
സ്റ്റ്യാചു ജംഗ്ഷൻ – 24

പ്രശാന്ത് ചിന്മയൻ
- ഇന്ന്
നിലത്തു വിരിച്ച കീറച്ചാക്കില്‍ സുധാകരന് തിരിഞ്ഞും മറിഞ്ഞും കിടന്നു.സെക്രട്ടറിയേറ്റിലെ ഘടികാര സമയം 11.45. ഈ നിലയിലുള്ള കിടപ്പു തുടങ്ങിയിട്ട് നാളെ നൂറ്റിമുപ്പതു ദിവസമാകുകയാണ്. ഇനി അധികനാള്‍ ഈ നഗരത്തിന്റെ നടപ്പാതയില്‍ ഇങ്ങനെ കിടക്കേണ്ടി വരില്ലെന്നാണ് അയാളുടെ പ്രതീക്ഷ. അടുത്ത മന്ത്രിസഭാ യോഗത്തില്‍ സി.ബി.ഐ.അന്വേഷണം പ്രഖ്യാപിക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്.അങ്ങനെ സംഭവിച്ചാല്‍ വീട്ടിലേക്കു മടങ്ങണം. വീടെന്നു പറയാന്‍ ഇനി അവിടെ എന്തെങ്കിലും അവശേഷിക്കുന്നുണ്ടാകുമോ? ഇവിടേക്കു പുറപ്പെടുമ്പോള്‍ തന്നെ, ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായിരുന്നു അത്. പുല്ലും പാഴ്ച്ചെടികളും പടര്‍ന്നു പിടിച്ച് ഭാര്ഗവീനിലയമായ അവിടെ തന്റെ വളര്‍ത്തു പട്ടി പോലും ഇപ്പോള്‍ കാണില്ല. യജമാനന് ഉപേക്ഷിച്ചു പോയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത് മറ്റെവിടെയെങ്കിലും അഭയമന്വേഷിച്ചു പോയിക്കാണും. പാവം!
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യാന്‍ പോകുന്നുവെന്ന് തീരുമാനിച്ചപ്പോള്‍ നാട്ടുകാരും ബന്ധുക്കളുമൊക്കെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത്.പോലീസിനെതിരെ അന്വേഷണം പ്രഖ്യാപിക്കാനും അഥവാ പ്രഖ്യാപിച്ചാല്‍ത്തന്നെ അവരെ കുറ്റക്കാരായി കണ്ടെത്താനും ശിക്ഷിക്കാനുമൊക്കെയുള്ള സാധ്യത വളരെക്കുറവാണെന്നാണ് പലരും കാരണങ്ങളായി പറഞ്ഞത്. പക്ഷേ, കുടുംബമേ തകര്‍ന്നു തരിപ്പണമായ തനിക്ക് ഇനി എന്തു നഷ്ടപ്പെടാന്‍ എന്നു ചിന്തിച്ചുറപ്പിച്ചു കൊണ്ടാണ് ഇവിടെ എത്തിയത്.ആ പോരാട്ടത്തിന് ഉടനേ ഒരു ഫലമുണ്ടാകുമായിരിക്കും.
പലതും ചിന്തിച്ച് ചിന്തിച്ച് സുധാകരന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞുതുടങ്ങിയതാണ്. പെട്ടെന്ന്, റോഡില്‍ ഒരു ജെ.സി.ബി ഇരമ്പി വന്നു നില്ക്കുന്നതായി അയാളറിഞ്ഞു. കണ്ണ് തുറന്ന് കാത് കൂര്‍പ്പിച്ചു. തൊട്ടുപിന്നാലെ സൈറണ്‍ മുഴക്കി ഒരു പോലീസ് ജീപ്പ് വന്നു നിന്നു.പിന്നെയും വന്നു നിന്നു മൂന്നു നാലു വാഹനങ്ങള്‍. വാഹന വാതിലുകള്‍ പറപറാ തുറന്നടഞ്ഞു. പല ഭാഗത്തേക്കും ആരൊക്കെയോ ഓടുന്ന ശബ്ദം. ജെ.സി.ബിയുടെ ഇരമ്പലിനു മീതേ,തനിക്കരികിലേക്കു ഓടിയടുക്കുന്ന ബൂട്ടിന്റെ ശബ്ദം അയാള്‍ക്കു വ്യക്തമായി.
”ഹലോ. എണീക്ക്… എണീക്ക്.പുറത്തെറങ്ങ്.”
സുധാകരന്റെ സമരക്കുടിലിന്റെ തൂണില്‍ ലാത്തി തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു പോലീസുകാരന് വിളിച്ചുപറഞ്ഞു. സുധാകരന് നിലത്തു നിന്ന് തപ്പിത്തടഞ്ഞ് ചാടിയെണീറ്റു. എന്താണ് സംഭവിക്കുന്നത്? ഒരെത്തും പിടിയും കിട്ടിയില്ല. പോലീസുകാരന്, തൊട്ടടുത്ത വെള്ളറട ജ്ഞാനദാസിന്റെ സമരക്കുടിലിലേക്കു ധൃതിയില്‍ നടന്നു.
സുധാകരന് പരിഭ്രാന്തിയോടെ റോഡിലേക്കിറങ്ങി. നടപ്പാതയോടു ചേര്‍ന്ന്, വേലുത്തമ്പിയുടെ പ്രതിമയ്ക്കു മുന്നിലായി റോഡില്‍ ഒരു ജെ.സി.ബി. തൊട്ടു പിന്നിലായി ഒരു പോലീസ് വാന്‍. അതിനു പിന്നില്‍ വരിയായി ഒരു ബൊലേറൊയും ഒരു സ്കോര്‍പ്പിയോയും ‘തിരുവനന്തപുരം നഗരസഭ’ എന്ന് രേഖപ്പെടുത്തിയ ഒരു നീല മിനിലോറിയും. പോലീസുകാരും മറ്റു ചിലരും അവിടവിടെ നില്‍പ്പുണ്ട്.എന്തിനാണ് ഇത്രയും സന്നാഹങ്ങളുമായി ഈ പാതിരാത്രിയില്‍ ഇവര്‍ വന്നത്?
”നടക്ക് … നടക്ക്… പോയി ആ സാറിനെക്കാണ്.”
ജ്ഞാനദാസിനേയും കുടുംബത്തേയും തട്ടിയുണര്‍ത്തി എണീപ്പിച്ച പോലീസുകാരന് ഇന്നോവയുടെ നേര്‍ക്ക് കൈ ചൂണ്ടി വിളിച്ചു പറഞ്ഞു. ഉറക്കം മുറിഞ്ഞുപോയതിന്റെ ഈര്ഷ്യയിലാകാം ജ്ഞാനദാസിന്റെ മൂന്നു വയസ്സുകാരന് മകന് അവന്റെ അമ്മയുടെ തോളില്‍ക്കിടന്ന് നിലവിളിക്കാന്‍ തുടങ്ങി. ‘മിണ്ടാതിരി അസത്തേ…’ എന്നു പ്നാറ്റിക്കൊണ്ട് കലികയറിയ തള്ള ചെറുക്കന്റെ അടിത്തുടയില് നുളളി.കരച്ചില് പൂര്‍വ്വാധികം ശക്തിപ്രാപിച്ചു. മുന്നോട്ടു നടന്ന ജ്ഞാനദാസിനും കുടുംബത്തിനുമൊപ്പം സുധാകരനും നടന്നു. അവര്‍ക്കു മുന്നിലായി മഞ്ഞപ്പാറ മണിയനും ഭാര്യയുമുണ്ടായിരുന്നു.
ആറ് സമരക്കുടിലുകളിലായി ഉണ്ടായിരുന്ന പതിമൂന്നു പേരും സ്കോര്‍പിയോയുടെ മുന്നില്‍ നിന്നിരുന്ന വെളുത്തു സുമുഖനായ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി.
”ഞങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നു വന്നവരാണ്. ഞാന്‍ കോര്പ്പറേഷന് സെക്രട്ടറി. പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള നടപ്പാതയില്‍ സ്ഥിരമായുള്ള കുടില്‍ കെട്ടി സമരം അനുവദിക്കാന്‍ കഴിയില്ലെന്നും നോട്ടീസ് കിട്ടി രണ്ടുദിവസത്തിനുള്ളില്‍ കുടില്‍ പൊളിച്ചുമാറ്റിപ്പോകണമെന്നും കാണിച്ച് രണ്ടു മാസം മുമ്പ് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു നോട്ടീസ് തന്നതോര്മ്മയുണ്ടല്ലോ. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഒരു പൊതുതാത്പര്യ ഹര്‍ജിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അന്നതു ചെയ്തത്. പക്ഷേ,നിങ്ങളതനുസരിച്ചില്ല. ഒരു ഇഷ്യുവുണ്ടാക്കണ്ട എന്നു കരുതി ഞങ്ങളും തുടര്‍ നടപടിയിലേക്കു പോയില്ല. പക്ഷേ, കോടതി വിധി ഇനിയും നടപ്പിലാക്കിയിട്ടില്ലെന്നു കാട്ടി കോര്‍പ്പറേഷനും സര്‍ക്കാരിനുമെതിരേ ഒരാള്‍ ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. അതു കൊണ്ട് ഞങ്ങള്‍ക്ക് ആക്ഷനെടുത്തേ പറ്റൂ. നിങ്ങളെല്ലാവരും സഹകരിക്കണം. എടുക്കാനുള്ളതൊക്കെ എടുത്ത് ഷെഡില്‍ നിന്ന് എല്ലാവരും മാറിത്തരണം.”
വിനയം പുരട്ടിയ വാക്കുകളില്‍ സെക്രട്ടറി വിഷയം അവതരിപ്പിച്ചു.സമരക്കുടിലുകളിലെ അന്തേവാസികള്‍ പരസ്പരം നോക്കി. രണ്ടു മാസം മുമ്പ് കിട്ടിയ നോട്ടീസ് സുധാകരന് ഓര്‍മ്മയുണ്ട്. ഒരു വര്‍ഷമായി സമരം ചെയ്യുന്ന മഞ്ഞപ്പാറ മണിയനെ അതു കാണിച്ചപ്പോള്‍ ‘ഇതൊക്കെ നമ്മളെ വെരട്ടാന്‍ വേണ്ടി ചെയ്യണതല്ലേ. നമ്മളെയൊന്നും ഒരുത്തനും ഒരു പുല്ലും ചെയ്യൂല ‘ എന്ന് പറഞ്ഞ് അയാളത് പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. പിന്നീടൊന്നും സംഭവിക്കാത്തതു കൊണ്ട് ആ നോട്ടീസിന്റെ കാര്യം പോലും മറന്നു പോയി. തന്റെ സമരം വിജയത്തിലേക്ക് അടുക്കുന്ന ഈ ഘട്ടത്തില്‍ ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതിനു പിന്നില്‍ എന്തെങ്കിലും കളികള്‍ കാണാതിരിക്കുമോ? ദേഷ്യവും സങ്കടവും കൊണ്ട് അയാള്‍ വിറച്ചു:
”ഇല്ല… ഞങ്ങള്‍ മാറൂല്ല. ഞങ്ങളെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇത് പൊളിച്ചുമാറ്റാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.”
അതൊരലര്‍ച്ചയായിരുന്നു. ആദ്യം ഒന്നു പതറി നിന്നെങ്കിലും പെട്ടെന്നു തന്നെ മറ്റു സമരക്കാരും അതേറ്റു പറഞ്ഞു. അവരെ അനുനയിപ്പിക്കാന്‍ സെക്രട്ടറി വീണ്ടും മധുരം പുരട്ടിയ വാക്കുകള്‍ പുറത്തെടുത്തു:
”പ്ലീസ്. നിങ്ങള്‍ സഹകരിക്കണം. ഇത് കോടതി വിധിയാണ്. വേറെ മാര്‍ഗമില്ല.”
”എല്ലാ കോടതി വിധികളും ഈ നാട്ടില്‍ നടപ്പാക്കുന്നുണ്ടോ സാറേ? ഞങ്ങളും പത്രമൊക്കെ നോക്കണവരാ.”

ഹൈക്കോടതി വിധിച്ചിട്ടും തനിക്കര്‍ഹമായ ഇന്‍ഷ്വറന്‍സ് തുക അനുവദിച്ചുതരാത്ത ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തട്ടിപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഴുപത്തിരണ്ടു ദിവസമായി സമരം ചെയ്യുന്ന പൂങ്കുളം സ്വദേശി ഷിബുരാജിന്റെതായിരുന്നു ആ വാക്കുകള്‍.അങ്ങനെ, ഉദ്യോഗസ്ഥരും സമരക്കാരും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദമായി ക്രമേണ അതു മാറി. കാഴ്ചക്കാരായി നില്‍ക്കുകയായിരുന്ന പോലീസിന് തങ്ങള്ക്കിടപെടേണ്ട സമയം സമാഗതമായിരിക്കുന്നുവെന്ന് ബോധ്യമായി. കന്റോണ്‍മെന്റ് സ്റ്റേഷന് എസ്.ഐ. റാഫിയുടെ വായിലൂടെ അത് പുറത്തുചാടി:
”പറയാനുള്ളത് മര്യാദയുടെ ഭാഷയിലാണ് സാറ് പറഞ്ഞത്. നിങ്ങളത് അനുസരിക്കുന്നില്ലാ എങ്കില്‍ ഞങ്ങള്‍ക്ക് ഫോഴ്സുപയോഗിച്ച് അത് ചെയ്യേണ്ടി വരും.”
”ഞങ്ങളെ ശവത്തില്‍ ചവിട്ടിയേ നിങ്ങളിതു പൊളിക്കൂ. ഈങ്ക്വിലാബ് സിന്ദാബാദ്.”
സുധാകരന് മുഷ്ടി ചുരുട്ടി മുദാവാക്യം മുഴക്കി. മറ്റുള്ളവര്‍ അതേറ്റു വിളിച്ചു.
”പോലീസ് നീതി പാലിക്കുക…. കോര്‍പ്പറേഷന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക….”
മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.പ്രസന്നവദനായി നിന്നിരുന്ന കോര്പ്പറേഷന് സെക്രട്ടറിയുടെ മുഖം ഇരുണ്ടു തുടങ്ങി. അയാള്‍ എസ്.ഐയെ നോക്കി. പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടെന്നാണ്.അവിടവിടെ നിന്ന പോലീസുകാരില്‍ പതിനഞ്ചു പേര് ചടപടാ ഓടിയെത്തി സമരക്കാരെ വളഞ്ഞു വേലി തീര്‍ത്തു. ബന്ധനത്തിലായ സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് വലയം ഭേദിക്കാന്‍ ശ്രമിച്ചു. ജ്ഞാനദാസിന്റെ മോന്റെ അലറിക്കരച്ചിലും ഇതിനിടയ്ക്കു കേള്‍ക്കാമായിരുന്നു. മുട്ടന്‍ തെറികള്‍ വിളിച്ചും കൈയിലിരുന്ന ലാത്തി കൊണ്ട് പ്രതിരോധം തീര്‍ത്തും പോലീസുകാര്‍ പ്രതിഷേധക്കാരെ ചെറുത്തു നിന്നു. കൃത്യനിര്‍വ്വഹണത്തിനു പറ്റിയ സമയം ഇതുതന്നെയെന്നു തിരിച്ചറിഞ്ഞ എസ്.ഐ. റാഫിയും മറ്റു പോലീസുകാരും കോര്പ്പറേഷന് ജീവനക്കാരും ചേര്‍ന്ന് സമരക്കുടിലുകളിലേക്ക് ഇരച്ചുകയറി അതിനുളളിലുണ്ടായിരുന്ന സാധനസാമഗ്രികളെല്ലാം വലിച്ചുവാരി റോഡിലേക്കെറിഞ്ഞു. സമരക്കുടിലുകള്‍ ഒന്നൊന്നായി നിലംപതിച്ചു.മുരണ്ടു നില്‍ക്കുകയായിരുന്ന ജെ.സി.ബി,തുമ്പിക്കൈ ഉയര്‍ത്തി പിറകിലേക്കു വന്ന് കുടിലുകളുടെ അവശിഷ്ടങ്ങള്‍ കോരിയെടുത്ത് ലോറിയിലേക്കു തളളി. മുദ്രാവാക്യം വിളികള്‍ നിലച്ചു. സമരക്കാര്‍ അന്തിച്ചു നിന്നു. സുധാകരന്റെ കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങി.
ദൗത്യം വിജയമായെന്നുറപ്പായതോടെ പോലീസുകാര്‍ സമരക്കാരെ വലയത്തിനുളളില്‍ നിന്ന് സ്വതന്ത്രരാക്കി. റോഡില്‍ ചിതറിക്കിടന്നിരുന്ന തങ്ങളുടെ സാധന സാമഗ്രികള്‍ കണ്ടെടുക്കാന്‍ അവര്‍ തിക്കിത്തിരക്കിയോടി. ബാഗുകളും സഞ്ചികളും കലവും ചട്ടിയും വെള്ളക്കുപ്പികളും ദൈവങ്ങളുടെ ചിത്രങ്ങളും പുസ്തകങ്ങളും പ്ലക്കാര്ഡുകളുമൊക്കെ കൂടിക്കലര്‍ന്നു കിടന്ന ആ വസ്തുവകകള്ക്കിടയിലൂടെ സുധാകരന്റെ കണ്ണുകള്‍ പരക്കം പാഞ്ഞു. അതാ റോഡിന്റെ മധ്യത്തില്‍ അനാഥമായി കിടക്കുന്നു തനിക്ക് പ്രിയപ്പെട്ടത്!ചില്ലുടഞ്ഞ ആ ഫോട്ടോ അയാള്‍ കയ്യിലെടുത്തു. പുഞ്ചിരിച്ചു നില്ക്കുന്ന മകന്റെ ചിത്രത്തെ നെഞ്ചോടു ചേര്‍ത്ത് അയാള്‍ തേങ്ങി. എന്തുകൊണ്ടാണെന്നറിയില്ല അയാള്‍ക്കപ്പോള്‍ പെട്ടെന്ന് വെങ്കിടിയെ ഓര്‍മ്മ വന്നു. അയാള്‍ എന്തോ ചിന്തിച്ചുറപ്പിച്ച്, കയ്യിലിരുന്ന ഫോട്ടോയെ ഷര്‍ട്ടുയര്‍ത്തി മുണ്ടിന്റെ ഇടയിലേക്ക് തിരുകി വച്ച് നടപ്പാതയിലേക്കു കയറി. നടപ്പാതയുടെ മതിലിനോടു ചേര്‍ന്നുള്ള കൂറ്റന്‍ വേപ്പു മരത്തെ ലക്ഷ്യമാക്കി അയാള്‍ വേഗത്തില്‍ നടന്നു. മതിലിലേക്ക് ശ്രമപ്പെട്ട് ചാടിക്കയറിയ അയാള്‍ വേപ്പിന്റെ മുറിഞ്ഞുപോയ കൊമ്പിന്റെ കുറ്റിയിലേക്കു കാല്‍വച്ചതും സ്ഥിതിഗതികള്‍ വീക്ഷിച്ച് റോഡില്‍ത്തന്നെ നില്‍ക്കുകയായിരുന്ന റാഫിയുടെ കഴുകന് കണ്ണുകള്‍ വേപ്പുമരത്തിനു ചുവട്ടിലെ അനക്കങ്ങള്‍ പിടിച്ചെടുത്തു. ‘ഓപ്പറേഷന് വെങ്കിടി’ യുടെ അനുഭവപാഠം ഉള്ളില്‍ തികട്ടി വന്ന റാഫി, ‘പിടിയവനെ’ എന്നലറിക്കൊണ്ട് വേപ്പിന് മരത്തെ ലക്ഷ്യമാക്കി പാഞ്ഞു. കാര്യമെന്താണെന്നു പിടികിട്ടിയില്ലെങ്കിലും പോലീസുകാരും കൂട്ടത്തോടെ ഏമാന്റെ പിറകേ അന്തം വിട്ടോടി.
ഒന്നാം കുറ്റിയില്‍ നിന്ന് രണ്ടാം കുറ്റിയിലേക്കു കാല് വയ്ക്കാന്‍ സുധാകരന് ആയാസപ്പെടുന്നതിനിടയില് റാഫിയും പരിവാരങ്ങളും വേപ്പിന്റെ ചുവട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു.
”പിടിയവനെ …..”
റാഫി ലാത്തി ചൂണ്ടി, പോലീസുകാരോട് ആജ്ഞാപിച്ചു. കാര്യത്തിന്റെ ഗൗരവം പിടികിട്ടിയ പോലീസുകാരില്‍ ഒരുവന് നിമിഷങ്ങള്‍ക്കുള്ളില്‍ മതിലില്‍ ചാടിക്കയറി വേപ്പിന്റെ ഒന്നാം കുറ്റിയില്‍ ചവിട്ടി നിന്നുകൊണ്ട് സുധാകരനെ പിടിത്തമിട്ടു.ആ ബലിഷ്ഠമായ പിടിത്തത്തില്‍ നിന്ന് ഒന്നനങ്ങാന്‍ പോലും പാവം സുധാകരനായില്ല.
”മര്യാദയ്ക്ക് താഴെയിറങ്ങിക്കോ. വെറുതേ ഞങ്ങളെ മെനക്കെടുത്തരുത്.”
റാഫി വിളിച്ചു പറഞ്ഞു.
”ചുമ്മാ പ്രശ്നമുണ്ടാക്കാതെ താഴെയിറങ്ങണതാ നിങ്ങക്ക് നല്ലത്.”
പോലീസുകാരന്, സുധാകരനെ മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു. തന്റെ ദൗത്യം പരാജയപ്പെടുകയാണെന്ന് സുധാകരന് മനസ്സിലായി. അയാള്‍ കിതച്ചു കൊണ്ടു പറഞ്ഞു:
”ഞാനെറങ്ങാം…”
പോലീസുകാരന് പിടിവിട്ടു.സുധാകരന് കാലുകള്‍ താഴേക്ക് വച്ചു….
സുധാകരന് താഴെയെത്തുന്നതുവരെ ഉദ്വേഗഭാവത്തില് മിണ്ടാതെ നിന്ന റാഫി, വലിയൊരു മെനക്കേട് ഒഴിവായെന്നുറപ്പിച്ചതോടെ ‘യഥാര്‍ത്ഥ’ സബ് ഇന്‍സ്പെക്ടറായി. അയാള്‍ പല്ല് ഞെരിച്ച്, കൈയോങ്ങിക്കൊണ്ട് മുന്നോട്ടുവന്നു.
”പു …. മോനേ, നീ ആരെന്നു വിചാരിച്ച്? പോലീസുകാരെ അങ്ങ് ഒണ്ടാക്കിക്കളയാമെന്നാ….. പിടിച്ചു കേറ്റടാ ഈ താ….യെ.”
അയാള്‍ സുധാകരനെ തല്ലും എന്നുതന്നെ കരുതിയതാണ്. പക്ഷേ, എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അയാള്‍ കൈ താഴ്ത്തി. പോലീസുകാര്‍ സുധാകരനെ വലിച്ചു പിടിച്ച് പോലീസ് വാഹനത്തിനടുത്തേക്കു കൊണ്ടുപോയി.
”ഒറ്റയൊരെണ്ണത്തിനെ ഇനി ഇവിടെ കണ്ടു പോവരുത്. കൂടും കുടുക്കേം എടുത്തോണ്ട് ഇപ്പം തന്നെ സ്ഥലം വിട്ടോണം.”
നിസ്സഹായരായി റോഡില്‍ നിന്നിരുന്ന സമരക്കാരെ നോക്കി റാഫി ആക്രോശിച്ചു.
സുധാകരനേയും കയറ്റി പോലീസ് വാഹനം നീങ്ങി. പിന്നാലെ മറ്റു വാഹനങ്ങളും. ഈ പാതിരാത്രിയില്‍ എങ്ങോട്ടു പോകണമെന്നറിയാതെ സമരക്കാര്‍ റോഡില്‍ കുറേ നേരം കൂടിനിന്നു. സെക്രട്ടറിയേറ്റിലെ ഘടികാരത്തില്‍ സമയം 12.25. പുതിയൊരു ദിവസം പിറന്നിട്ട് ഇരുപത്തി അഞ്ചു മിനിട്ടുകള്‍ പിന്നിട്ടിരിക്കുന്നു. സമയ സൂചി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കേ, സമരക്കാര്‍ ഓരോരുത്തരായി ഇരുട്ടിലെവിടെയോ നടന്നു മറഞ്ഞു.നഗരനിരത്ത് വിജനമായി