
സ്റ്റ്യാചു ജംഗ്ഷൻ – 25

പ്രശാന്ത് ചിന്മയൻ
- ചില നേരങ്ങളില്‍ പലര്
മൊബൈല്അലറാമിന്റെ കിളി ചിലയ്ക്കല്‍ കേട്ടാണ് ജിനി കണ്ണ് തുറന്നത്.മണി ആറായിരിക്കുന്നു. അലോകിനൊപ്പമുള്ള ഇന്നത്തെ കൊല്‍ക്കത്ത യാത്രയെക്കുറിച്ചോര്ത്തുകൊണ്ട് കിടന്നതിനാല്‍ രാത്രി ഉറങ്ങാനേ പറ്റിയില്ല. വെളുപ്പാന്‍ കാലത്തെപ്പോഴോ ആണ് കണ്ണൊന്നടഞ്ഞത്. അവള് കണ്ണ് തുറന്ന് കുറേ നേരം അങ്ങനെ കിടന്ന ശേഷം ചുമരിലെ യേശുവിന്റെ ചിത്രത്തെ നോക്കി നെഞ്ചില്‍ കുരിശു വരച്ചു കൊണ്ട് കിടക്കയില്‍ നിന്നെണീറ്റു.
കിടപ്പുമുറിയുടെ വാതില്‍ തുറന്ന് അവള് ഹാളിലെത്തുമ്പോള്‍ കടും നീല ജീന്‍സ്പാന്റും കടുംമഞ്ഞ ഷര്‍ട്ടും തൂവെള്ള ഷൂസുമൊക്കെ ധരിച്ച്, പുറത്തേക്കു പോകാനുള്ള തയ്യാറാടെപ്പിലായിരുന്നു ബിനു. സാധാരണ എട്ടു മണിയായാലും ഉറക്കമെണീക്കാത്ത ആള്‍ക്ക് ഇന്നെന്തു പറ്റി എന്നവള്‍ കൗതുകപ്പെട്ടു.
”ഇത്ര രാവിലെ അണ്ണനെവിടെപ്പോണ്? ഞാന്‍ കട്ടനിടാം.”
കൂടപ്പിറപ്പിനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പിയതുകൊണ്ടൊന്നുമല്ല അവള് അത്രയും ചോദിച്ചത്. ഇനി ഒരു പക്ഷേ തന്റെ കൈ കൊണ്ട് ഒരു തുള്ളി വെള്ളം പോലും അവനു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ?
”കട്ടനും കിട്ടനുമൊന്നും കുടിച്ചോണ്ടു നിക്കാന്‍ സമയമില്ല. നമ്മളെ മുത്തിന്റെ പുതിയ പടത്തിന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറരയ്ക്കാണെടീ.”
ഇളയദളപതി വിജയുടെ കടുത്ത ആരാധകനായ അവന് പോക്കറ്റില്‍ക്കിടന്ന വില കുറഞ്ഞ കൂളിംഗ് ഗ്ലാസ്സെടുത്ത് മുഖത്തു വച്ചു.
”എപ്പടി?”
കൊള്ളാമെന്ന മട്ടില്‍ ചിറി കോട്ടിക്കൊണ്ട് അവള് തലയാട്ടി.
‘സിംഗപ്പെണ്ണേ…സിംഗപ്പെണ്ണേ….’ എന്നു മൂളിക്കൊണ്ട് ഉല്ലാസഭരിതനായി ബിനു വീടിനു പുറത്തേക്കിറങ്ങി.
വീടിന്റെ പിറകിലെ വാതില്‍ തുറന്ന്, പല്ലു തേയ്ക്കാനായി ജിനി പുറത്തിറങ്ങി. അപ്പോള്‍, അവളെ കാത്തു നില്‍ക്കുകയായിരുന്നെന്ന മട്ടില്‍ അലോക് മണ്ഡല് അയാളുടെ വീടിന്റെ പിറകിലെ ചുമരും ചാരി നില്‍ക്കുകയായിരുന്നു. അവളെ കണ്ടതും അവന് കൈ ഉയര്‍ത്തിക്കാട്ടി. അവള് അതു കണ്ടു. ചുറ്റുപാടും നോക്കി, ആരും ഇല്ലെന്നുറപ്പാക്കിയ ശേഷം അവള് അവനടുത്തേക്കു നടന്നു.
”ജിനീ, പതിനൊന്ന് നാല്‍പ്പതിനാണ് ട്രെയിന്‍. പതിനൊന്നു മണി കഴിയുമ്പോ നീ സ്റ്റേഷനില്‍ വരണം.”
ശബ്ദം താഴ്ത്തിയാണ് അവനത് പറഞ്ഞത്.
”ഞാന്‍ ഒരു പത്തുമണിയോടെ ഇവിടുന്നിറങ്ങി, ടെക്സ്റ്റയില്‍സില്‍ കേറി ശമ്പളവും വാങ്ങി പതിനൊന്നു മണിക്കു തന്നെ വരാം.ഞാന്‍ വിളിച്ചോളാം.”
ജിനിയും ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.
ഒളിച്ചോട്ടത്തിനുള്ള അന്തിമ തയ്യാറെടുപ്പുകളെ ഉറപ്പിച്ചു കൊണ്ട് ആ കമിതാക്കള്‍ അങ്ങനെ സംസാരിച്ചുനില്ക്കേ, ഗ്രീഷ്മയെ അമ്പലംമുക്കിലെ ശ്രീജിത്ത് സാറിന്റെ ട്യൂഷന് സെന്ററില്‍ കൊണ്ടാക്കിയശേഷം ആക്ടീവയില്‍ വന്ന അനില്‍കൃഷ്ണന്‍ ‘ഗ്രീഷ്മ’ത്തിന്റെ ഗേറ്റുകള്‍ കടന്ന് മുറ്റത്തേക്കു കയറുകയായിരുന്നു.
കോളിംഗ് ബെല്ലടിച്ചപ്പോള്‍, ഈറന്‍ തലമുടി തോര്‍ത്തുകൊണ്ട് വാരിച്ചുറ്റിപ്പൊതിഞ്ഞ് പ്രിയംവദ വാതില്‍ തുറന്നു. ഏതോ അമ്പലത്തില്‍ പോകാനുള്ള തയ്യാറെടുപ്പിലാണവള്‍. ഭാര്യയും ഭര്‍ത്താവും ഒരു നിമിഷം ഒന്നു നോക്കി. പിന്നെ ഒന്നും മിണ്ടാതെ, തികച്ചും അപരിചിതരെപ്പോലെ രണ്ടുപേരും വീടിന്റെ രണ്ടു കോണുകളിലേക്കു നടന്നു. അനില്‍കൃഷ്ണന്‍ രണ്ടാം നിലയിലേക്കുള്ള പടവുകള്‍ കയറിയപ്പോള്‍ പൂജാമുറിയെ ലക്ഷ്യമാക്കിയാണ് പ്രിയംവദ നടന്നത്.
മുറിക്കുള്ളില്‍ കയറിയ അനില്‍കൃഷ്ണന്‍ വിയര്‍പ്പു നാറ്റമുള്ള ജോഗിംഗ് ഡ്രസ്സ് പോലും മാറ്റാതെ, ടീ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ കയ്യിലെടുത്ത് ആകാംക്ഷാഭരിതനായി വാട്ട്സ് ആപ്പിലേക്കു കയറി. അതാ പ്രതീക്ഷിത നമ്പരില്‍ നിന്ന് രണ്ടു സന്ദേശങ്ങള്‍ വീണുകിടക്കുന്നു. ചിറകുരുമ്മിയിരിക്കുന്ന രണ്ട് പഞ്ചവര്ണത്തത്തകളുടെ മീതേ എഴുതിയ ‘ശുഭദിന’ ചിത്രമായിരുന്നു ഒന്നാമത്തേത്.പ്രയോജനപ്രദമായ സന്ദേശം രണ്ടാമത്തേതായിരുന്നു – ‘രാവിലെ കൃത്യം പതിനൊന്നു മണിക്ക് ഹോട്ടല്‍ ബ്ലൂസ്റ്റാറിലെ റിസപ്ഷനില്‍ എത്തിയിട്ട് ഈ നമ്പരില്‍ വിളിക്കുക.’
ലാവണ്യാ മേനോനെക്കുറിച്ചുള്ള ചൂടുപിടിപ്പിക്കുന്ന ചിന്തകളോടെ അനില്‍കൃഷ്ണന്‍, മൊബൈലിനെ കട്ടിലിലേക്കെറിഞ്ഞിട്ട് ഡ്രസ്സ് അഴിക്കാന്‍ തുടങ്ങി.അഴിച്ചെടുത്ത ഡ്രസ്സിനെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞ്, അയയില്‍ നിന്നൊരു കൈലി എടുത്തുടുത്തു. പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്ന പോലെ ചുമരലമാരയുടെ വാതില്‍ തുറന്ന് ഓഫീസ് ബാഗ് കയ്യിലെടുത്ത്, അറയിലേക്ക് കൈയിട്ടു. കൈ പുറത്തെടുത്തപ്പോള്‍ അതില്‍ അശ്വഗന്ധ സ്പ്രേ! കവറിനു പുറത്ത്, കുഞ്ചിരോമം വിടര്‍ത്തി ഉയര്‍ന്നു ചാടി നില്ക്കുന്ന വെള്ളക്കുതിരയെ അയാള്‍ കുറച്ചു നേരം നോക്കിനിന്നുശേഷം കവറിനു പുറകുവശത്ത് കുനുകുനെ എഴുതിയിരിക്കുന്ന ഉപയോഗക്രമത്തെ മനസ്സിരുത്തി വായിച്ചു.ഉദ്യമത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് സംഗതി പ്രയോഗിക്കേണ്ടത്. ഏതാണ്ട് രണ്ടു മണിക്കൂറോളം നീണ്ടു നില്ക്കുന്ന ക്രീഡാസുഖമാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടു മണിക്കൂറെന്നു പറയുമ്പോള്‍ ഒരു മണിക്കൂറെങ്കിലും കിട്ടാതിരിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തോടെ അയാള്‍ ആ വാജീകരണൗഷധത്തെ ബാഗിലേക്കു തിരികെ നിക്ഷേപിച്ച ശേഷം അറയ്ക്കുള്ളില്‍ വീണ്ടും തപ്പിത്തപ്പി ‘ഫയര്‍’ വലിച്ചെടുത്ത് അത്യാവേശത്തോടെ അതിന്റെ താളുകള്‍ മറിക്കാന്‍ തുടങ്ങി.
അനില്‍കൃഷ്ണന്‍ തന്റെ കിടപ്പുമുറിയിലിരുന്ന് ‘ഫയറി’ന്റെ താളുകള്‍ മറിച്ചുകൊണ്ടിരിക്കേ, അങ്ങ് വട്ടിയൂര്‍ക്കാവ് ശാസ്താക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിനു മുന്നില്‍ കണ്ണുകളടച്ച് പ്രാര്‍ത്ഥനാ നിര്‍ഭരനായി നില്‍ക്കുകയായിരുന്നു ഡോ: സുജിത്ത്. അയാളുടെ ജീവിതത്തില്‍ ഇന്ന് സംഭവിക്കാനിരിക്കുന്നത് രണ്ടു വഴിത്തിരിവുകളാണ് – പുതിയ ജോലിയിലേക്കുള്ള പ്രവേശവും അടക്കിവച്ചിരിക്കുന്ന പ്രണയത്തിന്റെ തുറന്നുപറച്ചിലും. വിഘ്നങ്ങളേതുമില്ലാതെ രണ്ടും നടത്തിത്തരണേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ച ശേഷം അയാള്‍ റോഡിലേക്കിറങ്ങി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
ഡോ: സുജിത്ത് ബൈക്കോടിച്ച് വീട്ടിലേക്കു മടങ്ങവേ, തമ്പാനൂര്‍ ശ്രീകുമാര്‍ തീയേറ്ററിനു മുന്നില്‍ തിങ്ങിനിറഞ്ഞു നിന്ന നൂറു കണക്കിന് വിജയ് ആരാധകരുടെ നടുവില്‍ ക്യാമറ ഫോക്കസ് ചെയ്യാന്‍ പെടാപ്പാടുപെടുകയായിരുന്നു നരിപ്പാറരതീഷ്.നഗരത്തെ ഇളക്കി മറിച്ചു കൊണ്ട് റിലീസ് ചെയ്ത വിജയ് ചിത്രത്തെക്കുറിച്ച് നാളത്തെ പത്രത്തില്‍ ഒരു സ്റ്റോറി ചെയ്യാനാണ് അയാള്‍ എത്തിയിരിക്കുന്നത്. ആദ്യ ഷോ തുടങ്ങിക്കഴിഞ്ഞെങ്കിലും തീയേറ്ററിനു പുറത്തെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. പഞ്ചാരിമേളം, ബാന്‍ഡ് വാദ്യം, കട്ടൗട്ടുകളില്‍ പാലഭിഷേകം, ഡപ്പാംകൂത്ത്, ആര്‍പ്പുവിളി…. എന്നിങ്ങനെ ആഹ്ലാദ പ്രകടനം കൊഴുകൊഴുപ്പിക്കുകയാണ് വിജയ് രസികര്‍ മണ്ട്രം. അത്യാവശ്യം വേണ്ട സ്നാപ്പുകള്‍ എടുത്ത ശേഷം, ആള് കേരള വിജയ് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരോട് ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും മൊബൈല്‍ പാടിത്തുടങ്ങി. ഫോണെടുത്ത് ചെവിയോടു ചേര്‍ത്തെങ്കിലും ചുറ്റിലുമുള്ള ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഒന്നും വ്യക്തമായില്ല.
വല്ലവിധേനയും ആരാധകവൃന്ദത്തിനിടയിലൂടെ നൂണ് പുറത്തു കടന്നപ്പോഴേക്കും ഫോണ്‍ കട്ടായി. സിറ്റിയിലെ ഏതോ ലാന്‍ഡ് നമ്പരില്‍ നിന്നാണ് വിളി വന്നിരിക്കുന്നത്.ആ നമ്പരിലേക്കു തിരികെ വിളിക്കാമെന്നു കരുതി വിരല്‍ ഫോണില്‍ മുട്ടിച്ചപ്പോഴേക്കും വിളി വീണ്ടും വന്നു കഴിഞ്ഞു:
”ഹലോ…”
”ഹലോ, ഇത് മിസ്റ്റര്‍ രതീഷല്ലേ?”
”അതെ. ആരാണ്?”
”ഇത് കന്റോണ്‍മെന്റ് സ്റ്റേഷനീന്നാണ്. നിങ്ങള്‍ എത്രയും പെട്ടെന്ന് ഇവിടം വരെ വരണം.”
”എന്താണ് കാര്യം സര്?”
”വാ. വന്നിട്ടു പറയാം.”
ഫോണ്‍ കട്ടായി. പോലീസ് സ്റ്റേഷനീന്ന് വിളി വരാന്‍ കാരണമെന്തായിരിക്കും? പണം കൊടുക്കാനുള്ള ആരെങ്കിലും പരാതി കൊടുത്തിരിക്കുമോ?അതോ ഏതെങ്കിലും വാര്‍ത്ത പത്രത്തില്‍ തെറ്റായിക്കൊടുത്തെന്നു പറഞ്ഞ് വിരട്ടാനോ? ഏതായാലും പോവുകയേ നിവൃത്തിയുള്ളൂ. അയാള്‍ ബൈക്ക് എടുക്കാനായി മാഞ്ഞാലിക്കുളം റോഡിലേക്കു നടന്നു.
മാഞ്ഞാലിക്കുളം -ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലൂടെ രതീഷിന്റെ സ്പ്ലെന്‍ഡര്‍ കന്റോണ്‍മെന്റ് സ്റ്റേഷന് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരിക്കേ, കന്റോണ്‍മെന്റ് സ്റ്റേഷന്റെ മൂലയില്‍ വെറും നിലത്ത് തളര്‍ന്നിരിക്കുകയായിരുന്നു സുധാകരന്. ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുത്ത അയാളെ ഇനിയും മോചിപ്പിച്ചിട്ടില്ല. ഒന്നു വിരട്ടിയിട്ട് പറഞ്ഞു വിടാം എന്നു മാത്രമേ അയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ എസ്.ഐ. റാഫിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിക്ടര്‍ ലോപ്പസ് സ്റ്റേഷനില്‍ വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഹരീഷിന്റെ മരണസമയത്ത് നെടുമങ്ങാട് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന അലോഷ്യസിന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവാണ് വിക്ടര്‍ ലോപ്പസ്. റാഫിയോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അയാള്‍ സുധാകരനടുത്തേക്കു ചെന്നു.
”താന്‍ വലിയ സമര പോരാളിയാണല്ലേ? പാവപ്പെട്ട പോലീസുകാരെയൊക്കെ സി.ബി.ഐയെക്കൊണ്ട് പിടിപ്പിച്ച് തൂക്കിക്കൊന്നാലേ തനിക്ക് സമാധാനമാവൂ അല്ലേ?എടോ പോവാനൊളളവന് പോയി. അവന് മാല മോട്ടിച്ചതുകൊണ്ടാണ് പോലീസ് പിടിച്ചത്.നാണക്കേടു കാരണം അവന് ആത്മഹത്യ ചെയ്തു. ചെലപ്പോ സത്യം പറയിക്കാന്‍ വേണ്ടി പോലീസുകാര്‍ ഒന്നോ രണ്ടോ കൊടുത്തു കാണും. അതിനവര്‍ക്ക് സസ്പെന്‍ഷനും കിട്ടി. ഇനീം അതും പറഞ്ഞ് മാനംമര്യാദയ്ക്കും കഴിയണ കുടുംബങ്ങളെക്കൂടി നശിപ്പിക്കണതെന്തിന്?”
”സാറേ, എന്റെ മോന് ഒന്നും മോട്ടിച്ചിട്ടില്ല. എല്ലാരും കൂടി കേസില്‍ കുരുക്കി കൊന്നതാ.”
”ആണെങ്കില്‍ത്തന്നെ അതൊക്കെ കഴിഞ്ഞിട്ട് വര്ഷങ്ങളായില്ലേ?”
”എത്ര വര്‍ഷം കഴിഞ്ഞാലും സത്യം കണ്ടുപിടിക്കണവരെ ഞാന്‍ സമരം ചെയ്യും.”
സുധാകരന്റെ ഉറച്ച സ്വരം കേട്ട വിക്ടര്‍ ലോപ്പസിന്റെ ദേഹത്തിലൂടെ ഒരു വിറയല്‍ കടന്നു പോയി. അയാള്‍ പല്ലിറുമ്മി, കൈയോങ്ങിക്കൊണ്ട് സുധാകരനു നേരെ പാഞ്ഞടുത്തു. പക്ഷേ, റാഫി അയാളുടെ കൈയില്‍ പിടിച്ചു.
”വേണ്ട സാര്‍. സോഷ്യല്‍ മീഡിയയും മീഡിയയുമൊക്കെ ഇടപെട്ട കേസാണ്. വെറുതേ ഇഷ്യുവുണ്ടാക്കണ്ട.”
കലിയടങ്ങാത്ത വിക്ടര്‍, റാഫിയുടെ കൈ തട്ടി മാറ്റി, രൂക്ഷമായി അയാളെ നോക്കിയ ശേഷം സുധാകരനടുത്തേക്ക് വിരല്‍ ചൂണ്ടി ചെന്നു.
”എടാ പു …. മോനേ, നീ ഇനി എന്ത് മറ്റടത്തെ സമരം ചെയ്താലും ഞങ്ങളെ ഒരു പുല്ലും ചെയ്യാന്‍ പറ്റില്ല.സി.ബി.ഐ അല്ല അവന്റെ അപ്പന് വേണമെങ്കിലും വരട്ട്. പിന്നൊരു കാര്യം. നാളെ മൊതല് സമരോംന്ന് പറഞ്ഞ് നിന്നെ ഈ സെക്രട്ടറിയേറ്റ് നടയിലെങ്ങാനും കണ്ടാല്‍ തൂക്കിയെടുത്ത് ഉള്ളേലാക്കും. പിന്നെ നീ പൊറംലോകം കാണൂല.”
അയാള്‍ സുധാകരന്റെ കോളറില്‍ പിടിച്ച് രൂക്ഷമായി അയാളെ നോക്കിയിട്ട് ഒറ്റത്തള്ള്! ചുവരില്‍ ചെന്നിടിച്ച് അയാള്‍ നിലത്തേക്കു വീണു. കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങി.
‘നേരം വെളുത്തിട്ട് സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടാ മതി’ എന്ന് എസ്.ഐക്ക് നിര്‍ദ്ദേശവും കൊടുത്തിട്ട് വിക്ടര്‍ ലോപ്പസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോയി. സുധാകരനെ സഹതാപത്തോടെ നോക്കിയ ശേഷം റാഫി തന്റെ റൂമിലേക്കു കയറിപ്പോയി.
അറുപത്തിരണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു കുറ്റവാളിയായി പോലീസ് സ്റ്റേഷനില്‍ കയറുന്നതെന്ന് സുധാകരന് ഓര്‍ത്തു. കള്ളന്മാരും പിടിച്ചുപറിക്കാരുമെന്നു തോന്നിക്കുന്ന അഞ്ചാറു പേരെ ഷര്ട്ടൊന്നുമിടീക്കാതെ സ്റ്റേഷന്റെ മൂലയില്‍ നിര്‍ത്തിയിട്ടുണ്ട്.അവരെ ഇടയ്ക്ക് അകത്തെ മുറിയിലേക്കു വിളിപ്പിച്ച് പോലീസുകാര്‍ ഉച്ചത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. കുറേക്കഴിഞ്ഞ് അവരെ പുറത്തിറക്കി ഇടതു വശത്തുള്ള ഇരുണ്ട ഇടനാഴിയിലേക്കു നടത്തി. ഇരുമ്പു വാതില്‍ തറയിലൂടെ നിരങ്ങി നീങ്ങുന്നതിന്റെ കരകര ശബ്ദം കേട്ടു. അവരെ ലോക്കപ്പിലടച്ചതാകാം.
എന്തായിരിക്കും ഇനി തന്റെ സമരത്തിന്റെ ഭാവി? മന്ത്രിസഭ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ പോലും സി.ബി.ഐ. ഏറ്റെടുക്കുമോ? അഥവാ ഏറ്റെടുത്താല്‍ത്തന്നെ അവര്‍ ആത്മാര്‍ത്ഥമായി അന്വേഷിക്കുമോ? കുറ്റവാളിയെ കണ്ടെത്തിയാല്‍ തന്നെ അവര്‍ ശിക്ഷിക്കപ്പെടുമോ? അധികാരത്തിനും സമ്പത്തിനും മീതേയുള്ള നീതിനടപ്പാക്കല്‍ അത്ര എളുപ്പമാണോ? മാസങ്ങള്‍ക്കു മുമ്പുണ്ടായ കോടതി ഉത്തരവ് ഇന്ന് പാതിരാത്രിയില്‍ തിടുക്കത്തില്‍ നടപ്പിലാക്കിയതിനു പിന്നില്‍ മറ്റു പല ഉദ്ദേശ്യവുമില്ലേ?…. ഇതുവരെ ഉണ്ടായിരുന്ന പോരാട്ടവീര്യവും നിശ്ചയദാര്‍ഢ്യവും ചോര്‍ന്നു ചോര്‍ന്നു പോകുന്നതായി സുധാകരനു തോന്നി. നിരാശയുടെ പടുകുഴിയിലേക്കു വീണുപോയ അയാള്‍ നീണ്ട നെടുവീര്‍പ്പിട്ടു കൊണ്ട് മെല്ലെ കണ്ണുകളടച്ചു.
”ജാമ്യത്തിലിറക്കാന്‍ ആരെങ്കിലുമുണ്ടോ?”
സുധാകരന് ഞെട്ടിയുണര്‍ന്നു.എസ്.ഐ. റാഫിയാണ്! അയാള്‍ നിലത്തു നിന്നു ചാടി എണീറ്റു.നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു. എപ്പോഴും സൂക്ഷിക്കാറുള്ള ചെറിയ ഡയറി അയാള്‍ പോക്കറ്റില്‍ നിന്നെടുത്ത് അതിലെഴുതിയിരുന്ന പേരുകളിലൂടെ കണ്ണോടിച്ചു. പലരും നഗരത്തിനു പുറത്തുള്ള പരിചയക്കാരാണ്. അപ്പോഴാണ് നരിപ്പാറരതീഷിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെടുന്നത്.
കാര്യമെന്തെന്നറിയാതെ പരവേശത്തോടെ രതീഷ് കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ. റാഫി സ്റ്റേഷനിലുണ്ടായിരുന്നില്ല. പരിചയമുള്ളൊരു പോലീസുകാരനോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പത്രക്കാരനെന്നൊരു പരിഗണനയില്‍, സുധാകരനെ കാണാന്‍ അയാള്‍ക്ക് അനുവാദം കിട്ടി. രതീഷ് സ്റ്റേഷനകത്തേക്കു കയറി. സുധാകരന് നിലത്തു നിന്ന് മെല്ലെ എണീറ്റു.
”കാര്യങ്ങളൊക്കെ ഞാനറിഞ്ഞു. പേടിക്കണ്ട. എസ്.ഐ. വന്നാലുടനേ പുറത്തിറങ്ങാം.”
രതീഷ് സമാശ്വാസവാക്കുകള്‍ പറഞ്ഞെങ്കിലും ഒരു തരം നിര്‍വ്വികാരതയോടെയാണ് സുധാകരന് അതെല്ലാം കേട്ടുനിന്നത്.
സുധാകരനോടു സംസാരിച്ച ശേഷം പുറത്തിറങ്ങിയ രതീഷ് ഏതാണ്ട് ഒരു മണിക്കൂറോളം സ്റ്റേഷനു വെളിയില്‍ കാത്തുനിന്നതിനു ശേഷമാണ് എസ്.ഐ. സ്റ്റേഷനില്‍ മടങ്ങിവന്നത്. അധികം താമസിയാതെ തന്നെ സ്റ്റേഷന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ പുറത്തിറങ്ങി.
”എന്തെങ്കിലും കഴിക്കണ്ടേ?”
”വേണ്ട സാറേ.”
”ഇന്നലെ രാത്രി കഴിച്ചതല്ലേ. വരൂ. എനിക്കും വിശപ്പുണ്ട്.”
”വേണ്ട സാറെ.ഒരു ചായ മാത്രം മതി.”
നിര്‍ബന്ധിച്ചിട്ടും അയാള്‍ ആഹാരം വേണ്ടെന്നു തീര്‍ത്തു പറഞ്ഞതിനാല്‍ രതീഷ് അയാളേയും കൂട്ടി ചായ കുടിക്കാനായി വടക്കേ ഗേറ്റിനെതിര്വശത്തുള്ള തട്ടുകടയിലേക്കു നടന്നു.
”നമുക്ക് ആക്ഷന്‍ കൗണ്സിലുകാരെയൊക്കെ വിവരം അറിയിക്കണം. പിന്നെ ഹൈക്കോടതി വിധിയുള്ളതുകൊണ്ട് ഇനി പന്തല്‍ കെട്ടി സമരം ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല. അത് സാരമില്ല. പന്തലില്ലാതെയും സമരം ചെയ്യാമല്ലോ.”
രതീഷ് ഭാവി സമരപരിപാടികളെക്കുറിച്ച് വാചാലനായെങ്കിലും സുധാകരന് ഒന്നും മിണ്ടാതെ നിസ്സംഗതയോടെ അതെല്ലാം കേട്ടു നിന്നതേയുള്ളൂ.
ചായ കുടിച്ചു പിരിയാന്‍ നേരം സുധാകരന് രതീഷിന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു.
”എനിക്കു വേണ്ടി സാറ് ഒരുപാടൊക്കെ ചെയ്തു. മറക്കൂല.”
അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. വികാരവിക്ഷുബ്ധമായ ആ വാക്കുകള്‍ കേട്ട് എന്തു പറയണമെന്നറിയാതെ രതീഷ് സ്തംഭിച്ചുനില്‍ക്കേ, ഏജീസ് ഓഫീസിന്റെ ഭാഗത്തേക്കുള്ള നടപ്പാതയിലൂടെ അയാള്‍ തിടുക്കത്തില്‍ നടന്നു നീങ്ങി….
സമരപ്പന്തലുകള്‍ ഒഴിഞ്ഞ നടപ്പാതയിലൂടെ രതീഷ് നടന്നു. നിരത്തില്‍ തിരക്കു തുടങ്ങിയിട്ടേയുളളൂ. സമരപ്പന്തല്‍ ഒഴിപ്പിച്ചതിനെപ്പറ്റി നാളെ ഒരു റിപ്പോര്‍ട്ടു കൊടുക്കണം. അയാള്‍ ക്യാമറ കൈയിലെടുത്ത് ഒന്നുരണ്ടു സ്നാപ്പുകളെടുത്തശേഷം അരുള്ജ്യോതിയിലേക്കു കയറി. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോള്‍ സമയം 9.05. പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റിലെ പരസ്യ വിഭാഗം മേധാവി രാജശേഖരന് സാര്‍ ഇന്ന് കാണാമെന്നു പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ പരസ്യങ്ങള്‍ കൂടി കിട്ടിയാലേ ഇനി എങ്ങനെയെങ്കിലും പിടിച്ചുനില്ക്കാന് പറ്റൂ. പത്തുമണി കഴിഞ്ഞാലേ സാര്‍ ഓഫീസിലെത്തൂ. അയാള്‍ രമേശന്റെ പത്ര സ്റ്റാന്‍ഡിലേക്കു നടന്നു.
സ്റ്റാന്‍ഡില്‍ നിരത്തിയിരുന്ന പത്രങ്ങള്‍ ഓരോന്നായെടുത്ത് രതീഷ് ഓടിച്ചു നോക്കി. പാതിരാത്രി നടന്ന സംഭവമായതുകൊണ്ടാകും സമരപ്പന്തല്‍ പൊളിച്ചുനീക്കിയ വാര്‍ത്ത ഒന്നിലും വന്നിട്ടില്ല. പെട്ടെന്നാണ് ഒരാരവം! അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. വഴിയാത്രക്കാരും ബസ് കാത്തുനിന്നവരും ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരുമെല്ലാം നിലവിളിച്ചുകൊണ്ട് സമരപ്പന്തലുകള്‍ നിന്നിരുന്ന നടപ്പാതയെ ലക്ഷ്യമാക്കി ഓടുന്നു! നിരത്തിലെ വാഹനങ്ങള്‍ നിശ്ചലമായി.പരിഭ്രാന്തനായ രതീഷ് ഓടി മാധവറാവു പ്രതിമയ്ക്കരികിലെത്തി എതിര്‍വശത്തേക്കു നോക്കിയപ്പോള്‍ ആ ഭയാനകമായ കാഴ്ച കണ്ടു- തീഗോളമായി മാറിയ ഒരു മനുഷ്യന് നടപ്പാതയിലൂടെ അലറി വിളിച്ചുകൊണ്ട് ഓടുന്നു! ഒന്നും ചെയ്യാനാകാത്ത നിസ്സഹായ ജനക്കൂട്ടം നിശ്ചിത അകലം പാലിച്ചുകൊണ്ട് ബഹളം വച്ച് പിറകേ ഓടുന്നുണ്ട്. വാഹനങ്ങള്‍ക്കിടയിലൂടെ ഓടി റോഡിനു മറുവശത്തെത്തിയ രതീഷ് ആ ഭയാനകദൃശ്യം കണ്ട് ഒരു നിമിഷം പകച്ചുപോയെങ്കിലും പെട്ടെന്നു തന്നെ അയാളിലെ പത്രപ്രവര്ത്തകന് ഉണര്‍ന്നു. തോളില്‍ തൂക്കിയിരുന്ന ബാഗില്‍ നിന്ന് അയാള്‍ ക്യാമറ വലിച്ചൂരിയെടുത്തു. ഫ്ളാഷുകള്‍ തുരുതുരെ മിന്നിച്ചുകൊണ്ട് അയാള്‍ തീഗോളത്തിനു പിറകേ പാഞ്ഞു. വേലുത്തമ്പിപ്രതിമയുടെ അടുത്തെത്തിയപ്പോഴേക്കും ആ അഗ്നിമനുഷ്യന് നിലത്തേക്കു വീഴാനൊരുങ്ങി. ജനക്കൂട്ടം മെല്ലെ അയാള്‍ക്കരികിലേക്കെത്തി. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി രതീഷും ആ അണയാറായ അഗ്നിരൂപത്തിനു മുന്നിലെത്തി. വേലുത്തമ്പി പ്രതിമ കൂടി പശ്ചാത്തലത്തില്‍ വരത്തക്കവിധം, കത്തിത്തീരാറായ ആ മനുഷ്യന്റെ അവസാന പിടച്ചിലുകള്‍ അയാള്‍ ക്യാമറയില്‍ പകര്‍ത്തി. നിമിഷങ്ങള്‍ക്കകം പിടച്ചിലുകള്‍ അവസാനിച്ചു. കരിക്കട്ടയായി മാറിയ ആ ആള്‍രൂപം നടപ്പാതയിലേക്കു വീണു. വെന്ത പച്ചമാംസത്തിന്റെ ഗന്ധം എങ്ങും പരന്നു. ആള്‍ക്കൂട്ടം മൂക്കു പൊത്താന്‍ തുടങ്ങി.ആരായിരിക്കും ഈ മനുഷ്യന് എന്ന ചിന്തയോടെ, വീണുകിടന്ന കരിഞ്ഞ മാംസപിണ്ഡത്തിനു ചുറ്റും രതീഷ് കണ്ണോടിച്ചു.അതാ നടപ്പാതയില്‍ ഒരു ചില്ലുടഞ്ഞ ഫോട്ടോ! അതിന്റെ പകുതിയോളം ഭാഗം കരിഞ്ഞിട്ടുണ്ടെങ്കിലും ചിത്രത്തിലെ യുവാവിനെ അയാള്‍ തിരിച്ചറിയുക തന്നെ ചെയ്തു. അത് ഹരീഷിന്റെ ചിത്രമായിരുന്നു. അപ്പോള്‍, വെന്തുനീറി നിലത്തു കിടക്കുന്ന ഈ മനുഷ്യന് ….? അയാളുടെ പ്രജ്ഞയിലൂടെ ഒരു വിറയല്‍ കടന്നുപോയി. സെക്രട്ടറിയേറ്റിലെ ഘടികാര സൂചികളിലെ അപ്പോഴത്തെ സമയം: 9:15:45
9:21:46
കുളികഴിഞ്ഞ് മൂളിപ്പാട്ടും പാടി ഗോവണിപ്പടികളിറങ്ങി വന്ന അനില്‍കൃഷ്ണന്‍, ഡൈനിംഗ് ടേബിളില്‍ തയ്യാറാക്കി വച്ചിരുന്ന ബ്രേക്ഫാസ്റ്റിനു മുന്നില്‍ ഉപവിഷ്ഠനായി. ഇഡ്ഡലിയും സാമ്പാറും കുഴച്ച് കഴിച്ചു തുടങ്ങിയ അയാള്‍ ടേബിളില്‍ കിടന്ന റിമോട്ട് കൈയിലെടുത്ത് അതിലൂടെ വിരലോടിച്ച് ‘ന്യൂസ് ടുഡേ’ ചാനലിലെത്തി – ബ്രേക്കിംഗ് ന്യൂസ്: ”സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരാള്‍ സ്വയം തീ കൊളുത്തി മരിച്ചു. നെടുമങ്ങാട് കരിഞ്ചാത്തിമൂല സ്വദേശി സുധാകരന് (62) ആണ് മരിച്ചത്. മകന്റെ മരണം CBI അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ 130 ദിവസങ്ങളായി സമരം ചെയ്തു വരികയായിരുന്നു ഇയാള്‍.”
മൂഡോഫാക്കുന്ന ഇത്തരം വാര്‍ത്തകള്‍ കാണുന്നത് ഈ സമയത്ത് തീരെ നല്ലതല്ലെന്നു ചിന്തിച്ചു കൊണ്ട് അനില്‍കൃഷ്ണന്‍ റിമോട്ടില്‍ വീണ്ടും വിരല്‍ പായിച്ച് ചന്ദ്രാ മ്യൂസിക്കിലെത്തി:
”മിഴിയില്‍ നിന്നും മിഴിയിലേക്ക്
തോണി തുഴഞ്ഞേ പോയീ നമ്മള്…. മെല്ലെ …
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ തമ്മില്‍… നമ്മള്…”
സ്ക്രീനില്‍ തെളിഞ്ഞ രതിരംഗങ്ങളില്‍ കണ്ണുകളര്‍പ്പിച്ച് അയാള്‍ പ്രഭാത ഭക്ഷണം ചവച്ചിറക്കി.ഭക്ഷണാനന്തരം, വീണ്ടും റൂമിലേക്ക് കയറിയ അയാള്‍ ഡ്രസ് മാറ്റാനാരംഭിച്ചു. ഉടുത്തിരുന്ന കൈലി വലിച്ചൂരി കട്ടിലിലേക്കെറിഞ്ഞു. തേച്ചു മടക്കി വച്ചിരുന്ന ബ്രൗണ്‍ നിറത്തിലുള്ള പാന്റ് കാലിലൂടെ വലിച്ചു കയറ്റി സിബ്ബിടാന്‍ ഒരുങ്ങിയപ്പോഴാണ് പ്രധാനപ്പെട്ട കാര്യം മറന്നുപോയല്ലോ എന്നോര്‍ത്തത്. ‘ശ്ശൊ’ എന്നു പിറുപിറുത്തുകൊണ്ട് അയാള്‍ മേശമേലിരുന്ന ബാഗില്‍ നിന്ന് ‘അശ്വഗന്ധ’ വലിച്ചെടുത്തു. കവര്‍ തുറന്ന് സ്പ്രേ പുറത്തെടുത്ത്, മൂടിയിലെ പോളിത്തീന്‍ ആവരണം കീറിയ ശേഷം അതിനെ മര്‍മ്മ പ്രധാന കേന്ദ്രത്തിനടുത്തെത്തിച്ചു. അടിവസ്ത്രം കുറച്ചു താഴ്ത്തിയ ശേഷം വലതുകൈയിലെ തള്ളവിരല്‍ കൊണ്ട് സ്പ്രേയുടെ മൂടിയില്‍ അമര്‍ത്തി.ഫണം വിടര്‍ത്തിയ സര്‍പ്പത്തിന്റെ സീല്ക്കാരശബ്ദത്തോടെ ശീതബാഷ്പം പുറത്തേക്കു തെറിച്ചു ….
9:41:26
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടു തുടങ്ങി. മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടിരുന്നു.സുധാകരന്റെ ആത്മഹത്യക്കു ദൃക്സാക്ഷിയായ നരിപ്പാറരതീഷിനോട് അവര്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതും പോലീസ് കസ്റ്റഡിയിലെടുത്തതുമൊക്കെ സുധാകരനെ ഉലച്ചു കളഞ്ഞതായും അതോടെ തനിക്ക് നീതി കിട്ടില്ലെന്ന് അയാള്‍ ഉറപ്പിച്ചിരിക്കാമെന്നും രതീഷ് അവരോടു പറഞ്ഞു. ഇതിനിടയില്‍ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ ജില്ലാ പ്രസിഡന്റ് ആറാലുമ്മൂട് അനില്‍ ആളും ആരവവുമായി മോര്‍ച്ചറിക്കു മുന്നില്‍ പ്രത്യക്ഷനായി. മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആ ഖദര്‍ ധാരിയെ വട്ടമിട്ടു. ചാനല്‍ ക്യാമറകള്‍ മിഴി തുറന്നതോടെ ഒരു പ്രസ്താവന നടത്താമെന്നു തന്നെ നേതാവ് ഉറപ്പിച്ചു:
”ഇതൊരു ഭരണകൂട കൊലപാതകമാണ്. തികച്ചും ഗാന്ധിയന്‍ രീതിയില്‍ സമാധാനപരമായി സമരം ചെയ്തുവന്നവരുടെ സമരക്കുടിലുകള്‍ അര്‍ദ്ധരാത്രി പൊളിച്ചുമാറ്റേണ്ട എന്താവശ്യമാണുണ്ടായിരുന്നത്? ഇതൊരു ജനാധിപത്യ രാജ്യമല്ലേ?…..”
”ഹൈക്കോടതി വിധിയുണ്ടായിരുന്നുവെന്നാണ് ….”
ഒരു ചാനല്‍ ലേഖിക ഇടയ്ക്കു കയറിപ്പറഞ്ഞു. അതൊട്ടും ഇഷ്ടമാകാത്ത നേതാവ് അവരെ പുച്ഛത്തോടെ ഒന്നു നോക്കിയ ശേഷം പ്രസ്താവന തുടര്‍ന്നു:
”അതൊക്കെ ഒരു മറയല്ലേ. ഇത് തികച്ചും ആസൂത്രിതമായി നടപ്പിലാക്കിയ ഗൂഢാലോചനയാണ്. ശക്തമായ പ്രതിഷേധം ഇന്നുതന്നെ ഇക്കാര്യത്തിലുണ്ടാകും.”
ആറാലുമ്മൂട് അനില്‍ പ്രസ്താവന അവസാനിപ്പിച്ചപ്പോഴേക്കും അഞ്ചാറ് അണികളുടെ അകമ്പടിയോടെ മറ്റൊരു നേതാവ് അവിടേക്കു പാഞ്ഞുവന്നു. കേന്ദ്രഭരണ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയായ കൈമനം രാജമോഹനനായിരുന്നു ആ നേതാവ്. ആറാലുമ്മൂട് അനിലിനെ ഉപേക്ഷിച്ച് ചാനല്‍ ക്യാമറകള്‍ കൂട്ടത്തോടെ കൈമനത്തിനെ വളഞ്ഞു. തല – താടി രോമാദികള് ധവളവര്ണത്തില് തിളങ്ങി നിന്ന ആ കുങ്കുമധാരി മെല്ലെ വായ തുറന്നു:
”ഒരു ഹിന്ദുവായിപ്പോയതുകൊണ്ടു മാത്രമാണ് ശ്രീമാന്‍ സുധാകരന് ഇങ്ങനെയൊരു ദുര്യോഗമുണ്ടായത്. ഹിന്ദുക്കളോട് സംസ്ഥാന ഭരണകൂടം കാട്ടുന്ന നിഷേധാത്മക സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ദാരുണ സംഭവം. ഇനിയും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. അതിശക്തമായ പ്രക്ഷോഭം തന്നെ പാര്‍ട്ടി സംഘടിപ്പിക്കും.”
നേതാക്കളുടെ പ്രസ്താവനകള്‍ അപ്പപ്പോള്‍ത്തന്നെ ടി.വി സ്ക്രീനുകളിലേക്ക് പ്രവഹിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെയും പോഷക സംഘടനകളുടേയും നഗരത്തിലെ ഓഫീസുകളും കാര്യാലയങ്ങളും സജീവമായി. പരമാവധി ആള്‍ക്കാരെ സംഘടിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലേക്ക് സന്ദേശങ്ങള്‍ പാഞ്ഞു.സര്‍ക്കാരിനെതിരെ കടുത്ത ജന രോഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഈ സുവര്‍ണാവസരത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് അവരുടെ തീരുമാനം.
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നതിനു സമാന്തരമായിത്തന്നെ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളും സജീവമായി. സംഭവത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന ആഹ്വാനങ്ങള്‍ #നീ-തീ എന്ന ഹാഷ് ടാഗോടെ വൈറലായി.തിരുവനന്തപുരം നഗരം ഇന്നുവരെ കാണാത്ത ജനരോഷമാകും ഇന്നുണ്ടാകാന്‍ പോകുന്നതെന്നു തിരിച്ചറിഞ്ഞ മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ക്രമേണ മോര്‍ച്ചറി പരിസരത്തു നിന്ന് നിഷ്ക്രമിച്ചു തുടങ്ങി. ഒടുവില്‍, രതീഷും ഒന്നു രണ്ടു പേരും മാത്രം അവശേഷിച്ചു. സുധാകരന്റെ ബന്ധുക്കളെ വിവരമറിയിക്കാന്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. അവരെത്തുന്നതോടെ രതീഷിനും നഗരത്തിലേക്കു തിരിച്ചേ പറ്റൂ. കാരണം, അയാളുമൊരു പത്രപ്രവര്‍ത്തകനാണ്.
9:54:42
മ്യൂസിയം ജംഗ്ഷനില്‍ പച്ച സിഗ്നലും കാത്ത് കിടന്നപ്പോള്‍ അനില്കൃഷ്ണന്റെ ഫോണ്‍ ചിലച്ചു തുടങ്ങി. അയാള്‍ തിടുക്കപ്പെട്ട് കാറിന്റെ സൈഡ് സീറ്റില്ക്കിടന്ന ഫോണെടുത്തു. ‘ഗുഡ്സ് സര്‍വ്വീസ്’ എന്ന് ഫീഡ് ചെയ്തിരുന്ന നമ്പരില്‍ നിന്നാണ്. ‘ഹലോ’ പറഞ്ഞപ്പോഴേക്കും ഹരിതസിഗ്നല് തെളിഞ്ഞു.
‘ഒന്നു ഹോള്‍ഡ് ചെയ്യണേ’ എന്നു പറഞ്ഞിട്ട് അയാള്‍ കാര്‍ മുന്നോട്ടെടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോടു ചേര്‍ന്നുള്ള നടപ്പാതയ്ക്കരികിലായി നിര്‍ത്തി.
”ങാ… പറയൂ.”
”സാറ് ഓഫീസിലെത്തിയില്ലേ?”
”ഇല്ല. ഒരഞ്ചു മിനിട്ടിനുള്ളിലെത്തും. പഞ്ച് ചെയ്തിട്ട് ഒരു പത്തര കഴിയുമ്പോ ഞാനിറങ്ങി ഹോട്ടലിലെത്താം.”
”അല്ല …. ഞാന്‍ വിളിച്ചത്… നമ്മുടെ പ്രോഗ്രാമില്‍ ഒരു ചെയ്ഞ്ചുണ്ടെന്നു പറയാനാ.”
”എന്തു ചെയ്ഞ്ച്?”
”ലാവണ്യക്ക് ഒരസൗകര്യമുണ്ട്…. അവര്‍ക്ക് ഇന്നു രാവിലെ പിരീഡ്സായെന്ന്.”
”എന്തോന്ന്?”
”പിരീഡ്സേ… മെന്‍സസ്. ആര്‍ത്തവം.”
അനില്‍ കൃഷ്ണന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു.കബളിപ്പിക്കപ്പെടുകയാണോ എന്ന ചിന്ത അയാളെ വലയം ചെയ്തു. ഇല്ല. അത് സമ്മതിക്കാന്‍ പറ്റില്ല.
”അത്… അത് സാരമില്ല. ഇന്ന് തുടങ്ങിയിട്ടല്ലേയുള്ളൂ. ഞാനഡ്ജസ്റ്റ് ചെയ്തോളാം.”
”അയ്യേ! സാറിതെന്താണ് പറയുന്നത്. അവര്‍ നല്ല ഫാമിലീലുള്ളതാ.ഫെമിനിച്ചിയൊന്നുമല്ല. എട്ടു ദിവസം കഴിയാതെ അവരെ നോക്കണ്ട.”
”ഇതൊരു മാതിരി ചീറ്റിംഗായിപ്പോയി. നിങ്ങള്‍ക്കൊരു പ്രൊഫഷണല്‍ മര്യാദയില്ലേ?”
”സാറേ, ഇതൊക്കെ ആര്‍ക്കെങ്കിലും നേരത്തേ നിശ്ചയിക്കാന്‍ പറ്റുന്നതാണോ? സാറിന് ഞങ്ങള്‍ വേറെ ആരെയെങ്കിലും അറേഞ്ച് ചെയ്തു തരാം. സീരിയലിലുള്ളവരെ പെട്ടെന്ന് കിട്ടാന്‍ പ്രയാസമാ. വേറെ ആരെ വേണമെന്നു പറഞ്ഞാ …..”
കെട്ടിപ്പൊക്കിയ സ്വപ്നസൗധം ഒരുനിമിഷംകൊണ്ട് വീണ് തവിടുപൊടിയാകുന്നതായി അനില്കൃഷ്ണനു തോന്നി. ദേഷ്യവും സങ്കടവും കൊണ്ട് അയാള്‍ വീര്‍പ്പുമുട്ടി. ശീതീകരിച്ച കാറിനുള്ളിലായിരുന്നിട്ടും ശരീരം ചൂടുപിടിക്കാന്‍ തുടങ്ങി.
”നീയൊന്നും ഇനിയൊരു കോപ്പും ഒണ്ടാക്കണ്ട. മര്യാദയ്ക്ക് എന്റെ കാശ് തിരിച്ചു തന്നേക്കണം.”
അലറിക്കൊണ്ടാണ് അയാള്‍ അത്രയും പറഞ്ഞത്.
”സാര്‍ ഒന്നുകൂടിയൊന്ന് ആലോചിച്ചിട്ട്….”
”ഇനിയൊന്നും ആലോചിക്കാനില്ല. ഞാന്‍ നമ്പര്‍ അയയ്ക്കും. അതിലേക്ക് കാശിട്ടു തന്നാല്‍ മാത്രം മതി. പറ്റിക്കാനാണു ഭാവമെങ്കില്‍….”
അയാള്‍ പല്ലിറുമ്മിക്കൊണ്ട് കാള്‍ കട്ടു ചെയ്ത ശേഷം നമ്പര്‍ സെന്‍ഡ് ചെയ്തു. സ്റ്റിയറിംഗില്‍ അമര്‍ത്തിപ്പിടിച്ച്, വിദൂരതയില്‍ കണ്ണും നട്ട് കുറേ നേരം അങ്ങനെ ഇരുന്നു.സംഭോഗവിഘ്നം തന്നെ വിടാതെ പിന്തുടരുകയാണല്ലോ എന്നോര്‍ത്ത് ദീര്‍ഘമായൊരു നെടുവീര്‍പ്പിട്ടു. പിന്നെ, കാര്‍ പതിയെ മുന്നോട്ടെടുത്തു.
9:59:02
കട്ടിലിനടിയില്‍ നിന്ന് നിരക്കിയെടുത്ത ബാഗിനെ ജിനി കട്ടിലിനു മുകളില്‍ വച്ചു. അത്യാവശ്യം വേണ്ട തുണികളും ഒരു വേദപുസ്തകവും സോപ്പും ചീപ്പും ടൂത്ത് ബ്രഷുമൊക്കെയാണ് ബാഗിനുളളില്‍. അവള് അലമാരയിലെ കണ്ണാടിയില്‍ ഒന്നു കൂടി നോക്കി. ചുവപ്പില്‍ മഞ്ഞപ്പൂക്കളുള്ള ചുരിദാര്‍ തനിക്ക് നന്നായി ചേരുന്നുണ്ട്. അവള് ചുവരിലെ ക്രിസ്തുവിന്റെ ചിത്രത്തിലേക്കു നോക്കി കുറച്ചു നേരം കണ്ണടച്ച് പ്രാര്‍ത്ഥിച്ച ശേഷം നെഞ്ചില്‍ കുരിശു വരച്ച്, ബാഗ് കൈയിലെടുത്തു.
”ടിംഗ്… ടോംഗ്”
കോളിംഗ് ബെല്‍ ശബ്ദിച്ചു. കര്‍ത്താവേ, ആരാണീ നേരത്ത്? ഉള്ളൊന്നു പിടഞ്ഞ അവള് ബാഗ് കട്ടിലിനടിയിലേക്കു നിരക്കിവച്ചിട്ട് തിടുക്കത്തില്‍ മുറിക്കു പുറത്തിറങ്ങി വാതില്‍ തുറന്നു – ബിനു!
”നെനക്കിന്ന് ജോലിക്ക് പോണ്ടേ?”
മദ്യത്തിന്റെ മണമുള്ള അവന്റെ ആ ചോദ്യം കേട്ട് അവളൊന്നു പരുങ്ങി.
”അത്…. പിന്നെ… ഞാനെറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് താമസിച്ച് പോയാല്‍ മതി….”
അവന് ഒന്നു മൂളിയ ശേഷം ഷര്‍ട്ട് വലിച്ചൂരി ഹാളിന്റെ മൂലയിലേക്കെറിഞ്ഞ്, ടി.വി.ഓണ്‍ ചെയ്തു. ഏതോ തമിഴ് ചാനലില്‍ നിന്ന് കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള പാട്ടും ഡപ്പാംകൂത്ത് ആട്ടവും പ്രസരിച്ചു തുടങ്ങി.ടി.വിക്കു മുന്നില്‍ കസേര വലിച്ചിട്ട് ബിനു പ്രേക്ഷകനായി.
യേശുഅപ്പാ, കുഴഞ്ഞല്ലോ. രാവിലെ വീട്ടീന്നെറങ്ങിപ്പോയാല് രാത്രിയിലെപ്പോഴെങ്കിലും മാത്രം തിരിച്ചെത്താറുള്ളയാള് ഇന്ന് ഈ നേരത്തു തന്നെ കെട്ടിയെടുത്തല്ലോ! ഇനി എന്തു ചെയ്യും?ജിനിയുടെ മേലാകെ ഒരു വിറയല്‍ ബാധിച്ചു.
”എടീ, സജിയണ്ണന്‍ പറഞ്ഞ് നിന്നെക്കാണാന്‍ അണ്ണന്റെ വീട്ടുകാര്‍ ഞായറാഴ്ച ഉച്ചയ്ക്ക് വരുമെന്ന്. അന്ന് പള്ളീപ്പോയിറ്റ് നീ നേരത്തേ വരണം.”
അതു കേട്ടതും അവളുടെ നാക്ക് ചൊറിഞ്ഞു വന്നുവെങ്കിലും അടക്കി. മറുപടി പറഞ്ഞ് രംഗം വഷളാക്കാനുള്ള സമയമല്ലിത്. അവന് പറഞ്ഞത് കേട്ടു എന്നു ബോധ്യപ്പെടുത്താനായി ‘ഓ….’ എന്ന് അലസമായൊരു ശബ്ദമുണ്ടാക്കിയ ശേഷം അവള് ഗാഢമായി ചിന്തിക്കാന്‍ തുടങ്ങി – ബാഗുമായി എങ്ങനെ പുറത്തിറങ്ങും?
10:06:13
ഏ.ആര് ക്യാമ്പിന്റെ മുഖ്യ കവാടത്തിലൂടെ സുജിത്ത് ബൈക്കില്‍ അകത്തേക്കു കടന്നു. ബൈക്ക് ഷെഡ്ഡില്‍ ഒതുക്കിയിട്ട് അയാള്‍ ഓഫീസ് ലക്ഷ്യമാക്കി നടന്നു. ക്ലര്‍ക്ക് ശിവപ്രസാദ് സീറ്റിലുണ്ട്. സുജിത്തിനെ കണ്ടതും ശിവപ്രസാദ് പറഞ്ഞു:
”റിലീവിംഗ് ഓര്‍ഡറിന്റെ ഫയല്‍ സാറിന്റെ മുമ്പിലിരിക്കുകയാണ്. സാറിനിന്ന് ഡി.ജീ. പി ഓഫീസിലൊരു കോണ്‍ഫറന്‍സുണ്ട്. മിക്കവാറും വരാന്‍ ഉച്ചയാകും.സാറൊപ്പിട്ടാല് പിന്നെ താമസമില്ല.”
സുജിത്തിന്റെ മുഖം മ്ലാനമായി.
”ഇന്ന് രാവിലെ റെഡിയാകുമെന്നാ ഞാന്‍ വിചാരിച്ചത്….”
”ഞാനും അങ്ങനെയാണ് കരുതിയത്. നമ്മള് ഇന്നലെത്തന്നെ ഫയലും വച്ചതാ.പക്ഷേ, അതിനിടയിലാ ഈ അര്ജന്റ് മീറ്റിംഗ് വന്നത്. ഏതായാലും ഇത്രേം വരെ ആയില്ലേ. ഉച്ചവരെ ഒന്ന് വെയ്റ്റ് ചെയ്യ്.”
ശിവപ്രസാദ് വിശദീകരിച്ചു. കൂടുതലൊന്നും പറയാതെ, സുജിത്ത് ഒന്നു ചിരിച്ചു. ഓഫീസില്‍നിന്നു പുറത്തിറങ്ങി അയാള്‍ ബാരക്കിലേക്കു നടന്നു. പ്രത്യേകിച്ച് ഡ്യൂട്ടിയൊന്നുമില്ലാത്തതിനാലാകാം ബാരക്കുകളിലെ പോലീസുകാരില്‍ പലരും ക്യാരംസ് കളിയിലും ചെസ്സ് കളിയിലും ചീട്ടുകളിയിലുമൊക്കെ മുഴുകിയിരിക്കുന്നു. ചിലര്‍ ഗാഢനിദ്രയിലുമാണ്. മറ്റു ചിലരാകട്ടെ ടെലിവിഷനു മുന്നിലും. സുജിത്ത് ടെലിവിഷനു മുന്നിലെ കസേരയില്‍ ഇരുന്നു. ‘ചന്ദ്രാനെറ്റ്’ ന്യൂസാണ് സ്ക്രീനില്‍. സുധാകരന്റെ മരണത്തെക്കുറിച്ചുള്ള വിശകലനങ്ങളും പ്രതികരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. ഇന്നത്തെ ദിവസം പൊലിപ്പിക്കാനുള്ള ചൂടന്‍ വാര്‍ത്ത കിട്ടിയതിന്റെ ആവേശവും ആക്രാന്തവുമൊക്കെ പ്രകടമാക്കുന്നതായിരുന്നു വാര്‍ത്താ അവതാരകനായ മുരളിയുടെ സംസാരവും ശരീരഭാഷയും.
”…. തീര്‍ച്ചയായും ഇതൊരു ഭരണകൂട കൊലപാതകമാണ്. നൂറ്റിമുപ്പതു ദിവസങ്ങളായി ആ മനുഷ്യന് ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ നീതിക്കുവേണ്ടി കേഴുകയായിരുന്നു. നമ്മളോര്‍ക്കണം, സ്വന്തം മകന്റെ ദാരുണമായ കൊലപാതകത്തിനു പിന്നിലുള്ള യഥാര്‍ത്ഥ ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായിരുന്നു ആ പോരാട്ടം.അടിസ്ഥാന വര്‍ഗത്തിന്റെ പ്രതിനിധികളെന്നു പറയുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഈ ദാരുണ സംഭവമെന്നതാണ് ഏറെ ഞെട്ടലുണ്ടാക്കുന്നത്. ബാഹ്യശക്തികളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനുമേല്‍ ഉണ്ടായിട്ടുണ്ടോ? ഭരണപക്ഷത്തിന്റെ പ്രതിനിധിയായി ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ശ്രീ.ചേനത്തടവെട്ടും ചെല്ലപ്പന് എന്താണ് പറയാനുള്ളത്?”
”മിസ്റ്റര്‍ മുരളീ, നിങ്ങള്‍ ആടിനെ പട്ടിയാക്കാന്‍ നോക്കരുത്. ഇവിടെ എവിടെയാണ് സര്‍ക്കാരിന്റെ വീഴ്ച? ഹൈക്കോടതി വിധി നടപ്പിലാക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളൂ….”
”പക്ഷേ, മൂന്നുമാസംമുമ്പ് വന്ന വിധി ഇപ്പോള്‍ നടപ്പിലാക്കുന്നത്….”
”നിക്ക് നിക്ക്…. ഞാന്‍ പറയട്ടെ.തോക്കിനകത്ത് കയറി വെടി വയ്ക്കാതെ…..”
ചര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. സുജിത്ത് ദീര്‍ഘമായൊരു കോട്ടുവാ വിട്ടു.
10:13:33
പഞ്ച് ചെയ്ത് ഓഫീസ് ക്യാബിനിലെത്തിയ അനില്‍കൃഷ്ണന്‍ തന്റെ ഇരിപ്പിടത്തില്‍ ഉപവിഷ്ഠനായ ഉടനേതന്നെ മൊബൈല്‍ കയ്യിലെടുത്തു. ഹാവൂ! ആശ്വാസമായി. അക്കൗണ്ടില്‍ പണം വന്നിട്ടുണ്ട്. പക്ഷേ, ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. ധനകാര്യ വകുപ്പില്‍ നിന്നു വന്ന ഒരു പ്രധാനപ്പെട്ട ഫയലിനെക്കുറിച്ചു ചോദിക്കാന്‍ അണ്ടര്‍ സെക്രട്ടറി ലീനാ ചെറിയാന് ക്യാബിനിലേക്കു വന്നതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്.
കാഴ്ചയില്‍ത്തന്നെ ഒരു മദാലസഭാവമാണ് ലീനാ ചെറിയാന്. അവരുടെ നടപ്പും മേക്കപ്പും സംസാരരീതിയുമൊക്കെ സെക്രട്ടറിയേറ്റിലെ പുരുഷന്മാരുടെ മാത്രമല്ല വനിതാ ജീവനക്കാരുടെ ഇടയിലും സംസാരവിഷയമാണ്. ‘എക്സ്ക്യൂസ് മീ സാര്‍’ എന്ന കാതരമായ ശബ്ദം കേട്ട് മുഖമുയര്‍ത്തിയ അനില്കൃഷ്ണന്റെ ദൃഷ്ടിയില് ആദ്യം പെട്ടതുതന്നെ സുതാര്യമായ ക്രീം കളര്‍ സാരിക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന അവരുടെ നാഭീഗര്ത്തമാണ്. ഒരു മില്ലീമീറ്റര്‍ തെറ്റിയാല്‍ സര്‍വ്വവും അനാവൃതമാകുന്ന രീതിയിലാണ് അവര്‍ സാരി ഉടുത്തിരുന്നത്. പനിനീര്‍പ്പൂവിന്റെ സ്പ്രേസുഗന്ധം കുമുകുമാ പ്രസരിപ്പിച്ചുകൊണ്ട് അവര്‍ ക്യാബിനുള്ളിലേക്കു പ്രവേശിച്ചു. അനില്‍കൃഷ്ണന്‍, മൂക്കുവിടര്ത്തിയും കണ്ണു മിഴിച്ചും ആ സൗന്ദര്യധാമത്തെ സ്വീകരിച്ചിരുത്തി. ഫയലിനെക്കുറിച്ചു സംസാരിച്ചു തുടങ്ങിയെങ്കിലും അയാളുടെ കണ്ണുകള്‍ തേരോട്ടം നടത്തിയതു മുഴുവന്‍ അവരുടെ അംഗോപാംഗങ്ങളിലൂടെയാണ്. അവരുടെ കാതരമായ സ്വരം അയാളെ ഓര്‍മ്മിപ്പിച്ചത് പണ്ടു കണ്ട ഏതോ ഇക്കിളി സിനിമയിലെ സില്‍ക്ക് സ്മിതയെയാണ്. അവര്‍ പറഞ്ഞതിനെല്ലാം മുക്കിയും മൂളിയും അയാള്‍ മറുപടിപറഞ്ഞുകൊണ്ടിരുന്നു. മൂന്നു നാലു മിനിട്ടുനീണ്ടുനിന്ന സംഭാഷണം അവസാനിപ്പിച്ച് അവര്‍ എണീറ്റു തിരിഞ്ഞുനടന്നപ്പോള്‍ കിട്ടിയ സ്ഥൂലനിതംബദര്ശനാഘാതം കൂടിയായതോടെ അനില്‍കൃഷ്ണന്‍ ആകെ പരവശനായി. തന്റെ ശരീരത്തിലെ രക്തപ്രവാഹം മുഴുവന്‍ ഒരൊറ്റ കേന്ദ്രത്തിലേക്ക് ആവാഹിക്കപ്പെടുകയാണ്. ആ ‘മദ്ധ്യപ്രദേശം’ ഇന്നേവരെയുണ്ടാകാത്തവണ്ണം കരുത്താര്ജ്ജിക്കുകയാണെന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞു. ‘അശ്വഗന്ധ’പണി തുടങ്ങിക്കഴിഞ്ഞു. വില്ല് കുലച്ച സ്ഥിതിക്ക് ഇനി ശരം തൊടുത്തേ പറ്റൂ!
ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ. അയാള്‍ മൊബൈല്‍ കയ്യിലെടുത്ത് പുറത്തേക്കിറങ്ങി.ഓഫീസ് ഇടനാഴിയുടെ ആളൊഴിഞ്ഞ മൂലയിലേക്കു മാറി നിന്ന് ‘ഗുഡ്സ് സര്‍വ്വീസി’ലേക്കു വിളിച്ചു. അയാള്‍ ഞെട്ടിപ്പോയി. ഈ നമ്പര്‍ നിലവിലില്ലെന്നാണ് പറയുന്നത്! വാട്ട്സ്ആപ്പിലേക്കൊരു മെസേജയക്കാന്‍ നോക്കി. ഇല്ല. അതും ബ്ലോക്കാണ്. ഇനി എന്തു ചെയ്യും? വീര്‍പ്പുമുട്ടല്‍ വലുതായി വലുതായി വരികയാണ്. ഇന്‍ഷര്‍ട്ട് ചെയ്തിരുന്ന ചുവന്ന ഷര്‍ട്ടിനെ വലിച്ചു പുറത്തേക്കിട്ട് ‘ഉള്ളിലിരിപ്പ് ‘മറയ്ക്കാനൊരു ശ്രമം നടത്തി.
പരിഹാരമാര്‍ഗമെന്തെന്ന് കൂലംകഷമായി ചിന്തിച്ചു നില്‍ക്കേ അയാളുടെ മനസ്സില്‍ പൊടുന്നനേ കേദാരം ലോഡ്ജ് തെളിഞ്ഞു വന്നു. അന്നൊരു ‘കേദാരസന്ധ്യ’യില്‍ കണ്ട വശപ്പിശകു കേസുകളേയും ഓര്‍മ്മ വന്നു.പിന്നെ ഒട്ടും താമസിച്ചില്ല.കേദാരത്തിലെ മാനേജര്‍ സുരേന്ദ്രനാഥന്റെ നമ്പര്‍ ഫോണില്‍ തപ്പാന്‍ തുടങ്ങി.

10:17:09
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ആളുകള്‍ കൂട്ടത്തോടെ വന്നു കൊണ്ടിരുന്നു. പച്ച, വെള്ള, കുങ്കുമം എന്നിങ്ങനെ ത്രിവര്‍ണങ്ങള്‍ പേറുന്ന കൊടികളും കുങ്കുമം, പച്ച എന്നിങ്ങനെ ദ്വിവര്ണങ്ങള് പേറുന്ന കൊടികളും കൈകളിലേന്തിയാണ് അവരില്‍ പലരും നിന്നിരുന്നത്. ചിലരുടെ കൈകളിലാകട്ടെ കൊടികളില്ലാത്ത കമ്പുകളും പൈപ്പുകളും. ഖദര്‍ധാരികളായ നേതാക്കളും കുങ്കുമക്കുറിക്കാരായ നേതാക്കളും ഫോണില്‍ ആര്‍ക്കൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. ഖദര്‍ധാരികളുടെ ഇടയിലുണ്ടായിരുന്ന കൗണ്‍സിലര്‍ വിനോദും അഞ്ചാറ് അണികളും പാളയം പള്ളിയുടെ മതിലിനടുത്തു കൂടിനിന്ന് സമരതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിമിഷങ്ങള്‍ പിന്നിടുമ്പോഴേക്കും രക്തസാക്ഷി മണ്ഡപത്തിനു മുന്‍വശത്തെ റോഡ് ജനനിബിഡമായി മാറി. കടന്നു പോകാന്‍ കഴിയാത്തതിനാല്‍, റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു തുടങ്ങി.
10:19:55
വീട്ടില്‍ നിന്നു പുറത്തു കടക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടലോടെ ജിനി കട്ടിലിലിരുന്നു. കര്‍ത്താവേ, സമയം പോകുകയാണല്ലോ! ഈ ബാഗുമായി ചേട്ടന്റെ മുന്നിലൂടെ എങ്ങനെ പോകും? ബാഗിലെന്താണെന്നു ചോദിച്ചാല്‍ എന്തു പറയും? ബാഗില്ലാതെ പോയാലോ? പക്ഷേ, ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ എങ്ങനെയാണ് വേറൊരു നാട്ടിലേക്കു പോകുന്നത്? ഇനിയും ആലോചിച്ച് സമയം കളയുന്നതില്‍ കാര്യമില്ല. എന്തെങ്കിലും ഉടനേ ചെയ്തേ പറ്റൂ. ഒടുവില്‍, ബാഗില്ലാതെ പോകാന്‍ തന്നെ അവളുറച്ചു. ശമ്പളം കിട്ടുന്ന പണം കൊണ്ട് ഒന്നു രണ്ട് ഡ്രസ്സുകള്‍ വാങ്ങാം. അവള് കട്ടിലില്‍ നിന്നെണീക്കാന്‍ ഭാവിച്ചതും ബിനുവിന്റെ ഫോണ്‍ പാടിത്തുടങ്ങി.
ടി.വിക്കു മുന്നിലിരുന്ന് നേരിയ മയക്കത്തിലായിപ്പോയ ബിനു ഞെട്ടിയുണര്‍ന്ന്, ടീപ്പോയില്‍ കിടന്ന ഫോണെടുത്തു – സജിയണ്ണന്‍!
”എന്തരണ്ണാ?”
”ഡേയ് നമ്മളെ കൗണ്സിലറ് വിനോദ് വിളിച്ച്. അവരെ പാര്‍ട്ടീരെ എന്തരോ ജാതയൊണ്ടെന്ന്. നിന്നേം വിളിച്ചോണ്ട് പാളയത്ത് ചെല്ലാന്‍ പറഞ്ഞ്. നീ ആ ജംഗ്ഷനിലോട്ടെറങ്ങി നില്ല്.ഞാന്‍ ദാ വരണ്.”
”നമ്മളെന്തരിനണ്ണാ എവമ്മാരെ ജാതയ്ക്കൊക്കെ പോണത്?”
”എന്തരോ കലിപ്പ് ജാതയാണെടേ…. പണി കാണും. ങാ… നീയെറങ്ങ്.”
ബിനു കസേരയില്‍ നിന്ന് ചാടിയെണീറ്റ് അയയില്ക്കിടന്നൊരു ഷര്‍ട്ടുമെടുത്തിട്ട് തിടുക്കത്തില്‍ പുറത്തേക്കു പോയി. അതു കണ്ട ജിനി,വലിയൊരു പ്രതിസന്ധി ഒഴിവായ ആശ്വാസത്തോടെ നെഞ്ചില്‍ കുരിശു വരച്ചു കൊണ്ട് ബാഗ് കൈയിലെടുത്തു.
10:22:14
നീണ്ട വിസില്‍ മുഴങ്ങി. ബാരക്കുകളില്‍ അലസരായി പലവിധ വിനോദങ്ങളിലേര്പ്പെട്ടിരുന്നവരും കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നവരുമൊക്കെ അന്തം വിട്ടെണീറ്റു.ടെലിവിഷനു മുന്നിലിരുന്ന സുജിത്തും ചാടിയെണീറ്റു. എന്തെങ്കിലും എമര്‍ജന്‍സി ഡ്യൂട്ടിയുണ്ടെങ്കിലാണ് സാധാരണ ഈ വിസിലടി. ബാരക്കുകളില്‍ നിന്ന് പോലീസുകാര്‍ തല പുറത്തേക്കിട്ടപ്പോള്‍ മുറ്റത്ത് എ.എസ്.ഐ. ജഹാംഗീര്‍ വിസിലുമായി നില്ക്കുന്നു.
”എല്ലാവരും വേഗം റെഡിയാക്. സ്റ്റാച്യുവിലെന്തോ ഇഷ്യുവുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നു.ക്യുക്ക്….”
എ.എസ്.ഐ. ഉറക്കെ വിളിച്ചുപറഞ്ഞ ശേഷം ഒരു വിസില്‍ കൂടി അടിച്ചു.
ബാരക്കുകള്‍ ചടുലമായി. പാന്റും ഷര്‍ട്ടും ബെല്‍റ്റും ബൂട്ടും ഹെല്‍മറ്റുമൊക്കെ നിമിഷനേരംകൊണ്ട് വലിച്ചുകയറ്റി പോലീസുകാര്‍ യുദ്ധസജ്ജരായി. സുജിത്ത് അതെല്ലാം വെറുതേ നോക്കി നിന്നു.
”നീ റെഡിയാവണില്ലേ?”
സുജിത്തിനെ നോക്കി അവന്റെ അടുത്ത സുഹുത്തായ പ്രദീപ് ചോദിച്ചു.
”ഞാന്‍ റിലീവ് ചെയ്യാന്‍ എഴുതിക്കൊടുത്തിരിക്കുകയല്ലേ.”
”ഓര്ഡറായില്ലല്ലോ. നീ കൂടെ വാ അളിയാ. ഇതു കൂടി ചെയ്ത് പോലീസ് പണി അവസാനിപ്പിക്ക്. ലാസ്റ്റ് ഡ്യൂട്ടി ഒരു ത്രില്ലായിക്കോട്ട്.”
അതു വേണോ എന്ന് സുജിത്ത് ഒരുനിമിഷം ആലോചിച്ചെങ്കിലും വെറുതേ ഇരിക്കുകയല്ലേ പോയിട്ടു വരാം എന്നു ചിന്തിച്ചു കൊണ്ട് നിമിഷ നേരത്തിനുള്ളില്‍ പോലീസ് വേഷധാരിയായി.
ക്യാമ്പിന്റെ മുറ്റത്തേക്ക് ചിരപുരാതനമായ വലിയ നീലവാന്‍ വന്നുനിന്നു. പോലീസുകാര്‍ അതിനുള്ളിലേക്ക് ഓടിക്കയറി. എല്ലാവരും കയറിക്കഴിഞ്ഞപ്പോള്‍, കരിമ്പുക വമിപ്പിച്ചും അവശതയുടെ ഇരമ്പലോടെയും ആ നീല വാഹനം ഏ.ആര് ക്യാമ്പിന്റെ കവാടവും കടന്ന് റോഡിലേക്കിറങ്ങി.
10:28:16
”ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ…..”
പനവിള ‘കസ്തൂര്‍ബാ നഗറി’ലെ ‘സ്നേഹനിലയം’ എന്നു പേരുള്ള ഷീറ്റുമേഞ്ഞ ജീര്‍ണിച്ച വീട്ടിനുള്ളിലെ മൊബൈല്‍ ഫോണില്‍ നിന്ന് ആ ഗാനം മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.ഗാനം മൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ ബീനയ്ക്ക് മിഴി തുറക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
”ഏത് നശൂലമാണ് കെടന്ന് വിളിക്കണത്.”
അവള് തല ചൊറിഞ്ഞു കൊണ്ട് കിടക്കയില്‍ നിന്നെണീറ്റ് കണ്ണു തിരുമ്മി ജനല്‍പ്പടിയില്‍ വച്ചിരുന്ന ഫോണെടുത്തു -സുരേഷണ്ണന്.
”എന്തരണ്ണാ ഇത്തി കെടന്നൊറങ്ങാനും നിങ്ങള്‍ തമ്മസിക്കൂലേ?”
അവള് കോട്ടുവാ വിട്ടു കൊണ്ടാണ് ചോദിച്ചത്.
”എടീ ഒറങ്ങണതൊക്കെ പിന്നെയൊറങ്ങാം. നല്ലൊരു കോള്‍ വന്ന് നിക്കണ്. നീ വെക്കം റെഡിയാവ്.”
”അയിന് നേരം വെളുക്കണ്ടേ? ഏവനിതിങ്ങനെ മുട്ടിക്കെടക്കണത്?”
”നമ്മളെ കേദാരത്തിലെ മാനേയരില്ലേ സുരേന്ദ്രനാതന്. അയ്യാളെ ഏര്‍പ്പാടില്‍ വന്ന കേസാ.റേറ്റൊക്കെ ഇളുത്ത് വാങ്ങിച്ച് തരാമെന്ന് അയാള്‍ പറഞ്ഞ്. ഒരു പതിനൊന്നു മണിക്ക് കക്ഷി കേദാരത്തില് വരുമെന്ന്. നീയൊന്ന് ചാടിച്ചാടി നില്ല്.”
”ഞാന്‍ കെടക്കയായിരുന്നണ്ണാ. ഇന്നലെ വന്നപ്പം തന്നെ മണി രണ്ട് കഴിഞ്ഞില്ലേ…”
”ഞാനൊരു പത്തു മിനിട്ട് കഴിയുമ്പം വണ്ടീം കൊണ്ട് വരാം. അപ്പഴത്തേക്കും നീ റെഡിയായാമതി.”
ഫോണ്‍ കട്ടായി. മുടി വാരിച്ചുറ്റിക്കൊണ്ട് ബീന കട്ടിലില്‍ നിന്നെണീറ്റ് മൂരി നിവര്‍ത്തി.
10:32:26
”പ്രതിഷേധം പ്രതിഷേധം
കൊലപാതകത്തില്‍ പ്രതിഷേധം.
നീതി ലഭിക്കാന്‍ സമരം ചെയ്താല്‍
തീയില്‍ ചുട്ടുകരിക്കുന്നേ….”
രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്ന് പ്രകടനം ആരംഭിച്ചു കഴിഞ്ഞു. ത്രിവര്ണപ്പതാകവാഹകരുടെ ജാഥയായിരുന്നു ആദ്യത്തേത്. കൗണ്‍സിലര്‍ വിനോദ് മുന്‍നിരയില്‍ത്തന്നെയുണ്ട്. അഞ്ഞൂറോളം പേരായിരുന്നു ആ പ്രകടനത്തിലുണ്ടായിരുന്നത്. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് കിടിലം സജിയും ലുട്ടാപ്പി ബിനുവും കൂട്ടത്തിലുണ്ട്. ആ പ്രകടനം അയ്യങ്കാളി ഹാളിനടുത്തെത്തിയപ്പോഴേക്കും ‘ബോലോ ഭാരത് മാതാ കീ ജയ് ‘ വിളിച്ചു കൊണ്ട് ദ്വിവര്‍ണ പതാകവാഹകരും ചലിച്ചു തുടങ്ങി. ആദ്യ പ്രകടനത്തിനെ അപേക്ഷിച്ച് ആളെണ്ണവും ആവേശവും കൂടുതലായിരുന്നു ഈ പ്രകടനത്തിന്. ചുവപ്പു കണ്ട കാളകളെപ്പോലെ, റോഡിനിരുവശവും സ്ഥാപിച്ചിരുന്ന ഭരണാനുകൂല സംഘടനകളുടെ ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളുമെല്ലാം അവര്‍ അടിച്ചു തകര്‍ത്തു. റോഡരികില്‍ പാര്‍ക്ക്ചെയ്തിരുന്ന ബൈക്കുകളെ മറിച്ചിട്ടു. യൂണിവേഴ്സിറ്റി കോളേജിനുളളിലേക്കും സംസ്കൃത കോളേജിനുള്ളിലേക്കും കല്ലുകള്‍ വലിച്ചെറിഞ്ഞു. റോഡിനിരുവശത്തും നിന്ന പോലീസുകാരാകട്ടെ ഒന്നും കണ്ടില്ലെന്നു നടിച്ച് ആത്മസംയമനം പാലിച്ചു.
സ്റ്റാച്യുവിലേക്കുള്ള ഗതാഗതം സ്തംഭിച്ചുതുടങ്ങി. പ്രകടനങ്ങള്‍ക്കു പിറകിലായി രണ്ടു കെ.എസ്.ആര്.ടി.സി ബസ്സുകളും നാലഞ്ചു കാറുകളും ബൈക്കുകളും മാത്രമായി.മറ്റു വാഹനങ്ങളെയെല്ലാം പാളയത്തുനിന്ന് ബേക്കറി ജംഗ്ഷനിലേക്ക് ഗതിമാറ്റി വിട്ടു.കിഴക്കേകോട്ടയില്‍ നിന്നുള്ള ബസ്സുകളുടെ വരവും ക്രമേണ നിലച്ചു.
10:38:54
”സ്റ്റാച്യുവിലോട്ട് പോവാനുള്ളവരൊക്കെ ഇവിടെ എറങ്ങിക്കോ. വണ്ടികള്‍ തിരിച്ചുവിടേണ്….”
‘ജയകൃഷ്ണന്’ ബസ്സിലെ കണ്ടക്ടറുടെ അലര്‍ച്ച കേട്ട് ജിനി ഞെട്ടിപ്പിടഞ്ഞെണീറ്റു. കര്‍ത്താവേ! പാളയം ആശാന് സ്ക്വയറിനടുത്തെത്തിയതല്ലേയുള്ളൂ. പോകാന്‍ ഇനിയും കിടക്കുന്നു മുക്കാല്‍ കിലോമീറ്റര്‍! അവള് ബാഗും വലിച്ചു തൂക്കി ബസ്സില്‍ നിന്നിറങ്ങി. റോഡിന്റെ ഇരുവശത്തും ഗതാഗതക്കുരുക്കില്‍പ്പെട്ട വാഹനങ്ങളുടെ നീണ്ട നിര. അവള് അതിനിടയിലൂടെ നടന്ന് യൂണിവേഴ്സിറ്റി ലൈബ്രറിയുടെ മുന്നിലുള്ള നടപ്പാതയിലേക്കു കയറി. ഒരു ഓട്ടോ കിട്ടിയിരുന്നെങ്കില്‍….
കുറേ നേരം നോക്കിനിന്നിട്ടും ഓട്ടോറിക്ഷകളൊന്നും കിട്ടാത്തതിനാല്‍ നടക്കാന്‍ തന്നെ അവളുറച്ചു. ട്രെയിനിനുള്ള സമയം അടുത്തടുത്തു വരികയാണ്. അവള് ആഞ്ഞുപിടിച്ചു നടക്കാന്‍ തുടങ്ങി.
10:43:17
പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്തും മുന്നേറിയ പ്രകടനം ഏജീസ് ഓഫീസിനടുത്തെത്തിക്കഴിഞ്ഞു.അപ്പോഴാണ് തൊട്ടടുത്ത സിവില്‍ സപ്ലൈസ് പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ച്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒരു സ്കോര്‍പ്പിയോ റോഡിലേക്കിറങ്ങാന്‍ തുനിഞ്ഞത്.കണ്മുന്നില് ഒരു സര്‍ക്കാര്‍ വാഹനം കണ്ട സമരക്കാര്‍ അട്ടഹാസങ്ങളോടെ ആ വണ്ടിക്കു നേരെ പാഞ്ഞടുത്തു. ഡ്രൈവറെ വലിച്ചു പുറത്തേക്കിട്ടു.അടി കിട്ടിത്തുടങ്ങിയതോടെ ആ പാവം, വണ്ടിയുപേക്ഷിച്ച് പലായനം ചെയ്തു.സ്കോര്‍പ്പിയോയുടെ ചില്ലുകള്‍ ഒന്നൊന്നായി ഉടഞ്ഞു വീണു.
സമരക്കാരെ നേരിടാന്‍ ബാരിക്കേഡുകള്‍ നിരത്തി പോലീസ് ജാഗരൂകരായി നിന്നു. ജലപീരങ്കി ആക്രമണത്തിനു തയ്യാറെടുത്ത് ‘വരുണും’ തൊട്ടടുത്തുതന്നെയുണ്ട്. യുദ്ധസന്നദ്ധരായി നിന്ന പോലീസുകാരുടെ രണ്ടാം നിരയിലായിരുന്നു ഡോ: സുജിത്തിന്റെ സ്ഥാനം. പോലീസുകാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി എസ്.പി. അശോക് അഗര്‍വാളും സ്ഥലത്തുണ്ട്. നേരിട്ടുള്ള സംപ്രേഷണത്തിനുള്ള സകല സജ്ജീകരണങ്ങളുമായി ചാനല്‍ സംഘവും പത്രപ്രവര്‍ത്തകരും ഉത്സാഹത്തോടെ നില്‍പ്പുണ്ട്. രതീഷും അക്കൂട്ടത്തിലുണ്ട്.
പ്രകടനം ബാരിക്കേഡുകള്ക്കരികിലെത്തിക്കഴിഞ്ഞു. സമരക്കാര്‍ കൂട്ടത്തോടെ ബാരിക്കേഡുകളിലേക്ക് വലിഞ്ഞുകയറാനും അതിനെ തള്ളിത്താഴെയിടാനും ശ്രമിച്ചുകൊണ്ടിരുന്നു.പിന്നെ ഒട്ടും താമസിച്ചില്ല. ജലപീരങ്കിയില്‍ നിന്ന് ജലവര്‍ഷം തുടങ്ങി. സമരക്കാര്‍ പലരും നനഞ്ഞോടി. ചിലര്‍ തറയില്‍ കമിഴ്ന്നു കിടന്നു. ജലവര്‍ഷം അവസാനിച്ചതോടെ അവര്‍ പൂര്‍വ്വാധികം ശക്തിയോടെ പോലീസിനു നേരെ പാഞ്ഞടുത്തു. കൈയിലിരുന്ന കമ്പുകള്‍ കൊണ്ട് പോലീസിനെ കുത്താന്‍ തുടങ്ങി. ഇതിനിടയില്‍ സമരക്കാരുടെ പിന്‍നിരയില്‍ നിന്ന് പോലീസിനു നേരെ കരിങ്കല്ലുകളും ചുടുകട്ടകളും മദ്യക്കുപ്പികളും പറന്നുയരാന്‍ തുടങ്ങി.
”ചാര്‍ജ് …..”
എസ്.പി. അലറി.
പിന്നെക്കണ്ടത് ഒരു തെരുവുയുദ്ധം തന്നെയായിരുന്നു. പോലീസുകാര്‍ ലാത്തികൊണ്ട് സമരക്കാരെ തല്ലിച്ചതച്ചപ്പോള്‍, സമരക്കാര്‍ പലരും കൂട്ടം ചേര്‍ന്ന് പോലീസിനെ നേരിടാന്‍ തുടങ്ങി. പോലീസിനു നേരെ കല്ലേറും കുപ്പിയേറും നിര്‍ബാധം തുടര്‍ന്നു. ഒരു ഘട്ടം പിന്നിട്ടപ്പോള്‍, തങ്ങള്‍ക്കു നേരേ വന്ന കല്ലുകളും കുപ്പികളും പോലീസ് നുള്ളിപ്പെറുക്കിയെടുത്ത് സമരക്കാര്‍ക്കു നേരെ പ്രയോഗിക്കാന്‍ തുടങ്ങി. ലാത്തിച്ചാര്‍ജു കൊണ്ടു മാത്രം സമരക്കാരെ നേരിടാന്‍ കഴിയില്ലെന്നു മനസ്സിലായ പോലീസ് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.
സമരകോലാഹലങ്ങള്ക്കിടയിലൂടെ എങ്ങനെയൊക്കെയോ ജിനി ഏജീസ് ഓഫീസിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പ് വരെ എത്തി. ആക്രോശങ്ങളും അട്ടഹാസങ്ങളും നിലവിളികളുമായി പോലീസും സമരക്കാരും പരക്കം പായുന്നത് അവള് ഭീതിയോടെ നോക്കി. ഇനിയും എങ്ങനെ മുന്നോട്ടു പോകും?പക്ഷേ, തനിക്ക് പോവാതിരിക്കാന്‍ കഴിയില്ലല്ലോ. അവള് നടപ്പാതയിലൂടെ തിടുക്കത്തില്‍ നടക്കാന്‍ തുടങ്ങി.പെട്ടെന്നാണ് ഫോണ്‍ ശബ്ദിച്ചത്. അവള് അതെടുത്തു – അലോക്.
”ജിനീ, നീയെത്താറായോ?”
”ഞാന്‍ ഉടനേ…..”
അവള് മറുപടി പറഞ്ഞുതീരുന്നതിനു മുമ്പേ, അത്യുഗ്രശബ്ദത്തോടെ ഒരു ടിയര്‍ഗ്യാസ് ഷെല്‍ അവള്‍ക്കു മുന്നില്‍ വീണു പൊട്ടി. പുകപടലമുയര്ന്നു. കൈയിലിരുന്ന മൊബൈല്‍ ഫോണും ബാഗും റോഡിലേക്കു തെറിച്ചു. അവള് നിലവിളിച്ചുകൊണ്ട് റോഡിലേക്കു വീണു. ഏകദേശം അരമിനിട്ടോളം അവളങ്ങനെ കിടന്നു.പിന്നെ ചാടിയെണീറ്റു. ശ്വാസം മുട്ടുന്നതായും കണ്ണുകള്‍ നീറിപ്പുകയുന്നതായും തോന്നി. നിലത്തുവീണ് ചിതറിക്കിടന്ന ഫോണിനേയും ബാഗിനേയും എടുത്ത് അവള് ഓടാന്‍ തുടങ്ങി.
10:58:15
തൊഴുവന്‍കോട് ചാമുണ്ഡിദേവീക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ പ്രിയംവദ, ഡൈനിംഗ് ടേബിളിലെ സ്ഫടികജാറിലിരുന്ന രാമച്ചമിട്ടു തിളപ്പിച്ച വെള്ളം മടമടാ കുടിച്ച ശേഷം ബെഡ് റൂമിലേക്കു കയറാന്‍ തുടങ്ങിയപ്പോഴാണ് അതോര്‍ത്തത്. അവള് റിമോട്ടെടുത്ത് ടി.വി.ഓണ്‍ ചെയ്ത ശേഷം സെറ്റിയിലിരുന്നു. റിമോട്ടിലൂടെ അവളുടെ വിരലുകള്‍ ചലിച്ചു. ടി.വിയില്‍ ‘ചന്ദ്രാനെറ്റ് ന്യൂസ്’ ചാനല്‍ തെളിഞ്ഞു. എല്ലാ വെളളിയാഴ്ചയും രാവിലെ പതിനൊന്നു മണിക്കുള്ള ടെലി മാര്‍ക്കറ്റിംഗ് പരിപാടിയുടെ സ്ഥിരം പ്രേക്ഷകയാണവള്. കുടുംബത്തിന് സമ്പത്തും ഐശ്വര്യവും സിദ്ധിക്കാനുള്ള പലവിധ യന്ത്രങ്ങളും മോതിരങ്ങളും കല്ലുകളും ഏലസ്സുകളുമൊക്കെ വിപണനം ചെയ്യുന്ന പരിപാടിയാണിത്. രണ്ടു വര്‍ഷം മുമ്പു വാങ്ങിയ കുബേരകുഞ്ചിയുടെ അനുഗ്രഹം കൊണ്ടാണ് ഈ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നാണ് അവളുടെ വിശ്വാസം. അനിലേട്ടനുമായുള്ള പിണക്കം മാറ്റാന്‍ ഒരു ‘ദാമ്പത്യശോഭായന്ത്ര’വും ഗ്രീഷ്മയ്ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് കിട്ടാന്‍ ഒരു ‘വിദ്യപ്രഭാ യന്ത്ര’വും ഓര്‍ഡര്‍ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് അവള് ടി.വി ഓണ്‍ ചെയ്തിരിക്കുന്നത്. പക്ഷേ, ടി.വി.യില്‍ തെളിഞ്ഞത് സ്റ്റാച്യുവിലെ സംഘര്‍ഷങ്ങളുടെ നേരിട്ടുള്ള സംപ്രേഷണമാണ്. പോലീസുകാരും സമരക്കാരും തമ്മില്‍ തെരുവുയുദ്ധം നടക്കുകയാണ്. ഈ ലൈവ് പരിപാടി തീര്‍ന്നാലുടന്‍ ടെലിമാര്‍ക്കറ്റിംഗ് തുടങ്ങുമായിരിക്കുമെന്ന പ്രതീക്ഷയോടെ അവള് ടി.വിയില്‍ കണ്ണും നട്ടിരുന്നു.
11:02:09
ശമ്പളവും വാങ്ങി ജിനി ടെക്സ്റ്റയില്‍സിനു പുറത്തിറങ്ങി. റോഡിലെങ്ങും വെടിയൊച്ചയും കറുത്ത പുകയുമാണ്. എന്തൊക്കെയോ അടിച്ചു തകര്‍ക്കുന്ന ശബ്ദവും ആക്രോശങ്ങളും ആര്‍ത്തനാദങ്ങളും കേള്‍ക്കുന്നുണ്ട്. ഈ കലാപത്തിനിടയിലൂടെ എങ്ങനെ റെയില്‍വേ സ്റ്റേഷനിലെത്തും? അലോകിനെ വിളിച്ചു കാര്യം പറയാമെന്നു വച്ചാല്‍ മൊബൈല്‍ ഫോണും തുലഞ്ഞിരിക്കുന്നു. അവള് പരിഭ്രാന്തിയോടെ ചുറ്റിലും നോക്കി. അതാ ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍, ഹോട്ടല്‍ മൗര്യയുടെ അടുത്തായി ഒരു ഓട്ടോ കിടക്കുന്നു. അവള് അങ്ങോട്ടേക്കോടി.
”ചേട്ടാ, റെയില്‍വേ സ്റ്റേഷന്.”
അവള് ഓട്ടോയിലേക്ക് കയറാനൊരുങ്ങിക്കൊണ്ടാണ് അത് പറഞ്ഞത്.
”കൊച്ചേ, സിറ്റി മൊത്തം ബ്ലോക്കായി കെടക്കേണ്.ഇതിന്റെ എടേക്കൂടി എങ്ങനെ ഓടിക്കും?”
നരകയറിയ താടിയുള്ള ഡ്രൈവര്‍ നിസ്സഹായതയോടെ ചോദിച്ചു.
”ചേട്ടാ, പ്ലീസ് എങ്ങനെയെങ്കിലും എന്നെ റെയില്‍വേ സ്റ്റേഷനിലെത്തിക്കണം.”
”കൊച്ചേ, നെനക്ക് കാര്യം പറഞ്ഞാ മനസ്സിലാവൂലേ?”
”ചേട്ടാ, ഇതെന്റെ ജീവിതത്തിന്റെ പ്രശ്നമാണ്.”
അവള് തൊഴുകൈയോടെയാണ് അത് പറഞ്ഞത്. അവളുടെ കണ്ണുകളില്‍ നനവ് പടരുന്നത് ആ ഓട്ടോ ഡ്രൈവര്‍ കണ്ടു.
”ഏതെങ്കിലും മുടുക്കിക്കൂടെയൊക്കെ കേറിപ്പോവാന്‍ നോക്കാം. പക്ഷേ, എവിടം വരെ എത്തുമെന്ന് ഒരൊറപ്പുമില്ല. ങാ…കേറ്”
അവള് തിടുക്കത്തില്‍ ഓട്ടോയിലേക്കു കയറിയതും ‘തൊഴിലാളി’ എന്നു ബോര്‍ഡെഴുതിയ ആ ഓട്ടോ അയാള്‍ സ്റ്റാര്‍ട്ട് ചെയ്തു. ഓട്ടോയുടെ ഉള്‍വശത്ത് പതിച്ചിരുന്ന ചെഗുവേരയുടെ ചിത്രത്തിലേക്ക് അവള് നോക്കി – ‘കൊല്ലാം; തോല്പിക്കാനാകില്ല.’
11:06:14
കേദാരം ലോഡ്ജിലേക്കു കയറുന്ന ഇടവഴിക്കു മുന്നിലായി വന്നു നിന്ന ‘മാര്‍ഗദീപം’ എന്ന ഓട്ടോയില്‍ നിന്ന് ബീന പുറത്തിറങ്ങി. ഡ്രൈവര്‍ സുരേഷ് തല പുറത്തേക്കിട്ടു.
”ഞാനൊരു പന്ത്രണ്ടു മണി കഴിയുമ്പം വരാം.”
അവള് ശരിയെന്ന മട്ടില്‍ തലയാട്ടി ഇടവഴിയിലേക്കു കയറി. ഓട്ടോ മുന്നോട്ടെടുത്തു.
ബീന കേദാരത്തിന്റെ ഗേറ്റ് കടന്നതും റിസപ്ഷനിലിരുന്ന സുരേന്ദ്രനാഥന്‍ ചാടിയെണീറ്റ് അവളുടെ അടുത്തേക്കു ചെന്നു.
”വേഗം വാ. സാറെപ്പോഴേ വെയ്റ്റ് ചെയ്യണ്.”
”റോഡ് മൊത്തം ബ്ലോക്കല്ലേ. എങ്ങനെ വരാന്‍ പറ്റും? അവന്റെക്കെ അമ്മേ പെലൂളിയാടണ സമരങ്ങള്‍….”
ബീന ധാര്‍മ്മിക രോഷം പൂണ്ടു.
”ങാ… ഏതായാലും സമയം കളയാതെ നീ പന്ത്രണ്ടിലോട്ട് ചെല്ല്.”
സുരേന്ദ്രനാഥന്‍ മുകളിലേക്ക് വിരല്‍ ചൂണ്ടി. അവള് പടവുകള്‍ കയറാന്‍ തുടങ്ങി…
പന്ത്രണ്ടാം നമ്പര്‍ റൂമായതിനാല്‍ യാതൊരു അപരിചിതത്വവും കൂടാതെയാണ് അനില്‍കൃഷ്ണന്‍ കട്ടിലിലിരുന്നത്. പക്ഷേ, ആദ്യത്തെ ഒളിസേവയുടെ ചെറിയൊരു ആധി അയാളുടെ മുഖത്ത് പ്രകടവുമായിരുന്നു. വരുന്നവള്‍ എങ്ങനെയായിരിക്കും?ഏതായാലും ലാവണ്യാ മേനോന്റെ സൗന്ദര്യം കാണില്ല. ഇനിയിപ്പം അതൊന്നും ഓര്‍ത്തിട്ടു കാര്യമില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളൂ.
”ടക് ടക് ടക് ….”
കതകിലെ മുട്ടല്‍ കേട്ട് അയാള്‍ കട്ടിലില്‍ നിന്നെണീറ്റു ചെന്ന് കതകു തുറന്നു. വില കുറഞ്ഞ പളപളപ്പുള്ള ചുവപ്പുസാരിയുമുടുത്ത്, കണ്ണുകളില്‍ കരി നീട്ടിയെഴുതി, ചുവന്ന വട്ടപ്പൊട്ടുമിട്ട്, റോസ് നിറത്തിലുള്ള ലിപ്സ്റ്റിക്കുമിട്ട് ഇരുനിറക്കാരിയായ ഒരു യുവതി! ഒത്ത പൊക്കവും അതിനനുസരിച്ചുള്ള വണ്ണവുമുള്ള അവള്‍ക്ക് ഒരു മുപ്പത് – മുപ്പത്തഞ്ചു വയസ്സു കാണും. അവള് പുഞ്ചിരിച്ചു കൊണ്ട് മുറിയിലേക്കു കയറി കതക് കുറ്റിയിട്ടു. വില കുറഞ്ഞ സ്പ്രേയുടെ രൂക്ഷഗന്ധം അനില്‍ കൃഷ്ണന്റെ മൂക്കിലേക്ക് അടിച്ചു കയറി.
”പേര്?”
”ബീന”
അവള് കയ്യിലിരുന്ന കറുത്ത പഴ്സ് മേശപ്പുറത്തു വച്ചുകൊണ്ടു പറഞ്ഞു. എവിടെത്തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയാതെ അനില്‍കൃഷ്ണന്‍ പരവേശത്തോടെ കൈവിരലുകള്‍ ഇളക്കിക്കൊണ്ടു നില്‍ക്കേ, ബീന തന്റെ കറുത്ത ബ്ലൗസിനുള്ളിലേക്ക് കൈ കടത്തുകയും അതിനുളളില്‍ നിന്ന് ഒരു ചെറിയ പോളിത്തീന്‍ പായ്ക്കറ്റ് പുറത്തെടുത്ത് അയാള്‍ക്കു നേരെ നീട്ടുകയും ചെയ്തു. അയാള്‍ അതു വാങ്ങി – കാമസൂത്ര കോണ്ടം!
11:09:45
പോലീസും സമരക്കാരും തമ്മിലുള്ള തെരുവുയുദ്ധം രൂക്ഷമായി. ലാത്തിച്ചാര്‍ജ്ജിനും കണ്ണീര്വാതകത്തിനുമൊന്നും നിര്‍വീര്യമാക്കാന്‍ കഴിയാത്ത ആവേശത്തോടെ സമരക്കാര്‍ അക്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. സമരത്തിനിടയില്‍ വന്നുപെട്ട കെ.എസ്.ആര്.ടി.സി ബസിനെയും സ്വകാര്യ വാഹനങ്ങളേയും അടിച്ചു തകര്‍ത്തു. ചില സര്‍ക്കാര്‍ വാഹനങ്ങളെ തീയിട്ടു. കടകള്‍ ഷട്ടറുകള്‍ താഴ്ത്തിയെങ്കിലും കല്ലേറില്‍ പലതിന്റേയും ചില്ലുകള്‍ തകര്‍ന്നു തരിപ്പണമായി. നഗരത്തിലെങ്ങും വാഹനങ്ങള്‍ നിശ്ചലമായി.
സംഘര്‍ഷത്തിന്റെ വിവിധ ദൃശ്യങ്ങള്‍ രതീഷ് സാഹസികമായി ഒപ്പിയെടുത്തുകൊണ്ടിരുന്നു. പെട്ടെന്നാണ് അവനൊരു കാഴ്ച കണ്ടത്. സമരത്തിനിടയില്‍ എങ്ങനെയോ വന്നുപെട്ട ഒരു വഴിയാത്രക്കാരനെ കൗണ്‍സിലര്‍ വിനോദും മൂന്നു നാലു പേരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നു. അവന് ക്യാമറ ക്ലിക്ക് ചെയ്തു. അക്രമിസംഘത്തിലുണ്ടായിരുന്ന ലുട്ടാപ്പി ബിനുവും കിടിലം സജിയും ഇതു കണ്ടു. അവര്‍ രതീഷിനു നേരെ പാഞ്ഞടുത്ത് ക്യാമറയില്‍ പിടികൂടി. അവന് കുതറി മാറാന്‍ നോക്കി. അവരുടെ പിടിത്തം കൂടുതല്‍ മുറുകി.
രതീഷിനെ ബിനുവും സജിയും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതു കണ്ടു കൊണ്ട് സുജിത്ത് അവിടേക്ക് ഓടി വന്നു. കയ്യിലിരുന്ന ലാത്തി കൊണ്ട് അവന് ഇരുവര്‍ക്കും ഓരോന്നു കൊടുത്തു. അടിയുടെ ചൂടേറ്റു പിടഞ്ഞ സജിയും ബിനുവും രതീഷിനെ ഉപേക്ഷിച്ച് സുജിത്തിനു നേരെ തിരിഞ്ഞു. സജി, സുജിത്തിനെ ചാടിച്ചവിട്ടി. അയാള്‍ നിലത്തേക്കു വീണു.അപ്പോഴാണ് ഇരുവരേയും സുജിത് ശ്രദ്ധിക്കുന്നത്. ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഒരാഴ്ച മുമ്പ് നടന്ന രാത്രിസംഭവം അയാള്‍ക്കോര്‍മ്മ വന്നു – സാത്താന് ഏലിയാസിനെ നടുറോഡില്‍ ആക്രമിച്ചവര്‍! സുജിത് നിലത്തു നിന്നു ചാടിയെണീറ്റു. അപ്പോഴേക്കും പോലീസുകാരായ ജിനേഷും ആഷിഖും കൂട്ടിനെത്തി.ഇതു കണ്ട ബിനുവും സജിയും ഓടാന്‍ തുടങ്ങി.
”അവമ്മാരെ വിടരുത്….”
ലാത്തി ചൂണ്ടി അലറിക്കൊണ്ട് സുജിത്ത് അവര്‍ക്ക് പിന്നാലെ ഓടി.ഒപ്പം ജിനേഷും ആഷിഖും വച്ചു പിടിച്ചു.
പോലീസ് തങ്ങളെ ലക്ഷ്യം വച്ചുവെന്ന് മനസ്സിലാക്കിയ സജിയും ബിനുവും അന്തം വിട്ട് പാഞ്ഞു. അക്രമസംഭവങ്ങളെക്കാള്‍ അവരെ ഭീതിയിലാക്കുന്നത് സജിയുടെ അടിവസ്ത്രത്തിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന കഞ്ചാവു പൊതികളാണ്. കഞ്ചാവ് വിതരണത്തിന് തയ്യാറെടുത്തുനില്ക്കുമ്പോഴാണല്ലോ കൗണ്‍സിലറുടെ വിളി വരുന്നതും ഇങ്ങോട്ടേക്ക് പുറപ്പെടുന്നതും. പോലീസിന്റെ കയ്യിലെങ്ങാനും അകപ്പെട്ടാല്‍ നഷ്ടമാകുന്നത് ലക്ഷങ്ങളാണ്.
ഗുണ്ടകള്‍ സര്‍വ്വ ശക്തിയുമെടുത്തു പാഞ്ഞു. പക്ഷേ, അതിനേക്കാള്‍ പതിന്മടങ്ങു വാശിയിലായിരുന്നു സുജിത്തിന്റെ ഓട്ടം. സ്പെന്‍സര്‍ ജംഗ്ഷനടുത്തെത്താറായപ്പോഴേക്കും സജിയെ സുജിത്ത് കടന്നുപിടിച്ചു. കുതറി മാറാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ കത്രികപ്പൂട്ട് ഭേദിക്കാന്‍ അവനു കഴിഞ്ഞില്ല. ഓടി മുന്നിലെത്തിയ ബിനു കാണുന്നത് പോലീസിന്റെ പിടിയില്‍ പിടയുന്ന സജിയണ്ണനെ! കുറച്ചകലെ നിന്ന് രണ്ടു പോലീസുകാര്‍ ഓടി വരുന്നുണ്ട്. എന്തുചെയ്യും? അണ്ണനെ എങ്ങനെയും രക്ഷിച്ചേ പറ്റൂ. അവന് നേരം കളഞ്ഞില്ല. ഇടുപ്പിലിരുന്ന നീളമുള്ള കത്തി കയ്യിലെടുത്ത് സുജിത്തിനു നേരെ പാഞ്ഞു…..
ജിനേഷും ആഷിഖും അടുത്തെത്തിയപ്പോഴേക്കും സുജിത്ത് വീണു കഴിഞ്ഞു. റോഡിലേക്ക് രക്തം ചീറ്റിയൊഴുകിക്കൊണ്ടിരുന്നു. അവര്‍ നിലവിളിച്ചുകൊണ്ട് അവനെ താങ്ങിയെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പോലീസുദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തി. അധികം താമസിയാതെ തന്നെ ആംബുലന്‍സും വന്നു. ചോര വാര്‍ന്നൊലിക്കുന്ന സുജിത്തിനേയും വഹിച്ച് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്കു കുതിച്ചു.
അക്രമികളെക്കുറിച്ച് പോലീസിന് വ്യക്തമായ അറിവുകിട്ടി. സുജിത്തിനെ കുത്തിയ ശേഷം ലുട്ടാപ്പി ബിനുവും കിടിലം സജിയും സ്പെന്സറിനെതിരെയുള്ള ചെറിയ റോഡിലൂടെ ജേക്കബ്സ് ജംഗ്ഷനിലേക്ക് ഓടിയതായി മനസ്സിലാക്കിയ പോലീസ് സംഘം എസ്.പി.അശോക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ആ റോഡിലൂടെ കുതിച്ചു. പിന്നാലെ മാധ്യമപ്പടയും.ജേക്കബ്സ് ജംഗ്ഷനിലെത്തിയ സംഘത്തോട്, ജംഗ്ഷനില്‍ മുറുക്കാന്‍ കട നടത്തുന്ന കേശവന് നായര്‍ പറഞ്ഞു:
”സാറേ, രണ്ടുവമ്മാര് അന്തം വിട്ട് ആ കേദാരം ലാഡ്ജിലോട്ട് കേറിയോടണ കണ്ട്.”
11:22:36
ഇതുവരെയുള്ള തൊഴില്‍ ജീവിതത്തിനിടയിലൊന്നും ഉണ്ടാകാത്തത്ര കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് ബീനയ്ക്കു തോന്നി. ഇന്നേവരെ ഒരു പെണ്ണിനെപ്പോലും കണ്ടിട്ടില്ലാത്തത്ര ആക്രാന്തത്തോടെയാണ് ഈ മനുഷ്യന് ഓരോന്നു ചെയ്തുകൂട്ടുന്നത്. ആളിനെ കാണുന്നതുപോലെയൊന്നുമല്ല. എന്തൊരു കുതിരശക്തിയാണിയാള്ക്ക്! ബാക്കിയുള്ളവരുടെ നടുവൊടിയുകയാണെന്ന ബോധമൊന്നുമില്ലാതെ അയാള്‍ ഉയര്‍ന്നു താഴുകയാണ്. അയ്യായിരം രൂപ പറഞ്ഞൊറപ്പിച്ചതുകൊണ്ട് മതിയാക്കാന്‍ പറയാനും പാങ്ങില്ല. ഇതാദ്യമായാണ് ഈ തൊഴിലീന്ന് ഇത്രയും രൂപ കിട്ടണത്. ഇങ്ങനെ പലതും ചിന്തിച്ചു കിടന്നെങ്കിലും ഇടയ്ക്കിടക്ക് കൃത്രിമമായ ചില സീല്‍ക്കാര ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് തന്റെ തൊഴിലിനോടുള്ള കൂറ് പുലര്‍ത്താന്‍ അവള് മറന്നില്ല.
”ടക് ടക് ടക് ….”
ആരോ കതകില്‍ തട്ടണല്ലോ! അവള് കാത് കൂര്‍പ്പിച്ചു.
”ടക് ടക് ടക്…..”
അതാ പിന്നെയും തട്ടുന്നു. ഈ നേരത്ത് ഇതാരാണ്? അവള് അയാളെ തട്ടി വിളിച്ചു. എവിടെ? അയാള്‍ വിയര്‍ത്ത് കിതച്ച് വേറേതോ ലോകത്തിലൂടെ കസര്‍ത്ത് നടത്തുകയാണ്.
”മര്യാദയ്ക്ക് വാതില്‍ തുറക്കെടാ. അല്ലെങ്കി ചവിട്ടിപ്പൊളിക്കും.”
പുറത്തുനിന്നു കേട്ട ആ അലര്‍ച്ചയില്‍ അവള് അനില്‍ കൃഷ്ണനെ തള്ളി മാറ്റിക്കൊണ്ട് ചാടിയെണീറ്റു. എന്താണു സംഭവിച്ചതെന്നറിയാതെ അയാള്‍ കട്ടിലില്‍ നിന്ന് താഴേക്കു വീണു.
”സാറേ, എന്തരോ കൊഴപ്പമൊണ്ട്. ആരൊക്കെയോ പുറത്തു വന്ന് നിക്കണ്.”
അവള് കട്ടിലില്‍ക്കിടന്ന സാരിയും ബ്ലൗസും പാവാടയും ബ്രേസിയറും വലിച്ചു വാരിയെടുത്തുകൊണ്ടു പറഞ്ഞു. കതകിലെ മുട്ടല്‍ കൂടുതല്‍ ശക്തമായി. അനില്‍കൃഷ്ണന്‍ പരിഭ്രാന്തിയോടെ തറയില്‍ നിന്ന് ചാടിയെണീറ്റ് തന്റെ അടിവസ്ത്രവും പാന്റും കട്ടിലിനു കീഴില്‍ നിന്നും തപ്പിയെടുത്ത് തിടുക്കത്തില്‍ വലിച്ചു കയറ്റി. ബീന ബാത്ത് റൂമിനുള്ളിലേക്കു പാഞ്ഞു.
വിറച്ചുകൊണ്ടാണ് അയാള്‍ കതകു തുറന്നത്. മുറിക്കു പുറത്തുള്ള പോലീസിനേയും മാധ്യമപ്പടയേയും കണ്ട് അയാളുടെ കണ്ണു തളളി. തന്റെ ഒളിസേവയ്ക്ക് ഇത്രയും വാര്‍ത്താപ്രാധാന്യമോ!
”കതക് തുറക്കാന്‍ എന്താടോ ഇത്രേം താമസം?”
ഇംഗ്ലീഷും ഹിന്ദിയും കൂട്ടിച്ചേര്‍ത്ത് കുഴച്ചെടുത്ത പരുവത്തിലുള്ള മലയാളത്തില്‍ അശോക് അഗര്‍വാള്‍ ചോദിച്ചു.
”ഒന്നുമില്ല സാര്‍….ഞാന്‍ … പിന്നെ…. ഇവിടെ…. ഒറങ്ങിപ്പോയതു കൊണ്ട് ….”
”ഇവിടെ ആരെങ്കിലും വന്നോ?”
”ഇല്ല … ഇല്ല സാര്‍….”
വിയര്‍ത്തൊഴുകി നില്ക്കുന്ന അയാളുടെ ഒരു തരം പരവേശവും മുഖത്തു തെളിഞ്ഞു കണ്ട കള്ള ലക്ഷണവും തന്റെ പോലീസ് കണ്ണ് കൊണ്ട് എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ എസ്.പി ക്കു കഴിഞ്ഞു. ഇയാളെ ഭീഷണിപ്പെടുത്തി അക്രമികള്‍ ഇതിനകത്ത് കയറിയിരിക്കുമോ?
”റാഫീ, റൂമൊന്ന് കേറി സേര്‍ച്ച് ചെയ്യ്.”
കേള്‍ക്കേണ്ട താമസം എസ്.ഐ. റാഫിയും രണ്ടു പോലീസുകാരും മുറിക്കകത്തേക്കു കയറി. ചാനല്‍ ക്യാമറാ കണ്ണുകളും ഒപ്പം അകത്തേക്ക് ഫോക്കസ് ചെയ്യപ്പെട്ടു. അനില്കൃഷ്ണന്റെ ഹൃദയതാളം പതിന്മടങ്ങായി.പോലീസുകാര്‍ റൂമിന്റെ മുക്കും മൂലയും പരിശോധിച്ചു. കട്ടിലിനടിയിലും മേശയുടെ അടിയിലും കുനിഞ്ഞു നോക്കി. ആരുമില്ലെന്നുറപ്പിച്ച് അവര്‍ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയതാണ്. അപ്പോഴാണ് ബാത്ത് റൂമിന്റെ പുറത്തെ കുറ്റി ഇട്ടിട്ടില്ലെന്ന കാര്യം റാഫിയുടെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ ലാത്തി കൊണ്ട് കതക് തളളി. തുറക്കുന്നില്ല. വീണ്ടും തളളി. ഇല്ല. തുറക്കുന്നില്ല.
”സര്, ഇതിനകത്ത് ആരോ ഉണ്ട്.”
റാഫി വിളിച്ചു പറഞ്ഞു. അശോക് അഗര്‍വാള്‍ അനില്കൃഷ്ണനെ രൂക്ഷമായി നോക്കി.
”ആരെടാ അകത്ത്?”
”അത്…. പിന്നെ…. ഞാന്‍.”
അനില്‍ കൃഷ്ണന് വിക്കി വിറച്ചുനില്ക്കുന്നതു കണ്ട എസ്.പിക്ക് കലി തിളച്ചുപൊങ്ങി. അയാള്‍ അനിലിനെ അടിക്കാനായി കൈ ഉയര്‍ത്തിയതും ബാത്ത്റൂമിന്റെ വാതില്‍തുറന്ന് ബീന വെളിയിലേക്കിറങ്ങി. അവളെ കണ്ട് അന്ധാളിച്ചുപോയ എസ്.ഐ. റാഫി അറിയാതെ ചോദിച്ചു പോയി:
”എടീ ബീനേ, നീയായിരുന്നാ?”
സ്വന്തം സ്റ്റേഷനതിര്ത്തിക്കുള്ളിലെ കളളനേയും പിടിച്ചുപറിക്കാരനേയും ലൈംഗികത്തൊഴിലാളിയേയും തിരിച്ചറിയാത്ത എസ്.ഐമാരില്ലല്ലോ.
അവള് കൂസലേതുമില്ലാതെ അയാളെ നോക്കിച്ചിരിച്ചു.
”സാറേ, ഇത് മറ്റേ കേസാ …. ഇമ്മോറല്‍.”
റാഫി വിളിച്ചു പറഞ്ഞു.പോലീസുകാരും മാധ്യമ പ്രവര്‍ത്തകരും അടക്കിപ്പിടിച്ചു ചിരിച്ചു. എസ്.പി, അനില്‍ കൃഷ്ണനെ നോക്കി. വിളറി വെളുത്ത് വിറച്ചുനില്ക്കുകയാണയാള്.എസ്.പി. പല്ല് ഞെരിച്ചുകൊണ്ട് അയാളുടെ ചെവിയില്‍ പിടിച്ച് നന്നായി കിഴുക്കിക്കൊണ്ട് ചോദിച്ചു:
‘ഈ പട്ടാപ്പകല്‍ തന്നെ നെനക്ക് ഇതൊക്കെ ചെയ്യണം അല്ലേടാ….’
പെട്ടെന്ന് ലോഡ്ജിന്റെ താഴെ നിന്ന് ‘സാറേ, അവമ്മാര് ഇവിടെയൊണ്ട് ‘ എന്ന് ആരോ ഉറക്കെ വിളിച്ചുപറയുന്നതു കേട്ട് അവിഹിതവേഴ്ചക്കാരെ ഉപേക്ഷിച്ച് പോലീസും മാധ്യമപ്പടയും വിളി കേട്ട ദിക്കിലേക്ക് കൂട്ടയോട്ടം നടത്തി.
11:33:26
‘ചന്ദ്രാനെറ്റ്’ ന്യൂസ് ചാനലിലെ തത്സമയ സംപ്രേഷണം ഉദ്വേഗത്തോടെ കണ്ടുകൊണ്ടിരുന്ന പ്രിയംവദയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി. ദൈവമേ, താനിപ്പോള്‍ കണ്ടത് സത്യമോ മായയോ? ഓഫീസില്‍ പോയ അനിലേട്ടനെങ്ങനെ ആ ലോഡ്ജിലെത്തി? ഇനി അത് അനിലേട്ടന്റെ മുഖസാമ്യമുള്ള മറ്റാരെങ്കിലുമാണോ? പക്ഷേ, ജപിച്ചു കെട്ടിയ സ്വര്ണഏലസ്സുള്ള മാല കഴുത്തില്‍ കിടക്കുന്നത് താന്‍ വ്യക്തമായി കണ്ടതാണല്ലോ. അനിലേട്ടന്റെ കടും ചുവപ്പ് ഷര്‍ട്ടും ആ ലോഡ്ജ് റൂമിനുള്ളില്‍ കണ്ടു. ദേവീ…. സംശയമില്ല. അത് അനിലേട്ടന് തന്നെ. അവളുടെ തലച്ചോറിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നു പോയി. നെറ്റിയിലെ കുങ്കുമക്കുറി വിയര്‍പ്പില്‍ കുതിര്‍ന്ന് ചോരച്ചാലു പോലെ മൂക്കിലേക്കൊഴുകി.ബോധരഹിതയായി അവള് നിലത്തു വീണു. അവള് ചലനമറ്റു കിടന്നതിനു നേരേ എതിര്‍വശത്തുള്ള പൂജാമുറിയില്‍, രാവിലെ അവള് കൊളുത്തിയ നിലവിളക്ക് അപ്പോഴും കെടാതെ കത്തിക്കൊണ്ടിരിക്കുകയായിരുന്നു.
11:36:02
നഗരത്തിലെ ഊടുവഴികളിലൂടെ ഞെങ്ങി ഞെരുങ്ങിയും ഗതാഗതക്കുരുക്കുകള്‍ക്കിടയിലൂടെ തുരന്നു കയറിയും ‘തൊഴിലാളി’ ഓവര്‍ ബ്രിഡ്ജിന് തൊട്ടടുത്തുള്ള ഏരീസ്പ്ലക്സ് തീയേറ്റര്‍ നടവരെ എത്തി. ഇനി ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ കഴിയില്ല. ഡ്രൈവര്‍ നിസ്സഹായതയോടെ ജിനിയെ നോക്കി.
”കൊച്ചേ, ഇനി ഇപ്പഴൊന്നും എടുക്കാന്‍ പറ്റുമെന്നു തോന്നണില്ല. നീ ഇവിടെയെങ്ങാനും ഇറങ്ങി ഓടിപ്പോവാന്‍ നോക്ക്.”
കര്‍ത്താവേ, എന്തൊരു പരീക്ഷണമാണിത്. ഇനി മൂന്നോ നാലോ മിനിട്ടേ യുള്ളൂ ട്രെയിന്‍ പോകാന്‍. കൂടുതലൊന്നും ചിന്തിക്കാതെ ബാഗും വലിച്ചെടുത്ത് ജിനി ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി. പഴ്സില്‍ നിന്ന് ഇരുന്നൂറു രൂപായെടുത്ത് ഡ്രൈവര്‍ക്ക് നല്കി, ബാക്കി പോലും വാങ്ങാന്‍ നില്‍ക്കാതെ, മുന്നിലെ വാഹനവ്യൂഹത്തിനിടയിലൂടെ അവള് പാഞ്ഞു.
11:39:16
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കിടക്കുകയായിരുന്ന ഷാലിമാര്‍ എക്സ്പ്രസിനടുത്ത് ഫോണും കാതില്‍ പിടിച്ച് ഉത്കണ്ഠാകുലനായി നില്‍ക്കുകയാണ് അലോക് മണ്ഡല്.അര മണിക്കൂറിനുള്ളില്‍, കുറഞ്ഞത് ഇരുപതു തവണയെങ്കിലും അവന് ജിനിയെ വിളിച്ചിട്ടുണ്ട്. കിട്ടുന്നേയില്ല. എന്തു പറ്റിയിരിക്കും? അവള് നാടുവിടുന്നത് ബിനുവും സജിയും അറിഞ്ഞിരിക്കുമോ? അവര്‍ അവളെ തടഞ്ഞിരിക്കുമോ? അതോ അന്യ നാട്ടുകാരനെ എങ്ങനെ വിശ്വസിക്കുമെന്ന് അവള്‍ക്കു തന്നെ സ്വയം തോന്നിയിരിക്കുമോ? അങ്ങനെയെങ്കില്‍ ഒന്നു വിളിച്ചു പറയുകയെങ്കിലും ചെയ്തു കൂടായിരുന്നോ?
ട്രെയിന്‍ പുറപ്പെടാന്‍ പോവുകയാണെന്ന അനൗണ്‍സ്മെന്റ് മുഴങ്ങി.നിമിഷങ്ങള്‍ക്കകം ട്രെയിനിന്റെ ചൂളം വിളിയും ഉയര്‍ന്നു. ട്രെയിന്‍ മെല്ലെ ചലിച്ചുതുടങ്ങി. പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ അലോക് പ്ലാറ്റ്ഫോമിലെങ്ങും പിന്നെയും കണ്ണോടിച്ചു. ഇല്ല …. അവള് എങ്ങുമില്ല. ഒരുനിമിഷം എന്തോ ആലോചിച്ചുനിന്ന ശേഷം, ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് അവന് ചാടിക്കയറി…
ട്രെയിനിന്റെ അവസാന ബോഗിയും പ്ലാറ്റ്ഫോം പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ജിനി ഓടിക്കിതച്ച് പ്ലാറ്റ്ഫോമിലെത്തിയത്. അകന്നകന്നു പോകുന്ന ട്രെയിനിനെ അവള് നിരാശയോടെ നോക്കി നിന്നു. കവിളുകളിലൂടെ സങ്കടപ്പെരുമഴ പെയ്തിറങ്ങി. പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിലേക്ക് അവള് വേച്ച് വേച്ച് നടന്നു.
11:43:46
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് സുധാകരന്റെ മൃതദേഹം പുറത്തേക്കു കൊണ്ടുവന്നു.അയാളുടെ ബന്ധുക്കളും നാട്ടുകാരുമൊക്കെച്ചേര്ന്ന് മൃതദേഹത്തെ ആംബുലന്‍സിലേക്കു കയറ്റി. ആ ആംബുലന്‍സ് മുന്നോട്ടു നീങ്ങിത്തുടങ്ങിയതും മറ്റൊരു ആംബുലന്‍സ് മോര്‍ച്ചറി പരിസരത്ത് വന്നു നിന്നു. ആംബുലന്‍സിന്റെ വാതില്‍ തുറന്നതും അകത്തുണ്ടായിരുന്ന നാലുപോലീസുകാര്‍ ചേര്‍ന്ന് വെള്ളപുതപ്പിച്ച ആ ബോഡി പുറത്തേക്കിറക്കി.കാറ്റത്ത് വെള്ളത്തുണി ചെറുതായൊന്നിളകി – ഡോ: സുജിത് ദീര്‍ഘനിദ്രയിലാണ്.
12:00:00
യുദ്ധം കഴിഞ്ഞ പടക്കളം പോലെയായി സ്റ്റാച്യു ജംഗ്ഷന്.ഒന്നര മണിക്കൂറോളം നീണ്ട കലാപം അവസാനിച്ചിരിക്കുന്നു. കരിങ്കല്ലുകളും ചുടുകട്ടക്കഷണങ്ങളും മദ്യക്കുപ്പികളുടെ ചില്ലുകളും കമ്പുകളും ലോഹദണ്ഡുകളും ത്രിവര്‍ണ- ദ്വിവര്ണക്കൊടികളും കണ്ണീര്‍വാതക ഷെല്ലുകളുടെ അവശിഷ്ടങ്ങളും റോഡിലെങ്ങും ചിതറിക്കിടന്നു. അടിച്ചുതകര്‍ക്കപ്പെട്ട കാറുകളും ബൈക്കുകളും അവിടവിടെ കാണാം.റോഡില്‍ അങ്ങിങ്ങായി ചോരയും കട്ടപിടിച്ചു കിടപ്പുണ്ട്. നൂറോളം പോലീസുകാര്‍ റോഡിന്റെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്. കലാപകാരികളെ ഒരിടത്തും കാണാനേയില്ല. ഒരു കലാപം കൂടി വിജയകരമായി അമര്‍ച്ച ചെയ്ത്, നഗരത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
നഗരസഭയുടെ ഒരു നീലലോറി സ്റ്റാച്യു ജംഗ്ഷനിലെത്തി. ലോറിയില്‍ നിന്നിറങ്ങിയ ശുചീകരണത്തൊഴിലാളികള്‍ റോഡില്‍ ചിതറിക്കിടന്നിരുന്ന കലാപാവശിഷ്ടങ്ങള് വാരി ലോറിയിലേക്ക് തള്ളി. ലോറി മുന്നോട്ടു നീങ്ങി. അവിടവിടെ നിര്‍ത്തി, എല്ലാ അവശിഷ്ടങ്ങളും അത് ശേഖരിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ നഗരനിരത്ത് വെടിപ്പുള്ളതായി. കിഴക്കേകോട്ട നിന്നും പാളയത്തു നിന്നും റോഡിന്റെ ഇരുവരികളിലൂടെയും വാഹനങ്ങള്‍ ഒന്നൊന്നായി വന്നുതുടങ്ങി. അണഞ്ഞുകിടന്ന ട്രാഫിക്സിഗ്നല് ലൈറ്റുകള്‍ തെളിഞ്ഞു. കടകളുടേയും സ്ഥാപനങ്ങളുടേയും ഷട്ടറുകള്‍ ഉയര്‍ന്നു തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ നഗരം ചടുലമായി. വാഹനങ്ങള്‍ ഇരമ്പിപ്പാഞ്ഞു. എങ്ങോട്ടെന്നില്ലാതെ ആളുകള്‍ തിക്കിത്തിരക്കി. അല്പം മുമ്പു മാത്രം നടന്ന ഒരു വന്‍ കലാപത്തെ വിസ്മൃതിയിലേക്കു തള്ളിവിട്ടുകൊണ്ട് നഗരം അതിന്റെ ഗതിവേഗങ്ങളെ തിരിച്ചുപിടിച്ചു കഴിഞ്ഞിരിക്കുന്നു.