
സ്റ്റ്യാചു ജംഗ്ഷൻ – 16

പ്രശാന്ത് ചിന്മയൻ
- വരവും പോക്കും
”എന്റെ പ്രിയൻ എന്നോടു പറഞ്ഞതു:
എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ വരിക.
ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ
പുഷ്പങ്ങൾ ഭൂമിയിൽ കാണായ് വരുന്നു;
വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു;
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കാം.
അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു
സുഗന്ധം വീശുന്നു
എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ വരിക…..”
ഞായറാഴച കുർബാനയിൽ ഫാദർ കുര്യാക്കോസ് വായിച്ചു കൊണ്ടിരുന്ന സോളമന്റെ ഉത്തമഗീതം കേട്ടപ്പോൾ പ്രണയത്തിന്റെ മുന്തിരിവള്ളികൾ തന്നെ ചുറ്റിവരിയുന്നതായി ജിനിക്കു തോന്നി. കാൽപനികത ഒട്ടുമേ ഇല്ലാത്ത കരകര ശബ്ദത്തിലാണ് അച്ചന്റെ പാരായണമെങ്കിൽ കൂടിയും ഉത്തമ ഗീതത്തിലെ ഓരോ വാക്കും അവളുടെ ഹൃദയത്തിൽ ഒരു കിരുകിരുപ്പായി പടർന്നു. നീണ്ടൊരു നെടുവീർപ്പിട്ടുകൊണ്ട് കണ്ണുകൾ മെല്ലെയടച്ച് പാറ്റൂർ പള്ളിയിലെ പഴയ മരബെഞ്ചിൽ അവൾ അമർന്നിരുന്നു…..
പുകമഞ്ഞു മൂടിയ പ്രഭാതം.പഴുത്തു പാകമായ മുന്തിരിക്കുലകൾ നിറഞ്ഞ മുന്തിരിത്തോട്ടം. മുന്തിരിവള്ളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്റെ ഇത്തിരിവെട്ടത്തിൽ മുന്തിരിക്കുലകൾ വൈഡൂര്യം പോലെ തിളങ്ങുന്നു. അതാ, പുകമഞ്ഞിനെ വകഞ്ഞു മാറ്റി മെല്ലെ മെല്ലെ ഒരു പെൺകുട്ടി പ്രത്യക്ഷയാകുന്നു. മുട്ടോളം മാത്രം ഇറക്കമുള്ള, ചുവപ്പിൽ മഞ്ഞപ്പുള്ളികളുള്ള പാവാടയും ചുവപ്പു സ്വെറ്ററുമാണ് അവളുടെ വേഷം. തോട്ടത്തിനുള്ളിൽ പ്രവേശിച്ച അവളുടെ കണ്ണുകൾ ആരെയോ തിരയുകയാണ്. നഗ്നപാദയായ ആ പെൺകുട്ടി തിടുക്കത്തിൽ നടന്നു. മുന്തിരിത്തോട്ടത്തിലൂടെ കാതങ്ങൾ സഞ്ചരിച്ച അവൾ ഒടുവിൽ എത്തിച്ചേർന്നത് മാതളച്ചെടികൾ പൂവിട്ടു നിൽക്കുന്ന വിശാലമായൊരു കുന്നിൻ ചെരുവിൽ. പരിക്ഷീണയായ അവൾ കിതച്ചു കൊണ്ട് നാലു പാടേക്കും കണ്ണോടിച്ചു. ഇല്ല.ആരുമില്ല. അവളുടെ മിഴികൾ അടഞ്ഞു. മഞ്ഞു തുള്ളികൾ പറ്റി നിന്ന പുൽമേട്ടിലേക്ക് അവൾ മലർന്നുവീണു. അവളുടെ വിയർപ്പുതുള്ളികൾ പുല്ലിലേക്കു പടർന്നു. നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി.
”പ്രിയേ…..”
എവിടെയോ മുഴങ്ങിക്കേൾക്കുന്ന പുരുഷശബ്ദം. അവൾ മെല്ലെ കണ്ണുകൾ തുറന്നു. അങ്ങകലെ കുന്നിനു മുകളിൽ ഒരാൾ! അയാൾ കുന്നിറങ്ങാൻ തുടങ്ങുകയാണ്. പുൽമെത്തയിൽ നിന്ന് അവൾ പതിയെ എണീറ്റു. അതാ, വിടർത്തിയ കൈകളോടെ ആ യുവാവ് കുന്നിറങ്ങി തനിക്കരികിലേക്ക് ഓടി വരുന്നു.അത് അവനാണോ? പുകമഞ്ഞിനിടയിൽ മുഖം വ്യക്തമല്ല.ജിജ്ഞാസ മുറ്റിയ കണ്ണുകളോടെ അവൾ അവനെത്തന്നെ നോക്കി നിന്നു…..
”ജിനീ, നീ ഉറങ്ങുകയാണോ?”
ആരോ തന്നെ തട്ടിവിളിക്കുന്നതായി തോന്നിയ ജിനി കണ്ണു തുറന്നു. നീണ്ടു വെളുത്ത താടിരോമങ്ങൾക്കിടയിൽ തെളിയുന്ന പുഞ്ചിരിയുമായി കുര്യാക്കോസ് അച്ചൻ! അവൾ ചാടിയെണീറ്റു ചുറ്റും നോക്കി. ഹാളിൽ മറ്റാരുമില്ല. പള്ളി പിരിഞ്ഞിരിക്കുന്നു.
”എന്റെ പ്രസംഗം അത്രയ്ക്കു മോശമായിരുന്നോ കുഞ്ഞേ?”
”ഇല്ലച്ചോ … ഞാൻ…. അത് …..”
നാണവും പരിഭ്രമവുമൊക്കെക്കൂടി അവളുടെ വാക്കുകളെ മുറിച്ചു. അവൾ കൈവിരൽ കടിച്ച് നാണം കലർന്നചിരിയോടെ ധൃതിയിൽ ഹാളിനു പുറത്തേക്കോടി.
വീട്ടിലേക്കു മടങ്ങുമ്പോൾ ബസ്സിലിരുന്ന് ജിനി ചിന്തിച്ചതും സ്വപ്നത്തിൽ വന്ന ആ യുവാവിനെക്കുറിച്ചാണ്. അയാൾക്ക് ആരുടെ ഛായയാണ്? അവളുടെ മനസ്സിൽ പതിയെ പതിയെ ആ രൂപം തെളിഞ്ഞുവരാൻ തുടങ്ങി. അലോക് മണ്ഡൽ!
ജിനിയുടെ പകൽക്കിനാവിലേക്ക് പ്രണയനായകനായി അലോക് മണ്ഡൽ കടന്നുവന്നതിന് കാരണമായ സംഭവം നടന്നത് രണ്ടാഴ്ച മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തിനിടയിൽ ഡോ. സുജിത്തിനു പരിക്കേറ്റ ദിവസം. പുതിയ സ്റ്റോക്കു വന്ന തുണികളിൽ പ്രൈസ് ലേബൽ ഒട്ടിക്കാനുള്ളതുകൊണ്ട് അന്നു രാത്രി ഒമ്പതുമണി കഴിഞ്ഞപ്പോഴാണ് ജിനി ടെക്സ്റ്റയിൽസിൽ നിന്നിറങ്ങിയത്. അവൾ സ്റ്റാച്യുവിലേക്ക് നടക്കുമ്പോൾ മുദ്രാവാക്യം വിളികൾ കേട്ടു. ഒരു പന്തം കൊളുത്തി പ്രകടനം കടന്നുപോവുകയാണ്. രാത്രിയായാലും ഇവനൊന്നും മതിയാക്കില്ലേ എന്നു ചിന്തിച്ചുകൊണ്ട് അവൾ ധൃതിയിൽ നടന്ന് സ്റ്റാച്യൂബസ് സ്റ്റോപ്പിലെത്തിയപ്പോൾ റോഡിൽ തിരക്കൊഴിഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഇടയ്ക്കിടെ കടന്നു പോകുന്നത്. കടകൾ മിക്കതും ഷട്ടർ താഴ്ത്തിക്കഴിഞ്ഞിരിക്കുന്നു! എന്തു പറ്റി? സാധാരണ, പത്തുമണി നേരത്തും സാമാന്യം നല്ല തിരക്കുള്ള റോഡാണല്ലോ! അവൾ ബസ്സ്റ്റോപ്പിലേക്കു കണ്ണോടിച്ചു. സംസാരിച്ചുനിൽക്കുന്ന രണ്ടു പുരുഷന്മാർ മാത്രം! അവർ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്. അവിടെ തനിച്ചു നിൽക്കുന്നത് പന്തിയല്ലെന്നു തോന്നിയ അവൾ മാധവറാവു പ്രതിമയുടെ ഭാഗത്തേക്കു നടന്നു. ഓട്ടോറിക്ഷാ സ്റ്റാൻഡും ശൂന്യമാണ്. ആകെ അസ്വസ്ഥയായ ജിനി റോഡിന് എതിർവശത്തേക്കു നോക്കി. സെക്രട്ടറിയേറ്റിന്റെ തെക്കേ ഗേറ്റിനടുത്ത് കുറച്ചു പോലീസുകാർ നിൽപുണ്ട്. അവൾ റോഡ് ക്രോസ് ചെയ്ത് അവരുടെ അടുത്തേക്കു ചെന്നു.
”സാറേ, ഇതു വഴി ബസ്സൊന്നും വിടുന്നില്ലേ?”
”ഇല്ലില്ല. പ്രകടനം നടക്കുന്നതുകൊണ്ട് വണ്ടിയൊക്കെ തിരിച്ചു വിട്ടിരിക്കുകയാ…”
ഒരു പോലീസുകാരൻ മറുപടി പറഞ്ഞു.
ഇനി എന്തു ചെയ്യും? ബസ് കയറണമെങ്കിൽ ഇനി കിഴക്കേക്കോട്ട വരെ നടക്കണം. അതിലും ഭേദം വീട്ടിലേക്കു നടക്കുന്നതാണ്. കൂടുതൽ ആലോചിച്ചു നിൽക്കാതെ അവൾ നടക്കാൻ തന്നെ ഉറച്ചു.അപ്പോഴാണ് പോലീസുകാരുടെ വയർലെസ് സെറ്റിലേക്ക് ഇരച്ചെത്തിയ ആ സന്ദേശം അവൾ ശ്രദ്ധിച്ചത് – നാളെ തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ!
നാളെ ജോലിക്കു പോകണ്ടല്ലോ എന്ന സന്തോഷത്തോടെ അവൾ നടക്കാൻ തുടങ്ങി.ജനറൽ ഹോസ്പിറ്റൽ റോഡിലൂടെ നടന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ജംഗ്ഷനും പിന്നിട്ട് കണ്ണാശുപത്രിയുടെ നടയിലെത്തിയതും അവളെ കടന്നു പോയ ഒരു ബൈക്ക് അൽപദൂരം ചെന്നശേഷം പെട്ടെന്ന് ബ്രേക്കിട്ടു. ബൈക്കിലിരുന്നയാൾ അവളെ തിരിഞ്ഞുനോക്കി.
”ചേച്ചീ, വീട്ടിലേക്കാണോ..?”
ആ ഹെൽമറ്റ്ധാരിയുടെ ചോദ്യം കേട്ടപ്പോൾ അവളുടെ നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. ഒരു പെണ്ണ് രാത്രി ഒറ്റയ്ക്കു നടക്കുന്നതു കണ്ടാൽ അവളെ മറ്റേക്കണ്ണു കൊണ്ടു മാത്രം കാണുന്ന അലവലാതികളുടെ സ്വന്തം നാടാണ്. ഏതാണീ ഹെൽമറ്റ് വച്ച അലവലാതി? അവളുടെ കാലടികൾ മന്ദഗതിയിലായി. അവളുടെ പരിഭ്രമം കണ്ടിട്ടാകണം ‘അജ്ഞാതൻ’ ഹെൽമറ്റുയർത്തി. ഇപ്പോൾ അവളുടെ കണ്ണിൽ വിടർന്നത് അതിശയഭാവം. അത് അലോക് മണ്ഡലായിരുന്നു!നാളത്തെ ഹർത്താൽ ആഘോഷിക്കുന്നതിനു വേണ്ടി, കോൺട്രാക്ടർ രമേഷ് കുമാറിന്റെ ബൈക്കിൽ പാളയത്തു പോയി മീൻ വാങ്ങി മടങ്ങുകയായിരുന്നു അയാൾ.
”താനായിരുന്നോ!”
അവൾ അവനടുത്തേക്ക് നടന്നു.
”ബസ്സെല്ലാം റൂട്ട്മാറ്റി വിടുന്നതുകൊണ്ട് നടക്കാമെന്നു വെച്ചു.”
”കേറിക്കോ ചേച്ചീ, ഞാൻ വീട്ടിലേക്കാ.”
അലോകിന്റെ ക്ഷണം സ്വീകരിക്കണോ നിരസിക്കണോ എന്ന ചിന്താക്കുഴപ്പത്തിലായി ജിനി.
”വേണ്ട …. ഞാൻ നടന്നോളാം ….”
”പേടിക്കണ്ട ചേച്ചി…. കേറിക്കോ.”
ഒടുവിൽ, ആ ചെറുപ്പക്കാരന്റെ സ്നേഹപൂർണമായ നിർബന്ധത്തിനു മുന്നിൽ അവൾക്ക് അധികം മസിലുപിടിക്കാൻ കഴിഞ്ഞില്ല. അവൾ കാലു വീശി ബൈക്കിന്റെ പിന്നിലേക്കു കയറി.
അയൽപക്കക്കാരന്റെ ബൈക്കിനു പിറകിൽ കയറിയെങ്കിലും ചില മുൻകരുതലുകളെടുക്കാൻ ജിനി പ്രത്യേകം ശ്രദ്ധിച്ചു. ബൈക്കിന്റെ സാരഥിയെ സ്പർശിക്കാതിരിക്കാൻ കൃത്യമായ അകലം പാലിച്ചായിരുന്നു അവളുടെ ഇരിപ്പ്. എങ്കിലും, മന:പൂർവ്വം പെട്ടെന്ന് ബ്രേക്കിട്ട് വണ്ടി നിർത്തി സ്പർശന സുഖം നേടാൻ ആ ചെറുപ്പക്കാരൻ ശ്രമിക്കുമോ എന്നും അതിനെ പ്രതിരോധിക്കാൻ എന്താണു വഴിയെന്നും അവളുടെ ചിന്തകൾ കാടുകയറി. തോളിൽക്കിടക്കുന്ന ബാഗ് കൊണ്ട് ആ നീക്കത്തെ ചെറുക്കാമല്ലോ എന്നു വിചാരിച്ച് ബാഗ് തോളിൽ നിന്നൂരിക്കൊണ്ടിരുന്നപ്പോൾ വണ്ടി നിന്നു! പാറ്റൂർപള്ളിയുടെ വളവു തിരിയുന്നിടത്താണ് വണ്ടി നിന്നത്. അലോക് മൂന്നാലു തവണ കിക്കർ ആഞ്ഞു ചവിട്ടിയിട്ടും ആ രണ്ടായിരത്തി രണ്ട് മോഡൽ സ്പ്ലെൻഡറിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
”എന്തു പറ്റി?”
ജിനി ബൈക്കിൽ നിന്നിറങ്ങി.
”അറിയില്ല ചേച്ചി”
അയാൾ ഒന്നുരണ്ടുതവണകൂടി കിക്കർ ചവിട്ടിയശേഷം പെട്രോൾ ടാങ്ക് തുറന്ന് അതിനകത്തേക്ക് കണ്ണോടിച്ചു. പെട്രോളിന്റെ അംശം പോലും എങ്ങും കാണാനില്ല! ടാങ്ക് അടച്ചിട്ട് കുലുക്കി നോക്കി. പിന്നെ മെല്ലെ മെല്ലെ വണ്ടിയെ കുറച്ചു നേരം ചരിച്ചുപിടിച്ച് വീണ്ടും കിക്കറടിച്ചു. അനക്കമില്ല.
”പെട്രോളില്ല അല്ലേ?”
ജിനിയുടെ ചോദ്യത്തിനുത്തരമായി അവനൊരു വളിച്ച ചിരി ചിരിച്ചു.
”കുറച്ചപ്പുറത്തൊരു പെട്രോൾ പമ്പുണ്ട്”
അവൾ പറഞ്ഞതു കേട്ട് തല കുലുക്കിക്കൊണ്ട് അവൻ വണ്ടി ഉരുട്ടാൻ തുടങ്ങി.ഒപ്പം അവളും നടന്നു.
കഷ്ടകാലം എന്നു പറഞ്ഞാൽ മതിയല്ലോ.വണ്ടിയുമായി അവർ പെട്രോൾ പമ്പിലെത്തിയപ്പോഴേക്കും ഹർത്താലായതിനാൽ നേരത്തേ തന്നെ അതടച്ചുകഴിഞ്ഞിരുന്നു. തൊട്ടടുത്ത പമ്പിലെത്തിയെങ്കിലും അവിടെയും അവസ്ഥ അതു തന്നെ. ഇനി?
”ഇനി കുറച്ചുദൂരമല്ലേയുള്ളൂ. ഉരുട്ടിക്കൊണ്ടുപോകാം. അല്ലാതെന്തു ചെയ്യാൻ?”
ജിനി പറഞ്ഞു.
അങ്ങനെ അലോക്മണ്ഡലും ജിനിയും സ്പ്ലെൻഡറും വീണ്ടും യാത്ര തുടർന്നു. ഈ യാത്രയ്ക്കിടയിൽ അവർ വീട്ടുകാര്യങ്ങൾ പറഞ്ഞു. നാട്ടുകാര്യങ്ങൾ പറഞ്ഞു. പരസ്പരം കളിയാക്കി. പൊട്ടിച്ചിരിച്ചു. അലോകിന്റെ ബംഗാളിച്ചുവ കലർന്ന മലയാളം അവളെ രസിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോൾ അവൾ ബാഗിൽ നിന്ന്, കുപ്പിയിൽ മിച്ചമുണ്ടായിരുന്ന വെള്ളമെടുത്ത് അൽപം കുടിച്ച ശേഷം ബാക്കി അവനും കൊടുത്തു.
അവരുടെ ആ രാത്രിയാത്ര ബണ്ട്മേട് കോളനിയിൽ പ്രവേശിച്ചപ്പോഴേക്കും അലോകും ജിനിയും പരസ്പരം അറിയുന്ന നല്ല സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു.
”ഞാൻ പോട്ടേ ചേച്ചീ…”
വീടെത്തിയപ്പോൾ അവൻ യാത്ര ചോദിച്ചു.
”ഞാൻ കുറേ നേരമായി ചോദിക്കണമെന്നു വിചാരിച്ചതാ. എത്ര വയസായി?”
അപ്രതീക്ഷിത ചോദ്യം കേട്ട് അവനൊന്ന് അമ്പരന്നു.
”ഇരുപത്തെട്ട്”
”എന്നാലേ എനിക്ക് ഇരുപത്തി രണ്ടേ ആയിട്ടുള്ളൂ. അതു കൊണ്ട് ഈ ചേച്ചീ ചേച്ചീന്നുള്ള വിളി വേണ്ട. ജിനീന്ന് വിളിച്ചാ മതി”
”സോറി ചേച്ചീ….”
അത് കേട്ടതും അവൾ പൊട്ടിച്ചിരിച്ചു പോയി.
”….. അല്ല ജിനീ”
അവൻ ഇളിഭ്യച്ചിരിയോടെ തിരുത്തി.
അവൾ ചിരിച്ചുകൊണ്ട് വീട്ടിലേക്കു നടന്നു.വീടിനു മുന്നിലെത്തിയപ്പോൾ അവൾ മെല്ലെ തല തിരിച്ചു.അതാ തന്നെയും നോക്കി റോഡിൽ നിൽക്കുകയാണ് അലോക്. അവൾ കൈയുയർത്തി വീശി. അവനും…..
”ണിം ….”
ബസ്സിലെ മണി മുഴങ്ങി.ജിനി ചിന്തകളിൽ നിന്നുണർന്നു കണ്ണു മിഴിച്ചു നോക്കി. ഇറങ്ങേണ്ട സ്റ്റോപ്പെത്തിയിരിക്കുന്നു!അവൾ സീറ്റിൽ നിന്ന് ചാടിയെണീറ്റു.
രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന കോഴിയിറച്ചിയുടെ മണം മൂക്കിലേക്ക് ആവാഹിച്ചു കൊണ്ടാണ് ജിനി വീട്ടിലേക്കു കയറിയത്. റൂത്ത് കുഞ്ഞമ്മ അടുക്കളയിൽ തന്റെ പാചക പ്രാവീണ്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാചകം മാത്രല്ല, വീടിന്റെ സമസ്ത നിയന്ത്രണവും ഇപ്പോൾ റൂത്ത് കുഞ്ഞമ്മയുടെ കൈകളിലാണ്. ഒരമ്മയെപ്പോലെ സ്നേഹിക്കുകയും സാന്ത്വനിപ്പിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യുന്ന അവരെ ജിനിക്കും ഇഷ്ടമായിരുന്നു.
ആകെ ശോകമയമായിരുന്ന ജിനിയുടെ ജീവിതത്തെ ജീവസ്സുറ്റതാക്കുന്നതായിരുന്നു അലോകിനോടുള്ള സൗഹൃദവും റൂത്തിന്റെ സാന്നിദ്ധ്യവും.ജീവിതത്തെക്കുറിച്ച് പ്രതീക്ഷാനിർഭരമായി ചിന്തിക്കാൻ അവൾ ശ്രമിച്ചു തുടങ്ങി. പക്ഷേ, അതിന് വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം സന്ധ്യക്ക് ജോലി കഴിഞ്ഞു വന്ന ജിനി, മേൽ കഴുകിയ ശേഷം, ഹാളിലെ യേശുവിന്റെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി കത്തിച്ച്,കൈകൂപ്പി പ്രാർത്ഥിക്കുകയായിരുന്നു. റൂത്ത് കുഞ്ഞമ്മ അടുക്കളയിൽ ചായ തിളപ്പിക്കുകയും ഇടയ്ക്കിടെ അടുക്കള വാതിലിലേക്കോടി വന്ന് ഹാളിലിരിക്കുന്ന ടി.വിയിലേക്ക് എത്തി എത്തി നോക്കി സീരിയൽ കാഴ്ചയുടെ തുടർച്ച നിലനിർത്തിപ്പോരുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നൊരു ബുള്ളറ്റിന്റെ ‘പട പട’ ശബ്ദം വീട്ടുമുറ്റത്തു വന്നുനിൽക്കുന്നതായി ജിനി അറിഞ്ഞു. വേഗത്തിൽ പ്രാർത്ഥന ചൊല്ലി നെഞ്ചിൽ കുരിശ് വരച്ചപ്പോഴേക്കും കാളിംഗ് ബെൽ ശബ്ദിച്ചു. അവൾ ഓടിച്ചെന്ന് വാതിൽ തുറന്നു. മുറ്റത്തു നിൽക്കുന്നു ബിനു! പിന്നിൽ കിടിലം സജി! തൊണ്ണൂറു ദിവസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതിലുള്ള സന്തോഷം ഇരുവരും കാര്യമായിത്തന്നെ ആഘോഷിച്ചു കഴിഞ്ഞതായി അവരുടെ ആടുന്ന ഉടലുകളും അവർക്കു ചുറ്റും പ്രസരിച്ച മദ്യത്തിന്റെ ഗന്ധവും വിളിച്ചു പറയുന്നുണ്ടായിരുന്നു. തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
”അണ്ണനെപ്പം എറങ്ങി?”
അപ്രതീക്ഷിതമായി അണ്ണനെ കണ്ടതിലുള്ള അന്ധാളിപ്പും സന്തോഷവുമൊക്കെ കൂടിക്കലർന്ന സ്വരത്തിൽ ജിനി ചോദിച്ചു.
”രാവിലെ…..”
മറുപടി പറഞ്ഞത് സജിയാണ്. കീ ചെയ്നിൽ തൂക്കിയ ചെറു തലയോട്ടിയെ കറക്കിക്കറക്കി, വക്കു പൊട്ടിയ മുൻവരിപ്പല്ല് കാട്ടി അവൻ അവളെ നോക്കി ചിരിച്ചു. അവന്റെ ആ വൃത്തികെട്ട ചിരിയും നോട്ടവും പണ്ടേ അവൾക്കു വെറുപ്പാണ്.അവൾ മുഖം തിരിച്ച് അകത്തേക്കു നടന്നു.
‘വാ ഭായീ….’ എന്ന് പറഞ്ഞ് സജിയുടെ കൈപിടിച്ച് വലിച്ച് ബിനുവും വീടിനകത്തേക്കു കയറി.
ആരാണ് വന്നതെന്നറിയാൻ ഹാളിലേക്കു വന്ന റൂത്ത് കണ്ടത് ആടിയാടി നിൽക്കുന്ന രണ്ടു ചെറുപ്പക്കാരെ! അതിലൊരാൾ ബിനുവാണെന്ന് അവർ ഊഹിച്ചെടുത്തു. ലില്ലി മരിച്ചപ്പോൾ ഇവനെ കണ്ടിരുന്നുവല്ലോ എന്നും അവരോർത്തു.മറ്റേത് ?
”ആരാ മോളേ?”
റൂത്തിന്റെ ചോദ്യം കേട്ട് ബിനു അവരെ അടിമുടി നോക്കി പുരികം ചുളിച്ചുകൊണ്ടു മറുചോദ്യം ചോദിച്ചു:
”നിങ്ങളാരാ?”
‘എന്റെ വീട്ടിൽ കയറി വന്ന് എന്നോടു ചോദിക്കുന്നോ ഞാനാരാന്ന്’ എന്ന ധ്വനിയായിരുന്നു അവന്റെ ചോദ്യത്തിൽ നിഴലിച്ചു നിന്നത്. അത് തിരിച്ചറിഞ്ഞ ജിനി ഇടപെട്ടു:
”കുഞ്ഞമ്മാ ഇത് ബിനു അണ്ണൻ.മറ്റേത് അണ്ണന്റെ ഫ്രണ്ട് സജിയണ്ണൻ. അണ്ണാ, ഇത് റൂത്ത് കുഞ്ഞമ്മ…. ഹാർവിപുരത്തെ…..”
ഇപ്പോൾ ഇരുവർക്കും പരസ്പരം മനസ്സിലായി. ലില്ലിയുടെ തലതിരിഞ്ഞ സന്തതി ഇവനാണല്ലേ എന്ന മട്ടിൽ റൂത്തും, എന്നോ എവിടെയോ കേട്ടിട്ടുള്ള റൂത്ത് കുഞ്ഞമ്മ ഇവരാണല്ലേ എന്ന ഭാവത്തിൽ ബിനുവും പരസ്പരം നോക്കി. വരാനിരിക്കുന്ന നാളുകൾ അത്ര സുഖകരമായിരിക്കില്ല എന്ന സൂചന കൂടിയായിരുന്നു ആ അവജ്ഞ കലർന്ന നോട്ടം.
പിറ്റേന്നു രാവിലെതന്നെ ആദ്യ വെടി പൊട്ടി.എട്ടു മണിയായിട്ടും ഉറക്കമെണീക്കാതെ തലവഴി മൂടിപ്പുതച്ച് ഹാളിന്റെ മൂലയിലെ തറയിൽ പായ വിരിച്ച് കിടക്കുകയായിരുന്ന ബിനുവിനെ റൂത്ത് കുഞ്ഞമ്മ തട്ടി വിളിച്ചതായിരുന്നു തുടക്കം.രാവിലെ അഞ്ചര മണിക്കു തന്നെ ഉറക്കമെണീറ്റ് പ്രാതലും അത്താഴവുമൊക്കെ ഒരുക്കി വച്ച ശേഷം വീടു തൂക്കാൻ ചൂലുമായി ഹാളിലേക്കു പ്രവേശിച്ചപ്പോഴാണ് ബിനു ഇനിയും ഉണർന്നിട്ടില്ലെന്ന് കുഞ്ഞമ്മയ്ക്കു മനസ്സിലായത്. അവർ സ്നേഹവാത്സല്യങ്ങളോടെ അവനെ തട്ടി വിളിച്ചു:
”മോനേ, മോനേ, എഴിക്ക്…”
ബിനു ഒന്നനങ്ങി. അവനെണീക്കുമ്പോഴേക്കും കിടപ്പുമുറി തൂക്കാമെന്നു കരുതി കുഞ്ഞമ്മ കിടപ്പുമുറിയിൽക്കയറി തൂത്ത് വൃത്തിയാക്കി വീണ്ടും ഹാളിലെത്തിയപ്പോഴും നേരത്തേ കണ്ട രംഗത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. നേരത്തേ വടക്കോട്ടു തിരിഞ്ഞു കിടന്നിരുന്ന ബിനുവിന്റെ ഇപ്പോഴത്തെ കിടപ്പ് തെക്കോട്ടാണെന്നു മാത്രം. ‘ശ്ശെടാ… എവനിതുവരെ എഴിച്ചില്ലേ’ എന്ന് പ്നാറ്റിക്കൊണ്ട് അവർ വീണ്ടും ബിനുവിന്റെ സവിധത്തിലെത്തി.
”എടാ മോനേ, മണി എട്ട് കഴിഞ്ഞ്. എഴി..’
അവർ വീണ്ടും അവനെ തട്ടി വിളിച്ചതും തലയിലൂടെ മൂടിയിരുന്ന പുതപ്പിനെ അതിദ്രുതം വലിച്ചുനീക്കി, പല്ലുകൾ കടിച്ചു പിടിച്ച തന്റെ ക്രോധവദനം ബിനു പ്രത്യക്ഷമാക്കി.
”ഒന്നൊറങ്ങാനും സമ്മതിക്കൂലേ?”
അവൻ വായ തുറന്നതും,തലേന്നു സേവിച്ച മദ്യത്തിന്റെ പുളിച്ച ഗന്ധം റൂത്ത് കുഞ്ഞമ്മയുടെ മൂക്കിലേക്കു തുളച്ചുകയറി.
”വേണ്ടാത്തേക്കെ വലിച്ചു കേറ്റിയാ എത്ര ഒറങ്ങിയാലും മതിയാവൂല.”
മൂക്ക് ചുളിച്ചു കൊണ്ടാണ് അവരത് പറഞ്ഞത്. അത് കേട്ടതും കലികയറിയ ബിനു ചാടിയെണീറ്റു.
”ദേ … നിങ്ങള് വായും വച്ച് മിണ്ടാതിരുന്നോളണം. എന്റെ തളള പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. പിന്നെയാണ് നിങ്ങള്..”
”ചുമ്മയല്ല നീ ഇങ്ങനെയായിപ്പോയത്.”
”എങ്ങനെ ?”
കുളി കഴിഞ്ഞ് ഹാളിലേക്കു കയറി വന്നപ്പോൾ ജിനി കണ്ടത് കീരിയും പാമ്പുമായി രൂപാന്തരം പ്രാപിച്ച് വാദപ്രതിവാദത്തിലേർപ്പെട്ടിരിക്കുന്ന റൂത്തിനേയും ബിനുവിനേയും! അവൾ ‘യേശു അപ്പാ’ എന്ന് വിളിച്ചുകൊണ്ട് അവർക്കിടയിലേക്ക് ഓടിക്കയറി. ആ വാക്പോര് ശമിപ്പിക്കാൻ ജിനിക്ക് നന്നായി വിയർക്കേണ്ടി വന്നു. ഒടുവിൽ, കലി തുള്ളിക്കൊണ്ട് ബിനു വീടിനു പുറത്തേക്കു പോയി. പക്ഷേ, അന്നു വൈകുന്നേരം തന്നെ രണ്ടാമത്തെ വെടിയും പൊട്ടി. ‘ശംഖുപുഷ്പം’ സീരിയൽ കണ്ട് ഈറനണിഞ്ഞ മിഴികളുമായി ഹാളിലിരിക്കുകയായിരുന്നു റൂത്ത് കുഞ്ഞമ്മ.ജിനി ജോലി കഴിഞ്ഞ് എത്തിയിട്ടില്ല. പുറത്ത് ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ട് റൂത്ത് കതക് തുറന്നപ്പോൾ ബിനു! അവനെ കണ്ടതും മുഖം വെട്ടിത്തിരിച്ച് റൂത്ത് അകത്തേക്ക് കടന്ന് വീണ്ടും ‘ശംഖുപുഷ്പ’ത്തിൽ കണ്ണുകൾ അർപ്പിച്ചു. ആടിയാടി വീടിനുള്ളിൽ പ്രവേശിച്ച ബിനുവാകട്ടെ ടെലിവിഷനിലെ അമ്മായിയമ്മ-മരുമകൾ ദ്വയങ്ങത്തേയും റൂത്ത് കുഞ്ഞമ്മയേയും മാറി മാറി നോക്കി. ഉള്ളിലുള്ള ‘സീസറി’നേക്കാൾ വീര്യമുള്ളതാണ് സീരിയലിൽ നിന്ന് നിർഗമിക്കുന്ന ഡയലോഗുകളെന്ന് അവനു തോന്നി. അവന് തല പെരുത്തു കയറി. ഇടംകൈകൊണ്ട് തല ആഞ്ഞു ചൊറിഞ്ഞു പാഞ്ഞു ചെന്ന്, റൂത്ത് കുഞ്ഞമ്മയുടെ മടിയിൽ കിടന്ന റിമോട്ടിനെ അവൻ വലം കൈ കൊണ്ട് റാഞ്ചിയെടുത്തു. ആ അപ്രതീക്ഷിത നീക്കത്തിൽ അന്ധാളിച്ചുപോയ റൂത്ത് കുഞ്ഞമ്മ ചാടിയെണീറ്റപ്പോഴേക്കും ടി.വി.യുടെ ചാനൽ മാറിക്കഴിഞ്ഞിരുന്നു:
”…. സുരാംഗനീ സുരാംഗനീ….”
ഇളയദളപതി വിജയും സംഘവും ഡപ്പാംകൂത്തിലാണ്.അതു കണ്ട ബിനുവിന്റെ കാലുകളിൽ തുടങ്ങിയ നേരിയ ഇളക്കം ഉടലിലാകെ വ്യാപിക്കുകയും ഉടുത്തിരുന്ന കൈലി ഉയർത്തിക്കെട്ടി അവൻ നൃത്തച്ചുവടുകൾ വയ്ക്കുകയും, ഇതു കണ്ട് കലി കയറിയ റൂത്ത് കുഞ്ഞമ്മ, അവൻ കൈയിൽ ഉയർത്തിപ്പിടിച്ചിരുന്ന റിമോട്ടിനെ തന്റെ കൈപ്പിടിയിലാക്കാൻ ഉയർന്നു ചാടിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതും കണ്ടുകൊണ്ടാണ് ജിനി വീട്ടിലേക്കു പ്രവേശിച്ചത്. കുഞ്ഞമ്മയും ബിനുവും ചേർന്ന് ടി.വിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നുവെന്നാണ് അവൾ ആദ്യം വിചാരിച്ചത്. പിന്നെ കാര്യം പിടികിട്ടി. അവളെ കണ്ട റൂത്ത് പ്രശ്നത്തിലിടപെടാനുള്ള അപേക്ഷയുമായി ഓടി അടുത്തെത്തി.
”മോളേ, ആ റിമോട്ടിങ്ങ് തരാൻ പറ. ‘ശംഖുപുഷ്പ’ത്തിലെ ആരതി അവളെ കൊച്ചിന്റെ തന്തയാരെന്ന് പറയാൻ വന്നപ്പഴാ എവൻ ചാനല് മാറ്റിക്കളഞ്ഞത്.”
കഥയുടെ പരിണാമഗുപ്തി അറിയാൻ വെമ്പി നിൽക്കുന്ന ആ പ്രേക്ഷകയുടെ മാനസിക ഭാവം തിരിച്ചറിഞ്ഞ ജിനി ബിനുവിനോട് റിമോട്ട് നൽകാൻ അഭ്യർത്ഥിച്ചെങ്കിലും ബധിരകർണങ്ങളിലാണ് അത് ചെന്നു വീണത്. ‘നീ പോടീ’ എന്ന് അവജ്ഞയോടെ ചുണ്ടനക്കിയ അവൻ പൂർവ്വാധികം ശക്തിയോടെ ഇളകിയാടിക്കൊണ്ടിരുന്നു. ഗാനം അതിന്റെ പാരമ്യത്തിലേക്ക് കടന്നു പോയിക്കൊണ്ടിരിക്കെ കലി കയറിയ റൂത്തിന്റെ രക്തസമ്മർദ്ദവും അതിനനുസരിച്ച് കൂടിക്കൊണ്ടിരുന്നു. ഒട്ടും സമയം കളയാതെ അവർ ഓടിച്ചെന്ന് ടി.വി യുടെ സ്വിച്ച് ഓഫ് ചെയ്തു. സമ്പൂർണ നിശ്ശബ്ദത! ഗാനം മുറിഞ്ഞതിനാൽ തുടർ ചുവട് വയ്ക്കാൻ കഴിയാതെ ബിനു നിശ്ചലനായി. ക്രുദ്ധഭാവത്തോടെ അവൻ റൂത്തിനെ നോക്കി.വിജയ ഭാവത്തിൽ ചുണ്ടിന്റെ കോണിലൊരു ചെറു ചിരിയുമായി റൂത്ത് നിവർന്നു നിൽക്കുന്നു. അവൻ മുന്നോട്ടു നടന്നു. റൂത്ത് കുഞ്ഞമ്മയെ ബിനു ആക്രമിച്ചേക്കുമെന്നു തന്നെ ജിനി മനസ്സിലുറപ്പിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. മുന്നോട്ടു പാഞ്ഞ ബിനു ചെന്നു നിന്നത് ടി.വിയുടെ മുന്നിലാണ്. ആ ഇരുപതിഞ്ച് ‘സാംസംഗ്’ എൽ ഇ ഡി ടി.വിയെ അവൻ പൊക്കിയെടുത്തു. അന്തം വിട്ട് നിലവിളിച്ചു കൊണ്ട് ജിനി ഓടിച്ചെന്ന് അവന്റെ കൈപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പിടി സ്ഫടികധൂളികളായി ആ ടി.വി സ്ക്രീൻ പരിവർത്തനം ചെയ്യപ്പെട്ടേനെ!
തട്ടിയും മുട്ടിയും ദിവസങ്ങൾ കടന്നുപോയി. പക്ഷേ, അനിവാര്യമായത് സംഭവിക്കാൻ പിന്നെ അധികനാൾ വേണ്ടി വന്നില്ല. ഒരു ഞായറാഴ്ച ഉച്ച സമയം. പളളിയിൽ പോയ ജിനി മടങ്ങി വന്നിട്ടില്ല. റൂത്ത് കുഞ്ഞമ്മ അടുക്കളയിൽ പോത്തിറച്ചി ഉലത്തുന്ന തിരക്കിലും. ഇറച്ചി പാകമായോ എന്ന് നോക്കാനായി ഒരല്പം ചാറ് ഉള്ളംകൈയിലെടുത്ത് റൂത്ത് കുഞ്ഞമ്മ നക്കിക്കൊണ്ടിരുന്നപ്പോൾ വീട്ടുമുറ്റത്ത് ഒരു ‘പട പട’ ശബ്ദം വന്നു നിന്നു. ഇറച്ചിക്ക് ശകലം എരിവ് കൂടുതലാണല്ലോ എന്നു വിചാരിച്ചു കൊണ്ട് കുഞ്ഞമ്മ വാതിൽ തുറന്നപ്പോൾ ബിനുവുംസജിയും. അവരെ നോക്കി എരിവ് കുടിച്ചിറക്കി ഒന്നും മിണ്ടാതെ കുഞ്ഞമ്മ അടുക്കളയിലേക്കു നടന്നു.
ഞായറാഴ്ച ആഘോഷമാക്കാൻ ഒരു ഫുള്ളും ഒപ്പിച്ചു കൊണ്ടാണ് സജിയും ബിനുവും എത്തിയിരിക്കുന്നത്. ഹാളിലെ ചെറിയ ടീപ്പോയുടെ ഇരുവശത്തായി രണ്ട് പ്ലാസ്റ്റിക് കസേരകൾ വലിച്ചിട്ട് തലവനും അനുയായിയും ഇരിപ്പുറപ്പിച്ചു. ‘ജവാന്റെ ‘അടപ്പ് തുറന്ന കിടിലം സജി, രണ്ടു ഗ്ലാസുകളിലേക്ക് അത് പകർന്നു. അടുക്കളയിൽ വേവുന്ന പോത്തിറച്ചിയുടെ മണം മൂക്കിലേക്ക് പടർന്നു കയറി അവന്റെ നാക്കിനെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.
”അളിയാ, നല്ല എറച്ചീരെ മണം.”
ഉമിനീർ കുടിച്ചിറക്കിയാണ് സജി അതു പറഞ്ഞത്.
ബിനുവും മൂക്കുവിടർത്തി. സ്വന്തം വീടിന്റെ അടുക്കളയാണ് ആ ഗന്ധത്തിന്റെ പ്രഭവകേന്ദ്രമെന്ന് അവൻ തിരിച്ചറിഞ്ഞു. ഗ്ലാസിൽ ഒഴിച്ചു വെച്ച റമ്മിൽ കുറച്ച് സോഡയൊഴിച്ച് വായിലേക്കു കമിഴ്ത്തിയ അവൻ അടുക്കളയിലേക്കു നടന്നു.
”എന്നേയ്, ഒരു പ്ലേറ്റില് ഇത്തിരി എറച്ചി എടുക്കീൻ.”
ഇറച്ചി ഇളക്കിക്കൊണ്ടിരുന്ന റൂത്ത് കുഞ്ഞമ്മ ആ ആജ്ഞ കേട്ട് തിരിഞ്ഞു നോക്കി. അവരുടെ മൂക്കിലേക്ക് ‘ജവാൻ’ മാർച്ച് ചെയ്തു.
”നെനക്കൊന്നും വെള്ളമടിക്കാനുള്ള ടച്ചിംഗല്ല ഞാനൊണ്ടാക്കണത്. ഉണ്ണാറാവട്ടെ അപ്പോ തരാം.”
അത്യന്തം പ്രകോപനപരമായ ആ വാക്കുകൾ കേട്ട ബിനുവിന്റെ ഉടലിലൂടെ രക്തം ഇരച്ചൊഴുകി.
”എന്റെ വീട്ടിലൊണ്ടാക്കണത് തിന്നാൻ നിങ്ങളെ അനുവാദോന്നും വേണ്ട ….”
അവൻ അടുപ്പിനടുത്തോട്ടു നടന്നതും കുഞ്ഞമ്മ നെഞ്ചും വിരിച്ച് അവനു മുന്നിൽ നിലയുറപ്പിച്ചു. അവൻ അവരെ തള്ളി മാറ്റാൻ നോക്കി. അവർ കുലുങ്ങിയില്ലെന്നു മാത്രമല്ല കയ്യിലിരുന്ന തവി കൊണ്ട് അവന്റെ തലയിലൊന്നു കൊടുക്കുകയും ചെയ്തു. അവൻ വിടുമോ? വായിൽ തികട്ടി വന്ന മുട്ടൻ തെറി കൊണ്ട് അവൻ കുഞ്ഞമ്മയെ അഭിസംബോധന ചെയ്തു. അവരും വിട്ടില്ല. തെറിയെ മറുതെറികൾ കൊണ്ടു തന്നെ നേരിട്ടു.തുടർന്ന് ഉന്തായി. തളളായി. പിടിവലിയായി….
പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ജിനി മുത്തുമാരിയമ്മൻ കോവിലിനടുത്തെത്തിയപ്പോഴേ വീട്ടിലെ കോലാഹലം കേട്ടു തുടങ്ങി. വീട്ടുമുറ്റത്തു കൂടിനിന്നവരെ വകഞ്ഞുമാറ്റി അവൾ പരിഭ്രാന്തിയോടെ വീടിനകത്തേക്കു കയറി. അവിടെ കണ്ട കാഴ്ചയിൽ അവൾ വായതുറന്നുപോയി! പോത്തിറച്ചിയിൽ അഭിഷിക്തരായി ഉറഞ്ഞുതുള്ളുകയാണ് റൂത്ത് കുഞ്ഞമ്മയും ബിനുവും സജിയും! ദേഹത്ത് കാര്യമായി വീഴാതെ തുണിയിൽ മാത്രം ഇറച്ചി വീണതുകൊണ്ട് പൊള്ളലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണ് മൂവരും.
”കണ്ടാ മോളേ, വീട്ടി ഇരുന്ന് വെള്ളമടിക്കാൻ പറ്റൂലെന്ന് പറഞ്ഞതിനാണ് എവമ്മാര്…..”
സങ്കടം കലർന്ന സ്വരത്തിൽ റൂത്ത് കുഞ്ഞമ്മ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കോപാകുലനായ ബിനു ഇടപെട്ടു:
”എന്റെ വീട്ടില് ഞാനിഷ്ടമുള്ളത് ചെയ്യും. നിങ്ങളാരാണ് അതിലെടപെടാൻ? ഏതോ ബന്ധോം പറഞ്ഞ് ഇവിടെക്കേറിയ നിങ്ങള് ഇന്നെറങ്ങിക്കോണം.”
”അണ്ണാ…..”
ജിനി നിസ്സഹായതയോടെ വിളിച്ചു.
”നീ മിണ്ടിപ്പോവരുത്. നീയൊരുത്തിയാണ് എവരെ ഇവിടെക്കേറ്റി പൊറുപ്പിച്ചത്.”
ബിനു ജിനിക്കു നേരെ കൈ ചൂണ്ടി.
”ദേ തള്ളേ, നിങ്ങക്ക് ഞങ്ങളെ അറിഞ്ഞൂടാത്തൊണ്ടാണ്. മര്യാദയ്ക്ക് ഇവിടുന്ന് പൊയ്ക്കോ. ഇല്ലെങ്കി തീർത്തുകളയും.”
പല്ല് കടിച്ച് ഒച്ച താഴ്ത്തി അതു പറഞ്ഞ സജി, ബിനുവിനേയും വിളിച്ച് പുറത്തേക്കിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. കൂടി നിന്നവർ പിരിഞ്ഞു.
എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ ജിനി നിസ്സഹായയായി റൂത്ത് കുഞ്ഞമ്മയെ നോക്കി. കണ്ണീർ നിറഞ്ഞ മിഴികളോടെ അവർ അവളെയും. പിന്നെ എന്തോ ചിന്തിച്ച് തിടുക്കത്തിൽ കിടപ്പുമുറിയിലേക്കു കയറി.വിങ്ങുന്ന മനസ്സോടെ ജിനി ഹാളിന്റെ ചുമരിൽ തലചായ്ച്ചു നിന്നു. മുറിയിലേക്കു കയറിയ റൂത്ത് കുഞ്ഞമ്മ, വസ്ത്രം മാറ്റി, കയ്യിലൊരു ബാഗുമായി പുറത്തിറങ്ങി.
”മോളേ, കേറിക്കെടക്കാൻ ഒരെടവുമില്ലാത്തതു കൊണ്ടല്ല, നിന്നെക്കരുതിയാണ് ഞാനിത്രേം ദിവസം ഇവിടെ നിന്നത്. നിന്റെ കാര്യം ഓർക്കുമ്പം ദണ്ണമുണ്ട്. പക്ഷേ, ഇനി പറ്റൂല. എല്ലാം നിന്റെ വിധി. ഞാൻ പോണ്….”
സാരി കൊണ്ട് കണ്ണ് തുടച്ച് അവർ വീടിനു പുറത്തേക്കിറങ്ങിയപ്പോൾ ജിനിയുടെ കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങുകയായിരുന്നു.
അറുതിയില്ലാത്ത ദുരിതങ്ങൾ എന്നും തന്റെ കൂടെയുണ്ടല്ലോ എന്നോർത്തുകൊണ്ട് രാത്രി, ജിനി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ബിനു ജയിലിലായിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വസ്ഥതയും മന:സമാധാനവും അവന്റെ തിരിച്ചുവരവോടെ വീണ്ടും നഷ്ടമായിരിക്കുന്നു. അമ്മയുടെ മരണശേഷം ഒറ്റപ്പെട്ടു പോയ തനിക്ക് റൂത്ത് കുഞ്ഞമ്മ കൂട്ടായി വന്നതും അലോകിനോടുള്ള തന്റെ ഗൂഢാനുരാഗവുമൊക്കെ ജീവിതത്തെക്കുറിച്ച് പ്രതീക്ഷകൾ നൽകുന്നതായിരുന്നു. പക്ഷേ, എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ… ചിന്തകളുടെ പരവേശത്തിൽ അവൾ കണ്ണുകൾ തുറന്നു. ഇന്നിനി ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. മനസ്സ് ആകെ അസ്വസ്ഥമാണ്. അവൾ കിടക്കയിൽ നിന്നെണീറ്റ് റൂമിലെ ലൈറ്റിട്ടു.
മേശപ്പുറത്തിരുന്ന കറുത്ത പുറംചട്ടയുള്ള സത്യവേദപുസ്തകം ജിനി കയ്യിലെടുത്തു. ചുവരിൽ തൂക്കിയിരുന്ന, പുഞ്ചിരിതൂകുന്ന കരുണാമയനായ കർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി കുരിശു വരച്ച ശേഷം അവൾ പുസ്തകം തുറന്നു നിശ്ശബ്ദമായി വായിക്കാൻ തുടങ്ങി:
”ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;
കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
അതു കൊണ്ട് ഭൂമി മാറിപ്പോയാലും,
പർവ്വതങ്ങൾ കുലുങ്ങി സമുദ്ര മദ്ധ്യേ വീണാലും,
അതിലെ വെള്ളം ഇരച്ചുകലങ്ങിയാലും
അതിന്റെ കോപം കൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും
നാം ഭയപ്പെടുകയില്ല ……”
