‘ജയ് ശ്രീറാം’ വിളികള്‍ കേട്ടുകൊണ്ടിരിക്കേ വാതില്‍ തുറക്കപ്പെട്ടു. തോളില്‍ ബാഗും തൂക്കി ഹോളി എയ്ഞ്ചല്‍സ് പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ വേഷത്തില്‍ ഗ്രീഷ്മ ധൃതിയില്‍ പുറത്തേക്കു വന്നു.
”അച്ഛാ, ലേറ്റായതെന്താ….?”
”സിക്സ് തേര്ട്ടിക്കല്ലേ ക്ലാസ്. ഇപ്പോ ആറ് കഴിഞ്ഞതല്ലേയുള്ളൂ.”
”ഇന്ന് മണ്ടേയല്ലേ. ഇന്ന് ആറേകാലിനാ.”
ഗ്രീഷ്മ ധൃതികൂട്ടി.
”അതിനിപ്പോ എന്താ…. കുറവന്‍കോണം വരെ പോകാന്‍ അഞ്ചു മിനിട്ടുപോരേ…”
ഇരുവരും വണ്ടിയിലേക്കു കയറി. വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ‘ലഞ്ച് എടുത്തോ മോളേ…’ എന്ന പ്രിയംവദ തങ്കച്ചിയുടെ ചോദ്യം അശരീരിയായി റോഡിലേക്കു തെറിച്ചു വീണു. ‘എടുത്തൂ…’ എന്ന് ഗ്രീഷ്മ ഉച്ചത്തില്‍ മറുപടി മൊഴിഞ്ഞു. വണ്ടി നീങ്ങി.
തിങ്കളാഴ്ചകളില്‍ കുറവന്‍കോണത്ത് ഫിസിക്സ്, ചൊവ്വാഴ്ച കളില്‍ ശാസ്തമംഗലത്ത് കെമിസ്ട്രി, ബുധനാഴ്ചകളില്‍ കവടിയാറില്‍ മാത്തമറ്റിക്സ്, വ്യാഴാഴ്ചകളില്‍ അമ്പലംമുക്കില്‍ ബയോളജി, വെള്ളിയാഴ്ചകളില്‍ ഇടപ്പഴിഞ്ഞിയില്‍ ഇംഗ്ലീഷ്, ശനി- ഞായറാഴ്ചകളില്‍ ‘സഫയറി’ല്‍ എന്‍ട്രന്‍സ് കോച്ചിംഗ്…. എന്നിങ്ങനെ സ്കൂളില്‍ പോക്കിനൊപ്പം ഒരാഴ്ചയെ പല ട്യൂഷനുകള്‍ക്കായി വിഭജിച്ചു നല്‍കിയാണ് ഗ്രീഷ്മയുടെ പ്ലസ് ടൂ പഠനം മുന്നേറുന്നത്. അവളെ അവിടെയെല്ലാം കൃത്യസമയത്ത് എത്തിക്കേണ്ട സാരഥിയാണ് അനില്‍ കൃഷ്ണന്.
50-60 സ്പീഡില്‍ കുതിച്ചു പാഞ്ഞ ഹോണ്ട ആക്ടീവ കുറവന്‍കോണത്തെ ഉമേഷ് സാറിന്റെ ‘ഗുരുകൃപ’ എന്ന ഇരു നില വീടിനു മുന്നിലെത്തിയപ്പോള്‍ സമയം 6:16. ധൃതിയില്‍ മകളെ ഇറക്കി, വണ്ടി തിരിച്ചതും അനില്കൃഷ്ണനു മുന്നില്‍ ഒരു വെളുത്ത അക്സസ് 125 പാഞ്ഞു വന്ന്, കോഴിക്കുഞ്ഞിന്റെ കരച്ചില് ശബ്ദത്തില്‍ ബ്രേക്കിട്ടു! ഗ്രീഷ്മയുടെ ക്ലാസ് മേറ്റായ ആനി ജെയിംസിനേയും വഹിച്ച് അവളുടെ അമ്മ റോസി പഞ്ഞിക്കാരന്റെ അന്തംവിട്ട വരവായിരുന്നു അത്. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയ ആനി ‘ഗുരുകൃപ’യിലേക്കു പാഞ്ഞതും റോസി പഞ്ഞിക്കാരന്‍ ആശ്വാസനിശ്വാസമുതിര്ത്ത് മോളെത്തന്നെ നോക്കി നിന്നു. അപ്പോള്‍, ഹോണ്ട ആക്ടീവയുടെ ബ്രേക്കുകള്‍ അമര്‍ത്തിപ്പിടിച്ചു നിന്ന അനില്‍ കൃഷ്ണന്റെ കണ്ണുകള്‍, വെളുത്ത നിറത്തില്‍ ‘Hey, I am naughty’ എന്നെഴുതിയ ഇളംമഞ്ഞ ടീ ഷര്‍ട്ടിനുള്ളില്‍ തുള്ളിത്തുളുമ്പുന്ന റോസി പഞ്ഞിക്കാരനെ വിശദമായി സ്കാന്‍ ചെയ്യുകയായിരുന്നു. എവിടെനിന്നെന്നറിയില്ല, പശ്ചാത്തലശബ്ദമായി അകലെയെങ്ങോ ഒരു കോഴിയുടെ ‘കൊക്കരക്കോ’ അപ്പോള്‍ ഉയര്‍ന്നു കേട്ടു.
അനില്‍കൃഷ്ണന്‍ തിരികെ വീട്ടിലെത്തി, ഷൂസും സോക്സുമഴിച്ച് ഷൂ റാക്കിലേക്കു വച്ച ശേഷം സിറ്റൗട്ടിലെ ചൂരല്‍ കസേരയിലിരുന്ന് ‘പ്രിയാ….’ എന്ന് നീട്ടി വിളിച്ചതും ഡോര്‍ തുറക്കപ്പെട്ടു. ഈറന്‍ മുടിയോടെ പുളിയിലക്കര പുടവ ചുറ്റി വന്ന പ്രിയംവദ, ആവി പറക്കുന്ന ചായ ഭര്‍ത്താവിനു നീട്ടി.
”ങും….?”
രാവിലേ തന്നെ കുലസ്ത്രീവേഷത്തില് നില്ക്കുന്ന ഭാര്യയെ അയാള്‍ ചോദ്യഭാവത്തില്‍ നോക്കി.
”ഇന്ന് തിങ്കളാഴ്ചയല്ലേ. ശ്രീകണ്ഠേശ്വരത്ത് പോണം. കാപ്പിയും ലഞ്ചുമെല്ലാം ഡൈനിംഗ് ടേബിളിലെടുത്ത് വച്ചിട്ടൊണ്ട്. എടുക്കാന്‍ മറക്കല്ലേ.”
അവള് മുറ്റത്തിറങ്ങി ആക്ടീവ സ്റ്റാര്‍ട്ട് ചെയ്ത് ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങുന്നത് അയാള്‍ നിസ്സംഗനായി നോക്കിയിരുന്നു.
ഓരോ വിഷയത്തിനും ദിവസവും ഓരോരോ സ്ഥലങ്ങളില്‍ ട്യൂഷനു പോകുന്ന ഗ്രീഷ്മയെപ്പോലെയാണല്ലോ പരമഭക്തയായ തന്റെ ഭാര്യയുമെന്ന് അപ്പോള്‍ അയാള്‍ ഓര്‍ത്തു പോയി.തിങ്കളാഴ്ച ശ്രീകണ്ഠേശ്വരം, ചൊവ്വാഴ്ച ആറ്റുകാല്‍, ബുധനാഴ്ച ഗണപതി കോവില്‍, വ്യാഴാഴ്ച ഹനുമാന് കോവില്‍, വെള്ളിയാഴ്ച തൊഴുവന്‍ കോട്, ശനിയാഴ്ച വെള്ളയമ്പലം ആല്‍ത്തറ, ഞായറാഴ്ച കരിക്കകം എന്നിങ്ങനെ രാവിലെയും വൈകിട്ടുമൊക്കെയായി ഒരാഴ്ചയെ ഇഷ്ടദൈവങ്ങള്‍ക്കു വേണ്ടി വിഭജിച്ചു നല്‍കിയിരിക്കുകയാണ് പ്രിയംവദ. അതിലൊരു വീഴ്ച ഉണ്ടാകാതിരിക്കാന്‍ അവള് ബദ്ധശ്രദ്ധയുമാണ്.
ചായ കുടിച്ച്, ഗ്ലാസ് ടീപ്പോയിലേക്കു വച്ച അനില്‍കൃഷ്ണന്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ കയ്യിലെടുത്തു. ചൂണ്ടുവിരല്‍ കൊണ്ട് ‘എല്‍’ എന്ന് കോറിയപ്പോള്‍ മൊബൈല്‍ ബന്ധനമുക്തയായി. നൂറ്റി ഇരുപത്തിരണ്ട് മെസേജുകള്‍ വന്നു നിറഞ്ഞ വാട്ട്സ്ആപ്പിലേക്ക് അയാള്‍ ചൂണ്ടുവിരലമര്‍ത്തി. എട്ടു ഗ്രൂപ്പുകളില്‍ നിന്നും, ഒട്ടേറെ മറ്റു കോണ്ടാക്ട്സില് നിന്നുമായി വന്നു കുമിഞ്ഞ സന്ദേശങ്ങളില്‍ മിക്കവയും സുപ്രഭാതാശംസകളായിരുന്നു. പിന്നെ കൂടുതലുമുണ്ടായിരുന്നത് ‘സെക്രട്ടറിയേറ്റ് സ്റ്റാഫ് കൂട്ടായ്മ’ എന്ന ഓഫീസ് ഗ്രൂപ്പിലെ വിരുദ്ധ സംഘടനകളില്‍ പെട്ടവര്‍ തമ്മിലുള്ള വാഗ്വാദങ്ങളായിരുന്നു. അയാള്‍ അതിലേക്ക് ഒന്നു കണ്ണോടിച്ച് തല ചൊറിഞ്ഞുകൊണ്ട്, പ്രിയംവദയുടെ ഫാമിലി ഗ്രൂപ്പായ ‘തൃക്കുന്നത്ത് തറവാട്’ ഗ്രൂപ്പിലേക്കു കയറി.
‘സനാതന ഹിന്ദു ധര്‍മ്മത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം’ എന്ന തലക്കെട്ടില്‍ ഒരു നെടുനെടുങ്കന്‍ പോസ്റ്റാണ് ആദ്യം തെളിഞ്ഞത്.അത് പോസ്റ്റു ചെയ്തിരിക്കുന്നതാരെന്നു കണ്ടപ്പോള്‍ അയാളുടെ ചിറിക്കോണില്‍ ഒരു പരിഹാസച്ചിരി വിരിഞ്ഞു -ശിവകുമാരന് തമ്പി! അനില്‍ ചിരിച്ചതിന് കാരണമുണ്ട്. അഞ്ചാറു മാസം മുമ്പ് ഒരു അര്‍ദ്ധരാത്രിയില്‍, കുടുംബത്തിലെ പരമസാത്വികനായി വാഴ്ത്തപ്പെടുന്ന ഈ എഴുപത്തേഴുകാരനായ മാന്യദേഹത്തിന്റെ കൈ അറിയാതെ തട്ടി ഒരു ‘ചലനചിത്രം’ കുടുംബ ഗ്രൂപ്പിലേക്കു കൂപ്പുകുത്തി. പിറ്റേന്നു രാവിലെ ‘സുപ്രഭാതം’ ആശംസിക്കാന്‍ കണ്ണും തിരുമ്മി ഗ്രൂപ്പിലേക്കു കയറിയ ‘കുടുംബത്തില്‍ പിറന്ന’ കുലാംഗനമാര്‍ കണി കണ്ടത് തമ്പിയമ്മാവന്റെ ‘കടുംകൈ’! അവര്‍ ബോധരഹിതരായി. അമ്മാവന് ഗ്രൂപ്പില്‍ നിന്ന് ഔട്ട്! പിന്നെ കുറേ ദിവസങ്ങള്‍ക്കു ശേഷം, സമസ്താപരാധവും ഏറ്റുപറഞ്ഞ് ഏത്തമിട്ട ശേഷമാണ് അമ്മാവനെ ഗ്രൂപ്പിലേക്ക് പുന:പ്രവേശിപ്പിച്ചത്. അന്നുമുതല്‍, സനാതന ഹിന്ദുമതധര്മ്മത്തിന്റെ മൂല്യങ്ങളെക്കുറിച്ചും ഹിന്ദുക്കള്‍ പ്രത്യേകിച്ചും നായന്മാര് ഉണരേണ്ടതിന്റേയും ഒന്നിക്കേണ്ടതിന്റേയും ആവശ്യകതകളേയും കുറിച്ച് മാത്രമേ തമ്പിഅമ്മാവന് പോസ്റ്റുകളിടാറുള്ളൂ.
കുടുംബ ഗ്രൂപ്പില്‍ നിന്ന് പുറത്തിറങ്ങിയ അനില്‍ കൃഷ്ണന് ഫോണിലെ ഗ്യാലറിയിലേക്കു കയറി. വയലറ്റ് നിറമുള്ള ഡാലിയാപ്പൂവിന്റെ പശ്ചാത്തലത്തില്‍ ‘A good day Starts with good thoughts’ എന്നെഴുതിയ ഒരു സുപ്രഭാതസന്ദേശം സെലക്ട് ചെയ്ത അയാള്‍, തനിക്ക് ആശംസകളറിയിച്ചവര്ക്കെല്ലാം ഫോര്‍വേഡ് ചെയ്യാന്‍ തുടങ്ങി.
അനില്‍ കൃഷ്ണന്റെ ഫോണില്‍ നിന്ന് ശുഭദിനാശംസകള്‍ പറപറന്നു തുടങ്ങിയപ്പോള്‍, പണിക്കേഴ്സ് ലെയ്നില്‍ നിന്ന് ഏകദേശം ആറു കിലോമീറ്ററിനപ്പുറമുള്ള ബണ്ടുമേട് കോളനിയിലെ മുത്തുമാരിയമ്മന്‍ കോവിലിനടുത്തുള്ള, ഭിത്തികള്‍ പൂശാത്ത, മുന്‍വശത്തെ ചുവരില്‍ മഞ്ഞ വൃത്തത്തിനുള്ളില്‍ കറുത്ത നിറത്തില്‍ ‘BSUP ഭവന പദ്ധതി (2012-13) തിരുവനന്തപുരം കോര്പ്പറേഷന്’ എന്നെഴുതിയ ചെറിയ കോണ്‍ക്രീറ്റ് വീടിന്റെ അടുക്കളയിലെ ഗ്യാസടുപ്പില്‍ വച്ചിരുന്ന ചൂടുപിടിച്ച ദോശക്കല്ലിലേക്ക് എണ്ണ പുരട്ടി മാവൊഴിക്കുകയായിരുന്നു ജിനി. മാവ് പരത്തി,പാത്രത്തിലേക്ക് തവി തിരികെ നിക്ഷേപിച്ച ശേഷം, പാതാമ്പുറത്തിരുന്ന ‘പി.എസ്.സി ക്വസ്റ്റ്യന്‍ ബാങ്ക്’ എന്ന തടിച്ച പുസ്തകം കയ്യിലെടുത്ത് നിവര്‍ത്തിയ അവള്, ‘എഡ്സന് അരാന്റസ് ഡു നാസിമെന്റോ… എഡ്സന് അരാന്റസ് ഡു നാസിമെന്റോ…’ എന്നിങ്ങനെ ഫുട്ബോള്‍ താരം പെലെയുടെ യഥാര്‍ത്ഥ നാമം ജപിക്കാന്‍ തുടങ്ങി. അടുത്ത മാസം നടക്കുന്ന വനിതാകോണ്‍സ്റ്റബിള്‍ ടെസ്റ്റിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണവള്‍. അപ്പോള്‍ തൊട്ടടുത്ത കുടുസ്സുമുറിയില്‍ മൂടിപ്പുതച്ചു കിടക്കുകയായിരുന്ന ജിനിയുടെ അമ്മ ലില്ലി ചെറുതായൊന്നു ഞരങ്ങി.തലേദിവസത്തെ കീമോതെറാപ്പിയുടെ അസഹ്യവേദന കടിച്ചമര്ത്താന് പാടുപെട്ട അവര്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. പെട്ടെന്ന്, ആ മുറിയോടു ചേര്‍ന്ന ഹാളിന്റെ മൂലയില്‍ നിന്ന് ‘മാമ്പഴമാ മാമ്പഴം മള്ഗോവാ മാമ്പഴം…’ എന്ന ഗാനം ഉയര്‍ന്നു. സിമന്റ്തറയില്‍ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്ന ജിനിയുടെ ചേട്ടന് ലുട്ടാപ്പി ബിനു ആ മൊബൈല്ഗാനം കേട്ട് ചാടിയെണീറ്റ്, തലയിണക്കിടയില്നിന്ന് മൊബൈല്‍ തപ്പി എടുത്തു നോക്കി – സജിയണ്ണന്‍.
”എന്തണ്ണാ ?”
”ഡേയ്, നീ എഴിച്ചില്ലേ… രാവിലെ ചെറിയൊരു പരിപാടിയൊണ്ട്.”
”എവിടണ്ണാ?”
”ഇന്നലെ നമ്മള് സ്കെച്ച് ചെയ്തില്ലേ….. ആ കേസ്. നീ വെക്കം ബേക്കറി ജങ്ഷനിലോട്ടു വാ. അത്യാവശ്യം ടൂള്‍സൊക്കെ എടുത്തോ.”
”ടൂള്‍സെല്ലാം വണ്ടീലൊണ്ട്.”
ഫോണ്‍ കട്ടായി.
ബിനുവിന്റെ ബോസും നഗരത്തിലെ ഇടത്തരം ഗുണ്ടയുമാണ് കിടിലം സജി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സജികുമാര്‍. ഏതോ ബ്ലേഡുകാരന്റെ പണമിടപാടില്‍ വീഴ്ച വരുത്തിയവന് പണി കൊടുക്കാനുള്ള ക്വട്ടേഷന്‍ ദൗത്യം നിര്‍വ്വഹിക്കുന്നതിനാണ് തന്റെ വിശ്വസ്തനായ ലുട്ടാപ്പി ബിനുവിനെ കിടിലം സജി രാവിലേ തന്നെ വിളിച്ചുണര്‍ത്തിയിരിക്കുന്നത്.
ഉടുതുണി വാരിച്ചുറ്റി ഉറക്കപ്പായയില്‍ നിന്ന് ചാടിയെണീറ്റ് അല്പ നേരം എന്തോ ചിന്തിച്ചുനിന്നശേഷം അയയില്‍ നിന്നൊരു ഷര്‍ട്ടെടുത്തിട്ട്, ബിനു ധൃതിയില്‍ അടുക്കളയിലേക്കു നടന്നു.
”എടീ, നിന്റെലൊണ്ടെങ്കി ഒരഞ്ഞൂറ് രൂപ താ.”
”എന്റേലൊന്നുമില്ല.”
ഒരു കയ്യില്‍ ചട്ടുകവും മറുകയ്യില്‍ ‘ക്വസ്റ്റ്യന്‍ ബാങ്കു’മായി നിന്ന ജിനി പറഞ്ഞു.
”എടീ വണ്ടീല് എണ്ണയൊഴിക്കാനാണ്.”
”എന്റെല് ഇല്ലെന്ന് ….”
അവള് തിരിഞ്ഞ്, ദോശ മറിച്ചിട്ടു.
അവളെ രൂക്ഷമായൊന്നു നോക്കിയ ലുട്ടാപ്പി, ലില്ലി കിടക്കുന്ന മുറിയിലേക്കു പാഞ്ഞു.
മുറിക്കുള്ളില്‍ എന്തൊക്കെയോ വാരിവലിച്ചിടുന്ന ശബ്ദം കേട്ട ജിനി, ചട്ടുകവും ക്വസ്റ്റ്യന്‍ ബാങ്കും പാതാമ്പുറത്തേക്കിട്ട്, അന്തം വിട്ട് അങ്ങോട്ടേക്കു പാഞ്ഞു – ചുമരലമാരയിലെ സാധനങ്ങളെല്ലാം വലിച്ചുവാരി തറയിലേക്കിട്ട് എന്തോ കാര്യമായി പരതുന്ന ലുട്ടാപ്പി! പരിക്ഷീണ ശബ്ദത്തില്‍ ‘എന്തര് മക്കളേ…’ എന്ന് ആകുലപ്പെട്ട് കിടക്കയില്‍ നിന്നെണീക്കാന്‍ പാടുപെടുന്ന ലില്ലി!
”അണ്ണനെന്തരാണ് ഈ കാണിക്കണത്?”
അപകടം മണത്ത ജിനി ഓടിച്ചെന്ന് അവന്റെ കയ്യില്‍ കടന്നുപിടിച്ചു. പക്ഷേ, അവളെ തട്ടിമാറ്റിക്കൊണ്ട് അവന് പരതല്‍ തുടരുകയും അലമാരയുടെ മുകള്ത്തട്ടിലിരുന്ന കുറേ തുണികള്‍ താഴേക്കു തള്ളിയിടുകയും ചെയ്തപ്പോള്‍ അതിനുള്ളിലെവിടെയോ സുരക്ഷിതമായിരുന്ന കറുത്ത പഴ്സ് തറയിലേക്കു തെറിച്ചു വീണു.അതു കണ്ട ജിനി, നേരമൊട്ടും കളയാതെ അതിനെ കൈക്കലാക്കാന്‍ ചാടി വീണെങ്കിലും അവളെ നിര്‍ദ്ദാക്ഷിണ്യം പിടിച്ചുതള്ളിക്കൊണ്ട് ലുട്ടാപ്പി, പഴ്സിനെ തന്റെ കൈപ്പിടിയിലൊതുക്കുക തന്നെ ചെയ്തു.
‘അയ്യോ! എന്റെ കൊച്ചിനെ കൊന്നേ….’ എന്ന് നിലവിളിച്ചു കൊണ്ട് ലില്ലി കിടക്കയില്‍ നിന്ന് പിടഞ്ഞെണീറ്റു.
ചുമരിലിടിച്ച പുറന്തല തടവിക്കൊണ്ട് ജിനി ലുട്ടാപ്പിക്കുനേരെ ക്രുദ്ധയായി പാഞ്ഞടുത്തുവെങ്കിലും, പഴ്സില്‍ ആകെയുണ്ടായിരുന്ന അഞ്ഞൂറിന്റെ രണ്ടു നോട്ടുകളുമെടുത്ത്, പഴ്സിനെ തറയിലേക്കു വലിച്ചെറിഞ്ഞ് അവന് മുറിക്കു പുറത്തേക്കു നടന്നു. സ്റ്റാച്യുവിലെ ‘റോഷ്നി ടെക്സ്റ്റയില്‍’സിലെ സെയില്‍സ് ഗേളായ ജിനി, ശമ്പളം കിട്ടിയ പതിനായിരം രൂപയില്‍ നിന്ന് വീട്ടു ചെലവുകള്‍ പോയിട്ട് മിച്ചം പിടിച്ച് സൂക്ഷിച്ചതായിരുന്നു ആ ആയിരം രൂപ.
”അണ്ണാ…. അത് അമ്മയ്ക്കു മരുന്ന് വാങ്ങിക്കാനൊള്ളതാ… ഇങ്ങ് താ…”
ജിനി അവന്റെ പിറകേ ഓടി. പക്ഷേ, അവള് മുറ്റത്തെത്തിയപ്പോഴേക്കും വീടിനു മുന്നിലെ റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന, ‘സ്നേഹദൂതന്‍’ എന്നു മുന്നിലും ‘നോട്ടം കണ്ട് തെറ്റിദ്ധരിക്കല്ലേ, ഓട്ടം കിട്ടുമോ എന്ന് നോക്കുന്നതാ’ എന്ന സൂക്തം പിന്നിലുമെഴുതിയ പഴഞ്ചന്‍ ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ചെയ്ത് ലുട്ടാപ്പി ബിനു പാഞ്ഞുപോയി.
ദേഷ്യവും സങ്കടവും സഹിക്കാനാകാതെ, തന്റെ വലതുകാല്‍ മുറ്റത്ത് ആഞ്ഞു ചവിട്ടി പല്ലു ഞെരിച്ചുകൊണ്ട് ജിനി പിറുപിറുത്തു: ”അലവലാതി…”
പെട്ടെന്ന് അവളുടെ നാസാരന്ധ്രങ്ങളിലേക്ക് കരിഞ്ഞ ദോശയുടെ ഗന്ധം അടിച്ചു കയറി. അവള് ‘അയ്യോ…’ എന്നു നിലവിളിച്ചു കൊണ്ട് അടുക്കളയിലേക്കോടി.
ദേഷ്യവും സങ്കടവും പരിഭ്രാന്തിയുമൊക്കെ കലര്‍ന്ന സമ്മിശ്ര ഭാവങ്ങളോടെ ജിനി അടുക്കളയിലേക്കു പാഞ്ഞപ്പോള്‍, ബണ്ടുമേട് നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ മാറി തൈക്കാട് ശാസ്താ ക്ഷേത്രത്തിനടുത്തുള്ള പഴയ ഇരുനില കെട്ടിടത്തിനു മുകളില്‍ ‘ദി സിറ്റി ന്യൂസ് ദിനപ്പത്രം’ എന്ന ബോര്‍ഡ് തൂക്കിയ ഓഫീസിലെ ചെറിയ മുറിക്കുള്ളില്‍, മേശപ്പുറത്തൂന്നിയ കൈകളില്‍ മുഖം ചേര്‍ത്തുവച്ച് ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു നരിപ്പാറരതീഷ്.
‘ദി സിറ്റി ന്യൂസ് ‘ എന്ന പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ കം ചീഫ് എഡിറ്റര്‍ കം ന്യൂസ് റിപ്പോര്‍ട്ടര്‍ കം മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് കം ഡിസൈനര്‍ കം ഏജന്റ് എന്ന രീതിയില്‍ ഏകാംഗപ്രകടനത്തിലൂടെ പത്രം നടത്തുന്നയാളെന്നു വേണമെങ്കില്‍ നരിപ്പാറ രതീഷിനെ വിശേഷിപ്പിക്കാം. രണ്ടു വര്‍ഷം മുമ്പ് പത്രം തുടങ്ങിയപ്പോള്‍ മാനേജിംഗ് ഡയറക്ടര്‍ മാത്രമായിരുന്നു അയാള്‍. മറ്റു ജോലികള്ക്കെല്ലാമായി ഇരുപത്തിയഞ്ചു പേരാണുണ്ടായിരുന്നത്. വളരെ പ്രതീക്ഷയോടെ തുടങ്ങിയ പത്രത്തിന്റെ വളര്‍ച്ച നാള്‍ക്കുനാള്‍ താഴോട്ടേക്കാന്നെന്ന് തിരിച്ചറിഞ്ഞ അവരോരുത്തരും പതിയെപ്പതിയെ മറ്റു ലാവണങ്ങള്‍ തേടുകയായിരുന്നു.
എല്ലാ ദിവസവും രാവിലെ പത്രം അച്ചടിച്ച് പ്രസില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിവിട്ട ശേഷം ഓഫീല് വന്ന് കുറേ നേരം ചിന്താമഗ്നനായി താടിക്ക് കൈയും കൊടുത്തിരിക്കുക എന്നത് രതീഷിന്റെ പതിവു ശീലമാണ്. ‘ഇന്നത്തെ കാര്യം അങ്ങനെ കഴിഞ്ഞു. ഇനി നാളെ…?’ എന്ന ചിന്തയിലായിരിക്കും അപ്പോള്‍ അയാള്‍. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകാന്‍ കഴിയുമെന്ന കാര്യത്തിലും അയാള്‍ ആശങ്കാകുലനാണ്.
”മങ്ങിയ കാഴ്ചകള്‍
കണ്ടു മടുത്തു
കണ്ണടകള്‍ വേണം
കണ്ണടകള്‍ വേണം…”
മൊബൈല്‍ ഫോണ്‍ അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി.മേശപ്പുറത്തിരുന്ന ഫോണിലേക്കു നോക്കി. ഭാര്യ രശ്മിയാണു വിളിക്കുന്നത്. അയാള്‍ തല ചൊറിഞ്ഞു കൊണ്ട് ഫോണെടുത്തു.
”ഹലോ…”
”രതീഷേട്ടാ, ഓഫീസിലാണോ?”
”ങാ… എന്താ?”
”എന്താന്നോ? ഇന്നത്തെ ദിവസം ഏതാണെന്ന് അറിയാമോ?”
ഭാര്യയുടെ പരിഭവം കലര്‍ന്ന ആ ചോദ്യം കേട്ടതും ചൂടുപിടിച്ച അയാളുടെ മസ്തിഷ്കത്തിലൂടെ കുറേ വിശേഷ ദിവസങ്ങള്‍ ഒന്നിനു പിറകേ ഒന്നായി മിന്നിത്തെളിഞ്ഞു – ആദ്യ കണ്ടുമുട്ടല്‍, പ്രണയം പറഞ്ഞത്, ആദ്യചുംബനം, വിവാഹം, ഗര്‍ഭിണിയാണെന്നറിഞ്ഞത്, മോളുടെ ജനനം…. ഇതിലേതായിരിക്കും ഇന്നത്തെ ദിവസം? അയാള്‍ ഓര്‍ത്തെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കെ അവള് ഇടപെട്ടു:
”എനിക്കറിയാം… നിങ്ങള്‍ക്കതൊന്നും ഓര്‍ക്കാന്‍ സമയമില്ലെന്ന്. ഓര്‍ത്തിരുന്നെങ്കില്‍ ഇന്നു രാവിലെ തന്നെ വിളിച്ച് ഹാപ്പി ബര്‍ത്ത് ഡേ പറയുമായിരുന്നല്ലോ.”
”അയ്യോ… ഞാന്‍ മറന്നതല്ല… തിരക്ക് കഴിഞ്ഞിട്ട് വിളിക്കാമെന്ന് കരുതിയിരുന്നതാ…”
”കള്ളം…”
”ഗോഡ് പ്രോമിസ്… സത്യം …”
”അപ്പോ ഇന്നത്തെ പ്രോഗ്രാം?”
”അത് നമുക്ക് ഗ്രാന്‍ഡാക്കാം. ഞാനിപ്പോ അല്പം തെരക്കിലാ. വിളിക്കാം.”
പത്തുരൂപാ നോട്ടുമാത്രമുണ്ടായിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് ഫോണ്‍ നിക്ഷേപിച്ച് അയാള്‍ ദീര്‍ഘമായി നെടുവീര്‍പ്പിട്ടു. നാളത്തെ പത്രം എങ്ങനെ ഇറക്കാം എന്ന കൂലംകഷമായ ആലോചനകള്‍ക്കിടയില്‍ വന്നു വീണ പിറന്നാള്‍ എങ്ങനെ കൊണ്ടാടും എന്നോര്‍ത്തപ്പോള്‍ രതീഷ് വിയര്‍ക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ അയാള്‍ മേശ തുറന്ന് അതിനുള്ളില്‍ നിന്നൊരു ഫയലെടുത്തു.പത്രത്തില്‍ പരസ്യം നല്‍കിയിട്ട് കാശ് തരാനുള്ള ക്ലയിന്റ്സിന്റെ വിശദാംശങ്ങളിലേക്ക് അയാള്‍ കണ്ണോടിച്ചു. എന്തു തന്ത്രം പ്രയോഗിച്ചാണെങ്കിലും കുറേ കാശ് ഇന്ന് കണ്ടെത്തിയേ പറ്റൂ എന്ന് തീര്ച്ചപ്പെടുത്തിയപ്പോഴേക്കും വീണ്ടും ഫോണ്‍ പാടിത്തുടങ്ങി. അയാള്‍ ഫോണെടുത്തു. സിറ്റി വാര്‍ത്തകള്‍ എത്തിച്ചുതരുന്ന രാജീവ് പോങ്ങുംമൂടാണ്.
”എന്താ രാജീവേ?”
”അമ്മയ്ക്കു സുഖമില്ല.ഞാന്‍ മെഡിക്കല്‍ കോളേജിലാ. ഇന്നത്തെ കാര്യങ്ങള്‍ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യണം. സെക്രട്ടറിയേറ്റ്നടയില് ഇന്ന് രാവിലെ രണ്ടു മൂന്ന് മാര്‍ച്ചും ധര്ണയുമൊക്കെയുണ്ട്. പിന്നെ പ്രസ് ക്ലബില്‍ ഒരു പ്രസ് മീറ്റ്. ഡീറ്റയില്‍സ് ഞാന്‍ വാട്ട്സ്ആപ്പ് ചെയ്യാം.”

ഫോണ്‍ കട്ടായി. പേരിനൊരു സഹായിയായുണ്ടായിരുന്ന രാജീവും ഒഴിഞ്ഞു മാറുകയാണ്. ഇന്നത്തെ ദിവസം അതിസങ്കീര്‍ണമാണെന്ന തിരിച്ചറിവില്‍ നെറ്റിയില്‍ കൈവച്ച് രതീഷ് കസേരയിലേക്കു ചാഞ്ഞു.
കടുത്ത മാനസിക സമ്മര്‍ദ്ദത്താല്‍ പത്രാധിപര്‍ നരിപ്പാറ രതീഷ് കസേരയിലേക്കു ചായവേ, തൈക്കാട് നിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ അകലെ വട്ടിയൂര്‍ക്കാവിനടുത്തുള്ള നേതാജി റോഡിലെ ‘ശാന്താലയം’ എന്ന ഓടിട്ട പഴയ വീട്ടില്‍ തന്റെ കിടപ്പുമുറിയിലെ വലിയ തടിയലമാരയിലെ നിലക്കണ്ണാടി നോക്കി മുടി ചീകുകയായിരുന്നു ഡോ: സുജിത് കുമാര്‍. മുപ്പത്തിരണ്ടുകാരനും നന്ദാവനം ആംഡ് റിസര്‍വ് പോലീസ് ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിളുമായ സുജിത് കുമാര്‍, രാവിലെ ഡ്യൂട്ടിക്ക് കയറുന്നതിനു മുമ്പ് മറ്റൊരു ദൗത്യം കൂടി നിര്‍വ്വഹിക്കുന്നതിനാണ് ധൃതിപ്പെട്ട് ഒരുങ്ങുന്നത് – തന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങ്. നീലയില്‍ ചെറിയ വെള്ളപ്പുളളികളുള്ള ഷര്‍ട്ട് കറുപ്പു നിറമുള്ള പാന്റിനുള്ളിലാക്കി കറുത്ത ബെല്റ്റു കെട്ടി, കറുത്ത ഷൂസുമിട്ട് അയാള്‍ മുറിയില്‍നിന്ന് ഹാളിലേക്കിറങ്ങിയപ്പോള് ഫെയര്‍ ആന്റ് ലൗലിയുടേയും കോബ്രാ പെര്‍ഫ്യൂമിന്റേയും സമ്മിശ്ര ഗന്ധം അവിടമാകെ പ്രസരിച്ചുതുടങ്ങി.അമ്മ ശാന്തകുമാരിയും അനിയത്തി സുചിത്രയും അവളുടെ ഭര്‍ത്താവ് തിരുമല വില്ലേജോഫീസര്‍ പ്രദീപ് കുമാറും അവരുടെ മകനായ മൂന്നു വയസുകാരന് അശ്വിനും അയാളെ കാത്ത് അപ്പോള്‍ ഹാളിലിരിപ്പുണ്ടായിരുന്നു.
”ങാ… ചേട്ടന് പൊളിച്ചല്ലോ! ഏത് പെണ്ണായാലും ഇഷ്ടപ്പെടാതിരിക്കില്ല.”
സുചിത്രയുടെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.സുജിത്തിന്റെ മുഖത്ത് നാണം വിരിഞ്ഞു.
”കൊല്ലാതെടീ…. ജീവിച്ച് പോട്ട്.”
അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
”ഇനി സമയം കളയണ്ട. രാഹുകാലത്തിനു മുമ്പിറങ്ങിക്കോ.”
അമ്മ പറഞ്ഞു. അമ്മയേയും അനിയത്തിയേയും നോക്കി ചിരിച്ച്, ശേഷക്കാരന്റെ കവിളില്‍ വാത്സല്യത്തോടെ നുള്ളി, റ്റാറ്റ പറഞ്ഞ് അയാള്‍ അളിയനോടൊപ്പം വരാന്തയിലേക്കിറങ്ങി. വരാന്തയില്‍ നിന്ന് മുറ്റത്തേക്കിറങ്ങി, അളിയനെ പിന്നിലിരുത്തി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍, വരാന്തയുടെ ചുമരില്‍ തൂക്കിയിരുന്ന അച്ഛന്റെ ചിത്രത്തില്‍ അയാളുടെ കണ്ണുകള്‍ ഒരു നിമിഷം തങ്ങി നിന്നു.
നെട്ടയം – കാച്ചാണി – കളത്തുകാല്‍ – ഇരുമ്പ വഴി അരുവിക്കര ലക്ഷ്യമാക്കി സുജിത് കുമാറിന്റെ കറുത്ത യുണീകോണ്‍ ബൈക്ക് പാഞ്ഞു. സത്യത്തില്‍, ഇപ്പോള്‍ ഒരു വിവാഹം വേണ്ടെന്ന നിലപാടായിരുന്നു സുജിത്തിന്. കാരണം, ‘രമണന്റെ മരണം; ഒരു അപനിര്‍മാണം’ എന്ന പ്രബന്ധമെഴുതി മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ അയാള്‍ ഒരു കോളേജ് അധ്യാപകനാകുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി ഇന്റര്‍വ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ രണ്ടാമനായെങ്കിലും മുന്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ കൊടുത്ത കേസില്‍ കുരുങ്ങി നിയമനം നീളുകയാണ്. വിവാഹക്കമ്പോളത്തില്‍ പോലീസുകാരനും കോളേജു വാധ്യാരും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന ബോധ്യമാണ് അയാളെ ഇത്രയും നാള് വിവാഹക്കാര്യത്തില്‍നിന്ന് പിന്നോട്ടു വലിച്ചിരുന്നത്. പക്ഷേ, മുപ്പത്തിരണ്ടു വയസു കഴിഞ്ഞ സ്ഥിതിക്ക് കല്യാണം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്ന അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അയാള്‍ ഒടുവില്‍ സമ്മതം മൂളിയത്. അങ്ങനെയാണ് പ്രദീപിന്റെ പരിചയത്തില്‍ അരുവിക്കര നിന്നുള്ള ആലോചന വന്നത്.
അരുവിക്കര ഡാം റോഡിനടുത്തുള്ള ‘ഇന്ദീവരം’ എന്ന ഇരുനില വീടിനു മുന്നില്‍ ബൈക്കു നിന്നു. വിശാലമായ ഹാളിലിരുന്ന് ഏലക്കാ ചായ നുണഞ്ഞു കൊണ്ട്, ഗള്‍ഫുകാരനായ രവീന്ദ്രന് നായരുടെയും വീട്ടമ്മയായ മിനിയുടേയും മകള്‍ മധുരിമയെ സുജിത് അടിമുടി നോക്കി. ഇളം നീലച്ചുരിദാറണിഞ്ഞ ആ ഇരുനിറക്കാരിയെ തന്റെ വാമഭാഗമാക്കണമോ എന്ന കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ അയാള്‍ക്കായില്ല. തന്റെ സൗന്ദര്യ സങ്കല്പങ്ങള്ക്കനുസരിച്ചുള്ള പെണ്‍കുട്ടിയാണോ മുന്നില്‍ നില്ക്കുന്നതെന്ന വിശകലനത്തില്‍ സുജിത് ആമഗ്നനായിരിക്കേ, മധുരിമയുടെ മനസ്സില്‍ ഉത്കണ്ഠയുടെ തരിപ്പ് പടര്‍ന്നു. പക്ഷേ, അത് പ്രകടമാകാതിരിക്കാനായി അവള് ബോധപൂര്‍വ്വം ഒരു ചിരി വരുത്തി.
അങ്ങനെ അരുവിക്കരയില്‍ പോലീസുകാരന് ഡോ. സുജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കേ, അവിടെനിന്നും ഏതാണ്ട് പതിനഞ്ചു കിലോമീറ്റര്‍ മാറി, നെടുമങ്ങാട് താലൂക്കില്‍ പനവൂര്‍ പഞ്ചായത്തില്‍ കരിഞ്ചാത്തി മൂല തടത്തരികത്തു വീട്ടില്‍ സുധാകരന്, വീടിനടുത്തുള്ള തോട്ടില്‍ നിന്ന് കുളികഴിഞ്ഞ്, വീടിനു തെക്കുവശത്തുള്ള ആഞ്ഞിലിമരത്തിനു ചുവട്ടിലെ അസ്ഥിത്തറയിലേക്കു നടക്കുകയായിരുന്നു. അസ്ഥിത്തറയിലെ ചെറിയ വിളക്കില്‍ തിരിയിട്ട് എണ്ണയൊഴിച്ചു കത്തിച്ച് അയാള്‍ കൈ കൂപ്പി. അയാളുടെ കണ്ണുകളില്‍ നനവു പടര്‍ന്നു. അയാള്‍ കണ്ണുതുടച്ചുകൊണ്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ വീട്ടിലേക്കു നടന്നു.
പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പാഴ്ച്ചെടികള്‍ക്കു നടുവില്‍, ഏതു നിമിഷവും നിലംപൊത്തിയേക്കാവുന്ന നിലയിലായിരുന്നു ആ വീട്. ചുമരുകള്‍ വിണ്ടുകീറിയിരുന്നു. മേല്‍ക്കൂരയിലെ ഓടുകള്‍ പലതും പൊട്ടിയതും സ്ഥാനഭ്രംശം സംഭവിച്ചതുമായിരുന്നതിനാല് വീടിന്റെ സിമന്റടര്‍ന്നു തുടങ്ങിയ തറയില്‍ ചതുരാകൃതിയില്‍ വെയില് വെട്ടങ്ങള്‍ തെളിഞ്ഞുകാണാമായിരുന്നു. ആ വീട്ടില്‍ മനുഷ്യവാസമുണ്ടെന്നു പറഞ്ഞാല്‍ ഒരു പക്ഷേ,ആരും വിശ്വസിച്ചെന്നു തന്നെ വരില്ല.
സുധാകരന് വരാന്തയിലേക്കു കയറിയപ്പോള്‍ തിണ്ണയില്‍ കെട്ടിയിട്ടിരുന്ന കറുത്ത പട്ടി സ്നേഹമസൃണഭാവങ്ങളോടെ എഴുന്നേറ്റുനിന്ന് വാലാട്ടി. അലക്ഷ്യമായി നീണ്ടു വളര്‍ന്ന്, നരകയറിത്തുടങ്ങിയ തന്റെ താടി ഒന്നമര്ത്തിത്തടവിക്കൊണ്ട് അയാള്‍ പട്ടിയെ ഒന്നു നോക്കിയിട്ട് അകത്തേക്കു നടന്നു. ദ്രവിച്ചു തുടങ്ങിയ വാതിലിലൂടെ മുറിക്കകത്തു കയറി പ്ലാസ്റ്റിക് വരിച്ചില് പൊട്ടിത്തുടങ്ങിയ പഴയ കട്ടിലിനടിയില്‍ നിന്ന് തുരുമ്പെടുത്തു തുടങ്ങിയ ഒരു ഇരുമ്പുപെട്ടി നിരക്കി വെളിയിലെടുത്തു. പെട്ടിയുടെ കൊളുത്തു മാറ്റി അടപ്പ് തുറന്ന് അതിനുള്ളിലിരുന്ന പഴകിയ കുറേ കടലാസ് കഷണങ്ങള്‍ പുറത്തെടുത്ത ശേഷം പെട്ടി അടച്ച് കട്ടിലിനടിയിലേക്കു നിരക്കി വച്ചു.
കയ്യിലിരുന്ന പഴയ കടലാസുകള്‍ അയാള്‍ വെറുതേ മറിച്ചു നോക്കി. പല പല ദിനപ്പത്രങ്ങളും, കുറേ നിവേദനങ്ങളുടെയും കോടതി വിധികളുടേയും പകര്പ്പുകളുമായിരുന്നു അവ. അതെല്ലാം ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്കാക്കുന്നതിനിടയില്, ആ കടലാസ് കെട്ടുകള്‍ക്കിടയില്‍ നിന്ന് ഫ്രെയിം ചെയ്ത ഒരു ഫോട്ടോ താഴേക്കു വീണു. അയാള്‍ അത് കുനിഞ്ഞെടുത്തു.ഇരുപത്തഞ്ചു വയസ് പ്രായം വരുന്ന സുമുഖനായൊരു യുവാവിന്റെ ചിത്രമായിരുന്നു അത്. ഫോട്ടോയില്‍ കുറേ നേരം നോക്കി നിന്ന അയാളുടെ കണ്ണുകള്‍ സജലങ്ങളായി. മുറിയുടെ മൂലയിലിരുന്ന ഒരു പഴഞ്ചന്‍ ചുവന്ന സഞ്ചിയെടുത്ത് ഫോട്ടോ അതിനകത്തിട്ടു.
അയയില്‍ നിന്ന്, നരച്ചു തുടങ്ങിയ ഒരു നീല ഷര്‍ട്ടെടുത്തിട്ട്, സഞ്ചി തോളില്‍ തൂക്കി, കയ്യില്‍ പ്ലാസ്റ്റിക് കവറുമായി സുധാകരന് മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍, തിണ്ണയില്‍ കിടന്ന പട്ടി, എഴുന്നേറ്റ് യജമാന ഭക്തിയോടെ വാലാട്ടാന്‍ തുടങ്ങി. അയാള്‍ അതിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ തലോടി, കഴുത്തിലെ ചങ്ങലക്കൊളുത്ത് വിടുവിച്ചു. സ്വതന്ത്രനായ പട്ടി നന്ദിയോടെ അയാളെത്തന്നെ നോക്കിക്കൊണ്ട് വര്‍ദ്ധിത വീര്യത്തോടെ വാലാട്ടിക്കൊണ്ടിരുന്നു. അയാള്‍ നടന്ന് മുറ്റം കടന്ന്, ചെറിയ നടപ്പാതയിലേക്കിറങ്ങിയതും പട്ടിയും പിറകേ ചെന്നു. ആംഗ്യം കാട്ടി അതിനെ പിന്തിരിപ്പിക്കാന് നോക്കിയെങ്കിലും കുറച്ചു നേരം നിന്നശേഷം അത് പിന്നേയും അയാളുടെ പിറകേ തന്നെ നടന്നു.
കല്ലിയോട് ജങ്ഷനിലെ ഇന്ദിരാഗാന്ധി സ്മാരക വെയ്റ്റിംഗ് ഷെഡില്‍ സുധാകരന് ബസ് കാത്തുനിന്നപ്പോള്‍ തന്റെ യജമാനനെ യാത്രയാക്കാന്‍ ആ കറുത്ത പട്ടിയും ഒപ്പമുണ്ടായിരുന്നു. ഏതാണ്ട് അര മണിക്കൂറോളം ബസ് കാത്തുനില്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ പരിചയക്കാരായ ചിലര്‍ അയാളെക്കണ്ട് കുശലാന്വേഷണം നടത്തി. എങ്ങോട്ട് പോണെന്നു ചോദിച്ചവരോടെല്ലാം ‘സിറ്റി വരെ’ എന്ന് മാത്രം മറുപടി പറഞ്ഞു.
സമയം എട്ട് അമ്പത്തഞ്ചു കഴിഞ്ഞപ്പോഴാണ് ബസെത്തിയത്. ബസിലേക്കു കയറുന്നതിനിടയില്‍ അയാള്‍ ഒരിക്കല്‍ കൂടി പട്ടിയെ നോക്കി. അത് യാത്രയയപ്പു നല്കുന്ന മട്ടില്‍ വാല് ചലിപ്പിച്ചു കൊണ്ടിരുന്നു. ബസില്‍ ഡബിള്‍ബെല്‍ മുഴങ്ങി.
കല്ലിയോട്-നെടുമങ്ങാട്-കരകുളം-പേരൂര്‍ക്കട-വെള്ളയമ്പലം- പാളയം വഴി ആ കെ.എസ്.ആര്.ടി.സി ബസ് സെക്രട്ടറിയേറ്റ് നടയിലെത്തിയപ്പോള്‍ സുധാകരന് അവിടെ ഇറങ്ങി. പലവിധ സമരപ്പന്തലുകള്‍ നിറഞ്ഞ, തറയോട് പാകിയ നടപ്പാതയിലൂടെ നടക്കുന്നതിനിടയില്‍, പച്ചച്ചായമടിച്ച കാസ്റ്റ് അയണ്‍ അഴികള്‍ക്കിടയിലൂടെ, സെക്രട്ടറിയേറ്റ് വളപ്പില്‍ നില്ക്കുന്ന വേലുത്തമ്പി പ്രതിമയെ അയാള്‍ കുറേ നേരം നോക്കി നിന്നു.പിന്നെ വീണ്ടും തിരിഞ്ഞു നടന്ന്, സമരപ്പന്തലുകള്ക്കിടയിലെവിടെയെങ്കിലും ഒരല്പം ഇടം ഒഴിവുണ്ടോ എന്ന് തിരയാന്‍ തുടങ്ങി.
നടപ്പാതയിലെ സമരപ്പന്തലുകള്ക്കിടയില് സ്ഥലം തേടി സുധാകരന്റെ കണ്ണുകള്‍ ഉഴറുമ്പോള്‍, സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റ് കടന്ന അനില്‍ കൃഷ്ണന്റെ ചുവന്ന സ്വിഫ്റ്റ് കാര്‍ സെക്രട്ടറിയേറ്റ് വളപ്പിലൂടെ കടന്ന് സൗത്ത് ബ്ലോക്കിനു സമീപം വന്നു നിന്നു. കാറില്‍ നിന്നു പുറത്തിറങ്ങിയ അനില്‍ കൃഷ്ണന്, ധൃതിയില്‍, ഡോര്‍ വലിച്ചടച്ച് പഞ്ചിംഗ് മെഷീന് ലക്ഷ്യമാക്കി കുതിച്ചു. അനില്‍ കൃഷ്ണന് പഞ്ചിംഗ് മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ പാഞ്ഞുകൊണ്ടിരിക്കേ, സെക്രട്ടറിയേറ്റുനടയില്‍ വന്നുനിന്ന ‘ഉണ്ണികൃഷ്ണന്’ എന്ന സ്വകാര്യ ബസില്‍ നിന്ന് ജിനി പുറത്തിറങ്ങി. അവള് റോഡ് മുറിച്ചുകടന്ന് ജനറല്‍ ഹോസ്പിറ്റല്‍ റോഡിലുള്ള ‘റോഷ്നി ടെക്സ്റ്റയില്‍സി’ലേക്ക് തിടുക്കത്തില്‍ നടന്നു. അപ്പോള്‍, പണം തരാനുള്ള പരസ്യദാതാക്കളെത്തേടി, Press എന്ന ലേബലൊട്ടിച്ച തന്റെ പഴയ സ്പ്ലെന്‍ഡര്‍ ബൈക്കില്‍ രാജാജി നഗര്‍ റോഡിലൂടെ പാഞ്ഞുവരികയായിരുന്നു നരിപ്പാറ രതീഷ്. അയാള്‍ സെക്രട്ടറിയേറ്റിന്റെ സൗത്ത് ഗേറ്റിനടുത്തെത്തിയപ്പോള്‍, കന്റോണ്‍മെന്റ് സ്റ്റേഷനു മുന്നിലായി നീല നിറത്തിലുള്ള വലിയ പോലീസ് വാന്‍ വന്നു നിന്നു. ആംഡ് റിസര്‍വ് പോലീസ് ക്യാമ്പില്‍നിന്നും സ്ട്രൈക്കര്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പോലീസുകാര്‍ വാനില്‍നിന്ന് ചറപറാ ചാടിയിറങ്ങി. ഡോ: സുജിത്തും അക്കൂട്ടത്തിലുണ്ടായിരുന്നു. അപ്പോള്‍, സെക്രട്ടറിയേറ്റ് ഗോപുരത്തിലെ ഘടികാരത്തിലെ വലിയ സൂചി നാലിനും അഞ്ചിനുമിടയിലും ചെറിയ സൂചി പത്തിനും പതിനൊന്നിനും ഇടയിലുമായിരുന്നു.
വാഹനങ്ങളുടെ നിലയ്ക്കാത്ത ഇരമ്പങ്ങള്‍, ഹോണടികള്‍, നിരത്തിലൂടെ തലങ്ങും വിലങ്ങും പരക്കം പായുന്ന മനുഷ്യര്‍, മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യം വിളികള്‍, പ്രലോഭനത്തിന്റെ കടക്കണ്ണെറിഞ്ഞ് വാതായനങ്ങള്‍ തുറന്നിട്ട വ്യാപാരസമുച്ചയങ്ങള്‍… അങ്ങനെയങ്ങനെയങ്ങനെ, പ്രഭാതത്തിന്റെ ആലസ്യങ്ങളെല്ലാം വിട്ടകന്ന് പുതു ദിനത്തിന്റെ ചടുലവേഗങ്ങളിലേക്ക് നീങ്ങിത്തുടങ്ങുകയായിരുന്നു തലസ്ഥാന നഗരം.

1 Comment
ഹൃദ്യമായ വായനാനുഭവം..