
സ്റ്റ്യാചു ജംഗ്ഷൻ – 17

പ്രശാന്ത് ചിന്മയൻ
17. വിശേഷാൽ’പ്രതി’
ശീതീകരിച്ച വിശാലമായ ഹാളിലെ പതുപതുത്ത സോഫാ സെറ്റിയില്‍ അമര്‍ന്നിരുന്നപ്പോഴും തന്റെ ശരീരം ചൂടുപിടിക്കുന്നതായി നരിപ്പാറ രതീഷിനു തോന്നി. ചുമരില്‍ പതിപ്പിച്ചിട്ടുള്ള വലിയ ടി.വി സ്ക്രീനിലെ അല്പവസ്ത്രധാരിണികളുടെ ചടുലനടനത്തിലേക്ക് ചുമ്മാ നോക്കിക്കൊണ്ട് മുന്നിലെ ടീപ്പോയിലിരുന്ന തണുത്ത മിനറല്‍ വാട്ടര്‍ ബോട്ടില്‍ തുറന്ന് അയാള്‍ വായിലേക്കൊഴിച്ചു.ഈ ഇരിപ്പ് തുടങ്ങിയിട്ട് ഏകദേശം അരമണിക്കൂര്‍ ആയിക്കാണുമെന്ന് അയാളോര്‍ത്തു.ബോട്ടില്‍ ടീപ്പോയില്‍ വച്ചിട്ട് എണീറ്റ് ഫ്രണ്ട് ഓഫീസിലിരുന്ന റിസപ്ഷനിസ്റ്റ് സുന്ദരിയുടെ അടുത്തേക്കു ചെന്നു.
”സേര്‍….?”
കടും മെറൂണ്‍ ലിപ്സ്റ്റിക്കിട്ട അവളുടെ ചുണ്ടുകള്‍ ചോദ്യഭാവത്തില്‍ വിടര്‍ന്നു.
”സാറിനിയും ലേറ്റാവുമോ?”
രതീഷിന്റെ ശബ്ദത്തില്‍ കാത്തിരിപ്പിന്റെ മുഷിച്ചിലുണ്ടായിരുന്നു.
”അറിയില്ല സേര്‍. ചിലപ്പോള്‍ ….”
അവള് മറുപടി മുഴുമിക്കുന്നതിനു മുമ്പുതന്നെ ആ നക്ഷത്ര ഹോട്ടലിന്റെ മുന്‍വശത്തെ സ്ഫടികവാതിലുകള് ഇരുവശത്തേക്കു നീങ്ങുകയും ടൈയും കോട്ടുമൊക്കെ ധരിച്ച ഒരു ആജാനുബാഹുവിന്റെ അകമ്പടിയില്‍ വെളുത്ത സില്‍ക്ക് ജൂബയും സ്വര്ണക്കര മുണ്ടും ധരിച്ച ഒരു കറുത്തു മെലിഞ്ഞ മനുഷ്യന് ഉള്ളിലേക്കു കടന്നു വരികയും ചെയ്തു. അയാളുടെ കൈത്തണ്ടയില്‍ അയഞ്ഞു കിടന്ന തുടല് പോലെയുള്ള ബ്രേസ്ലെറ്റ് ആ ശരീരഘടനയുടെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയോട് ഒട്ടും പൊരുത്തപ്പെടുന്നതില്ലെന്ന് രതീഷിനു തോന്നി. അന്നദാതാവിനെക്കണ്ട ആദരവില്‍ തൊഴുതുകൊണ്ട് റിസപ്ഷനിസ്റ്റ് സുന്ദരി പുഞ്ചിരിച്ചു. താന്‍ കാത്തിരുന്ന വിശിഷ്ട വ്യക്തിയെ നോക്കി രതീഷ് കൃതജ്ഞതാപൂര്‍വ്വം ചിരിച്ചു. പക്ഷേ, ഇരുവരേയും ശ്രദ്ധിക്കാതെ അയാള്‍ ലിഫ്റ്റിനടുത്തേക്കു നടന്നു.ആളകമ്പടിക്കാരന് തിടുക്കത്തില്‍ ലിഫ്റ്റിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. വാതിലുകള്‍ തുറക്കപ്പെട്ടു. ഇരുവരും അകത്തേക്കു കയറിയതും. വാതിലുകള്‍ അടഞ്ഞു.
നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലായ പാര്ക്ക്അവന്യൂവിന്റെ ഉടമയും, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ബാറുകളും ഹോട്ടലുകളും, എന്‍ജിനീയറിംഗ് കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെയുള്ള ചന്ദ്രഹാസന്‍ മുതലാളിയാണ് ലിഫ്റ്റിലേറിപ്പോയ ആ കൃശഗാത്രന്‍.പത്രത്തിന് പരസ്യം അന്വേഷിച്ച് ചന്ദ്രഹാസന്‍ മുതലാളിയുടെ ഉടമസ്ഥതയിലുള്ള അരിസ്റ്റോ ജംഗ്ഷനിലെ ചന്ദ്രാ ഹോട്ടലില്‍ കഴിഞ്ഞയാഴ്ച രതീഷ് പോയിരുന്നു. പത്രത്തിന്റെ പരസ്യതാരിഫും നെയിം കാര്‍ഡുമൊക്കെ വാങ്ങിവച്ചശേഷം, ‘നോക്കട്ടെ’ എന്നു മാത്രം പറഞ്ഞ് ഹോട്ടല്‍ മാനേജര്‍ അന്ന് അയാളെ മടക്കി. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രതീഷിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാനേജരുടെ വിളി വന്നു:
”ചന്ദ്രഹാസന്‍ മുതലാളിക്ക് നിങ്ങളെ നേരിട്ടു കാണണം. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് പാര്‍ക്ക് അവന്യൂവിലെത്തിയാല് കാണാം.”
അങ്ങനെയാണ്, റവന്യൂമന്ത്രിയുടെ പത്രസമ്മേളനം പോലും കവര്‍ ചെയ്യാന്‍ നില്‍ക്കാതെ, കൃത്യം പതിനൊന്നു മണിക്കു തന്നെ രതീഷ് പാര്ക്ക്അവന്യൂവിലെത്തിയത്. എന്തെങ്കിലും കാര്യമായ പരസ്യം തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണയാള്‍. ഭാര്യയുടെ വളകള്‍ പണയം വച്ചാണ് പ്രസ്സിലെ കടം തീര്‍ത്തത്. വലിയ പരസ്യങ്ങള്‍ കിട്ടാതെ ഇനിയും പിടിച്ചുനില്ക്കാന് പ്രയാസമാണ്.
റിസപ്ഷനിലെ ഫോണ്‍ ശബ്ദിച്ചു. ഫോണെടുത്ത റിസപ്ഷനിസ്റ്റ് ‘ശരി സേര്‍’ എന്നു മൊഴിഞ്ഞ് ഫോണ്‍ താഴെ വച്ചു.
”സേറാണോ മിസ്റ്റര്‍ രതീഷ്?”
അവന് ‘അതെ’ എന്നു തല കുലുക്കി.
‘തേര്‍ഡ് ഫ്ളോറില്‍ ചെല്ലാന്‍ പറഞ്ഞു.’
രതീഷ് നെടുവീര്‍പ്പിട്ടു കൊണ്ട് ലിഫ്റ്റിനടുത്തേക്ക് നടന്നു.
മൂന്നാം നിലയിലെ ഓഫീസ് റൂമില്‍ ചന്ദ്രഹാസന്‍ മുതലാളിക്ക് അഭിമുഖമായി രതീഷ് ഇരുന്നു. അദ്ദേഹത്തിന്റെ തലയ്ക്കു പുറകിലെ ചുമരില്‍ മഞ്ഞപ്ലാസ്റ്റിക് പൂമാലയിട്ട ശ്രീനാരായണ ഗുരുദേവന്റെ വലിയ ചിത്രം തൂങ്ങിക്കിടന്നിരുന്നു. നേരത്തേ കണ്ട അകമ്പടിക്കാരന്‍ കൈയിലൊരു ഫയലുമായി മുതലാളിയുടെ തൊട്ടടുത്തു തന്നെ നില്പുണ്ട്. കുശലാന്വേഷണങ്ങള്‍ക്കു ശേഷം മുതലാളി കാര്യത്തിലേക്കു കടന്നു. അദ്ദേഹം വലിച്ചു നീട്ടി പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു – അടുത്ത ശനിയാഴ്ച അദ്ദേഹത്തിന്റെ ഷഷ്ടി പൂര്‍ത്തിയാണ്.അത് ഗംഭീരമായി ആഘോഷിക്കാനാണ് ചന്ദ്രാ ഗ്രൂപ്പിന്റെ തീരുമാനം. സ്വന്തം പ്രയത്നത്തിലൂടെ വളരെയധികം കഷ്ടപ്പെട്ടാണ് ഇന്നു കാണുന്ന നിലയിലേക്ക് ചന്ദ്രഹാസന്‍ മുതലാളി വളര്‍ന്നത്. അതൊക്കെ നാലുപേരറിയണം. അതിന് രതീഷിന്റെ സഹായം ആവശ്യമുണ്ട്.
”എന്തു സഹായം ?”
രതീഷ് ജിജ്ഞാസുവായി.അതിനു മറുപടി പറഞ്ഞത് അകമ്പടിക്കാരനാണ്.അയാള്‍ തന്റെ ചുവന്ന ടൈ ഒന്നു പിടിച്ചു മുറുക്കിക്കൊണ്ടു പറഞ്ഞു:
”മുതലാളിയെക്കുറിച്ച് പത്രത്തില്‍ ഒരു സപ്ലിമെന്റ് കൊടുക്കണം.”
അതു കേട്ട് രതീഷ് ഒന്നു സംശയിച്ചു.സാധാരണ ഗതിയില്‍, വല്ല പള്ളിയുടേയോ അമ്പലത്തിന്റേയോ സ്ഥാപനങ്ങളുടേയോ ആഘോഷങ്ങളോടനുബന്ധിച്ചാണ് സപ്ലിമെന്റ് തയ്യാറാക്കുന്നത്. ആകെയുള്ള നാലു പേജില്‍ രണ്ടോ മൂന്നോ ആര്‍ട്ടിക്കിള്‍ കൊടുത്തിട്ട് ബാക്കിയെല്ലാം പരസ്യങ്ങള്‍ കൊണ്ടു നിറച്ച് കാശുണ്ടാക്കാമെന്നതാണ് ഇത്തരം സപ്ലിമെന്റുകള്‍ കൊണ്ടുള്ള പ്രയോജനം. ‘ദി സിറ്റി ന്യൂസ്’ ഇതുവരെ അത്തരം സപ്ലിമെന്റുകളൊന്നും തയ്യാറാക്കിയിട്ടില്ല. പിന്നെ….?

”മനോരമേലും കൗമുദീലും മാതൃഭൂമീലുമൊക്കെ ചോദിച്ചതാണ്. വ്യക്തികളുടെ പേരില്‍ അവരാരും സപ്ലിമെന്റിറക്കാറില്ലെന്നാ പറഞ്ഞത്. നിങ്ങള്‍ക്കു പറ്റുമോ?”
ചോദ്യം മുതലാളിയുടേത്.
”എന്റെത് ഒരു ചെറിയ പത്രമാണ്. ആകെ പത്തു രണ്ടായിരം കോപ്പിയാണടിക്കുന്നത്.”
രതീഷ് ഉള്ള കാര്യം പറഞ്ഞു.
”അതു പോരാ.അയ്യായിരം കോപ്പിയെങ്കിലും അടിക്കണം. അതു മൊത്തം ഞങ്ങളെടുത്തോളാം. വിതരണമൊക്കെ നമ്മള് ചെയ്തോളാം. സ്വന്തമായിട്ട് വേണമെങ്കില്‍ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, ഒരു പത്രത്തിന്റെ സപ്ലിമെന്റ് എന്നു പറയുമ്പോ ആള്‍ക്കാരുടെ എടേല് അതിനൊരു …. ഒരു …. ഏത് …. ലത് കിട്ടും.”
മുതലാളി വാചാലനായി. ജീവനോടെ കണ്മുന്നിലിരിക്കുന്ന അഭിനവ ‘പ്രാഞ്ചിയേട്ടനെ’ രതീഷ് കണ്ണു മിഴിച്ചു നോക്കി.
”പിന്നെ പരസ്യങ്ങളെല്ലാം നമ്മളെ സ്ഥാപനങ്ങളത് മതി. ‘ആശംസകളോടെ’ എന്നു പറഞ്ഞ് കൊടുത്താ മതി.”
മുതലാളി എല്ലാം നിശ്ചയിച്ചുറപ്പിച്ചാണ് ഇരിക്കുന്നത്.ഇതില്‍ വലിയ ആലോചനകള്‍ക്കൊന്നും കാര്യമില്ല. നിലനില്പാണ് പ്രശ്നം. തന്നെപ്പോലൊരു പത്രക്കാരന് ഇതൊക്കെ ചെയ്താലേ പിടിച്ചുനില്ക്കാന് കഴിയൂ.രതീഷിന്റെ ചിന്തകള്‍ പല വഴിക്ക് പോവുകയും ചെയ്യാന്‍ പോകുന്ന കാര്യത്തിന് ന്യായീകരണങ്ങള്‍ സ്വയം കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
”നിങ്ങളെന്താ ഒന്നും പറയാത്തത്? പറ്റോ?”
മുതലാളിയുടെ ചോദ്യം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.
”പറ്റും … ഞാന്‍ ചെയ്യാം.”
അഡ്വാന്‍സായി കിട്ടിയ അമ്പതിനായിരം രൂപയുടെ ചെക്കും പോക്കറ്റിലിട്ടാണ് രതീഷ് പാര്‍ക്ക് അവന്യൂവില്‍ നിന്ന് പുറത്തിറങ്ങിയത്. പത്രം പുറത്തിറങ്ങിയതിനു ശേഷം ബാക്കി ഒരു ലക്ഷം തരാമെന്നാണ് മുതലാളിയുടെ വാക്ക് .ജീവിതം മാറിമറിയാന്‍ ഒരു നിമിഷം മതി എന്ന് പറയുന്നത് എത്ര ശരി! വെറുമൊരു കുചേലനായിരുന്ന താനെത്ര പെട്ടെന്നാണ് കുബേരനായി മാറിയത്. സന്തോഷചിത്തനായി ബൈക്കോടിച്ച് സ്റ്റാച്യുവിലെത്തിയപ്പോള് ഗതാഗത സ്തംഭനം! സെക്രട്ടറിയേറ്റിനു മുന്നില്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ ശയന പ്രദക്ഷിണം നടക്കുകയാണ്. ആണും പെണ്ണുമായി നൂറോളം തൊഴിലന്വേഷകര്‍ റോഡില്‍ കിടന്ന് ഉരുളുന്നു. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്ഡു പിടിച്ചും അമ്പതോളം ചെറുപ്പക്കാര്‍ അവര്‍ക്കൊപ്പം നടന്ന് ആവേശം പകരുന്നു. അവിടെ ഇറങ്ങി ആ ദൃശ്യം പകര്‍ത്തിയാല്‍ കൊള്ളാമെന്ന് തോന്നിയെങ്കിലും ബാങ്കില്‍ പോയി ചെക്കു മാറണം എന്നുള്ളതുകൊണ്ട് അതിനു മെനക്കെടാതെ അവന് ഗതാഗത കുരുക്കിനിടയിലൂടെ മെല്ലെ മെല്ലെ നുഴഞ്ഞു കയറി.
പത്രത്തിന്റെ പണികളൊക്കെ രാത്രി എട്ടുമണിക്കു തന്നെ തീര്‍ത്ത ശേഷം ഓഫീസ് പൂട്ടി രതീഷ് വീട്ടിലേക്കു പോയി. എത്രയോ നാളുകള്‍ക്കു ശേഷമാണ് നേരത്തേ വീട്ടിലെത്തുന്നത്. കയ്യില്‍ നിറയെ കാശിരിക്കുകയാണ്. ഭാര്യയുടേയും മകളുടേയും പരിഭവങ്ങളെല്ലാം ഇന്ന് തീര്‍ക്കണം. അവരേയും കൂട്ടി അയാള്‍ നഗരത്തിലേക്കു തിരിച്ചു. പോത്തീസില്‍ കയറി ഭാര്യക്കു സാരിയും മകള്‍ക്കു ഫ്രോക്കും കളിപ്പാട്ടങ്ങളും അയാള്‍ക്കൊരു ഷര്‍ട്ടും വാങ്ങി. ആസാദില്‍ നിന്ന് ചിക്കന്‍ ബിരിയാണിയും ഐസ് ക്രീമും കഴിച്ച് അജന്താ തീയേറ്ററില്‍ പോയി സെക്കന്‍ഡ് ഷോയും കണ്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.
സപ്ലിമെന്റ് തയ്യാറാക്കാനുള്ള പണികള്‍ പിറ്റേന്നു തന്നെ തുടങ്ങി. രാവിലെ തന്നെ ചന്ദ്രഹാസന്‍ മുതലാളിയുടെ മണക്കാടുള്ള ‘ചന്ദ്രശോഭ’ എന്ന കൂറ്റന്‍ മാളികയില്‍ എത്തി. മുതലാളിയുടെ മക്കള്‍ക്ക് തിരക്കുള്ളതിനാല്‍ ആദ്യമേ തന്നെ ഫോട്ടോ സെഷനിലേക്കു കടന്നു. മുതലാളി, ഭാര്യ ശോഭ, മക്കളായ ഡോ.അരുണ്‍, ഡോ. വരുണ്‍, ഡോ. കിരണ്‍ എന്നിവരെ നിര്‍ത്തി കുടുംബ ഫോട്ടോ എടുത്തു. മുറ്റത്തെ വിശാലമായ പുല്‍ത്തകിടിയില്‍ ഇരുന്നും, കറുത്ത ബി.എം.ഡബ്ളിയൂ വില്‍ ചാരി നിന്നും, പിങ്കി എന്ന ഡോബര്മാന് നായയുടെ നെറ്റിയില്‍ തലോടിയും മുതലാളി വിവിധ ഭാവങ്ങളില്‍ ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു. ഫോട്ടോ സെഷനു ശേഷം മുതലാളിയോടൊപ്പമിരുന്ന് രതീഷ് പ്രാതല്‍ കഴിച്ചു.ഇഡലിയും സാമ്പാറും കൂട്ടിക്കുഴച്ചു കഴിച്ചു കൊണ്ട് മുതലാളി തന്റെ ജീവിതകഥ പറഞ്ഞു. രതീഷ് വോയ്സ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. ഇല്ലായ്മയില്‍ നിന്ന് ഇന്നു കാണുന്ന സമ്പല്‍ സമൃദ്ധ ജീവിതത്തിലേക്കുള്ള പ്രയാണത്തില്‍ താനനുഭവിച്ച യാതനകളും വേദനകളും അയാള്‍ വിവരിച്ചു. ഇടയ്ക്ക് ഗദ്ഗദകണ്ഠനായി. ഇടയ്ക്ക് കണ്ണുകളില്‍ നീര് പൊടിഞ്ഞു. ഒരു മഹത് ജീവിതത്തിനു മുന്നിലാണ് താനിരിക്കുന്നതെന്നു രതീഷിനു തോന്നി. മുതലാളിയോടുള്ള ആദരത്തില്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.
‘അഗ്നിയില്‍ സ്ഫുടം ചെയ്ത കര്‍മ്മയോഗി’, ‘ധന്യ ജീവിതത്തിന് ഷഷ്ടിപൂര്‍ത്തി’, ‘കുടുംബമാണെന്റെ കരുത്ത്’, ‘മാതൃകയാക്കാം ഈ മഹത് ജീവിതം’ എന്നിങ്ങനെ വിവിധ തലക്കെട്ടുകളിലായി ചന്ദ്രഹാസന്‍ മുതലാളിഷഷ്ട്യബ്ദപൂര്ത്തി വിശേഷാല്‍ പ്രതി ശനിയാഴ്ചത്തെ ദി സിറ്റി ന്യൂസിനോടൊപ്പം പുറത്തിറങ്ങി. വര്‍ണചിത്രങ്ങള്‍ സഹിതം നാലു പേജുകളിലായി പരന്നു കിടന്ന ചന്ദ്രഹാസചരിതത്തോടൊപ്പം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘ചന്ദ്രാ ഗ്രൂപ്പി’ന്റെ വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങളുമുണ്ടായിരുന്നു. അന്നത്തെ പത്രം ആറായിരം കോപ്പിയാണടിച്ചത്. സപ്ലിമെന്റ് ഉള്‍പ്പെടെയുള്ള പത്രം അയ്യായിരവും സപ്ലിമെന്റില്ലാത്തത് ആയിരവും. അയ്യായിരം കോപ്പിയും മുതലാളിയുടെ ആള്ക്കാര് പ്രസില്‍ നിന്ന് നേരിട്ടെടുത്തു. നഗരത്തിലെ കടകളിലും ബസ് സ്റ്റാന്‍ഡുകളിലും ഓഫീസുകളിലും പൊതുപരിപാടികള്‍ നടക്കുന്ന ഇടങ്ങളിലും എന്നു വേണ്ട, ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളിലും മുതലാളി നിയോഗിച്ചവര്‍ ഓടിനടന്ന് പത്രം വിതരണം ചെയ്തു.
അന്നു രാത്രി പത്തര മണിക്ക് കിഴക്കേകോട്ടയിലെ ആറാം നമ്പര്‍ ബസ് സ്റ്റോപ്പില്‍ ആര്യനാട്ടേക്കുള്ള ബസ് കയറാന്‍ വന്ന, താടി നീണ്ടു വളര്‍ന്ന, മുഷിഞ്ഞ വസ്ത്രധാരിയായ അറുപത്തഞ്ചുകാരന് രവി, ആരോ തറയില്‍ വലിച്ചെറിഞ്ഞിരുന്ന ‘ദി സിറ്റി ന്യൂസ്’ വിശേഷാല്‍പ്രതി കുനിഞ്ഞെടുത്തു നിവര്‍ത്തി. ബസ് സ്റ്റോപ്പിലെ അരണ്ട വെളിച്ചത്തില്‍ വളരെ പ്രയാസപ്പെട്ടാണ് തലക്കെട്ടുകള്‍ അയാള്‍ വായിച്ചെടുത്തത്. അതിലെ വര്‍ണചിത്രങ്ങളിലേക്കു കണ്ണോടിച്ച അയാള്‍, എന്തോ സംശയം തീര്‍ക്കാനെന്ന ഭാവത്തില്‍ ആ കടലാസിനെ തന്റെ കണ്ണിനടുത്തേക്കു കൂടുതല്‍ അടുപ്പിച്ചു. അയാളുടെ കൈകളിലിരുന്ന് വിശേഷാല്‍പ്രതി വിറച്ചു. അപ്പോഴേക്കും വട്ടിയൂര്‍ക്കാവ് – അരുവിക്കര – ആര്യനാട് ബസ് എത്തി. അയാള്‍ പത്രത്തെ ചുരുട്ടി കയ്യില്‍ വച്ച് ധൃതിയില്‍ ബസിലേക്കു കയറി.
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകംസ്വദേശിയായ രവി, തകരപ്പറമ്പിലെ ഐശ്വര്യ ഹോട്ടലിലെ ജീവനക്കാരനാണ്. വീട്ടില്‍ വേറെ ആരുമില്ലാത്തതിനാല്‍ വല്ലപ്പോഴുമേ അയാള്‍ വീട്ടില്‍ പോകാറുള്ളൂ. ഹോട്ടലില്‍ത്തന്നെയാണ് കിടപ്പ്. ആര്യനാട്ടേക്കുള്ള അവസാനത്തെ ബസ്സായിരുന്നതിനാല്‍ ബസ്സില്‍ വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. അയാള്‍ സീറ്റിലിരുന്ന്, ചുരുട്ടിപ്പിടിച്ചിരുന്ന പത്രത്തെ വീണ്ടും നിവര്‍ത്തി. തൊഴുകൈയോടെ ചിരി തൂകി നില്ക്കുന്ന ചന്ദ്രഹാസന്‍ മുതലാളിയുടെ ബഹുവര്‍ണ ചിത്രത്തില്‍ അയാളുടെ കണ്ണുകള്‍ തറഞ്ഞു നിന്നു. ചൂടുപിടിച്ചുതുടങ്ങിയ അയാളുടെ തലച്ചോറിനുള്ളില്നിന്നും ഭൂതകാലത്തിന്റെ ചിതലരിക്കാത്ത താളുകള്‍ മെല്ലെ മെല്ലെ നിവര്‍ന്നു വന്നു…..
കള്ളവാറ്റിന് ഏറെ കുപ്രസിദ്ധി നേടിയിരുന്ന പ്രദേശമായിരുന്നു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം. കുന്നുകളും മലകളും കാടും തോടും കരമനയാറും കൈതക്കാടും കുറ്റിക്കാടും ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ഏക്കറുകണക്കിന് വിജനപ്രദേശങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന് ഒരു കോട്ടയുടെ സംരക്ഷണകവചമൊരുക്കിയിരുന്നതിനാല് കള്ളവാറ്റ് പ്രക്രിയക്ക് ഏറെ അനുയോജ്യമായ ഭൂപ്രദേശമായിരുന്നു അത്. ആറ് കടന്ന് അക്കരെ എത്തുക എന്നത് ഏറെ ദുഷ്കരമായതിനാല് നിവൃത്തികെട്ട അവസ്ഥയില്‍ മാത്രമേ പോലീസുകാരും എക്സൈസുകാരും അതിനു മെനക്കെടാറുള്ളൂ. പൊങ്കാല അടുപ്പുകൂട്ടിയതുപോലെ വാറ്റു കലങ്ങള്‍ ആറ്റിനക്കരെ നിരന്നിരിക്കുമ്പോള്‍, ആറ്റിനിക്കരെ കാഴ്ചക്കാരായി നില്‍ക്കാനും ലാത്തി ചൂണ്ടി മുട്ടന്‍ പള്ളുകള് വിളിച്ച് വിരട്ടാനും മാത്രമേ കാക്കിധാരികള് പലപ്പോഴും തുനിയാറുള്ളൂ. വാറ്റാനും വാറ്റിനെ ആറുകടത്തി ആവശ്യക്കാര്ക്കെത്തിക്കാനും ആണുങ്ങള് മാത്രമല്ല പെണ്ണുങ്ങളും സജീവമായിരുന്നു. ആര്യനാടന്വാറ്റിന്റെ വീര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും മദ്യസേവികള് കൂട്ടത്തോടെ ആര്യനാടേക്കു വണ്ടി കയറിക്കൊണ്ടിരുന്നു. കന്നാസുകളിലാക്കിയ നല്ല സ്വയമ്പന്‍ വാറ്റുമായി മൊത്ത വിതരണക്കാരും ചില്ലറ വിതരണക്കാരും ജീപ്പുകളിലും അംബാസിഡര്‍ കാറുകളിലുമൊക്കെയായി ഊടുവഴികളിലൂടെ നാടിന്റെ നാനാഭാഗത്തേക്കും പാഞ്ഞു. വാറ്റുകാരുടെ കീശയില്‍ ചൂടു നോട്ടുകള്‍ വീണു കൊണ്ടിരുന്നു. പക്ഷേ, ഇതില്‍ നല്ലൊരു പങ്കും പോലീസിനും എക്സൈസിനും രാഷ്ട്രീയ പ്രവര്ത്തകര്ക്കുമൊക്കെയായി അവര്‍ക്കു പങ്കു വയ്ക്കേണ്ടി വന്നു. അതിലെന്തെങ്കിലും വീഴ്ച വന്നാല്‍ എക്സൈസുകാരുടെ റെയ്ഡും ആ റെയ്ഡിനെ പ്രതിരോധിക്കുമ്പോഴുള്ള സംഘര്‍ഷങ്ങളും! ചെറുത്തുനില്പുകള് ഫലിക്കാതെ വരുമ്പോള്‍ വാറ്റുകാര്‍ക്ക് ജീവനും കൊണ്ട് അന്തം വിട്ട് ഓടുകയേ നിവൃത്തിയുള്ളൂ. അപ്പോള്‍,ഉറക്കമില്ലാതെ കണ്ണിലെണ്ണയൊഴിച്ച് അവര്‍ തയ്യാറാക്കിയ വാഷും കോടയും വാറ്റുമൊക്കെ എക്സൈസുകാരുടെ കമ്പുകൊണ്ടുള്ള ഊക്കനടികളേറ്റ് നിലത്തേക്ക് പരന്നൊഴുകും.
തേക്കിന്‍കാല സ്വദേശി എഡിസന് നാടാരായിരുന്നു അക്കാലത്ത് വാറ്റിന്റെ കുലപതി എന്നറിയപ്പെട്ടിരുന്നത്. വാറ്റുന്നതില്‍ അയാള്‍ക്കുണ്ടായിരുന്ന കൈപ്പുണ്യവും കൃതഹസ്തതയും എടുത്തു പറഞ്ഞേ പറ്റൂ. ഉണ്ടശര്‍ക്കരയും വെള്ളവും വലിയ കറുവപ്പട്ടയും താതിരിപ്പൂവും ബിസ്ക്കറ്റ് അമോണിയയും മണ്‍കുടത്തിലിട്ട് കെട്ടിവച്ച് എട്ടൊമ്പത് ദിവസം രാവിലെയും വൈകിട്ടും നന്നായി ഇളക്കി തയ്യാറാക്കുന്ന വാഷ് എന്ന മിശ്രിതത്തില്‍ പഴങ്ങള്‍ -പ്രധാനമായും പറങ്കിമാങ്ങ – ഉടച്ചു ചേര്‍ക്കുന്നു. രണ്ടാഴ്ചയോളം രാവിലെയും വൈകിട്ടും ഇതിനെ ഇളക്കിക്കഴിയുമ്പോള്‍ വാറ്റാനുള്ള പരുവമാകും. ഒന്നിനു മുകളില്‍ ഒന്നായി കയറ്റി വയ്ക്കാവുന്ന മൂന്നു കലങ്ങളില്‍ ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലത്തെ കലത്തിലേക്കു വിടുന്നു. ആവി കടന്നുപോകാനുള്ള ചെറിയ ചെറിയ ദ്വാരങ്ങളിലൂടെ ആവിയായ ചാരായം മുകളിലെ കലത്തിലെത്തി അതിനു മുകളിലുള്ള തണുത്ത വെള്ളം നിറച്ച മൂന്നാമത്തെ കലത്തില്ത്തട്ടി ഘനീഭവിച്ച് രണ്ടാമത്തെകലത്തില് സജ്ജീകരിച്ചിരിക്കുന്ന ‘മരി’ എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ പ്രത്യേകതരം പാത്രത്തില്‍ വീഴുന്നു. അവിടെ നിന്നും കുഴല്‍ വഴിയാണ് സോമരസം പുറത്തേക്കു വീഴുന്നത്. വാഷിന്റെ ചേരുവകളിലും അനുപാതത്തിലും വ്യത്യാസം വന്നാലോ, വാഷ് തിളയ്ക്കുന്നത് കൂടിയാലോ കുറഞ്ഞാലോ ചാരായത്തിന്റെ ഗുണത്തിനും രുചിക്കും മാറ്റം വരാം. ഇവിടെയാണ് എഡിസന് നാടാരുടെ പരിണതപ്രജ്ഞതയുടെ പ്രാധാന്യം. എഡിസന് നാടാരുടെ വാറ്റിന്റെ വീര്യം രുചിച്ചറിഞ്ഞവര്‍ അതന്വേഷിച്ച് പിന്നെയും പിന്നെയും ആര്യനാട്ടേക്ക് വന്നുകൊണ്ടിരുന്നു.
എഡിസന് നാടാരുടെ അഞ്ചംഗ വാറ്റ് സംഘത്തിലെ പ്രധാനിയായിരുന്നു രവി. അച്ഛനേയും അമ്മയേയും കുട്ടിക്കാലത്തേ നഷ്ടമായ അയാള്‍, ഏക സഹോദരി രമയോടൊപ്പം കോട്ടയ്ക്കകത്തെ ഒരു ചെറിയ ഓലമേഞ്ഞ വീട്ടിലായിരുന്നു താമസം. രമയ്ക്ക് പതിനേഴ് വയസ്സ് കഴിഞ്ഞിരുന്നു. സഹോദരിക്ക് നല്ലൊരുത്തനെ കണ്ടുപിടിച്ച് നല്ല രീതിയില്‍ കല്യാണം നടത്തിക്കൊടുക്കണമെന്ന ആശ രവിക്കുണ്ട്. ഈട്ടിത്തടിയില്‍ മനോഹരങ്ങളായ ശില്പങ്ങള് കൊത്തിയെടുക്കാന്‍ കരവിരുതുണ്ടായിരുന്ന അച്ഛന് നടരാജന് ആശാരിയുടെ പാതയില്‍ കുറേ നാള് സഞ്ചരിച്ചെങ്കിലും വലിയ സമ്പാദ്യമുണ്ടാക്കാനൊന്നും ആ പണി കൊണ്ട് കഴിയില്ലെന്ന് രവി തിരിച്ചറിഞ്ഞ രവി അങ്ങനെയാണ് എഡിസന് നാടാരുടെ സംഘത്തില്‍ ചെന്നുപെടുന്നത്.അക്കാലത്ത് ആ പ്രദേശത്തെ മിക്കവാറും എല്ലാ ചെറുപ്പക്കാരും തെരഞ്ഞെടുത്തിരുന്ന പണിയും അതുതന്നെയായിരുന്നു. അപകടം കൂടുതലുള്ള പണിയായിരുന്നെങ്കിലും മറ്റേതു പണിക്ക് കിട്ടുന്നതിനേക്കാളും കൂടുതല്‍ വരുമാനം അതില്‍ നിന്ന് കിട്ടുമായിരുന്നു.
ചാരായം വാറ്റിയും, വാറ്റിയത് സാഹസികമായി കടത്തിയും എഡിസന് നാടാര്‍ നാള്‍ക്കുനാള്‍ സമ്പന്നനായിക്കൊണ്ടിരുന്നു. അതിന്റെ ഗുണഫലം സംഘാംഗമായ രവിക്കും കിട്ടി. അയാള്‍, സഹോദരിക്കു കുറച്ചു സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും വീടിന്റെ മേല്‍ക്കൂര ഓടിട്ട് മോടിപിടിപ്പിക്കുകയുമൊക്കെ ചെയ്തു.അങ്ങനെ ജീവിതം ആനന്ദഭരിതമായി മുന്നോട്ടു പോകുമ്പോഴാണ് വെള്ളനാട് ദേവീക്ഷേത്രത്തിലെ തൂക്ക മഹോത്സവം. ഉത്സവം കാണാന്‍ ആശിച്ച രമ, അണ്ണനോടു കാര്യം പറഞ്ഞു. കൂടപ്പിറപ്പിന്റെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന്‍ സന്നദ്ധനായ ആ സഹോദരന് സമ്മതം മൂളി. കുളിച്ച്, കണ്ണെഴുതി, സിന്ദൂരപ്പൊട്ടുമിട്ട്, പുള്ളിപ്പാവാടയ്ക്കു മീതേ ചുവപ്പ് ഹാഫ് സാരിയും ചുറ്റി, സുന്ദരിയായ രമ, രവിയോടൊപ്പം ഉത്സവം കാണാന്‍ വെള്ളനാടെത്തി. കടലയും കപ്പലണ്ടിയും കൊറിച്ച് സഹോദരനും സഹോദരിയും കാഴ്ചകള്‍ കണ്ടു നടന്നു – പല വര്‍ണങ്ങളില്‍, പല രൂപങ്ങളില്‍ മിന്നിത്തെളിയുന്ന വൈദ്യുത ദീപങ്ങള്‍ കണ്ട് അവള് കണ്ണു മിഴിച്ചു. ഗരുഡന് തൂക്കം കണ്ട് കണ്ണു തളളി. മുല്ല, പിച്ചി, കനകാംബരം പൂക്കള്‍ വില്ക്കുന്നവരോടു വിലപേശി ഒരു മുഴം മുല്ലപ്പൂമാലയും ഒരു മുഴം കനകാംബരപ്പൂമാലയും വാങ്ങിച്ചു തലയില്‍ ചൂടി. ചോളം പൊരിയും മുറുക്കും വില്‍ക്കുന്നവനില്‍ നിന്ന് അവര്‍ അമ്പതു പൈസയ്ക്ക് ഒരു പൊതി ചോളംപൊരി വാങ്ങി.കട്ടേം പടോം കളിക്കാരുടെ അടുത്തെത്തിയപ്പോള്‍ രവി ഒരു രൂപ ക്ലാവറില് വച്ചെങ്കിലും കുലുക്കിയിട്ട എറിക്കട്ടകളില് അവന്റെ ഭാഗ്യം തെളിഞ്ഞില്ല. അനിയത്തി അണ്ണനെ കളിയാക്കിച്ചിരിച്ചു.അങ്ങനെ ഉത്സവക്കാഴ്ചകള്‍ കണ്ട് കണ്ട് അവര്‍ കലാപരിപാടികള്‍ നടക്കുന്ന വേദിക്കരികിലെത്തി. അവിടെ അപ്പോള്‍ കാക്കാരശ്ശി നാടകം നടക്കുകയായിരുന്നു:
”താ… താ…. തക തീ തക താ തെയ്,
തെയ് താ തക ധിമി തക താ തെയ്…
പണ്ടൊരുനാള്‍ ശങ്കരനും മങ്കയുമായി
അന്പോടുകൂടിയാടിയവര് സന്തോഷമായി…..”
കാക്കാലനും രണ്ടു കാക്കാത്തികളും ആടിപ്പാടുകയാണ്. നാടകത്തില്‍ ലയിച്ച് രവിയും രമയും ആള്‍ക്കൂട്ടത്തിനിടയില്‍ ഞെങ്ങി ഞെരുങ്ങി നിന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ തന്റെ ഹാഫ് സാരിയുടെ ഇടയിലേക്ക് എന്തോ ഇഴഞ്ഞു കയറുന്നതായും അത് വയറിലൂടെ സഞ്ചരിച്ച് സഞ്ചരിച്ച് മുകളിലേക്ക് മുകളിലേക്ക് നീങ്ങുന്നതായും തിരിച്ചറിഞ്ഞ രമ, ‘അയ്യോ’ എന്നു വിളിച്ചു കൊണ്ട് അതിനെ തട്ടി മാറ്റി.
”എന്തരെന്തര്….?”
അപ്രതീക്ഷിത നിലവിളി കേട്ട് രവി ഞെട്ടിത്തിരിഞ്ഞപ്പോള്‍ വിങ്ങിപ്പൊട്ടി നില്‍ക്കുകയാണ് അനിയത്തി.അവള് കരഞ്ഞുകൊണ്ട് പുറകിലേക്കു കൈ ചൂണ്ടി ‘ഇങ്ങേരെന്നെ ….’ എന്നു മാത്രം പറഞ്ഞപ്പോഴേ കാര്യം പിടികിട്ടിയ രവി അവളുടെ പുറകില്‍ നില്‍ക്കുന്നവനെ തിരിഞ്ഞു നോക്കി. ഒന്നുമറിയാത്ത ഭാവത്തില്‍ മീശ മുറുക്കിയും മുറുക്കാന്‍ ചവച്ചും കൈലി ഉയര്‍ത്തി തുട ചൊറിഞ്ഞും നില്‍ക്കുകയാണ് ഒരു തടിയന്. വെള്ളനാട്ടെ വെട്ടിമലത്ത് സംഘത്തിലെ പ്രധാനിയായ കുണുക്ക് മണിയനായിരുന്നു ആ മാന്യദേഹം. ദേഹമാസകലം ഒരു തരിപ്പ് പടര്‍ന്നു കയറിയ രവി, മണിയന്റെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു. അപ്രതീക്ഷിതമായി കിട്ടിയ ആ അടിയില്‍ അവന് കവിള് തടവിക്കൊണ്ടു നിന്നപ്പോള്‍, ഒപ്പമുണ്ടായിരുന്ന തണ്ടും തടിയുമുള്ള മൂന്നു സില്ബന്തികള് രവിക്കു നേരെ ചീറിയടുത്തു. അടി! പൊരിഞ്ഞ അടി! രമ നിലവിളിച്ചു. ആളുകള്‍ ചിതറിയോടി. കരുത്തരായ നാല്‍വര്‍ സംഘത്തെ ഒറ്റയ്ക്കു നേരിടാനുള്ള അമാനുഷിക ശക്തിയൊന്നുമില്ലാത്തതിനാല് കുറേനേരത്തെ ചെറുത്തു നില്പ്പിനു ശേഷം, കിട്ടിയ അടികളെല്ലാം രവി വാങ്ങിച്ചു കൂട്ടി. തറയിലേക്കു വീണുപോയ അവനു മീതേ നാല്‍വര്‍ സംഘം താണ്ഡവമാടി.രമ നെഞ്ചിലിടിച്ച് നിലവിളിച്ചെങ്കിലും കാണികളാരും അടുത്തില്ല. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്! എവിടെ നിന്നാണെന്നറിയില്ല. ഒരലര്‍ച്ച!
”നിര്‍ത്തിനെടാ മൈരുകളേ ….”
രമ തിരിഞ്ഞു നോക്കിയപ്പോള്‍, അതാ ഒരു കറുത്തു മെലിഞ്ഞ ചെറുപ്പക്കാരന് നീല വരകളുള്ള കൈലിയും മടക്കിക്കുത്തി പാഞ്ഞു വരുന്നു. രവിയെ നിലത്തിട്ട് ചവിട്ടുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരുന്ന നാല്‍വര്‍ സംഘത്തിലൊരുവനെ അവന് ചാടിച്ചവിട്ടി. ചവിട്ടു കൊണ്ടവന് നിലത്തു വീണു. പിന്നെക്കണ്ടത് നസീറിന്റേയും ജയന്റേയും സിനിമകളില്‍ മാത്രം അവള് കണ്ടിട്ടുള്ള തരം സംഘട്ടനം-ഡിഷ്യും…….ഡിഷ്യും….ഡിഷ്യും…
നിലത്തു നിന്നു പിടഞ്ഞെണീറ്റ രവിയും വര്‍ദ്ധിത വീര്യനായി ആ ആഭാസ സംഘത്തെ നേരിട്ടു. മീനച്ചൂടില്‍ വെന്തു കിടന്ന മണ്ണ്, പൊടിപടലമായുയര്ന്നു. ആക്രോശങ്ങള്‍, ഞരക്കങ്ങള്‍, ആര്‍ത്തനാദങ്ങള്‍…. പത്തു പതിനഞ്ചു മിനിട്ടു നീണ്ടു നിന്ന ആ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കുണുക്ക് മണിയനും കൂട്ടരും നിലവിളിച്ചു കൊണ്ട് ഉടുതുണിയും വാരിച്ചുറ്റി അടുത്തുള്ള കട്ടയ്ക്കാല്‍ വഴി ഓടി. അപ്പോഴും വേദിയിലെ കാക്കാരശ്ശി നാടകം അഭംഗുരം തുടരുകയായിരുന്നു:
”താ… താ… തക തീ തക താ തെയ്,
തെയ് താ തക ധിമി തക താ തെയ്….
സുന്ദരിയാം സീത തന്റെ
വാര്‍ത്തയല്‍പം ചൊല്ലാം
രാമദേവന് കാനനത്തില്‍
പോകുമെന്നു ചൊല്ലി….”
അടി അവസാനിച്ചപ്പോള്‍ കാണികള്‍ വീണ്ടും കലാസ്വാദകരായി തിരിച്ചെത്തി. രവിയും ആ ചെറുപ്പക്കാരനും ക്ഷീണം മാറ്റാനായി ഓരോ ചായ കുടിക്കാമെന്നു പറഞ്ഞ് തോളില്‍ കൈയിട്ട് ഉത്സവപ്പറമ്പിലെ ചായക്കടയിലേക്കു നടന്നു.ഒപ്പം രമയും.
”നിന്റെ പേരെന്തര്?”
”എന്റെ പേര് ചന്ദ്രന്. നിന്റേ?”
”രവി. ഇതെന്റെ ഒടപ്രന്നാള് രമ.”
ചന്ദ്രന് രമയെ നോക്കി ചിരിച്ചു. അവള് തിരിച്ചും. ചന്തമുള്ള ഈ പെങ്കൊച്ച് നിലവിളിക്കുന്നത് കണ്ടതുകൊണ്ടു മാത്രമാണ് അവന് ഈ അടിപിടിക്കിടയില്‍ ചെന്നു കയറിയത്. ഉത്സവപ്പറമ്പില്‍ അവള് വന്നനേരം മുതല്‍ പലപല ഇടങ്ങളില്‍ നിന്നായി ആരുമറിയാതെ അവന് അവളെ നിരീക്ഷിക്കുകയായിരുന്നു.
ചായ കുടിച്ച്, പപ്പടവട തിന്നുകൊണ്ടിരിക്കേ ചന്ദ്രന് വിശദമായിത്തന്നെ സ്വയം പരിചയപ്പെടുത്തി. നെടുമങ്ങാട് പഴകുറ്റിക്കപ്പുറത്ത് പുത്തന്‍ പാലത്താണ് അയാളുടെ കുടുംബ വീട്. അച്ഛനും അമ്മയും പണ്ടേ മരിച്ചു. ഒരു സഹോദരിയുള്ളത് വിതുരയിലുള്ള ഒരു കാണിക്കാരന്റെ കൂടെ ഒളിച്ചോടി. കാളവണ്ടിക്കാരന് അസ്രാന്കണ്ണ് സായിപ്പിന്റെ സഹായിയായി താന്‍ കുറേക്കാലം നടന്നു. അയാളും കാളകളും മയ്യത്തായതോടെ ആ പണി പോയി. ഇപ്പോ ഒറ്റാന്തടിയായി തേരാപാരാ നടക്കുന്നു. ചന്ദ്രന്റെ ജീവിതവിവരണം പൂര്‍ത്തിയായപ്പോള്‍ രവി ശബ്ദം താഴ്ത്തി തന്റെ ജീവിതം വിവരിച്ചു. കള്ളവാറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ച് നേരത്തേ തന്നെ കേട്ടുകേള്‍വിയുണ്ടായിരുന്ന ചന്ദ്രന്, കണ്ണും മിഴിച്ച് രവിയെ നോക്കിയിരുന്നു. വിവരണം പൂര്‍ത്തിയാക്കിയ രവി, ചന്ദ്രനോടു ചോദിച്ചു:
”വരണാ ഞങ്ങളൂടെ?”
വെള്ളനാട്ടു നിന്ന് ജീപ്പില്‍ കയറി രവിയും രമയും ചന്ദ്രനും ആര്യനാടിറങ്ങി.നടന്ന് ആറ്റിന് കരയിലെത്തി, കടത്തു കടന്ന് വീടെത്തിയപ്പോള്‍ നേരം പാതിരാവായി.അവിച്ച മരച്ചീനിയും അയലക്കരുവാട് ചുട്ടതും വീര്യമുള്ള വാറ്റും നല്‍കിയാണ് രവിയും രമയും അതിഥിയെ സല്‍ക്കരിച്ചത്. പിറ്റേന്നുതന്നെ ചന്ദ്രന്, എഡിസന് നാടാരുടെ സംഘത്തിലെ അംഗമായി മാറി. ഒന്നു രണ്ടാഴ്ച രവിയുടെ വീട്ടില്‍ത്തന്നെയായിരുന്നു ചന്ദ്രന്റെ പൊറുതി. പക്ഷേ, കെട്ടുപ്രായം തികഞ്ഞു നില്ക്കുന്ന പെണ്ണുള്ള വീട്ടില്‍ എവിടുന്നോ വന്ന ചെറുക്കനെ കയറ്റി താമസിപ്പിക്കണത് ശരിയല്ലെന്ന് എഡിസന് നാടാര്‍ പറഞ്ഞപ്പോള്‍ രവി, ചന്ദ്രനു കിടക്കാന്‍ വാറ്റുപുരയുടെ അടുത്തുതന്നെ ഒരു ഷെഡ് കെട്ടിക്കൊടുത്തു. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടുതന്നെ ചന്ദ്രന് വാറ്റുപണി ഹൃദിസ്ഥമാക്കി. വാറ്റുചാരായത്തെ ആറുകടത്തിക്കൊണ്ടു പോകുന്നതിലും അവന് സമര്‍ത്ഥനായി.
ഒരുദിവസം ഉച്ചയ്ക്ക് എല്ലാവരും ചേര്‍ന്ന് വാഷ് ചൂടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ചന്ദ്രന് വയറു പൊത്തിപ്പിടിച്ച് അസ്വസ്ഥനായി.
”വയറിന് എന്തരോ പോലെ. ഞാനൊന്ന് വെളേല് പോയിറ്റ് വരാം…”
അവന് വാറ്റുപുരയ്ക്കു പിറകിലുള്ള കുറ്റിക്കാട്ടിലേക്ക് ഓടി. എല്ലാവരും ചിരിച്ചുകൊണ്ട് പണി തുടര്‍ന്നു. പത്തുപതിനഞ്ചു മിനിട്ടുകള്‍ പിന്നിട്ടിട്ടും ചന്ദ്രന് തിരിച്ചെത്തിയില്ല. ഇതിനിടയില്‍, അടുപ്പില്‍ തീ നീക്കിക്കൊടുത്തുകൊണ്ടിരുന്ന ഒരാളുടെ കൈ പൊള്ളി വീര്‍ത്തു.മുയല്‍ച്ചെവിയന്‍ ചെടിയുടെ നീര് വീഴ്ത്തിയാല്‍ ആശ്വാസം കിട്ടുമെന്നുള്ളതുകൊണ്ട് അതു പറിക്കാനായി രവി കുറ്റിക്കാടിനടുത്തേക്കു പോയി. അവന് മുയല്ച്ചെവി തപ്പിത്തപ്പി കുറ്റിക്കാടിനകത്തേക്കു കടന്നതും അതാ കാഞ്ഞാവ് ചെടിയുടെയടുത്ത് കെട്ടിമറിയുന്നു ചന്ദ്രനും രമയും! എന്തു ചെയ്യണമെന്നറിയാതെ രവി നിന്നു വിയര്‍ത്തു. ഒടുവില്‍, രണ്ടും കല്‍പ്പിച്ച് ‘എടാ’ എന്നലറിക്കൊണ്ട് അവന് പാഞ്ഞുചെന്നു. പരിഭാന്തരായ ആണും പെണ്ണും ചാടിയെണീറ്റ് തുണി വാരിച്ചുറ്റി. കലികയറിയ രവി, ആദ്യത്തെ അടിപൊട്ടിച്ചത് സ്വന്തം സഹോദരിയുടെ കവിളത്ത്! ഓടാന്‍ തുനിഞ്ഞ ചന്ദ്രനെ അവന് കടന്നുപിടിച്ചു. ഇരുവരും കുറ്റിക്കാട്ടിനിടയില്‍ കെട്ടി മറിഞ്ഞു. കരഞ്ഞുകൊണ്ട് രമ വീട്ടിലേക്കോടി. ബഹളം കേട്ട് ഓടി വന്ന എഡിസന് നാടാരും മറ്റുള്ളവരും ചേര്‍ന്ന് വളരെ പ്രയാസപ്പെട്ടാണ് രവിയേയും ചന്ദ്രനേയും പിടിച്ചു മാറ്റിയത്. സംഗതികളുടെ കിടപ്പുവശം മനസ്സിലാക്കിയ എഡിസന് നാടാരുടെ മധ്യസ്ഥതയില്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമായി-വരുന്ന തുലാംമാസത്തില്‍ ചന്ദ്രന് രമയെ താലികെട്ടും. അതംഗീകരിക്കാതെ ചന്ദ്രനോ രവിക്കോ വേറെ നിര്വ്വാഹമൊന്നുമില്ലായിരുന്നു. പിറ്റേന്നു തന്നെ ചന്ദ്രന് മീനാങ്കലില്‍ പോയി ഒരു ജോത്സ്യനെക്കണ്ട് കല്യാണത്തിനുള്ള തീയതി കുറിച്ചു.
ഇടവപ്പാതി കഴിഞ്ഞ് കര്‍ക്കിടകമായതോടെ ഓണവിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള വാറ്റ് പണികള്‍ സജീവമായി. സാധാരണയുള്ള ആവശ്യക്കാരുടെ ഇരട്ടിയില്ക്കൂടുതലാണ് ഓണക്കാലത്ത് ആവശ്യമായി വരുന്നത്. വാറ്റാനുള്ള പുതിയ കലങ്ങളും മറ്റ് അസംസ്കൃത വസ്തുക്കളുമെല്ലാം ശേഖരിച്ച് എഡിസന് നാടാരും സംഘവും ഉഷാറായി. ഒരു വെളുത്തവാവു ദിവസം രാത്രി കോട്ടയ്ക്കത്തെ തേവരുകുന്നിലെ മാടന്റെ കാവില്‍ കള്ളും കോഴിയും സമര്‍പ്പിച്ച് പ്രത്യേകപൂജ ചെയ്തശേഷം പിറ്റേന്ന് രാവിലെ തന്നെ അവര്‍ വാഷ് ഉണ്ടാക്കാന്‍ തുടങ്ങി. അമ്പതോളം കലങ്ങളിലാണ് ആദ്യഘട്ട പണികള്‍ തുടങ്ങിയത്. സന്ധ്യയായപ്പോള്‍ പണിമതിയാക്കി എല്ലാവരും ആറ്റിലിറങ്ങി കൈകാലുകള്‍ കഴുകുന്നതിനിടയിലാണ് ആറ്റിനക്കരെ ഒരു ജീപ്പ് വന്നു നില്‍ക്കുന്നത് രവിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അവന് ഭീതിയോടെ ഓടിച്ചെന്ന് എഡിസന് നാടാരോടു കാര്യം പറഞ്ഞു. അയാള്‍ ജീപ്പിനെ സൂക്ഷിച്ചു നോക്കി. എക്സൈസുകാരാണ്! കഴിഞ്ഞ മാസത്തെ വിഹിതം കൃത്യമായി ഓഫീസില്‍ എത്തിച്ചതാണല്ലോ! പിന്നെ…..?
ഒരാഴ്ചമുമ്പ് മാത്രം എക്സൈസ് ഇന്‍സ്പെക്ടര്‍ ആയി ചുമതലയേറ്റ കോഴിക്കോട്ടുകാരന് പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗഎക്സൈസ് സംഘമായിരുന്നു അത്. സര്‍വ്വീസില്‍ പുതുതായി പ്രവേശിച്ച ആ ഇന്‍സ്പെക്ടര്‍ക്ക് നാടിനെ ഉടനടി ശുദ്ധീകരിക്കാനുള്ള യുവത്വത്തിന്റെ ചോരത്തിളപ്പുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന എക്സൈസ് ഗാര്‍ഡുകള്‍ നിലവിലുള്ള കീഴ്വഴക്കങ്ങളെക്കുറിച്ച് ഇന്‍സ്പെക്ടറെ ബോധവത്കരിക്കാന്‍ ശ്രമിച്ചെങ്കിലും അതിലൊന്നും വഴങ്ങിക്കൊടുക്കാന്‍ ആ ആദര്ശധീരന് തയ്യാറായില്ല. അങ്ങനെയാണ് വാറ്റുകാരുടെ താവളത്തില്‍ ഒരു മിന്നല്‍ വേട്ടയ്ക്കായി അയാള്‍ ഇറങ്ങിത്തിരിച്ചത്.
എക്സൈസുകാരെ കണ്ടതും കടവിലുണ്ടായിരുന്ന കടത്തുകാര്‍ വള്ളം തുഴഞ്ഞ് അക്കരേക്ക് വലിഞ്ഞു. അവരോട് തിരികെ വരാന്‍ ഇന്‍സ്പെക്ടര്‍ ആജ്ഞാപിച്ചെങ്കിലും ‘പോടാ പുല്ലേ എക്സൈസേ’ എന്ന് പ്നാറ്റിക്കൊണ്ട് വള്ളങ്ങളെ മറുകരയിലടുപ്പിച്ച് കടത്തുകാര്‍ അവരവരുടെ പാട്ടിനു പോയി. ഉന്മൂലനത്തിന് ഇറങ്ങിത്തിരിച്ച പ്രേംകുമാര്‍ ഇതുകൊണ്ടൊന്നും പിന്തിരിയുന്നവനായിരുന്നില്ല. അയാള്‍ ആറിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി.
നീരൊഴുക്ക് കുറഞ്ഞ വഴുവഴുക്കലുള്ള പാറകളിലൂടെ എക്സൈസുകാര് നടന്നുതുടങ്ങിയപ്പോള്‍, അപകടം അടുത്തടുത്തു വരികയാണെന്നു തിരിച്ചറിഞ്ഞ എഡിസന് നാടാരും സംഘവും അതിനെ ചെറുക്കാനായി അന്തംവിട്ട് കരയിലേക്കു കയറി. വാറ്റുപുരയിലേക്കു കയറിയ ആ ആറംഗ സംഘം മൂലയില്‍ കൂട്ടിയിട്ടിരുന്ന കുറുവടികള്‍ കയ്യിലെടുത്തു. അവര്‍ ആറ്റിനടുത്തേക്കു നടന്നു.
”സാറുമ്മാരെ ഇങ്ങോട്ടുവരല്ല്… വെറുതേ പ്രശ്നമുണ്ടാക്കല്ല്…”
എഡിസന് നാടാര്‍ മുന്നറിയിപ്പുകൊടുത്തു. ആറ്റിന്കരയില് ആയുധ സജ്ജരായി നില്ക്കുന്ന വാറ്റുകാരെക്കണ്ട എക്സൈസ് ഗാര്‍ഡുകള്‍ക്ക് ആധി കേറി.അവര്‍ തങ്ങളുടെ കൈകളിലിരിക്കുന്ന ലാത്തിയെ സഹതാപത്തോടെ നോക്കിക്കൊണ്ട് ഇന്‍സ്പെക്ടര്‍ ഏമാനോടു കെഞ്ചി:
”സാറേ, വേണ്ട വലിയ പ്രശ്നമാകും.”
ശുദ്ധികലശത്തിനിറങ്ങിയ യുവ ഏമാനുണ്ടോ കൂസല്‍. അയാള്‍ അവരെ നോക്കി നെഞ്ചുവിരിച്ച് കണ്ണുരുട്ടി. ഗത്യന്തരമില്ലാത്ത പാവം ഗാര്‍ഡുകള്‍ നെഞ്ചിടിപ്പോടെ പിന്നാലെ ഗമിച്ചു.
ഭീഷണികളില്‍ കുലുങ്ങാതെ നടന്നടുക്കുന്ന കാക്കി ധാരികളെ തുരത്താന്‍ വാറ്റുകാര്‍ ആദ്യഘട്ടമെന്ന നിലയ്ക്ക്, ആയുധങ്ങള്‍ താഴെ വച്ച് നല്ല ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്തു. വാറ്റുകാര്‍ ചറപറാ എറിഞ്ഞുതുടങ്ങിയെങ്കിലും പിന്നോട്ടോടാതെ മുന്നോട്ടോടിയ എക്സൈസ് സംഘം, അഞ്ചാറ് ഏറുകള്‍ ഏറ്റുവാങ്ങി അതിസാഹസികമായി ആറ്റിനക്കരെയെത്തി. ആ മുന്നേറ്റം കണ്ട വാറ്റുകാരുടെ ഉള്ള്കാളി.അവര്‍ വീണ്ടും ആയുധങ്ങള്‍ കയ്യിലെടുത്തു. എക്സൈസ് സംഘം പ്രേംകുമാറിന്റെ നേതൃത്വത്തില്‍ പാഞ്ഞടുത്തു. ലാത്തികളും കുറുവടികളും വായുവില്‍ എറ്റുമുട്ടി.
എക്സൈസുകാര് ഇക്കരെയെത്തിയ വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ നിന്ന് വാറ്റുകാര്‍ കൂട്ടത്തോടെ എത്തി. അപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. കൂട്ട ആക്രമണത്തില്‍ പിടിച്ചു നില്ക്കാന് പാടുപെട്ട എക്സൈസുകാരില്‍ പലരും പ്രാണരക്ഷാര്‍ത്ഥം ആറ്റിലേക്കു ചാടി. പക്ഷേ, രക്തത്തിളപ്പുള്ള പ്രേംകുമാറും രണ്ട് ഗാര്‍ഡുകളും മാത്രം പോരാടിക്കൊണ്ടിരുന്നു. പ്രേംകുമാറിന്റെ ശൗര്യം കണ്ട് കലി കയറിയ ചന്ദ്രന്, തന്റെ ഇടുപ്പില്‍ നിന്ന് ഒരു പേനാക്കത്തി വലിച്ചൂരി അയാളുടെ പള്ളയിലേക്ക് ആഞ്ഞുവീശി. ഒന്നേ …. രണ്ടേ ….. മൂന്നേ….
സ്തബ്ധരായിപ്പോയ എഡിസന് നാടാരും രവിയും ചേര്‍ന്ന് ചന്ദ്രനെ പൂണ്ടടക്കം പിടിച്ചു വലിച്ചു മാറ്റി. കലികയറിയ എഡിസന് നാടാര്‍ ചന്ദ്രന്റെ കരണക്കുറ്റിയിലൊന്നു കൊടുത്തു. പോരാട്ടം നിലച്ചു.
ആര്‍ത്തനാദത്തോടെ വയറ് പൊത്തിപ്പിടിച്ചുകൊണ്ട് ഇന്‍സ്പെക്ടര്‍ വേച്ച് വേച്ച് നിലത്തിരുന്നു. വാറ്റുകാരും എക്സൈസുകാരും ഒരുപോലെ പരിഭ്രാന്തരായി. രണ്ടു ഗാര്‍ഡുകള്‍ ഏമാനെ താങ്ങിയെടുത്തു. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് തിരിച്ചറിഞ്ഞ എഡിസന് നാടാരും രവിയും പതുങ്ങിനിന്ന കടത്തുകാരെ വിളിച്ചുവരുത്തി എക്സൈസുകാരെ വേഗം ആറ് കടത്താന്‍ പറഞ്ഞു. ഇനി ഇവിടെ നില്‍ക്കുന്നത് അപകടമാണ്.കൂടി നിന്നവരെല്ലാം നാലു വഴിക്കോടി.
എഡിസന് നാടാരും രവിയും ചന്ദ്രനും അഭയം പ്രാപിച്ചത് തേവര് കുന്നിനപ്പുറമുള്ള കോഴി മലയിലാണ്.അങ്ങോട്ടേക്കുള്ള ഓട്ടപ്പാച്ചിലിനു മുമ്പ് രമയോട് എത്രയും പെട്ടെന്ന് ഈഞ്ചപ്പുരിയിലുള്ള ബന്ധുവീട്ടിലേക്ക് പോകാന്‍ രവി പറഞ്ഞിരുന്നു. കോഴിമലയിലെത്തുന്നതുവരെയും എഡിസന് നാടാര്‍ ചന്ദ്രന്റെ എടുത്തു ചാട്ടത്തിന് അയാളെ ചീത്ത വിളിച്ചുകൊണ്ടിരുന്നു.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവരെ അന്വേഷിച്ച് കോട്ടയ്ക്കകത്തെ പാര്‍ട്ടി നേതാക്കളായ രണ്ടുപേര്‍ കോഴിമല കയറി വന്നു. സംഗതികള്‍ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. കുത്തു കൊണ്ട ഇന്‍സ്പെക്ടര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ്.സംഭവം നടന്നതിന്റെ അന്നു രാത്രി തന്നെ ഒരു വലിയ വാന്‍ നിറയെ പോലീസുകാര്‍ ആറ് കടന്നെത്തി. അവര്‍ ഓടിനടന്ന് വാറ്റു കേന്ദ്രങ്ങളെല്ലാം അടിച്ചു തകര്‍ത്തു. കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിച്ചതച്ചു. നേതാക്കള്‍ ഇടപെട്ടെങ്കിലും കുത്തിയവനെ കിട്ടാതെ പോകില്ലെന്ന വാശിയിലാണവര്‍. അതു കൊണ്ട് കുത്തിയയാള്‍ പിടികൊടുക്കണം.
”ആരാണ് കുത്തിയത് ?”
നേതാക്കളിലൊരാള്‍ ചോദിച്ചു. എഡിസന് നാടാരും രവിയും ചന്ദ്രനെ നോക്കി. അവന് തല കുനിച്ചു നില്‍ക്കുകയാണ്.പെട്ടെന്ന് രവിയുടെ ഉള്ളില്‍ സഹോദരിയുടെ ചിത്രം തെളിഞ്ഞു. അവന്റെ മനസ്സില്‍ പലവിധ ചോദ്യങ്ങള്‍ ഉരുണ്ടുകൂടി. അവന് ദീര്‍ഘമായൊരു നെടുവീര്‍പ്പിട്ടു കൊണ്ടു പറഞ്ഞു:
”ഞാനാ….”
ചന്ദ്രനും എഡിസന് നാടാരും അത്ഭുതത്തോടെ അവനെ നോക്കി.
”പക്ഷേ, ചന്ദ്രനാണെന്നാണല്ലോ നാട്ടിലുള്ള സംസാരം.”
നേതാക്കള്‍ക്കും സംശയം.
”അല്ലല്ല. എനിക്കൊരു കൈയബദ്ധം പറ്റിയതാണ്…”
രവി ഉറപ്പിച്ചു പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ രവി, ആര്യനാട് സ്റ്റേഷനില്‍ ഹാജരായി. അത്ര കഠിനശിക്ഷയൊന്നും കിട്ടില്ലെന്നായിരുന്നു അവന്റെ പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷകള്‍ തെറ്റി. അന്നു രാത്രിയോടെ ഇന്‍സ്പെക്ടര്‍ പ്രേംകുമാര്‍ മരിച്ചു. ഒന്നര വര്‍ഷം നീണ്ട വിചാരണകള്‍ക്കൊടുവില്‍ പതിന്നാലു വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. വിചാരണത്തടവുകാരനായി പൂജപ്പുര ജയിലില്‍ കിടന്നപ്പോള്‍ രമയും ചന്ദ്രനും മൂന്നു നാലു തവണ രവിയെ കാണാനെത്തിയിരുന്നു. അപ്പോഴും അവരുടെ കല്യാണം കഴിഞ്ഞിരുന്നില്ല. കോടതി ശിക്ഷ വിധിച്ചതിനു ശേഷം ഒന്നു രണ്ടു തവണ രമയും ചന്ദ്രനും ഒരുമിച്ചു വന്നു.പിന്നെപ്പിന്നെ രമ മാത്രമായി. ഒരു തവണ കണ്ടപ്പോള്‍ അവള് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, താന്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞു. പിന്നെ അവളെ രവി കണ്ടിട്ടേ ഇല്ല.
പതിന്നാലു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ രവി കോട്ടയ്ക്കകത്ത് ബസ്സിറങ്ങി. നാടിനു വന്ന മാറ്റം അയാളെ അത്ഭുതപ്പെടുത്തി. ആറ്റിനു കുറുകേ പാലം വന്നതോടെ ആ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞിരുന്നു. നിരവധി വീടുകളും റോഡുകളും സ്കൂളും ലൈബ്രറിയുമൊക്കെയായി വികസന മുന്നേറ്റത്തിലായിരുന്ന ആ നാടിന് വാറ്റ് സംഭവങ്ങളൊക്കെ പഴങ്കഥകളായി മാറി. ഇടിഞ്ഞു പൊളിഞ്ഞു നാമാവശേഷമായ തന്റെ വീടിനു മുന്നില്‍ രവി കുറേ നേരം മൗനിയായി നിന്നു. കൂടപ്പിറപ്പിന്റെ ചിരിയും കലപില വര്‍ത്തമാനവും അവന്റെ കാതില്‍ മുഴങ്ങി. അവന് കണ്ണു തുടച്ചു.
രവിക്ക് പതിന്നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെയാണ് ചന്ദ്രന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായത്. ഒന്നര വര്‍ഷത്തോളം ഭര്‍ത്താവിനെപ്പോലെ കൂടെക്കഴിഞ്ഞ ചന്ദ്രനോട് താന്‍ ഗര്‍ഭിണിയാണെന്നും ഇനി കഴുത്തിലൊരു മിന്നുകെട്ടണമെന്നും രമ ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാര്യം പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. ഒരു ദിവസം അയാള്‍ ആ നാട്ടില്‍ നിന്നു തന്നെ അപ്രത്യക്ഷനായി. ഒപ്പം അവള് കാല്പ്പെട്ടിയില് സൂക്ഷിച്ചിരുന്ന ഒരു പവന്റെ മാലയും! ഒരു മാസമായി.രണ്ടു മാസമായി…. അയാളെക്കുറിച്ച് ഒരു വിവരവുമില്ല. തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരുമെന്ന സത്യം രമ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ അവളെ നോക്കി അടക്കം പറഞ്ഞു. വാ പൊത്തിച്ചിരിച്ചു. മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്ന ഒരു ഇടവപ്പാതിരാത്രി രമ വീട്ടില്‍ നിന്നിറങ്ങി ആറ്റിന് കരയിലേക്കു നടന്നു…. ഒടുവില്‍, കിലോമീറ്ററുകള്‍ക്കപ്പുറം അരുവിക്കര ഡാമിനടുത്തുള്ള മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രമയുടെ അഴുകിയ ജഡം കണ്ടെടുക്കുമ്പോള്‍ അതിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ചന്ദ്രനെക്കണ്ടെത്തണമെന്ന വാശിയോടെ രവി പലയിടത്തും അലഞ്ഞു. ഒടുവില്‍ ഞെട്ടിക്കുന്ന ആ പരമാര്‍ത്ഥം അയാള്‍ക്കു മുന്നില്‍ തെളിഞ്ഞു. തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പഴയ വാറ്റുകാരന്‍ ചന്ദ്രന് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നവന് ചന്ദ്രനല്ല. ചന്ദ്രഹാസന്‍ മുതലാളിയാണ്!
രമയെ ഉപേക്ഷിച്ച് ആര്യനാടു നിന്നു മുങ്ങിയ ചന്ദ്രന് പിന്നെ പൊങ്ങിയത് ചിറയിന്‍കീഴാണ്.വാറ്റ് നിര്‍മ്മാണത്തിന്റേയും വിതരണത്തിന്റേയും സകലവിദ്യകളും സ്വായത്തമാക്കിയ അയാള്‍ ചിറയിന്‍കീഴിലെ ഒരു കായല്‍ത്തുരുത്തില്‍ പണി തുടങ്ങി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒരു ചാരായഷാപ്പ് ലേലത്തില്‍ പിടിച്ചു കൊണ്ട് ഔദ്യോഗികമായിത്തന്നെ അബ്കാരി രംഗത്ത് ആദ്യചുവടു വച്ചു. പിന്നീട് ജില്ലയിലെ ഒരു റേഞ്ച് തന്നെ ലേലത്തില്‍ സ്വന്തമാക്കി. അങ്ങനെ, ജില്ലയിലെ അറിയപ്പെടുന്ന യുവ അബ്കാരിയായി മാറിയ ചന്ദ്രനെ സ്വന്തമാക്കാന്‍ നഗരത്തിലെ ബാര്‍ മുതലാളിയും കോണ്ട്രാക്ടറുമൊക്കെയായ നടേശന് കണ്ട്രാക്ക് രംഗത്തിറങ്ങി. തന്റെ ഒരേയൊരു മകള്‍ ശോഭയെ ചന്ദ്രനെക്കൊണ്ട് കെട്ടിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയായ ശോഭ, ചന്ദ്രനുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ ഒരേയൊരു നിബന്ധന മാത്രമേ വച്ചുള്ളൂ.കമലാഹാസന്റെ കടുത്ത ആരാധികയാണു താന്‍. അതു കൊണ്ട് ചന്ദ്രന് എന്ന പേരിനൊപ്പം ‘ഹാസന്’ എന്നുകൂടി ചേര്‍ക്കണം. അങ്ങനെയാണ് ചന്ദ്രന്, ചന്ദ്രഹാസനായി പരിണമിച്ചത്.
ചിതറിത്തെറിക്കുന്ന ജലപ്രവാഹത്തിന്റെ ശബ്ദം കേട്ട് ഓര്‍മ്മകളുടെ കുത്തൊഴുക്കിന് വിരാമമിട്ട് രവി കണ്ണു തുറന്നു. അരുവിക്കര ഡാമിനു കുറുകേയുള്ള പാലത്തിലേക്ക് കയറുകയാണ് ബസ്. കയ്യിലിരുന്ന വിശേഷാല്‍പ്രതിയിലെ ചന്ദ്രന്റെ ചിരിക്കുന്ന മുഖത്തേക്ക് അയാള്‍ ഒന്നു നോക്കിയ ശേഷം ആ കടലാസിനെ കീറി ആറ്റിലേക്കെറിഞ്ഞു. കരമനയാറ്റിലൂടെ ആ വിശേഷാല്‍പ്രതി അങ്ങനെ പലപല കഷണങ്ങളായി ഒഴുകി നീങ്ങിക്കൊണ്ടിരിക്കേ, കിലോമീറ്ററുകള്‍ക്കപ്പുറം അങ്ങ് പേരൂര്‍ക്കട എന്‍ സി സി റോഡിലെ ‘തൂലിക’യില്‍ ഭാര്യയേയും ചേര്‍ത്തു പിടിച്ച് സുഖനിദ്രയിലായിരുന്ന നരിപ്പാറരതീഷിന്റെ സ്വപ്നത്തില്‍ ‘ദി സിറ്റി ന്യൂസ്’ എന്ന് സ്വര്ണവര്ണത്തിലെഴുതിയ ഒരു ബഹുനില മാളിക തെളിഞ്ഞു നില്‍ക്കുകയായിരുന്നു അപ്പോള്‍