
സ്റ്റ്യാചു ജംഗ്ഷൻ – 19

പ്രശാന്ത് ചിന്മയൻ
- സാത്താന് ലൈവ്
”നമ്മളെല്ലാവരും പറയുന്നു ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് നമ്മുടെ നിയമസംഹിതകളിലും എഴുതി വച്ചിരിക്കുന്നു.പക്ഷേ, നമ്മള് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇത് വല്ലതുമാണോ? നിങ്ങള്‍ പത്രവും ടി.വി യും വാട്ട്സ്ആപ്പും ഫേസ് ബുക്കും ഒക്കെ നോക്കുന്നവരല്ലേ. ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ കണ്ടാലറിയാം യഥാര്‍ത്ഥത്തില്‍ ഈ നാട്ടിലെന്താണ് സംഭവിക്കുന്നതെന്ന്. പെണ്മക്കളെ കെട്ടിച്ചയക്കാനോ രോഗത്തിന് ചികിത്സിക്കാനോ മറ്റോ വല്ല പാവങ്ങളും ബാങ്ക് ലോണിനു വേണ്ടി ചെന്നാല്‍ അവരുടെ അടിയാധാരം വരെ വാങ്ങി വച്ചിട്ടേ അവമ്മാര് ലോണു തരൂ. അടവ് ഒരു തവണയെങ്ങാനും മുടങ്ങിയാല്‍ നോട്ടീസായി, കോടതിയായി, ജപ്തിയായി. പക്ഷേ, നമ്മുടെ നാട്ടിലെ വലിയ വലിയ ബിസിനസുകാര്‍ക്കൊന്നും ഇത് ബാധകമല്ല. ആയിരക്കണക്കിന് കോടി ലോണെടുത്തവമ്മാര് ഒരു പൈസ പോലും തിരിച്ചടയ്ക്കാതെ ഇവിടെയും വിദേശത്തുമൊക്കെയായി സുഖിച്ചു കഴിയുന്നു. പാവങ്ങടെ കിടപ്പാടം ജപ്തി ചെയ്യാന്‍ നടക്കണ ഒരു ബാങ്കുകാരനും ഈ ബിസിനസുകാരുടെ രോമത്തില്‍ പോലും തൊടില്ല. വേണമെങ്കില്‍ കിട്ടാക്കടമെന്ന് പറഞ്ഞ് ആ കോടികളൊക്കെ എഴുതിത്തള്ളുകയും ചെയ്യും.
പിന്നെ, നമ്മുടെ നിയമ വ്യവസ്ഥയെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാ നല്ലത്.പോലീസെന്നൊക്കെ പറയുന്നത് കംപ്ലീറ്റ് കോമഡിയല്ലേ. ഹെല്‍മറ്റ് വയ്ക്കാത്തവരെ അവര്‍ ലാത്തിയെറിഞ്ഞ് പിടിക്കും. പക്ഷേ, ഹെല്‍മറ്റ് വച്ചോണ്ട് പെണ്ണുങ്ങളെ മാല പൊട്ടിച്ചോണ്ടു പോണവനെ പിടിക്കാന്‍ ഈ ശുഷ്കാന്തി കാട്ടാറുമില്ല. ആടിനെ പട്ടിയാക്കും.പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലും. അതായത്, ഞാന്‍ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ. നമ്മളെന്തൊക്കെപ്പറഞ്ഞാലും ഈ നാട്ടില്‍ പാവപ്പെട്ടവരെ കാര്യം എന്നും കട്ടപ്പൊകതന്നെ…. രാവിലെ തന്നെ നെഗറ്റീവ് പറയാന്‍ വേണ്ടി വന്നിരിക്കുകയാണോ എന്നായിരിക്കും ഇപ്പോള്‍ നിങ്ങളില്‍ പലരും ചിന്തിക്കുന്നത്.എങ്ങനെ പറയാതിരിക്കുമെന്നേ. നോക്കൂ. തന്റെ ഒരേയൊരു മോനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഒരച്ഛന് സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം കെടക്കാന്‍ തുടങ്ങിയിട്ട് നൂറ്റിപ്പതിനഞ്ച് ദിവസമായിരിക്കുന്നു. ഇന്നുവരെ ഒരു പട്ടിയും ഇദ്ദേഹത്തെ തിരിഞ്ഞുനോക്കിയിട്ടില്ല. എങ്ങനെ തിരിഞ്ഞു നോക്കും? വലിയ പുളളികളല്ലേ ഈ കൊലപാതകത്തിന്റെ പിറകില്‍.
തിരുവനന്തപുരത്തു താമസിക്കുന്നവര്‍ ഒരു പക്ഷേ ഇദ്ദേഹത്തെ അറിയുമായിരിക്കും. സ്റ്റാച്യൂ വഴി പോകുന്നവര്‍ക്ക് കാണാം സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയില്‍ സമരക്കുടില്‍ കെട്ടി സമരം ചെയ്യുന്ന ഈ പാവം മനുഷ്യനെ …..”
സാത്താന് ഏലിയാസ് കത്തിക്കയറാന്‍ തുടങ്ങി.മൊബൈല്‍ സ്ക്രീനില്‍ സുധാകരന്റെ ചിത്രം തെളിഞ്ഞു. തുടര്‍ന്ന്, തന്റെ സ്വതസിദ്ധമായ ശൈലിയില്‍, താടി തടവിക്കൊണ്ട്,സാത്താന്, ഹരീഷിന്റെ കഥ പറഞ്ഞു തുടങ്ങി.
‘സാത്താന്’ എന്ന പേരിലുള്ള യൂ ട്യൂബ് ചാനല്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ് ചാനലുകളിലൊന്നാണ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളില്‍ അതിനിശിതമായ വിമര്‍ശനം നടത്തുന്ന ‘സാത്താന്’ആരാധകര്‍ ഏറെയുണ്ടെങ്കിലും അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നതിനാല്‍ എതിരാളികളും ഒട്ടും കുറവല്ല. അതുകൊണ്ടുതന്നെ ചില പൊള്ളുന്ന വിഷയങ്ങളില്‍ പ്രതികരണം നടത്തുന്ന സാത്താനെതിരേ കമന്റ് ബോക്സില്‍ പൊങ്കാലയഭിഷേകവും സര്‍വ്വസാധാരണം.മലയാളത്തിലെ സൂപ്പര്‍ – മെഗാ താരങ്ങളെ വിമര്‍ശിക്കുന്ന വീഡിയോകള്‍ക്കു താഴെ നിറയുന്ന താരഫാന്സുകളുടെ തെറിക്കമന്റുകള്‍ കണ്ടാല്‍, മാനാഭിമാനമുള്ളവനാണ് ‘സാത്താന്’ എങ്കില്‍ തൂങ്ങിച്ചത്തിരിക്കും എന്ന് നമ്മള് കരുതും. പക്ഷേ, ഒരു തെറിയഭിഷേകത്തിലും തകര്‍ന്നു പോകാത്ത ചര്മ്മബലമാണ് തന്റേതെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ അയാള്‍ വിമര്‍ശനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.
വെട്ടുകാട് പള്ളിക്കടുത്തുള്ള ‘ജറുസലേം ഹൗസി’ല്‍ താമസക്കാരായ മത്തിയാസിന്റേയും ചെറുപുഷ്പത്തിന്റേയും ദാമ്പത്യവല്ലരിയില്‍ മൂന്നാമത് പുഷ്പിച്ചവനായിരുന്നു ഏലിയാസ്. കുഞ്ഞുനാള് മുതല്ക്കേ പ്രായത്തില്‍ കവിഞ്ഞ ചിന്തകളും വര്‍ത്തമാനങ്ങളും തര്‍ക്കുത്തരങ്ങളും കൊണ്ട് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തലവേദനയുണ്ടാക്കിയവനായിരുന്നു അവന്. ഒരിക്കല്‍, പളളിയിലെ വേദപഠന ക്ലാസ് സശ്രദ്ധം കേട്ടിരുന്ന ഏഴാം ക്ലാസുകാരനായ ഏലിയാസ്, എന്തോ വെളിപാടുണ്ടായതുപോലെ ചാടിയെണീറ്റ്, ക്ലാസെടുത്തുകൊണ്ടിരുന്ന ഫാദര്‍ യൂജിന്‍ പെരേരയോടൊരു ചോദ്യം:
”അച്ചോ, എനിക്കൊരു സംശയം. ആദവും ഹവ്വയുമല്ലേ ആദ്യത്തെ മനുഷ്യര്‍. അവരുടെ മക്കളാണല്ലോ ആബേലും കായേനും. അപ്പോ ഭൂമീലൊള്ള ആകെ മൊത്തം മനുഷ്യര്‍ നാല്.ആബേലിനെ കായേന് കൊന്നു. പിന്നെയൊള്ളത് മൂന്നു പേര് മാത്രമല്ലേ. അപ്പോ, കുറേക്കഴിഞ്ഞ് കായേന് തന്റെ ഭാര്യയുമായി ചേര്‍ന്നു എന്ന് ബൈബിളില്‍ പറയുന്നുണ്ടല്ലോ. അതെങ്ങനെ അച്ചോ ശരിയാവണത്?ആരെങ്കിലും സ്വന്തം അമ്മയെ കെട്ടോ?”
പലര്‍ക്കും പല കാലങ്ങളില്‍ തോന്നിയിട്ടുള്ള ആ വലിയ സംശയം ഒരു കുഞ്ഞുനാവില്‍ നിന്നുയര്‍ന്നു കേട്ടപ്പോള്‍ അച്ചന്റെ ളോഹയ്ക്കകം ഒന്നുകിടുങ്ങി. അപ്രതീക്ഷിതമായി ഉയര്‍ന്ന ആ കുരുത്തംകെട്ട ചോദ്യത്തിന് എന്ത് ഉത്തരം നല്കണമെന്നറിയാതെ ആ വൈദികന് കുഴങ്ങി. ഉത്തരം മുട്ടിയതിന്റെ കലിപ്പ് മുഴുവന്‍ തന്റെ ചൂണ്ടുവിരലിലേക്ക് ആവാഹിച്ചു കൊണ്ട് അച്ചന് അലറി:
”ദൈവദോഷം പറയുന്നോടാ സാത്താനേ! ഇരിയവിടെ.”
അന്നുമുതലാണ് ‘സാത്താന്’ എന്ന വിളിപ്പേര് ഏലിയാസിനു ചാര്‍ത്തിക്കിട്ടുന്നത്. അധിക്ഷേപകരമായാണ് ആള്ക്കാര് അങ്ങനെ വിളിച്ചതെങ്കിലും അഭിമാനത്തോടെയാണ് ഏലിയാസ് ആ വിളിയെ സ്വീകരിച്ചത്. തോന്നുന്ന സംശയങ്ങള്‍ അപ്പപ്പോള്‍ ചോദിച്ചും പ്രതികരിക്കേണ്ടതിനോടു പ്രതികരിച്ചുമൊക്കെ അവന് വളര്‍ന്നു. മൂന്നാമത്തെ സന്തതി തലതിരിഞ്ഞുപോയല്ലോ എന്നോര്‍ത്ത് മത്തിയാസും ചെറുപുഷ്പവും വ്യാകുലചിത്തരായെങ്കിലും ബുദ്ധിശക്തിയിലും പഠന കാര്യങ്ങളിലും മൂത്ത രണ്ടു മക്കളെക്കാളും ഏലിയാസ് മുന്പനായിരുന്നുവെന്നത് അവര്‍ക്ക് അല്പം ആശ്വാസം നല്കി.
പത്താം ക്ലാസില്‍ തോറ്റ്,പഠിത്തം നിര്‍ത്തിയ ഏലിയാസിന്റെ ചേട്ടന്മാര് രണ്ടുപേരും അപ്പനോടൊപ്പം കടലില്‍ മീന്പിടിത്തത്തിനിറങ്ങി. ഒന്നാം ക്ലാസ്സോടെ പത്ത് പാസ്സായ ഏലിയാസ് പ്ലസ്ടുവിനും പിന്നെ എന്‍ജിനീയറിംഗിനും ചേര്‍ന്നു.പക്ഷേ, കൊനഷ്ട് ചോദ്യങ്ങള്‍ ചോദിച്ച് അദ്ധ്യാപകരെ വട്ടാക്കുന്ന ശീലം അവന് തുടര്‍ന്നുകൊണ്ടിരുന്നു. അതിനുള്ള ‘പണി’ ഇന്റേണല്‍ മാര്‍ക്കിന്റെ രൂപത്തിലാണ് അദ്ധ്യാപകര്‍ തിരിച്ചു കൊടുത്തത്. എഴുത്തുപരീക്ഷയില്‍ സാമാന്യം നല്ല മാര്‍ക്ക് കിട്ടിയെങ്കിലും പല വിഷയങ്ങളുടേയും ഇന്റേണല്‍ മാര്‍ക്കുകള്‍ ശരാശരിയിലും താഴേക്കു പോയതോടെ തട്ടിമുട്ടി എന്‍ജിനീയറിംഗ് പാസാകാനേ കഴിഞ്ഞുള്ളൂ.ടെക്നോപാര്‍ക്കില്‍ കുറേക്കാലം ജോലി നോക്കിയ ശേഷം അവന് ഗള്‍ഫിലേക്കു പറന്നു.അവിടെ ഭേദപ്പെട്ട ശമ്പളവും സൗകര്യങ്ങളുമൊക്കെയായി ജോലി നോക്കി വരുമ്പോഴാണ് തന്റെ ‘ജനിതകസവിശേഷത’യെ എങ്ങനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രയോജനപ്പെടുത്താം എന്ന് അവന് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെയാണ് തന്റെ അപരനാമമായ ‘സാത്താന്’ എന്ന പേരില്‍ത്തന്നെ അവന് യൂ ട്യൂബ് ചാനല്‍ തുടങ്ങുന്നത്. അതിലൂടെ ലോകത്തോടു മുഴുവന്‍ തന്റെ പ്രതികരണങ്ങള്‍ പച്ചയ്ക്ക് വിളിച്ചു പറയാന്‍ തുടങ്ങിയതോടെ ആ പ്രതികരണച്ചൂടില് പൊള്ളിയ പ്രമുഖര്‍ പലരും സംഘം ചേര്‍ന്ന് സാത്താനെതിരേ സൈബര്‍ ആക്രമണങ്ങള്‍ പലതും നടത്തിനോക്കിയെങ്കിലും ആ തൊലിക്കട്ടിക്കു മുന്നില്‍ ഒന്നും ഏശിയില്ല. സാത്താന് തന്റെ ദൗത്യം ഇപ്പോഴും നിര്‍ഭയം നിരന്തരം തുടരുന്നു. ഒരു മാസത്തെ ലീവിന് നാട്ടില്‍ വന്ന ഏലിയാസ് എറണാകുളത്തുള്ള സുഹൃത്തിനെ കാണാന്‍ ജനശതാബ്ദിയില്‍ കയറിയപ്പോഴാണ്, സീറ്റില്‍ വീണു കിടന്ന ‘ദി സിറ്റി ന്യൂസ്’ അവിചാരിതമായി കാണുന്നതും സുധാകരന്റെ സമരത്തെപ്പറ്റി അറിയുന്നതും. പിറ്റേന്നു തന്നെ അവന് സെക്രട്ടറിയേറ്റിനു മുന്നിലെത്തി സുധാകരനോടു നേരിട്ട് കാര്യങ്ങള്‍ തിരക്കുകയും ‘സാത്താന്’ ചാനലിലൂടെ ലോകത്തിനു മുന്നില്‍ അതെല്ലാം വിളിച്ചു പറയുകയും ചെയ്തു. ചന്ദ്രഹാസന്‍ മുതലാളിയെ ‘പ്രമുഖന്’ എന്നാണ് നരിപ്പാറ രതീഷ് സ്റ്റോറിയില്‍ വിശേഷിപ്പിച്ചിരുന്നതെങ്കില്‍, മുതലാളിയുടെ പേര് എടുത്തു പറഞ്ഞു കൊണ്ട് തന്നെയാണ് ‘സാത്താന്’ പ്രോഗ്രാം തയ്യാറാക്കിയത്.

രാവിലെ ഒമ്പത് അമ്പതിന് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത ആ വീഡിയോ ഒരു മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പേ കണ്ടത് ഇരുപത്തയ്യായിരം പേരാണ് ! പന്ത്രണ്ടായിരം പേര് അത് ഷെയര്‍ ചെയ്തു. ഒരൊറ്റയാളും ഡിസ് ലൈക് ചെയ്തില്ല. കമന്റുകള്‍ രേഖപ്പെടുത്തിയ അഞ്ഞൂറ്റി ഇരുപത്താറു പേരില്‍ ആരും തന്നെ സാത്താനെ വിമര്‍ശിച്ചില്ലെന്നു മാത്രമല്ല, അയാള്‍ക്ക് അഭിനന്ദനങ്ങള്‍ ചൊരിയുകയും നീതി നിഷേധം നടത്തുന്ന ഭരണ സംവിധാനങ്ങള്‍ക്കെതിരെ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കുകയും ചെയ്തു.നൂറു കണക്കിന് വീഡിയോകള്‍ മുന്‍പ് ചെയ്ത്, സമ്മിശ്ര പ്രതികരണങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള സാത്താന് പുതിയൊരനുഭവമായി മാറുകയായിരുന്നു ആ വീഡിയോ.
അന്നു വൈകുന്നേരം അഞ്ചു മണിക്ക് പാളയത്തെ ‘സംസം’ റെസ്റ്റോറന്റില്‍ വച്ചാണ് ആര്‍ദ്ര ആ വീഡിയോ കണ്ടത്. അസിസ്റ്റന്റ് പ്രൊഫസറായി പി.എസ്.സി അഡൈ്വസ് കിട്ടിയതിന്റെ സന്തോഷം പങ്കിടാന്‍ ‘സംസ’മില്‍ നിന്ന് ഐസ്ക്രീം വാങ്ങിക്കൊടുക്കാമെന്ന് സുജിത്ത് പറഞ്ഞതനുസരിച്ച് റെസ്റ്റോറന്റില്‍ എത്തിയതായിരുന്നു അവള്. ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയതുകൊണ്ട് സുജിത് എത്താന്‍ പത്തുമിനിട്ട് വൈകി. ആ സമയത്താണ് അവള് മൊബൈല്‍ ഓണ്‍ ചെയ്തതും വൈറലായി മാറിയ ആ ‘സാത്താന്’ വീഡിയോ കാണുന്നതും. സുധാകരന്റെ അവസ്ഥയില്‍ അവള്‍ക്ക് സങ്കടവും ദേഷ്യവുമൊക്കെ തോന്നി. സുധാകരനൊപ്പം എന്ന ഹാഷ് ടാഗില്‍ അവള് ആ വീഡിയോ ഷെയര്‍ ചെയ്തു.
റെസ്റ്റോറന്റില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ ആര്‍ദ്ര മൊബൈല്‍ തുറന്നതും ഞെട്ടി! #സുധാകരനൊപ്പം എന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു! ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ചര്‍ച്ചകളും സംവാദങ്ങളും പൊടിപൊടിക്കുന്നു – സമരപ്പന്തലില്‍ ചെന്ന് സുധാകരനോടൊപ്പം നിന്ന് സെല്‍ഫിയെടുത്ത് പലരും തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു, ചിലര്‍ നീതിന്യായ വ്യവസ്ഥകള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു, ചന്ദ്രഹാസന്‍ മുതലാളിയുടെ കൊള്ളരുതായ്മകളെക്കുറിച്ചും ഉന്നത ബന്ധങ്ങളെക്കുറിച്ചും ചിലര്‍ ധാര്‍മ്മിക രോഷം കൊള്ളുന്നു…..
സോഷ്യല്‍ മീഡിയയിലൂടെ ഒരു സമരരൂപം ഉയിര്‍കൊള്ളുകയായിരുന്നു. നേതാക്കളും അണികളുമെന്ന വേര്‍തിരിവില്ലാത്ത ഒരു സമരരൂപം.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ട നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍, സിനിമാ താരങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകായിക രംഗത്തുള്ളവര്‍,വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പെട്ടവര്‍ ചേര്‍ന്നതായിരുന്നു ആ സമരരൂപം. സോഷ്യല്‍ മീഡിയയിലെ പരസ്പര സംവാദത്തിലൂടെ അവര്‍ ഒടുവില്‍ ഒരു തീരുമാനത്തിലെത്തി – സുധാകരന്റെ സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട്,അടുത്ത ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ ഒത്തുചേരുക.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയായപ്പോഴേക്കും സെക്രട്ടറിയേറ്റിനു മുന്നിലെ റോഡില്‍ ജനം എത്തിത്തുടങ്ങി. സമരത്തിന്റെ നൂറ്റി ഇരുപത്തിരണ്ടാം ദിവസമായിരുന്നു അന്ന്. നൂറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോലും ആരും തിരിഞ്ഞു നോക്കാതിരുന്ന തന്റെ സമരത്തിന് അപ്രതീക്ഷിതമായി സംഭവിച്ച പരിണാമം സുധാകരന് അവിശ്വസനീയമായി തോന്നി. ഏതെങ്കിലും സംഘടനകള്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ക്കു മാത്രമേ സാധാരണ ഗതിയില്‍ ഇത്രയും ആള്ക്കാര് പങ്കെടുക്കാറുള്ളൂ. ഇവിടെ ഇതാ ഒരു സംഘടനയുടേയും ആഹ്വാനമില്ലാതെ നാനാമേഖലയിലുള്ള നൂറുകണക്കിനു പേര് അണിനിരന്നിരിക്കുന്നു!
തലസ്ഥാന നഗരം ഇന്നു വരെ കണ്ടിട്ടില്ലാത്ത വേറിട്ട സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ മത്സരിച്ചു. ഇന്നലെ വരെ ഈ സമരപ്പന്തലിനു മുന്നിലൂടെ തേരാപാരാ നടന്നിട്ടും ഒന്നു തിരിഞ്ഞുനോക്കാന്‍പോലും തോന്നിയില്ലല്ലോ എന്ന മന:സ്താപമൊന്നും തൊട്ടുതീണ്ടാതെയാണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ കര്‍മ്മനിരതരായത്. പല ചാനലുകളും ലൈവ് റിപ്പോര്‍ട്ടാണു നല്‍കിയത്. പക്ഷേ, ചന്ദ്രഹാസന്‍ മുതലാളിയെ കടന്നാക്രമിക്കാനൊന്നും മിക്ക ചാനലുകളും മുതിര്‍ന്നില്ല. കാരണം, ചന്ദ്രാ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളായിരുന്നു അവരുടെ പല പരിപാടികളുടേയും മുഖ്യ പ്രായോജകര്‍.
പതിനൊന്നു മണിയോടെ സാത്താന് ഏലിയാസ് എത്തി. വന്‍ കരഘോഷത്തോടെയാണ് ആള്ക്കാര് അയാളെ വരവേറ്റത്. ‘ദി സിറ്റി ന്യൂസി’ല്‍ വന്ന തന്റെ സ്റ്റോറിയുടെ അനന്തര ഫലമാണ് ഇപ്പോഴത്തെ ബഹുജന കൂട്ടായ്മ എന്ന സത്യം തിരിച്ചറിയാതെ പാവം നരിപ്പാറരതീഷും സാത്താനെ കാണാന്‍ പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ തിക്കിത്തിരക്കുന്നുണ്ടായിരുന്നു. സാത്താനോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ പലരും മത്സരിച്ചു. സ്ഥലത്തുണ്ടായിരുന്ന ആര്‍ദ്രയും സാത്താനോടൊപ്പമുള്ള ഒരു സെല്‍ഫിയെടുത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. പതിനൊന്നര മണിയോടെ സ്റ്റാച്യൂ ജംഗ്ഷനിലെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുന്ന രീതിയിലായി ആളുകളുടെ ഒഴുക്ക്. അവധി ദിനത്തിന്റെ ആലസ്യത്തില്‍ വീണു മയങ്ങാറുള്ള നഗര നിരത്ത് അപ്രതീക്ഷിതമായി ആളും ആരവവുമായി നിറഞ്ഞു കവിയുന്നത് എങ്ങനെയോ മണത്തറിഞ്ഞ നഗരത്തിലെ കപ്പലണ്ടി കച്ചവടക്കാരും ചായ – സര്‍ബത്ത് വില്പനക്കാരും ഭാഗ്യക്കുറി കച്ചവടക്കാരും,കിട്ടിയ അവസരം മുതലാക്കാനായി ആ ജനസഞ്ചയത്തിനിടയിലൂടെ ഊര്‍ജസ്വലരായി ഓടിനടന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയായി സഹകരണ വകുപ്പ് മന്ത്രി സമര സ്ഥലത്തെത്തി സുധാകരനെ കണ്ടു. സമരത്തിനോട് സര്‍ക്കാരിന് അനുഭാവപൂര്‍വ്വമായ സമീപനമാണുള്ളതെന്നും നിയമപരമായി സാധ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും അദ്ദേഹം സുധാകരന്റെ തോളില്‍ കയ്യിട്ടുകൊണ്ട് ഉറപ്പുനല്‍കി. എന്നാല്‍, അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നാണ് സുധാകരന് അതിനോടു പ്രതികരിച്ചത്.
ഉച്ചകഴിഞ്ഞപ്പോഴാണ് പ്രതിപക്ഷനേതാവും പരിവാരങ്ങളും എത്തിയത്. ദു:ഖം ഖനീഭവിച്ച മുഖഭാവത്തോടെ അദ്ദേഹം സമരപ്പന്തലിലേക്കു കയറി സുധാകരനെ കെട്ടിപ്പിടിച്ചു.അദ്ദേഹം പൊട്ടിക്കരയുമെന്നു തന്നെ തോന്നി. ഫ്ളാഷുകള്‍ മിന്നി. ചാനല്‍ ക്യാമറക്കണ്ണുകള്‍ ആ വിഷാദ ഭാവത്തെ ഒട്ടും ചോര്‍ന്നുപോകാതെ ഒപ്പിയെടുത്തു.
”എത്ര ദയനീയമാണ് ഇത്തരം സംഭവങ്ങള്‍.ഈ സര്‍ക്കാരിന് മനുഷ്യത്വമോ കണ്ണില്ച്ചോരയോ ഉണ്ടെങ്കില്‍ ഈ പാവം മനുഷ്യന് ഇങ്ങനെ ഒരു ഗതി വരുമായിരുന്നോ? കുറ്റവാളികളെ സംരക്ഷിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എത്രയും വേഗം അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഈ സമരം പ്രതിപക്ഷം ഏറ്റെടുക്കും….”
പ്രതിപക്ഷ നേതാവിന്റെ ആവേശോജ്ജ്വലമായ ആ വാക്കുകള്‍ കേട്ട് ആരൊക്കെയോ കൈയടിച്ചു. ഇതെല്ലാം കേട്ടുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന ഏലിയാസിന്റെ ഉള്ളിലെ ‘സാത്താന്’ ഉണര്‍ന്നത് പെട്ടെന്നായിരുന്നു. അവന് ആളുകളെ വകഞ്ഞു മാറ്റി സമരപ്പന്തലിലേക്കു കയറി.
”അല്ല സാറേ, ഒരു സംശയം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാറ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴല്ലേ ഹരീഷ് കൊല്ലപ്പെടുന്നത്. അന്ന് കേസ് നേരാംവണ്ണം അന്വേഷിക്കാത്തതു കൊണ്ടല്ലേ ഇന്ന് ഇദ്ദേഹത്തിന് ഈ ഗതിയുണ്ടായത്?”
അപ്രതീക്ഷിതമായ ആ ചോദ്യത്തിന്റെ ചൂടില്‍ പ്രതിപക്ഷനേതാവിന്റെ നെറ്റിത്തടത്തില്‍ നിന്ന് മൂന്നാല് നീരുറവകള്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെടുകയും, കവിളില്‍ പുട്ടിയിട്ടിരുന്ന പോണ്‍സ് പൗഡറിനെ അലിയിച്ചുകൊണ്ട് തൂവെള്ള ഖദര്‍ ഉടുപ്പിന്റെ കോളറിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തു. കരുണരസം പുരണ്ടിരുന്ന ആ കുഴിഞ്ഞ കണ്ണുകള്‍ അതിദ്രുതം രൗദ്രരസം പൂണ്ടു.
”ഹേ മിസ്റ്റര്‍ ആരാണു നിങ്ങള്‍? കാര്യങ്ങളെ ചുമ്മാ ഡൈവേര്‍ട്ട് ചെയ്യരുത്. ഇദ്ദേഹത്തിനിപ്പോള്‍ വേണ്ടത് നീതിയാണ്.”
”സാറ് അന്ന് ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ അത് എന്നേകിട്ടിയേനെ.”
സാത്താന്റെ മറുപടിയില്‍ ഉത്തരംമുട്ടിപ്പോയ പ്രതിപക്ഷ നേതാവിന്റെ ഖദര്‍ ഉടുപ്പില്‍ വിയര്‍പ്പിന്റെ ഭൂഖണ്ഡങ്ങള്‍ വിരിഞ്ഞു തുടങ്ങിയപ്പോഴേക്കും അപകടം മണത്ത അനുചരവൃന്ദം രക്ഷാപ്രവര്ത്തനസന്നദ്ധരായി കളത്തിലിറങ്ങി.
”ഡേയ്, നീ ആര്? നീ ആരൂടെയാണ് സംസാരിക്കണതെന്നറിയാമോ?”
കൗണ്‍സിലര്‍ വിനോദ് മുന്നോട്ടുവന്നു.സാത്താന് കുലുക്കമേതുമില്ലാതെ താടി തടവി നിന്നു.അപകടം തിരിച്ചറിഞ്ഞ ആള്ക്കാര് ഇരുവര്‍ക്കുമിടയിലായി മതില് തീര്‍ത്തു.
”വിനോദേ,വേണ്ട വേണ്ട ….”
മിഴി തുറന്നിരിക്കുന്ന ചാനല്‍ ക്യാമറകളെക്കുറിച്ച് ബോധവാനായ പ്രതിപക്ഷ നേതാവ് സില്ബന്ദിയെ വിലക്കി. അയാള്‍, പല്ലിറുമ്മിക്കൊണ്ട് നേതാവിന്റെ ആജ്ഞ അനുസരിച്ചു. പിന്നെ അധിക സമയം അവിടെ നില്‍ക്കാതെ പ്രതിപക്ഷനേതാവും സംഘവും കൊടി വച്ച കാറിനെ ലക്ഷ്യമാക്കി നടന്നു. കാറില്‍ കയറുന്നതിനു മുമ്പായി ‘സാത്താനെ’ തിരിഞ്ഞൊന്നു നോക്കാന്‍ അയാള്‍ മറന്നില്ല. ആ തടിച്ച കണ്തടങ്ങളില് ആഴ്ന്നു കിടന്നിരുന്ന ചെറിയ കണ്ണുകളിലെ ക്രോധത്തിന്റെ ചുവപ്പടയാളം ‘സാത്താന്’ തിരിച്ചറിഞ്ഞു. അവന്റെ ചിറിക്കോണില്‍ ഒരു പരിഹാസച്ചിരി പരന്നു.
അഞ്ചു മണിയായപ്പോഴേക്കും പ്രതിഷേധ കൂട്ടായ്മ പിരിഞ്ഞു തുടങ്ങി.ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കണമെന്ന തീരുമാനമെടുത്താണ് തത്ക്കാലം അവര്‍ പിരിഞ്ഞത്. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒരു ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. സാത്താനെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങിപ്പോകുന്നതുകൊണ്ട് തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞ് അവന് ഒഴിഞ്ഞുമാറി.
ആളുകള്‍ ഭൂരിഭാഗവും ഒഴിഞ്ഞുപോയെങ്കിലും ‘സാത്താന്’ ഉള്‍പ്പെടെയുള്ള ചിലര്‍ സമരപ്പന്തലില്‍ അവശേഷിച്ചു. രാത്രി ഒമ്പത് മണിയായപ്പോഴാണ് ‘സാത്താന്’ അവിടെ നിന്നിറങ്ങിയത്. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്ത് അവന് ബേക്കറി ജംഗ്ഷനിലെത്തി. നല്ല ക്ഷീണമുണ്ട്. ഒരു ബിയര്‍ കുടിക്കാനായി അവന് ഇന്ദ്രപുരി ബിയര്‍/വൈന്‍ പാര്‍ലറിലേക്ക് ബുള്ളറ്റ് തിരിച്ചു.
‘ഇന്ദ്രപുരി’യില്‍ നിന്ന് ഏലിയാസ് പുറത്തിറങ്ങിയപ്പോള്‍ മണി പത്ത് കഴിഞ്ഞിരുന്നു. ഞായറാഴ്ചയായതിനാല്‍ നഗരം ഏറെക്കുറെ വിജനമായിരുന്നു. വാന്റോസ് ജംഗ്ഷനില്‍ നിന്ന് വലത്തോട്ടുള്ള റോഡിലൂടെ മേല്‍പ്പാലത്തിനു താഴെയുള്ള ബേക്കറി-പാളയം റോഡിലേക്ക് അവന് ബുള്ളറ്റ് ഓടിച്ചു. മേല്‍പ്പാലത്തിനു തൊട്ടു താഴെ എത്തിയതും വലതുവശത്തെ തട്ടുകടയുടെ ഭാഗത്തു നിന്നും രണ്ടു പേര് ബുള്ളറ്റിനു മുന്നിലേക്കു ചാടി വീണു. ബാലന്‍സ് തെറ്റിയ ഏലിയാസും ബുള്ളറ്റും റോഡിലേക്കു തെറിച്ചു.വടിവാളും ഇരുമ്പുദണ്ഡും തനിക്കു നേരെ പാഞ്ഞടുക്കുന്നതു കണ്ട ഏലിയാസ് റോഡില്‍ നിന്ന് ചാടിപ്പിടഞ്ഞെണീറ്റ് ഓടാന്‍ തുടങ്ങി. പിറകേ ആ രണ്ടു പേരും. മേല്പ്പാതയ്ക്കു താഴെ നിന്നും നന്ദാവനത്തേക്കു പോകുന്ന റോഡിലേക്ക് ഏലിയാസ് ഓടി. റോഡിന് ഇടതു വശത്തുള്ള കള്ള് ഷാപ്പിനടുത്തെത്തിയപ്പോഴേക്കും കാലിലേക്ക് പാഞ്ഞു വന്ന ഇരുമ്പ് ദണ്ഡില്ത്തട്ടി ഏലിയാസ് റോഡിലേക്കു വീണു. അലറി വിളിച്ചു കൊണ്ട് ആ അജ്ഞാതര്‍ അവനു നേരെ പാഞ്ഞടുത്തു. പക്ഷേ, അപ്രതീക്ഷിതമായി ഒരു ബൈക്ക് എതിരേ വരുന്നതു കണ്ട് അവര്‍ ഒന്നറച്ചു. ഏ ആര് ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുജിത്തിന്റെ വണ്ടിയായിരുന്നു അത്. റോഡില്‍ ആരോ വീണു കിടക്കുന്നത് കണ്ട് അവന് വണ്ടി നിര്‍ത്തി.
”വണ്ടി എടുത്തോണ്ടു പോടാ….”
അക്രമികളിലൊരുവന് സുജിത്തിനു നേരെ ചീറിയടുത്തു. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിയ സുജിത്ത് ഷൂസിട്ട കാല് വീശി അവന്റെ പള്ളയിലൊന്നു കൊടുത്തു.വയര്‍ പൊത്തിപ്പിടിച്ച് അവന് നിലത്തിരുന്നു. അതുകണ്ട രണ്ടാമന് ഏലിയാസിനെ വിട്ട് സുജിത്തിനുനേരെ വടിവാളുമായി കുതിച്ചു. എന്നാല്‍, അപ്രതീക്ഷിതമായ നീക്കത്തിലൂടെ, റോഡില്‍ വീണു കിടന്ന ഇരുമ്പ് ദണ്ഡ് കുനിഞ്ഞെടുത്ത സുജിത്ത്, അവന്റെ കാല്‍മുട്ട് നോക്കി ഒന്നു കൊടുത്തു. ആര്‍ത്തനാദത്തോടെ അവന് റോഡിലേക്കു തെറിച്ചു വീണു.ഈ സമയം റോഡിനിരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വന്നു തുടങ്ങിയെന്നു തിരിച്ചറിഞ്ഞ അക്രമികള്‍ കൂടുതല്‍ ‘ഷോ’ കാണിച്ചാല്‍ കുഴപ്പമാകുമെന്ന് മനസ്സിലാക്കി, എണീറ്റ് അടിപ്പാതയിലൂടെ ഓടി.
”എന്തെങ്കിലും പറ്റിയാ?ആരാ അവമ്മാര്?”
റോഡില്‍ വീണുകിടന്ന ‘സാത്താനെ’ കൈ പിടിച്ച് എഴുന്നേല്പിച്ചു കൊണ്ട് സുജിത് ചോദിച്ചു.
”ഞാനും അതാ ആലോചിക്കുന്നത്. ആരാ അവമ്മാര് ?”
സാത്താന് ഏലിയാസ് പറഞ്ഞത് സത്യമായിരുന്നു. സാത്താന് ചാനലിലെ പ്രതികരണങ്ങളിലൂടെ ഒരുപാടുപേരുടെ ശത്രുത സമ്പാദിച്ചുകൂട്ടിയിട്ടുള്ളതിനാല് അവരില്‍ ആരായിരിക്കും കലിപ്പ് തീര്ക്കാനിറങ്ങിയതെന്ന് അവന് ഒരെത്തും പിടിയും കിട്ടിയില്ല. രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ അസഹിഷ്ണുക്കളായ സംഘികളോ, കമ്മികളോ, കൊങ്ങികളോ, സുഡാപ്പികളോ ആണോ? സൂപ്പര്‍ – മെഗാതാരങ്ങളുടെ ആരാധകരാണോ? ജനപ്രിയ നായകന്റെ സ്തുതി പാഠകരാണോ? ചന്ദ്രഹാസന്‍ മുതലാളിയുടെ ഗുണ്ടകളാണോ? അതോ, ഇന്ന് പ്രതിപക്ഷനേതാവുമായി കൊമ്പുകോര്‍ത്തതിന് അണികള്‍ പ്രതിഷേധവുമായെത്തിയതോ?…. ഏലിയാസിന്റെ ചിന്തകള്‍ പല വഴിക്കു പോയി.
സുജിത്തിനോടു നന്ദിപറഞ്ഞ ശേഷം ഏലിയാസ് ബുള്ളറ്റില്‍ കയറി അടിപ്പാതയിലൂടെ വീട്ടിലേക്കു പാഞ്ഞു.പരാതിപ്പെടാന്‍ സുജിത്ത് നിര്‍ബന്ധിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞ് ഗള്‍ഫിലേക്കു പോകേണ്ടതിനാല്‍ അവന് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.റോഡില്‍ വീണ് കൈമുട്ട് മുറിഞ്ഞത് നീറിപ്പുകഞ്ഞുകൊണ്ടിരുന്നപ്പോഴും അവന്റെ മനസ്സില്‍ ഒരു ചോദ്യം ഉത്തരം കിട്ടാതെ തിളച്ചു മറിഞ്ഞു. ആരായിരുന്നു അവര്‍?