
സ്റ്റാച്യു ജംഗ്ഷന് – III

പ്രശാന്ത് ചിന്മയന്
- കാക്കി
ഷവറിലെ ജലധാരയ്ക്കു ചുവട്ടില്‍ ‘നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍….’ എന്നു തന്നാലാവും വിധം പാടിക്കൊണ്ട് കുളിയിലേര്പ്പെട്ടിരുന്ന ഡോ: സുജിത്ത്, കൈത്തണ്ടയില്‍ സോപ്പു തേയ്ക്കുന്നതിനിടയില്‍ മുഖം ചുളിച്ചുകൊണ്ട് നീറ്റല്ജന്യ ശബ്ദങ്ങളായ ‘ആഹ്….’, ‘ഓഹ്….’ തുടങ്ങിയവ പുറപ്പെടുവിക്കാന്‍ തുടങ്ങി. രാവിലെ സെക്രട്ടറിയേറ്റ് നടയിലെ സമരപ്രതിരോധത്തിനിടയില് സമരക്കാരില്‍നിന്നു കിട്ടിയ ചില തലനാരിഴ അടയാളങ്ങളാണ് ഇപ്പോള്‍ ജല – സോപ്പ് സ്പര്ശങ്ങളേറ്റപ്പോള് അയാള്‍ക്ക് നീറുന്ന അനുഭവമായി മാറിയിരിക്കുന്നത്.പോലീസ് നിഘണ്ടുവിലെ ചില യമണ്ടന്‍ പദാവലികള്‍ കൊണ്ട് സമരക്കാരെയും അവരുടെ മാതാപിതാക്കളേയും സ്മരിച്ച ശേഷം ഈ നരകവാരിധിയില്‍ നിന്ന് എന്നാണ് താന്‍ കരകയറുന്നതെന്ന് അയാള്‍ ഒരു നിമിഷം ചിന്തിച്ചു പോയി.
ഏതു നേരത്താണ് ഈ കാക്കി വേഷമണിയാന്‍ തനിക്ക് തോന്നിയതെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും സുജിത്തിന്റെ ജീവിതത്തിലില്ലെന്നു തന്നെ പറയാം. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഡോക്ടറാകണമെന്നും കോളേജില്‍ പഠിക്കുന്ന കാലത്ത് കളക്ടറാകണമെന്നുമൊക്കെയായിരുന്നു അയാളുടെ ആഗ്രഹം. പിന്നീട് മലയാളം പി.ജിയെടുത്ത് നെറ്റ് യോഗ്യത നേടി പി.എച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മോഹം കോളേജ് അദ്ധ്യാപനത്തോടായി. പക്ഷേ, ലക്ഷങ്ങള്‍ കൊടുത്താലേ എയിഡഡ് കോളേജില്‍ ആ ജോലി കിട്ടുകയുള്ളൂവെന്നും ഗവണ്മെന്റ് കോളേജില്‍ പി.എസ്.സി വഴി അദ്ധ്യാപക നിയമനം കിട്ടണമെങ്കില്‍ കുറേ നാള് കാത്തിരിക്കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞതോടെ ഏതെങ്കിലും ജോലി കിട്ടിയാല്‍ മതിയെന്നായി.അങ്ങനെ, പി.എസ്.സി വഴി അപേക്ഷിക്കാന്‍ കഴിയുന്ന സകല ജോലികള്‍ക്കും അപേക്ഷ അയച്ചു. രാത്രിയും പകലെന്നുമില്ലാതെ പി.എസ്.സി ഗൈഡുകള്‍ ആര്‍ത്തിയോടെ വിഴുങ്ങി.ഇതിനിടയിലായിരുന്നു അച്ഛന്റെ അകാലമരണം. വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്ററായിരുന്ന സുകുമാരന്‍ നായര്‍ ജോലിയില്‍ നിന്ന് അടുത്തൂണ്‍ പറ്റി രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. അതോടെ, എത്രയും വേഗം ഒരു ജോലി കണ്ടെത്തി, അമ്മയും കെട്ടുപ്രായമെത്തിയ സഹോദരിയും അടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അത്യാവശ്യം തന്നെയായി.

എഴുതിയ ടെസ്റ്റുകളില്‍ ആദ്യറിസള്ട്ട് പോലീസ് കോണ്സ്റ്റബിളിന്റേതായിരുന്നു. സാധ്യതാ ലിസ്റ്റില്‍ ഇടം പിടിച്ചതോടെ കായിക ക്ഷമതാ പരീക്ഷ വിജയിക്കാനുള്ള തീവ്രപരിശീലനമായി പിന്നെ. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ് കളിക്കുമായിരുന്നു എന്നല്ലാതെ സ്പോര്‍ട്സില്‍ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ലാതിരുന്ന സുജിത്തിന് കായികക്ഷമതാലക്ഷ്യം നേടുന്നതിന് ഒരു പാട് വിയര്‍പ്പൊഴുക്കേണ്ടി വന്നു. ഒടുവില്‍, റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ആറാം റാങ്ക്! പരിശീലനത്തിനുള്ള ആദ്യ ബാച്ചിലേക്കു തന്നെ അയാള്‍ തെരഞ്ഞെടുക്കപ്പെട്ടു.
പോലീസെങ്കില്‍ പോലീസ്. ആദ്യം കിട്ടിയ സര്‍ക്കാര്‍ ജോലിയല്ലേ എന്ന ചിന്തയോടെ പെട്ടിയും പ്രമാണവുമായി ഊളമ്പാറ എസ്.എ.പി ക്യാമ്പിലേക്ക് സുജിത് വലതുകാല്‍ വച്ചു. അപ്പോള്‍, ക്യാമ്പിന്റെ കൂറ്റന്‍ മതിലിനപ്പുറത്തുള്ള ഭ്രാന്താശുപത്രിയില്‍ നിന്നുള്ള അലര്‍ച്ചകളും അട്ടഹാസങ്ങളും അവന്റെ ചെവിയില്‍ മുഴങ്ങി.ഒരു മതിലിനപ്പുറത്ത് ഭ്രാന്തന്മാര്, ഇപ്പുറത്ത് പോലീസുകാര്‍!
രേഖകള്‍ പരിശോധിച്ച്, ബോണ്ട് ഒപ്പുവയ്പിച്ച ശേഷം റിക്രൂട്ട്മെന്റ് ട്രെയിനികളെ ഹവില്‍ദാര്‍മാര്‍ ബാരക്കുകളിലേക്ക് ആട്ടിത്തെളിച്ചു. എല്ലാവരുടെ മുഖത്തും ഒരു സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷം. പക്ഷേ, ബാരക്കുകളില്‍ നിന്ന് അരക്കിലോമീറ്ററോളം അകലെയുള്ള പോലീസ് ബാര്‍ബറുടെ അടുത്തെത്തുന്നതു വരെ മാത്രമേ ആ ആഹ്ലാദത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. യുവതരുണന്മാര് പലവിധ ഫാഷനുകളില്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ശിരോരോമങ്ങളെ ആ ക്യാമ്പ് ഫോളോവര്‍ അമ്പട്ടന്മാര് ‘മൈരുപോലെ’ വെട്ടിത്തള്ളി. മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സിന്റെ പരുപരുപ്പില്‍ തലോടിയ സുജിത്തിന്റെ ഉള്ളില്‍ അസംതൃപ്തിയുടെ ആദ്യ മുള്ള് തറച്ചു. പിന്നീട്, എന്നും അതിരാവിലെ ഉറക്കമെണീക്കേണ്ടി വന്നപ്പോഴും, പി.റ്റിയും പരേഡും ചെയ്ത് തളര്ന്നവശനായപ്പോഴും, ആ തളര്ച്ചയൊന്നു മാറ്റാന്‍ പോലും കഴിയാതെ ഉറക്കം വന്നു തളം കെട്ടിയ കണ്ണുകളോടെ തിയറിക്ലാസുകളില്‍ ചെന്നിരുന്ന് ഇന്ത്യന്‍ പീനല്‍ കോഡും തോക്കിന്റെ ഭാഗങ്ങളും പ്രവര്‍ത്തനങ്ങളും പഠിക്കുമ്പോഴും, മെസ്സിലെ പയറും കടലയും കഞ്ഞിയും കുടിക്കുമ്പോഴുമൊക്കെ ഈ നരകസാകേതത്തില് നിന്ന് എങ്ങനെ പുറത്തു കടക്കാം എന്ന ചിന്തയിലായി സുജിത്. മനസ്സ് അസ്വസ്ഥമായതോടെ പരിശീലനമൈതാനത്തില് ശരീരം അതിന്റെ തോന്നിയ പാട് പോയി. അതു കണ്ട്, കാക്കിയിട്ട ദ്രോണാചാര്യന്മാര്ക്ക് കലികയറി.ഡോക്ടറേറ്റിന് രജിസ്റ്റര്‍ ചെയ്തവനാണ് മെയ് വഴക്കമില്ലാത്ത ശിഷ്യനെന്നു തിരിച്ചറിഞ്ഞപ്പോള്‍ കലിയുടെ അളവ് ഇരട്ടിയായി. പിന്നെ പണിഷ്മെന്റുകള്‍ വാങ്ങിക്കൂട്ടാനായിരുന്നു സുജിത്തിന്റെ വിധി.ദീര്‍ഘദൂര തവളച്ചാട്ടം, ദീര്‍ഘനേരം വെറും നിലത്ത് മുട്ടു കാലില്‍ നില്ക്കല്, സങ്കല്പക്കസേരയില് ഇരിക്കല്‍, തലയ്ക്കു മീതേ തോക്കുയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ദീര്‍ഘദൂര ഓട്ടം…. അങ്ങനെ പോയി ശിക്ഷാവിധികള്‍. ശാരീരികപീഡയെക്കാള് അവനെ വിഷമിപ്പിച്ചത് മാനസികപീഡയായിരുന്നു. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അവന് അന്നേ വരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പദസഞ്ചയങ്ങള്‍ കൊണ്ടാണ് പലപ്പോഴും പരിശീലകന്മാര് അവനെ അഭിസംബോധന ചെയ്തത്. ക്യാമ്പില്‍ നിന്ന് ചാടിപ്പോയാലോ എന്ന് പലവട്ടം ചിന്തിച്ചതാണെങ്കിലും പിന്നീടുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്ത്തപ്പോള് കടിച്ചു പിടിച്ച് കഴിച്ചുകൂട്ടി. എഴുതിത്തള്ളിയ പി.എസ്.സി ടെസ്റ്റുകളില്‍ ഏതിലെങ്കിലും ഒന്നിന്റെ റാങ്ക് ലിസ്റ്റിലെങ്കിലും കടന്നുകയറാമെന്ന ചിന്തയും അസ്ഥാനത്തായി. എങ്ങനെയൊക്കെയോ ഒന്‍പതു മാസങ്ങള്‍ ഒന്‍പത് യുഗങ്ങള്‍ പോലെ കടന്നു പോയി. ഒടുവില്‍, പാസിംഗ് ഔട്ട് കഴിഞ്ഞ സുജിത്തിന്റെ ശിരസ്സില്‍ പോലീസ് തൊപ്പിയമര്ന്നു. രണ്ടു വര്‍ഷത്തോളം എസ്.എ.പി ക്യാമ്പില്‍ ജോലി നോക്കിയ ശേഷം അവന് ഏ.ആര് ക്യാമ്പിലേക്ക് മാറി.
പരിശീലനാനന്തരം യഥാര്‍ത്ഥ പോലീസ്ഡ്യൂട്ടിയിലേക്കു കടന്നപ്പോഴാണ് പരിശീലനകാലം എത്ര സുഖകരമായിരുന്നുവെന്ന് അവന് തിരിച്ചറിഞ്ഞത്. സെക്രട്ടറിയേറ്റിനു മുന്നിലെ സ്ട്രൈക്കര്‍ ഡ്യൂട്ടി, പ്രതികളെ ജയിലില്‍ നിന്ന് കോടതിയിലേക്കും തിരിച്ചും കൊണ്ടുപോകല്‍, ബാങ്ക് – ട്രഷറി ഡ്യൂട്ടി, മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കല്‍, മന്ത്രിമന്ദിരങ്ങളിലെ പാറാവ്, ഉത്സവാഘോഷവേളകളില്‍ റോഡിലെ തിരക്ക് നിയന്ത്രകവേഷം… അങ്ങനെയങ്ങനെ പോകുന്നു മെനക്കേട് പിടിച്ച പോലീസ് ഡ്യൂട്ടികള്‍. ഇതിനിടയിലാണ് പാര്‍ട്ട് ടൈം ആയി വല്ലവിധേനെയും പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍, അലോസരപ്പെടുത്തുന്ന ഡ്യൂട്ടികള്‍ ചെയ്യുമ്പോഴെല്ലാം സുജിത്തിന്റെ മനസ്സില്‍ പ്രതീക്ഷയുടെ പ്രകാശഗോപുരമായി സദാ തെളിയുന്നത് അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റാണ്. അധികം താമസിയാതെ തന്നെ ഒരു കോളേജ് അദ്ധ്യാപകനാകാമെന്ന് അവന് ഉറച്ചു വിശ്വസിക്കുന്നു.
കുളി കഴിഞ്ഞ് മുടി ചീകി, കാവി മുണ്ടും വെള്ളയുടുപ്പുമിട്ട സുജിത്ത് മേശയുടെ ഡ്രോ തുറന്ന് ഡോ. കെ.എസ് രവികുമാറിന്റെ ‘ആഖ്യാനത്തിന്റെ അടരുകള്‍’ എന്ന പുസ്തകം കയ്യിലെടുത്തു. വട്ടിയൂര്‍ക്കാവ് സാഹിത്യപഞ്ചാനന്‍ വായനശാലയിലേക്കു പോകുകയാണ് ലക്ഷ്യം. ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുത്തിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. ഫൈനും ഫൈനിന്മേല് ഫൈനും ആയിക്കാണും. അവന് മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ അമ്മയും സഹോദരിയും അളിയനും അവനെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ഹാളില്‍ ഇരിപ്പുണ്ട്. വഴി തെറ്റി നടക്കുന്ന ഡോറയ്ക്കു വഴി കാട്ടാനെന്നവണ്ണം ടി.വിയിലെ കാര്‍ട്ടൂണ്‍ ചാനലിനു മുന്നില്‍ വെറും നിലത്തിരിക്കുകയാണ് ശേഷക്കാരന് അശ്വിന്.
”പെണ്ണെങ്ങനെയുണ്ടെടാ?”
ചര്‍ച്ചയ്ക്കു തുടക്കമിട്ടത് അമ്മയാണ്. സത്യത്തില്‍ ആ ചോദ്യം കേട്ടപ്പോഴാണ് രാവിലെ പെണ്ണുകാണാന്‍ പോയ കാര്യം തന്നെ അവന് ഓര്‍ത്തത്. തന്റെ സ്മൃതിപഥത്തിലേക്ക് ആ പെണ്‍കുട്ടിയുടെ രൂപം വലിച്ചടുപ്പിക്കാന്‍ അവന് കുറച്ചു നിമിഷങ്ങള്‍ വേണ്ടിവന്നു.
ഇരുനിറം, ചുരുണ്ട മുടി, വിടര്‍ന്ന കണ്ണുകള്‍, നീണ്ട മൂക്ക്, മലര്‍ന്ന ചുണ്ടുകള്‍, പൊക്കത്തിനനുസരിച്ചുള്ള വണ്ണം… കാഴ്ചയില്‍ മോശമല്ലാത്തവള് തന്നെയാണ് പെണ്‍കുട്ടി. വിശാലമായ ഇരുനില വീട്, ഒന്നരയേക്കര്‍ റബ്ബര്‍, ഗള്‍ഫുകാരന്റെ ഒരേയൊരു മകള്‍.സാമ്പത്തികവും തൃപ്തികരം.

മറുപടിയും കാത്ത് തന്നെത്തന്നെ ഉറ്റുനോക്കുന്ന മുഖങ്ങളിലേക്ക് അവന് നോക്കി.
”ങാ…. കൊഴപ്പമില്ല.”
അത് പറയുമ്പോള്‍ അവന്റെ മുഖത്ത് നാണത്തിന്റെ നേരിയ ഭാവം വന്നു.
”ആ കുട്ടിക്കും ഇഷ്ടമായെന്ന് അവര്‍ വിളിച്ചു പറഞ്ഞു.”
അളിയന് സെറ്റിയില്‍ ഒന്നമര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു.
”പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് അടുത്തയാഴ്ച അവിടെ നിന്ന് ആണുങ്ങള് ഇങ്ങോട്ട് വന്ന് കാര്യങ്ങള്‍ സംസാരിച്ച് ഉറപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്. നിനക്ക് ഞായറാഴ്ച ഡ്യൂട്ടി വല്ലതും കാണോ?”
”ചെലപ്പോ…. ഞാന്‍ നാളെ പറയാം.”
അവന്റെ കണ്ണുകള്‍ ചുമരിലെ ക്ലോക്കില്‍ പതിഞ്ഞു. മണി ഏഴര. എട്ടു മണിക്ക് ലൈബ്രറി അടയ്ക്കും.
”ഞാന്‍ ലൈബ്രറിയിലൊന്ന് പോയിട്ടു വരാം. വന്നിട്ട് സംസാരിക്കാം.”
”പൊയ്ക്കോ പൊയ്ക്കോ.കല്യാണം കഴിയണതുവരേ ഈ പോക്കൊക്കെ നടക്കൂ.”
സുചിത്ര ചേട്ടനെ കളിയാക്കി.
അവന് ചിരിച്ചുകൊണ്ട് ധൃതിയില്‍ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
ലൈബ്രറിയുടെ അടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിനടുത്തെത്തിയപ്പോള് സുജിത്തിന്റെ മൊബൈല്‍ റിംഗ് ചെയ്തു. അവന് വണ്ടി നിര്‍ത്തി, ഫോണെടുത്തു. പരിചയമില്ലാത്ത നമ്പരാണ്.
”ഹലോ….”
”ഹലോ… ഇത് മിസ്റ്റര്‍ സുജിത്തിന്റെ നമ്പരാണോ?’
മറുതലയ്ക്കല്‍ നിന്ന് കാതിലേക്കൊഴുകി വീണത് ഒരു പെണ്‍ശബ്ദം.
”അതെ. ആരാണ്?”
”ഞാന്‍ മധുരിമ. രാവിലെ പെണ്ണുകാണാന്‍ വന്ന …..”
സുജിത്തിന്റെ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തിറങ്ങി. രാവിലെ പെണ്ണുകാണാന്‍ വന്നവന്റെ നമ്പര്‍ സംഘടിപ്പിച്ച് രാത്രി അവനെ വിളിക്കുന്ന ഇക്കാലത്തെ ഒരു പെണ്ധൈര്യമേ!
”ആ…. മനസ്സിലായി. എന്താ?”
”തെരക്കിലാണോ?”
”ഇല്ല. പറഞ്ഞോ.”
”ഈ കല്യാണത്തിന് ഇഷ്ടമില്ലെന്ന് പറഞ്ഞ് എന്നെ എങ്ങനെയെങ്കിലും ഹെല്പ് ചെയ്യണം. പ്ലീസ്.”
കാതിലേക്കു വന്നു വീണ വാക്കുകള്‍ സത്യമോ മിഥ്യയോ എന്നറിയാതെ സുജിത്തിന്റെ കണ്ണുകള്‍ വിടരുകയും വായ തുറക്കുകയും കൈകള്‍ വിറയ്ക്കുകയും ചെയ്തു.
”എന്തോന്ന്….?”
”വേറെ വഴിയില്ലാത്തതുകൊണ്ടാണ് പറയണത്. രണ്ടു മാസം മുമ്പ് വീട്ടുകാരറിയാതെ എന്റെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞതാണ്. പുളളി ഓട്ടോ ഡ്രൈവറായതു കൊണ്ട് വീട്ടുകാര്‍ സമ്മതിക്കില്ല. എനിക്ക് ജോലി കിട്ടിയിട്ട് കല്യാണം മതിയെന്നു പറഞ്ഞ് ഞാനിത്രയും നാള് പിടിച്ചു നിന്നു. ഇനി അതിനു പറ്റുമെന്ന് തോന്നണില്ല. നിങ്ങളെ ചതിക്കാന്‍ തോന്നാത്തതുകൊണ്ടാ വിളിച്ചു പറഞ്ഞത്.”
അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അങ്ങേത്തലയ്ക്കലെ ഫോണ്‍ കട്ടായെങ്കിലും സുജിത്തിന്റെ ചെവിയോടു ചേര്‍ന്നിരുന്ന ഫോണ്‍ നിശ്ചലമാകവേ, തലച്ചോറിലൂടെ ഒരു വെടിയുണ്ട പാഞ്ഞു പോകുന്നതു പോലെ ഇരമ്പിപ്പായുന്ന വാഹനങ്ങളെ നോക്കി നിര്‍ന്നിമേഷനായി അവന് നിന്നു.
3 Comments
രസകരമായ നോവൽ. അഭിനന്ദനങ്ങൾ 👍👍👍
ഈ അടുത്തിടെ വായിച്ചതിൽ ഒറ്റയിരിപ്പിനു വായിക്കാൻ പറ്റുന്ന നോവൽ. അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു ❤❤❤.
Very nice!