
സ്റ്റ്യാചു ജംഗ്ഷൻ – 22

പ്രശാന്ത് ചിന്മയൻ
- മോക്ഷമാർഗം
”സൊടക്ക് മേലെ സൊടക്ക് പോടടീ …
ഏൻ വെരല് വന്തീ ….”
ബണ്ടുമേട് കോളനിയിലെ ‘ഫ്രീക്മെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബി’ന്റെ മൂന്നാം വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള സിനിമാറ്റിക് ഡാൻസ് പൊടിപൊടിക്കുകയാണ്. ബഹുവർണ വെളിച്ചത്തിൽ കൗമാര ഉടലുകൾ ഇളകിയാടി. സ്റ്റേജിലെ ചടുല നടനത്തിനൊപ്പം ആർപ്പുവിളികളോടെ ചുവടുവച്ച്, കാണികൾക്കിടയിലെ ഫ്രീക്കൻമാരും ആവേശത്തിമിർപ്പിലാണ്. ജിനിയുടെ വീട്ടിൽ നിന്ന് നാല് വീടപ്പുറമുള്ള ചന്ദ്രൻ മേസ്തിരിയുടെ വർക് ഷോപ്പിന് എതിരേ കെട്ടിയ സ്റ്റേജിലാണ് പരിപാടികൾ നടക്കുന്നത്. വർക് ഷോപ്പിന്റെ ചുമര് ചാരിനിന്ന് ജിനി ഡാൻസ് കണ്ടു.
ഡാൻസ് അവസാനിച്ച് കർട്ടൻ വീണപ്പോൾ, റോഡിനെതിർവശത്തുള്ള കാണികൾക്കിടയിലേക്ക് ജിനി വെറുതേ കണ്ണോടിച്ചു. നേരിയ വെട്ടത്തിൽ, ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന അലോക് മണ്ഡലിനെ അവൾ കണ്ടു. കൂടെയുള്ളവരെല്ലാം ഹോളി ആഘോഷിക്കാൻ നാട്ടിലേക്കു പോയതുകൊണ്ട് അലോക് തനിച്ചേ ഉണ്ടായിരുന്നുള്ളൂ.യാദൃച്ഛികമെന്നു തന്നെ പറയണം. ജിനി നോക്കിയ അതേ നിമിഷം തന്നെ അവനും അവളെ നോക്കി. ഇരുവരും ചിരിച്ചു.
”എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ
ഉള്ളു നിറയാൻ
ഒഴുകി ഒഴുകി ഞാൻ….”
പ്രണയാതുരമായ ചലച്ചിത്ര ഗാനമാണ് പിന്നെ വേദിയിൽ നിന്നൊഴുകിയെത്തിയത്. ജിനിയും അലോകും വേദിയിലേക്കു നോക്കി. ജിനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടായിരുന്നു അത്. പാട്ടിന്റെ പല്ലവി അവസാനിച്ചപ്പോൾ, നാണം കലർന്ന ചിരിയോടെ അവളുടെ നോട്ടം അലോകിലേക്കു പോയി.അനുരാഗ വിലോചനനായി അവളെ നോക്കി നിൽക്കുകയായിരുന്നു അവൻ. ഈ പാട്ടിന്റെ വരികളുടെ അർത്ഥം വല്ലതും ഈ ബംഗാളിക്കറിയാമോ എന്നു ചിന്തിച്ചുകൊണ്ട് അവളും അവനിലേക്ക് കടാക്ഷമെറിഞ്ഞു. ആ പ്രണയഗാനത്തിലെ നായകനും നായികയുമായി അവരിരുവരും കടക്കണ്ണെറിഞ്ഞും നെടുവീർപ്പിട്ടും അങ്ങനെ നിൽക്കുമ്പോഴാണ് അലോകിന്റെ ഫോൺ പ്രകാശിച്ചുതുടങ്ങിയത്. നാട്ടിൽനിന്ന് സുഹൃത്ത് ബികാസാണ് വിളിക്കുന്നത്. അയാൾ ധൃതിയിൽ അതെടുത്ത്, ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി റോഡിലേക്കു നടന്നു. അൽപം കഴിഞ്ഞപ്പോൾ ഗാനം അവസാനിച്ചു.
”അടുത്തതായി മിമിക്രി. അവതരിപ്പിക്കുന്നത്….”
മൈക്കിലൂടെ അനൗൺസ്മെന്റ് മുഴങ്ങി.ജിനി ദീർഘമായൊരു കോട്ടുവാവിട്ടു കൊണ്ട് കൈയിലിരുന്ന മൊബൈൽ ഓൺ ചെയ്തു. മണി പത്ത് കഴിഞ്ഞിരിക്കുന്നു. നാളെ ടെക്സ്റ്റയിൽസിൽ പോകാനുള്ളതാണ്. അവൾ വീട്ടിലേക്കു നടക്കാൻ തുടങ്ങി. നടത്തത്തിനിടയിൽ അവളുടെ കണ്ണുകൾ അലോകിനെ പരതുന്നുണ്ടായിരുന്നു. പക്ഷേ, അവിടെങ്ങും അവനുണ്ടായിരുന്നില്ല.
ജിനി വീടിനു മുന്നിലെത്തിയപ്പോൾ മുറ്റത്ത് സജിയുടെ ബുള്ളറ്റ് ഇരിപ്പുണ്ടായിരുന്നു.മുൻവശത്തെ വാതിൽ ചാരിയിട്ടേയുള്ളൂ. അവൾ പരിപാടി കാണാൻ പോകുമ്പോൾ ബിനു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വാതിൽ തുറന്നതും വിലകുറഞ്ഞ റമ്മിന്റെ കെട്ട നാറ്റം ജിനിയുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി.മൂക്കും നെറ്റിയും ചുളിച്ചു കൊണ്ട് അവൾ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ കണ്ടത് ഒഴിയാറായ ‘ജവാന്റെ’ മുന്നിൽ ഇരിക്കുന്ന സജിയേയും ബിനുവിനേയുമാണ്. കണ്ണുകൾ പാതിയടഞ്ഞ് തല ചുമലിലേക്ക് ഒടിഞ്ഞു തൂങ്ങി കസേരയിലിരിക്കുകയാണ് ബിനു. ചുണ്ടിലെരിയുന്ന സിഗരറ്റുമായി, ചുവന്ന കണ്ണുകളുടെ നോട്ടത്തെ മുന്നിലെ ടി.വി സ്ക്രീൻ വെളിച്ചത്തിലേക്ക് വിക്ഷേപിച്ച് അല്പം ഗൗരവത്തോടെ തൊട്ടടുത്തുള്ള കസേരയിൽത്തന്നെ സജിയും ഇരിപ്പുണ്ട്. ഫാഷൻ ടി.വി ചാനലിലെ അൽപ വസ്ത്രധാരിണികളുടെ മാർജ്ജാര നടത്തമായിരുന്നു അപ്പോഴത്തെ ടെലിവിഷൻ കാഴ്ച.
റമ്മിന്റെ നാറ്റവും, ശ്വാസം മുട്ടിക്കുന്ന സിഗരറ്റ് പുകയും, ടെലിവിഷൻ സ്ക്രീനിലെ അർദ്ധനഗ്ന ഉടലുകളും ജിനിയുടെ രക്തസമ്മർദ്ദം കൂട്ടാൻ പോന്നവയായിരുന്നു. അവൾ പല്ലുകൾ കടിച്ചു പിടിച്ചുകൊണ്ട് തിടുക്കത്തിൽ കിടപ്പുമുറിയിലേക്കു കയറി വാതിലടച്ചു. നിലത്ത് ചവിട്ടിത്തൊഴിച്ചു കടന്നുപോയ ജിനിയെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് കുപ്പിയിൽ ശേഷിച്ചിരുന്ന റമ്മിനെ സജി ഗ്ലാസിലേക്കൊഴിച്ചു.
വിറയ്ക്കുന്ന ശരീരവുമായി ജിനി കട്ടിലിലേക്കു വീണു. ഒരിക്കലും കരകയറാനാകാത്ത അത്യഗാധഗർത്തത്തിലേക്കാണ് ജീവിതം പതിച്ചുകൊണ്ടിരിക്കുന്നത്. മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ഒരു ഊഹവുമില്ല. അവൾ ചുമരിലെ ക്രിസ്തുവിന്റെ ചിത്രത്തിൽ നോക്കി നെടുവീർപ്പിട്ടുകൊണ്ട് നെഞ്ചിൽ കുരിശുവരച്ചു. ലൈറ്റണച്ച് കിടക്കയിലേക്കു വീണു. പലവിധ ചിന്തകൾക്കിടയിലെപ്പോഴോ അവളുടെ കണ്ണുകളടഞ്ഞു.
”ടക് ടക് ടക്…..”
കതകിലെ നിർത്താതെയുള്ള മുട്ടലുകൾ കേട്ട് ജിനി ഞെട്ടിയുണർന്നു. ബിനു അണ്ണനെന്തിനാണ് വിളിക്കണത്? കിടക്കുന്നതിനു മുമ്പു കണ്ടതും നടന്നതുമൊക്കെ പാടേ വിസ്മരിച്ചു കൊണ്ട് കട്ടിലിൽ നിന്ന് ചാടിയെണീറ്റ്, ഉറക്കപ്പിച്ചോടെ അവൾ വാതിലിനടുത്തേക്കു നടന്നു. ഏതോ റോക്ക് മ്യൂസിക്കിന്റെ രൗദ്ര സംഗീതം ടെലിവിഷനിൽ നിന്ന് അപ്പോഴും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. അവൾ മെല്ലെ കതക് തുറന്നതും മുന്നിൽ സജി!വക്കു പൊട്ടിയ മുൻവരിപ്പല്ലു കാട്ടി അവലക്ഷണമുള്ള ചിരിയുമായി കതകിനോടു ചേർന്നു നിൽക്കുകയാണവൻ. അവൾ പുരികം ചുളിച്ചു കൊണ്ട് ഉറക്കച്ചടവുള്ള കണ്ണുകളോടെ അവനെ സൂക്ഷിച്ചു നോക്കി.
”ഒരു ആംപ്ലേറ്റൊണ്ടൊക്കിത്തരോ?”
പുളിച്ചുതികട്ടിയ റമ്മിന്റെ ഗന്ധത്തിനൊപ്പം വന്ന ആ അഭ്യർത്ഥനയെ പുച്ഛഭാവത്തിലാണ് ജിനി നേരിട്ടത്.
”ഇവിടെ മുട്ടേന്നുമില്ല….”
തല വെട്ടിത്തിരിച്ചു കൊണ്ട് മുറിക്കുള്ളിലേക്ക് പിൻവലിഞ്ഞ്, അവൾ വാതിൽ വലിച്ചടയ്ക്കാനൊരുങ്ങിയതും മിന്നൽ വേഗത്തിൽ അവളെ അകത്തേക്ക് തള്ളിമാറ്റിക്കൊണ്ട് സജി മുറിക്കകത്തു കയറി വാതിൽ കുറ്റിയിട്ടു.ചുവരിലേക്ക് കൈകുത്തി വീണ ജിനിയുടെ ഉറക്കപ്പിച്ച് മാറി. സ്ഥലകാലബോധം വീണ്ടെടുത്ത അവൾ പരിഭ്രാന്തിയോടെ കതകിനടുത്തേക്കു പാഞ്ഞെങ്കിലും സജിയുടെ ബലിഷ്ഠമായ കൈകൾ അവളെ പൂണ്ടടക്കം പിടിച്ച് കട്ടിലിലേക്കു തള്ളി. അവിടെ നിന്ന് ചാടിയെണീക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ അവളുടെ പുറത്തേക്കു സജി വീണു കഴിഞ്ഞിരുന്നു. കട്ടിലിൽ കിടന്ന് പിടിയും വലിയുമായി ഇരുവരും കെട്ടിമറിഞ്ഞു. അവൾ ഉറക്കെ നിലവിളിക്കാൻ നോക്കി. പക്ഷേ, സജി വാ പൊത്തിപ്പിടിച്ചു.അവൾ അവന്റെ മുതുകിൽ ആഞ്ഞിടിച്ചു. അപ്പോൾ, അവളുടെ വായിലെ പിടിത്തം പിൻവലിച്ച സജി, ചുരിദാറിന്റെ കഴുത്തിൽ പിടിച്ച് ഒരു വലി!ചുവന്ന പുള്ളികളുള്ള ആ വെള്ളച്ചുരിദാർ നെടുകെ പിളർന്നു. രക്ഷപ്പെടാൻ കഴിയാത്തവണ്ണം താൻ കെണിയിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന് അവൾക്കു തോന്നി. കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങി. അവളുടെ ചെറുത്തുനിൽപ്പുകൾ ദുർബലമായിക്കൊണ്ടിരുന്നപ്പോൾ അവന്റെ കൈകൾ അവളുടെ അനാവൃതമായ മാറിലൂടെ പരക്കം പാഞ്ഞ് അവളുടെ പാന്റിന്റെ വളളിക്കുടുക്ക് വലിച്ചഴിച്ചു! അവൾ കീഴ്പ്പെട്ടു തുടങ്ങുകയാണെന്നു മനസ്സിലാക്കിയ സജി കട്ടിലിൽ നിന്ന് മുകളിലേക്കുയർന്ന് മുട്ടുകാലിൽ നിന്നു കൊണ്ട് തന്റെ പാന്റിന്റെ സിബ്ബിൽ ഒരു വലി! ജിനി അതു കണ്ടു. എവിടെ നിന്നെന്നറിയില്ല. അവളുടെ ശരീരത്തിലേക്ക് അതുവരെ ഇല്ലാതിരുന്ന ഒരു ഊർജ പ്രവാഹമുണ്ടായി. ആ കരുത്തു മുഴുവൻ തന്റെ വലതുകാലിലേക്ക് ആവാഹിച്ച്, വാ പിളർന്നു കിടന്ന സിബ്ബിനെ ലക്ഷ്യമാക്കി അവൾ ആഞ്ഞു തൊഴിച്ചു. തികച്ചും അപ്രതീക്ഷിതമായ ആ കടന്നാക്രമണത്തിൽ ‘ആ….’ എന്ന് ദീനരോദനം മുഴക്കിക്കൊണ്ട് സജി കട്ടിലിൽ നിന്ന് തെറിച്ച് നിലത്തേക്കു വീണു. വീണുകിട്ടിയ ആ അവസരം മുതലാക്കാൻ അവൾ പിന്നെ ഒട്ടും അമാന്തിച്ചില്ല. കട്ടിലിൽ നിന്ന് ചാടിയിറങ്ങി കതകിനടുത്തേക്കു പാഞ്ഞു. ഞരങ്ങിക്കൊണ്ട് സജി നിലത്തു നിന്ന് എണീറ്റപ്പോഴേക്കും അവൾ കതക് തുറന്ന് ഹാളിലെത്തിക്കഴിഞ്ഞു. കീറിപ്പറിഞ്ഞ ഉടുതുണി വാരിച്ചുറ്റിയെടുത്ത് അവൾ രക്ഷാ മാർഗം തേടി ബിനുവിനടുത്തേക്കോടി. കസേരയിൽ ചാരി ഗാഢനിദ്രയിലമർന്നുകിടന്ന കൂടപ്പിറപ്പിനെ കുലുക്കി വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.
ഇനി എന്തു ചെയ്യും? പുറത്തേക്കിറങ്ങി ഓടിയാലോ? എന്തു ചെയ്യണമെന്നറിയാതെ അവൾ അങ്ങനെ അന്തിച്ചു നിൽക്കേ, മുറിക്കുള്ളിൽ നിന്ന് സജി വേച്ച് വേച്ച് പുറത്തേക്കു വരുന്നത് കണ്ടു. എന്തെങ്കിലും ചെയ്തേ പറ്റൂ.എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെ അവൾ നേരെ അടുക്കളയിലേക്ക് ഓടി.
മർമ്മത്തിൽ പ്രഹരം കിട്ടിയ സജി ഞരങ്ങി ഞരങ്ങി ഹാളിലെത്തി ചുറ്റിലും നോക്കി. അവളെവിടെപ്പോയി?
”എടാ പട്ടീ, എറങ്ങെടാ വെളീല്.”
അതൊരലർച്ചയായിരുന്നു. അവൻ ഞെട്ടിത്തിരിഞ്ഞു. കയ്യിലൊരു വെട്ടുകത്തിയും മുറുക്കിപ്പിടിച്ച് അടുക്കള വാതിൽക്കൽ നിൽക്കുന്നു ജിനി! ആദ്യം ഒന്നമ്പരന്നെങ്കിലും ക്രമേണ അവന്റെ മുഖത്തു വിരിഞ്ഞത് പരിഹാസഭാവം. അവൻ അവൾക്കടുത്തേക്കു നടന്നു.വെട്ടുകത്തിയിൽ ജിനിയുടെ കൈ കൂടുതൽ മുറുകി. അവൻ അടുത്തെത്താറായപ്പോഴേക്കും ആ കൈ അതിദ്രുതം വായുവിലേക്കുയർന്നു. പക്ഷേ, അതിവിദഗ്ദ്ധമായി അവൻ ഒഴിഞ്ഞുമാറി. ഒരു കടുകുമണിതെറ്റിയിരുന്നെങ്കിൽ കിടിലം സജി കബന്ധനായി മാറിയേനെ. നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞതായി അവനു തോന്നി.അവൻ അറിയാതെ കഴുത്തിലൊന്നു തപ്പി നോക്കി.
”നിന്നെ ഞാൻ കൊല്ലുമെടാ പട്ടീ….”
അവൾ സംഹാരരുദ്രയായി അലറി. അവൻ രണ്ടു ചുവട് പിറകോട്ടു വച്ചു.വെട്ടുകത്തി വീണ്ടും വായുവിലേക്കുയർന്നു താണു. സജി പിന്നെയും പുറകിലേക്ക് ചുവടു വച്ചു. മുൻപും ഇത്തരം വടിവാൾ വീശലുകളെ നേരിട്ടിട്ടുള്ള, പരിചയസമ്പന്നനായ ഗുണ്ടയായ അവന് വേണമെങ്കിൽ അതിവിദഗ്ദ്ധമായി അവളുടെ കൈത്തണ്ടയിൽ കടന്നുപിടിച്ച്, കൈ പുറകോട്ടു മടക്കി അവളെ നിരായുധയാക്കാവുന്നതേയുള്ളൂ. പക്ഷേ, ഉള്ളിൽക്കിടക്കുന്ന ജവാൻ തലച്ചോറിലേക്ക് മാർച്ചു ചെയ്തു തുടങ്ങിയതിനാൽ ദേഹമാസകലം ഒരു ആട്ടം അവന് അനുഭവപ്പെട്ടു. മാത്രവുമല്ല, മർമ്മപ്രധാനകേന്ദ്രത്തിലേറ്റ പ്രഹരത്തിന്റെ വേദന കൂടിക്കൂടി വരുന്നതായും തോന്നി. അതിനാൽ, പ്രത്യാക്രമണത്തിനു തുനിയാതെ ബുദ്ധിപരമായി പിന്മാറുന്നതാണ് ഈ അവസരത്തിൽ നല്ലതെന്ന് അവനറിയാം. അവസരങ്ങൾ ഇനിയും വരുമല്ലോ.
സജി രൂക്ഷമായി അവളെ നോക്കിക്കൊണ്ട് ‘നിന്നെ ഞാനെടുത്തോളാമെടീ’ എന്ന് കൈ വിരൽ ചൂണ്ടി പറഞ്ഞിട്ട് മുൻവാതിലിനടുത്തേക്ക് ആടിയാടി നടന്നു.
ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയുമൊക്കെ കലർന്ന ഭാവത്തോടെ ജിനി അതു നോക്കി നിന്നു. വെട്ടുകത്തി കൈയിൽ നിന്നൂർന്ന് നിലത്തേക്കു വീണു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ മെല്ലെ നിലത്തേക്കിരുന്നു. പ്രചണ്ഡമായ സംഗീതം പുറപ്പെടുവിച്ചുകൊണ്ട് ടെലിവിഷൻ അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു.
പിറ്റേന്നു രാവിലെ ഉറക്കമെണീറ്റ് ജിനി കിടപ്പുമുറിയിൽ നിന്ന് ഹാളിലെത്തുമ്പോൾ, പുറത്തേക്കു പോകാനായി പാന്റും ഷർട്ടുമിട്ട്, ചുവരിലെ ചെറിയ ചതുരക്കണ്ണാടി നോക്കി തല ചീകി നിൽക്കുകയായിരുന്നു ബിനു. അവൾ ക്ലോക്കിലേക്കു നോക്കി: 8.15. പലവിധ ചിന്തകളാൽ ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ കണ്ണും മിഴിച്ചു കിടന്നതും വെളുപ്പാൻ കാലത്തെപ്പോഴോ കണ്ണുകളടഞ്ഞതും അവളോർത്തു. ശരീരമാസകലം നീറ്റലും വേദനയുമുണ്ട്.

”നെനക്ക് നേരത്തും കാലത്തും ഇത്തിരി എഴിച്ചൂടേടീ ?”
മുടി ചീകിയ ചീപ്പിനെ ഒന്ന് ഊതിയ ശേഷം പോക്കറ്റിലിട്ടു കൊണ്ട് ബിനു ചോദിച്ചു. ആ ചോദ്യം കേട്ടതും ജിനിയുടെ ഉള്ളം കാലു മുതൽ ഉച്ചം തലവരെ ഒരു തരിപ്പു പടർന്നു.
”ഇന്നലെ രാത്രി ഇവിടെ നടന്നതു വല്ലതും അണ്ണനറിഞ്ഞാ? എങ്ങനെ അറിയും? അതിന് തലയ്ക്കു വെളിവ് വേണ്ടേ?”
”എന്തര്? ചുമ്മാ കെടന്ന് അലയ്ക്കാതെ കാര്യം പറ.”
ജിനിയുടെ സകല നിയന്ത്രണങ്ങളും പോയി. അടക്കി വച്ചിരുന്ന രോഷവും സങ്കടവും മുഴുവൻ പുറത്തേക്കൊഴുകി.തലേന്നു രാത്രിയിലെ സംഭവങ്ങളെല്ലാം വിളിച്ചുപറഞ്ഞ ശേഷം, സ്വന്തം സഹോദരിയുടെ മാനത്തെ തൊട്ടു കളിച്ച കശ്മലനെ ഉയിരോടെ സ്വർഗത്തിലെത്തിക്കുന്ന ഉശിരനായ പൊന്നാങ്ങളയെ നിനച്ച്, കിതച്ചുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് പ്രതീക്ഷാനിർഭരയായി നോക്കി. എന്നാൽ,എല്ലാം സശ്രദ്ധം കേട്ടു നിന്ന ബിനുവിന്റെ ഇരുണ്ട മുഖം ക്രമേണ പ്രകാശമാനമാകുന്നതും അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടരുന്നതും അവളെ വിസ്മയിപ്പിച്ചു.
”ഈ സജിയണ്ണന്റെ ഒരു കാര്യം. എടീ, നിന്നെ പേടിപ്പിക്കാൻ ചുമ്മാ ഒരു രസത്തിന് അങ്ങേര് ചെയ്തതായിരിക്കും. നിന്നെ അങ്ങേർക്ക് വല്യ കാര്യമാണെടീ. നീ ചുമ്മാ കലിപ്പൊണ്ടാക്കാതെ….”
അതിലാഘവത്തോടെ അത്രയും പറഞ്ഞിട്ട് ബിനു തിടുക്കത്തിൽ വീടിനു പുറത്തേക്കിറങ്ങിപ്പോയി. എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ നിരാശ്രയായി അവൾ അതു നോക്കി നിന്നു.
അന്ന് വൈകിയാണ് ജിനി ടെക്സ്റ്റയിൽസിലെത്തിയത്. ആകെ വിഷാദവതിയായിരുന്ന അവളോട് ഗായത്രിയും ശോഭയും പലവട്ടം കാരണമന്വേഷിച്ചെങ്കിലും അവളൊന്നും പറഞ്ഞില്ല. എന്തെങ്കിലും പറഞ്ഞുതുടങ്ങിയാൽ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞു പോകുമെന്ന് അവൾക്കറിയാം. അതു കൊണ്ട് എല്ലാം ഉള്ളിലടക്കി. ആസന്നമായിക്കൊണ്ടിരിക്കുന്ന മഹാവിപത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു. വനിതാ കമ്മീഷനിലോ പോലീസിലോ പരാതിപ്പെട്ടാലോ? റസിഡന്റ്സ് അസോസിയേഷനിൽ പരാതിപ്പെട്ടാലോ? പാർട്ടിക്കാരോടു പറഞ്ഞാലോ?അവർ ഇടപെട്ട് താത്ക്കാലിക പരിഹാരം കണ്ടെത്തുമായിരിക്കും. പക്ഷേ, അയാളുടെ ശത്രുത ഇരട്ടിക്കുകയേയുള്ളൂ. പിന്നെ…?
രക്ഷാമാർഗം തേടി അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരിക്കേ ഫോൺ ശബ്ദിച്ചു – ബിനു അണ്ണൻ.
”എടീ, നീ രാവിലെ പറഞ്ഞത് ഞാൻ സജിയണ്ണൻറൂടെ ചോദിച്ച്. ഞാൻ പറഞ്ഞതുപോലെ തന്നെ…. നിന്നെ ചുമ്മാ വെരട്ടാൻ വേണ്ടി അണ്ണൻ ചെയ്തതാണെന്ന്. നിന്റെ ഇന്നലത്തെ പേടിയെപ്പറ്റിപ്പറഞ്ഞ് അണ്ണൻ ചിരിയോടെ ചിരി തന്നെ.ദാ ഇപ്പഴും അത് തീർന്നിട്ടില്ല…. പിന്നെ അണ്ണൻ വേറൊരു കാര്യം കൂടി പറഞ്ഞ്. അത് കേട്ടാ നിന്റെ കലിപ്പെല്ലാം മാറി നീയും സന്തോഷിക്കും. അണ്ണൻ നിന്നെ കെട്ടിക്കോളാന്ന്. ഞാൻ ഫോണ് അണ്ണന്റേല് കൊടുക്കാം …..”
ജിനിയുടെ തലച്ചോറിലൂടെ ഒരു ഇടി മുഴക്കമായി ആ വാക്കുകൾ കടന്നുപോയി. മൊബൈൽ ഫോൺ കയ്യിലിരുന്നു വിറച്ചു. ഫോണിന്റെ അങ്ങേത്തലയ്ക്കൽ, കിടിലം സജിയുടെ കരകര ശബ്ദത്തിൽ ‘ഹലോ… ഹലോ….’ കേട്ടു തുടങ്ങിയതും അവൾ ഫോൺ കട്ട് ചെയ്തു.
ദുരന്തങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. അഭയമാർഗം എവിടെയും കാണുന്നുമില്ല. ഒന്നുകിൽ കീഴടങ്ങുക. അല്ലെങ്കിൽ ….. അല്ലെങ്കിൽ മരിക്കുക. കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നിയ അവൾ തൊട്ടടുത്തു കിടന്ന സ്റ്റൂളിലേക്ക് ഇരുന്നു.
വൈകിട്ട് ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴും ജിനിയുടെ മനസ്സിൽ ആശങ്കകളുടെ വേലിയേറ്റമായിരുന്നു. ചുറ്റുപാടൊന്നും ശ്രദ്ധിക്കാതെ, കീ കൊടുത്തുവിട്ട പാവയെപ്പോലെ വേറേതോ ലോകത്തിലൂടെ അവൾ യാന്ത്രികമായി സഞ്ചരിച്ചു.അതുകൊണ്ടാണ് വീടിനു മുന്നിലെ റോഡരികിൽ അവളെയും കാത്തുനിൽക്കുകയായിരുന്ന അലോകിനെപ്പോലും ശ്രദ്ധിക്കാതിരുന്നത്. അലോകിനു മുന്നിലൂടെ അവനെ ശ്രദ്ധിക്കാതെ നിസംഗതയോടെ, അനന്തതയിൽ കണ്ണും നട്ട് അവൾ നടന്നു നീങ്ങുന്നതു കണ്ടപ്പോൾ ‘ജിനീ…ജിനീ…’ എന്ന് രണ്ടു തവണ അവൻ വിളിച്ചു. അവൾ ഞെട്ടിത്തിരിഞ്ഞു.
”ഇതെന്തു പോക്കാണ്? ഒന്നു നോക്കുക പോലും ചെയ്യാതെ.”
”അയ്യോ…. ഞാൻ വേറെന്തോ ആലോചിച്ച് നടന്നപ്പോ ശ്രദ്ധിച്ചില്ല.”
അലോക് ജിനിയുടെ അടുത്തേക്ക് നടന്നു.വിഷാദച്ഛവി കലർന്ന അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചെറു ചിരി വിരിഞ്ഞു.
”ഒരു കാര്യം പറയാനാ ഞാൻ കാത്തു നിന്നത്. ഞാൻ മറ്റന്നാൾ പോകും.”
”എങ്ങോട്ട്?”
”വീട്ടിലേക്ക്. ഇന്നലെ നാട്ടീന്ന് ബികാസ് വിളിച്ചിരുന്നു. ഞാൻ മുമ്പ് പറഞ്ഞിട്ടില്ലേ. ഞങ്ങളുടെ നാട്ടിൽ തുടങ്ങുന്ന പുതിയ കാർ ഫാക്ടറിയെപ്പറ്റി. അവിടെ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്. അടുത്തയാഴ്ച തന്നെ ജോയിൻ ചെയ്യണമെന്ന്”
”അപ്പോൾ തിരിച്ചു വരില്ലേ?”
”സാധ്യതയില്ല”
അതു പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അവളുടെ മുഖത്ത് വിഷാദകാർമേഘങ്ങൾ ഉരുണ്ടു കൂടി.ഏതു നിമിഷവും അതൊരു പേമാരിയായി പെയ്തുതുടങ്ങുമെന്ന് അവൾക്കു തോന്നി.
”ശരി…”
അത്രയും പറയാനേ അവൾക്കു കഴിഞ്ഞുള്ളൂ. അപ്പോഴേക്കും കണ്ണുകൾ പെയ്തുതുടങ്ങി. അവൾ മുഖം പൊത്തിക്കൊണ്ട് വീട്ടിലേക്കോടിപ്പോയി.
”ജിനീ….ജിനീ…..”
അവന്റെ പിൻവിളികളൊന്നും അവൾ കേട്ടില്ല.
കതകു തുറന്ന്, ബാഗിനെ ഹാളിലേക്കെറിഞ്ഞ്, കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ അവൾ കട്ടിലിലേക്കു കമിഴ്ന്നു വീണു. അടക്കിവച്ചിരുന്ന സങ്കടങ്ങളുടെ പെരുമഴപ്പെയ്ത്തായി ഏങ്ങലടികളുയർന്നു. നിമിഷങ്ങളിഴഞ്ഞു.
”ജിനീ….ജിനീ….”
ആരോ തന്നെ തൊട്ടു വിളിക്കുന്നതായി അവൾക്കു തോന്നി. അവൾ മുഖമുയർത്തി – അലോക് !
”എന്തു പറ്റി ജിനീ? എന്തിനാ കരയുന്നെ?”
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ നോക്കി. അഗാധമായ കിടങ്ങിലേക്കു വീഴാനൊരുങ്ങി നിൽക്കുന്ന നിസ്സഹായായ ഒരുവൾ രക്ഷപ്പെടാനായി ഒരു കച്ചിത്തുരുമ്പ് തിരയുന്നതു പോലെ ആ നോട്ടം അവന്റെ കണ്ണുകളിൽ പതിച്ചു. കഥയൊന്നുമറിയാത്ത അവനാകട്ടെ ആശ്ചര്യഭരിതനായി അങ്ങനെ നിന്നു. അവൻ കൂടുതലെന്തെങ്കിലും ചോദിക്കാനൊരുങ്ങുമ്പോഴേക്കും ജിനി കട്ടിലിൽ നിന്ന് ചാടിയെണീറ്റു. അലമുറയിട്ടു കൊണ്ട് അവൾ അലോകിന്റെ മാറിലേക്കു വീണത് പെട്ടെന്നായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അല്പനേരം പകച്ചുനിന്നെങ്കിലും മെല്ലെ മെല്ലെ അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചു.കരുതലിന്റെ കരുത്തുള്ള ആ കരസ്പർശത്തിൽ അവളുടെ ഉള്ളിൽ സമാശ്വാസത്തിന്റെ സങ്കീർത്തനങ്ങൾ മുഴങ്ങി:
”ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു ;
നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.
എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നു വെച്ചു
എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു……”