
സ്റ്റ്യാചു ജംഗ്ഷന് – VI

പ്രശാന്ത് ചിന്മയന്
- ലേറ്റ് എഡിഷന്
വെള്ളയമ്പലം ജംഗ്ഷനിലെ രാത്രികാലമൊബൈല് തട്ടുകടയിലെ ചുവന്ന പ്ലാസ്റ്റിക് കസേരയിലിരുന്ന് ചൂടുദോശയും ചമ്മന്തിയും രസവടയും കൂടി കൂട്ടിക്കുഴച്ചു കൊണ്ടിരുന്നപ്പോഴാണ് ഭാര്യ രശ്മിയെയും മകള്‍ തംബുരുവിനേയും നരിപ്പാറരതീഷ് ഓര്‍ത്തത്. അയാള്‍ ഇടതു കൈ കൊണ്ട് പാന്റ്സിന്റ വലതു പോക്കറ്റില്‍ കിടന്ന മൊബൈലിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. കുറച്ചധികം ‘കൈക്രിയകള്‍’ വേണ്ടി വന്നു അതിനെ കൈയിലൊതുക്കാന്‍. ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ എട്ട് മിസ്ഡ് കോള്‍സ്! എട്ടും രശ്മിയുടേത്! വൈകിട്ട് അഞ്ച് മണിക്ക് പ്രസ് ക്ലബ്ബില്‍ ട്രാന്‍സ് ജന്‍ഡേഴ്സിന്റെ പത്ര സമ്മേളനം കവര്‍ ചെയ്യാന്‍ പോയപ്പോള്‍ മൊബൈലിനെ നിശ്ശബ്ദനിലയിലാക്കിയതുകൊണ്ടാണ് വിളികള്‍ കേള്‍ക്കാതെ പോയത്. എട്ടര മണി മുതല്‍ ഒമ്പതു മണി വരെ പല സമയങ്ങളിലായാണ് അവള് വിളിച്ചിരിക്കുന്നത്. ഇപ്പോള്‍ മണി പതിനൊന്ന് അഞ്ച് !എന്തിനായിരിക്കും അവള് വിളിച്ചിട്ടുണ്ടാവുക? തിരിച്ചുവിളിക്കാനായി പരിഭ്രാന്തിയോടെ അയാള്‍ മൊബൈലില്‍ വിരലോടിക്കവേ നെഞ്ചിലൊരു ഇടിനാദം! ദൈവമേ ഇന്നായിരുന്നല്ലോ അവളുടെ പിറന്നാള്‍! വൈകിട്ട് പുറത്തു പോയി ഭക്ഷണം കഴിക്കാമെന്നു രാവിലെ വാക്കു കൊടുത്തതായിരുന്നല്ലോ!
ഇടതു കൈയില്‍ മൊബൈലും വലതു കൈയില്‍ കൂട്ടിക്കുഴച്ച ദോശ – ചമ്മന്തി – രസവടയുമായി അയാള്‍ വെള്ളയമ്പലം ജംഗ്ഷനില്‍ നില്ക്കുന്ന അയ്യന്‍കാളി പ്രതിമയെ നോക്കി ഒന്നു നെടുവീര്‍പ്പിട്ടു. അല്പ നേരത്തെ ചിന്തയ്ക്കു ശേഷം രശ്മിയെ വിളിക്കാന്‍ തന്നെ തീരുമാനിച്ചു. രണ്ടു തവണ ട്രൈ ചെയ്തെങ്കിലും അവളെടുത്തില്ല. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍ നിക്ഷേപിച്ച് ഭക്ഷണം തിടുക്കത്തില്‍ വാരി വിഴുങ്ങി അയാള്‍ കസേരയില്‍ നിന്നെണീറ്റു.
വിജനമായ കവടിയാര്‍ രാജവീഥിയിലൂടെ ബൈക്കില്‍ പായുമ്പോള്‍ രതീഷിന്റെ ശരീരം നന്നായി തണുക്കുന്നുണ്ടായിരുന്നെങ്കിലും മനസ്സ് ചുട്ടുപൊള്ളുകയായിരുന്നു. കുടുംബ ജീവിതത്തിലെ സുപ്രധാന കാര്യം വിസ്മരിക്കപ്പെട്ടു പോയതില്‍ അയാള്‍ക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ഭാര്യയുടെ പിറവിനാള്‍ ആഘോഷമാക്കണമെന്ന ഉദ്ദേശ്യവും കൂടിയുള്ളതുകൊണ്ടായിരുന്നു പരസ്യത്തിന്റെ പണം തരാനുള്ള ക്ലെയ്ന്റ്സിനെ തിരക്കി രാവിലെ പത്രമോഫീസില്‍ നിന്നിറങ്ങിയത്. മൂലക്കുരു ചികിത്സകനായ ഡോ: ചന്ദ്രദേവ് ഖന്നയുടെ പുളിമൂട് ജംഗ്ഷനിലുള്ള ‘അര്ശോഡിസ്പെന്സെറി’യിലാണ് ആദ്യം കയറിയത്. അയ്യായിരം രൂപയായിരുന്നു കിട്ടാനുണ്ടായിരുന്നത്. റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയോട് കാര്യം പറഞ്ഞപ്പോള്‍ അവള് റോസ് ലിപ്സ്റ്റിക്കിട്ട ചുണ്ടൊന്നു കോട്ടിക്കൊണ്ട് മുന്നിലിരുന്ന കംപ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലോടിച്ചു.
”ശരിയാണു സാര്‍. ഫൈവ് തൗസന്റ് പെന്‍ഡിംഗ് കാണിക്കുന്നുണ്ട്. പക്ഷേ, ഒരാഴ്ച കഴിഞ്ഞാലേ ഫണ്ട് റിലീസ് ചെയ്യാന്‍ പറ്റത്തുള്ളൂ. ഫണ്ട് വരുമ്പോ അക്കൗണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്തേക്കാം.” വിനീതവിധേയയായി സുന്ദരി മൊഴിഞ്ഞു. കഴിഞ്ഞ മാസം വന്നപ്പോഴും ഇവള് ഇതു തന്നെയാണല്ലോ പറഞ്ഞതെന്നോര്ത്ത് രതീഷിന്റെ നാവില്‍ ഒരു തരിപ്പ് പടര്‍ന്നെങ്കിലും അടക്കി. ക്ലയ്ന്റിനെ പിണക്കുന്നത് തന്നെപ്പോലൊരു പത്രക്കാരന് ഒട്ടും നല്ലതല്ലെന്ന് അയാള്‍ക്കറിയാം. ശരിയെന്ന മട്ടില്‍ തല കുലുക്കിക്കൊണ്ട്, ടോക്കണെടുത്ത് ഊഴം കാത്തിരിക്കുന്ന മൂലവ്യാധിക്കാരുടെ ഇടയിലൂടെ നിരാശനായി അയാള്‍ പുറത്തേക്കിറങ്ങി. ഗാന്ധാരിയമ്മന്‍ കോവിലിനടുത്തുള്ള ‘അശ്വഗന്ധ ഫാര്‍മസ്യൂട്ടിക്കല്‍സി’ലാണ് ഇനി പോകേണ്ടത്. അയാള്‍ സ്പ്ലന്ഡര് സ്റ്റാര്‍ട്ടാക്കാനായി കിക്കറില്‍ ആഞ്ഞു ചവിട്ടി. നാലാമത്തെ ചവിട്ടിലാണ് ‘സ്പ്ലെന്‍ഡര്‍’ ഉണര്‍ന്നത്. ക്ലച്ച് പിടിച്ച് ഗിയറില്‍ കാലമര്‍ത്തിയതും മൊബൈല്‍ ശബ്ദിച്ചു. ഫോണെടുത്തു നോക്കി – ‘കൗമുദി പ്രിന്റെഴ്സ് ‘. ഈ കോളിന്റെ ആഗമനോദ്ദേശ്യം എന്താണെന്ന് നന്നായിട്ടറിയാം. ഫോണെടുത്ത് ‘ഹലോ’ പറയുന്നതിനു മുമ്പുതന്നെ കൗമുദിയുടെ മാനേജിംഗ് ഡയറക്ടര്‍ പെരുമാള്‍ പിള്ള മുറുക്കാന്‍ നിറഞ്ഞു തുളുമ്പുന്ന വായ കൊണ്ട് ഇങ്ങനെ പറഞ്ഞു തുടങ്ങും:
”മോനേ രതീഷേ, മുപ്പതിനായിരം രൂപേടെ ബില്ലെഴുതി വച്ചിട്ട് ദെവസം മൂന്നാലായി. നിന്നെ ഇങ്ങോട്ടു കാണുന്നില്ലല്ലോ. നമുക്ക് പത്രം മൊടങ്ങാതെ ഇറക്കണ്ടേ കുട്ടാ?”
കൂടുതലായൊന്നും ചിന്തിച്ചില്ല. കോള്‍ കട്ട് ചെയ്യാതെ തന്നെ മൊബൈലിനെ ഷര്‍ട്ടിന്റെ പോക്കറ്റിലേക്കിട്ടു കൊണ്ട് വണ്ടിയുടെ ക്ലച്ച് മെല്ലെ വിട്ട് ആക്സിലറേറ്റര്‍ കൊടുത്തു. പോക്കറ്റില്‍ കിടന്ന് അപ്പോഴും മുരുകന് കാട്ടാക്കട പാടിക്കൊണ്ടേയിരുന്നു: ”മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തൂ….”
ഗാന്ധാരിയമ്മന്‍ കോവിലിനടുത്തുള്ള ഒരു പഴയ ഇരുനില കെട്ടിടത്തിനടുത്ത് രതീഷ് വണ്ടി നിര്‍ത്തി. മര ഗോവണി ചവിട്ടി അയാള്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലെത്തി. ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് കെട്ടിടത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു കുടുസ്സുമുറിക്കു മുന്നില്‍ നിന്നു. വാതിലിനു മുകളില്‍ വെളുത്ത പ്രതലത്തില്‍ നീല നിറത്തില്‍ ‘അശ്വഗന്ധ ഫാര്‍മസ്യൂട്ടിക്കല്‍സ്’ എന്ന് എഴുതിയിരുന്നു. മുറിക്കകത്തേക്കു കയറിയപ്പോള്‍ ഒരു കറുത്തു തടിച്ചമനുഷ്യന്‍ വലിയൊരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഗുളികകളുടെ സ്ട്രിപ്പുകള്‍ വാരി നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. മുറിയുടെ മൂലയില്‍ വെള്ളക്കുതിരയുടെ കവര്‍ചിത്രമുള്ള സ്പ്രേകളും ക്രീമുകളും വാരിക്കൂട്ടിയിരുന്നു. ചുവരില്‍, കുഞ്ചിരോമങ്ങള്‍ വിജൃംഭിച്ച് ഉയര്‍ന്നു ചാടി നില്ക്കുന്ന ഒരു വെള്ളക്കുതിരയുടെ വലിയ ചിത്രം. അതിന് ചുവട്ടിലായി ‘അസംതൃപ്തദാമ്പത്യത്തോട് ഗുഡ് ബൈ പറയാം’ എന്ന് കറുത്ത അക്ഷരത്തിലെഴുതിയിട്ടുണ്ട്.

രതീഷ് മുറിക്കുള്ളില്‍ കയറിയതൊന്നും അറിയാതെ വാജീകരണൗഷധങ്ങള്‍ പെട്ടിയില്‍ വാരി നിറയ്ക്കുകയാണ് തടിയന്. കറുത്ത പാന്റ്സിനുള്ളില്‍ തിരുകിക്കയറ്റിയ വിയര്‍പ്പണിഞ്ഞ വെളുത്ത ഷര്‍ട്ടിനകത്ത് വീര്‍പ്പുമുട്ടുന്ന അയാളുടെ വന്വയര് ഷര്‍ട്ടിനിടയിലൂടെ പുറത്തേക്ക് എത്തി നോക്കുന്നുണ്ട്. രതീഷ് തൊണ്ട കൊണ്ടൊരു കരകരപ്പുണ്ടാക്കി. തടിയന് തിരിഞ്ഞു നോക്കി പുരികം ചുളിച്ചു.
”ഞാന്‍ സിറ്റി ന്യൂസ് പത്രത്തീന്നാണ്. കഴിഞ്ഞ മാസം ‘അശ്വഗന്ധ’യുടെ പരസ്യം കൊടുത്തതിന്റെ ചാര്‍ജ് കിട്ടിയില്ലായിരുന്നു….”
തോളില്‍ തൂക്കിയിരുന്ന ബാഗില്‍ നിന്ന് രതീഷ് കുറച്ച് കടലാസുകളെടുത്ത് നോക്കിയിട്ട് അതിലൊന്ന് തടിയനു നേര്‍ക്കു നീട്ടി. അതു വാങ്ങി ഒന്നു കണ്ണോടിച്ച ശേഷം തടിയന് തന്റെ പാന്റ്സിന്റെ പോക്കറ്റിലേക്ക് കൈ കടത്തി ഒരു അഞ്ഞൂറിന്റെ നോട്ട് പുറത്തെടുത്തു.
”ബാക്കി പിന്നെത്തരാം.”
അയാള്‍ മുരണ്ടു. നനവു കൊണ്ടു കുതിര്‍ന്ന വഴുവഴുപ്പുള്ള ആ നോട്ട് രതീഷ് വാങ്ങി പോക്കറ്റിലിട്ടു. മൂവായിരം രൂപ കിട്ടേണ്ടിടത്താണ് ഈ അഞ്ഞൂറ് ! അയാള്‍ നന്ദിസൂചകമായി ഒന്നു ചിരിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ തടിയന് തന്റെ ജോലിയിലേക്ക് പുന:പ്രവേശിച്ചു.
രതീഷ് ഗോവണിയിറങ്ങി താഴെയെത്തിയപ്പോള്‍ റോഡരികിലെ മുറുക്കാന്‍ കടയ്ക്കുള്ളിലേക്കു നോക്കി കുറേപ്പേര് വായും തുറന്ന് കൂട്ടംകൂടി നില്ക്കുന്നു. കാര്യമെന്തെന്നറിയാന്‍ അങ്ങോട്ടു നടന്നു. മുറുക്കാന്‍ കടയ്ക്കുള്ളിലെ പതിന്നാലിഞ്ച് ടി.വി.യില്‍ കണ്ണുംനട്ടാണ് ആള്‍ക്കൂട്ടത്തിന്റെ നില്‍പ്പ്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരസംഘര്ഷത്തിന്റെ തത്സമയദൃശ്യങ്ങളാണ് ആള്‍ക്കൂട്ടത്തെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. പെട്ടെന്ന് രതീഷിന്റെയുള്ളിലെ പത്രപ്രവര്ത്തകന് ഉണര്‍ന്നു. അയാള്‍ സമയം പാഴാക്കിയില്ല. ബൈക്കില്‍ കയറി സമരമുഖത്തേക്ക് കുതിച്ചു.
സമര സംഘര്‍ഷങ്ങള്‍ പകര്‍ത്തി, പ്രസ് ക്ലബ്ബിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് പുറത്തിറങ്ങിയപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ വീണ്ടും സംഘര്‍ഷം. പിന്നെയും അങ്ങോട്ടു വച്ചുപിടിച്ചു. അത് കവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ സമയം രണ്ടര. നല്ല വിശപ്പ്. അരുള്‍ ജ്യോതിയില്‍ കയറി മൂന്നു ചപ്പാത്തിയും കുറുമാ കറിയും കഴിച്ചു. ഇതിനിടയില്‍ പെരുമാള്‍ പിള്ള വീണ്ടും വിളിച്ചു. ഇനിയും ഫോണെടുക്കാതിരിക്കുന്നത് ശരിയല്ല. കൊടുക്കാനുള്ള പണം രണ്ടു ദിവസത്തിനകം കൊടുക്കാമെന്ന് പറഞ്ഞ് വല്ല വിധേനെയും അയാളെ സമാധാനിപ്പിച്ചു. തകരപ്പറമ്പിലേയും ചാലയിലേയും മൊബൈല്‍-ഇലക്ട്രോണിക്സ് -സ്വര്‍ണ്ണക്കടകളില്‍ കയറിയിറങ്ങി പത്രത്തിലേക്കുള്ള പരസ്യം പിടിക്കാനൊരു ശ്രമം നടത്തി. ചാലയിലെ ‘സുജാത ജ്വല്ലറി’ക്കാരന് മാത്രമേ അനുകൂലമായി പ്രതികരിച്ചുള്ളൂ. അഞ്ചു മണിയായപ്പോള്‍ പ്രസ് ക്ലബില്‍ ട്രാന്‍സ് ജന്‍ഡേഴ്സിന്റെ പത്ര സമ്മേളനം. അതും കഴിഞ്ഞ് ആറേ കാലോടെ തിരികെ ഓഫീസില്‍ വന്ന് കംപ്യൂട്ടറിനു മുന്നില്‍ കുത്തിയിരുന്നു. നാളത്തെ പത്രത്തിനുള്ള മാറ്റര്‍ തയ്യാറാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.അയച്ചു കിട്ടിയതും സ്വയം തയ്യാറാക്കിയതുമായ റിപ്പോര്‍ട്ടുകളെല്ലാം കൂടി ചേര്‍ത്ത് എട്ടു പേജ് ലേഔട്ട് പൂര്‍ത്തിയാക്കി, പ്രസിലേക്ക് മെയ്ല് ചെയ്ത് ഓഫീസ് പൂട്ടി പുറത്തിറങ്ങിയപ്പോള്‍ സമയം പത്തേമുക്കാല്. ഇതിനിടയില്‍ ഭാര്യയുടെ പിറന്നാള്‍ മറന്നു പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
പേരൂര്‍ക്കട എന്‍.സി.സി നഗര്‍ റോഡിലെ ‘തൂലിക’ എന്ന ചെറിയ ടെറസ് വീടിനു മുന്നില്‍ രതീഷിന്റെ സ്പ്ലെന്‍ഡര്‍ വന്നു നിന്നു. വീടിന്റെ സിറ്റൗട്ടില്‍ വെളിച്ചമുണ്ട്. ബൈക്കില്‍ നിന്നിറങ്ങി ഗേറ്റ് തുറന്ന് ബൈക്ക് അകത്തേക്കു കയറ്റി. കോളിംഗ് ബെല്ലമര്‍ത്തി ഏതാണ്ട് ഒരു മിനിറ്റായപ്പോള്‍ വീടിനുള്ളില്‍ വെളിച്ചം തെളിഞ്ഞു. വാതില്‍ തുറക്കപ്പെട്ടു. രശ്മി പുറത്തേക്കു വന്നു. അയാള്‍ ആശ്വാസനിശ്വാസമുതിര്‍ത്തു.
”നീ ഫോണെടുക്കാത്തതെന്ത്? ഞാനെത്ര തവണ വിളിച്ചു….”
അയാളുടെ പരിഭവം പറച്ചില് കേട്ടില്ലെന്ന് നടിച്ച് വീര്‍ത്തു കെട്ടിയ മുഖവുമായി രശ്മി വെട്ടിത്തിരിഞ്ഞ് അകത്തേക്കു നടന്നു. ‘ശ്ശൊ ‘ എന്നു പറഞ്ഞ് സ്വന്തം നെറ്റിയില്‍ വലതു കൈപ്പടം അടിച്ചു കൊണ്ട് അയാളും അവളുടെ പിറകേ വീടിനകത്തേക്കു കയറി. ഹാളിലേക്കു കയറിയപ്പോള്‍ തറയില്‍ കിടന്ന ഒരു കളിപ്പാട്ടത്തില്‍ അയാളുടെ കാല് തട്ടി. കളിപ്പാട്ടത്താറാവ് നിദ്ര വിട്ടുണര്‍ന്ന് ചെണ്ടകൊട്ടാന്‍ തുടങ്ങി:
”ടക് ടക് ടക് ടക് …..”
”സത്യമായിട്ടും ഞാന്‍ മറന്നു പോയതാണ് രശ്മി. ഇന്നത്തെ ദിവസം അത്രയ്ക്കായിരുന്നു തെരക്ക്. നിനക്കറിയാമല്ലോ. ഞാനൊറ്റയ്ക്കാണ് എല്ലാം കൂടി നോക്കണത്.”
മുഖം വീര്‍പ്പിച്ച് സെറ്റിയിലിരിക്കുന്ന പ്രിയതമയ്ക്കരികിലേക്ക് അനുരഞ്ജന വാക്കുകളുമായി രതീഷ് ചെന്നു.
”നീ ക്ഷമിക്ക്. എന്തായാലും നാളെ നമ്മള് അടിച്ചു പൊളിച്ചിരിക്കും. ഉറപ്പ്.” അയാള്‍ രശ്മിയുടെ തോളിലൂടെ കൈയിട്ട് അവളെ ചേര്‍ത്തു പിടിച്ചു.
”ഇന്നത്തെ ബര്‍ത്ത്ഡേ നാളെയാണോ അടിച്ചു പൊളിക്കുന്നത്?”
അയാളുടെ കൈ ചുമലില്‍ നിന്ന് എടുത്തു മാറ്റിക്കൊണ്ട് പരിഭവഭാവം തുടര്‍ന്നു.
”പറ്റിപ്പോയി. നാളെ നമുക്ക് പൊളിക്കാം. പ്രോമിസ്.”
അയാള്‍ അവളുടെ തലയില്‍ കൈവച്ചു. പിന്നെയും കുറേ മധുരം പുരണ്ട വാക്കുകള്‍ പറയേണ്ടി വന്നു അവളുടെ പരിഭവം ഒന്നടക്കുവാന്. ഒടുവില്‍, പരിഭവങ്ങളുടെ കാര്‍മേഘങ്ങളൊഴിഞ്ഞ മനസ്സുമായി ഇരുവരും കിടപ്പുമുറിയിലേക്കു കയറി. മിക്കി മൗസിന്റെ ചിത്രമുള്ള വര്‍ണശബളമായ കിടക്ക വിരിയിട്ട കട്ടിലിനു നടുവില്‍ വെള്ള നിറമുള്ള റ്റെഡിബിയറിനേയും കെട്ടിപ്പിടിച്ച് സുഖനിദ്രയില്‍ കിടക്കുന്ന തംബുരുവിന്റെ നെറ്റിയില്‍ അയാള്‍ വാത്സല്യത്തോടെ ഉമ്മ വച്ചു.
”പത്തര മണി വരെ കാത്തിരിന്നു, അച്ഛന് വരുമെന്നും പറഞ്ഞ്…. കാണാതായപ്പോ അറിയാതെയങ്ങ് ഉറങ്ങിപ്പോയി. പാവം” തംബുരുവിന്റെ നെറ്റിയില്ത്തലോടിക്കൊണ്ട് രശ്മി പറഞ്ഞു.രതീഷ് സഹതാപത്തോടെ അവളെ നോക്കി.രശ്മി രതീഷിന് അരികിലേക്ക് ചേര്‍ന്നിരുന്ന് അയാളെ ചേര്‍ത്തു പിടിച്ചു.
”പോട്ടെ. സാരമില്ല.”
അയാള്‍ അല്പനേരം അവളെത്തന്നെ നോക്കിയിരുന്ന ശേഷം മെല്ലെ മുഖം അവളുടെ മുഖത്തിനടുത്തേക്കു ചലിപ്പിപ്പിച്ച്, അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകളമര്‍ത്തി. സുദീര്‍ഘമായൊരു അധരബന്ധനാനന്തരം നേരിയ കിതപ്പോടെ രതീഷ്, രശ്മിയുടെ കാതില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ മോളൂ’ എന്ന് മൊഴിഞ്ഞു. അവള് വിടര്‍ന്ന ചുണ്ടുകളോടെ അവനെ കൂടുതല്‍ ഗാഢമായി ചേര്‍ത്തു പിടിച്ചു. ഇരുവരും കട്ടിലിലേക്കു മറിഞ്ഞു……
വിയര്‍പ്പുപൊടിയുന്ന ഉടലുകളുമായി രശ്മിയും രതീഷും കിടക്കയില്‍ തളര്‍ന്നു കിടന്നു. രതീഷിന്റെ നെഞ്ചില്‍ തലവച്ചു കിടന്ന രശ്മി മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. പക്ഷേ, ഒരു സുരതത്തിന്റെ ആലസ്യത്തിലും ഉറക്കം വരാതെ വിടര്‍ന്ന കണ്ണുകളുമായി ചിന്താധീനനായി കിടക്കുകയായിരുന്നു രതീഷ്. അപ്പോള്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു വന്നത് മുറുക്കാന്‍ കറപിടിച്ച പല്ലുകളിറുമ്മി നില്ക്കുന്ന പെരുമാള്‍ പിള്ളയുടെ മുഖമാണ്. രണ്ടു ദിവസത്തിനകം എങ്ങനെ മുപ്പതിനായിരം രൂപ കൊടുക്കും? അയാള്‍ നെടുവീര്‍പ്പോടെ രശ്മിയുടെ കൈയിലൂടെ തടവി. പിന്നെയും തടവി. ഇപ്പോള്‍ അവളുടെ കൈത്തണ്ടയിലെ രണ്ടു സ്വര്ണ്ണവളകളില്ത്തട്ടി നില്‍ക്കുകയാണ് അയാളുടെ കൈ. ഉള്ളില്‍ സമാശ്വാസത്തിന്റെ കാറ്റ് വീശി. അയാള്‍ പതിയെ കണ്ണുകളടച്ചു