
സ്റ്റ്യാചു ജംഗ്ഷന് – V

പ്രശാന്ത് ചിന്മയന്
- സെല്‍ഫി
കടും ചുവപ്പ് നിറമുള്ള ഷര്‍ട്ടിട്ട അനില്‍ കൃഷ്ണന്, വാടാ മുല്ലപ്പൂവിന്റെ നിറമുള്ള സാരിയുമുടുത്ത് തലയില്‍ മുല്ലപ്പൂവും ചൂടി നില്ക്കുന്ന ഭാര്യ പ്രിയംവദ തങ്കച്ചി, ഇരുവര്‍ക്കും നടുവിലായി നീലയില്‍ മഞ്ഞപ്പൂക്കള്‍ ഡിസൈനുള്ള ചുരിദാറിട്ട മകള്‍ ഗ്രീഷ്മ. എല്ലാവരും പല്ലുകള്‍ അത്യാവശ്യം പുറത്തു കാണത്തക്ക രീതിയില്‍ത്തന്നെ സന്തോഷം പ്രകടിപ്പിച്ചാണ് നില്‍ക്കുന്നത്. സ്മാര്‍ട്ട് ഫോണിലെ ഗ്യാലറിയില്‍ തെളിഞ്ഞ ആ കുടുംബ സെല്‍ഫിയെ അനില്‍ കൃഷ്ണന് സാകൂതം നോക്കി നിന്നു. അര്ദ്ധശതകത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴും തന്റെ സൗന്ദര്യത്തിന് വലിയ കോട്ടമൊന്നും തട്ടിയിട്ടില്ലെന്നതില് അയാള്‍ക്ക് അഭിമാനം തോന്നി. കറുത്ത് സമൃദ്ധമായ തലമുടിയിലൂടെ അയാള്‍ വിരലോടിച്ചു. ഗോദ്റെജ് ഡൈക്ക് സ്തുതി!
കഴിഞ്ഞ ഞായറാഴ്ച പ്രിയംവദയുടെ കുഞ്ഞമ്മയുടെ മകളുടെ കല്യാണത്തിന് പോയപ്പോള്‍ അളകാപുരി കല്യാണമണ്ഡപത്തില്‍ വച്ച് അയാള്‍ എടുത്തതായിരുന്നു ആ ഫാമിലിസെല്ഫി. ഫോട്ടോ നോക്കി അല്പനേരം ആത്മരതിയിലേര്പ്പെട്ട ശേഷം തന്റെ ചൂണ്ടുവിരല്‍ ഫോണില്‍ അമര്‍ത്തി കുടുംബസെല്ഫിയെ സെലക്ട് ചെയ്ത് ഫേസ് ബുക്കിലേക്ക് ഷെയര്‍ ചെയ്തു. ‘എന്തെങ്കിലും എഴുതൂ’ എന്ന് ഫേസ് ബുക്ക് കെഞ്ചിയപ്പോള്‍ ഫോട്ടോയ്ക്ക് മേല്‍ക്കുറിപ്പായി അയാള്‍ ഇങ്ങനെ എഴുതി: This is my heaven.
ഫോട്ടോ അപ് ലോഡ് ചെയ്ത് ഒരു മിനിറ്റായപ്പോള്ത്തന്നെ ലൈക്കുകളുടെ എണ്ണം പതിനെട്ടായി. Nice, Beautiful, അടിപൊളി, ആശംസകള്‍ തുടങ്ങിയ കമന്റുകളും വന്നു തുടങ്ങി.

”ജയ് ശ്രീറാം…. ജയ് ശ്രീറാം….”
കോളിംഗ് ബെല്‍ ശബ്ദിച്ചു. അയാള്‍ മുകള്‍നിലയിലെ ബെഡ് റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി, ഗോവണി ലക്ഷ്യമാക്കി നടന്നപ്പോള്‍ മകളുടെ റൂമില്‍ വെളിച്ചം കണ്ടു. അവള് പഠിക്കുകയാണ്.
ഗോവണിപ്പടികളിലൂടെ അനില്‍ കൃഷ്ണന് ധൃതിയില്‍ താഴെ ഹാളിലേക്കിറങ്ങി. പൂജാമുറിയില്‍ നിന്ന് സാമ്പ്രാണിയുടെ മുല്ലപ്പൂ ഗന്ധം തുളച്ചു കയറി. ഹാളില്‍, ടി.വിയിലെ ഏതോ സീരിയലില്‍ സ്വയം സമര്‍പ്പിച്ച് സെറ്റിയില്‍ അമര്ന്നിരിക്കുകയായിരുന്നു പ്രിയംവദ.
‘ജയ് ശ്രീറാം’ നിലവിളികളൊന്നും അവള് കേട്ട ലക്ഷണമേ ഇല്ല.ടി.വി.സ്ക്രീനില്‍, റോസ് പൗഡറില്‍ മുക്കിയെടുത്ത, സര്‍വ്വാഭരണ വിഭൂഷിതകളായ, പളപളപ്പുള്ള പട്ടുസാരികളുടുത്ത രണ്ടു സ്ത്രീകള്‍, അമ്മായിയമ്മയും മരുമകളുമാകാം, പരസ്പരം നോക്കി പല്ലിറുമ്മുന്നു. കണ്ണുരുട്ടുന്നു. കണ്ണടിച്ചു പോകുന്ന കടും ചുവപ്പ് ലിപ്സ്റ്റിക് വാരിപ്പൂശിയിരിക്കുന്ന അവരുടെ ചുണ്ടുകളില്‍ പറ്റിപ്പിടിച്ചുനിന്നുപോയ തന്റെ കണ്ണുകളെ ആയാസപ്പെട്ട് പിന്‍വലിച്ച അനില്‍കൃഷ്ണന്‍ തിടുക്കത്തില്‍ പോയി വാതില്‍ തുറന്നപ്പോള്‍ തെളിഞ്ഞ ചിരിയുമായി നില്‍ക്കുകയാണ് പണിക്കേഴ്സ് ലെയ്ന്‍ റെസിഡന്‍സ് അസോസിയേഷന് സെക്രട്ടറി വേലായുധന് നായരും പ്രസിഡന്റ് കൃഷ്ണപിള്ളയും. അവര്‍ കയ്യിലിരുന്ന പിങ്ക് നിറത്തിലുള്ള നോട്ടീസ് നീട്ടി – ‘റെസിഡന്‍സ് അസോസിയേഷന് കുടുംബ സംഗമം’.
”വരണ ഞായറാഴ്ചയാണ്. സാറും ഫാമിലിയും പങ്കെടുക്കണം. ഭക്ഷണമെല്ലാം ഏര്പ്പാടാക്കിയിട്ടൊണ്ട്.”
പ്രസിഡന്റ് വിശദീകരിച്ചു.
”പിന്നെ കലാപരിപാടികളും ഉണ്ട്. ആര്‍ക്കെങ്കിലും പരിപാടി അവതരിപ്പിക്കണമെങ്കില്‍ രണ്ടു ദിവസത്തിനകം പേര് തരണം.”
സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
”സ്വന്തം കവിതയായാലോ?”
അനില്‍ കൃഷ്ണന് നോട്ടീസില്‍ കണ്ണോടിച്ചു കൊണ്ടാണ് ചോദിച്ചത്.
”പിന്നെന്താ. സാറ് കവിത എഴുതുമോ?”
പ്രസിഡന്റിന് എന്തോ അവിശ്വസനീയത പോലെ.
”കൊറച്ചൊക്കെ ….”
മുഖത്ത് ചെറുചിരി വരുത്തി അനില്‍കൃഷ്ണന്‍ പറഞ്ഞു.
”മോള്‍ക്കോ വൈഫിനോ എന്തെങ്കിലും ….”
”ഇല്ലില്ല ….”
”സാറിന്റെ പേര് ഞങ്ങളെഴുതിക്കോളാം.എന്നാല്‍ ശരി.”
അവരിറങ്ങി.
താനൊരു കവികൂടിയാണെന്ന് അയാള്‍ ചുമ്മാ തട്ടി വിട്ടതൊന്നുമല്ല. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലം മുതല്ക്കേ കവിത എഴുതാറുണ്ട്. എല്ലാ കുട്ടികളും ആദ്യനാളുകളില്‍ എഴുതാറുള്ള വിഷയങ്ങളായ ഗ്രാമം, പുഴ, മഴ, പ്രഭാതം തുടങ്ങിയവ തന്നെയായിരുന്നു കാവ്യവിഷയങ്ങള്‍. പക്ഷേ, ഹൈസ്കൂളിലെത്തിയപ്പോള്‍ വിഷയം പ്രണയമായി മാറി. ഒമ്പതാം ക്ലാസില്‍ തന്റെ സഹപാഠിയായിരുന്ന, വിടര്‍ന്ന കണ്ണുകളുള്ള, വെളുത്ത സുന്ദരി മായാറാണിയെ മനസ്സില്‍ കണ്ടുകൊണ്ടാണ് ആദ്യപ്രണയ കവിതയായ ‘മായാ മനോഹരി’ അയാള്എഴുതിയത്.’കമലനയന സുന്ദരീ നിന്റെ കവിളില്‍ തെളിയുന്നൊരരുണാഭയില്….’ എന്നു തുടങ്ങുന്ന ആ പന്ത്രണ്ടുവരിക്കവിത മനോഹരമായ കൈപ്പടയിലെഴുതി മലയാളം പാഠാവലിക്കുള്ളില് അയാള്‍ ഭദ്രമായി സൂക്ഷിച്ചു. സമയവും സൗകര്യവും ഒത്തുവരുമ്പോള്‍ മായാറാണിക്ക് സമര്‍പ്പിക്കാം എന്നൊരു ഗൂഢോദ്ദേശ്യവും ഉണ്ടായിരുന്നു. പക്ഷേ, ഒരു ദിവസം അവിചാരിതമായി മലയാളം പാഠാവലിയില്‍ നിന്നൂര്‍ന്ന് നിലത്തു വീണ ആ പ്രണയഗീതകം മലയാളം അധ്യാപകനായ ഊളന്‍ പരമേശ്വരന് സാറിന്റെ ദൃഷ്ടി പഥത്തിലെത്തുകയും അദ്ദേഹം അത് കുനിഞ്ഞെടുത്ത് നിവര്‍ത്തി ഉറക്കെ വായിക്കാന്‍ തുടങ്ങുകയും ചെയ്തു. ക്ലാസില്‍ കൂട്ടച്ചിരി ഉയര്‍ന്നു.മലയാള കവിത ആധുനികതയും ഉത്തരാധുനികതയും കടന്നു പോയിട്ടും ഇപ്പോഴും ചങ്ങമ്പുഴയുടെ കാല്പനിക കാലത്തു തന്നെ നിലയുറപ്പിച്ചിരിക്കുന്ന തന്റെ ശിഷ്യനെ വായനക്കിടയില്‍ പരമേശ്വരന് സാര്‍ സാഭിമാനം ഒന്നു നോക്കി. പക്ഷേ, എട്ടാമത്തെ വരിയിലെത്തിയപ്പോള്‍ അതുവരെ വായിച്ചിരുന്ന താളത്തിന് ഒരിളക്കം സംഭവിച്ചതായി സാറിനു തോന്നി. പത്താമത്തെ വരിയിലും അതാവര്‍ത്തിച്ചു. സാറിന്റെ പല്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി. കയ്യിലിരുന്ന കവിതാ കടലാസ് വിറച്ചു തുടങ്ങി. മറ്റെന്തും സാറ് സഹിക്കും. കവിതയിലെ വൃത്തഭംഗം അക്ഷന്തവ്യമാണ്. അദ്ദേഹം കണ്ണട താഴ്ത്തി ശിഷ്യനെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം വലതുകൈയിലെ ചൂണ്ടുവിരല്‍ ഇളക്കി തന്റെ സവിധത്തിലേക്ക് അവനെ ക്ഷണിച്ചു. ഒരിളിഭ്യച്ചിരിയോടെ ബെഞ്ചില്‍ നിന്ന് മെല്ലെ ആസനമുയര്ത്തിയ കവി, ഗുരുവിനടുത്തേക്കു മെല്ലെ നടന്നു.
”വൃത്തം തെറ്റിക്കാതെ എഴുതാനറിയില്ലെങ്കില്‍ നീയൊക്കെ എന്തിനാടാ കവിത എഴുതണത്?”
അരികിലെത്തിയ ശിഷ്യന്റ ചെവിക്കുടയില്‍ കടന്നുപിടിച്ചു കൊണ്ട് പരമേശ്വരന് സാര്‍ അലറി. കവിതാ രചനയില്‍ അനില്‍ കൃഷ്ണനു കിട്ടിയ ആദ്യ സമ്മാനമായിരുന്നു അത്. ആ ‘നീറുന്ന’ഓര്‍മ്മയില്‍ പിന്നെ കുറേക്കാലം അയാള്‍ കവിതയൊന്നും എഴുതിയതേയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് കോളേജ് പഠനമെല്ലാം പൂര്‍ത്തിയാക്കി ജോലിയൊക്കെ കിട്ടിയപ്പോഴാണ് കവിതാഭ്രമം പിന്നെയും പിടികൂടുന്നത്. അപ്പോഴേക്കും കവിതയ്ക്ക് വൃത്തമേ ആവശ്യമില്ല എന്ന അവസ്ഥയും വന്നിരുന്നുവെന്നത് അനുഗ്രഹമായി. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, പാരിസ്ഥിതിക വിഷയങ്ങളിലായിരുന്നു കാവ്യരചന. പക്ഷേ, സുന്ദരികളായ തരുണീമണികളെ കാണുമ്പോള്‍ അയാളിലെ കാല്പനിക കവി ഹൃദയം തുടിക്കുകയും അത് കാവ്യങ്ങളായി അടര്‍ന്നു വീഴുകയും ചെയ്യാറുണ്ട്. പല പ്രസാധകര്‍ക്കും കവിതകള്‍ അയച്ചുകൊടുത്തുവെങ്കിലും ആരും പ്രസിദ്ധീകരിച്ചില്ല. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ മാഗസിനിലാണ് ആകെയൊരു കവിത പ്രസിദ്ധീകരിച്ചത്. പക്ഷേ, ഫേസ്ബുക്കിന്റെ കടന്നുവരവോടെ അനില്‍കുമാറിലെ കവിക്ക് പുതുജീവന്‍ കൈവന്നു. ഇപ്പോള്‍ ആഴ്ചതോറും ഓരോ കവിതയാണ് പോസ്റ്റ് ചെയ്യുന്നത്. അവയ്ക്ക് കുറഞ്ഞത് നൂറ് ലൈക്കെങ്കിലും കിട്ടാറുമുണ്ട്. കൂടാതെ, നഗരത്തിലെ കവിതാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന കവിയരങ്ങുകളിലെയെല്ലാം സ്ഥിരം കാവ്യാവതാരകന് കൂടിയാണ് അയാള്‍.
‘കുടുംബ സംഗമ’ത്തിന്റെ നോട്ടീസും മടക്കിപ്പിടിച്ച് അനില്‍ കൃഷ്ണന് തിരികെ ഹാളിലേക്ക് കടന്നതും ടി.വി.യില്‍ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് പ്രിയംവദ മെല്ലെ സെറ്റിയില്‍ നിന്നെണീറ്റു. സീരിയല്‍ എപ്പിസോഡ് അവസാനിച്ചതിന്റെ നിലവിളിഗീതം ടി.വി.യില്‍ നിന്നുയരുന്നുണ്ട്. കയ്യിലിരുന്ന റിമോട്ട് അവള് അയാള്‍ക്കു നീട്ടിയതും അതു വാങ്ങിയശേഷം തന്റെ കയ്യിലിരുന്ന നോട്ടീസ് അയാള്‍ അവള്‍ക്കു നേരെ നീട്ടി. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു കണ്ണീര് സീരിയലിന്റെ നനവ്.
നോട്ടീസും വായിച്ചു കൊണ്ട് പ്രിയംവദ അടുക്കള ലക്ഷ്യമാക്കി നടന്നപ്പോള്‍ പതുപതുപ്പുള്ള സെറ്റിയില്‍ അമര്‍ന്നിരുന്ന അനില്‍ കൃഷ്ണന്റെ വലതുതള്ളവിരല്‍ വാര്‍ത്താ ചാനലുകളെ ഉന്നമിട്ട് റിമോട്ടിലൂടെ ചാടിക്കളിച്ചു. നിമിഷങ്ങള്‍ക്കകം സീരിയല്‍ സംഗീതത്തില്‍ നിന്ന് വാര്‍ത്താ പശ്ചാത്തല സംഗീതത്തിലേക്കുള്ള കൂടുമാറ്റം നടന്നു. ഇനി ഒമ്പതര മണി വരെ അയാളുടെ കണ്ണുകളും കാതുകളും വാര്ത്താവിശകലനവാഗ്വാദകര്ക്കുള്ളതാണ്.
ടി.വിയിലെ അന്തിച്ചര്‍ച്ചകളില്‍ ആവേശപുളകിതനായ അനില്‍ ഇടയ്ക്കിടെ വാര്‍ത്താ ചാനലുകള്‍ മാറ്റിക്കൊണ്ട് എല്ലാ ചാനലുകളിലേയും ചര്‍ച്ചകളിലേക്ക് എത്തിനോക്കിക്കൊണ്ടിരുന്നു. പ്രാദേശിക – ദേശീയ – അന്തര്‍ദേശീയ വിഷയങ്ങളിലുള്ള സംവാദങ്ങളില്‍ സന്തോഷവും സങ്കടവും ധാര്മികരോഷവുമൊക്കെ പ്രകടിപ്പിച്ചു കൊണ്ട് കാലുകള്‍ ടീപ്പോയിലേക്ക് കയറ്റി വച്ച് സെറ്റിയില്‍ അയാള്‍ ചാഞ്ഞുകിടന്നു.

അടുക്കളയിലേക്ക് നിഷ്ക്രമിച്ച പ്രിയംവദ, ഫ്രിഡ്ജ് തുറന്ന് പച്ചക്കറികള്‍ പുറത്തേക്കെടുത്തുവച്ചശേഷം ഗ്യാസടുപ്പ് കത്തിച്ച് ദോശക്കല്ല് ചൂടാക്കാന്‍ തുടങ്ങി. ദോശക്കല്ല് ചൂടായിക്കൊണ്ടിരിക്കെ അവള് പച്ചക്കറി അരിഞ്ഞുതുടങ്ങി. നാളത്തെ ഊണിനുള്ള പച്ചക്കറി അരിഞ്ഞുതീരുന്നതിനു മുമ്പേതന്നെ ദോശക്കല്ല് ചൂടുപിടിച്ചതിനാല്‍ അവള് ധൃതിയില്‍ കല്ലില്‍ എണ്ണ പുരട്ടി മാവൊഴിച്ചു.മാവ് വേവാന്‍ തുടങ്ങിയപ്പോള്‍ അവള് വീണ്ടും പച്ചക്കറിയിലേക്കു തിരിഞ്ഞു. പച്ചക്കറി അരിയല്‍ ….. ദോശ ചുടല്. ദോശ ചുടല്…. പച്ചക്കറി അരിയല്‍. ഏതാണ്ട് അര മണിക്കൂര്‍ വേണ്ടി വന്നു രണ്ടും പൂര്‍ത്തിയാകാന്‍.
”അനിയേട്ടാ, ഫുഡ് റെഡിയായി.” തീന്മേശയില് പ്ലേറ്റുകള്‍ നിരത്തിക്കൊണ്ട് പ്രിയംവദ വിളിച്ചുപറഞ്ഞതും വാര്‍ത്താ വിശകലനത്തിന്റെ ക്ലൈമാക്സിലേക്ക് കണ്ണും നട്ടിരുന്ന അനില്‍ കൃഷ്ണന് ടീപ്പോയില്‍ കയറ്റിവച്ചിരുന്ന കാലുകള്‍ നിലത്തിറക്കി, സെറ്റിയില്‍ നിവര്‍ന്നിരുന്നു.
”മോളേ… വാ ഭക്ഷണം കഴിക്കാം.” പ്രിയംവദ സ്റ്റെയര്‍കേസിനടുത്തു നിന്ന് മുകളിലേക്കു നോക്കി വിളിച്ചുപറഞ്ഞു. നിമിഷങ്ങള്‍ക്കകം ഗ്രീഷ്മ താഴേക്കിറങ്ങി വന്ന് അച്ഛന്റെ കയ്യിലിരുന്ന റിമോട്ട് തട്ടിപ്പറിച്ചു.
”എടീ, ഒരു മിനിട്ട് അതിപ്പം തീരും.” അനില്‍ മകളോട് കെഞ്ചി.
”മതി മതി അച്ഛന് കൊറേ നേരം കൊണ്ട് കാണണതല്ലേ ഈ മുടിഞ്ഞ വാര്‍ത്ത.” അവളുടെ വിരലുകള്‍ അതിദ്രുതം റിമോട്ടിലൂടെ സഞ്ചരിച്ചു.
”ഹേയ്, ഏന് ഗോലി സോഡാവേ
ഏന് കറി കൊഴംവേ
ഉന്‍ കുട്ടി പപ്പി നാന്
ടേക് മീ ടേക് മീ ….”
നൃത്തമാണോ ജിംനാസ്റ്റിക്സാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അടിപൊളി തമിഴ്സിനിമാഗാനരംഗം ടി.വി സ്ക്രീനില്‍ തെളിഞ്ഞു.ആ ഗാനചേഷ്ടകള്ക്കനുസരിച്ച് ശരീരമിളക്കിക്കൊണ്ട് ഗ്രീഷ്മ സെറ്റിയില്‍ ഇരുന്നു. നൃത്ത നായികയുടെ ഇളകിയാട്ടങ്ങളില്‍ അത്ഭുതപരതന്ത്രനായ അനില്‍ കൃഷ്ണന്റെ വായ അറിയാതെ തുറന്നു പോയി.
”നിങ്ങള്‍ കഴിക്കുന്നില്ലേ? ഭക്ഷണം തണുക്കുന്നു.” പ്രിയംവദയുടെ പരിഭവം കലര്‍ന്ന വിളി വീണ്ടും ഉയര്‍ന്നപ്പോള്‍ അയാള്‍ മെല്ലെ സെറ്റിയില്‍ നിന്നുയര്‍ന്നു.ടി.വിയില്‍ നിന്ന് കണ്ണെടുക്കാതെ ഗ്രീഷ്മയും തീന്മേശ ലക്ഷ്യമാക്കി മെല്ലെ നടന്നു. മൂന്നു പ്ലേറ്റുകളില്‍ പ്രിയംവദ ചൂടു ദോശയും ചമ്മന്തിയും നിരത്തി. ചടുല തമിഴ് സിനിമാ ഗാനത്തില്‍ കണ്ണുകള്‍ സമര്‍പ്പിച്ച് അച്ഛനും അമ്മയും മകളും തേങ്ങാ ചമ്മന്തിയില്‍ മുക്കി ദോശ കഴിച്ചു തുടങ്ങി.
ഭക്ഷണം കഴിച്ച്, പാത്രങ്ങള്‍ കഴുകി, പ്രിയംവദ ബെഡ് റൂമിലെത്തിയപ്പോള്‍ സമയം പത്തര കഴിഞ്ഞിരുന്നു.കട്ടിലിലിരുന്ന് തന്റെ വാട്ട്സ്ആപ്പ് സുഹൃത്തുക്കള്‍ക്ക് ‘ശുഭരാത്രി’ നേരുകയായിരുന്ന അനില്‍, പ്രിയംവദയുടെ സാമീപ്യമറിഞ്ഞ് തലയുയര്‍ത്തി. ചെറിയ കറുത്ത പുള്ളികളുള്ള ചുവന്ന നെറ്റിയില്‍ നില്ക്കുന്ന പ്രിയംവദയ്ക്ക് വല്ലാത്തൊരു മാദക സൗന്ദര്യം ഉള്ളതായി അയാള്‍ക്കു തോന്നി.നാഡികളില്‍ ഒരു കിരുകിരുപ്പ്. അവളെ നോക്കി ഒന്നു ചിരിച്ച്, വിരലുകള്‍ ഫോണിലൂടെ പായിച്ച് അതിനെ ഓഫാക്കി അയാള്‍ കട്ടിലില്‍ നിന്നെണീറ്റു. ഫോണിനെ മുറിയുടെ മൂലയിലെ മേശപ്പുറത്തേക്കിട്ടശേഷം വാതില്‍ കുറ്റിയിട്ട് ഏ.സി ഓണ്‍ ചെയ്തു. പ്രിയംവദ കട്ടിലില്‍ കിടന്നുകഴിഞ്ഞു. ഇടതുകാല് അല്പം ഉയര്‍ത്തി മടക്കി, വലതുകാല്‍ നീട്ടി നിവര്‍ത്തി പുറം തിരിഞ്ഞാണ് കിടപ്പ്. അയാള്‍ ട്യൂബ് ലൈറ്റ് ഓഫാക്കി സീറോ വാട്ട് ബള്‍ബിട്ടു. അരണ്ട വെളിച്ചത്തില്‍ തെളിഞ്ഞുകണ്ട പ്രേയസിയുടെ ഉടല്വടിവിനെ ലക്ഷ്യമാക്കി അയാള്‍ കട്ടിലിലേക്കു ചരിഞ്ഞു. മുറിക്കുള്ളില്‍ ശൈത്യം തുടങ്ങിയെങ്കിലും അയാളുടെ ശരീരം ചൂടുപിടിച്ചുകൊണ്ടിരുന്നു. സ്പ്രിംഗ് ആക്ഷനുള്ള മെത്തയിലൂടെ നിരങ്ങി നിരങ്ങി അയാള്‍ പ്രിയംവദയുടെ പിന്നാമ്പുറത്തെത്തി അവളോടു ചേര്‍ന്നു കിടന്നു. വിയര്‍പ്പിന്റേയും പിയേഴ്സ് സോപ്പിന്റെയും സങ്കലനഗന്ധം മദഗന്ധമായി അയാളുടെ മൂക്കിലേക്ക് ഇരച്ചുകയറി. അയാള്‍ തന്റെ ഇടതുകൈ അവളുടെ മാറിലൂടെ ഇട്ട് അവളെ ചേര്‍ത്തുപിടിച്ചതും ഒരു റിഫ്ളക്സ് ആക്ഷന്‍ പോലെ അവള് അയാളെ തള്ളിമാറ്റി മലര്‍ന്നു കിടന്നു.
”നാളെ ആറ്റുകാല്‍ രക്ത പുഷ്പാഞ്ജലി കഴിപ്പിക്കാനൊള്ളതാ. മിണ്ടാതെ കെടക്ക്.”
ഭര്‍ത്താവിന് താക്കീത് കൊടുത്തശേഷം അവള് വീണ്ടും തിരിഞ്ഞു കിടന്നു.
ആ ഒരൊറ്റ താക്കീതില്‍, ചൂടുപിടിച്ചു തലയുയര്‍ത്തി നിന്ന തന്റെ നാഡീഞരമ്പുകള്‍ വാടിക്കുഴഞ്ഞുപോയതായി അനില്‍ കൃഷ്ണനു തോന്നി. ഇത് ആദ്യാനുഭവമൊന്നുമല്ലാത്തതിനാല് അയാള്‍ക്കു പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. മിക്കവാറും എല്ലാ ദിവസവും ഇതുതന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്. ഭാര്യയുടെ അന്തമില്ലാത്ത അന്ധഭക്തിയില് വ്രതങ്ങള്‍ക്കും പൂജകള്‍ക്കും അര്ച്ചനകള്ക്കുമൊക്കെ താഴെയാണ് ദാമ്പത്യത്തിലെ ‘അനുഷ്ഠാനങ്ങളെ’ന്ന് അയാള്‍ തിരിച്ചറിയുന്നു. ബലപ്രയോഗത്തിലൂടെയാണെങ്കിലും ഉദ്ദിഷ്ട കാര്യം നേടിയെടുക്കണമെന്ന് തോന്നാറുണ്ടെങ്കിലും ആറ്റുകാലമ്മ, തൊഴുവന്കോട്ടമ്മ, പരമശിവന്, മഹാഗണപതി, ഹനുമാന് സ്വാമി തുടങ്ങിയ ദൈവനാമങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു… ഒരു… കിടുങ്ങല്. വിശ്വാസിയുടെ വിശ്വാസത്തെ ധ്വംസിക്കുന്നവനു മേല്‍ വല്ല ദൈവകോപവും വന്നാലോ?
നിശ്ചലമായ സീലിംഗ് ഫാനിനെ നോക്കി അനില്‍ കൃഷ്ണന് ചുടുനിശ്വാസമുതിര്ത്തു. കുറേനേരം കണ്ണും മിഴിച്ച് അങ്ങനെ കിടന്നു. പിന്നെ ശരീരം മെല്ലെ ചരിച്ച് തിരിഞ്ഞു കിടന്നു. വിപരീത ധ്രുവങ്ങളെ ദര്‍ശനമാക്കി ആ ദമ്പതികള്‍ നിദ്രാദേവിയെ വരിച്ചു. അല്പസമയത്തിനകം ഇരുവരുടേയും കൂര്‍ക്കംവലി പതിയെ കേട്ടു തുടങ്ങി. അപ്പോള്‍, ഏതാണ്ട് രണ്ടു മണിക്കൂറിനു മുമ്പ് അയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുടുംബസെല്ഫിക്ക് കിട്ടിയ ലൈക്കുകളുടെ എണ്ണം 568 ആയിക്കഴിഞ്ഞിരുന്നു
1 Comment
” സ്റ്റാച്ച്യൂ ജംങ്ഷൻ ” ഗംഭീരമാകുന്നുണ്ട്. അഭിനന്ദനങ്ങൾ.