
സ്റ്റാച്യു ജംഗ്ഷന് – II

പ്രശാന്ത് ചിന്മയന്
2. നഗരവൃത്താന്തം
ആയിരം നാവുള്ള അനന്തന്റെ പുറത്ത് സുഖശയനം ചെയ്യുന്ന മഹാവിഷ്ണുവിന്റെ നഗരമാണ് തിരുവനന്തപുരം. അനന്തകോടി സമ്പത്തിന്റെ നിലവറകള്‍ക്കു മുകളില്‍ തലയുയര്‍ത്തി നില്ക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലാണ് ഏറെ പ്രഖ്യാതമായ ഈ അനന്തശയനം. ജനായത്ത ഭരണത്തിന്റെ പ്രതിഷ്ഠാപനത്തോടെ രാജാധികാരം അസ്തമിച്ചുവെങ്കിലും രാജഭരണത്തിന്റെ തിരുശേഷിപ്പുകള്‍ കിഴക്കേ-പടിഞ്ഞാറേ-വെട്ടിമുറിച്ച കോട്ടകളായും, കവടിയാര്‍-കനകക്കുന്ന്-കുതിര മാളികക്കൊട്ടാരങ്ങളായും ഇന്നും ഈ നഗരത്തില്‍ പ്രൗഢിയോടെ തന്നെ നിലനില്ക്കുന്നു.
പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കിഴക്കേകോട്ടയില്‍ നിന്ന് വടക്കോട്ടു മാറി തകരപ്പറമ്പ്-ഓവര്‍ ബ്രിഡ്ജ്- പുത്തന്‍ചന്ത-പുളിമൂട് ജങ്ഷനുകള്‍ പിന്നിട്ടാല്‍ നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റാച്യു ജങ്ഷനായി.ആയില്യം തിരുനാള്‍ രാജാവായിരിക്കേ ബാര്ട്ടന് സായിപ്പിന്റെ മേല്‍നോട്ടത്തില്‍1869-ല്‍ സ്ഥാപിതമായതും കാഴ്ചയില്‍ ഒരു വെള്ളക്കൊട്ടാരമെന്നു തന്നെ തോന്നിപ്പിക്കുന്നതും, പണ്ട് ഹജൂര്‍ കച്ചേരി എന്നറിയപ്പെട്ടിരുന്നതുമായ സെക്രട്ടറിയേറ്റ് മന്ദിരമാണ് ഈ നഗരഹൃദയത്തിന്റെ മര്മ്മപ്രധാനകേന്ദ്രം. അഴിമതിയുടെ പെരുവിരല്‍ ഛേദിച്ചുകളഞ്ഞ വേലുത്തമ്പി ദളവയുടെ പ്രതിമ സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലും, ഏതാണ്ടഭിമുഖമായി, കാര്യക്ഷമമായ ഭരണനിര്‍വ്വഹണത്തിനു പേരെടുത്ത ദിവാന് സര് ടി.മാധവറാവുവിന്റെ പ്രതിമ റോഡിനപ്പുറവും നില്ക്കുന്നു. നാടിന്റെ ഗതി വിഗതികളെ നിര്‍ണയിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉരുവം കൊള്ളുന്നത് സെക്രട്ടറിയേറ്റെന്ന ഈ ‘വൈറ്റ് ഹൗസി’നുളളില്‍ വെച്ചാണ്. ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാന ഭരണകൂടത്തിന്റെ പ്രതീകമാണ് സ്റ്റാച്യു ജങ്ഷന്. ഉദ്യോഗസ്ഥ- രാഷ്ട്രീയ വൃന്ദങ്ങളുടെ ആവാസ മേഖലയായതിനാല്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രക്ഷോഭങ്ങളും സത്യാഗ്രഹങ്ങളും നിരാഹാരങ്ങളുമെല്ലാം സ്റ്റാച്യു ജങ്ഷനിലെ ദൈനംദിന കാഴ്ചകളാണ്. അങ്ങനെ, സമരവേലിയേറ്റങ്ങള്‍ നടക്കുന്ന സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയില്‍ സമരം ചെയ്യാനുള്ള ഒരിടം തേടിയാണ് കരിഞ്ചാത്തിമൂലയില്‍ നിന്ന് സുധാകരനും വന്നിരിക്കുന്നത്.
മദ്യവിരുദ്ധസമിതിയുടെ വെള്ളവിരിയിട്ട ഒരു നെടുനീളന്‍ താത്ക്കാലിക പന്തലും, ചാക്കുകളും ഫ്ളക്സ് ബോര്‍ഡുകളും ടാര്പോളീനുകളും കൊണ്ടു തീര്‍ത്ത എട്ട് ചെറിയ ചെറിയ സമരക്കുടിലുകളും നിറഞ്ഞ ആ നടപ്പാതയില്‍ സത്യഗ്രഹമിരിക്കാന്‍ ഇടം തിരിഞ്ഞ സുധാകരന്, നടപ്പാതയിലൂടെ രണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷമാണ് തന്റെ പ്രക്ഷോഭസ്ഥലം കണ്ടെത്തിയത്. ക്വാറി മാഫിയയുടെ ഭീഷണിയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 325 ദിവസങ്ങളായി സമരം നടത്തുന്ന മഞ്ഞപ്പാറ കോളനിയിലെ മണിയന്റെയും, സ്പിരിറ്റ് കടത്തിനെതിരേ പ്രതികരിച്ചതിന് തന്റെ വീടാക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് 128 ദിവസങ്ങളായി സമരം തുടരുന്ന വെള്ളറട ജ്ഞാനദാസിന്റെയും സമരക്കുടിലുകള്ക്കിടയില് നില്ക്കുന്ന മുട്ടന്‍ വേപ്പ് മരത്തിനരികിലായിരുന്നു അത്. തോള്സഞ്ചിയിലുണ്ടായിരുന്ന രണ്ട് വലിയ ചാക്കുകളും ഒരു ചെറിയ ടാര്‍പോളിനും മതിലിനോട് ചാരി വച്ചിരുന്ന പഴയൊരു ഫ്ളക്സ് ബോര്‍ഡുമൊക്കെ ചേര്‍ത്തുവച്ച് അയാള്‍ കുടില്‍ രൂപപ്പെടുത്താന്‍ തുടങ്ങിയതും അകലെയെങ്ങോ കേട്ടുകൊണ്ടിരിക്കുകയായിരുന്ന മുദ്രാവാക്യം വിളികള്‍ അടുത്തെത്തിത്തുടങ്ങി.
”അപമാനം അപമാനം
കേരളനാടിന്നപമാനം
മാനം കെട്ടൊരു മന്ത്രീ, നിങ്ങള്‍
രാജി വയ്ക്കൂ… പുറത്തു പോകൂ…
ബോലോ ഭാരത് മാതാ കീ …”
നൂറോളം പേര് വരുന്ന ആ കാവിപ്പതാകവാഹകരുടെ ജാഥ സെക്രട്ടറിയേറ്റ് ‘എ’ ഗേറ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുകയാണ്. സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യുവജന മാര്‍ച്ചായിരുന്നു അത്. ടി.വി.ചാനലുകളുടെ ഓ ബി വാനുകളും ക്യാമറാമാന്മാരും റിപ്പോര്‍ട്ടര്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമെല്ലാം റോഡില്‍ അണിനിരന്നു.ഗതാഗതം താറുമാറായി.
അക്രമോത്സുകരായ യുവസമര പോരാളികള്‍, ഗേറ്റിനു മുന്നില്‍ നിരത്തിയിരുന്ന പോലീസ് ബാരിക്കേഡുകളില്‍ കുലുക്കിയും ചാടിച്ചവിട്ടിയും അള്ളിപ്പിടിച്ച് വലിഞ്ഞുകയറിയും ചോരത്തിളപ്പു തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഹെല്‍മറ്റും ഷീല്‍ഡും പടച്ചട്ടയുമണിഞ്ഞ് കൈയില്‍ ലാത്തിയുമായി, യുദ്ധസന്നദ്ധരായ കാക്കി സൈനികര്‍ ബാരിക്കേഡുകള്‍ക്കു പിറകില്‍ ജാഗരൂകരായി. സുജിത്ത് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ബാരിക്കേഡുകള്‍ മറിഞ്ഞു വീഴാതിരിക്കാനായി അവയെ തള്ളിപ്പിടിച്ചു. യുവരക്തത്തിന്റെ കൈത്തരിപ്പില് ബാരിക്കേഡുകള്‍ മറിഞ്ഞു വീഴുമെന്നായപ്പോള്‍, പോലീസുകാര്‍ക്കു പിറകില്‍ നിന്ന ‘വരുണ്‍’ എന്ന ജലപീരങ്കിയുടെ ഓപ്പറേറ്റര്‍ ഷറഫുദീന്‍, ‘എവന്മാര് സമ്മതിക്കൂലല്ല്’ എന്നു പിറുപിറുക്കാന്‍ തുടങ്ങി. അധികം താമസിയാതെ തന്നെ എസ്.പി. സോമന് സാറില്‍ നിന്ന് പീരങ്കി വര്‍ഷം തുടങ്ങിക്കോളാനുള്ള ഉത്തരവ് ലഭിക്കുകയും ഷറഫുദീന്റെ കൈകള്‍ ‘വരുണി’ന്റെ ലിവറുകളില്‍ മുറുകുകയും ചെയ്തു.
‘വരുണി’ന്റെ ജലദ്വാരങ്ങളിലൂടെ വെടിയുണ്ട പോലെ പാഞ്ഞ ജലവിസ്ഫോടനത്തില് ബാരിക്കേഡുകളില്‍ പിടിത്തമിട്ട കൈകള്‍ ഇളകിത്തെറിച്ചു.യുവപോരാളികളില്‍ പലരും നനഞ്ഞു കുതിര്‍ന്ന് റോഡില്‍ കമിഴ്ന്നടിച്ചു വീണു. അല്പം മുമ്പു വരെ അത്യാവേശത്തില്‍ ‘ഭാരത മാതാവി’നെ സ്തുതിച്ച ആ സമരസേനാനികളുടെയുള്ളില് സ്വന്തം മാതാക്കളുടെ രൂപങ്ങള്‍ തെളിയുകയും അവര്‍ ഞരക്കത്തോടെ ‘അമ്മോ…’ എന്നു കേഴുകയും ചെയ്തു.വീഴാതെ പിടിച്ചു നിന്നവര്‍ നനഞ്ഞു കുതിര്‍ന്ന് നാലുപാടും ചിതറിയോടി.ജലവര്‍ഷം നിലച്ചു.രംഗം ശാന്തമായി. പക്ഷേ, ആ ശാന്തത അധിക സമയം നീണ്ടുനിന്നില്ല. ചിതറിത്തെറിച്ച നനഞ്ഞസേനാനികള് ജില്ലാ വൈസ് പ്രസിഡന്റ് ഇറയംകോട് സുനിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പോലീസിനു നേരെ വീണ്ടും പാഞ്ഞടുക്കുകയും ചെയ്തു. ഇത്തവണ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കാതെ, കൊടി കെട്ടിയ കമ്പു കൊണ്ട് പോലീസിനെ അടിക്കാനും കുത്താനുമാണ് അവര്‍ ശ്രമിച്ചത്. പോലീസുകാര്‍ പരിച കൊണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും ചില കുത്തുകള്‍ അവരുടെ ദേഹത്ത് കൊണ്ടുകൊണ്ടേയിരുന്നു. പെട്ടെന്നാണ് എവിടെ നിന്നോ ഒരു കല്ല് പോലീസുകാര്‍ക്കിടയിലേക്ക് പാഞ്ഞു വന്നത്. ‘ക്ണച്ചോ ‘ എന്ന ശബ്ദത്തോടെ സുജിത്തിന്റെ ഹെല്‍മറ്റില്‍ത്തട്ടി അത് തെറിച്ചു !

”ചാര്‍ജ് …..”
എസ്.പി. സോമന് അലറി. അത് കേള്‍ക്കാന്‍ കാത്തിരുന്നെന്ന മട്ടില്‍ പോലീസുകാര്‍ ബാരിക്കേഡുകള്‍ തള്ളി മാറ്റി സമരക്കാരുടെ ഇടയിലേക്കു കുതിച്ചു. അവര്‍ തിരിഞ്ഞും പിരിഞ്ഞും നോക്കിയില്ല.കൈ വാക്കിനു കിട്ടിയവര്‍ക്കെല്ലാം കണക്കിനു തന്നെ കൊടുത്തു. നിലവിളികള്‍… ആര്‍ത്തനാദങ്ങള്‍… കാല്‍നടയാത്രക്കാര്‍ ചിതറിയോടി. കടകളുടെ ഷട്ടറുകള്‍ താണു.
മാംസപുഷ്കലമായ ആസനത്തില്‍ ചൂടു പ്രഹരം കിട്ടിയ ഇറയംകോട് സുനി സ്വരക്ഷയ്ക്കായി പരക്കംപാഞ്ഞു ചെന്നു കയറിയത് സമരക്കുടിലുകള്‍ നിറഞ്ഞ നടപ്പാതയിലാണ്. ചാക്കിലും ടാര്‍പോളിനിലും തീര്‍ത്ത സമരക്കുടിലിനു മുന്നില്‍, ‘ഹരീഷിന്റെ ഘാതകരായ പോലീസുകാരെ അറസ്റ്റ് ചെയ്യുക. അന്വേഷണം CBI ക്കു വിടുക. അനിശ്ചിതകാല സത്യാഗ്രഹം ഒന്നാം ദിവസം’ എന്ന് നീലച്ചായത്തിലെഴുതിയ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന സുധാകരന്, അന്തം വിട്ടോടി വരുന്ന സുനിയെ പരിഭ്രാന്തിയോടെ നോക്കിക്കൊണ്ട് കുടിലിനടുത്തേക്ക് ഒതുങ്ങി നിന്നു. നിലത്തിരുന്ന പശക്കിണ്ണത്തെ തട്ടിത്തെറിപ്പിച്ചു കൊണ്ട് സുനി ഓടി. പിന്നാലെ ഒരു പോലീസുകാരനും. മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റ് മൂത്തേടത്ത് രാജഗോപാല്‍ പ്രസംഗിച്ചുകൊണ്ടിരുന്ന സമരപ്പന്തലിനിടയിലൂടെ അവരിരുവരും പാഞ്ഞു. പരിഭ്രമിച്ചു പോയ മദ്യനിരോധന പ്രവര്‍ത്തകര്‍ പല പാടും ചിതറിയോടി.
സംഘര്‍ഷഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നേരിട്ടുള്ള സംപ്രേഷണങ്ങളായി മിനി സ്ക്രീനുകളിലേക്കു കുതിക്കുകയും പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും വിവിധ കോണുകളില്‍ നിന്ന് നിശ്ചല ഛായാഗ്രഹണത്തിലേര്പ്പെടുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോള്‍, ‘സ്റ്റാച്യു മെഡിക്കല്‍സി’നു മുന്നില്‍ നിരന്നിരുന്ന ബൈക്കുകള്‍ക്കിടയിലേക്ക് തന്റെ സ്പ്ലെന്ഡറിനെക്കൂടി വല്ലവിധേനെയും തിരുകിക്കയറ്റി വച്ചതിനു ശേഷം രണാങ്കണത്തിലേക്ക് പായുകയായിരുന്നു പത്രാധിപര്‍ നരിപ്പാറരതീഷ്. പരസ്യദാതാക്കളില്‍ നിന്ന് കുടിശ്ശിക പിരിക്കാന്‍ പോയതു കൊണ്ട് അയാള്‍ സംഭവസ്ഥലത്തെത്താന്‍ അല്പം വൈകിപ്പോയിരുന്നു. കുതിച്ചു പായുന്നതിനിടെ, തോളില്‍ക്കിടന്ന ബാഗില്‍ നിന്ന് പഴയ കനോണ്‍ ക്യാമറ വലിച്ചൂരിയെടുക്കാന്‍ അയാളുടെ കൈകള്‍ വ്യഗ്രതപ്പെട്ടുകൊണ്ടിരുന്നു. രതീഷ്, മാധവറാവു പ്രതിമ പിന്നിട്ടതും, പോലീസിന്റെ അടി പേടിച്ച് ഓടിത്തള്ളിയ ഒരു ധീരയോദ്ധാവ് അയാളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ജനറല്‍ ഹോസ്പിറ്റല്‍ റോഡിലൂടെ പാഞ്ഞു. മരണവെപ്രാളം പിടിച്ച ആ ഓട്ടം അവസാനിച്ചത് ‘രോഷ്നി ടെക്സ്റ്റയില്‍സി’നു മുന്നിലാണ്. വാരി നിരത്തിയ മുപ്പത്താറിഞ്ചിന്റെ നീല, പച്ച, ചുവപ്പ്, ക്രീം, വെള്ള നിറങ്ങളിലുള്ള ബ്രേസിയറുകളെ പതിനഞ്ചു മിനിറ്റോളമായി കിണ്ടിക്കിളച്ച്, ഏത് തെരഞ്ഞെടുക്കണമെന്ന ചിന്താക്കുഴപ്പത്തില്‍ നിന്ന ‘മാന്യ ഉപഭോക്താവി’നെ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ട്, പുറമേ വെളുക്കെ ചിരിച്ചു നില്‍ക്കുകയായിരുന്നു ജിനി. കടയ്ക്കു മുന്നില്‍ ശ്വാസമണച്ചുകൊണ്ടു വന്നണഞ്ഞ യുവാവിനെ അവള് തലചരിച്ചു കൗതുകത്തോടെ നോക്കി. അയാള്‍ അവളെ നോക്കി ഒരിളിഭ്യച്ചിരി ചിരിച്ചു കൊണ്ട് കടത്തിണ്ണയില്‍ കുത്തിയിരുന്ന് അണപ്പ് മാറ്റിത്തുടങ്ങി.
ഈ സമയം, പൊതുഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ അനില്‍കൃഷ്ണന്‍, തലവേദന പിടിച്ച രണ്ടു ഫയലുകള്‍ കൂലങ്കഷമായി പഠിച്ച് അതില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഒരു ചായ കുടിക്കാനായി സീറ്റില്‍ നിന്നെണീറ്റു. ഇന്ത്യന്‍ കോഫീ ഹൗസ് ലക്ഷ്യമാക്കി ഓഫീസിന്റെ ഇടനാഴിയിലൂടെ അയാള്‍ നടന്നപ്പോള്‍, കുറേപ്പേര് ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് ഉദ്വേഗത്തോടെ പുറത്തേക്കു നോക്കി നില്ക്കുന്നതു കണ്ടു! ജിജ്ഞാസാഭരിതനായ അനില്‍ കൃഷ്ണന് അവരുടെ ഇടയിലേക്കു നുഴഞ്ഞു കയറി, പുറത്തേക്കു നോക്കി. റോഡില്‍ പോലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷം അന്തിമഘട്ടത്തിലാണ്. ഇപ്പോള്‍ പത്തോളം സമരക്കാരേ അവശേഷിക്കുന്നുള്ളൂ. റോഡില്‍ക്കിടന്ന് മുദ്രാവാക്യം മുഴക്കുന്ന അവരെ പോലീസ് ബലം പ്രയോഗിച്ച് പൊക്കി മാറ്റുകയാണ്. പെട്ടെന്ന്, അനില്‍ കൃഷ്ണന്റെ നാസികാ ദ്വാരങ്ങളിലേക്ക് മുല്ലപ്പൂവിന്റെ പെര്‍ഫ്യൂം പരിമളം ഒഴുകിയിറങ്ങി.മൂക്കു വിടര്‍ത്തിയ അയാള്‍ റോഡിലെ നോട്ടം പിന്‍വലിച്ച് ധൃതിയില്‍ തല തിരിച്ചു. B 1 സെക്ഷനിലെ സന്ധ്യയാണോ? C 2 സെക്ഷനിലെ രാധികയാണോ?… അന്നനട നടക്കുന്ന ആ മയില്പ്പീലിസാരിക്കാരിയുടെ പിന്ഭാഗദൃശ്യത്തില് നിന്ന് ആളെ തിരിച്ചറിയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അവള് ഗോവണിപ്പടികളിലൂടെ താഴോട്ടിറങ്ങുകയാണ്. അയാള്‍ തന്റെ വെള്ളപ്പുള്ളികളുള്ള കടും മഞ്ഞ ഷര്‍ട്ടിന്റെ കോളര്‍ ഒന്നു പിടിച്ചു നേരെയാക്കിയ ശേഷം ആ ‘അജ്ഞാത’ സുന്ദരിയുടെ പിറകേ വച്ചുപിടിച്ചു. അപ്പോള്‍, റോഡില്‍, കസ്റ്റഡിയിലെടുത്ത സമരക്കാരെ വാനിലേക്കു വലിച്ചു കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു പോലീസ്. സമരക്കാരെ വാനിനകത്തു കയറ്റിയ സുജിത്ത്,ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞുവെന്ന ആശ്വാസത്തോടെ മൂരിയൊന്നു നിവര്‍ത്തി വാനിനു പുറത്തിറങ്ങി. പക്ഷേ, ആ ആശ്വാസം നൈമിഷികം മാത്രമാണെന്നു തെളിയിച്ചു കൊണ്ട് ഏജീസ് ഓഫീസിന്റെ ഭാഗത്തുനിന്ന് വീണ്ടും ‘ഇങ്ക്വിലാബ്’ മുഴങ്ങി. സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കി ത്രിവര്ണപ്പതാകവാഹകരുടെ ജാഥ കടന്നു വരികയാണ്. ബാരിക്കേഡുകള്‍ വീണ്ടും നിരന്നു.പോലീസുകാര്‍ പിന്നെയും കര്‍മ്മനിരതരായി.
4 Comments
Very nice! It’s interesting.
കഥാകൃത്തിൻ്റെ നിരീക്ഷണ പാടവം പ്രശംസനീയമാണ്.ലളിത സുന്ദരമായ ശൈലിയിൽ കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലവും വിവരിച്ചു അവരെ നമ്മളിൽ ഒരാളായി തീർക്കുവാൻ ലേഖകന്‍ കഴിയുന്നു.വരും അധ്യായങ്ങൾക്കായി കാത്തിരിക്കുന്നു.
ചടുലദൃശ്യങ്ങളിലേക്കു സംക്രമിക്കുന്ന നല്ല നറേറ്റീവ്.
Very interesting