
സ്റ്റ്യാചു ജംഗ്ഷൻ – 26

പ്രശാന്ത് ചിന്മയൻ
- അനന്തരം
ഒരു വര്‍ഷത്തിനു ശേഷം.
പകല്‍.
സ്റ്റാച്യൂ ജംഗ്ഷന്.
സെക്രട്ടറിയേറ്റ് ഘടികാരത്തിലെ സമയം: 10:05. റോഡില്‍ വാഹനങ്ങളുടെ തിരക്ക് അതിന്റെ പാരമ്യത്തിലാണ്. ഏജീസ് ഓഫീസിന്റെ ഭാഗത്തുനിന്നു വന്ന ഒരു നീല സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് സെക്രട്ടറിയേറ്റിന്റെ സമര ഗേറ്റിനു മുന്നില്‍ നിന്നു. കാറിനുള്ളിലിരിക്കുന്ന യുവാവും യുവതിയും കളി ചിരികളിലാണ്.പെട്ടെന്ന്, എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആ യുവതി കാറിന്റെ മുന്നിലെ ഇടതു സൈഡ് ഗ്ലാസ് മെല്ലെ താഴ്ത്താന്‍ തുടങ്ങി.അവള് പോലീസുകാര്‍ നില്ക്കാറുള്ള ഭാഗത്തേക്കു നോക്കി; ആരെയോ തിരയുന്നതുപോലെ. പക്ഷേ, അവളുടെ മുഖത്തു നേരിയ വിഷാദം പടര്‍ന്നു. ഒരു നെടുവീര്‍പ്പോടെ അവള് കാറിന്റെ ഗ്ലാസ് ഉയര്‍ത്തി. ട്രാഫിക് സിഗ്നല്‍ പച്ച നിറമായി.കാര്‍ ഓടിച്ചിരുന്ന സുമുഖനായ യുവാവ് കാര്‍ മുന്നോട്ടെടുത്തു. അവര്‍ വീണ്ടും കളി ചിരികളിലേക്കു മടങ്ങി. കാറിനുള്ളിലിരുന്ന ആ പെണ്‍കുട്ടി ആര്‍ദ്രയായിരുന്നു.കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. ബാങ്ക് ഉദ്യോഗസ്ഥനായ മിഥുന്റെ ഭാര്യയാണവള്.
സെക്രട്ടറിയേറ്റിലെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയ കാറില്‍ നിന്ന് അനില്‍കൃഷ്ണന്‍ പുറത്തിറങ്ങി. നരകയറിയ താടിയും മുടിയുമൊക്കെയായി കാഴ്ചയില്‍ ഏറെ പരിക്ഷീണനാണയാള്. ചുളിവുകള്‍ വീണ മങ്ങിയ നിറമുള്ള ഷര്‍ട്ടും പാന്റുമായിരുന്നു അയാളുടെ വേഷം. യാതൊരു ഉത്സാഹവുമില്ലാതെ, മെല്ലെ നടന്നു നീങ്ങിയ അയാളുടെ മുഖത്ത് വിഷാദത്തിന്റെ കരിനിഴല്‍ വീണു കിടന്നിരുന്നു. വശ്യമായ പുഞ്ചിരിയോടെ എതിരേ വന്ന ലീനാ ചെറിയാനെ ഒന്നു നോക്കുക പോലും ചെയ്യാതെ അയാള്‍ തല കുനിച്ച് ഓഫീസിലേക്കുള്ള പടവുകള്‍ കയറി.വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്ത പ്രിയംവദ, മകളേയും കൂട്ടി അവളുടെ കുടുംബ വീട്ടിലേക്ക് താമസം മാറിയതിനാല്‍ ‘ഗ്രീഷ്മ’ത്തില്‍ അയാള്‍ ഇപ്പോള്‍ തനിച്ചാണ് കഴിയുന്നത്.
സെക്രട്ടറിയേറ്റിനു പിറകിലുള്ള പ്രസ് ക്ലബ്ബ് കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയിലെ ശീതീകരിച്ച ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞു നില്‍ക്കുകയാണ്. ഹാളില്‍ സജ്ജീകരിച്ച വേദിയിലെ ബാനറില്‍ ‘സംസ്ഥാന മാധ്യമ പുരസ്കാര വിതരണം ‘ എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. പുരസ്കാര വിതരണം നടത്തുന്ന മുഖ്യമന്ത്രി ഉടനെത്തുമെന്നും പുരസ്കാര ജേതാക്കള്‍ സദസ്സിന്റെ മുന്‍ നിരയിലേക്ക് വരണമെന്നും അനൗണ്‍സ്മെന്റ് മുഴങ്ങി. അതു കേട്ടതും സദസ്സിന്റെ പിന്‍നിരയില്‍ ഇരിക്കുകയായിരുന്ന നരിപ്പാറ രതീഷ് എണീറ്റു. മികച്ച വാര്‍ത്താചിത്രത്തിനുള്ള ഇക്കൊല്ലത്തെ അവാര്‍ഡ് അയാള്‍ക്കാണ്. വേലുത്തമ്പി പ്രതിമയ്ക്കു മുന്നില്‍ കത്തിയെരിഞ്ഞ സുധാകരന്റെ ചിത്രം പകര്‍ത്തിയതിനാണ് പുരസ്കാരം. പലവിധ പ്രതിസന്ധികള്‍ക്കിടയിലും ‘ദി സിറ്റി ന്യൂസ്’ പത്രം ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്.

സമരഗേറ്റിനു മുന്നിലായി പോലീസിന്റെ വെള്ളവാന്‍ വന്നു നിന്നു. അതില്‍ നിന്ന് വനിതാ പോലീസുകാര്‍ ഓരോരുത്തരായി ഇറങ്ങി. കൂട്ടത്തില്‍ ജിനിയുമുണ്ട്. ഒട്ടും പ്രതീക്ഷയില്ലാതിരുന്നിട്ടും അവള് പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. ഡോ: സുജിത് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ലുട്ടാപ്പി ബിനുവും കിടിലം സജിയും ജയിലിലായതിനാല്‍ അവളുടെ ജീവിതം സ്വച്ഛസുന്ദരമായി മുന്നോട്ടു പോകുന്നു. അവള്‍ക്കു കൂട്ടായി വീട്ടില്‍ റൂത്ത് കുഞ്ഞമ്മയുമുണ്ട്. അലോക്മണ്ഡലുമായുള്ള സൗഹൃദം അവള് ഇപ്പോഴും തുടരുന്നു. അധികം താമസിയാതെ തന്നെ, അവളെക്കാണാനായി അവന് കേരളത്തിലേക്കു തിരിക്കും.
നടപ്പാതയില്‍ വീണ്ടും സമരക്കുടിലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. പലവിധ ആവശ്യങ്ങളുന്നയിച്ച്,ചെറുതും വലുതുമായി എട്ട് സമരക്കുടിലുകളാണുള്ളത്. മുമ്പ് സുധാകരന്റെ സമരക്കുടിലുണ്ടായിരുന്ന വേപ്പിന് ചുവട്ടില്‍ ഇപ്പോള്‍ കാണുന്നത്, പീഡനത്തിനിരയായി ഷോളയാര്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ജനകീയസമിതിയുടെ സമരപ്പന്തലാണ്.
”ഈങ്ക്വിലാബ് സിന്ദാബാദ്…..”
ഏജീസ് ഓഫീസിനടുത്തു നിന്ന് മുദ്രാവാക്യം വിളി മുഴങ്ങിത്തുടങ്ങി.പോലീസുകാര്‍ ജാഗരൂകരായി. ബാരിക്കേഡുകള്‍ നിരന്നു. വര്‍ദ്ധിതവീര്യത്തോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ചുവപ്പു പതാകവാഹകര്‍ പോലീസ് ബാരിക്കേഡുകള്‍ ലക്ഷ്യമാക്കി കുതിച്ചു. ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ച സമരക്കാര്‍ക്കു നേരെ ജലപീരങ്കി വര്‍ഷം തുടങ്ങി. ആക്രോശങ്ങള്‍.ആര്‍ത്തനാദങ്ങള്‍. നഗരഗതാഗതം നിലച്ചു. കടകളുടെ ഷട്ടറുകള്‍ താഴ്ന്നു തുടങ്ങി….
കഥയും കഥാപാത്രങ്ങളും മാറിക്കൊണ്ടേയിരിക്കും. മാറ്റമില്ലാത്തത് ഈ നഗരഹൃദയത്തിനും അതിന് കാവലാളുകളായി നില്ക്കുന്ന ഈ വേലുത്തമ്പി – മാധവറാവു പ്രതിമകള്‍ക്കും മാത്രം. അതെ, ഇത് സ്റ്റാച്യു. സ്റ്റാച്യു ജംഗ്ഷന്.