
സ്റ്റ്യാചു ജംഗ്ഷന് – IX

പ്രശാന്ത് ചിന്മയന്
- കേദാരം ലോഡ്ജ്
സെക്രട്ടറിയേറ്റിന്റെ വടക്കേ ഗേറ്റ് ജംഗ്ഷനില്‍ നിന്ന് വാന്റോസ് ജംഗ്ഷനിലേക്കു പോകുന്ന ഇടറോഡായ പുന്നന്റോഡില്, നബാര്‍ഡിന്റെ സ്ഫടികസൗധത്തിനെതിര്വശത്തുള്ള ചെറിയ മുടുക്കിനകത്ത് കാണുന്ന പഴയ ഇരുനില കെട്ടിടമാണ് കേദാരം ലോഡ്ജ്. കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഉരുളന്‍ തൂണുകളും, രണ്ടാം നിലയുടെ മേല്‍ക്കൂരയില്‍ പാകിയിരിക്കുന്ന പായല്‍ പിടിച്ചു കറുത്ത ഓടുകളും, നരച്ചുതുടങ്ങിയ മഞ്ഞ പെയ്ന്റടിച്ച ആദ്യ നിലയുടെ മുകള്‍ ഭാഗത്തായി മങ്ങിയ കറുത്ത നിറത്തില്‍ ‘കേദാരം ലോഡ്ജ്’ എന്ന വലിയ അക്ഷരത്തിലുള്ള എഴുത്തുമൊക്കെ കാണുന്ന ആര്‍ക്കും ആ കെട്ടിടത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടും. കൃത്യമായിപ്പറഞ്ഞാല്‍ 1954 ജൂലൈ മാസം 10 നാണ് അത് സ്ഥാപിതമായത്. അന്നത്തെ പട്ടം താണുപിള്ള മന്ത്രിസഭയില്‍ ധനകാര്യ – റവന്യൂ മന്ത്രിയായിരുന്ന പി.എസ് നടരാജ പിള്ള നിലവിളക്കു കൊളുത്തി ലോഡ്ജിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിന്റെ ചില്ലിട്ട മങ്ങിയ ചിത്രം, ലോഡ്ജിന്റെ സ്വീകരണമുറിയിലെ ഭിത്തിയില്‍ ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട്.
ഇപ്പോള്‍ പ്രൗഢിയും പ്രതാപവുമൊക്കെ മങ്ങി, ഏതു നിമിഷവും മരണദൂതനായി വന്നേക്കാവുന്ന ഒരു ബുള്‍ഡോസറിന്റെ പാദപതനവും കാതോര്‍ത്തു നില്ക്കുന്ന ഈ വന്ദ്യവയോധികസത്രം ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിശ്ചയിച്ചിരുന്ന തന്ത്രപ്രധാന ഇടങ്ങളില്‍ ഒന്നായിരുന്നു. സെക്രട്ടറിയേറ്റിലെ ഫയലുകളുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിച്ചിരുന്ന ബാഹ്യനിയന്ത്രകശക്തികളുടെ ആസ്ഥാനമെന്ന ഖ്യാതി സ്വന്തമാക്കിയിരുന്ന കേദാരത്തില് കയറിയിറങ്ങാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും കുറവായിരുന്നു. പണത്തിന്റെയും പെണ്ണിന്റെയും മദ്യത്തിന്റെയും ഗന്ധം നിറഞ്ഞതായിരുന്നു കേദാരത്തിന്റെ മുറികളും ഇടനാഴികളും. പണ്ട്, സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടന്ന് വിശപ്പു സഹിക്കാന്‍ കഴിയാതെ വലഞ്ഞ ഒരു യുവഗാന്ധിയന്, പാത്തും പതുങ്ങിയും പാതിരാത്രിയില്‍ കേദാരത്തിലെത്തി ആര്‍ത്തിയോടെ ഒരു ഏത്തപ്പഴം തൊലിയുരിച്ച് വായിലേക്കു വച്ചതും എവിടെയോ ഒരു ഫ്ളാഷ് മിന്നി! പിറ്റേ ദിവസം, തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിന്റെ ഒന്നാം പേജില്‍, അര്‍ദ്ധരാത്രിയില്‍ ഏത്തപ്പഴം കഴിക്കുന്ന നിരാഹാരക്കാരന്റെ ചിത്രം അച്ചടിച്ചുവന്നത് വലിയ കോലാഹലങ്ങള്‍ക്കു വഴിവച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഈ യുവനിരാഹാരി കേരള മുഖ്യമന്ത്രിയായി എന്നതു ചരിത്രസത്യം!

കാലത്തിന്റെ അതിവേഗ ചലനത്തില്‍ നഗരത്തിന്റെ കോലങ്ങളെല്ലാം മാറി. പങ്കജും ചിരാഗ് ഇന്നും സൗത്ത് പാര്‍ക്കും മൗര്യയും റസിഡന്സിടവറും പോലെയുള്ള ബഹുനില ഹോട്ടലുകള്‍ നക്ഷത്ര ശോഭയോടെ തലയുയര്‍ത്തിയപ്പോള്‍, സമ്പന്നമായ ഭൂതകാലത്തെ അയവിറക്കി നെടുവീര്‍പ്പിട്ടു നില്‍ക്കാനേ കേദാരത്തിനായുള്ളൂ. പാത്രക്കടകളും സ്വര്‍ണക്കടകളും ജൗളി വ്യാപാരവുമൊക്കെയായി സമ്പാദ്യം കുന്നുകൂട്ടുന്നതിനിടയില് കേദാരത്തിനെ കാലാനുസൃതമായി പരിഷ്കരിക്കാനുള്ള നേരമൊന്നും ഉടമയായ നാരായണന് തമ്പിക്ക് കിട്ടിയില്ല. തമ്പിയുടെ കാലശേഷം മകന് പത്മലോചനന്റെ പേരിലായി ലോഡ്ജ്. ലോഡ്ജ് പൊളിച്ചുമാറ്റി അവിടൊരു ഫ്ളാറ്റ് പണിയണമെന്ന് അദ്ദേഹത്തിന്റെ എം ബി എക്കാരായ മക്കള്‍ കുറേക്കാലമായി നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും തന്റെ അച്ഛന്റെ സ്മാരകം പോലെ നില്ക്കുന്ന ആ ലോഡ്ജ് ഇടിച്ചു നിരത്താന്‍ പത്മലോചനന് ഇതുവരെ സമ്മതം മൂളിയിട്ടില്ല. പക്ഷേ,തന്റെ കാലശേഷം ആ സ്മാരകം നാമാവശേഷമായിത്തീരുമെന്ന കാര്യത്തില്‍ അയാള്‍ക്കു സംശയമൊന്നുമില്ല താനും.
മാനേജരായിരുന്ന അനന്തകൃഷ്ണന് നായരായിരുന്നു ലോഡ്ജിന്റെ എല്ലാക്കാര്യങ്ങളും നോക്കിനടത്തിയിരുന്നത്. അയാള്‍ കിടപ്പിലായതോടെ മകന് സുരേന്ദ്രനാഥന്‍ അച്ഛന്റെ സ്ഥാനം ഏറ്റെടുത്തു. പത്മലോചനനും മക്കളും വല്ലപ്പോഴുമേ അവിടെ വരാറുള്ളൂ. അതുകൊണ്ടുതന്നെ ഒരു ‘ഉടമസ്ഥ’മനോഭാവത്തിലാണ് സുരേന്ദ്രനാഥന്‍ ലോഡ്ജിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
രണ്ടുനിലകളിലുമായി ആകെ പതിനഞ്ചു മുറികളാണ് കേദാരത്തിലുള്ളത്. ഇതില്‍ സ്ഥിരം അന്തേവാസികളെന്നു പറയാന്‍ ആരുമില്ല. പലപ്പോഴും പകുതിയിലേറെ മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ് പതിവ്.ഒരുപാടു പേര് ഒരുമിച്ചെഴുതുന്ന മത്സരപ്പരീക്ഷകള്, ആറ്റുകാല്‍ പൊങ്കാല, മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ കൂടി പങ്കെടുക്കുന്ന ചില സമരപരിപാടികള്‍, തെരഞ്ഞെടുപ്പ് പ്രചരണ ദിവസങ്ങള്‍ എന്നിങ്ങനെ ജനബാഹുല്യം നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന ചുരുക്കം ചില ദിവസങ്ങളിലാണ് കേദാരം ‘ഹൗസ് ഫുള്‍’ ആകുന്നത്. പക്ഷേ, എല്ലാമാസവും മൂന്നാം തീയതി – അതൊരു പൊതു അവധി ദിവസമാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം – കേദാരത്തിന്റെ രണ്ടാം നിലയിലെ പന്ത്രണ്ടാം നമ്പര്‍ മുറിയില്‍ വൈകുന്നേരം അഞ്ചര മണി മുതല്‍ എട്ടര മണി വരെ ആളനക്കം ഉണ്ടായിരിക്കുമെന്ന കാര്യം ഉറപ്പാണ്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരായ അനില്‍കൃഷ്ണന്‍, മനോജ്, ഗിരീഷ്, പ്രസാദ് എന്നീ നാല്‍വര്‍ സംഘമാണ് ഒരനുഷ്ഠാനം പോലെ ആ ദിവസത്തെ കേദാരസന്ധ്യയെ ചടുലമാക്കാന്‍ എത്തുന്ന അതിഥികള്‍. ഇരുപത്തിയൊന്നു വര്‍ഷമായി മുടങ്ങാതെ നടന്നുവരുന്ന ചടങ്ങാണത്.
1998-ല്‍ അവര്‍ നാലുപേരും ഒരുമിച്ച് ഒരേദിവസമാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്.ജോയിന്‍ ചെയ്തത് പൊതുഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സുന്ദരേശന് നായര്‍ക്കു മുന്നില്‍. രേഖകള്‍ പരിശോധിച്ച ശേഷം സുന്ദരേശന് നായരുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ പുഞ്ചിരി ഇന്നും അവര്‍ക്കോര്‍മ്മയുണ്ട്. പച്ചക്കരയുള്ള വെളുത്ത ടര്‍ക്കി ടൗവല്‍ വിരിച്ച കസേരയിലേക്ക് ചാരിക്കിടന്ന് ആത്മഗതമെന്നോണം അയാള്‍ സാഭിമാനം പറഞ്ഞു:
”എല്ലാവരും നായരാണല്ലേ!”
പിന്നെ പതിയെ മേശയിലേക്ക് ഉടല് ചായ്ച് പതിഞ്ഞ സ്വരത്തില്‍ പരിഭവപ്പെട്ടു:
”കുറച്ചു കാലമായി കൂടുതലും വരുന്നത് നാടേഴ്സാ.”
കടുത്ത നായര്‍ സ്നേഹിയായ ആ ഉന്നതോദ്യോഗസ്ഥന്റെ വാത്സല്യഭാജനങ്ങളാകാന് ഭാഗ്യം സിദ്ധിച്ച നാലുപേരും ഒരു മാസത്തെ സേവനത്തിനു ശേഷം കന്നിശമ്പളം കയ്യില്‍ വാങ്ങിയപ്പോള്‍, തങ്ങളുടെ രക്ഷാകര്‍തൃസ്ഥാനത്ത് സ്വയം അവരോധിതനായ സുന്ദരേശന് സാറിന് ഉചിതമായ സല്‍ക്കാരം തന്നെ നല്‍കണമെന്ന് ഉറപ്പിച്ചു. മസ്കറ്റ്, സൗത്ത് പാര്‍ക്ക്, പങ്കജ്:… എന്നിങ്ങനെ നഗരത്തിലെ മുന്തിയ ഹോട്ടലുകളുടെ പട്ടിക സുന്ദരേശന് നായര്‍ സമക്ഷം വാമൊഴിയായി സമര്‍പ്പിച്ച് അതില്‍നിന്ന് സാറിനിഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള അവസരവും നല്കി ശിഷ്യര്‍ വിനയാന്വിതരായി നിന്നു. പക്ഷേ അവരെ അതിശയിപ്പിച്ചു കൊണ്ടു സാര്‍ പറഞ്ഞു:
”ഇവിടേക്കെ കൊണ്ടുപോയി ചുമ്മാചക്രം വേസ്റ്റാക്കണതെന്തിന്? നമുക്കാ കേദാരത്തിലോട്ടു പോകാം. അവിടാവുമ്പം കൊറേ നേരം സ്വസ്ഥമായിട്ട് വല്ലോം മിണ്ടീം പറഞ്ഞും ഇരിക്കേം ചെയ്യാം.പിന്നെ കഴിക്കാനും കുടിക്കാനുമുള്ളത് വെളീന്ന് വാങ്ങിക്കണമെന്നേ ഉള്ളൂ. കഴിക്കാന്‍ കേത്തലിന്റെ ചിക്കനും ചപ്പാത്തീം, ബുഹാരീലെ പുട്ടും മട്ടന്‍ കറീം മതി. പിന്നെ പഞ്ചമീന്ന് രണ്ട് ഫുള്ളുമെടുത്തോ…. മതി.ധാരാളം.”
അന്നുമുതല്‍ തുടങ്ങിയതാണ് അവരുടെ കേദാരബന്ധം. ഒന്നാം തീയതി ശമ്പളം കിട്ടിയാല്‍ മൂന്നാം തീയതി വൈകിട്ട് അഞ്ചരയ്ക്ക് അവര്‍ നാലു പേരും കേദാരത്തിലെ പന്ത്രണ്ടാം നമ്പര്‍ മുറിയില്‍ ഹാജരായിരിക്കും. അവരുടെ ആദ്യആഘോഷകൂടിച്ചേരല് നടന്നതും ജീവിതത്തിലാദ്യമായി മദ്യത്തിന്റെ രുചി അറിഞ്ഞതുമെല്ലാം പന്ത്രണ്ടാം നമ്പര്‍ മുറിയിലായിരുന്നതുകൊണ്ട് മധുരിക്കുന്ന ആ ഓര്‍മ്മ നിലനിര്‍ത്താനാണ് അവരിപ്പോഴും ആ മുറി തന്നെ തെരഞ്ഞെടുക്കുന്നത്. ഈ ദിവസം എത്ര ആവശ്യക്കാര്‍ വന്നാലും മാനേജര്‍ സുരേന്ദ്രനാഥന്‍ ഈ റൂം വേറെ ആര്‍ക്കും കൊടുക്കാറില്ല.
അങ്ങനെ ഈമാസത്തെ ഒത്തുചേരല്ചടങ്ങിനുവേണ്ടി അനില്‍ കൃഷ്ണനും മനോജും ഗിരീഷും പ്രസാദും കൃത്യം അഞ്ചര മണിക്കുതന്നെ കേദാരത്തിലെ പന്ത്രണ്ടാംനമ്പര്‍ റൂമിലെത്തി. സുരേന്ദ്രനാഥന്‍ ഉച്ചയ്ക്കുമുമ്പുതന്നെ റൂംബോയിയെക്കൊണ്ട് മുറി തൂത്തുവൃത്തിയാക്കി, കിടക്ക വിരിയും മാറ്റി, കൂജയില്‍ വെള്ളവും നിറച്ചു വയ്പിച്ചിരുന്നു.
തുരുമ്പെടുത്തു തുടങ്ങിയ ശീമപ്പൂട്ട് തുറന്ന് നാലുപേരും റൂമിനുള്ളില്‍ പ്രവേശിച്ചു. എല്ലാവരും അവരവരുടെ കൈകളിലുണ്ടായിരുന്ന ബാഗുകള്‍ കട്ടിലിലേക്കും മേശപ്പുറത്തേക്കും വലിച്ചെറിഞ്ഞു.
അനില്‍കൃഷ്ണന്‍, റൂമിന്റെ തെക്കുഭാഗത്തുള്ള ജനല്‍പ്പാളി തുറന്നു. സന്ധ്യയുടെ മങ്ങിയ വെട്ടത്തോടൊപ്പം, ലോഡ്ജിനോടു ചേര്‍ന്നുനിന്ന കൂറ്റന്‍ വേപ്പുമരത്തില്നിന്നുള്ള ഇളംകാറ്റും മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി. എല്ലാവരും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത് കട്ടിലിലേക്കെറിഞ്ഞു. സെക്രട്ടറിയേറ്റിലെ വലിയ ‘കൊണാണ്ടര്‍മാര്‍’ എന്ന വിശേഷണങ്ങളില്‍ നിന്ന് വെറും പച്ചമനുഷ്യര്‍ എന്ന നിലയിലേക്കുള്ള പടം പൊഴിക്കല്‍ പോലെ പ്രസാദ് തന്റെ ഇളം പച്ച ഷര്‍ട്ടൂരി ചുമരിലെ കൊളുത്തില്‍ തൂക്കി. അയാളുടെ ശരീരത്തോട് വിയര്ത്തൊട്ടിക്കിടന്ന കൈയില്ലാത്ത വെളുത്ത ബനിയനിനുള്ളില്‍ ഉരുണ്ടുകളിക്കുകയാണ് മൂന്നു ഗോളങ്ങള്‍! നെഞ്ചിലെ രണ്ടു ചെറിയ ഗോളങ്ങളും അതിനു താഴെയുള്ള ഒരു വലിയ ഗോളവും! മനോജിന് ചിരി വന്നു.
”അളിയാ, നീയിപ്പം നടക്കാനൊന്നും പോണില്ലേ? ആകെയൊരു ‘അമ്മിണി’പ്പിളള ലുക്കായല്ല്!”
എല്ലാവരും ചിരിച്ചു.
”ഡേയ്, ഇതു നീ വിചാരിക്കുമ്പോലെ ചളുപിളാ ബോഡിയൊന്നുമല്ല. നല്ല ഉരുക്കാണ്.”
അയാള്‍ ശ്വാസം ഉള്ളിലേക്കെടുത്ത് നെഞ്ചുവിരിച്ച്, കൈകള്‍ മുറുക്കിയുയര്ത്തി ബോഡി ബില്ഡറെപ്പോലെ നിന്നു.
”നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.”
കട്ടിലില്‍ കിടക്കുന്ന തന്റെ കറുത്ത ബാഗിന്റെ വലിയ അറയുടെ സിപ് വലിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു. അയാള്‍ അറയ്ക്കുള്ളില്‍ കൈയിട്ട്, കൈ പുറത്തെടുത്തപ്പോള്‍ കയ്യിലൊരു ‘അരിസ്റ്റോക്രാറ്റ്’ വിസ്കിബോട്ടില്! അനില്‍കൃഷ്ണന്‍ മേശപ്പുറത്ത് ഗ്ലാസുകള്‍ നിരത്തി.

”പ്രസാദേ, നീ നമ്മളെ മുമ്പില്‍ എയറ് പിടിച്ച് വലിയ ഫിറ്റ്നസൊന്നും കാണിക്കണ്ട. അതൊക്കെ കാണിക്കേണ്ട സ്ഥലത്ത് കാണിച്ചാ മതി.” റൂമിന്റെ വാതില്‍ അടച്ച് കുറ്റിയിട്ടു കൊണ്ട് മനോജ് പറഞ്ഞു.അതു കേട്ടതും ഒരിളിഭ്യച്ചിരിയോടെ പ്രസാദ് ശ്വാസം പുറത്തേക്കു വിട്ടു. ഗോളങ്ങള്‍ വീണ്ടും വീര്‍ത്തു വന്നു.
”ടേയ്, ഇതും വച്ചോണ്ട് വല്ലതും നടക്കണൊണ്ടാ?” പ്രസാദിനു നേര്‍ക്ക് അശ്ലീല മുനയുള്ള ചോദ്യമെറിഞ്ഞത് ഗിരീഷാണ്. അയാള്‍ ‘അരിസ്റ്റോക്രാറ്റി’നെ ഒന്നുകുലുക്കി അടപ്പു തുറന്നു. മേശയ്ക്കു മുന്നിലിട്ടിരുന്ന പഴയ തടിക്കസേരകളില്‍ അനില്കൃഷ്ണനും പ്രസാദുമിരുന്നു. ഗിരീഷിനൊപ്പം കട്ടിലിലിരുന്ന മനോജ് തന്റെ ബാഗ് തുറന്ന് ഭക്ഷണപ്പൊതികള്‍ പുറത്തെടുത്തു.
”അതൊക്കെ നിങ്ങളെ തെറ്റിദ്ധാരണയാണ്. കാരിരുമ്പിന്റെ ബോഡിയുണ്ടായിട്ടൊന്നും വലിയ കാര്യമില്ല. പെര്‍ഫോമന്‍സ് നന്നാവണമെങ്കില്‍ അതിനു വേണ്ട സാധനങ്ങള്‍ ഉള്ളില്‍ ചെല്ലണം. പ്രത്യേകിച്ചും നമ്മളെപ്പോലെ അമ്പതു കഴിഞ്ഞവര്‍ക്ക്.”
ആധികാരികസ്വരത്തില്‍ പ്രസാദ് അതു പറഞ്ഞപ്പോള്‍ അനില്‍കൃഷ്ണന്‍ ആകാംക്ഷാഭരിതനായി
”അതെന്തോന്ന് സാധനം? വയാഗ്രേ?”
”അയ്യേ! വയാഗ്രേം കിയാഗ്രേം ഒന്നുമല്ല. ഒരു പിടി കപ്പലണ്ടി, ഒരര ഗ്ലാസ് തേന്‍, കുറച്ച് ഇഞ്ചിനീര്… ഇതെല്ലാം കൂടി മിക്സിയിലിട്ട് ഒരടിയടിച്ച് എന്നും വെറും വയറ്റില്‍ കുടിച്ചുനോക്ക്. സംഗതി എപ്പം ജ്യൂട്ടായെന്നു ചോദിച്ചാ മതി.”
വീട്ടില്‍ സ്വയം തയ്യാറാക്കാവുന്ന വാജീകരണൗഷധത്തിന്റെ ‘പാചകവിധി’ അനില്‍ കൃഷ്ണന് വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. പക്ഷേ, പ്രസാദിന്റെ ഒറ്റമൂലിയോട് മനോജ് ശക്തമായി വിയോജിച്ചു.
”ചുമ്മാ തള്ളാതെടേയ്. ഇത് കുടിച്ചെന്നും പറഞ്ഞ് ഒരു പുല്ലും നടക്കാന്‍ പോണില്ല. കാര്യം നടക്കണോങ്കി വല്ല ‘അശ്വഗന്ധ’യോ ‘മുസരീസ് പവറോ’ നോക്ക്.”
അങ്ങനെ ഈ മാസത്തെ കൂടിച്ചേരലിലെ ആദ്യ സംവാദവിഷയം രൂപപ്പെട്ടു.അനന്ത സാധ്യതകളുള്ള വിഷയമായതിനാല്‍ പല വിധ വഴികളിലൂടെ അത് സഞ്ചരിച്ചു. ഓഫീസിലെ ചിലരുടെ വഴിവിട്ട ബന്ധങ്ങള്‍, ചില വശപ്പിശകു ജീവനക്കാരികള്‍ ഹോളിഡേ ഡ്യൂട്ടിക്കെത്തുമ്പോള്‍ ഓഫീസിലെ അലമാരകള്‍ കുലുങ്ങുന്നതെന്തുകൊണ്ട്?, യൂണിയന് നേതാവ് നടത്തിയ കന്യാകുമാരി യാത്രയില്‍ കൂട്ടുപോയ വനിതയാര്?, പൊതുഭരണ വകുപ്പിലെ സ്നേഹലത മാഡത്തിന്റെ രണ്ടാമത്തെ കുട്ടി പൊതുമരാമത്തു വകുപ്പിലെ ആന്റണി സാറിന്റെതാണെന്നു ചിലര്‍ കുശുകുശുക്കുന്നതില് എന്തെങ്കിലും വാസ്തവമുണ്ടോ? ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി നിര്മ്മലാപുരുഷോത്തമന് വാട്ട്സ്ആപ്പില്‍ പ്രണയ സന്ദേശമയച്ച ഐ.എ.എസുകാരനാര്?, വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന കമ്പിക്കഥകള്‍, രാഷ്ട്രീയക്കാരുടേയും സിനിമാക്കാരുടേയും സീരിയല്കാരുടേയുമൊക്കെ ഇക്കിളിപ്പെടുത്തുന്ന സ്വകാര്യതകളെക്കുറിച്ച് തങ്ങള്‍ക്കു ലഭ്യമായ വിവരങ്ങളുടെ ആവേശകരമായ പങ്കുവയ്ക്കല്‍ എന്നിവയിലൂടെ സംവാദത്തിന്റെ ഒന്നാം ഖണ്ഡം അവര്‍ അവസാനിപ്പിച്ചു. അപ്പോള്‍ ‘അരിസ്റ്റോക്രാറ്റി’ന്റെ പകുതിയും, കേത്തല്‍ ചിക്കനും ചപ്പാത്തിയും പൂര്‍ണമായും തീര്‍ന്നിരുന്നു.
”അനിലേ, ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയോ?”
‘ബുഹാരി’യിലെ മട്ടന്‍ കറി പാഴ്സല്‍ പൊട്ടിച്ചു കൊണ്ട് മനോജ് ചോദിച്ചു.”
”അതെന്ത് മനോജേ അങ്ങനെ?”
മട്ടന്റെ മണം മൂക്കിലേക്കാവാഹിച്ചു കൊണ്ട് അനില്‍കൃഷ്ണന്‍ ചോദിച്ചു.
”അല്ല… എനിക്കു ചോദിക്കേണ്ട കാര്യമൊന്നുമില്ല. എങ്കിലും ഒരു സംഘടനാ പ്രവര്‍ത്തകനെന്ന നിലയിലും നമ്മള് തമ്മിലുള്ള ഇരിപ്പുവശവും വച്ച് ചോദിക്കണതാണ്.”
”നീ വളച്ചുകെട്ടാതെ ചോദിക്ക്.”
”വേറെയൊന്നുമല്ല. കഴിഞ്ഞ ഇലക്ഷന് നീ ആര്‍ക്കാണ് വോട്ടു ചെയ്തത് ?”
ആ ചോദ്യം കേട്ട് ഇടതുസംഘടനയില്‍ അംഗമായ അനില്കൃഷ്ണന്റെയുള്ളില് ഇടിമുഴക്കത്തോടെയൊരു ‘ദേശീയപുഷ്പം’ വിടര്‍ന്നു. ഇപ്പോ പിടിക്കപ്പെടും ഇപ്പോ പിടിക്കപ്പെടും എന്ന ആശങ്കയില്‍ നില്ക്കുന്ന കള്ളനെപ്പോലെ അയാളുടെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകി.
”മനോജേ, അതെന്തോന്നു ചോദ്യം?അനില്‍ ഇടതു യൂണിയനിലല്ലേ?”
ഗിരീഷ് ഇടപെട്ടു.
”അതെ. പക്ഷേ, പോസ്റ്റല്‍ വോട്ട് സംഘടന കളക്ട് ചെയ്തപ്പോ അതു തരാതെ അനില്‍ നേരിട്ട് കളക്ടറേറ്റില്‍ കൊണ്ടിട്ടെന്നാ പറയണത്. വോട്ട് മാറ്റി ചെയ്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നൊരാരോപണം സംഘടനയ്ക്കകത്തുണ്ട്.അതാ ഞാന്‍ ചോദിച്ചത്.”
മനോജ് വിശദീകരിച്ചു.
”അതു പിന്നെ… എനിക്ക് കളക്ടറേറ്റില്‍ പോകേണ്ട ഒരു കാര്യമുണ്ടായിരുന്നു. അപ്പോ ഞാന്‍ ബാലറ്റ് അവിടെ ഇട്ടു. അത്രേയുള്ളൂ. അതിനെ ഇങ്ങനെ തെറ്റിദ്ധരിച്ചാല്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും?”
ഉള്ളിലുയര്‍ന്ന ഭയത്തിന്റെ ശരണം വിളികളെ സമര്‍ത്ഥമായി ഒളിപ്പിച്ച്, വളരെ വിശ്വസനീയമായ രീതിയില്‍ അനില്‍കൃഷ്ണന്‍ തന്റെ ഭാഗം വിശദീകരിച്ചു.
”കൂടെ നിക്കണവരെപ്പോലും ഇങ്ങനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ല മനോജേ.”
അല്പം ‘അരിസ്റ്റോക്രാറ്റ്’ ഗ്ലാസിലേക്കു പകര്‍ന്നുകൊണ്ട് ഗിരീഷ് അനില്‍ കൃഷ്ണന്റെ രക്ഷകനായി.
”ഗിരീഷേ, നീ എന്നുമുതലാണ് ഇടതുസംഘടനയില്‍ വന്നതെന്ന് എനിക്കറിയാം. കഴിഞ്ഞ ഭരണത്തില്‍ നീ മറ്റവന്മാരുടെ കൂടെ അല്ലായിരുന്നോ?”
ഒരിറക്കു മദ്യം നുകര്‍ന്നുകൊണ്ട് ഒരു പരിഹാസച്ചിരിയോടെയാണ് മനോജ് അതു ചോദിച്ചത്. ചോദ്യം കേട്ട ഗിരീഷ് കൂജയില്‍ നിന്ന് അല്പം വെള്ളമെടുത്ത് മദ്യമിരുന്ന ഗ്ലാസിലേക്കൊഴിച്ച്, ഒറ്റ വലിക്ക് കുടിച്ച്, ചിറി തുടച്ചു:
”അതെ. ആയിരുന്നു… മനോജേ, നിന്നെപ്പോലെ വലിയ പാര്‍ട്ടി സ്നേഹമുള്ളതുകൊണ്ടൊന്നുമല്ല എന്നെപ്പോലെയുള്ളവര്‍ സംഘടനയില്‍ നിക്കണത്. നമുക്ക് ട്രാന്‍സ്ഫര്‍ വരരുത്, സൗകര്യമുള്ള സീറ്റ് കിട്ടണം.അത്രയേ ഉള്ളൂ.”
”അങ്ങനെയുള്ളവരെയാണ് അപ്പം കാണണവനെ അപ്പാ എന്നു വിളിക്കണവന് എന്നു പറയുന്നത്.”
മട്ടനും പുട്ടും കൂടി കൂട്ടിക്കുഴച്ചുകൊണ്ടു പ്രസാദ് അത് പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു. ക്രമേണ അവരുടെ സംഭാഷണ വിഷയം രാഷ്ട്രീയം എന്ന രണ്ടാം ഖണ്ഡത്തിലേക്കു കടന്നു. സംഘടനയിലെ ചേരിതിരിവുകള്‍, വിഭാഗിയതയുടെ പേരില്‍ സ്വന്തം സംഘടനയിലുളളവനെതിരെ ഊമക്കത്ത് എഴുതിയതാര്?, എതിര് സംഘടനയില്പെട്ട വനിതാ നേതാവിന്റെ ഫ്ളാസ്കില്‍ മൂത്രമൊഴിച്ചു വച്ചതാര്?, വിരുദ്ധ സംഘടനയിലുള്ള ഉന്നത നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ സൗഹൃദങ്ങള്‍, സഹകരണ സംഘം നടത്തിപ്പിലെ വെട്ടിപ്പ്, സംഘടനാ നേതാവിനെ വിമര്ശിച്ചവനെ ‘തേന്‍ കെണി’യില്‍ കുടുക്കി ചൊല്‍പ്പടിക്കു നിര്‍ത്തിയത് എന്നിങ്ങനെ ഓഫീസ് രാഷ്ട്രീയത്തില്‍ തുടങ്ങിയ ചര്‍ച്ച, പ്രാദേശിക രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന – ദേശീയ രാഷ്ട്രീയവും കടന്ന് ഉത്തര കൊറിയ വഴി അമേരിക്കന്‍ ഐക്യനാടുകളിലെത്തിയപ്പോള് സമയം എട്ടേ കാല്! ‘അരിസ്റ്റോക്രാറ്റും’ ഭക്ഷണപ്പൊതികളും ശൂന്യമായിക്കഴിഞ്ഞു. പ്രതിമാസകൂടിച്ചേരലിനുവേണ്ടി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന സമയം അവസാനിക്കാന്‍ ഇനി പതിനഞ്ചു മിനിട്ടു മാത്രമേ ശേഷിക്കുന്നുള്ളൂ. ഇനിയുള്ളത് അവസാന ഖണ്ഡമായ കലാപരിപാടികളാണ് – അനില്‍ കൃഷ്ണന്റെ കവിതയും മനോജിന്റെ ഗാനവും.
”അരുണോദയത്തിന്റെ നിറമേകി കവിളത്ത്
ചിരിതൂകി നിന്നൊരു കാട്ടുപൂവേ,
അറിയുമോ നീ എന്റെ പ്രണയാര്ദ്രഗീതകം
അകതാരിലൊരു മാരിവില്ലുപോലെ….’ എന്നു തുടങ്ങുന്ന ‘കാട്ടുപൂവിനൊരു പ്രണയഗീതം’ എന്ന സ്വന്തം കവിതയാണ് അനില്‍ ചൊല്ലിയത്. മനോജ് പാടിയത് ‘മധുരിക്കും ഓര്‍മകളേ …’ എന്ന ഗാനം.
അങ്ങനെ തീറ്റയും കുടിയും പരദൂഷണ ചര്‍ച്ചകളും പാട്ടുമൊക്കെയായി ഈ മാസത്തെ കേദാരസംഗമത്തിന് പരിസമാപ്തിയായി. മുറി പൂട്ടി, നാല്‍വര്‍ സംഘം ഗോവണിയിറങ്ങി ഒന്നാം നിലയിലെ റിസപ്ഷനിലേക്കു നടന്നു. അപ്പോഴേക്കും ഭാവഹാവാദികള്‍ കൊണ്ട്, പച്ച മനുഷ്യനില്‍ നിന്നും സെക്രട്ടറിയേറ്റിലെ ഉന്നതോദ്യോഗസ്ഥര്‍ എന്ന നിലയിലേക്ക് അവര്‍ പരകായപ്രവേശം നടത്തിക്കഴിഞ്ഞിരുന്നു. റിസപ്ഷനിലെത്തിയപ്പോള്‍ അവിടെ ഒരു മദ്ധ്യവയസ്കനും പളപളപ്പുള്ള ചുവന്ന പട്ടുസാരിയുടുത്ത മുല്ലപ്പൂ ചൂടിയ ഒരു സ്ത്രീയും മാനേജര്‍ സുരേന്ദ്രനാഥനോട് എന്തോ ശബ്ദം താഴ്ത്തി സംസാരിച്ചു നില്‍ക്കുകയാണ്. നാല്‍വര്‍സംഘം അടുത്തെത്തിയപ്പോള്‍ അവര്‍ പൊടുന്നനെ സംസാരം നിര്‍ത്തി. സുരേന്ദ്രനാഥന്‍ കുശലം പറഞ്ഞു കൊണ്ടു മനോജിന്റെ കയ്യില്‍ നിന്ന് വിനീതവിധേയനായി താക്കോലും കാശും വാങ്ങി.
റിസപ്ഷനു പുറത്തേക്കിറങ്ങുമ്പോള്‍ പ്രസാദ് ആ പുരുഷനേയും സ്ത്രീയേയും തിരിഞ്ഞുതിരിഞ്ഞു നോക്കി.
”അനിലേ, അവിടെ നിക്കണവരെ കണ്ടിട്ട് എന്തെങ്കിലും തോന്നുന്നോ?”
പ്രസാദ് ശബ്ദം താഴ്ത്തി ചോദിച്ചപ്പോള്‍ അനില്‍കൃഷ്ണന്‍ ഒന്നു തിരിഞ്ഞ് ഏറുകണ്ണിട്ട് ആ ‘ദമ്പതി’കളെ നോക്കി.
”എന്ത്?”
”ഇത് സെറ്റപ്പാ.”
”ഇവിടെ ഇതൊക്കെ നടക്കോ?”
”പിന്നെ നടക്കാതെ. ഇവിടാവുമ്പം സേഫാ. ആര്‍ക്കും അങ്ങനെ ഡൗട്ടടിക്കില്ല.”
അനില്‍ കൃഷ്ണന് ഒന്നുകൂടി ആ സ്ത്രീയെ മാത്രം ഉഴിഞ്ഞു നോക്കിക്കൊണ്ട് ലോഡ്ജിന്റെ മുറ്റത്തേക്കിറങ്ങി. ഉച്ഛ്വാസ വായുവില്‍ ലഹരിയുടെ മണം വമിക്കുന്നതുകൊണ്ടും ശരീരത്തിനൊരു കുഴച്ചിലുണ്ടോ എന്നു സംശയമുള്ളതുകൊണ്ടും തങ്ങളുടെ ഇരുചക്രവാഹനങ്ങളെ കേദാരത്തിന്റെ മുറ്റത്തുതന്നെ അന്തിയുറങ്ങാന്‍ വിട്ടിട്ട് അവര്‍ നാലുപേരും ഗേറ്റുകടന്ന് റോഡിലേക്കിറങ്ങി ഓട്ടോ കാത്തു നിന്നു. അപ്പോഴും അനിലിന്റെ ലഹരിചിന്തകളില് നിറഞ്ഞുനിന്നത് റിസപ്ഷനില്‍ കണ്ട ആ സ്ത്രീയും പുരുഷനുമായിരുന്നു.പ്രസാദ് പറഞ്ഞത് സത്യമായിരിക്കുമോ? അല്പനേരത്തെ കാത്തുനില്പിനൊടുവില് ഓട്ടോ എത്തി.
ഓട്ടോയിലിരുന്ന് വീട്ടിലേക്കു പോകുമ്പോഴാണ് മൊബൈല്‍ ഓഫാണല്ലോ എന്ന് അനില്‍കൃഷ്ണന്‍ ഓര്‍ത്തത്. അയാള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് മൊബൈലെടുത്ത് ഓണാക്കി. കുമിഞ്ഞുകൂടിയ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ക്കിടയില്‍ തെളിഞ്ഞു വന്ന പുതിയൊരു ഗ്രൂപ്പിലേക്ക് അയാള്‍ വിരലമര്‍ത്തി – ‘ഓര്‍മകളില്‍ ചെറുവത്തൂര്‍ യു.പി.എസ്’! ഒന്നാം ക്ലാസു മുതല്‍ ഏഴാം ക്ലാസുവരെ അയാള്‍ പഠിച്ച സ്കൂളിന്റെ പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ഗ്രൂപ്പിലേക്ക് ആരോ അയാളെയും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളകളില്‍ വീണ്ടും ബന്ധപ്പെടാന്‍ അവസരം ഒത്തുവന്നതിന്റെ ആവേശത്തില്‍ ഗ്രൂപ്പംഗങ്ങള്‍ ചാറ്റിംഗിന്റെ ചാകരയിലാണ്. അതെല്ലാം ഓടിച്ചു വായിച്ച അയാള്‍, ‘Hai I am Anilkrishnan’ എന്ന സന്ദേശം തന്റെ ഫോട്ടോയ്ക്കൊപ്പം സെന്‍ഡ് ചെയ്തുകൊണ്ട് ഗ്രൂപ്പിലേക്കുള്ള വരവറിയിച്ചശേഷം ഫേസ് ബുക്കിലേക്കു കടന്നു.രാവിലെ പോസ്റ്റ് ചെയ്ത ‘കരയരുത് മകളേ’ എന്ന കവിതയ്ക്ക് എത്ര ലൈക്കുകള്‍ കിട്ടിയെന്ന് ആകാംക്ഷയോടെ നോക്കി – അമ്പത്താറു പേര്! പക്ഷേ, അതിലൊന്ന് പരിഹാസച്ചിരിയുടെ ഇമോജിയാണ്. ആരാണതിട്ടത്? അയാള്‍ പല്ലിറുമ്മിക്കൊണ്ട് തിരഞ്ഞു.തന്റെ സെക്ഷനിലെ അസിസ്റ്റന്റായ പ്രമേഷാണ് പ്രതി. ആഹാ! അവന് അത്രയ്ക്കായോ? മേലുദ്യോഗസ്ഥരോടു ബഹുമാനമില്ലാത്ത നിഷേധി.അവന്റെ ഫയലുകള്‍ ഇനിയും തന്റെ മുന്നില്‍ വരുമല്ലോ. കൊടുക്കുന്നുണ്ട് പണി. അപ്പോഴേക്കും, വെള്ളയമ്പലം പിന്നിട്ട ഓട്ടോറിക്ഷ ശാസ്തമംഗലം പണിക്കേഴ്സ് ലെയ്നിലേക്കുള്ള ഇടവഴി കയറിത്തുടങ്ങിയിരുന്നു.