
സ്റ്റ്യാചു ജംഗ്ഷൻ – 21

പ്രശാന്ത് ചിന്മയൻ
- ഉള്ളിലുള്ളത്
കാത്തുകാത്തിരുന്ന കോളേജ് വാധ്യാര് ഉദ്യോഗത്തിനുള്ള നിയമന ശുപാര്‍ശ കിട്ടിയതിന്റെ സന്തോഷത്തിനൊപ്പം സുജിത്തിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് വീട്ടുകാരില്‍ നിന്ന് വിവാഹക്കാര്യവും ഉയര്‍ന്നുവന്നു. ആദ്യ പെണ്ണുകാണല്‍ ചീറ്റിപ്പോയതിനു ശേഷം കല്യാണക്കാര്യത്തില്‍ വീട്ടുകാരില്‍നിന്ന് അങ്ങനെ കാര്യമായ ഇടപെടലൊന്നും ഉണ്ടായിരുന്നതല്ല. ചിലപ്പോഴൊക്കെ അമ്മ അക്കാര്യം സൂചിപ്പിച്ചപ്പോള്‍, അസിസ്റ്റന്റ് പ്രൊഫസറായതിനു ശേഷം മാത്രം മതി ഇനി ആലോചനകളെന്നു കട്ടായം പറഞ്ഞൊഴിയുകയായിരുന്നു. ഇനി എന്തു പറയും?
ആര്‍ദ്രയുമായുള്ള കടുത്ത സൗഹൃദം തന്റെയുള്ളില്‍ പ്രണയഭാവമായി മാറിയിട്ടുണ്ടെന്ന് സുജിത്ത് തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, അത് ഇന്നേവരെ അവളോടു തുറന്നുപറഞ്ഞിട്ടില്ല. പറയണം പറയണം എന്നു പലപ്പോഴും വിചാരിക്കുമെങ്കിലും സാധിച്ചിട്ടില്ല. അവളുടെ ഉള്ളില്‍ അങ്ങനെയൊന്നില്ലെങ്കില്‍, വെറുതേ ഒരു നല്ല സൗഹൃദം തുലച്ചുകളയണമോ എന്ന ചിന്തയും, ഒരു പോലീസുകാരനെ അവള് ഭര്‍ത്താവായി സ്വീകരിക്കുമോ എന്ന അപകര്‍ഷതയുമാണ് അവനെ ഇത്രയും നാള് വലച്ചിരുന്നത്. രണ്ടാമത്തെ പ്രശ്നം പരിഹരിക്കപ്പെടാന്‍ പോകുന്നതിനാല്‍ ഉള്ളിലുള്ളത് ഇനി തുറന്നു പറയാമെന്നുതന്നെയാണ് അവന് ഉറച്ചിരുന്നത്. അഡൈ്വസ് കിട്ടിയതിന് ചെലവ് ചെയ്യാനായി ‘സംസം’ റസ്റ്റോറന്റില്‍ കണ്ടുമുട്ടിയപ്പോള്‍ അതു പറയാനായി അവന് തയ്യാറെടുത്തിരുന്നതുമാണ്. സാത്താന് ഏലിയാസിന്റെ വീഡിയോയെപ്പറ്റിയും സുധാകരന്റെ സമരത്തെപ്പറ്റിയുമൊക്കെയുള്ള സംസാരത്തിനിടയില്‍ അതൊക്കെ മുങ്ങിപ്പോയി. ഇന്നത്തെ കാലത്ത് ഒരു വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ പറയാവുന്ന കാര്യമേയുള്ളൂവെന്ന് അവനറിയാം. പക്ഷേ, പ്രണയിനിയുടെ കണ്ണുകളില്‍ നോക്കി കാതരമായ ശബ്ദത്തില്‍ ‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്നു പറയുന്നതിന്റെ കാല്പനികസുഖം അതില്‍ കിട്ടില്ലല്ലോ. അതു കൊണ്ട് അധികം താമസിയാതെ, അവളെ നേരില്‍ക്കണ്ട് കാര്യം പറയാമെന്ന് അവന് കണക്കുകൂട്ടി.
ആര്‍ദ്രയും ഏതാണ്ട് ഇതേ മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്.ഇരുപത്തിയഞ്ചുകാരിയായ മകളെ ഇനിയും ഇങ്ങനെ നിര്‍ത്തിയിരിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് അമ്മയും ബന്ധുക്കളും അവളുടെ അച്ഛന് സൈ്വര്യം കൊടുക്കുന്നേയില്ല. ഒടുവില്‍, അയാളും ആ സമ്മര്‍ദ്ദത്തിനു വഴങ്ങി.
”മോളേ, കല്യാണം കഴിഞ്ഞാലും നിനക്ക് പഠിക്കാനും ജോലി കണ്ടെത്താനും കഴിയുമല്ലോ. നല്ല ഫോര്‍വേഡായി ചിന്തിക്കുന്ന ഫാമിലിയിലുള്ള പയ്യന്മാരെ നമുക്കു നോക്കാം.പ്രായം കൂടിക്കൂടി പോയാല്‍ പിന്നെ നമ്മളുദ്ദേശിക്കുന്നവരെ കിട്ടണമെന്നില്ല.”
അച്ഛന്റെ സ്നേഹമസൃണമായ ആ വാക്കുകള്‍ക്ക് എന്തു മറുപടി പറയണമെന്നറിയാതെ കുഴങ്ങിയ അവള്, ‘എക്സാം കഴിയട്ടെ അച്ഛാ’ എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞൊഴിഞ്ഞു. പക്ഷേ, അധികകാലം ഈ മറുപടി കൊണ്ട് പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് അവള്‍ക്കറിയാം. സുജിത്തിനോട് തനിക്കുള്ള ബന്ധം കേവലം സൗഹൃദത്തിനപ്പുറമുള്ള ഒന്നാണെന്ന് അവള് തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, സുജിത്തോ താനോ ഇന്നേവരെ അതു തുറന്നുപറഞ്ഞിട്ടേ ഇല്ല എന്നതാണ് കോമഡി. പല കാര്യങ്ങളിലും ഉറച്ച തീരുമാനങ്ങളെടുക്കുന്ന തനിക്ക് ഇക്കാര്യത്തില്‍ മാത്രം അതിനു കഴിയുന്നില്ലല്ലോ എന്ന് അവള് ആകുലപ്പെട്ടു. ഇനി താനുദ്ദേശിക്കുന്ന തരത്തിലല്ല കാര്യങ്ങളെങ്കില്‍ …..! അവളും ആകെ ആശയക്കുഴപ്പത്തിലാണ്.
അങ്ങനെ, ഉള്ളിലുള്ളത് തുറന്നു പറയാന്‍ കഴിയാതെ സുജിത്തും ആര്‍ദ്രയും വീര്‍പ്പുമുട്ടലിന്റെ ദിനരാത്രങ്ങള്‍ പിന്നിട്ടുകൊണ്ടിരുന്നപ്പോള് സുജിത്തിന്റെ സ്വപ്നസാഫല്യവും പേറി ആ രജിസ്ട്രേഡ് തപാലെത്തി. സുജിത്തിനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്!
ആര്‍ദ്രയെ വിളിച്ച് സുജിത്ത് ആ സന്തോഷ വാര്‍ത്ത പറഞ്ഞപ്പോള്‍ അവള് പൊട്ടിച്ചിരിച്ചു.

”താനെന്താ ഇങ്ങനെ ചിരിക്കുന്നത്?”
”അല്ല… സെക്രട്ടറിയേറ്റ് നടയില്‍ സമരത്തിനു വന്നപ്പോ ലാത്തിച്ചാര്‍ജ് ചെയ്ത പിള്ളേരെയൊക്കെ ഇനി പഠിപ്പിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍…..”
അതു കേട്ടപ്പോള്‍ സുജിത്തിനും ചിരി വന്നു.
”ശരിയാ. അവന്മാര് അതൊക്കെ ഓര്‍ത്തുവച്ച് ഇടിമുറീല്‍ കേറ്റാതിരുന്നാ മതിയായിരുന്നു.”
കുറേ നേരം ആ സംസാരം നീണ്ടു. ഒടുവില്‍ …..
”മിക്കവാറും ഈ ആഴ്ചതന്നെ ഞാന്‍ റിലീവ് ചെയ്ത് കോളേജില്‍ ജോയിന്‍ ചെയ്യും. അന്ന് വൈകിട്ട് നമുക്കൊന്ന് നേരില്‍ കാണണം.”
”ങും?”
”ഒരു … ഒരു കാര്യം പറയാനുണ്ട്.”
”എന്നാപ്പിന്നെ ഇപ്പൊ പറഞ്ഞാല്‍ പോരേ?’
”അല്ല… അത് നേരിട്ടു പറയാനുള്ളതാ.”
സംസാരം അവസാനിപ്പിച്ച് ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും സുജിത്തിന്റെ ഹൃദയതാളം ഇരട്ടി വേഗത്തിലായിരുന്നു. അവന് പറയാന്‍ പോകുന്നതെന്താണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞ ആര്‍ദ്രയുടെ മുഖവും രക്തയോട്ടം ഇരച്ചു കയറി ചുവന്നു തുടുത്തു. അങ്ങനെ, പറയാനുള്ളതു പറയാന്‍ അവനും കേള്‍ക്കാനുള്ളത് കേള്‍ക്കാന്‍ അവളും കാത്തിരിപ്പു തുടങ്ങി.