
സ്റ്റ്യാചു ജംഗ്ഷന് – VII

പ്രശാന്ത് ചിന്മയന്
- നഗരരാത്രി
കാതില്‍ വട്ടമിട്ട് പാറിപ്പറന്ന് പാതിരാകച്ചേരി നടത്തുന്ന കൊതുകിനെ വകവരുത്താന്‍ ഇരു കൈയും നിവര്‍ത്തിപ്പിടിച്ച് സുധാകരന് ജാഗരൂകനായി കിടന്നു. പക്ഷേ,ശല്യക്കാരനായ ആ നിശാഗായകന്റെ അന്ത്യം ഉറപ്പുവരുത്താന്‍ അവസരം കാത്തു കിടന്ന അയാളെ അതിവിദഗ്ദ്ധമായി കബളിപ്പിച്ച്, തോളിലൊരു ഇറുക്കും കൊടുത്തിട്ട് പാട്ടുംപാടി കൊതുക് അതിന്റെ പാട്ടിനു പോയി. അസഹ്യമായ തരിപ്പില്‍ അയാള്‍ തോള് അമര്‍ത്തിത്തടവി.
പത്തു മണി കഴിഞ്ഞപ്പോഴേ ഉറങ്ങാന്‍ കിടന്നതാണ്. സ്ഥലം മാറിക്കിടന്നതിനാലാകാം കുറേനേരം കണ്ണടച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല. ഉറക്കംപിടിക്കാന് തുടങ്ങിയപ്പോഴാകട്ടെ തൊട്ടടുത്ത സമരക്കുടിലില്‍ നിന്ന് ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടു. വെള്ളറട ജ്ഞാനദാസും ഭാര്യയും ബൈബിള്‍ വായിച്ച് കര്‍ത്താവിനെ സ്തുതിച്ചതാണ്. അതൊന്നടങ്ങി, കണ്ണടച്ചപ്പോള്‍ തുടങ്ങി രക്തദാഹികളുടെ രാഗവിസ്താരം! അയാള്‍ ചരിഞ്ഞു കിടന്ന്, തറയില്‍ വിരിച്ചിരുന്ന ചാക്കിന്റെ അറ്റം കൊണ്ട് ചെവി മൂടി. കുറേ നേരം അങ്ങനെ കിടന്നു. പക്ഷേ ഉറക്കം ഇപ്പോഴും മടി പിടിച്ചു തന്നെ നില്‍ക്കുകയാണ്.

സമയമെന്തായിക്കാണും?അയാള്‍ മെല്ലെ എണീറ്റ് കാസ്റ്റ് അയണ്‍ ഗ്രില്ലുകള്‍ക്കിടയിലൂടെ, പ്രകാശപൂരിതമായ സെക്രട്ടറിയേറ്റിലെ ഘടികാരത്തിലേക്കു നോക്കി – പന്ത്രണ്ട് നാല്പത്. ദീര്‍ഘമായൊരു ഏമ്പക്കംവിട്ടു കൊണ്ട് അയാള്‍ സമരക്കുടിലിനു പുറത്തിറങ്ങി. രാത്രിയില്‍ പതിവില്ലാതെ കഴിച്ച ബ്രഡ്ഡും പച്ച വെള്ളവും കൈകോര്‍ത്ത് വയറിനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഇടുപ്പില്‍ നിന്ന് ഒരു ഗണേശ് ബീഡിയെടുത്ത് ചുണ്ടില്‍ വച്ച്, ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് തീപ്പെട്ടിയെടുത്ത് തീ കൊടുത്തു. അയാള്‍ വിജനമായ റോഡിലേക്കു നോക്കി. ഹൈമാസ്റ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ നില്ക്കുന്ന സര് മാധവറാവു ഒരു പാറാവുകാരനെപ്പോലെ കണ്ണും മിഴിച്ച് സെക്രട്ടറിയേറ്റിനെത്തന്നെ തുറിച്ചു നോക്കി നില്ക്കുന്നു.
മണിക്കൂറുകള്‍ക്കു മുമ്പ് ആളും ആരവവുമൊക്കെയായി ചടുലമായിരുന്ന നഗരഹൃദയമായിരുന്നുവെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ പോലും കഴിയാത്തവണ്ണം നിശ്ശബ്ദമായിരിക്കുന്നു സ്റ്റാച്യു ജംഗ്ഷന്. എന്തിനോ വേണ്ടി അന്തംവിട്ട് പരക്കം പാഞ്ഞിരുന്ന കുറേ മനുഷ്യര്‍, അക്ഷമയോടെ ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങള്‍, കച്ചവടത്തിന്റെ കാന്തികവലയമായി നിന്ന വ്യാപാര സ്ഥാപനങ്ങള്‍, വഴിവാണിഭക്കാര്‍, പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യം വിളികള്‍, തൊണ്ട കീറിയുള്ള പ്രസംഗങ്ങള്‍, പോലീസുകാരുടെ ആക്രോശങ്ങള്‍, സംഘര്‍ഷങ്ങള്‍, മുല്ലപ്പൂ ചൂടി, പളപളപ്പുള്ള സാരിയുംചുറ്റി,മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി ഇരുട്ടിന്റെ മറപറ്റി നിന്ന പെണ്ണുടലുകള്‍…. എല്ലാം അരങ്ങൊഴിഞ്ഞിരിക്കുന്നു, താത്കാലികമായി.
നിര്‍ത്താതെയുള്ള ചുമ കേട്ട് സുധാകരന് തിരിഞ്ഞു നോക്കി. മഞ്ഞപ്പാറ മണിയന്റെ സമരക്കുടിലില്‍ നിന്നാണ് ചുമ ഉയര്‍ന്നത്. പകല്‍ മുഴുവന്‍ അവിടെ ആരുമുള്ളതായി അയാള്‍ കണ്ടിരുന്നില്ല. സന്ധ്യ കഴിഞ്ഞപ്പോഴാണ് മണിയനും ഒരു സ്ത്രീയും, അയാളുടെ ഭാര്യയായിരിക്കാം, അവിടെ വന്നത്. മെഴുകുതിരി വെട്ടത്തില്‍ ഇരുവരും ഉറക്കെ സംസാരിക്കുന്നതും, സ്ത്രീ കരഞ്ഞുകൊണ്ട് പ്നാറ്റുന്നതും കേട്ടു. കുറേക്കഴിഞ്ഞ് എല്ലാം നിശ്ശബ്ദമായി. മെഴുകുതിരി വെട്ടവും അണഞ്ഞു.മണിയന്റെ കുടിലിനു മുന്നില്‍ 325-ാം ദിവസം എന്ന് നീലമഷിയിലെഴുതി ഒട്ടിച്ചിരുന്ന വെള്ളക്കടലാസില്‍ സുധാകരന്റെ കണ്ണുകള്‍ ഒരു നിമിഷം തങ്ങി നിന്നു. വെറും ഒന്നാം ദിവസക്കാരനായ താന്‍ ഇനി എത്രനാള്‍ ഇവിടെ ഇങ്ങനെ കിടക്കേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചിലൂടെ ഒരു തരിപ്പ് കടന്നുപോയി. അയാള്‍ ബീഡിയുടെ അവസാനപുകയുമെടുത്ത ശേഷം കുറ്റി റോഡിലേക്കെറിഞ്ഞു. അപ്പോള്‍, ഏജീസ് ഓഫീസ് ഭാഗത്തുനിന്നും ഒരു വണ്ടിയുടെ പ്രകാശം അടുത്തു വരുന്നതയാള്‍ കണ്ടു. ‘പോലീസ്’ എന്നെഴുതിയ ആ സ്കോര്‍പിയോ അയാള്‍ക്കു മുന്നില്‍ വന്ന് ബ്രേക്കിട്ടു. വണ്ടിയിലിരുന്ന പോലീസുകാര്‍ അയാളെയും അയാളുടെ സമരക്കുടിലിനു മുന്നിലെഴുതി വച്ചിരുന്ന പോസ്റ്ററിനേയും നോക്കി പരസ്പരം എന്തോ പറഞ്ഞു.മുന്‍ സീറ്റിലിരുന്ന സി.ഐ.സേവ്യര്‍ ലോപ്പസ് അയാളെ അടിമുടിയൊന്നു നോക്കി.
”എന്താടാ രാത്രി വായിനോക്കി നിക്കണത്? ഒറക്കമൊന്നുമില്ലേ?”
സുധാകരന് ഒന്നും മിണ്ടാതെ നിസംഗഭാവത്തില്‍ അയാളെ നോക്കി.സി.ഐ.യുടെ മുഖത്തെ അസ്വസ്ഥതയും കണ്ണുകളിലെ തീക്ഷ്ണതയും അയാള്‍ കണ്ടു. അല്പസമയത്തിനു ശേഷം വണ്ടി കടന്നു പോയി. കണ്ണില്‍ നിന്നു മറയുന്നതു വരെ അയാള്‍ അതിനെ നോക്കി നിന്നു.
കുടിലിലേക്കു കയറി വീണ്ടും ചാക്കിനുള്ളില്‍ ചുരുണ്ടെങ്കിലും സുധാകരന് ഉറക്കം വന്നതേയില്ല. അയാളുടെ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകാന്‍ തുടങ്ങി.ചീറിപ്പാഞ്ഞു വരുന്ന പോലീസ് ജീപ്പ്…. ഒരു യുവാവിനെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന പോലീസുകാര്‍…… അവരെ തടയാന്‍ ശ്രമിക്കുന്ന സ്ത്രീയെ പോലീസുകാര്‍ ദൂരേക്ക് തള്ളി മാറ്റുന്നു….. കല്ലില്‍ തലയടിച്ചു വീഴുന്ന സ്ത്രീ …..പോലീസ് സ്റ്റേഷനിലെ ഇരുണ്ട സെല്ലിനുള്ളില്‍ അടി വസ്ത്രത്തില്‍ നില്ക്കുന്ന യുവാവ് ….. യുവാവിനു നേര്‍ക്കുയരുന്ന പോലീസ് ബൂട്ടുകള്‍….. നിലവിളികള്‍…… അയാള്‍ കിതച്ചു കൊണ്ട് നിലത്തു നിന്ന് ചാടിയെണീറ്റു. കിതപ്പൊന്നടങ്ങിയപ്പോള്‍, അയാളുടെ നരകയറിയ താടിയിലൂടെ കണ്ണീരൊലിച്ചിറങ്ങി. അപ്പോള്‍,നഗര രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അകലെയെവിടെയോ ഒരു ആംബുലന്‍സിന്റെ നിലവിളിയൊച്ച കേട്ടുതുടങ്ങി.
1 Comment
കൂടുതൽ മികവോടെ ഓരോ അധ്യായവും കടന്നു വരുന്നു.