
സ്റ്റ്യാചു ജംഗ്ഷൻ – 23

പ്രശാന്ത് ചിന്മയൻ
- നാളെ… നാളെ… നാളെ…
”…. ശത്രുവിനെ പ്രഖ്യാപിച്ച്, യുദ്ധവെറിയുണര്ത്തിയാണ് അമേരിക്കന്‍ സാമ്രാജ്യത്വം മറ്റു രാജ്യങ്ങളിലിടപെടാനുള്ള സാഹചര്യമൊരുക്കുന്നത്. സാമ്പത്തിക ഉപരോധത്തിന്റെ മറവില്‍ ഭക്ഷണം, ഔഷധം, ഇന്ധനം എന്നിവയുടെ ലഭ്യത ഇല്ലാതാക്കി ആ രാജ്യത്തെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ഏതു രാജ്യത്തേയും അട്ടിമറിക്കാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന ധിക്കാര മനോഭാവത്തിലാണ് അമേരിക്ക ഇടപെടുന്നത് …….”
സെക്രട്ടറിയേറ്റ് സ്റ്റാഫ് യൂണിയന്റ ഇരുപത്തൊന്നാം സമ്മേളനത്തില്‍, യൂണിയന് സെക്രട്ടറി സഖാവ് മധുകുമാര്‍ അത്യാവേശത്തോടെ എക്സ്പ്രസ് വേഗത്തില്‍ സംഘടനാ റിപ്പോര്‍ട്ട് വായിക്കുകയാണ്. ലാറ്റിനമേരിക്കയില്‍ തുടങ്ങിയ ആ രാഷ്ട്രീയ നിരീക്ഷണം ജനവാസമുള്ള അഞ്ചു ഭൂഖണ്ഡങ്ങളും താണ്ടി ആറാമത്തെ ഭൂഖണ്ഡമായ ഏഷ്യയിലെത്താനും അവിടെനിന്ന് ഇന്ത്യാ മഹാരാജ്യത്തെത്താനും അവിടെനിന്ന് ഇങ്ങ് തെക്കേയറ്റത്തുള്ള കൊച്ചുകേരളത്തിലെത്താനും ഇനിയും നാഴിക വിനാഴികകള്‍ വേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ സദസ്സിലിരുന്ന അനില്‍കൃഷ്ണന്‍ ദീര്‍ഘമായൊരു കോട്ടുവാ വിട്ടു. ശീതീകരിച്ച ഏ.കെ.ജി ഹാളിലെ സദസ്സില്‍ നാലാമത്തെ വരിയുടെ ഇടത്തേ അറ്റത്ത് പതുപതുപ്പുള്ള ചുവന്ന കസേരയിലിരുന്ന് ഞെരിപിരികൊണ്ട അയാള്‍ ചുറ്റിലും കണ്ണോടിച്ചു – ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന ഹാള്‍ പകുതിയോളമേ നിറഞ്ഞിട്ടുള്ളൂ. ചിലര്‍ കണ്ണടച്ച് കസേരയില്‍ ചാഞ്ഞു കിടക്കുന്നു, ചിലര്‍ മൊബൈലില്‍ തോണ്ടിക്കളിക്കുന്നു, ചിലര്‍ അടുത്തിരിക്കുന്നവരോട് അടക്കം പറയുന്നു. സംഘടനാ റിപ്പോര്‍ട്ടിലൂടെ സെക്രട്ടറി പങ്കുവയ്ക്കുന്ന ആഗോള അധിനിവേശ ഉത്കണ്ഠകളെ സശ്രദ്ധം ശ്രവിക്കുന്ന ചില വേറിട്ട വ്യക്തിത്വങ്ങളെ മരുപ്പച്ചപോലെ അങ്ങിങ്ങ് കാണുന്നുണ്ട്.തൊണ്ടയിലെ വെള്ളം വറ്റിച്ചുകൊണ്ടുള്ള സെക്രട്ടറിയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് ചെവികൊടുക്കാന്‍ ആരെങ്കിലുമൊക്കെയുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് തെല്ല് ആശ്വാസം തോന്നി.
അടുത്തസുഹൃത്തുക്കളില്‍ നിന്ന് മന:പൂര്‍വ്വം അകന്നു മാറിയാണ് അനില്‍കൃഷ്ണന്‍ ഇരുന്നത്. തന്റെ ഫോണിലേക്ക് ഏതു നിമിഷവും വന്നുചേര്‍ന്നേക്കാവുന്ന ഒരു രഹസ്യസന്ദേശത്തെയും പ്രതീക്ഷിച്ചാണ് അയാളുടെ ഇരിപ്പ്. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് അകലം പാലിക്കേണ്ടത് അത്യാവശ്യവുമാണ്. അയാള്‍ ഫോണിനെ ഓണാക്കി, സ്ക്രീനിലൂടെ വിരല്‍ പായിച്ച്, വാട്ട്സ്ആപ്പ് ഐക്കണില്‍ വിരലമര്‍ത്തി – ഇല്ല. പ്രതീക്ഷിക്കുന്ന സന്ദേശം ഇനിയും എത്തിയിട്ടില്ല. വാട്ട്സ്ആപ്പിലൂടെതന്നെ ആ സന്ദേശം വന്നുകൊള്ളണമെന്നില്ല. ചിലപ്പോള്‍ അതൊരു ഫോണ്‍ കോളുമായിരിക്കാം. കാത്തിരിപ്പിന്റെ അസ്വസ്ഥതയില്‍ അയാള്‍ കസേരയിലിരുന്ന് ഞെരിപിരികൊള്ളുകയും ഇടയ്ക്കിടെ ഫോണ്‍ ഓണാക്കിയും ഓഫാക്കിയും സമയം തള്ളിനീക്കുകയും ചെയ്തു.
ഹോങ്കോങ്ങിലെ ചൈനാവിരുദ്ധ സമരത്തെ പരാമര്‍ശിച്ചു കൊണ്ട് സെക്രട്ടറിയുടെ സംഘടനാ റിപ്പോര്‍ട്ട് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും അനില്കൃഷ്ണന്റെ കണ്ണുകള്‍ അടഞ്ഞുതുടങ്ങിയിരുന്നു. പക്ഷേ, അധികം താമസിയാതെ തന്നെ അയാളുടെ കണ്ണുകള്‍ സുഷുപ്തി വിട്ടുണര്‍ന്നു. അധിനിവേശത്തിനും ഫാസിസത്തിനുമെതിരെയുള്ള സെക്രട്ടറിയുടെ ആവേശോജ്ജ്വലങ്ങളായ പ്രസ്താവനകളല്ല, നാസികാ ദ്വാരങ്ങളിലേക്ക് ഇരച്ചു കയറിയ ചിക്കന്‍ ബിരിയാണിയുടെ കൊതിപ്പിക്കുന്ന ഗന്ധമാണ് അയാളെ നിദ്രയില്നിന്നുണര്ത്തിയത്. കണ്ണുതിരുമ്മി ചുറ്റിലും നോക്കി. ഹാള്‍ ഹൗസ്ഫുള്! ഇരിപ്പിടംകിട്ടാതെ പലരും നില്‍ക്കുകയാണ്. എല്ലാ സമ്മേളനങ്ങളിലേയും പതിവുകാഴ്ച തന്നെയാണ് പൂര്‍വ്വാധികം ഭംഗിയായി ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പായിരിക്കും ഭൂരിഭാഗം പേര്‍ക്കും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വെളിപാടുണ്ടാകുന്നത്.അവര്‍ ഓഫീസിലെ ഇരിപ്പിടങ്ങളില്‍ നിന്ന് ചാടിയെണീറ്റ് കൂട്ടത്തോടെ സമ്മേളന ഹാളിലേക്ക് പരവേശത്തോടെ മാര്‍ച്ച് ചെയ്യും.എന്നാല്‍, സമ്മേളന ഫണ്ടായി സംഭാവന കൊടുത്ത തുകയുടെ പത്തിലൊന്നെങ്കിലും മുതലാക്കണമെന്ന ആത്മാര്‍ത്ഥമായ വാശിയോടെ വിഭവസമൃദ്ധമായ ഭക്ഷണം അകത്താക്കുന്നതോടെ അവരുടെ വിപ്ലവവീര്യം കെട്ടുപോകുകയും സുദീര്‍ഘങ്ങളായ ഏമ്പക്കങ്ങള്‍ വിട്ട് അവര്‍ വന്നവഴിയിലൂടെതന്നെ പരക്കംപാഞ്ഞ് സ്വലാവണങ്ങള് പൂകുകയും ചെയ്യും. സമ്മേളനത്തിന് വന്ന് തലകാണിച്ചില്ലെങ്കില് പിറ്റേദിവസം ഓഫീസിലെത്തുമ്പോള്‍, ഇന്നലെവരെ ഇരുന്ന കസേരയില്‍ ചിലപ്പോള്‍ ഇരിക്കാന്‍ പറ്റില്ലെന്നതും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവരില്‍ ചിലരെ പ്രേരിപ്പിക്കുന്ന സുപ്രധാന കാരണമാണ്.ചുരുക്കത്തില്‍, സംഘടനയോടുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും കൊണ്ട് സമ്മേളനത്തിന്റെ ആദ്യാവസാനം പങ്കെടുക്കുന്നവര്‍ ആകെ അംഗസംഖ്യയുടെ പത്തിലൊന്നു മാത്രം!
സംഘടനയോടുള്ള അകമഴിഞ്ഞ കൂറോ ആത്മാര്‍ത്ഥതയോ ഒന്നുമല്ല അനില്കൃഷ്ണനെ സമ്മേളനത്തിന്റെ ആദ്യ ഇനമായ പതാകയുയര്‍ത്തല്‍ ചടങ്ങു മുതല്ക്കേ സമ്മേളന ഹാളില്‍ പിടിച്ചിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ്, അയാളുടെ കൈ അറിയാതെ തട്ടി ഒരു ചൂടന്‍ വീഡിയോ ക്ലിപ് ഓഫീസ് സ്റ്റാഫിന്റെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലേക്ക് തെറിച്ചു വീണു പോയി. ഓഫീസാകെ കോളിളക്കമായി. സഹപ്രവര്‍ത്തകരായ വനിതകള്‍ ഉറഞ്ഞു തുള്ളി. വകുപ്പുതല നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍,അന്ന് അയാളുടെ രക്ഷകനായി അവതരിച്ചത് സഖാവ് മധു കുമാറായിരുന്നു. നയപരമായ ഇടപെടലിലൂടെ അയാള്‍ പ്രശ്നം രമ്യമായി പരിഹരിച്ചു. ആ നന്ദിയും കടപ്പാടും മനസ്സിലുള്ളതുകൊണ്ടു മാത്രമാണ് അനില്‍കൃഷ്ണന്‍ ഇതാദ്യമായി ഒരുദിവസത്തെ ലീവുമെടുത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സംഘടനാ റിപ്പോര്‍ട്ടവതരണം കേരളത്തിലേക്കു കടന്നു കഴിഞ്ഞു. ഇനി ഏതാനും നിമിഷങ്ങള്‍ക്കകം അത് അവസാനിക്കുകയും ഉച്ചഭക്ഷണത്തിനു പിരിയുകയും ചെയ്യും. റിപ്പോര്‍ട്ടവതരണം കഴിയുന്ന മാത്രയില്‍ത്തന്നെ ഭോജനശാലയിലേക്ക് കൂട്ടയോട്ടം നടത്താന്‍ തയ്യാറായി പലരും കസേരയുടെ കൈകളില്‍ പിടിച്ച് ആസനം മെല്ലെ ഉയര്‍ത്തിത്തുടങ്ങി. ഇരിപ്പിടം കിട്ടാതെ ഹാളില്‍ നിന്നിരുന്നവര്‍ ഒരു ഓട്ടമത്സരത്തിനെന്നപോലെ കൈകളും കാലുകളും സജ്ജരാക്കി ജാഗരൂകരായി.അതാ സെക്രട്ടറിയുടെ ഘനഗാംഭീര്യ ശബ്ദത്തിലുള്ള ‘അഭിവാദ്യങ്ങള്‍’ ലൗഡ് സ്പീക്കറിലൂടെ മുഴങ്ങിക്കഴിഞ്ഞു. പിന്നെയൊരു പരക്കംപാച്ചിലായിരുന്നു. എവിടെയും മനുഷ്യന്റെ അടിസ്ഥാന പ്രശ്നം വിശപ്പ് തന്നെ എന്ന സത്യം ഉദ്ഘോഷിച്ചുകൊണ്ട് സദസ്യര്‍ ഒന്നടങ്കം മരണവെപ്രാളത്തോടെ തിക്കിത്തിരക്കി ഭോജന ശാലയിലേക്കു കുതിച്ചു. ആള്‍ക്കൂട്ടത്തിനിടയിലൂടെ തന്നാലാവുന്ന വിധം നുഴഞ്ഞു കയറാന്‍ ശ്രമിച്ചുകൊണ്ട് അനില്കൃഷ്ണനും മുന്നേറി.അങ്ങനെ ഞെങ്ങി ഞെരുങ്ങി വല്ല വിധേനെയും ഭോജനശാലയ്ക്കരികിലെത്താറായപ്പോഴാണ് അയാളുടെ ഫോണ്‍ ശബ്ദിച്ചത്. തിക്കിത്തിരക്കിനിടയില്‍, പാന്റിന്റെ പോക്കറ്റില്‍ നിന്ന് പ്രയാസപ്പെട്ട് ഫോണ്‍ വലിച്ചൂരി എടുത്തപ്പോഴേക്കും അത് കട്ടായി. ‘ഛെ!’ എന്നു പുലമ്പിക്കൊണ്ട് അയാള്‍ ഫോണ്‍ സ്ക്രീനിലേക്കു നോക്കി.പ്രതീക്ഷിച്ചിരുന്ന നമ്പരില്‍ നിന്നാണ് വിളി വന്നിരിക്കുന്നത്. തിരിച്ചങ്ങോട്ടു വിളിക്കാന്‍ പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇനി അടുത്ത വിളിയോ മെസേജോ വരുന്നതുവരെ വെയ്റ്റ്ചെയ്യുകയേ നിവൃത്തിയുള്ളൂ. ഭക്ഷണകൗണ്ടറിലെ നീണ്ട ക്യൂവിലേക്ക് നിരാശയോടെ അയാള്‍ കയറി നിന്നു.
അഞ്ച് കൗണ്ടറുകളിലായിട്ടാണ് ഭക്ഷണം സജ്ജീകരിച്ചിരുന്നതെങ്കിലും ഓരോ കൗണ്ടറിനു മുന്നിലും മുന്നൂറോളം പേരാണ് ക്യൂ നില്‍ക്കുന്നത്. അര മണിക്കൂറോളം നിന്നു നിന്ന് കാല്‍കഴച്ചു തുടങ്ങിയപ്പോഴേക്കും അയാള്‍ ഭക്ഷണവിളമ്പല് കൗണ്ടറിന് ഏകദേശം അടുത്തെത്താറായി. കൗണ്ടറില്‍നിന്ന് ഏതാണ്ട് ഇരുപത്തഞ്ചോളം പേരുടെ അകലമെത്തിയപ്പോഴേക്കും പ്ലേറ്റ് കിട്ടി. പെട്ടെന്നാണ് ഫോണ്‍ ശബ്ദിച്ചത്. അയാള്‍ തിടുക്കത്തില്‍ അതെടുത്തു. പെട്ടു! നേരത്തേ വിളിച്ച നമ്പര്‍! വിശപ്പുപോലെ പ്രാധാന്യമുള്ള അടിസ്ഥാന ആവശ്യങ്ങളിലൊന്നിനെ സംബന്ധിച്ച അടിയന്തിര കോളായതിനാല്‍ എടുത്തേ പറ്റൂ. തൊട്ടു പിറകില്‍ നിന്നയാള്‍ക്ക് പ്ലേറ്റ് കൈമാറി, കോളെടുത്ത് ‘ഹലോ’ പറഞ്ഞു കൊണ്ട് അയാള്‍ ക്യൂവില്‍ നിന്ന് പുറത്തേക്കു കടന്നു. ഭോജനശാലയിലെ ബഹളവും ഹാളില്‍നിന്ന് മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന ‘ബലികുടീരങ്ങളേ….’ യും തീര്‍ത്ത ശബ്ദകോലാഹലത്തില്‍ നിന്ന് രക്ഷതേടി അയാള്‍ ഹാളിനു പുറത്തേക്കു വച്ചു പിടിച്ചു.
”രണ്ടുദിവസം മുമ്പ് നമ്മള് സംസാരിച്ച കാര്യത്തെക്കുറിച്ചു പറയാനാ വിളിച്ചത്….”
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ നിന്നും പരുപരുത്ത പുരുഷശബ്ദം കേട്ടു തുടങ്ങിയപ്പോഴേക്കും അനില്‍കൃഷ്ണന്‍ ഹാളിനു പുറത്തുള്ള ഒരൊഴിഞ്ഞ കോണില്‍ എത്തിക്കഴിഞ്ഞിരുന്നു.
”…. സാറ് പറഞ്ഞതുപോലെ, സീരിയല്‍ ഫീല്‍ഡില്‍ നമുക്ക് അവയലബിള്‍ ആയിട്ടുള്ള നാലു പേരുടെ ഫോട്ടോസ് ഞാന്‍ വാട്ട്സ്ആപ്പ് ചെയ്യാം. സാറിനിഷ്ടമുള്ളവരെ സെലക്ട് ചെയ്ത് മെസേജയച്ചാ മതി…”
”റേറ്റ്?”
”ആദ്യം സെലക്ട് ചെയ്യൂ. റേറ്റ് പിന്നെപ്പറയാം.”
അനില്‍കൃഷ്ണന്‍ കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ഫോണ്‍ കട്ടായി.
രണ്ടു ദിവസം മുമ്പാണ് പ്രസാദ് കൊടുത്ത നമ്പരിലേക്ക് അയാള്‍ വിളിച്ചത്. മൂന്നു പ്രാവശ്യം വിളിച്ചപ്പോഴാണ് മറുതലയ്ക്കലുള്ളയാള്‍ ഫോണെടുത്തത്. വിളിച്ച കാര്യം, വളച്ചുകെട്ടി, വിക്കി വിക്കിപ്പറഞ്ഞപ്പോഴേക്കും അമര്‍ത്തിയൊരു മൂളലേ ആദ്യമുണ്ടായുള്ളൂ. അനില്കൃഷ്ണന്റെ ഊരും പേരുമൊക്കെ വിശദമായി കിണ്ടിക്കിളച്ച് ചോദിച്ചറിഞ്ഞ ആ ‘അജ്ഞാതന്‍’, ‘നാളെ വിളിക്കാം.’ എന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി. പിറ്റേന്ന് രാവിലെ തന്നെ വേറൊരു നമ്പരില്‍ നിന്ന് അയാളുടെ വിളി വന്നു.
”സാറിന്നലെ സാറിനെപ്പറ്റി പറഞ്ഞതൊക്കെ സത്യമാണോ എന്ന് ഞങ്ങള്‍ വെരിഫൈ ചെയ്തു. ചീറ്റിംഗല്ലെന്നു ബോധ്യമായതുകൊണ്ടാണ് തിരികെ വിളിക്കുന്നത്. സാര്‍ ഏത് കാറ്റഗറിയിലുള്ളവരെയാണ് താത്പര്യപ്പെടുന്നത്? ഫിലിം? സീരിയല്‍ ? ഗവണ്മെന്റ് സര്‍വന്റ്സ് ? പ്രവാസികളുടെ ഭാര്യമാര്‍? വിഡോസ്? സ്റ്റുഡന്റ്സ് ? സെയില്‍സ് ഗേള്‍സ് ?….”
ഒറ്റശ്വാസത്തില്‍ അയാള്‍ നിരത്തിയ ഓപ്ഷനുകള്‍ കേട്ടപ്പോള്‍ അനില്‍കൃഷ്ണന്‍ ശ്വാസം മുട്ടുന്നതു പോലെ തോന്നി.
”ഇപ്പം പറയണ്ട.സാറ് ആലോചിക്ക്.ഞാന്‍ വൈകിട്ട് വിളിക്കാം. ചിലപ്പോ വേറെ നമ്പരില്‍ നിന്നായിരിക്കും വിളിക്കുന്നത്.”
ഫോണ്‍ കട്ടായി. ഏതു വിഭാഗത്തില്‍ പെട്ടവരെ വേണമെന്നോര്‍ത്ത് അനില്‍കൃഷ്ണന്‍ ചിന്താമഗ്നനായി. ചിലപ്പോള്‍ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമാകാം ഈ ഒളിസേവ. അപ്പോ സ്വല്പം കൂടിയതു തന്നെയായാലും കുഴപ്പമില്ല. അങ്ങനെയെങ്കില്‍ സിനിമാ നടിയോ സീരിയല്‍ നടിയോ മതി. പക്ഷേ, സിനിമാ നടികള്‍ മിനിട്ടുകണക്കിന് പതിനായിരങ്ങള്‍ വാങ്ങാനാണു സാധ്യത.തന്റെ ബഡ്ജറ്റിന് അത് താങ്ങുമെന്നു തോന്നുന്നില്ല. അങ്ങനെയാണ് പലവിധ കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ സീരിയല്‍ താരം എന്ന ഓപ്ഷനിലേക്കെത്തുന്നത്.
ഏതൊക്കെ സീരിയല്‍ നടികളുടെ ചിത്രങ്ങളാകും തന്റെ വാട്ട്സ്ആപ്പിലേക്ക് പറന്നിറങ്ങുന്നതെന്ന് ചിന്തിച്ചുകൊണ്ട് അനില്‍കൃഷ്ണന്‍ വീണ്ടും സമ്മേളന ഹാളിന്റെ പടികള്‍ കയറി ഭോജനശാല ലക്ഷ്യമാക്കി പാഞ്ഞു. ഇപ്പോള്‍ തിരക്ക് ഒരു വിധം കുറഞ്ഞിട്ടുണ്ട്. അയാള്‍ പിന്നെയും ക്യൂവിലേക്കു കയറി. നല്ല ചിക്കന്‍ പീസ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ എന്ന ആകുലതയോടെ പ്ലേറ്റും കൈയില്‍ പിടിച്ച്, കൗണ്ടറിനടുത്തേക്ക് അയാള്‍ അടിവച്ചു.സമ്മേളനഹാളില്‍ നിന്ന് അപ്പോഴും നാടകഗാനം കേള്‍ക്കുന്നുണ്ട്:
”അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തൊണ്ട്….”
ഭക്ഷണം കഴിച്ച് അനില്‍കൃഷ്ണന്‍ പുറത്തിറങ്ങിയപ്പോള്‍ ഗിരീഷും പ്രസാദും ഹാളിന്റെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്നു. അവരോട് ലോഹ്യം പറഞ്ഞുകൊണ്ടുനില്ക്കേ, ഫോണില്‍ വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ കിളിനാദം കേട്ടു. പിന്നെ അമാന്തിച്ചില്ല. എന്തോ തിരക്കു ഭാവിച്ച്,അവരെ തന്ത്രപൂര്‍വ്വം ഒഴിവാക്കി അയാള്‍ വീണ്ടും ഹാളിന്റെ പടിക്കെട്ടുകളിറങ്ങി. മതിലിനരികിലെ ആളൊഴിഞ്ഞ മൂലയില്‍ ചെന്ന് വാട്ട്സ്ആപ്പ് തുറന്നു. അതാ വന്നു കിടക്കുന്നു നാലു സുന്ദരികള്‍! ഓരോന്നിനും ക്രമനമ്പരും പേരും കൊടുത്തിട്ടുണ്ട് – (1) ലാവണ്യാ മേനോന് (2) ശില്പ (3) ഷെറിന് ജോസ് (4) ഷഹാന. സീരിയല്‍ പ്രേക്ഷകനല്ലാത്തതിനാല്‍ അയാള്‍ക്ക് ആരേയും അത്രപരിചയമില്ല.പ്രിയംവദ കാണുന്ന സീരിയലുകളിലെ പ്രധാന കഥാപാത്രങ്ങളായിരിക്കുമല്ലോ ഇവരെന്നോര്ത്തപ്പോള് ഗൂഢമായൊരാനന്ദം തോന്നി.ഓരോ ഫോട്ടോയും പ്രത്യേകം പ്രത്യേകമായെടുത്ത് സൂക്ഷ്മ വിശകലനം ചെയ്തു. എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ. ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമായി. ഒടുവില്‍, നറുക്കു വീണത് ഒന്നാം നമ്പരുകാരിക്ക് ! ‘ഒന്നുമില്ലെങ്കിലും ഒരു മേനോന് കുട്ടിയല്ലേ ‘ എന്ന അയാളുടെ പ്രത്യേകപരിഗണനയാണ് അവരെ തുണച്ചത്.
തെരഞ്ഞെടുത്തയാളുടെ ക്രമനമ്പരും പേരും വാട്ട്സ്ആപ്പ് ചെയ്ത് നിമിഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു:
”ലാവണ്യാ മേനോനെയാണ് സാറിന് ഇഷ്ടമായത് അല്ലേ?”
”അതെ.”
”സാറിന് എന്നാണ് വേണ്ടത്?”
”നാളെ.”
”നാളെയോ?”
”അതെ. മറ്റന്നാള്‍ മുതല്‍ നിയമസഭാ സമ്മേളനമാ. പിന്നെ ഓഫീസീന്ന് മാറി നില്ക്കാന് പറ്റില്ല.”
”ങാ. അതു കുഴപ്പമില്ല. നാളെ ഉച്ചവരെ ലാവണ്യ ഫ്രീയാണ്. ഉച്ചയ്ക്കുശേഷം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഷൂട്ടിംഗാ. അതു കൊണ്ട് ട്രിവാന്‍ഡ്രം സിറ്റീലെ ഏതെങ്കിലും ഹോട്ടലിലേ കാര്യം നടക്കൂ.”
”അത് കുഴപ്പമില്ല. എനിക്കും അതാ സൗകര്യം. രാവിലെ പഞ്ച് ചെയ്തിട്ട് ഒരു പതിനൊന്നു മണിയോടെ ഓഫീസീന്നെറങ്ങാം. പിന്നെ….റേറ്റ്?”
”അത് ഞാന്‍ വാട്ട്സ്ആപ്പ് ചെയ്യാം.”
”പിന്നേ, ഈ ലാവണ്യാ മേനോന് ഏത് സീരിയലിലാ ഉള്ളത്?”
”കള്ളിയങ്കാട്ടു നീലി.”
ഫോണ്‍ കട്ടായി.
അയാള്‍ തിരികെ ഹാളില്‍ പ്രവേശിച്ചപ്പോള്‍ ഏതാണ്ട് നൂറോളം പേര് മാത്രമേ ശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഇനി റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയും ഭാരവാഹി തെരഞ്ഞെടുപ്പുമൊക്കെയാണ്. ആളൊഴിഞ്ഞ മൂലയിലേക്ക് അനില്‍കൃഷ്ണന്‍ നടന്നു. സദസ്സിന്റെ മുന്‍ നിരയില്‍ പ്രസാദ് ഇരിപ്പുണ്ട്. തന്റെ വിഷമത പരിഹരിക്കാനുള്ള ഉപായം ഉപദേശിച്ചുതന്ന സുഹൃത്താണെങ്കിലും ഇതേവരെ കമാന്നൊരക്ഷരം അയാളോടു പറഞ്ഞിട്ടില്ല. എത്ര വലിയ സ്നേഹിതനാണെങ്കിലും എല്ലാം തുറന്നുപറയുന്നത് അപകടമാണ്. ഏതുനിമിഷമാണ് അതൊരു മഹാപാരയായി മാറുന്നതെന്ന് പറയാന്‍ കഴിയില്ല.
ചര്‍ച്ചയ്ക്കായി സമ്മേളനവേദിയിലേക്ക് ഓരോരുത്തരായി കടന്നു വന്നുതുടങ്ങി. ദീര്‍ഘമായൊരു കോട്ടുവാവിട്ടുകൊണ്ട് അനില്‍കൃഷ്ണന്‍ ഫോണ്‍ ഓണാക്കി യൂട്യൂബിലേക്കു കടന്നു. ‘കള്ളിയങ്കാട്ടു നീലി സീരിയല്‍’ എന്നു ടൈപ്പ് ചെയ്തപ്പോള്‍ സീരിയലിന്റെ പന്ത്രണ്ടാം എപ്പിസോഡ് പ്രത്യക്ഷമായി. രാത്രി, കാടുപിടിച്ചു കിടക്കുന്ന വിജനമായ വഴിവക്കില്‍ നിന്ന് വഴിപോക്കരെ വശീകരിക്കുകയാണ് മാദകസുന്ദരിയായ കള്ളിയങ്കാട്ടു നീലി. ലാവണ്യാ മേനോന് എന്ന ആ സുന്ദരിയക്ഷിയുടെ അംഗോപാംഗ വടിവുകളിലൂടെ അനില്‍ കൃഷ്ണന്റെ കണ്ണുകള്‍ പരവേശത്തോടെ പാഞ്ഞു നടന്നു. നാളെ, തന്റെ കരവലയത്തിനുള്ളില്‍ കിടന്നു പുളയുന്ന ലാവണ്യാ മേനോനെക്കുറിച്ചോര്ത്ത് അയാളുടെ നാഡീഞരമ്പുകള്‍ വിജൃംഭിതമായി. നാളത്തെ സുഖസുന്ദര നിമിഷങ്ങളെ ഭാവനയില്‍ കണ്ടു കണ്ടങ്ങിരിക്കേ, വാട്ട്സ് ആപ്പ് സന്ദേശത്തിന്റെ കിളി ചിലച്ചു:

ചെലവ് വിവരങ്ങള്‍
ലാവണ്യാ മേനോന് – 35000
റൂം വാടക (ഹോട്ടല്‍ ബ്ലൂസ്റ്റാര്‍) – 6500
ഭക്ഷണം – 1500
വാഹന വാടക – 3000
സര്‍വ്വീസ് ചാര്‍ജ് – 5000
ഹാന്‍ഡ്ലിംഗ് ചാര്‍ജ് – 2000
മറ്റ് അത്യാവശ്യ ചെലവുകള്‍ – 1000
ആകെ – 54000
NB: ഒരു തവണ അല്ലെങ്കില്‍ ഒരു മണിക്കൂര്‍, ഏതാണോ ആദ്യം അതിനനുസരിച്ചുള്ള ലാവണ്യയുടെ നിരക്കാണ് മേല്‍ സൂചിപ്പിച്ചിട്ടുള്ളത്. മേല്‍പ്പറഞ്ഞ നിരക്കുകളില്‍ വിലപേശല്‍ അനുവദനീയമല്ല. സമ്മതമാണെങ്കില്‍ അരമണിക്കൂറിനുള്ളില്‍ yes എന്ന് മെസേജയക്കുക.
”ഭാഗ്യം! ചരക്കുസേവനനികുതിയും വിനോദനികുതിയും ഉള്‍പ്പെടുത്തിയിട്ടില്ല.”
ബില്‍ കണ്ട അനില്‍കൃഷ്ണന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ആത്മഗതം ചെയ്തു. പ്രതീക്ഷിച്ചതിനേക്കാളും നാലായിരം രൂപയേ അധികമായിട്ടുള്ളൂ. പക്ഷേ, ലാവണ്യയെപ്പോലൊരു സുന്ദരിയെ പ്രാപിക്കാന്‍ അതൊരു അധിക തുകയൊന്നുമല്ല. കൂടുതല്‍ ചിന്തിച്ചു സമയം കളയാതെ അയാള്‍ ‘Yes’ എന്നു ടൈപ്പ് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്തു. നിമിഷങ്ങള്‍ക്കകം മറുപടി വന്നു:
”താഴെപ്പറയുന്ന നമ്പരിലേക്ക് അഡ്വാന്‍സ് തുകയായി മുപ്പതിനായിരം രൂപ ഗൂഗിള്‍ പേ ചെയ്യുക…..”
പല തരം ഉഡായിപ്പുകള്‍ ദിനംപ്രതി കാണുകയും കേള്‍ക്കുകയും ചെയ്യുന്നതുകൊണ്ട് അനില്കൃഷ്ണന്റെ മനസ്സില്‍ നിരവധി സംശയങ്ങള്‍ ഉരുണ്ടുകൂടിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ആരോടെങ്കിലും ഉപദേശം ചോദിച്ചറിയാന്‍ നിര്വ്വാഹമില്ലാത്തതിനാല് തത്ക്കാലം വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ എന്ന് സ്വയം ന്യായീകരിച്ചുകൊണ്ട് അയാള്‍ തന്റെ വലതു ചൂണ്ടുവിരല്‍ മൊബൈലിലെ ഗൂഗിള്‍ പേ ഐക്കണിലേക്കു നീട്ടി …..
അഞ്ചുമണിയോടെ സമ്മേളന പരിപാടികള്‍ അവസാനിച്ചു.
അനില്‍കൃഷ്ണന്‍ ഹാളിനു പുറത്തിറങ്ങി സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു. ചില ആശങ്കകള്‍ അപ്പോള്‍ അയാളുടെ മനസ്സില്‍ തത്തിക്കളിച്ചു തുടങ്ങിയിരുന്നു. ചെലവു വിവരപ്പട്ടികയ്ക്കു താഴെ ചേര്‍ത്തിരുന്ന പ്രത്യേക അറിയിപ്പിലെ ‘ഒരു തവണ അല്ലെങ്കില്‍ ഒരു മണിക്കൂര്‍, ഏതാണോ ആദ്യം ….’ എന്ന വാചകമാണ് അയാളെ കുഴപ്പിക്കുന്നത്. ഒന്നര വര്‍ഷത്തോളമായി ‘ബ്രഹ്മചര്യപദം’ അനുഷ്ഠിച്ചു വരുന്ന താന്‍, ഗ്രഹണി ബാധിച്ചവന് ചക്കപ്പുഴുക്കു കണ്ടതുപോലെ നാളെ ലാവണ്യയെക്കണ്ടാല് ‘ഒറ്റത്തവണ’യൊക്കെ ഒറ്റനിമിഷംകൊണ്ട് ഒലിച്ചുപോകും! രൂപ അമ്പത്തിനാലായിരം സ്വാഹ! എങ്ങനെയും ഒരു മണിക്കൂര്‍ പിടിച്ചുനിന്ന് പണം മുതലാക്കിയേ പറ്റൂ. എന്താണൊരു വഴി? പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലെ ട്രാഫിക് സിഗ്നലിനു മുന്നിലെത്തിയപ്പോഴേക്കും അയാളുടെ മനസ്സില്‍ പരിഹാരമാര്‍ഗത്തിന്റെ ഹരിതപ്രകാശം തെളിഞ്ഞു കഴിഞ്ഞു. ശാസ്തമംഗലത്തേക്കു തിരിയാതെ അയാളുടെ ഹോണ്ട ആക്ടീവ സ്റ്റാച്യുവിലേക്കു ഗതി മാറി.
ഹെല്‍മറ്റ് ഊരിമാറ്റാതെ ‘സ്റ്റാച്യൂമെഡിക്കല്സി’ലേക്കു കയറിയ അനില്‍കൃഷ്ണന്‍, കൗണ്ടറിലെ പുരുഷ സെയില്സ്മാനരികിലേക്ക് ചെന്നു. അത്യാവശ്യം ആള്‍ത്തിരക്കുണ്ട്. തന്റെ ഊഴമെത്തിയപ്പോള്‍ അയാള്‍ മെല്ലെ മന്ത്രിച്ചു:
”ഒരു അശ്വഗന്ധ സ്പ്രേ.”
ഹെല്‍മറ്റ് വച്ചിരുന്നതിനാലും സ്വരം നീചസ്ഥായിയിലായതിനാലും സെയില്സ്മാന് സംഗതി പിടികിട്ടിയില്ല. ആ യുവാവ് മുഖം ചുളിച്ച് ചെവി കൂര്‍പ്പിച്ചു. അനില്‍കൃഷ്ണന്‍ അല്പം ഉച്ചസ്ഥായിയില്‍ ഒരു തവണ കൂടി ആവശ്യം ഉരുവിട്ടു. അതു കേട്ടപ്പോള്‍, ‘ഹമ്പട കൊച്ചു കള്ളാ’ എന്ന മട്ടില്‍ ഒന്നു കണ്ണിറുക്കി ചിരിച്ചുകൊണ്ട് സെയില്സ്മാന് അശ്വഗന്ധയുടെ റാക്ക് തേടി നടന്നു.
‘അശ്വഗന്ധ’യും വാങ്ങി മെഡിക്കല്‍ സ്റ്റോറില്‍ നിന്നിറങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള രമേശന്റെ പത്ര സ്റ്റാന്‍ഡിലേക്ക് കണ്ണോടിക്കാതിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. മാസികകള്‍ക്കും വാരികകള്ക്കുമിടയില് നിന്നും അതാ ‘ഫയര്‍’ മാടി വിളിക്കുന്നു!
നാളത്തെ ഉദ്യമം വിജയിപ്പിക്കാനാവശ്യമായ വാജീകരണൗഷധവും ഉത്തേജനോപാധിയുമായി സ്റ്റാച്യു-പാളയം-വെള്ളയമ്പലം റോഡിലൂടെ മൂളിപ്പാട്ടും പാടി അനില്‍കൃഷ്ണന്‍ വീട്ടിലേക്ക് വണ്ടിയോടിക്കവേ, ടെക്സ്റ്റയില്‍സില്‍ നിന്ന് നേരത്തേ വീട്ടിലേക്കിറങ്ങിയ ജിനി സ്റ്റാച്യൂ ബസ് സ്റ്റോപ്പിലേക്ക് ആഞ്ഞുപിടിച്ചു നടക്കുകയായിരുന്നു. തീയതി പത്തായിട്ടും ശമ്പളം തരാത്ത കടയുടമ ചന്ദ്രശേഖരന് പിള്ളയോടുള്ള സകലകലിയും അവളുടെ നടത്തത്തിലും മുഖഭാവത്തിലും പ്രകടമായിരുന്നു. എറണാകുളത്തുള്ള ബന്ധുവിന്റെ കല്യാണത്തിന് നാളെ പോകാനുണ്ടെന്നും ശമ്പളം കിട്ടിയേ തീരുവെന്നും കടുപ്പിച്ച് പറഞ്ഞപ്പോഴാണ് നാളെ രാവിലെ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ചു തരാമെന്ന് അയാള്‍ ഉറപ്പുപറഞ്ഞത്. അയാളോടു അങ്ങനെ സംസാരിക്കേണ്ടി വന്നതില്‍ അവള്‍ക്ക് ഇപ്പോള്‍ ചെറിയ കുറ്റബോധം തോന്നിത്തുടങ്ങി. ആവശ്യമുള്ള പല സമയങ്ങളിലും പണം തന്ന് സഹായിച്ചിട്ടുളളയാളാണ്. ഇപ്പോള്‍, മാളുകളും വലിയ വലിയ ടെക്സ്റ്റയില്‍ സെന്ററുകളും നഗരത്തില്‍ ഒരുപാടൊരുപാട് പൊട്ടി മുളച്ചതോടെ ചെറിയ ടെക്സ്റ്റയില്സുകളിലൊക്കെ കച്ചവടം തീരെ കുറഞ്ഞു. അതോടെ അഞ്ചാം തീയതി കിട്ടിയിരുന്ന ശമ്പളം പത്താം തീയതിയിലേക്കു മാറി. ഇപ്പോള്‍ അതും തെറ്റിത്തുടങ്ങിയിരിക്കുന്നു. എങ്കിലും സ്റ്റാഫിനെ ആരെയും പറഞ്ഞുവിടാതെ തട്ടിമുട്ടി അയാള്‍ സ്ഥാപനം നടത്തിക്കൊണ്ടു പോവുകയാണ്. പക്ഷേ, എന്തു ചെയ്യാം, തനിക്കു നാളെ പണം കിട്ടിയാലേ പറ്റൂ… സ്റ്റോപ്പില്‍ ഒരു ബസ്സ് കിടക്കുന്നതു കണ്ട് അവള് തിടുക്കത്തില്‍ നടക്കാന്‍ തുടങ്ങി.
ബസ്സിന്റെ സൈഡ് സീറ്റില്‍ ജിനി ചാരിയിരുന്നു. കാറ്റത്ത് അവളുടെ മുടിയിഴകള്‍ പാറിപ്പറന്നു. മെല്ലെ കണ്ണുകളടച്ച അവളുടെ ചിന്തകളിലേക്ക് ചൂളം വിളികളോടെ ഷാലിമാര്‍ എക്സ്പ്രസ് പാഞ്ഞു വന്നു. തീവണ്ടിയുടെ ട9 കമ്പാര്‍ട്ട്മെന്റില്‍ അതാ ഒരു യുവാവും യുവതിയും! അവര്‍ രണ്ടു പേരും മാത്രമേ അവിടെയുള്ളൂ. യുവാവിന്റെ തോളിലേക്കു കണ്ണുകളടച്ച് ചാരിക്കിടക്കുകയാണ് യുവതി. അയാള്‍ അവളെ കരുതലോടെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. ഇടയ്ക്കെപ്പോഴോ അയാള്‍ അവളുടെ നെറ്റിയില്‍ വാത്സല്യത്തോടെ തന്റെ ചുണ്ടുകളമര്‍ത്തി. അവള് അവനെ മുറുകെപ്പിടിച്ചു. തീവണ്ടി അതിവേഗം പാഞ്ഞു പോവുകയാണ്, കൊല്‍ക്കത്തയെ ലക്ഷ്യമാക്കി….
ഇന്നലെ സന്ധ്യക്ക്, ഉള്ളിലിരമ്പിയ സങ്കടങ്ങളുടെ പെരുമഴപ്പെയ്ത്തുമായി തന്റെ മാറിലേക്കു വീണ ജിനിയെ ചേര്‍ത്തു പിടിച്ച് സമാശ്വസിപ്പിച്ച അലോകിനോട് ജീവിതത്തിനും മരണത്തിനുമിടയിലൂടെയാണ് തന്റെ സഞ്ചാരമെന്ന് അവള് തേങ്ങലോടെ പറഞ്ഞു. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അവന് കുറേ നേരം നിസ്സഹായനായി അങ്ങനെ നിന്നു.പിന്നെ, കണ്ണീരിറ്റു വീഴുന്ന അവളുടെ കവിള് തുടച്ചു കൊണ്ട് ചോദിച്ചു:
”വരുന്നോ?…. എന്റെ കൂടെ നാട്ടിലേക്ക്.”
അവിശ്വസനീയമായതെന്തോ കേട്ടതുപോലെ അവള് അവനെ മിഴിച്ചുനോക്കി.ആ കണ്ണുകളില്‍ തിളങ്ങുന്നത് ആത്മാര്‍ത്ഥ സ്നേഹത്തിന്റെ വെളിച്ചമാണെന്ന് അവള് തിരിച്ചറിയുന്നു. അവള് പിന്നെയും കരഞ്ഞു. അത് സങ്കടക്കണ്ണീരായിരുന്നില്ല; മരണത്തിലേക്കു തെന്നിവീഴാനൊരുങ്ങി നിന്നവള്‍ക്കു നേരേ നീണ്ടുവന്ന രക്ഷാകരങ്ങളെ കണ്ടപ്പോഴുണ്ടായ ആനന്ദക്കണ്ണീര്!
നാളെ രാവിലെ 11.40ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന ഷാലിമാര്‍ എക്സ്പ്രസിലാണ് അലോകും ജിനിയും കൊല്‍ക്കത്തയിലേക്കു പുറപ്പെടുന്നത്. അതുകൊണ്ടാണ് നാളെ രാവിലെത്തന്നെ തനിക്ക് ശമ്പളം കിട്ടിയേ പറ്റൂ എന്ന് അവള് ചന്ദ്രശേഖരന് പിള്ളയോടു കട്ടായം പറഞ്ഞിരിക്കുന്നത്. നാളെ രാവിലെ ടെക്സ്റ്റയില്‍സില്‍ പോയി പണവും വാങ്ങി റെയില്‍വേ സ്റ്റേഷനിലേക്കു പോകാമെന്നാണ് അവള് കണക്കുകൂട്ടുന്നത്. പക്ഷേ, അലോകിനൊപ്പം താന്‍ നാടുവിടുകയാണെന്ന കാര്യം അവള് ഗായത്രിയോടോ ശോഭയോടോ പോലും വെളിപ്പെടുത്തിയിട്ടില്ല. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ എറണാകുളം വരെ പോകുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ.
”ണിം.”
ബസ്സിനുള്ളില്‍ മണിമുഴങ്ങി. പുതിയൊരു ജീവിതയാത്രയുടെ സുഖമുള്ള സ്വപ്നത്തില്‍ നിന്ന് ജിനി കണ്ണുകള്‍ തുറന്നു.ഇറങ്ങേണ്ട സ്റ്റോപ്പെത്തിയിരിക്കുന്നു! അവള് ചാടിയെണീറ്റു.
നാളെയെക്കുറിച്ചുള്ള സുന്ദര പ്രതീക്ഷകളുമായി ജിനി വീട്ടിലേക്കു നടക്കവേ, നന്ദാവനം എ.ആര് ക്യാമ്പില്‍നിന്ന് വട്ടിയൂര്‍ക്കാവിലേക്ക് ബൈക്കോടിക്കുകയായിരുന്നു ഡോ: സുജിത്ത്.അസിസ്റ്റന്റ് പ്രൊഫസറായി നിയമന ഉത്തരവ് കിട്ടിയതിന്റെ സന്തോഷം പങ്കിടാന്‍ ക്യാമ്പിലുള്ളവര്ക്കെല്ലാം ചായയും കടിയുമൊക്കെ വാങ്ങി നല്‍കിയശേഷം വീട്ടിലേക്കു പോവുകയാണയാള്‍. പോലീസ് സര്‍വ്വീസില്‍ നിന്ന് റിലീവ് ചെയ്യാനുള്ള അപേക്ഷ അയാള്‍ ഇന്നലെത്തന്നെ നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മിക്കവാറും നാളെ രാവിലെത്തന്നെ റിലീവിംഗ് ഓര്‍ഡര്‍ കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ നാളെത്തന്നെ കോളേജില്‍ ജോയിന്‍ ചെയ്യാം. അതു കഴിഞ്ഞാലുടനേ ആര്‍ദ്രയെ വിളിക്കണം. തന്റെ വിളിക്കായി അവള് കാതോര്ത്തിരിക്കുകയാകും. എന്തായിരിക്കും അവളുടെ ആദ്യ പ്രതികരണം? സുജിത്തിന്റെ നെഞ്ചിലൂടെ ഒരു കിരുകിരുപ്പ് കടന്നു പോയി. എത്രയും പെട്ടെന്ന് നാളെയായെങ്കില്‍ എന്നു കൊതിച്ചുകൊണ്ട് അവന് വണ്ടിയുടെ വേഗം കൂട്ടി. പകല്‍വെട്ടം കെട്ടുതുടങ്ങിയ നഗരനിരത്തില്‍ അപ്പോഴേക്കും തെരുവുവിളക്കുകള്‍ തെളിഞ്ഞുതുടങ്ങിയിരുന്നു….
രാത്രി.
കിടപ്പുമുറിയിലെ കട്ടിലില്‍ തലയിണയേയും കെട്ടിപ്പിടിച്ച് അസ്വസ്ഥ ചിത്തനായി തിരിഞ്ഞും പിരിഞ്ഞും കിടക്കുകയാണ് അനില്‍കൃഷ്ണന്‍. ദീര്‍ഘദൂരയാത്രയ്ക്കു വേണ്ട സാധനങ്ങള്‍ കുത്തിനിറച്ച ബാഗും കട്ടിലിനടിയില്‍ വച്ച്, ചുമരിലെ യേശുവിന്റെ ചിത്രത്തിലേക്കു കണ്ണും മിഴിച്ച്, പലവിധ ചിന്തകളോടെ കിടക്കയില്‍ നിശ്ചലയായി കിടക്കുകയാണ് ജിനി. തുടിക്കുന്ന ചുവപ്പ് ഹൃദയത്തിന്റെ ചിത്രം ഗുഡ് നൈറ്റ് സന്ദേശമായി ആര്‍ദ്രയുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയച്ചശേഷം കിടക്കയിലേക്കു വീഴുകയാണ് ഡോ: സുജിത്ത്. നഗരത്തിന്റെ പല കോണുകളിലാണെങ്കിലും നിദ്രാവിഹീനരായ ഈ മൂന്നു പേരുടേയും മനസ്സ് അപ്പോള്‍ ശബ്ദിച്ചുകൊണ്ടിരുന്നത് ഒരേ താളത്തിലാണ്; നാളെ… നാളെ … നാളെ….