
സ്റ്റ്യാചു ജംഗ്ഷൻ – 20

പ്രശാന്ത് ചിന്മയൻ
- ഒരു വിലാപം
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ചു കരയുന്ന അനില്കൃഷ്ണനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ മനോജും ഗിരീഷും പ്രസാദും പരസ്പരം നോക്കി. അടക്കി നിര്‍ത്താന്‍ കഴിയാത്ത എന്ത് വിഷാദക്കടലാണ് അയാളുടെ ഉള്ളില്‍ ഇത്രയും നാള് ഇരമ്പിയാര്ത്തിരുന്നതെന്ന് ഉറ്റ ചങ്ങാതിമാരായിട്ടും തങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയാതെ പോയല്ലോ എന്ന് അല്പം കുറ്റബോധത്തോടെ അവരോര്‍ത്തു.
”അനിലേ, നീയിങ്ങനെ കരയാതെ കാര്യം പറ …”
അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷേ, ആ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ അയാളുടെ കരച്ചില് കുറച്ചുകൂടി ഉച്ചസ്ഥായി പ്രാപിച്ചതല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല.
എല്ലാം മറന്ന് ഒന്നാഘോഷിക്കാന്‍ വേണ്ടി ഒത്തുകൂടിയ ഈ മാസത്തെ ‘കേദാരസന്ധ്യ’ കുളമാകുകയാണല്ലോ എന്ന് അവര്‍ മനസ്സില്‍ പറഞ്ഞു. സാധാരണ ഗതിയില്‍, രണ്ടെണ്ണം വീശിക്കഴിഞ്ഞാല്‍ കൂടുതല്‍ ഊര്ജ്ജസ്വലനാകാറുള്ള അനില്കൃഷ്ണനാണ് ഇന്ന് വലിയ വായില്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചു മിനിട്ടോളമായി തുടരുന്ന കരച്ചിലിനു പിന്നിലെ ഹേതു എന്താണെന്ന് അവനൊട്ടു പറയുന്നുമില്ല.അവര്‍ വീണ്ടും അഭ്യര്‍ത്ഥിച്ചുനോക്കി. ഫലമുണ്ടായില്ല. ഗിരീഷിനു കലികയറി:
”എടാ പുല്ലേ, നീയൊരു ഡെപ്യൂട്ടി സെക്രട്ടറിയാണ്. ചുമ്മാ നഴ്സറി പിള്ളാരെപ്പോലെ ഇങ്ങനെ കിടന്ന് മോങ്ങരുത്. ആരെങ്കിലും അറിഞ്ഞാല്‍ ….”
”എന്താണെങ്കിലും നീ പറ. പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ?”
മനോജിന്റെ സ്വരത്തില്‍ അല്പം മയമുണ്ടായിരുന്നു.
”ഓഫീസിലെന്തെങ്കിലും പ്രശ്നങ്ങളുണ്ടാ?അതോ ഫാമിലി പ്രോബ്ലമെന്തെങ്കിലുമാണോ?”
പ്രസാദിന്റെ ആ ചോദ്യം കേട്ടതും അനില്കൃഷ്ണന്റെ കരച്ചില് അവരോഹണത്തിലായിത്തുടങ്ങി.അയാള്‍, കണ്ണുകള്‍ തുടച്ച്, മൂക്കുപിഴിഞ്ഞ്, നിസ്സഹായ ഭാവത്തില്‍ കൂട്ടുകാരെ നോക്കി. എല്ലാവരും ആകാംക്ഷയോടെ അവനെത്തന്നെ നോക്കിയിരിക്കുകയാണ്. അല്പനേരം എന്തോ ചിന്തിച്ചിരുന്നശേഷം മുന്നിലിരുന്ന ‘അരിസ്റ്റോക്രാറ്റി’ന്റെ കുപ്പിയിലേക്ക് അനില്കൃഷ്ണന്റെ കൈ നീണ്ടു. ഒരു പെഗ്ഗ് ഗ്ലാസിലേക്കൊഴിച്ച്, ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഒരു വലി വലിച്ച്, അയാള്‍ ഗ്ലാസ് ടീപ്പോയിലേക്കു വച്ചു. ചിറി തുടച്ചുകൊണ്ട്, കൂട്ടുകാരുടെ ഉദ്വേഗഭരിതമായ കണ്ണുകളിലേക്ക് നോക്കി. കുറേക്കാലമായി മനസ്സില്‍ അടക്കി നിര്‍ത്തിയിരിക്കുന്ന ആ രഹസ്യം അവരോടു പറയണോ വേണ്ടയോ എന്ന് അയാള്‍ ഒരു നിമിഷം ആലോചിക്കാതിരുന്നില്ല. ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ തനിക്ക് ഭ്രാന്ത് പിടിക്കും എന്നുറപ്പുള്ളതിനാല്‍ രഹസ്യത്തിന്റെ ഭാണ്ഡം അഴിക്കാമെന്നുതന്നെ അയാളുറച്ചു. അയാള്‍ പറഞ്ഞു തുടങ്ങി – വായ് നോട്ടം….അപകടം…. ജ്യോത്സ്യന്…. വ്രതം….. അമ്പലങ്ങള്‍….. കിടപ്പറനിഷേധം …..
അന്യന്റെ ദാമ്പത്യ ജീവിതത്തിന്റെ ചുരുളഴിയുന്നതു കാണുമ്പോഴുള്ള മനുഷ്യസഹജമായ ആക്രാന്തത്തോടെ ആറ് ചെവികള്‍ വിടര്‍ന്നുനിന്നു. തന്റെ കുടുംബ ജീവിതത്തിന്റെ താളം തെറ്റിച്ച ലൈംഗിക നിരാസത്തെക്കുറിച്ച് വള്ളിപുള്ളി വിടാതെ സവിസ്തരം പറഞ്ഞ് അനില്‍കൃഷ്ണന്‍ ഗദ്ഗദകണ്ഠനായി.
”….അവള് ഇപ്പം മോളെ മുറിയിലാണ് കെടക്കണത്. മടുത്ത്…. ഈ ജീവിതം തന്നെ മടുത്തളിയാ ….”
അയാള്‍ വീണ്ടും കരയാന്‍ തുടങ്ങി. കൂട്ടുകാര്‍ പരസ്പരം നോക്കി. ചിരിക്കണോ കരയണോ എന്നറിയാന്‍ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു അവര്‍. ഇത്രയും കഠിനമായ വേദന കടിച്ചമര്ത്തിയായിരുന്നല്ലോ പുറമേ ഉല്ലാസവാനായി ഇത്രയും നാള് ഇയാള്‍ നടന്നിരുന്നതെന്നോര്ത്തപ്പോള് അവരുടെ മുഖത്ത് ക്രമേണ വിരിഞ്ഞത് സഹതാപഭാവം. സ്ത്രീ വിഷയങ്ങളില്‍ അമിതോത്സുകനായ അനില്‍കൃഷ്ണന്‍, പണ്ട് സെക്ഷന്‍ ഓഫീസറായിരുന്നപ്പോള്‍ ‘സെക്ഷ്വല്‍ ഓഫീസര്‍’ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് മനോജ് ഓര്‍മ്മിച്ചു.കവിതകളില്‍ ഇപ്പോഴും കാല്പനികഭാവം സൂക്ഷിക്കുന്ന കവിയായ അനിലിന് ഒരിക്കലും താങ്ങാനാവുന്നതല്ല ഈ ‘നിരോധനാജ്ഞ’ എന്ന് ഗിരീഷും ചിന്തിച്ചു.
”അനിലേ, നീ വെഷമിക്കാതെ. നമുക്ക് പരിഹാരമുണ്ടാക്കാം.”
‘അത്താഴപ്പഷ്ണി’ക്കാരനായ കൂട്ടുകാരനെ ആശ്വസിപ്പിക്കാനായി അവര്‍ ഒരുമിച്ച് അങ്ങനെ പറഞ്ഞെങ്കിലും ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു എത്തും പിടിയുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടെ ഭാര്യമാരെ ഇടപെടുവിച്ച് പ്രിയംവദയെ കാര്യങ്ങള്‍ പറഞ്ഞ് ബോധവത്കരിക്കാന്‍ ശ്രമിച്ചാലോ എന്ന ആശയം ഗിരീഷ് മുന്നോട്ടുവച്ചെങ്കിലും ദാമ്പത്യ രഹസ്യങ്ങള്‍ ഭര്‍ത്താവ് കൂട്ടുകാരോടു പങ്കുവയ്ക്കുന്നത് ഒരു ഭാര്യയും സഹിക്കില്ലെന്നും പ്രശ്നം കൂടുതല്‍ വഷളാവുകയേയുള്ളൂ എന്നും പറഞ്ഞ് മനോജ് ആ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു.
”നമുക്കാ ജ്യോത്സ്യനെ ഒന്നു കണ്ടാലോ?”
പ്രസാദ് ഒരു ആശയം മുന്നോടു വച്ചു.
”എന്തിന്? ഒരു കാര്യവുമില്ല. അയാള്‍ പറഞ്ഞതൊന്നും ഇനി മാറ്റിപ്പറയുമെന്നു തോന്നുന്നില്ല. അയാളെ പ്രൊഫഷനെ ബാധിക്കൂലേ?”
ആ നിര്‍ദ്ദേശത്തെ അനില്‍കൃഷ്ണന്‍ കയ്യോടെ തള്ളി.
”പ്രിയംവദയ്ക്കൊരു കൗണ്‍സിലിംഗ് കൊടുത്താലോ?”
നിര്‍ദ്ദേശം മനോജിന്റേതായിരുന്നു.
”ബെസ്റ്റ്! കൗണ്‍സിലിംഗിനു പോകാന്‍ എനിക്കെന്താ പ്രാന്തുണ്ടോ എന്നായിരിക്കും അവള് ചോദിക്കുന്നത്. വിശ്വാസത്തിനു മീതേ ഒരു കൗണ്‍സിലിംഗും ഏക്കൂല അളിയാ.”
അനില്‍കൃഷ്ണന്‍ നെടുവീര്‍പ്പിട്ടു.
”അനിലേ, ഭാര്യയെ നീ ഒരു ലൈംഗികോപകരണമായി കാണുന്നതുകൊണ്ടുള്ള പ്രശ്നമാണിത്. ഒരു കുടുംബിനി എന്ന നിലയില്‍ അവള് വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നില്ലേ. ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത വേണ്ടെന്നല്ല. പക്ഷേ, അതുണ്ടായാലേ പറ്റൂ എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ കാര്യമൊന്നുമില്ല. പിന്നെ ഇനി അഞ്ചാറു മാസത്തെ കാര്യമല്ലേയുള്ളൂ. അതോടെ വ്രതമൊക്കെ തീരുമല്ലോ….”
സ്ത്രീപക്ഷത്തുനിന്നുള്ള ഗിരീഷിന്റെ ആ താത്വിക വിശകലനം കേട്ടപ്പോള്‍ കലികയറിയത് പ്രസാദിനാണ്:
”ഡേയ് ഗിരീഷേ, നീ ചുമ്മാ തള്ളിമറിക്കാതെ. വല്ലവന്റേം കാര്യത്തില്‍ സിദ്ധാന്തം പറയാനൊക്കെ എളുപ്പമാ.സ്വന്തം കാര്യം വന്നു നോക്കട്ട്. നിനക്കാണ് ഇതുപോലൊരു പ്രശ്നം വന്നതെങ്കില്‍ നീ ഈ വേദാന്തമൊക്കെ പറയോ?”
”അത് പിന്നെ….”
ഗിരീഷ് വിക്കി വിക്കി നിന്നു.
ചര്‍ച്ചകളും പലവിധ നിര്‍ദ്ദേശങ്ങളും പിന്നെയും ഉയര്‍ന്നെങ്കിലും അന്തിമ തീരുമാനത്തിലെത്തി പ്രശ്നം പരിഹരിക്കാനുള്ള സാധ്യതയിലേക്ക് മാറാന്‍ അവയ്ക്കൊന്നും കഴിഞ്ഞില്ല. ഒടുവില്‍, പിരിയാനുള്ള നേരവുമായി. പതിവിനു വിപരീതമായി, ഔദ്യോഗിക – രാഷ്ട്രീയ ചര്‍ച്ചകള്‍ക്കോ ഗോസിപ്പ് പങ്കുവയ്ക്കലുകള്ക്കോ കലാപരിപാടികളുടെ അവതരണത്തിനോ ഒന്നും സമയം കണ്ടെത്താനാകാതെ, അനില്കൃഷ്ണന്റെ കുടുംബ പ്രശ്നം മാത്രം ചര്‍ച്ച ചെയ്താണ് അവര്‍ കേദാരത്തില് നിന്ന് ആ രാത്രി പിരിഞ്ഞത്.
പിറ്റേന്നു രാവിലെ പഞ്ച് ചെയ്ത്, ഓഫീസ് ക്യാബിനിലേക്കു കയറിയപ്പോള്‍ അനില്‍കൃഷ്ണന്‍ പ്രസാദിന്റെ ഫോണ്‍ വിളി വന്നു.
”അനിലേ, നീ ഓഫീസിലെത്തിയോ?”
”എത്തി.”
”എനിക്കൊന്ന് നേരിട്ടു സംസാരിക്കണം. ഫ്രീയാകുമ്പം നീ ഇങ്ങോട്ടിറങ്ങ്.”
അത്യാവശ്യം നോക്കി തീര്‍ക്കേണ്ട ഫയലുകളൊക്കെ ഓടിച്ചു നോക്കിയിട്ട് പതിനൊന്നേകാലോടെ സി ബ്ലോക്കിലുള്ള ധനകാര്യ വകുപ്പിന്റെ ഓലീസിലേക്ക് അനില്‍കൃഷ്ണന്‍ ചെന്നു.
”വാ നമുക്ക് കോഫീ ഹൗസീന്ന് ഓരോ ചായ കുടിച്ചോണ്ടു സംസാരിക്കാം.”
അനിലിനെ കണ്ടതും പ്രസാദ് സീറ്റില്‍ നിന്നെണീറ്റു.
ഇവനെന്താണ് ഇത്ര രഹസ്യമായി പറയാനുള്ളത്? വല്ല ഔദ്യോഗിക ശുപാര്ശയുമാണോ? പണം കടം ചോദിക്കാനാണോ? അതോ വല്ല ലോണിനും ജാമ്യം നില്‍ക്കാനോ? കോഫീ ഹൗസിലേക്കു നടക്കുന്നതിനിടയില്‍ അനില്കൃഷ്ണന്റെ ചിന്തകള്‍ ഈ വിധമൊക്കെയായിരുന്നു.
കോഫീ ഹൗസില്‍ തിരക്ക് തുടങ്ങിയിരുന്നില്ല. ഒഴിഞ്ഞൊരു മൂലയില്‍, ആവി പാറുന്ന രണ്ടു കപ്പ് ചായയ്ക്കും രണ്ട് കട്ട്ലറ്റിനും മുന്നില്‍ അവര്‍ ഇരുന്നു.
”അനിലേ, നീ ഇന്നലെ പറഞ്ഞതിനെപ്പറ്റി ഞാന്‍ കുറേ ആലോചിച്ചു. നിന്റെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ടളിയാ. പക്ഷേ, അങ്ങനെ സങ്കടപ്പെട്ടിരുന്നതുകൊണ്ടു കാര്യമില്ലല്ലോ. സഹായിക്കാന്‍ കഴിയുന്നതിലല്ലേ കാര്യം…..”
അത്രയും പറഞ്ഞിട്ട് അവന് ഒരു കവിള് ചായ കുടിച്ചു.

”ഞാനിനി പറയാന്‍ പോകുന്ന കാര്യം നീ ശ്രദ്ധിച്ചു കേള്‍ക്കണം. ആരോടും പറയുകേം ചെയ്യരുത്.”
എന്തു പരിഹാരമാര്‍ഗമാണ് ഇവന് പറയുന്നതെന്നറിയാനുള്ള ആകാംക്ഷയില്‍ അനില്കൃഷ്ണന്റെ കണ്ണുകള്‍ വിടര്‍ന്നു. അയാള്‍ കാത് കൂര്‍പ്പിച്ച് തല മുന്നോട്ടാഞ്ഞു.
”അനിലേ, ജീവിതമൊന്നേയുള്ളൂ. കഴിയുന്നതും അതാസ്വദിക്കണം. നിന്റെ ഭാര്യയോടു കാര്യം പറഞ്ഞിട്ട് അവള് അത് മനസ്സിലാക്കുന്നില്ലെങ്കില്‍ നീ നിന്റെ വഴി നോക്കണം.”
”ഡിവോഴ്സാ?”
”ഛെ! ഈ നിസ്സാര കാര്യത്തിനൊക്കെ ആരെങ്കിലും ഡിവോഴ്സിനു പോവോ? പോരെങ്കില്‍ മോളെ കെട്ടിച്ചു വിടാറുമായി.”
”പിന്നെ….?”
പ്രസാദിന്റെ മനസ്സിലിരിപ്പ് എന്തെന്ന് പിടികിട്ടാതെ അനില്‍ വായ തുറന്നിരുന്നു. തന്റെ മനസ്സിലുള്ള പരിഹാരമാര്‍ഗം എങ്ങനെ അവതരിപ്പിക്കണമെന്ന ചിന്തയില്‍ പ്രസാദ് ഒരു നിമിഷം ഒന്നു കണ്ണടച്ചിരുന്നു.എന്നിട്ട് തുടര്‍ന്നു:
”ഉദാഹരണത്തിന്, നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കറി അല്ലെങ്കില്‍ ഒരു പലഹാരം നിന്റെ ഭാര്യയോട് ഉണ്ടാക്കിത്തരാന്‍ നീ പറയുന്നു. പക്ഷേ, അവള്‍ക്കത് ഉണ്ടാക്കാനറിയാമെങ്കിലും അവളതിനു മെനക്കെടുന്നില്ല. നിനക്കാണെങ്കില്‍ അത് കഴിക്കാന്‍ ഭയങ്കര ആഗ്രഹവും കൊതിയും. അപ്പോ നീ എന്തു ചെയ്യും?”
അനില്കൃഷ്ണനു മുന്നിലേക്ക് ആ ചോദ്യം വലിച്ചെറിഞ്ഞ പ്രസാദ്, ബീറ്റ്റൂട്ട് കട്ലെറ്റില്‍ ഒന്നു കടിച്ച് അവന്റെ മറുപടിക്കായി കാതോര്‍ത്തു.
”അത്…. പിന്നെ…. ഞാന്‍… അത് കിട്ടുന്നിടത്തു നിന്ന് വാങ്ങിക്കഴിക്കും….”
”തന്നല്ല്…. തന്നല്ല്… അതാണ് ഞാനും പറഞ്ഞുവരുന്നത്. തരേണ്ടത് തരേണ്ടവര്‍ തന്നില്ലെങ്കില്‍ കിട്ടുന്നിടത്തു പോയി വാങ്ങണം.”
താന്‍ വിനിമയം ചെയ്യാന്‍ ശ്രമിച്ച ആശയം ക്ലിക്കായതിന്റെ ആവേശം പ്രസാദിന്റെ വാക്കുകളില്‍ പ്രതിഫലിച്ചു. അനില്‍ കൃഷ്ണന്റെ മസ്തിഷ്കത്തിലെ വിവരവിശകലന കേന്ദ്രത്തില്‍ ആ വാക്കുകള്‍ കലങ്ങിമറിഞ്ഞു. പ്രസാദിന്റെ പരിഹാര ഫോര്‍മുലയുടെ ആന്തരികാര്‍ത്ഥം പിടികിട്ടിയ അനിലിന്റെ മുഖത്ത് ഒരു പുച്ഛഭാവം വിരിയുകയും ‘ഛെ!’ എന്ന ശബ്ദമായി അത് പുറത്തേക്കു തെറിക്കുകയും ചെയ്തു.
”എന്തോന്നു ഛെ? ഇതൊന്നും ലോകത്ത് നടക്കാത്ത കാര്യമാണോ? നിനക്ക് ആവശ്യത്തിന് ഫിനാന്‍ഷ്യല്‍ സെറ്റപ്പും ആരോഗ്യവുമൊക്കെയുണ്ടല്ലോ. അളിയാ, ഇതൊക്കെ ഉള്ള സമയത്ത് അത് മാക്സിമം എന്ജോയ് ചെയ്യണം. അല്ലാതെ അവസാനം ആവത്കെട്ട് കെടക്കണ സമയത്ത്, നഷ്ടബോധം തോന്നരുത്. ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കണം. മറ്റുള്ളവര്‍ക്കു വേണ്ടി നമ്മുടെ ലൈഫ് സാക്രിഫൈസ് ചെയ്യണതെന്തിന്? ലിവ് ഇന്‍ ദ പ്രസന്റ്.”
പ്രസാദ് തന്റെ നയം വ്യക്തമാക്കി. പക്ഷേ, അതിനോടു പൊരുത്തപ്പെടാന്‍ എന്തോ അനിലിനു കഴിഞ്ഞില്ല. സ്ത്രീ വിഷയങ്ങളില്‍ അതീവ തത്പരനും പെണ്ണുങ്ങളെ നന്നായി വായിനോക്കുന്നവനുമൊക്കെയാണെങ്കിലും ഈ ആശയത്തോട് എന്തോ പ്രതിപത്തി തോന്നുന്നില്ല.
”അതൊന്നും ശരിയാവില്ല പ്രസാദേ. ആരെങ്കിലുമൊക്കെ അറിഞ്ഞാല്‍ …..”
അയാള്‍ ഒഴിഞ്ഞു മാറാന്‍ നോക്കി.
”എടേ, ആരറിയാന്‍? നിനക്കറിയാമോ ഫാമിലീല് പറയത്തക്ക ഒരു പ്രശ്നവുമില്ലാതെ വല്ല്യ മാതൃകാ ദമ്പതികളായി നടക്കുന്ന, ഈ ഓഫീസിലെ തന്നെ എത്ര ആണുങ്ങളും പെണ്ണുങ്ങളും ഒരു ചേഞ്ചിനു വേണ്ടി ഇങ്ങനെ എന്ജോയ് ചെയ്യാന്‍ പോണെന്ന്.”
”പ്രസാദേ, നീ ചുമ്മാതിരി. എനിക്കു വയ്യ, വല്ല എയ്ഡ്സും പിടിച്ച് ചാവാന്‍.”
അതിനു മറുപടിയായി പ്രസാദ് ഒന്നു പൊട്ടിച്ചിരിച്ചു. എന്നിട്ട് തുടര്‍ന്നു:
”നീയിത് ഏതു കാലത്തെടാ ജീവിക്കണത്? എടേ, പണ്ടത്തെ പൂന്തുറ വാസന്തിയും പുത്തരിക്കണ്ടം ശാന്തയുമൊന്നുമല്ല ഇപ്പം ഈ ഫീല്‍ഡിലുള്ളത്. ഇപ്പം എല്ലാം ഹൈടെക്കാണ്. ആവശ്യക്കാരന് തെരഞ്ഞെടുക്കാന്‍ ഒരു പാട് ഓപ്ഷന് സൊണ്ട്. സിനിമാ-സീരിയല്‍ നടികള്‍ മുതല്‍ സ്കൂളില്‍ പഠിക്കണ പിള്ളേരെ വരെ കിട്ടും.”
പ്രലോഭനത്തിന്റെ വിത്തുകള്‍ അനില്‍ കൃഷ്ണന്റെ ഹൃദയത്തിലേക്ക് പ്രസാദ് വാരിവാരിയെറിഞ്ഞുകൊണ്ടേയിരുന്നു.
”ഞാന്‍ ചോദിക്കണതുകൊണ്ട് നിനക്കൊന്നും തോന്നരുത്. ഇത്രയും ആധികാരികമായി പറയണത് കൊണ്ട് ചോദിക്കണതാണ്. നീ പോയിട്ടൊണ്ടാ?”
അനിലിന്റെ ആ അപ്രതീക്ഷിത ചോദ്യത്തില്‍ ഒരു നിമിഷം ഒന്നു പകച്ചെങ്കിലും കണ്ണിറുക്കിയുള്ള ഒരു പൊട്ടിച്ചിരികൊണ്ട് നിഷ്പ്രയാസം അതിനെ മറയ്ക്കാന്‍ പ്രസാദിനു കഴിഞ്ഞു.
”അത് വിട്. നിനക്കു താത്പര്യമുണ്ടെങ്കി അത് പറ.ഇനി എന്നോടു പറയാന്‍ ചളിപ്പാണെങ്കില് വേണ്ട. ഞാനൊരു നമ്പര്‍ വാട്ട്സ്ആപ്പ് ചെയ്യാം.നീ അതില്‍ വിളി. ബാക്കിയൊക്കെ നിങ്ങള്‍ തമ്മില്‍ നേരിട്ടായിക്കോ….”
പ്രസാദ് പോക്കറ്റില്‍ നിന്ന് മൊബൈലെടുത്ത് വിരലോടിച്ചു. അപ്പോഴേക്കും കോഫീ ഹൗസില്‍ ആള്‍ത്തിരക്കു തുടങ്ങി. അവരിരുവരും എണീറ്റു.
അനില്കൃഷ്ണന്റെ ഹൃദയമിടിപ്പിന്റെ താളവേഗങ്ങളെ മാറ്റി മാറിക്കുന്നതായിരുന്നു ആ കോഫീ ഹൗസ് സന്ദര്‍ശനം. ഊണിലും ഉറക്കത്തിലും അയാള്‍ ചിന്താമഗ്നനായി. സാന്മാര്‍ഗികതയുടെ മാലാഖയും പ്രലോഭനത്തിന്റെ പിശാചും അയാളുടെ ഉള്ളില്‍ പ്രചണ്ഡമായ വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു. അന്തിമ തീരുമാനത്തിലെത്താനാകാതെ രണ്ടുനാള്‍ തള്ളി നീക്കി. പക്ഷേ, മൂന്നാം ദിനം രാവിലെ ഉറക്കമെണീറ്റത് ഉറച്ച ഒരു തീരുമാനത്തോടെയായിരുന്നു. ലൈംഗിക നിവൃത്തിക്കപ്പുറം, പ്രിയംവദയോടുള്ള ഒരു തരം വാശിയായി അയാളുടെ മനസ്സ് അതിനകം പാകപ്പെട്ടിരുന്നു. കട്ടിലില്‍ നിന്നെണീറ്റയുടനെ ഫോണ്‍ കയ്യിലെടുത്ത് വാട്ട്സ്ആപ്പിലേക്കു കയറി, പ്രസാദ് അയച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തി. ആ നമ്പരിലേക്ക് വിറച്ചുകൊണ്ട് അയാള്‍ വിരലമര്‍ത്തി. അപ്പോള്‍, താഴെ, പൂജാമുറിയിലിലെ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്ന് ‘ജ്ഞാനപ്പാന’ പാരായണം ചെയ്യുകയായിരുന്നു പ്രിയംവദ:
”ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നീ കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ….”