
സ്റ്റാച്യു ജംഗ്ഷന് – IV

പ്രശാന്ത് ചിന്മയന്
- വിഷമവൃത്തം
”തുയി ഹാഷ്ലി ജോഘോന്
തോരി ഹോലോ യേ മോന്
തുയി ചുന്‍ ലി ജോഘോന്
തോരി ഹോലോ യേ മോന്….”
കടുകു പൊടിയിലേക്ക് തക്കാളിക്കഷണങ്ങളും മൂന്നിതള്‍ വെളുത്തുള്ളിയും രണ്ട് പച്ചമുളകും ഒരല്പം മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ഉപ്പും അരക്കപ്പ് വെള്ളവും ചേര്‍ത്തുകൊണ്ട് അലോക്മണ്ഡല് പാടി. ബംഗാളി സിനിമാ ഗാനം പാടി, ബംഗാളികളുടെ ഇഷ്ട വിഭവമായ കടുക് മീന്‍കറി തയ്യാറാക്കുകയായിരുന്നു ആ യുവാവ്. അലോകിന്റെ സഹമുറിയരായ ബീഹാര്‍കാരന്‍ വികാസ് കുമാര്‍, മുഷി മത്സ്യത്തെ മുറിച്ച് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ ആസാംകാരന്‍ ഉജ്വല്‍ ഹസാരിക ഗ്യാസടുപ്പിലെ കലത്തില്‍ തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കിയ ബസുമതി അരി പകര്‍ന്നു.അടുക്കളയില്‍ ‘നളപാചകം’ തകൃതിയായി നടക്കുമ്പോള്‍ ആ വീട്ടിലെ തന്നെ അന്തേവാസികളായ മുകേഷ് കുമാര്‍, ജയേന്ദ്ര സിംഗ്, പ്രകാശ് യാദവ് എന്നീ ഉത്തര്‍പ്രദേശുകാര്‍ തൊട്ടടുത്ത മുറിയിലെ വെറും നിലത്തു കിടന്ന് ഫേസ് ബുക്കിലും വാട്ട്സ്ആപ്പിലും യൂട്യൂബിലുമൊക്കെ സൈ്വരവിഹാരം നടത്തുകയായിരുന്നു.
ബണ്ടുമേട് കോളനിയിലെ മുത്തുമാരിയമ്മന്‍ കോവിലിനടുത്ത്, ജിനിയുടെ വീടിനു വടക്കുവശത്തുള്ള പഴയ ഓടിട്ട വീട്ടില്‍, കെട്ടിട നിര്‍മ്മാണത്തൊഴിലാളികളായ ഈ ആറംഗസംഘം താമസത്തിനെത്തിയത് രണ്ടു മാസം മുമ്പാണ്.നഗരത്തിലെ അറിയപ്പെടുന്ന കോണ്‍ട്രാക്ടറായ രമേഷ് കുമാറിന്റെ സ്ഥിരം പണിക്കാരാണ് ഇവര്‍. സാധാരണ രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം മാത്രമേ അവര്‍ പാചകം ചെയ്യാറുള്ളൂ. പണി കഴിഞ്ഞു വന്ന ശേഷം മിക്കവാറും ദിവസങ്ങളില്‍ വല്ല തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുകയാണ് പതിവ്. പക്ഷേ, ഇന്ന് അലോക് മണ്ഡലിന്റെ പിറന്നാള്‍ ആയതു കൊണ്ട് അയാള്‍ കൂട്ടുകാര്‍ക്കെല്ലാം തന്റെ പാചകത്തില്‍ത്തന്നെ ബംഗാളി വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കാമെന്ന് ഏറ്റിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാന ജില്ലയിലെ തെംഗ്ര എന്ന കുഗ്രാമത്തില്‍ നിന്ന് പത്തുവര്‍ഷം മുമ്പാണ് അലോക് മണ്ഡല് കേരളത്തിലെത്തിയത്. ഒരു കാലത്ത് സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമമായിരുന്നു തെംഗ്ര. അലോകിന്റെ അച്ഛന് ബമന്‍ മണ്ഡലായിരുന്നു പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി. ഭാര്യ മാധവിയും മക്കളായ അലോകും അഭിജിത്തും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം. 2007-2008 കാലം.24 നോര്‍ത്ത് പര്‍ഗാനയിലെ ബരസാത്ത് ഗവണ്മെന്റ് ഐ.ടി.ഐയില്‍ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയാണ് അലോക്. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ അവന് കോളേജ് ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായം തുടങ്ങുന്നുവെന്നാരോപിച്ച് സിംഗൂരിലും നന്ദി ഗ്രാമിലും കര്‍ഷക പ്രക്ഷോഭം ആളിക്കത്തുന്ന സമയം. ക്രമേണ സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭം കത്തിപ്പടര്‍ന്നു. സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. പലതും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസുകളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. അതിന്റെ പ്രതിഫലനം തെംഗ്രയിലുമുണ്ടായി. ഇന്നലെവരെ ചെങ്കൊടി നെഞ്ചോടു ചേര്‍ത്തു പിടിച്ചു നടന്ന പാര്‍ട്ടി അംഗങ്ങള്‍ പോലും കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു കൂടുമാറി. ഒരു രാത്രിയില്‍, പുറത്തു നിന്നെത്തിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അവര്‍ പാര്‍ട്ടി ഓഫീസ് പിടിച്ചെടുത്ത് അവിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിനാട്ടി. സി.പി.എം അനുഭാവികളുടെ വീടുകളുടെ വീടുകളെല്ലാം വ്യാപകമായി അക്രമിക്കപ്പെട്ടു. അവര്‍ ബമന്‍ മണ്ഡലിന്റെ വീടിനു തീയിട്ടു. ഉറക്കത്തിലായിരുന്ന ബമന്‍ മണ്ഡലും ഭാര്യയും ഇളയ മകനും വെന്തു വെണ്ണീറായി. അനാഥനായി മാറിയ അലോകിന്റെ പഠനവും അതോടെ നിലച്ചു. പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാതെ ഗ്രാമത്തില്‍ ജീവിക്കാന്‍ പോലും കഴിയില്ലെന്ന് അവന് തിരിച്ചറിഞ്ഞു.വല്ലാത്ത മാനസിക പിരിമുറുക്കത്തിലൂടെയാണ് ആ നാളുകള്‍ കടന്നുപോയത്.ആ നാട്ടില്‍ നിന്ന് എങ്ങോടേക്കെങ്കിലും ഓടിപ്പോയാല്‍ മതിയെന്നായി. അങ്ങനെയിരിക്കെയാണ് സുഹൃത്തായ ബികാസ് ചാറ്റര്‍ജിയില്‍ നിന്ന് കേരളത്തിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചറിയുന്നത്. ബികാസിന്റെ ചേട്ടന് കുറേക്കാലമായി കേരളത്തിലാണ് ജോലി നോക്കുന്നത്.അങ്ങനെ അലോക് കേരളത്തിലേക്കു തിരിച്ചു. ആദ്യം ചില വര്‍ക് ഷോപ്പുകളിലാണ് പണിക്കു നിന്നതെങ്കിലും, ജോലി സാധ്യതയും ശമ്പളവും കൂടുതലുള്ള കെട്ടിട നിര്‍മ്മാണമേഖലയിലേക്ക് പിന്നീടവന് മാറി. ഇപ്പോള്‍ പത്തു വര്‍ഷത്തോളമായിരിക്കുന്നു. സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടയ്ക്കിടെ അവനെ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട്. നാട്ടിലേക്കു മടങ്ങിച്ചെല്ലാന്‍ പഴയ സഖാക്കള്‍ നിര്‍ബന്ധിക്കാറുമുണ്ട്. രാഷ്ട്രീയ കാലാവസ്ഥയ്ക്കും ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.എന്തെങ്കിലും നല്ലൊരു ജോലി ശരിയാകുകയാണെങ്കില്‍ മടങ്ങി വരാമെന്നാണ് അവന് അവര്‍ക്ക് ഉറപ്പുകൊടുത്തിരിക്കുന്നത്. 24 നോര്‍ത്ത് പര്‍ഗാനയില്‍ തുടങ്ങാനിരിക്കുന്ന കാര്‍ ഫാക്ടറിയില്‍ അവനൊരു ജോലി സാധ്യതയുണ്ടെന്ന് ഇടയ്ക്ക് വിളിച്ചപ്പോള്‍ ബികാസ് സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലേക്കു മടങ്ങാനുള്ള തീരുമാനം ഏതു നിമിഷവും ഉണ്ടായേക്കും.

അയല്‍ വീട്ടില്‍ നിന്നുള്ള കടുക് മീന്‍ കറിയുടെ മണം അടുക്കള ജനലഴിയിലൂടെ ജിനിയുടെ മൂക്കിലേക്ക് വന്നെത്തവേ അവള്. അമ്മയ്ക്ക് രാത്രി കഴിക്കാനുള്ള ഓട്സ് പാലിലിട്ട് തിളപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. കടുകെണ്ണയുടെ വല്ലാത്തൊരു ഗന്ധം അവള്‍ക്ക് പിടിച്ചില്ല. അവള് മൂക്കു ചുളിച്ചു കൊണ്ട് അടുക്കള ജനലിലൂടെ കടുകെണ്ണഗന്ധത്തിന്റെ പ്രഭവകേന്ദ്രമായ വടക്കുവശത്തെ വീട്ടിലേക്കു തല നീട്ടി നോക്കി. കടുകെണ്ണമണം മൂക്കിലേക്കും ബംഗാളിഗാനം കാതിലേക്കും കൂടുതല്‍ ശക്തമായി പ്രവഹിച്ചു തുടങ്ങി.ബംഗാളിയുടെ ഗാനാലാപനം കേട്ട് അവള്‍ക്ക് ചിരി വന്നു.
അയല്പക്കത്ത് ‘ഹിന്ദിക്കാര്’ താമസത്തിനു വരുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ അവള്‍ക്കു പേടിയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് പത്രങ്ങളിലും ടി.വിയിലും വരുന്ന ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ തന്നെയായിരുന്നു അതിനു പ്രധാന കാരണം. അതുകൊണ്ട് വടക്കേപ്പുറത്തെ വാതില്‍ പോലും അവളങ്ങനെ തുറക്കാറില്ല. അതിരാവിലെ തന്നെ അവര്‍ പണിക്കു പോകുന്നതിനാല്‍ ജിനി ജോലിക്കു പോകുമ്പോള്‍ വീടിനു പുറത്തെങ്ങും അവരെ അങ്ങനെ കാണുമായിരുന്നില്ലെങ്കിലും ടെക്സ്റ്റയില്‍സില്‍ നിന്ന് മടങ്ങുന്ന വഴി ചിലപ്പോള്‍ അവര്‍ വീട്ടുമുറ്റത്തു നില്‍ക്കുന്നത് കാണാറുണ്ട്. അപ്പോഴെല്ലാം അവള് പരിഭ്രമത്തോടെ മുഖം കുനിച്ച് ധൃതിയില്‍ നടന്നു പോരികയാണ് പതിവ്.
തിളച്ചു തുടങ്ങിയ ഓട്സിലേക്ക് മൂന്നു സ്പൂണ്‍ പഞ്ചസാരയിട്ട് നന്നായി ഇളക്കി, അതിനെ ഒരു പരന്ന പാത്രത്തിലേക്കൊഴിച്ച് ചൂടാറാന്‍ വച്ചശേഷം ജിനി അമ്മയുടെ അടുത്തേക്കു ചെന്നു. ജോലിക്കു പോകുമ്പോള്‍ അമ്മയ്ക്കുള്ള ഉച്ചഭക്ഷണമെല്ലാം ഒരുക്കി വച്ചിട്ടാണ് അവള് പോകുന്നത്. ആയാസപ്പെട്ടാണെങ്കിലും ലില്ലി എണീറ്റ് അത് കഴിക്കും. അമ്മയെ ഈ അവസ്ഥയില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമുള്ളതല്ല. പക്ഷേ, ജോലിക്കു പോകാതിരുന്നാല്‍ വീട്ടുചെലവും അമ്മയുടെ ചികിത്സയും എല്ലാം മുടങ്ങും. വീട്ടില്‍ പന പോലെ വളര്‍ന്നൊരു ആണ്കുട്ടിയുണ്ടെങ്കിലും അവനെക്കൊണ്ട് അഞ്ചു പൈസയുടെ ഉപകാരമില്ലെന്നതാണ് പരമാര്‍ത്ഥം.
”ഇനി കൊറച്ച് നേരം എണീറ്റിരിക്കാം. ഓട്സും കുടിച്ചോണ്ട് കെടക്കാം.”
അവള് അമ്മയെ പിടിച്ചെഴുന്നേല്പിച്ചു.
”എനിക്കൊന്നും വേണ്ടെടീ…. കെടന്നാ മതി.”
പരിക്ഷീണ സ്വരത്തില്‍ ലില്ലി പറഞ്ഞു.
”ഒന്നും കഴിക്കാതിരുന്നാ ശരിയാവൂല. മരുന്ന് കഴിക്കാനൊള്ളതാ.”
അവള് തലയിണ ഉയര്‍ത്തി അമ്മയെ അതിലേക്കു ചാരിയിരുത്തിയ ശേഷം അടുക്കളയിലേക്കു പോയി ഓട്സുമായി തിരികെ വന്നു.
”ചെറ്ക്കനെ കണ്ടില്ലല്ല്.”
ലില്ലിയുടെ വേവലാതി കലര്‍ന്ന ആ ചോദ്യം കേട്ടപ്പോള്‍ ജിനിക്ക് നല്ല ദേഷ്യം വന്നു.
”ഓ… അല്ലെങ്കി എല്ലാ ദെവസോം കൃത്യസമയത്ത് വീട്ടിക്കേറണ പുന്നാരമോനല്ലേ…”
ലില്ലി നെടുവീര്‍പ്പിട്ടതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ജിനി, ഓട്സ് സ്പൂണില്‍ കോരി അമ്മയുടെ വരണ്ടുണങ്ങിയ വായിലേക്കൊഴിച്ചു കൊടുത്തു.
മരുന്നും കൊടുത്ത് അമ്മയെ കിടത്തിയിട്ട് ജിനി അടുക്കളയിലേക്കു നടന്നു. നല്ല വിശപ്പ്.ഉച്ചയ്ക്ക് ഊണ് കഴിച്ചതാണ്. ഇപ്പോള്‍ മണി എട്ടാകാന്‍ പോകുന്നു. അവള് ചോറ് കോരാനായി പ്ലേറ്റും തവിയുമെടുത്തപ്പോള് പുറത്ത് ഓട്ടോറിക്ഷ വന്നു നില്ക്കുന്ന ശബ്ദം അധികം താമസിച്ചില്ല;കോളിംഗ് ബെല്‍ ശബ്ദിച്ചു.
പ്ലേറ്റും തവിയും പാതാമ്പുറത്തു വച്ച്, ധൃതിയില്‍ വന്ന് അവള് വാതില്‍ തുറന്നപ്പോള്‍ ആടിയാടി നില്ക്കുന്നു ലുട്ടാപ്പി ബിനു! അവള് മുഖം ചുളിച്ചു കൊണ്ട് അവനെ നോക്കി.
”അണ്ണന് ചോറ് കോരട്ടാ?”
”വേണ്ട …. ഞാന്‍ കഴിച്ച് .”
അവന്റെ മറുപടിക്കൊപ്പം പുറത്തേക്കു വമിച്ച പുളിച്ചു തികട്ടിയ മദ്യത്തിന്റെ മണത്തില്‍ ബോധക്ഷയമുണ്ടാകുമെന്നു തന്നെ അവള്‍ക്കു തോന്നി. അവള് കതക് വലിച്ചടച്ച് എന്തോ പ്നാറ്റിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു ബിനു ഹാളിന്റെ മൂലയിലേക്കു നടന്ന് തറയില്‍ പുതപ്പു വിരിക്കാന്‍ തുടങ്ങി.
ഊണുകഴിച്ചു കഴിഞ്ഞ ജിനി പാത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്നപ്പോള്‍ കോളിംഗ് ബെല്‍ പിന്നെയും ചിലച്ചു. ആരായിരിക്കും ഈ സമയത്ത്? അവള് നനഞ്ഞ കൈ നൈറ്റിയില്‍ തുടച്ചുകൊണ്ട് വാതിലിനടുത്തേക്കു നടക്കുന്നതിനിടയില്‍, ഹാളിന്റെ മൂലയില്‍, വായ തുറന്നുവച്ചുറങ്ങുന്ന ബിനുവിനെ ഒന്നു നോക്കാതിരുന്നില്ല. വാതില്‍ തുറന്നപ്പോള്‍ മുറ്റത്തെ അരണ്ട വെളിച്ചത്തില്‍ അപരിചിതരായ മൂന്നു പേര്!
”ബിനു ഒണ്ടാ?”
വരയന്‍ ടീ ഷര്‍ട്ടിട്ട ഒരാള്‍ ചോദിച്ചു.
”അണ്ണന് ഒറങ്ങേണ്.”
”ങാ…. അത് സൗകര്യമായല്ല്.ടേയ്, വാ…”
കൂടെയുണ്ടായിരുന്നവരോട് അയാള്‍ പറഞ്ഞു.മൂന്നു പേരും വരാന്തയിലേക്കു കയറി. കാര്യം അത്ര പന്തിയല്ലെന്നു മനസ്സിലാക്കി ജിനി വാതില്‍ വലിച്ചടയ്ക്കാന് നോക്കിയെങ്കിലും കഴിഞ്ഞില്ല. അവര്‍ മൂന്നു പേരും ചേര്‍ന്ന് അതിവേഗം അവളെ തള്ളിമാറ്റി അകത്തേക്കു കടന്നു. അവള് ‘അയ്യോ…’ എന്നു നിലവിളിച്ചു കൊണ്ട് ചുമരില്‍ ചെന്നിടിച്ചു നിന്നു. ജിനിയുടെ നിലവിളി കേട്ട് ഉറക്കം ഞെട്ടിയുണര്‍ന്ന ബിനു, അടുത്തു വന്നുനില്ക്കുന്ന അപകടം തിരിച്ചറിയുകയും തലയിണക്കിടയില്‍ തിരുകി വച്ചിരുന്ന വടിവാളുമായി അലറിക്കൊണ്ട് ചാടിയെണീക്കുകയും ചെയ്തു. തനിക്കു നേരെ നടന്നടുക്കുന്ന മൂവര്‍ സംഘത്തിനു നേരെ ഒരു കളരിയഭ്യാസിയെപ്പോലെ അവന് തലങ്ങും വിലങ്ങും വടിവാള്‍ ചുഴറ്റിക്കൊണ്ടിരുന്നു. സംഘത്തലവനെന്നു തോന്നിക്കുന്ന ആ വരയന്‍ ടീ ഷര്ട്ടുകാരന് ഒരു പരിഹാസച്ചിരിയോടെ കുറച്ചു നേരം ആ അഭ്യാസപ്രകടനം സസൂക്ഷ്മം വീക്ഷിച്ചുനിന്നശേഷം ഞൊടിയിട കൊണ്ട് തന്റെ വലതുകാലുയര്‍ത്തി ലുട്ടാപ്പിയുടെ മര്മ്മപ്രധാനകേന്ദ്രം ലക്ഷ്യമാക്കി ഒരു ‘കിക്ക്’ കൊടുത്തു. ലുട്ടാപ്പിയുടെ കയ്യിലിരുന്ന വടിവാള്‍ തറയിലേക്കു തെറിച്ചു. ‘അമ്മോ’ എന്നു വിളിച്ചു കൊണ്ട് അടിവയര്‍ പൊത്തിപ്പിടിച്ച് അവന് നിലത്തിരുന്നു. മൂവര്‍ സംഘം അവനേയും തൂക്കിയെടുത്ത് പുറത്തേക്കിറങ്ങി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവയിലേക്ക് തള്ളിക്കേറ്റി. ജിനി അലമുറയിട്ടു കരഞ്ഞുകൊണ്ടിരുന്നു. വേദനസംഹാരികളുടെ തീവ്രതയില്‍ അബോധത്തിലമര്ന്നു പോയതു കൊണ്ട് പുറത്ത് നടന്നതൊന്നും ലില്ലി അറിഞ്ഞതേയില്ല.
സിമന്റടര്‍ന്നു തുടങ്ങിയ വെറും നിലത്ത് വട്ടമിട്ടിരുന്ന് കടുക് മീന്‍ കറിയും ബസുമതി അരിച്ചോറും ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്ന അലോക് മണ്ഡലിന്റെയും കൂട്ടുകാരുടെയും ചെവികളിലേക്ക് ജിനിയുടെ നിലവിളി വന്നലച്ചു. അവര്‍ പരിഭ്രാന്തിയോടെ പരസ്പരം നോക്കുകയും നിലത്തു നിന്ന് ചാടിയെണീറ്റ് വീടിനു പുറത്തേക്കോടുകയും ചെയ്തു.
ആ ആറംഗഅന്യദേശസംഘം മുത്തുമാരിയമ്മന്‍ കോവിലിനടുത്തെത്തിയപ്പോഴേക്കും അവരുടെ മുന്നിലൂടെ ലുട്ടാപ്പിയേയും വഹിച്ചുകൊണ്ടുള്ള വെള്ള ഇന്നോവ പാഞ്ഞു പോയി. കാര്യം പിടികിട്ടാത്ത ആ ‘ഹിന്ദിക്കാര്’ നിലവിളി കേട്ട വീടിനു മുന്നിലെത്തിയപ്പോള്‍ അയല്‍ക്കാരായ ചില ആണുങ്ങളും പെണ്ണുങ്ങളും അവിടെ കൂടി നില്പുണ്ടായിരുന്നു. വാവിട്ടു നിലവിളിക്കുന്ന ജിനിയെ അവരില്‍ ചിലര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലുട്ടാപ്പിയെ കടത്തിക്കൊണ്ടുപോയത് ഗുണ്ടകളാണോ പോലീസാണോ എന്ന കാര്യത്തില്‍ ആ ആള്‍ക്കൂട്ടത്തിനിടയില്‍ ചില തര്‍ക്കങ്ങളുണ്ടായി. കിടിലം സജിയുടെ സംഘാംഗമായ ബിനുവിന് സജിയുടെ എതിരാളിയായ വാള സുനി നല്കിയ പണിയായിരിക്കുമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍, പോലീസ് മഫ്ടിയില് വന്ന് ബിനുവിനെ പൊക്കിയതായിരിക്കുമെന്ന് മറ്റൊരു കൂട്ടര് നിഗമനത്തിലെത്തി. ഏതായാലും വാര്‍ഡ് കൗണ്‍സിലര്‍ വിനോദിനെ വിവരമറിയിക്കാമെന്നുപറഞ്ഞുകൊണ്ട് കോളനിയില്‍ ‘സ്പാനര്‍’ എന്ന പേരിലുള്ള ടൂ വീലര്‍ വര്‍ക് ഷോപ്പ് നടത്തുന്ന ചന്ദ്രന് മേസ്തിരി തന്റെ കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ വിരലോടിച്ചു തുടങ്ങി.
പത്തുവര്‍ഷത്തെ കേരളവാസം കൊണ്ട് അത്യാവശ്യം മലയാളമൊക്കെ വശത്താക്കിയിരുന്ന അലോക് മണ്ഡലിനും കൂട്ടുകാര്‍ക്കും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണ കിട്ടി. കരഞ്ഞു തളര്‍ന്നു നില്ക്കുന്ന ജിനിയെ അലോക് സഹതാപത്തോടെ നോക്കി. ഒരു നിമിഷം, അവന്റെ ചിന്തകള്‍ കാതങ്ങള്‍ക്കപ്പുറമുള്ള തന്റെ ഗ്രാമത്തിലേക്കു പോയി. കളി ചിരികളുമായി തന്നോടൊപ്പമുണ്ടായിരുന്ന അഞ്ജലി എന്ന കുറുമ്പുകാരിയായ കളിക്കൂട്ടുകാരിയെ അവനോര്‍മ്മ വന്നു. അമ്മയുടെ മൂത്ത സഹോദരനായ അവിനാശ് മണ്ഡലിന്റെ ഒരേയൊരു മകളായിരുന്നു അഞ്ജലി.അലോകിന്റേയും അഞ്ജലിയുടേയും വിവാഹം പോലും ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചതായിരുന്നു. പക്ഷേ, ആ നശിച്ച രാത്രി എല്ലാം തല്ലിക്കൊഴിച്ചു. തെംഗ്രയില് നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്ന് അഞ്ജലിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ നാലു ദിവസം കഴിഞ്ഞിരുന്നു….

ചന്ദ്രന് മേസ്തിരിയുടെ വിളി പോയി ഏകദേശം അഞ്ചു മിനിട്ടായപ്പോഴേക്കും കൗണ്‍സിലര്‍ വിനോദിന്റെ യമഹ ഇരമ്പിപ്പാഞ്ഞു കൊണ്ട് ജിനിയുടെ വീട്ടുമുറ്റത്തെത്തി. ബൈക്കിനു പുറകില്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ശിവരാജനുമുണ്ടായിരുന്നു. കോളനിയിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകളുടെ കണക്കെടുക്കാനായി ശിവരാജനൊപ്പം രാത്രിയാത്രക്കിറങ്ങിയപ്പോഴാണ് വിനോദിന് ചന്ദ്രന് മേസ്തിരിയുടെ വിളി ചെന്നത്.
”മ്യൂസിയം സ്റ്റേഷനിലൊന്ന് വിളിച്ചു നോക്കാം.”
കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വിനോദ് ഖദര്‍ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് മൊബൈലെടുത്തു. ആകാംക്ഷാഭരിതരായ ആള്‍ക്കൂട്ടത്തിന്റെ കണ്ണുകളെല്ലാം വിനോദിലേക്കായി. ചൂണ്ടുവിരല്‍ കൊണ്ട് താളമിട്ട ശേഷം മൊബൈലിനെ അയാള്‍ ചെവിയോടടുപ്പിച്ചു. ഒരു ജനപ്രതിനിധിയുടെ ആധികാരികതയോടെ കാര്യങ്ങള്‍ വിശദമാക്കിയ ശേഷം അങ്ങേത്തലയ്ക്കല്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്ക് മുക്കലും മൂളലും കൊണ്ട് അയാള്‍ പ്രത്യുത്തരം നല്‍കിക്കൊണ്ടിരുന്നതിനാല്‍ കൂടി നിന്ന ജിജ്ഞാസുക്കള്‍ക്ക് സംഭവത്തെക്കുറിച്ച് പ്രത്യേകിച്ചൊരു നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. അവര്‍ പുരികങ്ങള്‍ ചുളിച്ചു കൊണ്ട് പരസ്പരം നോക്കി.
”പൊക്കിയത് പോലീസ് തന്നെ. പക്ഷേ, മ്യൂസിയംകാരല്ല. ഷാഡോ പോലീസാകാനാണ് ചാന്‍സ്. അത്ര പെട്ടെന്നൊന്നും എറക്കാന് പറ്റുമെന്ന് തോന്നണില്ല. എല്ലാം കടുത്ത കേസുകളല്ലേ. നോക്കാം. ഏതായാലും നാളെയാവട്ട്.”
കോള്‍ കട്ട് ചെയ്ത് വിനോദ് ബൈക്കിനടുത്തേക്ക് നടന്നു. പിറകേ ശിവരാജനും. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ അയാള്‍ ഒന്നു നിന്നശേഷം തിരിഞ്ഞ് ജിനിയുടെ അടുത്തേക്കു ചെന്നു.
”വെഷമിക്കാനൊന്നുമില്ല. നമുക്ക് നോക്കാം. ലില്ലിച്ചേച്ചിക്കെങ്ങനെയുണ്ട്?”
”രണ്ട് കീമോ കഴിഞ്ഞ്.”
കണ്ണീര് തുടച്ചുകൊണ്ട് ജിനി മറുപടി പറഞ്ഞപ്പോഴേക്കും വിനോദിന്റെ ഉള്ളംകൈയില്‍ അമര്‍ന്നിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് ”ഓര്‍മ്മയ്ക്കായ് ഇനിയൊരു സ്നേഹഗീതം ….’ കേട്ടു തുടങ്ങി. ചൂണ്ടുവിരല്‍ കൊണ്ട് ഫോണ്‍ കോറി ചെവിയോടു ചേര്‍ത്ത്, ജിനിയെ സഹതാപത്തോടെയൊന്നു നോക്കി യാത്ര പറയുന്നതുപോലെ തല ചെറുതായനക്കി, ‘ഹലോ’ പറഞ്ഞ് വിനോദ് ആള്‍ക്കൂട്ടത്തിനിടയിലൂടെ തിരിഞ്ഞു നടന്ന് യമഹയുടെ അടുത്തെത്തി. അധികം താമസിയാതെ തന്നെ ശിവരാജനേയും പിറകിലിരുത്തി വിനോദിന്റെ ബൈക്ക് ഇരുട്ടിലേക്ക് ഇരമ്പി മറഞ്ഞു.
കാര്യംതിരക്കിവന്നവര് ഓരോരുത്തരായി പിരിഞ്ഞു പോകാന്‍ തുടങ്ങി. കൂട്ടുകാരോടൊപ്പം നിശ്ശബ്ദനായി നടന്നു നീങ്ങിയ അലോക് മണ്ഡല് മുത്തുമാരിയമ്മന്‍ കോവിലിനടുത്തെത്തിയപ്പോള്‍ മെല്ലെ തിരിഞ്ഞു നോക്കി. അരണ്ട വെളിച്ചത്തില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വാതില്‍പ്പടി ചാരി നില്‍ക്കുകയാണ് ജിനി. ഉള്ളിലെവിടെയോ ഒരു നൊമ്പരത്തിന്റെ ഉറവ പൊട്ടുന്നതായി അലോകിന് തോന്നി. അവന് നെടുവീര്‍പ്പിട്ടു കൊണ്ട് നടത്തം തുടര്‍ന്നു