
സ്റ്റ്യാചു ജംഗ്ഷന് – VIII

പ്രശാന്ത് ചിന്മയന്
- അലച്ചില്‍
കന്റോണ്‍മെന്റ് പോലീസ്സ്റ്റേഷനു മുന്നിലെ റോഡില്‍ നടപ്പാതയോടു ചേര്‍ന്ന് നിരന്നിരിക്കുന്ന ഇരുചക്രവാഹനങ്ങള്ക്കരികില്, സ്റ്റേഷന്റെ മതില് ചാരി, കൗണ്‍സിലര്‍ വിനോദിനേയും കാത്ത് ജിനി നിന്നു. സൂര്യോദയം കഴിഞ്ഞ് കഷ്ടിച്ച് രണ്ടു മണിക്കൂര്‍ മാത്രമേ പിന്നിട്ടുള്ളുവെങ്കിലും അവളുടെ മൂക്കിനും മേല്‍ ചുണ്ടിനുമിടയില്‍ വിയര്‍പ്പു മുത്തുകള്‍ തിളങ്ങി. കൃത്യം എട്ടു മണിക്കുതന്നെ സ്റ്റേഷനുമുന്നിലെത്തണമെന്ന് രാവിലെ ആറു മണിക്കു വിനോദ് പറഞ്ഞതുകൊണ്ട് ധൃതിയില്‍ വീട്ടുജോലികളെല്ലാം ഒതുക്കി അമ്മയ്ക്കു മരുന്നും കൊടുത്ത് ഓടിപ്പിടച്ചാണ് അവള് സ്റ്റാച്യു വില്‍ ബസ്സിറങ്ങിയത്. പൊന്നാങ്ങളയോടുള്ള സ്നേഹാധിക്യമൊന്നുമല്ല, കടിഞ്ഞൂല്‍ സന്തതിയോടുള്ള അമ്മയുടെ വാത്സല്യക്കണ്ണീര്‍ കണ്ട് മനമലിഞ്ഞാണ് അവള് ജീവിതത്തില്‍ ആദ്യമായി ഒരു പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിത്തിരിച്ചത്. തലേന്ന് രാത്രിയിലെപ്പോഴോ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ലില്ലി, ‘ചെറുക്കന് വന്നില്ലേപെണ്ണേ’ എന്ന് ജിനിയെ തട്ടി വിളിച്ചു ചോദിച്ചപ്പോള്‍ അവള്‍ക്ക് നടന്നതെല്ലാം പറയേണ്ടി വന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ആ മൃതപ്രായയില് നിന്നുയര്‍ന്ന ഏങ്ങല് ശമിപ്പിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു.
”പെണ്ണേ… പോലീസുകാര്‍ എന്റെ ചെറുക്കനെ അടിച്ചു കൊല്ലും. നീ ആ കൗണ്സിലറിന്റൂടെ പറഞ്ഞ് എങ്ങനെയെങ്കിലും അവനെ വെളിയിലെറക്കണം.”
ലില്ലിയുടെ ശുഷ്കിച്ച കവിള്‍ത്തടങ്ങളിലൂടെ കണ്ണീരൊലിച്ചിറങ്ങി.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും അമ്മയുടെ തേങ്ങല്‍ അവസാനിപ്പിക്കാന്‍ ജിനിക്ക് അത് സമ്മതിക്കേണ്ടിവന്നു.
രാവിലെ സ്റ്റേഷനിലേക്കു പോകുമ്പോള്‍ ആരെയെങ്കിലും ഒപ്പം കൂട്ടണമെന്നുണ്ടായിരുന്നെങ്കിലും തല്ലിപ്പൊളിയായി നടക്കുന്ന കൂടപ്പിറപ്പിന്റെ വിശേഷം മറ്റൊരാളോടു പറയുന്നതുതന്നെ നാണക്കേടായിത്തോന്നി. പണ്ട് റൗഡികള്‍ക്കും ഗുണ്ടകള്‍ക്കും ഏറെ കുപ്രസിദ്ധി നേടിയിരുന്ന ബണ്ട്മേട് കോളനിയില്‍ ഇന്ന് ബിനുവല്ലാതെ മറ്റാരും തന്നെ അത്തരം പണികള്‍ക്കു പോകാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അവള് ഹാന്‍ഡ് ബാഗില്‍ നിന്ന് മൊബൈലെടുത്ത് നോക്കി: 8.28 Am. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കളിക്കാന്‍ വന്ന കുട്ടികളും നടക്കാന്‍ വന്ന മദ്ധ്യവയസ്കരും അന്ത്യവയസ്കരും അവളുടെ മുന്നിലൂടെ കാല്‍നടയായും ഇരുചക്രവാഹനങ്ങളിലുമൊക്കെയായി വിയര്‍പ്പൊഴുക്കിയ ഉടലുകളുമായി കടന്നു പോയ്ക്കൊണ്ടിരുന്നു. സത്യാഗ്രഹസമരത്തിന്റെ ഒന്നാംനാള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സുധാകരന് ഉറക്കച്ചടവുള്ള കണ്ണുകളോടെ വടക്കേ ഗേറ്റിനടുത്തുള്ള തട്ടുകടയില്‍ നിന്നൊരു കട്ടന്‍ കുടിക്കാന്‍ നടപ്പാതയിലൂടെ അപ്പോള്‍ ആഞ്ഞുപിടിച്ചു നടന്നു. സെക്രട്ടറിയേറ്റിനുള്ളിലേക്കും പുറത്തേക്കും വാഹനങ്ങള്‍ സഞ്ചരിച്ചു തുടങ്ങി… സുഖസുഷുപ്തിയുടെ ആലസ്യത്തില്‍ നിന്ന് നഗരം അതിന്റെ ദിനചര്യകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു.
കാത്തുനില്പ് അരമണിക്കൂര്‍ പിന്നിട്ടതില്‍ അക്ഷമയായിത്തുടങ്ങിയ ജിനി വിനോദിനെ വിളിച്ചുനോക്കാമെന്നു കരുതി മൊബൈലിന്റെ കാള്‍ ലോഗിലേക്കു വിരല്‍ പരതിയപ്പോഴാണ് ഏജീസ് ഓഫീസിന്റെ വളവുതിരിഞ്ഞ് വിനോദിന്റെ യമഹയുടെ വരവ്.സദാ തിരക്കുള്ള ഒരു ജനസേവകന്റെ എല്ലാ പിടുപിടുപ്പും മുഖത്ത് പ്രകടമാക്കിക്കൊണ്ട് ആ ധവളവസ്ത്രധാരി ജിനിയുടെ സവിധത്തിലേക്ക് യമഹയുടെ ഹാന്‍ഡില്‍ തിരിച്ചു.
”നേരത്തേ വന്നാ?”
വണ്ടി പാര്‍ക്ക് ചെയ്യാനുള്ള ഇടം തിരഞ്ഞുകൊണ്ട് വിനോദ് ചോദിച്ചു.
”ഒരരമണിക്കൂറായിക്കാണും.”
കാത്തുനില്‍ക്കേണ്ടി വന്നതിന്റെ നീരസം ഒട്ടും പ്രകടമാക്കാതെ ഒരു ചെറു ചിരിയോടെ ജിനി പറഞ്ഞു.
”കവിതാ ഗാര്‍ഡന്‍സിലെ റോഡ് ടാറിംഗ് ഇന്നു തുടങ്ങി. അവിടൊന്നു തല കാണിക്കേണ്ടി വന്നു. അതാ ലേറ്റായത്.”
രണ്ടു ബൈക്കുകള്‍ക്കിടയില്‍ തെളിഞ്ഞുകണ്ട നേരിയ ശൂന്യതയിലേക്ക് അയാള്‍ വല്ലവിധേനെയും തന്റെ യമഹയെ ഞെക്കിഞെരുക്കി പ്രതിഷ്ഠിച്ചു. യമഹയ്ക്ക് മിററുകളേ ഇല്ലാതിരുന്നതിനാല്‍ തൊട്ടടുത്തിരുന്ന ഹീറോ ഹോണ്ട പാഷന് പ്രോയുടെ മിററിലേക്കു കുനിഞ്ഞ് തലമുടിയും താടിയും കൈ കൊണ്ട് കോതിയൊതുക്കിയ ശേഷം മുഖമുയര്‍ത്തി അയാള്‍ ജിനിയെ നോക്കി. ഇളം നീല ചുരിദാറില്‍ നില്ക്കുന്ന ഇരുനിറക്കാരിയായ അവളെ കാണാന്‍ ഒരു പ്രത്യേക ചന്തമൊക്കെയുണ്ടല്ലോ എന്ന്, യുവതരുണനെങ്കിലും ഭാര്യയും രണ്ടു മക്കളുമുള്ള ആ ജനപ്രതിനിധിയുടെ മനസ്സ് മന്ത്രിച്ചു. ‘വാ’ യെന്നു വാ തുറന്ന് അയാള്‍ സ്റ്റേഷന് ഗേറ്റിനടുത്തേക്കു തിടുക്കപ്പെട്ടു നടന്നു. പിന്നാലെ ജിനിയും.
കന്റോണ്‍മെന്റ് സ്റ്റേഷനുമായി വിനോദിനുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍ ഇവാനിയോസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന കാലം മുതല്ക്കേയുളളതാണ് ആ ബന്ധം. അന്നത്തെ വിദ്യാര്ത്ഥിസമരപരമ്പരകളിലെല്ലാം നായകസ്ഥാനത്തു നിറഞ്ഞാടിയ വിനോദിന്റെ പേരിലുള്ള തീര്‍പ്പാകാത്ത ഏഴു കേസുകള്‍ ഇപ്പോഴും വഞ്ചിയൂര്‍ കോടതിയില്‍ അവശേഷിക്കുന്നുണ്ട്-സെക്രട്ടറിയേറ്റ് ഉപരോധം – 2, മുന്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കല്‍ – 1, ഗതാഗതം സ്തംഭിപ്പിക്കല്‍ – 3, എതിര് വിദ്യാര്‍ത്ഥി സംഘടനക്കാരന്റെ ദേഹത്ത് ചാപ്പ കുത്തല് – 1.
വനിതാ കോണ്‍സ്റ്റബിള്‍ ആകാന്‍ വേണ്ടി പി.എസ്.സി ടെസ്റ്റെഴുതാന്‍ പോകുന്ന തനിക്ക് ഇത്തരമൊരു ആവശ്യത്തിനായി പോലീസ് സ്റ്റേഷന്റെ പടി ചവിട്ടേണ്ടി വന്നല്ലോ എന്ന ഖിന്നതയോടെ അറച്ചറച്ചാണ് ജിനി സ്റ്റേഷന് മുറ്റത്തേക്ക് കാല് വച്ചത്. ചിരപരിചിതമായൊരു സ്ഥലത്തു വന്നതുപോലെ വിനോദ് ധൃതിയില്‍ മുന്നില്‍ നടന്നു.പാറാവു നില്ക്കുന്ന പോലീസുകാരനോട് അവനെന്തോ ചോദിച്ചു. അയാള്‍ കൈ മുകളിലേക്കു ചൂണ്ടി എന്തോ മറുപടി പറഞ്ഞു. വിനോദ് തിരിഞ്ഞ് ജിനിയെ നോക്കി.

”ഇവിടെ നിന്നോ. ഞാനൊരാളെ കണ്ടിട്ടു വരാം.”
കെട്ടിടത്തിനുള്ളിലേക്കു കയറിപ്പോകുന്ന വിനോദിനെ ഉത്കണ്ഠ കലര്‍ന്ന മുഖഭാവത്തോടെ അവള് നോക്കിനിന്നു. നെറ്റിയില്‍ നിന്ന് കവിളിലേക്ക് ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികളെ വെള്ളഷോള് കൊണ്ട് ഒപ്പിയെടുത്തു.
ഗോവണി കയറിപ്പോയ വിനോദ് ചെന്നുനിന്നത് ദീര്‍ഘകാലമായി തനിക്കു പരിചയമുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ മോഹനന് സാറിന്റെ അടുക്കലാണ്.തലേദിവസത്തെ നൈറ്റ് ഡ്യൂട്ടിയുടെ കനംതൂങ്ങുന്ന മുഖവുമായി ‘മലയാള മനോരമ’ വായിച്ച് കട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന മോഹനന് സാര്‍ സമക്ഷം വിനോദ് ആഗമനോദ്ദേശ്യം ബോധിപ്പിച്ചു.എല്ലാം സശ്രദ്ധം കേട്ട മോഹനന് സാര്‍ തലേന്നത്തെ ഉറക്കമൊഴിച്ചിലിന്റെ ആലസ്യമെല്ലാം ദീര്‍ഘമായൊരു കോട്ടുവായിലൂടെ പുറത്തേക്കു വിക്ഷേപിച്ചപ്പോള്‍ കൗണ്‍സിലറുടെ നാസികയിലേക്കൊരു വാട ഗന്ധം അടിച്ചു കയറി. അയാള്‍ നെറ്റി ചുളിച്ചു കൊണ്ട് വലതു കൈപ്പടം രണ്ടു തവണ വീശി ബാക്ടീരിയ കലര്‍ന്ന ആ തേയിലഗന്ധത്തെ പ്രതിരോധിക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി.
”നിങ്ങളെന്തിനാണു കൗണ്സിലറേ ഈ നാറ്റം പിടിച്ച കേസിലൊക്കെ കേറി എടപെടണത്? എവന്മാരെ കൈയിലിരുപ്പ് വല്ലതും നിങ്ങക്കറിയാമോ?”
മോഹനന് സാര്‍ കട്ടന്റെ അവസാന തുള്ളിയും മൊത്തിക്കുടിച്ചിട്ട് ഒഴിഞ്ഞ ഗ്ലാസും പത്രവും മേശപ്പുറത്തു വച്ച്, കസേരയില്‍ നിന്നെണീറ്റ് തന്റെ ബ്രൗണ്‍ ബെല്‍റ്റിനെ ഇരുകൈ കൊണ്ട് പിടിച്ചുയര്‍ത്തി, ദുര്‍മേദസുള്ള അരക്കെട്ടിനെ രണ്ടുതവണ കുലുക്കി.
”എനിക്കറിയാം സാറേ. പക്ഷേ, അവന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ആകെ പ്രശ്നത്തിലാ. അമ്മ ക്യാന്സറായിട്ടു കിടക്കുന്നു. ഒരു സിസ്റ്ററേയുള്ളൂ….”
”എവനെപ്പോലെയുള്ളവമ്മാര് വീട്ടില്‍ ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്?”
വിനോദിന് പ്രത്യേകിച്ച് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ല. പറയുന്നത് കാര്യമൊക്കെത്തന്നെ. പക്ഷേ, ഒരു ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും വിഷയങ്ങളിലും ഇടപെട്ടല്ലേ പറ്റൂ. മാത്രവുമല്ല, തെരഞ്ഞെടുപ്പ് കാലത്ത് ലുട്ടാപ്പി ബിനുവും കിടിലം സജിയുമൊക്കെ തന്റെ വിജയത്തിനു വേണ്ടി കട്ടയ്ക്കു പ്രവര്‍ത്തിച്ചവരുമാണ്.
മോഹനന് സാര്‍ മുറിക്കു പുറത്തേക്കു നടന്നു തുടങ്ങി. പിന്നാലെ വിനോദും.
”സാറേ ഇത്തവണ എങ്ങനെയെങ്കിലും ഊരിത്തരണം. ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞാനെടപടില്ല.”
മുറിക്കു പുറത്തിറങ്ങിയ മോഹനന് സാര്‍ നടന്ന്, ഇരുണ്ട ഇടനാഴിയുടെ മൂലയിലെ അഴുക്കടിഞ്ഞ് ചൊറിപിടിച്ച വാഷ്ബേസിനിലേക്കു കുനിഞ്ഞ് വായും മുഖവും കഴുകിക്കൊണ്ട് പറഞ്ഞു.
”ഇത് കമ്മീഷണര്‍ നേരിട്ടെടപെട്ട കേസാണ് കൗണ്സിലറേ. ഒരുത്തനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിപ്പിരുക്കാന് നോക്കിയതാ. എന്തോ ഭാഗ്യം കൊണ്ട് അവന് ചത്തില്ല. ഇതില്‍ നമുക്കൊന്നും ഒന്നും ചെയ്യാന്‍ പറ്റൂല.”
അയാള്‍ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫെടുത്ത് മുഖം തുടച്ചു.
”എസ്.ഐയെ കണ്ടു നോക്കിയാ…..”
വിനോദ് പ്രതീക്ഷാനിര്‍ഭരനായി.
”കാര്യമൊന്നുമില്ല. ഇന്നുതന്നെ മ്യൂസിയം സ്റ്റേഷനിലേക്കു വിടും. മിക്കവാറും നാളെത്തന്നെ അവര്‍ കോടതീല് ഹാജരാക്കും.അവിടുന്ന് ജാമ്യം ഒപ്പിക്കാന്‍ നോക്ക്.അങ്ങനെ പെട്ടെന്ന് ജാമ്യം കിട്ടുമെന്നൊന്നും തോന്നണില്ല.”
അകത്തെ മുറിയിലെവിടെയോ ടെലഫോണ്‍ റിംഗ് കേട്ടു.
‘കൗണ്സിലറ് എന്നാ ചെല്ല്’ എന്നു പറഞ്ഞുകൊണ്ട് മോഹനന് സാര്‍ ധൃതിയില്‍ അകത്തേക്കു നടന്നു.
നിരാശാഭരിതമായ മുഖഭാവത്തോടെ വിനോദ് ഗോവണിപ്പടികള്‍ ഇറങ്ങി വന്നപ്പോള്‍, ഒരു യുവപോലീസുകാരന് ‘രാമചന്ദ്രന് ടെക്സ്റ്റൈല്‍സ്’ എന്നെഴുതിയ പ്ലാസ്റ്റിക് കവറും തൂക്കി തിടുക്കത്തില്‍ മുകളിലേക്കു കയറുകയായിരുന്നു. മലയിന്‍കീഴ് വില്ലേജിലെ മച്ചേല്‍ എന്ന സ്ഥലത്തുള്ള രമേശ് എന്ന പോലീസുകാരനായിരുന്നു അത്.വീടിന്റെ വടക്കേപ്പുറത്തു നിന്ന് പറിച്ചെടുത്ത നല്ല ഒന്നാന്തരം കാന്താരിമുളക് മിക്സിയില്‍ അടിച്ചെടുത്ത് കുഴമ്പു പരുവമാക്കിയത് നിറച്ച കുപ്പിയായിരുന്നു ആ കവറിനുള്ളില്‍. രണ്ടാമത്തെ നിലയുടെ വലത്തേ അറ്റത്തുള്ള മൂന്നാമത്തെ മുറിയിലെ സെല്ലില്‍ അടിവസ്ത്രം മാത്രമിട്ട് കിടക്കുന്ന കിടിലം സജിയുടേയും ലുട്ടാപ്പി ബിനുവിന്റേയും മുന്നിലെത്താനുള്ളതാണ് ഈ കാന്താരിക്കുഴമ്പ്. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടും പുറത്തു പറയാതെ ഉള്ളില്‍ അമര്‍ത്തി വച്ചിരിക്കുന്ന നിഗൂഢതകളെ മുഴുവന്‍ വലിച്ച് പുറത്തിടാന്‍ തക്ക ശേഷിയുള്ളതാണത്. മിഴിപ്പോളകളിലും ലിംഗമകുടങ്ങളിലും കിനിഞ്ഞിറങ്ങുന്ന കാന്താരിയുടെ മാരകനീറ്റലില് ഏതു കൊടും കുറ്റവാളിയും ഉള്ളിലുള്ളതെല്ലാം വിളിച്ചു പറയുമെന്നത് പോലീസ് കുറ്റാന്വേഷണത്തിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഒന്നു മാത്രമാണ്!
എന്തോ ഗാഢമായി ചിന്തിച്ചു കൊണ്ട് സ്റ്റേഷന്റെ ചുമരും ചാരി റോഡിലേക്ക് കണ്ണുറപ്പിച്ചുനില്ക്കുകയായിരുന്ന ജിനിയുടെ അടുത്തേക്ക് വിനോദ് നടന്നു.
”ജിനീ….”
വിനോദിന്റെ വിളി കേട്ട് ചിന്തകള്‍ക്ക് അവധി കൊടുത്ത് അവള് തിരിഞ്ഞു നോക്കി. ജനപ്രതിനിധിയുടെ മുഖത്തെ നിരാശയുടെ അടയാളങ്ങളില്‍ നിന്നും സംഗതികളുടെ കിടപ്പുവശത്തെക്കുറിച്ച് അവള്‍ക്കൊരു ഏകദേശ ധാരണ കിട്ടി.
”എന്തായി?”
”ആളിവിടെത്തന്നെയുണ്ട്. കേസ് കൊറച്ച് സീരിയസാണ്…. കോടതീന്ന് ജാമ്യത്തിലെറക്കേണ്ടി വരും.”
”അതിന് വക്കീലൊക്കെ വേണ്ടേ?”
വിനോദ് ‘അതെ’ എന്ന മട്ടില്‍ തലയാട്ടിക്കൊണ്ട് ‘നീ വാ…’ എന്നു പറഞ്ഞ് സ്റ്റേഷനു പുറത്തേക്കു നടന്നു. ചിന്താധീനയായ ജിനി പിറകെയും.
”നീ രാവിലെ എന്തെങ്കിലും കഴിച്ചാ?”
രാവിലെ ധൃതിപ്പെട്ട് അമ്മയ്ക്ക് രണ്ട് ദോശ ചുട്ടുകൊടുത്തെങ്കിലും താന്‍ ഒന്നും കഴിച്ചില്ലല്ലോ എന്ന് അപ്പോഴാണ് അവളോര്‍ത്തത്. എങ്കിലും അത് തുറന്നു പറയാന്‍ വല്ലായ്മ തോന്നിയ അവള് ഒന്നുപരുങ്ങി.
”എനിക്ക് നല്ല വിശപ്പുണ്ട്. വാ എന്തെങ്കിലും കഴിക്കാം.”
അവളുടെ മറുപടിക്കു കാത്തു നില്‍ക്കാതെ വിനോദ് പറഞ്ഞു. ‘വേണ്ട വേണ്ട’ എന്ന് അവള് വിനയംകൊണ്ടെങ്കിലും അവനതു കാര്യമാക്കാതെ ‘സാരമില്ല. നീ വാ…’ എന്നു പറഞ്ഞ് റോഡ് മുറിച്ചുകടന്നു. മടിച്ചു മടിച്ച് അവളും പിന്നാലെ ചെന്നു.
‘അരുള്‍ ജ്യോതി’ ഹോട്ടലിലെ ആവിപറക്കുന്ന മസാല ദോശകള്ക്കു മുന്നില്‍ വിനോദും ജിനിയും മുഖാമുഖമിരുന്നു. കത്തിക്കാളുന്ന വിശപ്പില്‍ മസാല ദോശയുടെ വലിയൊരു കഷണം ചീന്തിയെടുത്ത് ചുരുട്ടി, മുളകു ചമ്മന്തിയില്‍ മുക്കി വായിലേക്കു നിക്ഷേപിച്ച് ആക്രാന്തത്തോടെ ചവച്ചരയ്ക്കുന്നതിനിടെ, വെള്ളച്ചമ്മന്തിയില് ദോശയുടെ ചെറുകഷണം മുക്കി വായിലേക്കു വച്ച് സാവധാനം ചവച്ചിറക്കുന്ന ജിനിയെ വിനോദ് ഇടംകണ്ണിട്ട് നോക്കി.കീഴ്ച്ചുണ്ടില്‍ പറ്റിയിരുന്ന ചമ്മന്തിത്തരിയെ അവള് നാവുകൊണ്ടു ചുഴറ്റി വായ്ക്കകത്തേക്കിട്ടതു കണ്ടതും വിനോദ് പരവേശത്തോടെ ഒരു കവിള് വെള്ളം കുടിച്ചു.
”പാര്‍ട്ടീടെ കേസുകള്‍ നോക്കുന്ന ഒരു വക്കീലൊണ്ട്. മുട്ടത്തറ ഗോപാലകൃഷ്ണന്. പക്ഷേ ആള് കഴുത്തറുപ്പനാണ്. പത്തയ്യായിരമെങ്കിലും കൊടുക്കേണ്ടി വരും.പിന്നെ ജാമ്യം…..”
ജിനിയുടെ നെഞ്ചിലൂടെ ഒരു വെള്ളിടി കടന്നു പോയി. ചവച്ചു വിഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണം തൊണ്ടയില്‍ കുരുങ്ങി നില്ക്കുന്നതു പോലെ തോന്നിയ അവള് ഒരു ഗ്ലാസ് വെള്ളം മടമടാ കുടിച്ചു തീര്‍ത്തു.
”ജാമ്യം കിട്ടാന്‍ വീടിരിക്കണ സ്ഥലത്തിന്റെ കരം തീര്‍ത്ത രസീത് മതിയാവും.”
അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം വിനോദ് പറഞ്ഞെങ്കിലും വക്കീല്‍ ഫീസ് കണ്ടെത്താന്‍ എന്താണു പോംവഴിയെന്നു ചിന്തിച്ച് ആധികയറിയ ജിനി, പാതി മസാലദോശയും പ്ലേറ്റില്‍ ബാക്കിയാക്കി കസേരയില്‍ നിന്നെണീറ്റു. കൈകഴുകാനായി നടന്നു നീങ്ങിയ അവളുടെ അനല്പനിതംബസമൃദ്ധിയിലേക്ക് ഒന്നു പാളി നോക്കിയ വിനോദ് തന്റെ നടുവിരല്‍ സാമ്പാറില്‍ മുക്കി നാക്കിലേക്കു വച്ചു നുണഞ്ഞു.
ഹോട്ടലില്‍ നിന്നിറങ്ങിയ വിനോദും ജിനിയും റോഡരികിലൂടെ നടന്നു.
”പേടിക്കേണ്ട കാര്യമൊന്നുമില്ല. ഞാന്‍ വക്കീലിനോടു സംസാരിക്കാം.കരത്തിന്റെ കുടിശ്ശിക വല്ലതുമുണ്ടെങ്കി അതു കൂടി അടച്ച് രസീത് റെഡിയാക്കി വച്ചോളണം.”
വിനോദ് സമാശ്വാസ വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും വക്കീല്‍ ഫീസ് എങ്ങനെ കണ്ടെത്തുമെന്ന ചിന്ത ജിനിയെ മഥിച്ചു കൊണ്ടേയിരുന്നു. അവള് ഒന്നും മിണ്ടിയില്ല.
”ഞാന്‍ സ്റ്റേഷനില്‍ കോണ്ടാക്ട് ചെയ്തോളാം. എന്തെങ്കിലും വിവരം കിട്ടിയാല്‍ വിളിക്കാം. നീ ഇനി എങ്ങോട്ടാ?”
”ഞാന്‍…. എനിക്ക് ഷോപ്പില്‍ പോണം.”
”എന്നാ ശരി…”
യാത്രപറഞ്ഞ് തിരിഞ്ഞുനടക്കുന്നതിനു മുമ്പ് അയാള്‍ ജിനിയെ ഒന്നുകൂടി നോക്കി. ആ നോട്ടത്തിന്റെ തീവ്രതയില്‍ ജിനിയുടെ കൈ അവളുടെ മാറോളമുയരുകയും സ്ഥാനഭ്രംശം സംഭവിച്ചു കിടന്ന ഷോളിനെ യാഥാസ്ഥാനത്തേക്കു ദ്രുതഗതിയില്‍ വലിച്ചിടുകയും ചെയ്തു. തൊണ്ടി സഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ ഒരിളിഭ്യച്ചിരി ചിരിച്ച് വിനോദ് റോഡ് മുറിച്ച് കടന്നു പോയി. അപ്പോള്‍ റോഡിനപ്പുറത്തുള്ള സമരക്കുടിലിനു മുന്നിലെ ബോര്‍ഡില്‍ ‘അനിശ്ചിതകാല സത്യാഗ്രഹം ഒന്നാം ദിവസം’ എന്നതിനെ ‘രണ്ടാം ദിവസം’ എന്ന് നീലച്ചായം കൊണ്ട് രൂപഭേദം വരുത്തുകയായിരുന്നു സുധാകരന്.
കടയില്‍നിന്ന് അയ്യായിരം രൂപ കടം ചോദിക്കാമെന്ന കണക്കുകൂട്ടലോടെ ജിനി ജനറല്‍ ഹോസ്പിറ്റല്‍ റോഡിലൂടെ നടന്ന് രോഷ്നി ടെക്സ്റ്റയില്‍സിലേക്കു കയറി. വിഘ്നേശ്വരന്റെ ചിത്രത്തിനുമുന്നില്‍ വിളക്കുതെളിക്കുകയായിരുന്ന കടയുടമ ചന്ദ്രശേഖരന് പിള്ള അതിശയമിഴികളോടെ ജിനിയേയും ചുവരിലെ അജന്താ ക്ലോക്കിനേയും മാറി മാറി നോക്കി. സാധാരണ ഗതിയില്‍, കട തുറന്ന് വിളക്കു കത്തിച്ച് അര മണിക്കൂറെങ്കിലും കഴിഞ്ഞുമാത്രം കടപ്രവേശം നടത്താറുള്ള ജീവനക്കാരി ഇന്നെന്താണ് പതിവു തെറ്റിച്ചതെന്ന ചിന്തയിലായിരുന്നു അയാള്‍. അതിശയനായി നില്ക്കുന്ന മുതലാളിയുടെ സവിധത്തിലേക്ക് ചിറി കോട്ടിയൊരു പ്രഭാതവന്ദനം നടത്തി ജിനി മന്ദം മന്ദം നടന്നു. ഗുണ്ടാപ്പണിക്കു പോയതിനു പോലീസ് അള്ളിക്കൊണ്ടുപോയ കൂടപ്പിറപ്പിനെ ജയില്‍ മോചിതനാക്കാന്‍ ധനസഹായം ചോദിച്ചാല്‍ കിട്ടില്ലെന്നറിയാമെന്നതുകൊണ്ട് കരളലിയിക്കുന്നൊരു കദന കഥയാണ് കണ്ണീരില്‍ ചാലിച്ച് അവള് തന്റെ അന്നദാതാവിനു മുന്നില്‍ അവതരിപ്പിച്ചത് – അമ്മയുടെ നില വഷളാണ്. വില പിടിപ്പുള്ള മരുന്നുകള്‍ ഉടനേ വാങ്ങാന്‍ അയ്യായിരം രൂപ വേണം.
ധനവിനിമയത്തില്‍ കണിശക്കാരനാണെങ്കിലും അശ്രു തൂകി നില്ക്കുന്ന പെങ്കൊച്ചിനെ കണ്മുന്നില് കണ്ടപ്പോള്‍ ചന്ദ്രശേഖരന് പിള്ളയുടെ ഉള്ളുരുകി. ‘രണ്ടു മാസത്തെ ശമ്പളത്തീന്ന് ഞാനിതു പിടിക്കും’ എന്നു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അയാള്‍ പട്ടറയുടെ താക്കോല്‍ മെല്ലെ തിരിച്ചു.
കടം വാങ്ങിയ പണവുമായി വീട്ടില്‍ മടങ്ങിയെത്തിയ ജിനി, അമ്മയുടെ കട്ടിലിനടിയില്‍ കിടന്ന പഴയ കാല്പ്പെട്ടി നിരക്കി നിരക്കി പുറത്തെടുത്തു.
‘ചെറുക്കനെ വിട്ടോ പെണ്ണേ’ എന്ന ലില്ലിയുടെ ഉത്കണ്ഠാകുലമായ ചോദ്യത്തിന് ‘ഇല്ല. നാളെ കോടതീന്ന് ജാമ്യമെടുക്കണം’ എന്ന് അല്പം ഈര്‍ഷ്യ കലര്‍ന്ന ഉത്തരം നല്‍കിക്കൊണ്ട് അവള് കാല്പ്പെട്ടി തുറന്ന് അതിനുളളിലെ കടലാസുകള്‍ വാരി പുറത്തേക്കിട്ടു. കല്യാണലെറ്ററുകള്, സഞ്ചയന കാര്‍ഡുകള്‍, ദശാബ്ദത്തോളം പഴക്കമുള്ള കറണ്ടു – കുടിവെള്ള ബില്ലുകള്‍, കറുത്ത പുറംചട്ടയുള്ള പുതിയ നിയമം, ചുവന്ന പുറംചട്ടയുള്ള പഴയ നിയമം, കറുത്ത പുറംചട്ടയുള്ള സത്യവേദപുസ്തകം…. തുടങ്ങി സിനിമാ ടിക്കറ്റും ബസ് ടിക്കറ്റും വരെയുള്ള അനാമത്ത് കടലാസുകളായിരുന്നു അവയിലുണ്ടായിരുന്നതിലേറെയും. പഴക്കത്തിന്റെ മഞ്ഞളിപ്പു പടര്‍ന്ന അവയില്‍ പലതിലും ഇരട്ടവാലികളുടെ ദന്തമുദ്രകള് പതിഞ്ഞുകിടന്നു. ഈ പുരാവസ്തുക്കള്ക്കിടയിലെവിടെയാണ് വില്ലേജ് ഓഫീസിലെ കരം തീര്‍ത്ത രസീത്?
നിലത്ത് കുത്തിയിരുന്ന് കടലാസുകള്‍ കിണ്ടിക്കിളച്ച് അന്വേഷണം തുടരുന്നതിനിടെ, ‘പാരമൗണ്ട് സ്റ്റുഡിയോ’ എന്ന് ആലേഖനം ചെയ്ത ഒരു ഫോട്ടോ അവളുടെ കയ്യില്‍ തടഞ്ഞു. പഴമയുടെ പാണ്ട് കയറിത്തുടങ്ങിയ ആ 6’x 4′ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലെ സുസ്മേരവദനരായ നവദമ്പതികളെ അവള് കൗതുകത്തോടെ നോക്കി. വാലിട്ടു കണ്ണെഴുതി, മുല്ലപ്പൂ ചൂടി ഭര്ത്താവിനോടൊട്ടി നില്ക്കുന്ന ആ സുന്ദരിയേയും കട്ടിലില്‍ കിടക്കുന്ന അസ്ഥിപഞ്ജരത്തേയും മാറി മാറി നോക്കിയ അവളുടെ കണ്ണുകളില്‍ വിഷാദനീര് പൊടിഞ്ഞു. പക്ഷേ, പെട്ടെന്നുതന്നെ ആ ചിന്തകള്‍ക്കു സ്ഥാനാന്തരം സംഭവിക്കുകയും അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് അത് വഴുതിവീഴുകയും ചെയ്തു. ചുരുണ്ട തലമുടിയും നീണ്ട മൂക്കും കട്ടി മീശയുമൊക്കെയായി നന്നായി ക്ഷൗരം ചെയ്ത മിനുസമുഖത്തോടെ പുഞ്ചിരി തൂകി ഫോട്ടോയിലിരിക്കുന്ന ആ അച്ഛനെ താന്‍ നേരിട്ടു കണ്ടിട്ടേയില്ലല്ലോ എന്ന് അവളോര്‍ത്തു. ഓര്‍മ്മവച്ച നാള് മുതല്‍ താന്‍ കണ്ട അച്ഛന് താടിയുണ്ടായിരുന്നു. ആ അച്ഛന് ചിരിക്കാറുമില്ലായിരുന്നു. ചുവന്ന കണ്ണുകളും ചാരായത്തിന്റെ ഗന്ധവും അറപ്പുളവാക്കുന്ന അസഭ്യവര്‍ഷവുമാണ് അവളുടെയുള്ളിലെ യഥാര്‍ത്ഥ അച്ഛന്. അതു കൊണ്ടു തന്നെയാണ്, ഓ.പി.ആറില്‍ ഫ്യുറിഡാന്‍ ചേര്‍ത്തടിച്ച് അയാള്‍ ജീവിതത്തോട് സലാം പറഞ്ഞപ്പോള്‍ അന്ന് എട്ടു വയസുകാരിയായിരുന്ന തന്റെ കണ്ണില്‍നിന്ന് ഒരു തുള്ളി കണ്ണീര് പോലും പൊഴിയാത്തതും!
”നീയെന്തര് പെണ്ണേ നോക്കണത്?”
ലില്ലിയുടെ പരിക്ഷീണ ശബ്ദം ജിനിയെ പൂര്‍വ്വസ്മൃതികളില്‍ നിന്നുണര്‍ത്തി.
”വില്ലേജിലെ കരമടച്ച രസീത്.”
അവള് അന്വേഷണം പുനരാരംഭിച്ചു കൊണ്ടു മറുപടി നല്കി. എന്തോ ഓര്‍ത്തു കിടന്ന ലില്ലി അല്പ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു:
”നീ ആ സത്യവേദപുസ്തകത്തില്‍ നോക്കിയാ?”
”ഇല്ല.”
”നോക്ക്.”
ജിനി പുസ്തകം കയ്യിലെടുത്ത് പേജുകള്‍ മറിച്ചുതുടങ്ങി. മറിച്ചുമറിച്ചുമറിച്ച് എഴുന്നൂറ്റി എണ്‍പത്തി ഒന്‍പതാമത്തെ പേജിലെത്തിയപ്പോള്‍ അതാ ഇരിക്കുന്നു നാലായി മടക്കിയ ഒരു ചെറിയ കടലാസ്! പ്രതീക്ഷയോടെ അതു നിവര്‍ത്തി- മറിയ മകള്‍ ലില്ലി 21- 3 -2013 ന് പേട്ട വില്ലേജ് ഓഫീസില്‍ സര്‍വ്വേ നമ്പര്‍ 2348/3 ല്‍ ഉള്‍പ്പെട്ട1 ആര് പുരയിടത്തിന് മൂന്നു രൂപ കരമൊടുക്കിയ രസീത്! ചുമരില്‍ തൂക്കിയിരുന്ന മുള്‍ക്കിരീടധാരിയായ യേശുവിനെ നോക്കി അവള് ദീര്‍ഘനിശ്വാസത്തോടെ നെഞ്ചില്‍ കുരിശ് വരച്ചു. വേദപുസ്തകം മടക്കുന്നതിനു മുമ്പ്, അതിലെ കുനുകുനെയുള്ള അക്ഷരങ്ങളിലേക്ക് ചുമ്മാ കണ്ണോടിച്ചു:
”ഞാന്‍ ദുഷ്ടനോടു നീ മരിക്കും എന്ന് കല്പിക്കുമ്പോള് നീ അവനെ ഓര്‍പ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിനു അവന് തന്റെ ദുര്മ്മാര്ഗം വിടുവാന്‍ അവനെ ഓര്‍പ്പിച്ചു കൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാല്‍, ദുഷ്ടന് തന്റെ അകൃത്യത്തില്‍ മരിക്കും; അവന്റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.”
അവള് പുസ്തകം മടക്കി പെട്ടിയിലേക്കു വച്ചു.
പൂരപ്പറമ്പു പോലെ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞ പേട്ട വില്ലേജ് ഓഫീസിനു മുന്നില്‍ ജിനി ഓട്ടോയില്‍ വന്നിറങ്ങി.ജനബാഹുല്യം കണ്ട് അന്ധാളിച്ചുപോയ അവള്, റോഡരികില്‍ കുലുക്കി സര്‍ബത്ത് വില്‍ക്കുന്നയാളോട് കാര്യം തിരക്കി. കോളേജുകളില്‍ ഇപ്പോള്‍ അഡ്മിഷന് നടക്കുന്ന സമയമായതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റുമൊക്കെ വാങ്ങാന്‍ വന്നു കിടക്കുന്ന ആള്‍ക്കാരാണെന്നാണ് അയാള്‍ മറുപടി പറഞ്ഞത്. അവള് മതില്ക്കെട്ടിനുള്ളിലേക്കു നടന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓഫീസ് വരാന്തയിലെത്താന്‍ നന്നേ പ്രയാസപ്പെടേണ്ടി വന്നു. എവിടെയാണ് കരമൊടുക്കേണ്ടത്?അല്പനേരം ചിന്തിച്ചു നിന്ന ശേഷം അവള് രണ്ടും കല്പിച്ച് ഓഫീസിനകത്തേക്കു കയറി. ഇടുങ്ങിയ ഓഫീസിനുള്ളില്‍ അവിടവിടായി നാലു സീറ്റുകളില്‍ ഇരുന്ന ഉദ്യോഗസ്ഥരെ പൊതിഞ്ഞ് നില്‍ക്കുകയാണ് ജനം. ദശാബ്ദങ്ങള്‍ പഴക്കമുള്ള മാറാലകളും ചുമന്ന് ‘കടകട’ ശബ്ദത്തോടെ ആയാസപ്പെട്ട് ഒരു സീലിംഗ്ഫാന് വട്ടം കറങ്ങിക്കൊണ്ടിരുന്നെങ്കിലും ആളുകളുടെ ചുടുനിശ്വാസം കൊണ്ട് ഉഷ്ണമേഖലയായി രൂപാന്തരപ്പെട്ട ആ ഓഫീസിന് അല്പം പോലും ആശ്വാസം പകരാന്‍ ആ വൃദ്ധപങ്കയ്ക്ക് ആവതില്ലായിരുന്നു. ആള്‍ക്കൂട്ടം അല്പം കുറവായിക്കണ്ട ഇടതുവശത്തെ ക്ലര്ക്കിനരികിലേക്ക് അവള് തിരിഞ്ഞു. അയാള്‍ക്കു ചുറ്റും കൂടിനിന്ന ആറേഴു പേര്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയ അവള്, കുനിഞ്ഞിരുന്ന് ഏതോ പേപ്പറില്‍ എന്തോ കുനുകുനാ എഴുതിക്കൊണ്ടിരുന്ന അയാളോട് വിനീതവിധേയായി ചോദിച്ചു:
”സാര്‍… കരമടയ്ക്കാന്‍ ….?”
അരുതാത്തതെന്തോ കേട്ടതു പോലെ മധ്യവയസ്കനായ ആ അധോമണ്ഡലഗുമസ്തന് തല വെട്ടിയുയര്ത്തി ചോദ്യ കര്‍ത്താവിനെ രൂക്ഷമായൊന്നു നോക്കി. അയാളുടെ നെറ്റിയില്‍ നിന്നുത്ഭവിച്ച വിയര്‍പ്പുചാല്‍ മൂക്കിലേക്കൊഴുകിത്തുടങ്ങിയിരുന്നു.
”ഇന്ന് കരമെടുക്കൂല്ല. നാളെ വാ.”
അയാളുടെ തല വീണ്ടും താഴ്ന്നു.
”സാറേ അത്യാവശ്യമായിരുന്നു.”
അവള് വീണ്ടും വിനീതയായി.
”ഇന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കൊറേ കൊടുക്കാനുണ്ട്. കണ്ടില്ലേ ആളുകള്‍ നിക്കണത്.”
അയാളുടെ തല വീണ്ടും ഉയര്‍ന്നു.
”പക്ഷേ, സാറേ എനിക്ക് ഇന്നു തന്നെ ഇതു വേണമായിരുന്നു.”
”വല്ല കോടതി കേസുമായിരിക്കും അല്ലേ? അല്ലാതെ ആരും അത്യാവശ്യപ്പെട്ട് ഇത്ര ആവേശത്തോടെ കരമടയ്ക്കാന്‍ വരൂല്ലല്ലോ.”
അയാളുടെ വാക്കുകള്‍ക്കൊപ്പം പുറത്തുവന്ന പരിഹാസച്ചിരി, കൂടിനിന്നവരുടെ ചുണ്ടുകളിലേക്കും പടര്‍ന്നു. ജിനി വിളറി വെളുത്തു.
”ഒരു കാര്യം ചെയ്യ്. രണ്ടുമണിക്കുശേഷം വാ.”
അയാള്‍ ഉദാരമതിയായി.
കൂടപ്പിറപ്പ് ബിനുവിനെ മനസ്സില്‍ തെറിവിളിച്ചുകൊണ്ട് ജിനി ഓഫീസിനു പുറത്തേക്കിറങ്ങി.തലതിരിഞ്ഞു പോയ സഹോദരന് കാരണം താനനുഭവിച്ചുകൊണ്ടിരിക്കുന്ന പരിഹാസങ്ങളെയോര്ത്ത് അവള് പല്ല് ഞെരിച്ചു. സമയമെന്തായിക്കാണും? അവള് മൊബൈല്‍ ഓണ്‍ ചെയ്തു – 11.38. രണ്ടുമണിവരെ എങ്ങനെ സമയം കളയുമെന്നാലോചിച്ചുകൊണ്ട് അവള് ഓഫീസ് വളപ്പിലെ മാവിന്റെ ചുവട്ടിലേക്കു നടന്നു. അപ്പോള്‍ ‘വിശ്വം കാക്കുന്ന നാഥാ, വിശൈ്വക നായകാ….’ എന്ന് മൊബൈല്‍ പാടിത്തുടങ്ങി.അവള് ഫോണെടുത്തു – വിനോദ് കൗണ്‍സിലര്‍.1
”ഹലോ ജിനീ, ഞാന്‍ വക്കീലുമായി സംസാരിച്ചു. പേടിക്കാനൊന്നുമില്ല. നാളെത്തന്നെ ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ…. കരമടച്ച രസീത് വാങ്ങിച്ചോ?”
”ഇല്ല… ഞാന്‍ വില്ലേജോഫീസില്‍ നിക്കയാണ്. ഉച്ചയ്ക്കുശേഷമേ കരമെടുക്കൂ.”
”അതെന്താ അങ്ങനെ?വില്ലേജ് ഓഫീസര്‍ നമുക്കു വേണ്ടപ്പെട്ട ആളാ. ഞാന്‍ വിളിക്കാം.”
ഫോണ്‍ കട്ടായി. ജിനി പ്രതീക്ഷാനിര്ഭരയായി. കൗണ്‍സിലറുടെ വിളി ചെല്ലുന്നതോടെ വില്ലേജ് ഓഫീസര്‍ തന്നെ വിളിപ്പിച്ച് കരം വാങ്ങി രസീത് തരുമെന്നു തന്നെ അവളുറപ്പിച്ചു. പക്ഷേ, പത്തു പതിനഞ്ചു മിനിട്ടു പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. പിന്നെയും അഞ്ചു മിനിട്ടുകഴിഞ്ഞപ്പോള്‍ കൗണ്‍സിലറുടെ വിളി വന്നു.
”ജിനീ, ഞാന്‍ ഓഫീസറോടു സംസാരിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ആള്ക്കാരൊരുപാടുള്ളതു കൊണ്ടാണ് കരമെടുക്കാത്തതെന്നാ പുള്ളി പറയുന്നത്. ങാ…. ആവശ്യം നമ്മളുടേതായിപ്പോയില്ലേ. നീ വെയ്റ്റ് ചെയ്യ്. പിന്നെ എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാന്‍ മറക്കരുത്.”
നിരാശയായ ജിനി മാവിന് ചുവട്ടിലെ കൈവരിയില്‍ ചെന്നിരുന്നു. മൊബൈലില്‍ നോക്കി സമയം കളയാമെന്ന് കരുതിയെങ്കിലും പന്ത്രണ്ടു ശതമാനം മാത്രമേ ചാര്ജുള്ളൂവെന്ന് ചുവന്ന അക്കങ്ങളില്‍ മൊബൈല്‍ ജാഗ്രതപ്പെടുത്തിയപ്പോള് അവള് അതിനെ ഓഫാക്കിവച്ചു.
വിരസ നിമിഷങ്ങളെ തള്ളി നീക്കി പേട്ട വില്ലേജോഫീസിലെ മാഞ്ചുവട്ടില്‍ ജിനി കുത്തിയിരുന്നപ്പോള്‍, വില്ലേജ് ഓഫീസിനെതിരെ, പന്ത്രണ്ടു നിലയില്‍ ഉയര്‍ന്നു നില്ക്കുന്ന ‘SPS അപ്പാര്‍ട്ട്മെന്റ്സ്’ എന്ന പണിതീരാഫ്ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് രണ്ടു കണ്ണുകള്‍ അവളെ വീക്ഷിക്കുകയായിരുന്നു. ജിനിയുടെ വീടിന്റെ വടക്കേപ്പുറത്തുള്ള വീട്ടിലെ വാടകക്കാരനായ അലോക് മണ്ഡലായിരുന്നു ആ കണ്ണുകളുടെ ഉടമ. രണ്ടാമത്തെ നിലയിലെ A ബ്ലോക്ക് അപ്പാര്‍ട്ട്മെന്റിന്റെ സിറ്റൗട്ടില്‍ പ്ലാസ്റ്ററിംഗ് പണി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് യാദൃച്ഛികമായി ജിനി അയാളുടെ കണ്ണില്‍പ്പെട്ടത്. ഈ പെണ്‍കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയില്‍ ആദ്യമൊന്ന് കുഴങ്ങിയെങ്കിലും തലേന്നു രാത്രി നിസ്സഹായ ഭാവത്തില്‍ നിന്ന ആ പെണ്‍കുട്ടി തന്നെയാണ് ഈ പെണ്‍കുട്ടിയെന്ന് ഉറപ്പിക്കാന്‍ അവന് അധിക സമയമൊന്നും വേണ്ടി വന്നില്ല. അല്പനേരം അവളെ നോക്കിനിന്നശേഷം ചട്ടിയില്‍നിന്ന് കരണ്ടികൊണ്ട് ചാന്തു കോരി ചുമരിലേക്ക് വീശിയെറിഞ്ഞ് തന്റെ പണി തുടര്‍ന്നുവെങ്കിലും ഇടയ്ക്കിടെ അവന്റെ കണ്ണുകള്‍ വില്ലേജ് ഓഫീസിലെ മാഞ്ചുവടിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു.
നെടുനീളന്‍ കോട്ടുവാകള്വിട്ടും, താടിക്കു കൈ കൊടുത്തും, വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുന്ന ആള്‍ക്കാരെ വായിനോക്കിയും, പി.എസ്.സി ടെസ്റ്റിനു വേണ്ടി കാണാപ്പാഠം പഠിച്ച പൊതു വിജ്ഞാന ചോദ്യോത്തരങ്ങള്‍ ഓര്‍ത്തെടുത്തും, കുറേ നേരം കണ്ണുകള്‍ ഇറുക്കിയടച്ചും, കാലുകള്‍ അതിദ്രുതം ചലിപ്പിച്ചുമൊക്കെ സമയമാപിനിയിലെ സൂചികളെ തള്ളി നീക്കാന്‍ ജിനി നന്നേ പാടുപെട്ടു. രാവിലെ ഏഴു മണിക്ക് ശേഷം പിന്നീട് ഇതേവരെ മൂത്രമൊഴിക്കാത്തതുകൊണ്ട് അടിവയര്‍ തരിച്ചുവീര്ക്കുന്നതായി തോന്നിയതിനാല്‍ ഒരുതുള്ളിവെള്ളം പോലും കുടിക്കാതെ ദാഹിച്ചു വരണ്ട തൊണ്ടയെ അവള് ഉമിനീരുകൊണ്ടു നനച്ചു. നിര്‍ഗമിക്കാന്‍ വെമ്പി നിന്ന ജലധാരയെ ചെറുക്കാനായി തുടയിടുക്കിലെ മാംസപേശികളെ മുറുക്കിപ്പിടിച്ചു.
ഇഴഞ്ഞു നീങ്ങിയ സമയസൂചി ഒന്നര മണിയിലെത്തിയപ്പോള് വയറ്റില്‍ ഒരാന്തല്. ജോലിക്കു പോകുന്ന ദിവസങ്ങളിലെല്ലാം കൃത്യം ഒന്നര മണിക്കു തന്നെ ഭക്ഷണം കഴിക്കുന്നതാണ് ശീലം. രാവിലത്തെ ധൃതിയില്‍ അമ്മയ്ക്കുള്ള കഞ്ഞി മാത്രമേ ഉണ്ടാക്കിയുള്ളൂ. മടങ്ങുന്ന വഴി എന്തെങ്കിലും പാഴ്സല്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിക്കാമെന്ന് അവളുറച്ചു.ദാഹിച്ചും വിശന്നും മൂത്രമൊഴിക്കാന്‍ മുട്ടിയും ജിനിയുടെ അസ്വസ്ഥനിമിഷങ്ങള് കടന്നു പോയി. വില്ലേജ് ഓഫീസിനെ പൊതിഞ്ഞുനിന്ന ആളുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ അരങ്ങൊഴിഞ്ഞുകഴിഞ്ഞു. അവള് പതിയെ എണീറ്റ് ഓഫീസിനടുത്തേക്കു നടന്നു. വരാന്തയിലെ ജനലിലൂടെ അകത്തേക്കു നോക്കി. നേരത്തേ കണ്ട ക്ലര്‍ക്കിനു മുന്നില്‍ ഇപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ! അവള് മെല്ലെ അകത്തേക്കു കാല് വച്ചു.
”ങും?”
ക്ലര്‍ക്ക് തലയുയര്‍ത്താതെ തന്നെ ചോദ്യമെറിഞ്ഞു.
”കരം … കരമടയ്ക്കാന്‍….”
അവളുടെ ശബ്ദം ഇടറിയിരുന്നു.അതു കേട്ടതും ക്ലര്‍ക്കിന്റെ തല പെട്ടെന്നുയര്‍ന്നു. ‘ഈ മാരണം ഇതുവരെ പോയില്ലേ’ എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്.
”നിങ്ങള്‍ കുറച്ചു നേരം കൂടിവെയ്റ്റ് ചെയ്യണം. ഞാനിതുവരെ ഭക്ഷണം പോലും കഴിച്ചിട്ടില്ല.”
‘ഞാനും കഴിച്ചിട്ടില്ല സാര്‍’ എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും അവളൊന്നും മിണ്ടാതെ വരാന്തയിലേക്കിറങ്ങി.
ക്ലര്‍ക്ക് ഭക്ഷണം കഴിഞ്ഞു മടങ്ങിവരാന്‍ ഇരുപതു മിനിട്ടോളം പിന്നെയും വേണ്ടിവന്നു. വന്നയുടനേതന്നെ അയാള്‍ ജിനിയില്‍ നിന്ന് പഴയ രസീത് വാങ്ങി, തടിയന് ലഡ്ജറുകള്‍ തപ്പി, ആറു വര്‍ഷത്തെ കുടിശ്ശികയും പിഴയുമൊക്കെ ചേര്‍ത്ത് നാല്പ്പത്തെട്ടു രൂപ വാങ്ങി, രസീതെഴുതി നല്കി.കാത്തിരിപ്പിനൊടുവില്‍ രസീത് കൈപ്പറ്റിയപ്പോള്‍ അവള് അറിയാതൊരു ഏമ്പക്കം വിട്ടു പോയി. പതിവു ഭക്ഷണം ഇനിയുമെത്താത്തതിനാല് ഉദരത്തില്‍ രൂപം കൊണ്ട വായുവിന്റെ പ്രതിഷേധസ്വരമായിരുന്നു അത്.
വില്ലേജ് ഓഫീസിന്റെ കവാടം കടന്ന് ജിനി റോഡിലിറങ്ങി. പൊള്ളുന്ന ചൂടില്‍ അവളുടെ ദേഹം വിയര്‍ത്തൊഴുകാന്‍ തുടങ്ങി. ഏതെങ്കിലും ഹോട്ടലില്‍ കയറി എന്തെങ്കിലും കഴിക്കാതെ ഇനി നിവൃത്തിയില്ല. റോഡ് മുറിച്ചുകടക്കാനായി അവള് റോഡിന്റെ ഇരുവശത്തേക്കും നോക്കി. ഒരു നിമിഷം!തനിക്കു ചുറ്റുമുള്ള കെട്ടിടങ്ങളും മരങ്ങളും ആളുകളും വാഹനങ്ങളുമെല്ലാം കറങ്ങിക്കൊണ്ടിരിക്കുന്നതായി അവള്‍ക്കു തോന്നി. കാഴ്ച മങ്ങുന്നു. എവിടെയെങ്കിലും ഒന്നു പിടിച്ചു നില്‍ക്കണം. എവിടെ..? എവിടെ….? നിമിഷങ്ങള്‍ക്കകം അവള് റോഡിലേക്കു മറിഞ്ഞു വീണു.
കണ്ണുതുറന്നപ്പോള്‍, ജനറല്‍ ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിലാണ് താന്‍ കിടക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവള്‍ക്ക് കുറച്ചു സമയം വേണ്ടിവന്നു. മനം മടുപ്പിക്കുന്ന ആശുപത്രി ലോഷന്റെ ഗന്ധമാണ് അതിനവളെ സഹായിച്ചത്. അമ്മയേയും കൊണ്ട് പരിശോധനകള്‍ക്കായി കയറിയിറങ്ങുമ്പോഴൊക്കെ അവള്‍ക്ക് വിമ്മിഷ്ടമുണ്ടാക്കുന്നതായിരുന്നു ആ ആശുപത്രിഗന്ധം. കയ്യിലും നെറ്റിയിലും നല്ല നീറ്റലുണ്ട്. ഡ്രിപ് ബാഗില്‍ നിന്ന് കയ്യിലേക്കു നീളുന്ന ട്യൂബില്‍ ഇറ്റിറ്റു വീഴുന്ന മരുന്നുതുള്ളികളെ നോക്കി തനിക്ക് എന്താണു സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഒരു ചെറുപ്പക്കാരന് പരിഭ്രമത്തോടെ അവളുടെ അടുത്തെത്തി ചോദിച്ചു:
”ചേച്ചീ… ഓക്കെയായോ?”
അവള് ആ യുവാവിനെ നോക്കി ‘കുഴപ്പമില്ല’ എന്നു പറഞ്ഞു. അയാള്‍ ആശ്വാസത്തോടെ പുഞ്ചിരിച്ചുകൊണ്ട് അല്പനേരം നിന്നശേഷം തിരിഞ്ഞുനടന്നു. ആരാണിയാള്‍? ഇതിനു മുമ്പ് എവിടെയാണ്….? അവള് അയാളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പെട്ടെന്നുതന്നെ അവളുടെ സ്മൃതിപഥത്തില്‍, തന്റെ വീടിനു പുറകിലുള്ള ഓടിട്ട കെട്ടിടവും,ബംഗാളി ഗാനത്തോടൊപ്പം അവിടെ നിന്നുയരുന്ന കടുകെണ്ണയുടെ ഗന്ധവും തെളിഞ്ഞു വന്നു. കിടന്നു കൊണ്ടു തന്നെ തല ചരിച്ചുപിടിച്ച്, അയാള്‍ നടന്നു പോയ ദിക്കിലേക്ക് ജിനി നോക്കി. അപ്പോള്‍,കാഷ്വാലിറ്റിയുടെ വാതില്‍ കടന്ന് പുറത്തേക്കിറങ്ങുന്നതിനു മുമ്പ്,പിന്തിരിഞ്ഞ് അവളെ ഒന്നുകൂടി നോക്കിയിട്ട് പുറത്തേക്കു നടക്കുകയായിരുന്നു ആ ചെറുപ്പക്കാരന്.