
സ്റ്റ്യാചു ജംഗ്ഷൻ – 18

പ്രശാന്ത് ചിന്മയൻ
- വെളിപ്പെടല്‍
എങ്ങനെയെങ്കിലും ഈ ഊരാക്കുടുക്കില്‍ നിന്ന് ഒന്ന് ഊരിക്കിട്ടിയാല് മതിയെന്ന് ഡാന്‍സര്‍ അംബി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തിളയ്ക്കുന്ന ഉച്ചച്ചൂടില്‍ അയാളുടെ നഗ്നമായ മുതുകിലൂടെ വിയര്‍പ്പു ചാലുകള്‍ ഒഴുകിയിറങ്ങി. നെഞ്ചിടിപ്പു കൂടി. ശരീരം വിറച്ചു.
”അണ്ണാ, എങ്ങനേങ്കിലും ഊരാന്‍ നോക്കീന്….”
അയാള്‍ക്കൊപ്പം ഊരാക്കുടുക്കില്‍ അകപ്പെട്ടുപോയ അനിക്കുട്ടന് കിതച്ചു കൊണ്ട് കെഞ്ചി. അത് കേട്ടപ്പോള്‍ ഡാന്‍സര്‍ അംബിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
”നീ കാണണില്ലേടാ. ഞാനെപ്പഴേ നോക്കണ്…. പറ്റണ്ടേ?”
അയാള്‍ മാംസസമൃദ്ധമായ തന്റെ കറുത്ത ഉടലിനെ ഒന്നുകൂടി ഇളക്കി നോക്കി. മുതുക് വേദനിച്ചതല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. ചുറ്റും കൂടി നിന്നവരെ അവരിരുവരും ദയനീയമായി നോക്കി.കാഴ്ചക്കാര്‍, ചിരിക്കണോ സഹതപിക്കണോ എന്നറിയാതെ കുഴയുകയും ‘അങ്ങോട്ട്’, ‘ഇങ്ങോട്ട്’ എന്നിങ്ങനെ ഇടയ്ക്കിടയ്ക്ക് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ടിരിക്കുകയും ചെയ്തു. സഹതാപം തോന്നിയ അവരിലൊരാള്‍ ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ വാങ്ങി ഇരുവരുടേയും വായിലേക്കൊഴിച്ചു കൊടുത്തു.പരവേശത്തോടെ അവര്‍ വെള്ളം മടമടാ കുടിച്ചു.
ഫ്ളാഷുകള്‍ മിന്നി. കെട്ടുപിണഞ്ഞു കിടന്ന ആ വിചിത്ര ദൃശ്യത്തെ ചാനല്‍ ക്യാമറാമാന്മാര് സൂക്ഷ്മമായിത്തന്നെ ഒപ്പിയെടുത്തുകൊണ്ടിരുന്നു. പ്രതിദിന ആക്ഷേപഹാസ്യ പരിപാടിയിലെ ഇന്നത്തെ പ്രധാന ഇനമാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നോര്ത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ നെഞ്ചില്‍ കുളിരു കോരാന്‍ തുടങ്ങി. ഇതിനിടയ്ക്ക് പോലീസും സ്ഥലത്തെത്തി. അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ അവരും ഒരു കൈ നോക്കി. രക്ഷയില്ല. ഒടുവില്‍, ഫയര്‍ഫോഴ്സിലേക്ക് വിളി പോയി.
ഹോങ്കോങ്ങില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സമാധാനപരമായ വ്യത്യസ്തസമരം നടത്തിയ ഡാന്‍സര്‍ അംബിയും സഹായി അനിക്കുട്ടനുമാണ് ഇപ്പോള്‍ ഊരാക്കുടുക്കില്‍ പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലെ ചുട്ടുപൊള്ളുന്ന റോഡില്‍ സയാമീസ് ഇരട്ടകളെപ്പോലെ കിടക്കുന്നത്. ‘ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക’ എന്ന പ്ലക്കാര്‍ഡുകളും പിടിച്ച് രാവിലെ പതിനൊന്നു മണിയോടെ പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നില്‍ നിന്നു നടന്നുതുടങ്ങിയ അംബിയും അനിക്കുട്ടനും സെക്രട്ടറിയേറ്റിനു മുന്നില്‍ വന്നുനിന്നശേഷം കുറച്ചു നേരം ചൈനക്കെതിരേ ഘോരഘോരം മുദ്രാവാക്യം വിളിച്ചു. എന്നിട്ട്, അംബി നേരെ നടപ്പാതയില്‍ നില്ക്കുന്ന കൂറ്റന്‍ വേപ്പിന്റെ അടുത്തെത്തി അതിന്റെ പിന്നിലേക്കു കുനിഞ്ഞു. നിവര്‍ന്നപ്പോള്‍ കയ്യിലൊരു പഴയ സൈക്കിള്‍ ടയര്‍! അയാള്‍ അതുമായി വീണ്ടും റോഡിലിറങ്ങി.
വേറിട്ട സമരങ്ങളിലൂടെ മുന്‍പും ശ്രദ്ധ നേടിയിട്ടുള്ളയാളാണ് ഡാന്‍സര്‍ അംബി. പണ്ടത്തെ ഏതൊക്കെയോ സിനിമകളില്‍ ഡാന്‍സ് മാസ്റ്ററായിരുന്നുവെന്നും കമലഹാസന് പോലും തന്റെ ശിഷ്യനായിരുന്നു എന്നുമൊക്കെ അവകാശപ്പെടുന്നതുകൊണ്ടാണ് അയാളെ നാട്ടുകാര്‍ ഡാന്‍സര്‍ അംബി എന്നു വിളിക്കുന്നത്.ആണി തറച്ച പലകയില്‍ കിടന്ന് വിലക്കയറ്റത്തിനെതിരെയും, സ്വന്തം ശരീരത്തില്‍ ചാട്ടവാറടികള്‍ നടത്തി ലഹരിക്കെതിരെയും, കലാകാരന്മാരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് മണിക്കൂറുകളോളം തുടര്‍ച്ചയായി നൃത്തം (?) ചെയ്തുമൊക്കെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളയാളായതുകൊണ്ട് പത്രക്കാരും ചാനല്കാരും അത്യുത്സാഹത്തോടെ അംബിയെ വട്ടമിട്ടു തുടങ്ങി. സൈക്കിള്‍ ടയര്‍ കൊണ്ട് എന്ത് അഭ്യാസമാണ് അയാള്‍ കാണിക്കാന്‍ പോകുന്നതെന്നറിയാതെ എല്ലാവരും കൗതുകം പൂണ്ടു.
”സുഹൃത്തുക്കളേ, സ്വാതന്ത്ര്യമാണ് ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ടത്. അത് നിഷേധിക്കപ്പെടുന്നവരുടെ വേദനയെ പ്രതീകാത്മകമായി അവതരിപ്പിച്ചു കൊണ്ട്, ഹോങ്കോങ്ങില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനത്തെ തുറന്നുകാട്ടുന്ന പ്രതിഷേധപരിപാടിയാണ് ഇന്നിവിടെ നടക്കുന്നത്. എല്ലാവരുടേയും പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ പരിപാടിയിലേക്കു കടക്കുന്നു.”
പ്രൊഫഷണല്‍ നാടകങ്ങളുടെ അനൗണ്‍സ്മെന്റിനെ അനുസ്മരിപ്പിക്കുന്ന വിധം അംബി കാര്യം അവതരിപ്പിച്ചു. ടയര്‍ നിലത്തുവച്ചശേഷം, ഇട്ടിരുന്ന തിളങ്ങുന്ന ചുവന്ന ഷര്‍ട്ടിനെ അഴിച്ച് റോഡില്‍ വച്ചിട്ട് വീണ്ടും ടയറിനെ കൈയിലെടുത്തു. ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിച്ചശേഷം ടയറിനകത്തു കൂടി കാലുകള്‍ മാറി മാറി കയറ്റി ടയറിനെ വലിച്ച് വലിച്ച് വയര്‍ വരെ കൊണ്ടുവന്നു.
”കണ്ടില്ലേ…. ഇതുപോലെയാണ് നിയന്ത്രണങ്ങള്‍. ആവശ്യത്തിനു മാത്രമായാല്‍ യാതൊരു പ്രശ്നവുമില്ല. വളരെ ഈസിയായി അകത്തേക്കും പുറത്തേക്കും കടന്നു പോകാം….”
അയാള്‍ ടയറിനെ വലിച്ച് തലയുടെ മുകളിലേക്കുയര്‍ത്തി പുറത്തെടുത്തു.
”പക്ഷേ, നിയന്ത്രണങ്ങള്‍ കൂടിപ്പോയാലെന്തു സംഭവിക്കുമെന്നു നോക്കാം.”
അംബി അത് പറഞ്ഞപ്പോഴേക്കും അനിക്കുട്ടന് തന്റെ മഞ്ഞ ഷര്‍ട്ടിനെ അഴിച്ച് റോഡില്‍ വച്ച് അംബിയുടെ അടുത്തേക്കു വന്നു. അംബി വീണ്ടും ടയറിനെ വലിച്ച് വലിച്ച് വയറിലെത്തിച്ചു. അനിക്കുട്ടന്, കൂടിനിന്നവരെ നോക്കി കൈകൂപ്പിയശേഷം അംബിയുടെ വയറിനും ടയറിനുമിടയിലൂടെ തല കൊണ്ട് ആയാസപ്പെട്ട് നുഴഞ്ഞു കയറാന്‍ തുടങ്ങി. ഉടലുകള്‍ ടയറുകള്‍ക്കിടയില്‍ ഞെങ്ങി ഞെരുങ്ങുന്നതിന്റെ വേദന ഇരുവരുടേയും മുഖത്ത് നന്നായി പ്രതിഫലിച്ചു. ടയറില്‍ ബന്ധനസ്ഥരായ അംബിയും അനിക്കുട്ടനും മുഖാമുഖം നോക്കി നിന്നു.
”ഇപ്പോള്‍ മനസ്സിലായില്ലേ. നിയന്ത്രണങ്ങള്‍ കൂടിയപ്പോഴുള്ള അവസ്ഥ. ആവശ്യത്തിനു മാത്രം നിയന്ത്രണങ്ങളുള്ള ലോകത്തിനു വേണ്ടിയാണ് ഈ പ്രതിഷേധം. നിയന്ത്രണങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു ജനതയ്ക്ക് അതില്ലാതാകുമ്പോഴുള്ള സുഖം ഇനി നോക്കൂ…”
ഇത്രയും പറഞ്ഞ് അംബി അനിക്കുട്ടനെ നോക്കി. അവന് ആശ്വാസനിശ്വാസമുതിര്‍ത്തു കൊണ്ട്, ടയറില്‍ നിന്ന് പുറത്തു കടക്കാന്‍ ശരീരത്തെ ഒന്ന് ഉലച്ചു. പിന്നെയും ഉലച്ചു. പിന്നെയും.. പിന്നെയും …. ടയറിനെ താഴ്ത്താന്‍ നോക്കി. ഉയര്‍ത്താന്‍ നോക്കി. വലിക്കാന്‍ നോക്കി…. സംഗതി വശപ്പിശകാകുകയാണെന്നു ബോധ്യമായ അംബിയും ടയറിനെ ഉയര്‍ത്താനും താഴ്ത്താനും നോക്കി വശംകെട്ടു. ആശാനും ശിഷ്യനും ‘നിയന്ത്രണ ‘ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അന്തം വിട്ട് പലതും ചെയ്തു നോക്കി. പക്ഷേ, വെപ്രാളം കൂടുന്നതിനനുസരിച്ച് ബന്ധനം കൂടുതല്‍ മുറുകിയതേയുള്ളൂ. ഒടുവില്‍, അടിതെറ്റിയ രണ്ടു പേരും ടാറിട്ട റോഡിലേക്ക് പതിച്ചു …..
അപായമണി മുഴക്കി ചെങ്കല്‍ച്ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്സ് പാഞ്ഞുവന്നപ്പോഴേക്കും അംബിയും അനിക്കുട്ടനും തീര്‍ത്തും അവശരായിക്കഴിഞ്ഞിരുന്നു. കട്ടിംഗ് മെഷീന് ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം ടയറിനെ മുറിച്ചു മാറ്റിയാണ് ഫയര്ഫോഴ്സുകാര് ഇരുവരേയും സ്വതന്ത്രരാക്കിയത്. ഊരാക്കുടുക്കില്‍ നിന്ന് വല്ല വിധേനെയും രക്ഷപ്പെട്ട ആശാനും ശിഷ്യനും നടു തടവിക്കൊണ്ട് കാഴ്ചക്കാരെ നോക്കി ഒരു ഇളിഭ്യച്ചിരി ചിരിച്ചു. കൂക്കിവിളികള്‍ ഉയര്‍ന്നു….
ഇത്രയും വലിയ കോലാഹലങ്ങള്‍ റോഡില്‍ നിന്നുയര്‍ന്നിട്ടും സുധാകരന് മാത്രം തന്റെ സമരക്കുടിലിനുള്ളില് തന്നെയിരുന്നു. അത്യന്തം വിഷാദവാനായി കാണപ്പെട്ട അയാള്‍, തന്റെ കയ്യിലിരുന്ന പത്രക്കടലാസിലേക്ക് ഇടയ്ക്കിടെ നോക്കി നെടുവീര്‍പ്പിട്ടു. ചന്ദ്രഹാസചരിതം വിവരിക്കുന്ന ‘ദിസിറ്റി ന്യൂസി’ന്റെ വിശേഷാല്‍ പ്രതിയായിരുന്നു അത്. ഇന്നലെ ഉച്ചയോടെയാണ് അയാള്‍ക്ക് ആ പത്രം കിട്ടിയത്. അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ വിഷാദഭാവം. അല്പസമയത്തിനു ശേഷം, എന്തോ ചിന്തിച്ചുറച്ചുകൊണ്ട് പത്രം ഒന്നുകൂടി നിവര്‍ത്തിയ അയാള്‍ പത്രത്തിന്റെ അവസാന താളില്‍ ഏറ്റവും താഴെയായിക്കൊടുത്തിരുന്ന ചെറിയ ചതുരത്തിനുള്ളിലേക്കു കണ്ണോടിച്ചു:
”നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയക്കേണ്ട വിലാസം – പത്രാധിപര്‍,
‘ദി സിറ്റി ന്യൂസ്’,
TC 32/ 224,
‘അല്അമീന്’, ശാസ്താംകോവിലിനു സമീപം,
തൈക്കാട്- പി.ഓ, തിരുവനന്തപുരം – 12”
അന്നു വൈകുന്നേരം നാലു മണിയോടെ ആരോടൊക്കെയോ ചോദിച്ച് തപ്പിപ്പിടിച്ച് സുധാകരന് ‘ദി സിറ്റി ന്യൂസി’ന്റെ ഓഫീസ് പടിക്കലെത്തി. ഡാന്‍സര്‍ അംബിയുടെ ടയര്‍ സമരത്തെക്കുറിച്ച് നരിപ്പാറ രതീഷ് രസകരമായൊരു സ്റ്റോറി തയ്യാറാക്കികൊണ്ടിരുന്നപ്പോഴാണ് സുധാകരന് അവിടേക്കു കടന്നുചെന്നത്. ഇയാളെ താനെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഭാവത്തോടെ, ആഗതനോട് അകത്തേക്കു വരാന്‍ രതീഷ് തല കൊണ്ട് ആംഗ്യം കാട്ടി.
‘ആരാ?’
നീണ്ടു കിടക്കുന്ന വെള്ളത്താടിയും, മുഷിഞ്ഞ മുണ്ടും ഇളം നീല ഷര്‍ട്ടുമിട്ടു മുന്നില്‍ നില്ക്കുന്ന സുധാകരനോട് രതീഷ് ചോദിച്ചു.
”സുധാകരന്. പറഞ്ഞാല്‍ സാറ് അറിയുമായിരിക്കും. എന്റെ മോനെ കൊന്നവരെ കണ്ടുപിടിച്ച് ശിക്ഷിക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ….”
അത്രയുമായപ്പോഴേക്കും രതീഷിന്റെ സ്മൃതിപഥങ്ങളില്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സുധാകരന്റെ സമരക്കുടില്‍ തെളിഞ്ഞു.നാലു മാസത്തോളമായി താന്‍ എന്നും കാണാറുള്ള ഈ മുഖത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദപ്രകടനമായി രതീഷ് തന്റെ നെറ്റിയില്‍ വലതു കൈപ്പത്തിക്കൊണ്ടടിച്ച ശേഷം സുധാകരന് കസേര ചൂണ്ടി.
”എന്താ കാര്യം?”
”സാറിന് ചന്ദ്രഹാസന്‍ മുതലാളിയെ ശരിക്കും അറിയാമോ?”
അപ്രതീക്ഷിതമായി കേട്ട ആ ചോദ്യത്തിനു മുന്നില്‍ രതീഷ് ഒരു നിമിഷം ഒന്നു പകച്ചു.
”അറിയാമോ എന്നു ചോദിച്ചാല്‍… അത് … പിന്നെ… അറിയാവുന്നതുകൊണ്ടാണല്ലോ പത്രത്തിലെഴുതിയത്….”
”ഇല്ല സാറേ. സാറെഴുതിയത് അയാളുടെ ഒരു മുഖം മാത്രമാ. സാറിനറിയാത്തതാണോ അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുകയാണോ എന്നെനിക്കറിയില്ല. ഞാനിപ്പോ സെക്രട്ടറിയേറ്റിനു മുന്നില്‍ ഇങ്ങനെ കെടക്കണത് അയാള്‍ കാരണമാ…. സാറിനതറിയാമോ?”
സുധാകരന്റെ തൊണ്ട ഇടറി. കണ്ണുകളില്‍ നനവു പടര്‍ന്നു. എന്തു പറയണമെന്നറിയാതെ രതീഷ് വിളറി വെളുത്ത മുഖവുമായി അയാളെത്തന്നെ നോക്കി ഇരുന്നു.
”ഇന്ന് നൂറ്റിപ്പന്ത്രണ്ട് ദിവസമായി ഞാന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മഴയും വെയിലും കൊണ്ട് കെടക്കണ്. ഇന്നുവരെ ഒരു പത്രക്കാരനും എന്റെ കാര്യം തിരക്കുകയോ പത്രത്തിലെഴുതുകയോ ചെയ്തില്ല സാറേ.അതിലെനിക്ക് വെഷമമില്ല. പക്ഷേ, എന്നെ ഈ അവസ്ഥയിലാക്കിയവനെ വലിയ മഹാനാക്കി പത്രത്തിലെഴുതിയിരിക്കണ കണ്ടപ്പം സഹിച്ചില്ല.അതാ ഞാന്‍ ഇവിടം വരെ വന്നത്. സാറിന്റെ പത്രത്തില്‍ ആരെപ്പറ്റി എഴുതണോന്നുള്ളത് സാറിന്റെ ഇഷ്ടം തന്നെ. പക്ഷേ, എന്നെപ്പോലെയുള്ളവരേം മറക്കല്ല്.”

അയാള്‍ വിതുമ്പിക്കൊണ്ട് വിറയ്ക്കുന്ന കൈകള്‍ കൂപ്പി കസേരയില്‍ നിന്നെണീറ്റു. തനിക്കു മുന്നിലൂടെ കണ്ണീരൊപ്പി മെല്ലെ മെല്ലെ നടന്നു പോകുന്ന ആ വൃദ്ധനെ രതീഷ് നിര്‍ന്നിമേഷനായി നോക്കി.വാതില്ക്കലെത്തിയ സുധാകരന് പതിയെ തിരിഞ്ഞു.
”ഒരുപാട് വിളിച്ചു പറയണമെന്നു കരുതിയാണ് ഞാനിങ്ങോട്ട് വന്നത്. പക്ഷേ, സാറിനെ കണ്ടപ്പോ… എനിക്കൊന്നും പറയാന്‍ തോന്നണില്ല. എന്റെ മോന് ഒണ്ടായിരുന്നെങ്കി സാറിന്റെ പ്രായമായിരുന്നേന്നെ… അവനെ കാണാനും സാറിനെപ്പോലെയായിരുന്നു…”
അത്രയും പറഞ്ഞപ്പോഴേക്കും അയാള്‍ വിതുമ്പിപ്പോയിരുന്നു. മുണ്ടിന്റെ തുമ്പ് കൊണ്ട് കണ്ണീരൊപ്പി,രതീഷിനെ ഒന്നുകൂടി നോക്കിയിട്ട് സുധാകരന് പടിക്കെട്ടുകളിറങ്ങാന് തുടങ്ങി.
ഹൃദയത്തിലൂടെ ഒരു വാള് തുളച്ചുകയറുന്നതായി രതീഷിനു തോന്നി. അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് മുന്നിലിരുന്ന മിനറല്‍ വാട്ടര്‍ബോട്ടിലെടുത്ത് വായിലേക്കു കമിഴ്ത്തി. മൂന്നു വര്‍ഷം മുമ്പ് നടന്ന ഹരീഷിന്റെ കസ്റ്റഡി മരണവും അതിനെത്തുടര്‍ന്നുണ്ടായ സമരങ്ങളും അന്വേഷണവുമൊക്കെ അയാള്‍ക്ക് ഓര്‍മ്മ വന്നു. കുറേക്കാലം പത്രങ്ങളുടേയും ചാനലുകളുടേയും സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നല്ലോ അതെല്ലാം. പക്ഷേ, അതിലൊന്നും ചന്ദ്രഹാസന്‍ മുതലാളിയുടെ പേര് പരാമര്‍ശിച്ചു കണ്ടതായി ഓര്‍ക്കുന്നില്ല.പോലീസുകാരെ കുറ്റവിമുക്തരാക്കി ഹരീഷിന്റെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ പ്രക്ഷോഭങ്ങളുടെ ശക്തി കുറഞ്ഞു കുറഞ്ഞു വരികയും ഒടുവില്‍, കെട്ടടങ്ങുകയും ചെയ്തതാണ്. പിന്നീട് ഇതേപ്പറ്റി ഒരു വാര്‍ത്തയും വന്നിരുന്നില്ല. മകന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരച്ഛന്റെ പോരാട്ടത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ എന്ന് രതീഷ് കുറ്റബോധത്തോടെ ഓര്‍ത്തു. ആ കുറ്റബോധത്തേക്കാള്‍ അയാളെ നീറ്റിയത്, വേട്ടക്കാരനെ മഹത്വവത്കരിക്കാന്‍, അറിയാതെയാണെങ്കിലും താന്‍ കൂട്ടുനിന്നുവല്ലോ എന്ന ചിന്തയായിരുന്നു.
അന്നുരാത്രി ഉറങ്ങാന്കഴിയാതെ രതീഷ് കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. തന്നെപ്പോലൊരു പത്രക്കാരന് ചെയ്തത് അത്ര വലിയ അപരാധമൊന്നുമല്ലെന്നും പത്രത്തിന്റെ നിലനില്പുതന്നെയാണ് പ്രധാനമെന്നും അയാള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് കണ്ണടച്ചപ്പോഴെല്ലാം നിസ്സഹായനായ ഒരു വൃദ്ധപിതാവിന്റെ രൂപം അയാളുടെ കണ്മുന്നില് തെളിഞ്ഞുകൊണ്ടേയിരുന്നു. ശബ്ദമില്ലാത്തവന്റെ ശബ്ദമാകാന്‍ വേണ്ടി എന്നൊക്കെ വിശ്വസിച്ചുകൊണ്ട് പത്രപ്രവര്‍ത്തകനാകാന്‍ ഇറങ്ങിത്തിരിച്ച തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്ക് തന്നോടുതന്നെ വെറുപ്പു തോന്നി. പല വിധ ചിന്തകളാല്‍ ഉറക്കം നീണ്ടുനീണ്ടു പോയി. ഒടുവില്‍, എപ്പോഴോ കണ്ണുകളടഞ്ഞു തുടങ്ങുമ്പോഴേക്കും അയാള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു.
പിറ്റേന്നു രാവിലെ എട്ടുമണിയോടെ രതീഷ്, സുധാകരന്റെ സമരപ്പന്തലിനു മുന്നിലെത്തിയപ്പോള്‍ സത്യാഗ്രഹ സമരം നൂറ്റിപ്പതിമൂന്നാം ദിവസം എന്ന് നീലച്ചായം കൊണ്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അയാള്‍. തോളില്‍ക്കിടന്ന ബാഗില്‍ നിന്ന് ക്യാമറയെടുത്ത് രതീഷ് ആ ദൃശ്യം പകര്‍ത്തി. തിരിഞ്ഞു നോക്കിയ സുധാകരന് അതിശയഭാവത്തോടെ അയാളെ നോക്കി. രതീഷ് പുഞ്ചിരിച്ചു.
”ഇന്നലെ നമ്മള് കണ്ടതില്‍പ്പിന്നെ എന്റെ ഉറക്കം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. അറിയാതെയാണെങ്കിലും വലിയൊരു കുറ്റം ചെയ്തപോലത്തെ അവസ്ഥ. ഞാന്‍ ആലോചിച്ചപ്പോള്‍ ഇതിന് ഒരു പ്രായശ്ചിത്തമേ ഉള്ളുവെന്ന് തോന്നി.അതാ രാവിലെ തന്നെ ഇങ്ങോട്ടു പോന്നത്. നമുക്ക് വിശദമായി സംസാരിക്കാം. ചേട്ടന് എന്തെങ്കിലും കഴിച്ചോ?”
ഇല്ല എന്ന മട്ടില്‍ സുധാകരന് തലയാട്ടി.
”ഞാനും കഴിച്ചിട്ടില്ല. ഒരു കാര്യം ചെയ്യാം. ആദ്യം നമുക്ക് എന്തെങ്കിലും കഴിക്കാം.”
വേണ്ട എന്നു പറഞ്ഞ് സുധാകരന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രതീഷ് വിട്ടില്ല. പിടിച്ച പിടിയാലെ അയാളേയും കൂട്ടി റോഡിലേക്കിറങ്ങി.
അരുള്‍ ജ്യോതി ഹോട്ടലില്‍,ആവി പറക്കുന്ന മസാല ദോശയ്ക്കു മുന്നില്‍ രതീഷും സുധാകരനും ഇരുന്നു. എത്രയോ നാളുകള്‍ക്കുശേഷമാണ് സുധാകരന് ഇങ്ങനെയൊരു പ്രാതല്‍ കഴിക്കുന്നത്. മിക്കവാറും ദിവസങ്ങളിലും റൊട്ടിയോ ബിസ്കറ്റോ ഒക്കെയായിരുന്നു അയാളുടെപ്രഭാത ഭക്ഷണം. അയാള്‍ ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നത് രതീഷ് സഹതാപത്തോടെ നോക്കി.
”എന്റേതു പോലെയുള്ള ഒരു ചെറിയ പത്രത്തിലെഴുതുന്നതു കൊണ്ട് എത്ര പേര് കാണുമെന്നോ വായിക്കുമെന്നോ എനിക്കറിയില്ല. എങ്കിലും ഞാനെഴുതാം. യഥാര്‍ത്ഥത്തില്‍ ഹരീഷിന് എന്താണു സംഭവിച്ചത്?”
രതീഷിന്റെ ചോദ്യം കേട്ട സുധാകരന് തലയുയര്‍ത്തി അവന്റെ മുഖത്തേക്ക് നിസ്സഹായ ഭാവത്തില്‍ നോക്കി. അയാളുടെ ഉള്ളില്‍ ഓര്‍ക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്തതെങ്കിലും നിരന്തരം ഓര്‍ത്തുകൊണ്ടേയിരിക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഒന്നൊന്നായി തെളിയാന്‍ തുടങ്ങി.കയ്യിലിരുന്ന മൊബൈല്‍ ഫോണിന്റെ വോയിസ് റെക്കോഡിംഗ് ഓപ്ഷനിലേക്ക് രതീഷിന്റെ വിരലുകള്‍ നീണ്ടു…..
”ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?
മലിനമായ ജലാശയം അതി-
മലിനമായൊരു ഭൂമിയും ….”
താത്കാലികമായി കെട്ടിയ സമരപ്പന്തലിനുള്ളില്‍ നിന്ന് ഹരീഷ് പാടി. ചുറ്റും കൂടി നിന്ന ഇരുപതോളം പേര് അതേറ്റു പാടിക്കൊണ്ടിരുന്നു. സമരപ്പന്തലിനു മുന്നില്‍ കെട്ടിയിരുന്ന ബാനറില്‍ ‘അനധികൃത ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. പ്രതിഷേധ സമരം ഒന്നാം ദിവസം’
എന്നെഴുതിയിട്ടുണ്ടായിരുന്നു. പാട്ട് അവസാനിച്ചപ്പോഴേക്കും രാവണന് കോട്ട പോലെ കെട്ടിയിരുന്ന ക്വാറിയുടെ മതിലിനുളളില്‍ നിന്ന് തുടര്‍ച്ചയായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. അതു കേട്ട പ്രതിഷേധക്കാര്‍ അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി:
”ഈങ്ക്വിലാബ് സിന്ദാബാദ്….”
നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട കരിഞ്ചാത്തിമൂലയില്‍, കിളളിയാറിന്റെ ഉത്ഭവസ്ഥാനത്തിനു പടിഞ്ഞാറു മാറി, മലമുകള്‍ എന്ന സ്ഥലത്ത് ഇരുപതേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ചാത്തന്‍പാറയിലെ അനധികൃത ഖനനത്തിനെതിരെയാണ് സമീപവാസികള്‍ സംഘടിച്ചിരിക്കുന്നത്. രണ്ടു മൂന്നു വര്‍ഷം മുമ്പ് ചെറിയ തോതില്‍ തുടങ്ങിയതാണ് ക്വാറി. തുടക്കത്തില്‍ നാട്ടുകാര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നെങ്കിലും കുറേ നാള് പിന്നിട്ടപ്പോള്‍ ഖനനരീതികള്‍ മാറാന്‍ തുടങ്ങി. രാപ്പകല്‍ ഭേദമില്ലാതെയുള്ള അത്യുഗ്രസ്ഫോടനങ്ങളില് പ്രദേശമാകെ വിറങ്ങലിച്ചു. പല വീടുകളുടേയും ചുമരുകള്‍ വിണ്ടുകീറി. പൊടിപറത്തിക്കൊണ്ട് കൂറ്റന്‍ ലോറികള്‍ തലങ്ങും വിലങ്ങും നിരന്തരം പാഞ്ഞു. ആളുകള്‍ ചുമച്ചു ചുമച്ചു ശ്വാസം മുട്ടി. അങ്ങനെ, ജീവിതം പരമദുരിതമായിത്തുടങ്ങിയപ്പോഴാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്. ഹരീഷാണ് അതിനു മുന്‍കൈയെടുത്തത്.
നെടുമങ്ങാട് ടൗണിലെ ‘സുവര്‍ണ ഫാഷന്‍ ജ്വല്ലേഴ്സി’ലെ സെയില്സ്മാനായിരുന്നു ഹരീഷ്. സുധാകരന് – ശ്യാമള ദമ്പതികളുടെ ഏകമകന്. ചരിത്രത്തില്‍ ബിരുദധാരി. വയസ് ഇരുപത്തി ആറ്. സര്‍ക്കാര്‍ ജോലിക്കു വേണ്ടി ടെസ്റ്റുകളെഴുതുന്നുണ്ടെങ്കിലും ഇതുവരെ ഒരു റാങ്ക് ലിസ്റ്റിലും ഇടം പിടിച്ചിട്ടില്ല. ടാപ്പിംഗ് തൊഴിലാളിയായ അച്ഛന് കുടുംബം പോറ്റാന്‍ ഒറ്റയ്ക്കു കഷ്ടപ്പെടുന്നതു കണ്ടാണ് അവന് ഒരു ജോലി അന്വേഷിച്ചിറങ്ങിയതും ഭേദപ്പെട്ട ശമ്പളത്തോടെ ജ്വല്ലറി സെയില്സ്മാനായതും. ജോലി കിട്ടി അധികനാള്‍ കഴിയും മുമ്പേ വിവാഹാലോചനകളും തുടങ്ങി. അജയപുരത്തുള്ള നിഷ എന്ന പെണ്‍കുട്ടിയുമായി അവന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
വീടിന് തൊട്ടടുത്ത് ക്വാറി തുടങ്ങിയപ്പോഴും, ശബ്ദവും പൊടിപടലങ്ങളും കൊണ്ട് വീര്പ്പുമുട്ടിയപ്പോഴുമൊന്നും ഹരീഷ് പ്രതികരിച്ചിരുന്നില്ല. പക്ഷേ,ക്വാറിയില്‍ നിന്ന് തെറിച്ചുവീണ കരിങ്കല്‍ച്ചീളു കൊണ്ട് തന്റെ അമ്മയുടെ നെറ്റി മുറിഞ്ഞപ്പോഴാണ് അവന് പ്രകോപിതനായത്.തുണി നനച്ച് അയയില്‍ വിരിച്ചു കൊണ്ടിരുന്നപ്പോഴാണ് ശ്യാമളയുടെ നെറ്റിമുറിഞ്ഞത്. രണ്ട് തയ്യല്‍ വേണ്ടി വന്നു. രാത്രി, ജോലികഴിഞ്ഞുവന്നപ്പോഴാണ് ഹരീഷ് വിവരം അറിയുന്നത്. പിറ്റേന്നു രാവിലെ അവനും അച്ഛനും കൂടി ക്വാറിയിലേക്കു ചെന്നു. കാഴ്ചയില്‍ ഗുണ്ട എന്നു തോന്നിക്കുന്ന ഒരാളായിരുന്നു ക്വാറിയുടെ മാനേജര്‍.ഹരീഷ് കാര്യം പറഞ്ഞെങ്കിലും പരമപുച്ഛത്തോടെയായിരുന്നു അയാളുടെ മറുപടി:
”ക്വാറിയാകുമ്പോ ചെലപ്പോ കല്ല് തെറിച്ചെന്നൊക്കെയിരിക്കും. നിങ്ങക്ക് ബുദ്ധിമുട്ടാണെങ്കി സ്ഥലം വിറ്റിട്ട് പൊയ്ക്കോ. ഞങ്ങള്‍ വാങ്ങിച്ചോളാം.”
അതുകേട്ട് ഹരീഷിന്റെ ദേഹമാസകലം പെരുത്തു കയറി. പക്ഷേ, സുധാകരന് മകനെ സമാധാനിപ്പിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അന്നുതന്നെ അവന് ഒരു നിവേദനം തയ്യാറാക്കി ചുറ്റുപാടുമുള്ള പന്ത്രണ്ട് വീട്ടുകാരെക്കൊണ്ട് ഒപ്പിടുവിച്ച് പിറ്റേന്ന് പഞ്ചായത്തോഫീസില്‍ കൊടുത്തു. ഒന്നും സംഭവിച്ചില്ല. വില്ലേജോഫീസില്‍ കൊടുത്തു. ഒന്നും സംഭവിച്ചില്ല. വാര്‍ഡ് മെംബറെ കണ്ടു. എം എല്‍ എ യെ കണ്ടു. ഒന്നും നടന്നില്ല.ജില്ലാ കളക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി കൊടുത്തു. അന്വേഷണവും റിപ്പോര്‍ട്ടു തയ്യാറാക്കലും മാത്രം നടന്നതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ക്വാറിയില്‍ നിന്ന് നിര്‍ബാധം, നിരന്തരം സ്ഫോടനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. കൊടുക്കുന്ന ആവലാതികള്‍ക്കൊന്നും പരിഹാരമില്ലാതാകുന്നതിന്റെ കാരണമെന്താണെന്ന് അധികം താമസിയാതെ അവന് തിരിച്ചറിഞ്ഞു – ക്വാറിയുടെ ഉടമസ്ഥന് ചന്ദ്രഹാസന്‍ മുതലാളിയാണ്! പക്ഷേ, തോറ്റു പിന്മാറാന് അവന് തയ്യാറായിരുന്നില്ല. അങ്ങനെയാണ് നാട്ടുകാരെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
സമാധാനപരമായി മുന്നോട്ടുപോയ സമരത്തിന്റെ രൂപഭാവങ്ങള്‍ രണ്ടുദിവസം പിന്നിട്ടതോടെ മാറ്റേണ്ടി വന്നു. കരിങ്കല്ലുമായി പോയ ലോറികള്‍ സമരക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. പോലീസ് വന്നു. പ്രശ്നത്തിനു പരിഹാരം കാണാമെന്ന ഉറപ്പില്‍ സംഘര്‍ഷം അവസാനിച്ചു. പിറ്റേന്നു രാവിലെ സമരക്കാരുമായി ചര്‍ച്ചചെയ്യാന്‍ ചന്ദ്രഹാസന്‍ മുതലാളിതന്നെ നേരിട്ടെത്തി. ലക്ഷങ്ങള്‍ മുതല്‍ മുടക്കിയ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിയില്ലെന്നും ക്വാറി കൊണ്ട് ബുദ്ധിമുട്ടുള്ളവരുടെ വീടും സ്ഥലവും നല്ല വില നല്കി താന്‍ വാങ്ങിക്കൊള്ളാമെന്നും മുതലാളി ഉപാധിവച്ചു. തീരുമാനമാകാതെ ചര്‍ച്ച പിരിഞ്ഞു.
ഇനി കോടതിയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂവെന്ന് സമരക്കാര്‍ക്ക് ബോധ്യമായി.അവര്‍ കോടതിയെ സമീപിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം താത്കാലികമായി തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് വന്നു. ചന്ദ്രഹാസന്‍ മുതലാളിയുടെ ജീവിതത്തിലെ ആദ്യത്തെ തിരിച്ചടിയായിരുന്നു അത്.
മാസങ്ങള്‍ പിന്നിട്ടു. ഹരീഷിന്റെ ജീവിതം വീണ്ടും പഴയതുപോലെ സ്വച്ഛസുന്ദരമായി മുന്നോട്ടു പോയി. ഇനി വിവാഹത്തിന് കുറച്ചു ദിവസങ്ങളേയുള്ളൂ. ലെറ്ററടിക്കണം, കല്യാണം വിളിക്കണം, തുണി എടുക്കണം, ആഭരണങ്ങള്‍ വാങ്ങണം, വീട് പെയിന്റടിക്കണം…. കാര്യങ്ങള്‍ ഒരു പാട് ചെയ്തു തീര്‍ക്കാനുണ്ട്. ഹരീഷിന് ജ്വല്ലറിയില്‍ പോകേണ്ടതുകൊണ്ട് സുധാകരന് തന്നെയാണ് പലതും ഓടി നടന്നു ചെയ്തത്.
”ഞാനിന്ന് വൈകിട്ട് മുത്തുമാരിയമ്മന്‍ കോവിലില്‍ ഉത്സവം കാണാന്‍ വരും. വരോ?”
ഉച്ചയൂണ് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് നിഷയുടെ വാട്ട്സ്ആപ് സന്ദേശം അവന് ശ്രദ്ധിച്ചത്. ഫോണ്‍ വിളിയും ചാറ്റിംഗുമൊക്കെ എന്നുമുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമേ അവര്‍ തമ്മില്‍ കണ്ടിരുന്നുള്ളൂ. വിവാഹത്തിനുള്ള ആഭരണങ്ങള്‍ എടുക്കുന്നതിന് ഒരു മാസം മുമ്പ് ജ്വല്ലറിയില്‍ വന്നപ്പോഴാണ് അവര്‍ അവസാനമായി കണ്ടത്.
”കാണാം.”
അവന് കൂടുതലൊന്നും ചിന്തിക്കാതെ തുടിക്കുന്ന ഹൃദയത്തിന്റെ ചിത്രത്തിനൊപ്പം മറുപടി സെന്‍ഡ് ചെയ്തു.
അന്ന് വൈകിട്ട് ആറുമണിക്ക് ജ്വല്ലറിയില്‍ നിന്നിറങ്ങിയ ഹരീഷ്, മുത്താരമ്മന്‍ കോവില്നടയിലെത്തി.അവിടെ അവനേയും കാത്ത് നിഷയും അമ്മയും അച്ഛനും അനിയനുമുണ്ടായിരുന്നു. ചുവന്ന സാരിയുടുത്തപ്പോള്‍ നിഷ കൂടുതല്‍ സുന്ദരിയായതായി അവനു തോന്നി. കുശലാന്വേഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ നിഷയുടെ അമ്മ പറഞ്ഞു:
”നിങ്ങള്‍ വേണോങ്കി ഒന്നു കറങ്ങീറ്റ് വാ.ഞങ്ങള്‍ തൊഴുതിട്ട് നിക്കാം.”
ഹരീഷും നിഷയും പരസ്പരം നോക്കി. നാണം കൊണ്ട് അവരുടെ മുഖം ചുവന്നു.
ആളും ആരവങ്ങളും നിറഞ്ഞ റോഡിലൂടെ അവരിരുവരും കൈകള്‍ കോര്‍ത്തു പിടിച്ച് കളി ചിരികളുമായി നടന്നു. നഗരവീഥിയിലൂടെ ആയിരങ്ങളാണ് ഒഴുകി നീങ്ങുന്നത്. മുത്തുമാരിയമ്മന്‍ ദേവസ്ഥാനം, മുത്താരമ്മന്‍ ദേവീക്ഷേത്രം, മേലാങ്കോട് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ പ്രധാന ഉത്സവമാണ് നെടുമങ്ങാടിന്റെ ദേശീയോത്സവമായ അമ്മന്കൊടയും കുത്തിയോട്ടവും. അവിടവിടെ കെട്ടിയിട്ടുള്ള സ്റ്റേജുകളില്‍ വില്‍പ്പാട്ടും ഗാനമേളയും നൃത്തവുമൊക്കെ പൊടിപൊടിക്കുന്നു. റോഡിനിരുവശങ്ങളിലുമായി കച്ചവടം തകൃതിയായി നടക്കുന്നു. കടല, കപ്പലണ്ടി, മാങ്ങയും നെല്ലിക്കയും കാരയ്ക്കയും ഉപ്പിലിട്ടത്, പിച്ചി-മുല്ല-അരളി, മുന്തിരിത്തൈകള്‍, പൂമാലകള്‍, വള, മാല, കമ്മല്‍, തുണിത്തരങ്ങള്‍, ബലൂണുകള്‍, കളിപ്പാട്ടങ്ങള്‍, പല നിറങ്ങളിലുള്ള സോഡകള്‍, ജ്യൂസുകള്‍, സര്‍ബത്ത്, ചായ, കാപ്പി, വടകള്‍ എന്നു വേണ്ട സര്‍വമാന സാധന സാമഗ്രികളുടേയും വില്പനയാണ് ഉഷാറായി നടക്കുന്നത്. എല്ലാം കണ്ടും കേട്ടും അവര്‍ ആള്‍ക്കൂട്ടത്തിലലിഞ്ഞു.
”ചായ വേണോ?”
കുറേ ദൂരം നടന്നപ്പോള്‍ ഹരീഷ് ചോദിച്ചു.
”വേണ്ട. സോഡ മതി.”
നിരത്തി വച്ചിരുന്ന പല നിറങ്ങളിലുള്ള മെഷീന് സോഡയിലേക്ക് അവള് വിരല്‍ ചൂണ്ടി. ഓറഞ്ചു നിറത്തിലുള്ള രണ്ട് ഗ്ലാസ് സോഡ വാങ്ങി അവര്‍ ആസ്വദിച്ച് കുടിച്ചു. പിന്നെയും നടത്തം തുടര്‍ന്നു. മേലാങ്കോട് ക്ഷേത്രപരിസരത്തെത്തിയപ്പോള്‍ അവിടെ കല്ലറ ഗോപന്റെ ഗാനമേള:
”പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്രവീണ പോലെ
നിന്നേക്കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നൂ മൗനം
അതു നിന് മന്ദഹാസമായ്
പ്രിയതോഴീ…..”
അവന് അവളെ തോളിലൂടെ കൈയിട്ട് മെല്ലെ ചേര്‍ത്തു പിടിച്ചു. അവള് നാണത്തോടെ അവനെ നോക്കി. അവന് ചുറ്റുപാടും കണ്ണോടിച്ചു. സ്റ്റേജിലേക്ക് മിഴിനട്ട് പാട്ടില്‍ ലയിച്ചു നില്‍ക്കുകയാണ് ആള്‍ക്കൂട്ടം. അവന് മുഖം മെല്ലെ മെല്ലെ അവളുടെ നേര്‍ക്കു തിരിച്ചു. അവന്റെ ചുടുനിശ്വാസം തന്റെ കവിളിലേക്കു വീഴുന്നതായി അവള്‍ക്കു തോന്നി. അവളൊന്നു പിടഞ്ഞു…
നിഷയേയും വീട്ടുകാരേയും യാത്രയാക്കി, ഹരീഷ് വീട്ടിലെത്തിയപ്പോള്‍ മണി ഒമ്പതര കഴിഞ്ഞിരുന്നു. മേല്‍ കഴുകി, ഭക്ഷണം കഴിച്ച് പത്തര മണിയോടെ അവന് ഉറങ്ങാന്‍ കിടന്നു. നിഷയുടെ കൈ പിടിച്ച് ഉത്സവപ്പറമ്പിലൂടെ നടന്ന ദൃശ്യങ്ങള്‍ ഓര്‍ത്തുകൊണ്ട് അവന് മെല്ലെ കണ്ണുകളടച്ചു.
നായയുടെ നിര്‍ത്താതെയുള്ള കുരച്ചില്‍ കേട്ടാണ് അവന് ഞെട്ടിയുണര്‍ന്നത്. വീടിനു പുറത്ത് എന്തോ ആളനക്കം പോലെ. കാതോര്‍ത്തു കിടന്നപ്പോള്‍ കോളിംഗ് ബെല്‍ ശബ്ദിച്ചു.കിടക്കയില്‍ നിന്നു ചാടിയെണീറ്റ് കിടപ്പുമുറിയുടെ വാതില്‍ തുറന്ന് ഹാളിലേക്കിറങ്ങിയപ്പോള് അച്ഛനും അമ്മയും അവിടെ നില്‍പ്പുണ്ട്. മൂവരും പരസ്പരം നോക്കി. ചുമരിലെ ക്ലോക്കില്‍ മണി പതിനൊന്നര. കോളിംഗ്ബെല്‍ പിന്നെയും ശബ്ദിച്ചു. ഹരീഷ് തിടുക്കത്തില്‍ പോയി കതക് തുറന്നു.നാല് കാക്കിധാരികള് !
”ഹരീഷ് ആരാണ് ?”
കൂട്ടത്തില്‍ തടിയനായ പോലീസുകാരന് ചോദിച്ചു. അയാളുടെ കാക്കിയുടുപ്പിലെ രണ്ട് വെള്ളിനക്ഷത്രങ്ങള്‍ ഇരുട്ടിലും തിളങ്ങുന്നുണ്ടായിരുന്നു. നെടുമങ്ങാട് സ്റ്റേഷനിലെ എസ്.ഐ അലോഷ്യസായിരുന്നു.
”ഞാനാണ്. എന്താ സാറേ?”
ഹരീഷിന്റെ ചോദ്യത്തില്‍ പരിഭ്രമം.
”നീ സുവര്‍ണ ജൂവലറിയിലെ സ്റ്റാഫാണാ?”
”ങാ…. എന്താ സാറേ കാര്യം?”
പോലീസുകാര്‍ ചെറുചിരിയോടെ പരസ്പരം നോക്കി.
”നീയിന്ന് ജോലിക്ക് പോയാ?”
”പോയി”
”എപ്പം എറങ്ങി?”
”ആറരയ്ക്ക്”
”എന്നും ആ സമയത്താണാ എറങ്ങണത്?”
”അല്ല”
”പിന്നെ….?”
”ഉത്സവമായതോണ്ട് …..”
എസ്.ഐ.യുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ കേട്ട് സുധാകരനും ശ്യാമളയും പരിഭ്രമത്തോടെ പരസ്പരം നോക്കി.
”എന്താ സാറേ?”
ഇടറിയ സ്വരത്തില്‍ സുധാകരന് ചോദിച്ചു.
”ഒരു പരാതി കിട്ടിയിട്ടൊണ്ട്. വീടൊന്നു പരിശോധിക്കണം.”
എസ്.ഐ.പോലീസുകാരെ നോക്കി. അവര്‍ തിടുക്കത്തില്‍ വീടിനുള്ളിലേക്ക് കയറി. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഹരീഷും അച്ഛനും അമ്മയും അന്തം വിട്ടു നിന്നു.
”നീ അവരൂടെ ചെല്ല്.”
എസ്.ഐ. ഹരീഷിനെ നോക്കിയാണു പറഞ്ഞത്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ അവന് അവര്‍ക്കു പിറകേ നടന്നു.
ഹരീഷിന്റെ മുറി ഏതാണെന്നു ചോദിച്ചറിഞ്ഞ പോലീസുകാര്‍ നേരെ മുറിക്കുള്ളിലേക്കു കയറി. മേശയും അലമാരയുമൊക്കെ അവര്‍ കിണ്ടിക്കിളച്ചു. ഉദ്ദേശിച്ചതൊന്നും കാണാത്തതിന്റെ നിരാശ പോലീസുകാരില്‍ പ്രകടമായി.
”എന്താണു സാര്‍ നോക്കണത്?”
ഹരീഷ് അക്ഷമനായി.
”പരവേശം കാണിക്കാതെടേ. പറയാം.”
അവര്‍ പരിശോധന തുടര്‍ന്നു.കട്ടിലിലെ കിടക്ക വിരിമാറ്റിയും മെത്ത ഉയര്‍ത്തി നോക്കിയും തലയിണക്കവര്‍ അഴിച്ചു നോക്കിയും കട്ടിലിനടിയിലേക്കു കുനിഞ്ഞു കിടന്നു നോക്കിയും പരിശോധിച്ചെങ്കിലും മുഖത്ത് നിരാശ മാത്രം ബാക്കിയായി. ആ മുറിയില്‍ നിന്നിറങ്ങി അടുത്ത മുറിയിലേക്കു പോകാനായി പുറത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോഴാണ് അവരിലൊരാള്‍, ചുമരില്‍ തൂക്കിയിരുന്ന ചെറിയ ലെതര്‍ ബാഗ് ശ്രദ്ധിച്ചത്. ഹരീഷ് ജോലിക്ക് കൊണ്ടു പോകുന്ന ബാഗായിരുന്നു അത്. പോലീസുകാരന് ബാഗ് കയ്യിലെടുത്ത് ഒന്നാമത്തെ അറയുടെ സിബ്ബ് വലിച്ച്,അകത്ത് കൈയിട്ടു. ഒന്നുമില്ല. രണ്ടാമത്തെ അറയുടെ സിബ്ബ് വലിച്ച് കൈയിട്ടു. അതിലും ഒന്നുമില്ല. അയാള്‍ കൈ പുറത്തിട്ട ശേഷം എന്തോ ആലോചിച്ചിട്ട് വീണ്ടും കൈ അകത്തേക്കിട്ടു.ആ അറയ്ക്കുള്ളിലെ തന്നെ ചെറിയ അറയിലേക്കാണ് ഇത്തവണ അയാളുടെ കൈ നീണ്ടത്. അയാളുടെ മുഖത്ത്, തപ്പിയത് എന്തോ കൈയില്‍ തടഞ്ഞ ഭാവം വിരിഞ്ഞു. കൈ പുറത്തേക്കെടുത്തപ്പോള്‍ ആ വിരലുകളിലൂടെ രണ്ട് സ്വര്‍ണ്ണമാലകള്‍ ഊര്‍ന്നു കിടപ്പുണ്ടായിരുന്നു! അയാള്‍ ആഹ്ലാദാതിരേകത്താല്‍ ഉറക്കെ വിളിച്ചു പറഞ്ഞു:
”കിട്ടി സാറേ …. കിട്ടി.”
എട്ടര മണിക്ക് ജ്വല്ലറി അടയ്ക്കാന്‍ നേരത്ത് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് രണ്ടരപ്പവന്റെ രണ്ടു മാലകള്‍ കാണാനില്ലെന്ന വിവരം ഷോറൂം മാനേജര്‍ അറിയുന്നത്.കടയിലെ സി സി ടി വി പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പത്തു മണിയോടെ പോലീസ് സ്റ്റേഷനില്‍ പരാതി എത്തി. എസ്.ഐ. കാര്യങ്ങള്‍ ചോദിക്കുന്നതിനിടെയാണ്, ഹരീഷ് കടയില്‍ നിന്ന് നേരത്തേ ഇറങ്ങിയ കാര്യം അറിയുന്നത്. അങ്ങനെയാണ് അവര്‍ ഇങ്ങോട്ട് തിരിച്ചത്.
”സാറേ ഇതെന്തോ ചതിയാണ്. സത്യമായിട്ടും ഞാനെടുത്തതല്ല.”
ഹരീഷ് പരിഭ്രമത്തോടെ പറഞ്ഞു. പക്ഷേ, ആര് കേള്‍ക്കാന്‍? എസ്.ഐ തിടുക്കത്തില്‍ മുറിക്കകത്തേക്കു വന്ന് ഹരീഷിന്റെ കോളറില്‍ പിടിത്തമിട്ടു. എന്താണ് നടക്കുന്നതെന്നറിയാതെ സുധാകരനും ശ്യാമളയും വീടിനകത്തേക്കോടി. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ആ വീട്ടില്‍നിന്ന് കൂട്ടനിലവിളികളുയര്‍ന്നു. ചുറ്റുവട്ടത്തുള്ളവര്‍ കണ്ണും തിരുമ്മി സംഭവസ്ഥലത്തേക്കു പാഞ്ഞുവന്നപ്പോഴേക്കും ഹരീഷിനെ പിടിച്ചു വലിച്ചുകൊണ്ട് പോലീസുകാര്‍ മുറ്റത്തു നിന്ന് ജീപ്പിനടുത്തേക്കു നടന്നു തുടങ്ങിയിരുന്നു.
”എന്റെ മോനെ കൊണ്ടു പോവല്ലേ സാറേ …”
അലമുറയിട്ടു കരഞ്ഞുകൊണ്ട് ശ്യാമള ഹരീഷിന്റെ കയ്യില്‍ പിടിച്ചു വലിച്ചു. പോലീസുകാര്‍ അവരെ തള്ളിമാറ്റി. അവര്‍ തലയടിച്ച് തറയിലേക്കു വീണു. സുധാകരന് ഓടി വന്ന് ഭാര്യയെ താങ്ങിയെടുത്തു.
കാര്യമെന്താണെന്നു തിരക്കിയ നാട്ടുകാരെ വിരട്ടി മാറ്റി പോലീസുകാര്‍ ഹരീഷിനെ ജീപ്പിനുള്ളിലേക്കു വലിച്ചു കയറ്റി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ജീപ്പിന്റെ ഹെഡ് ലൈറ്റ് തെളിഞ്ഞു….
കാര്യങ്ങളറിഞ്ഞ നാട്ടുകാര്‍ വാര്‍ഡ് മെംബര്‍ സതീശനെ വിവരമറിയിച്ചു. അയാള്‍ സ്റ്റേഷനിലേക്കു വിളിച്ചു. നാളെ കോടതിയില്‍ ഹാജരാക്കുമെന്നും അവിടുന്ന് ജാമ്യമെടുത്താല്‍ മതിയെന്നുമായിരുന്നു എസ്.ഐയുടെ മറുപടി.
സുധാകരനും ശ്യാമളയും കരഞ്ഞു കരഞ്ഞാണ് നേരം വെളുപ്പിച്ചത്. പിറ്റേന്നു രാവിലെ, അയല്‍വാസിയും അകന്ന ബന്ധുവുമായ സുകുമാരനേയും കൂട്ടി, അയാളുടെ ബൈക്കില്‍ സുധാകരന് നെടുമങ്ങാട് കോടതിയിലെ വക്കീലായ അഡ്വ.പാണയം റഷീദിന്റെ വീട്ടിലേക്കു പുറപ്പെട്ടു. പനവൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തായിരുന്നു വക്കീലിന്റെ വീട്. വണ്ടി പനവൂര്‍ ജംഗ്ഷനിലെത്തിയപ്പോള് സുകുമാരന്റെ ഫോണ്‍ ശബ്ദിച്ചു. അയാള്‍ വണ്ടി നിര്‍ത്തി ഫോണ്‍ ചെവിയോടു ചേര്‍ത്തു. ചില മുക്കലും മൂളലും കൊണ്ടാണ് അയാള്‍ അങ്ങേത്തലയിലുള്ള ആളോടു സംവദിച്ചത്. അവയിലെല്ലാം ഒരു പരിഭ്രമത്തിന്റെ ലാഞ്ഛന ഉള്ളതായി സുധാകരനു തോന്നി. സുകുമാരന്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം പുറകിലേക്കു തിരിഞ്ഞു.
”അണ്ണാ, മെംബറ്സതീശനാണ് വിളിച്ചത്. സ്റ്റേഷനീന്ന് അവനെ വിളിച്ചിരുന്നെന്ന്. ഒരു പ്രശ്നമുണ്ട്. നമുക്ക് വെക്കം മെഡിക്കല്‍ കോളേജ് വരെ പോണം.”
സുധാകരന് മറുപടി എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ അയാള്‍ വണ്ടി തിരിച്ചു…..
സുധാകരനും സുകുമാരനും മെഡിക്കല്‍ കോളേജിലെത്തിയപ്പോഴേക്കും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. ഐ.സി.യുവിനു മുന്നില്‍, ഒരു സ്ട്രെച്ചറില്‍ വെള്ളപുതപ്പിച്ചു കിടത്തിയിരുന്ന ഹരീഷിന്റെ നിശ്ചേതനമായ ശരീരം കണ്ട സുധാകരന് ബോധരഹിതനായി നിലത്തു വീണു!
രാത്രി,സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം ഹരീഷിനെ ലോക്കപ്പിലാക്കിയതാണെന്നും പിറ്റേന്നു രാവിലെ നോക്കുമ്പോള്‍ കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ നിലത്തു കിടക്കുകയായിരുന്നുവെന്നുമായിരുന്നു പോലീസ് വിശദീകരണം. രാത്രി മൂത്രമൊഴിക്കാന്‍ ടോയ്ലെറ്റില് കൊണ്ടുപോയിരുന്നുവെന്നും അതിനിടയിലാകാം ബ്ലേഡ് സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ഹരീഷിന് ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നുവെങ്കിലും മരണകാരണമായത് കൈത്തണ്ട മുറിഞ്ഞുള്ള അമിത രക്തസ്രാവമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം കൈത്തണ്ട മുറിച്ചതാണോ അതോ ബലം പ്രയോഗിച്ച് ആരെങ്കിലും ചെയ്തതാണോ എന്ന് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതുമില്ല.
പ്രതിഷേധ സമരങ്ങള്‍…. ആക്ഷന്‍ കൗണ്‍സില്‍…. മാധ്യമ ഇടപെടലുകള്‍… ഒടുവില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. പോലീസുകാര്‍ കുറ്റക്കാരല്ലെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്.പിന്നീട് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി കൊടുത്തു. എസ്.ഐയും മൂന്ന് പോലീസുകാരും കുറ്റക്കാരാണെന്നും ഇവരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി നഷ്ടപരിഹാരം ഇവരില്‍നിന്നു തന്നെ ഈടാക്കി ഹരീഷിന്റെ കുടുംബത്തിന് നല്‍കണമെന്നുമായിരുന്നു അവര്‍ ഉത്തരവിട്ടത്. പക്ഷേ, ഹൈക്കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തു.പോലീസുകാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നു.ആദ്യനാളുകളില്‍ സജീവമായിരുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനവും അതോടെ നിലച്ചു. ഏക മകനെ നഷ്ടപ്പെട്ട ശ്യാമള കടുത്ത മാനസിക വിഭ്രാന്തിയിലായി. ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അവര്‍ മരിച്ചു.
മാസങ്ങള്‍ കടന്നുപോയി. എല്ലാവരും എല്ലാം മറന്നുതുടങ്ങി. പക്ഷേ, അകാലത്തില്‍ മകനേയും ഭാര്യയേയും നഷ്ടമായ സുധാകരന് അതിനു കഴിയുമായിരുന്നില്ല. മന്ത്രിമന്ദിരങ്ങളിലും പോലീസ് മേധാവികളുടെ ഓഫീസുകളിലും അയാള്‍ കയറിയിറങ്ങി. ഗത്യന്തരമില്ലാതെയാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിനെത്തിയത്….
”എന്റെ മോന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല സാറേ. അവനെ അവരെല്ലാരും കൂടി കേസില്‍ കുടുക്കി കൊന്നതാണ്. സ്വര്‍ണ്ണക്കടക്കാരനും ചന്ദ്രഹാസന്‍ മുതലാളിയും പോലീസും കൂടി ഗൂഢാലോചന നടത്തിയാണ് അവനെ കൊന്നത് …..”
സുധാകരന്റെ കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങി. അയാളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ രതീഷ് കുഴങ്ങി. അപ്പോഴും അവന്റെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ബാക്കിയായി. ചന്ദ്രഹാസന്‍ മുതലാളിയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നതിന് എന്താണ് തെളിവ്? നേരത്തേ ഉണ്ടായിരുന്ന ക്വാറിവിഷയവും മാല മോഷണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഹരീഷിനെപ്പോലൊരു ചെറുപ്പക്കാരന് ഒരു മോഷ്ടാവാകേണ്ട കാര്യമുണ്ടോ? പിന്നെ എന്തായിരിക്കും സംഭവിച്ചത്? സമഗ്രവും സത്യസന്ധവുമായ ഒരന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തു വരൂ.
പിറ്റേന്ന് പുറത്തിറങ്ങിയ ‘ദി സിറ്റി ന്യൂസി’ന്റെ രണ്ടാമത്തെ പേജില്‍ ‘കണ്ണു തുറക്കുക ദൈവങ്ങളേ, കാണുകീ അച്ഛന്റെ കണ്ണുനീര്’ എന്ന തലക്കെട്ടോടെ, നൂറു ദിവസങ്ങള്‍ പിന്നിട്ട സുധാകരന്റെ സമരത്തിന്റെ ഹൃദയസ്പര്‍ശിയായ സ്റ്റോറി വന്നു. ചന്ദ്രഹാസന്‍ മുതലാളിയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ ‘ഒരു പ്രമുഖന്’ എന്ന വിശേഷണത്തോടെയാണ് അതില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. രണ്ടായിരം കോപ്പി മാത്രം അച്ചടിക്കുന്ന ഒരു പത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തയെന്ന നിലയില്‍, പതിവുപോലെ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോകേണ്ടതായിരുന്നു അതും. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. രാവിലെ ആറു മണിക്കുള്ള ജനശതാബ്ദിയില്‍ കായംകുളത്തേക്കു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനു തൊട്ടുമുമ്പ്, ഒരാള്‍ സ്റ്റേഷനിലെ പത്രവില്പനക്കാരില് നിന്ന് ധൃതിയില്‍ ഒരു പത്രം വാങ്ങി. ട്രെയിനില്‍ കയറി പത്രം നിവര്‍ത്തിയപ്പോഴാണ് അയാള്‍ക്ക് അബദ്ധം മനസ്സിലായത്. ഇതേവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു പത്രമാണ് കയ്യിലിരിക്കുന്നത്! അതിന്റെ താളുകള്‍ അലസമായി മറിച്ചു നോക്കിയ അയാള്‍, കൊച്ചുവേളി എത്തിയപ്പോഴേക്കും വായന പൂര്‍ത്തിയാക്കി, പത്രം നാലായി മടക്കി തൊട്ടടുത്ത സീറ്റിലിട്ട ശേഷം കണ്ണുകളടച്ചു.അയാള്‍ക്കെതിരെയുള്ള സീറ്റില്‍, മൊബൈലില്‍ വിരലുകള്‍ പായിച്ചു കൊണ്ടിരുന്ന, നീണ്ട താടിയുള്ള, കാതില്‍ കമ്മലിട്ട, ഒരു ഫ്രീക്കന്‍ യുവാവ്,കുറച്ചു നേരം കഴിഞ്ഞപ്പോള്‍, ദീര്‍ഘമായൊരു കോട്ടുവാ വിട്ടു കൊണ്ട് മൊബൈല്‍ ഓഫ് ചെയ്ത് തലയുയര്‍ത്തിയപ്പോഴാണ് അനാഥമായി കിടക്കുന്ന ആ പത്രം കണ്ടത്. അവന്റെ കൈ അതിലേക്കു നീണ്ടു….