
സ്റ്റ്യാചു ജംഗ്ഷന് – 15

പ്രശാന്ത് ചിന്മയന്
15. ഏറ്റുമുട്ടലും കണ്ടുമുട്ടലും
”മാരി മഴകൾ നനഞ്ചേ
ചെറു വയലുകളൊക്കെ നിറഞ്ചേ
പൂട്ടിയൊരുക്കി പറിഞ്ചേ
ചെറു ഞാറുകൾ കെട്ടിയെറിഞ്ചേ……”
സമരപ്പന്തലുകളിലൊന്നിൽനിന്ന് കൈത്താളങ്ങളോടെ ഉയർന്നുകേട്ട നാടൻപാട്ടു കേട്ട്, വിരലുകൾകൊണ്ട് ലാത്തിയിൽ താളംപിടിച്ച് സെക്രട്ടറിയേറ്റിന്റെ അരമതിലും ചാരി സുജിത്ത് അലസനായി നിന്നു. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്നലെ മുതൽ ‘ജ്വാല’ എന്ന സംഘടന നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ സമരപ്പന്തലിൽ നിന്നാണ് ഗാനമുയർന്നുകേൾക്കുന്നത്.
പത്തുദിവസത്തെ സ്പെഷ്യൽ കോഴ്സ് കഴിഞ്ഞ് ഇന്നലെയാണ് സുജിത്ത് ക്യാമ്പിൽ ജോയിൻ ചെയ്തത്. പാണ്ടിക്കാട് എം.എസ്.പി ക്യാമ്പിലായിരുന്നു കോഴ്സ്. കോഴ്സ് എന്നാണു പറയുന്നതെങ്കിലും സംഗതി പണിഷ്മെന്റാണെന്നതാണ് വാസ്തവം. കസ്റ്റഡിയിൽനിന്ന് കടന്നുകളയാൻ ശ്രമിച്ച ആക്രിഷജീറിനെ അധികമാരുമറിയാതെ പിടികൂടിയെങ്കിലും സംഭവം എങ്ങനെയോ ചോർന്ന് ഏമാന്മാരുടെ ചെവികളിലെത്തുകയായിരുന്നു. സസ്പെൻഷൻ ഉറപ്പെന്നാണ് സുജിത്ത് കരുതിയിരുന്നതെങ്കിലും സ്പെഷ്യൽ കോഴ്സ് എന്ന ഓമനപ്പേരിലുള്ള അതിതീവ്രപരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പാണ്ടിക്കാട്ടേക്ക് വണ്ടി കയറാനായിരുന്നു കൽപന. അങ്ങനെ, എല്ലു വെള്ളമാക്കിയ ദശദിനപരിശീലനവും കഴിഞ്ഞ് ഇന്നലെ ഏ ആർ ക്യാമ്പിൽ ജോയിൻ ചെയ്ത സുജിത്തിനെ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ പതിവ് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. ദൈവാധീനം കൊണ്ട് ഇതുവരെ ആരും കൊടി പിടിച്ച് സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാൻ വരാത്തതിനാൽ നാടൻ പാട്ടും കേട്ട് വിശ്രമിക്കുകയാണ് അയാൾ. പക്ഷേ, കൃത്യം പതിനൊന്നേകാൽ മണിവരെ മാത്രമേ ആ വിശ്രമം നീണ്ടുനിന്നുള്ളൂ.
”ഈങ്ക്വിലാബ് സിന്ദാബാദ്
യുവജന കോൺഗ്രസ് സിന്ദാബാദ്…
പ്രതിഷേധം പ്രതിഷേധം
അക്രമത്തിൽ പ്രതിഷേധം …..”
ഏജീസ് ഓഫീസ് ഭാഗത്തുനിന്ന് മുദ്രാവാക്യം വിളി കേട്ടു തുടങ്ങി. അലസത വിട്ട് പോലീസുകാർ ജാഗരൂകരായി. ദീർഘമായൊരു കോട്ടുവാവിട്ടുകൊണ്ട്, മതിലിൽ ചാരിവച്ചിരുന്ന ഷീൽഡ് കയ്യിലെടുത്ത് സുജിത്ത് സഹപ്രവർത്തകരോടൊപ്പം പ്രതിരോധ സജ്ജനായി. ബാരിക്കേഡുകൾ നിരന്നു. രാപ്പകൽ സമരപ്പന്തലിലുണ്ടായിരുന്ന ചാനൽ ക്യാമറാമാന്മാരും റിപ്പോർട്ടർമാരും മുദ്രാവാക്യം വിളി കേട്ട് ഊർജ്ജസ്വലരായി സമരഗേറ്റിനടുത്തേക്കു വച്ചുപിടിച്ചു.
തലശ്ശേരിയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചായിരുന്നു സെക്രട്ടറിയേറ്റിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ കോലവും പിടിച്ച് ഒരു യുവഖദർധാരി മുന്നിലും, പിറകിൽ ത്രിവർണ്ണ പതാകകളേന്തിയ വിവിധ പ്രായക്കാരായ അമ്പതോളം പേരുമായിരുന്നു ആ മാർച്ചിലുണ്ടായിരുന്നത്. ജില്ലാ പ്രസിഡന്റ് മേട്ടുക്കടസുരേഷായിരുന്നു ആ മാർച്ചിനെ നയിച്ചത്. എല്ലാവരുടെയും മുഖഭാവങ്ങളിലും മുദ്രാവാക്യം വിളികളിലും രോഷം കത്തി നിന്നു:
”ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ
അമ്മേക്കണ്ട് മരിക്കില്ല…..
പറയുന്നതാരെന്നറിയാമോ ….”
നീട്ടിപ്പിടിച്ച കാലടികളോടെ, മുഷ്ടി ചുരുട്ടിയ മുദ്രാവാക്യം വിളികളോടെ, രക്തം തിളച്ചുമറിയുന്ന ആ സമരഭടന്മാർ ബാരിക്കേഡുകളെ ലക്ഷ്യമാക്കി പാഞ്ഞടുത്തു. ബാരിക്കേഡിലേക്ക് ചാടിക്കയറാനും അതിനെ തള്ളിമറിക്കാനും അവർ വിഫലശ്രമം നടത്തി. കൊടി കെട്ടിയ കമ്പുകൊണ്ട് പോലീസിനെ കുത്താനും ചിലർ മടിച്ചില്ല. ബാരിക്കേഡുകൾ മറിയാതെ തളളിപ്പിടിച്ചും കമ്പു കൊണ്ടുള്ള കുത്തുകളെ ഷീൽഡുകൊണ്ട് തടുത്തും പോലീസുകാർ വിയർത്തു. ഉന്തലും തള്ളലും അഞ്ചാറു മിനിട്ടോളം നീണ്ടുനിന്നു. ഒടുവിൽ മേട്ടുക്കടസുരേഷ് തന്നെ ഇടപെട്ട് അനുയായികളെ പിന്തിരിപ്പിച്ചു.

റോഡിൽ വലിച്ചെറിഞ്ഞ മുഖ്യമന്ത്രിയുടെ കോലത്തിനു ചുറ്റും എല്ലാവരും ഒത്തുകൂടി. അണികളെ അഭിസംബോധന ചെയ്തുകൊണ്ട് മേട്ടുക്കടസുരേഷ് പ്രസംഗിക്കാൻ തുടങ്ങി. അതിപൈശാചികമായ കൊലപാതകത്തിനെതിരെ മേട്ടുക്കട സുരേഷിന്റെ രോഷം അണപൊട്ടിയൊഴുകി. എതിർ പാർട്ടിക്കാർക്കെതിരെയുള്ള ഭീഷണിയും വെല്ലുവിളിയുമൊക്കെ നിറഞ്ഞുനിന്ന ആ പ്രസംഗം പത്തു പതിനഞ്ചു മിനിട്ട് നീണ്ടു.പ്രസംഗാനന്തരം സമരത്തിന്റെ അടുത്ത ഘട്ടമായ കോലം കത്തിക്കലിലേക്ക് അവർ കടന്നു.കുരിശിന്റെ ആകൃതിയിൽ രണ്ട് കമ്പുകൾ കൂട്ടിക്കെട്ടി, അതിനെ വൈക്കോൽകൊണ്ട് പൊതിഞ്ഞ് മുണ്ടും വെള്ളയുടുപ്പുമൊക്കെ ധരിപ്പിച്ചതായിരുന്നു കോലം. മുഖത്തിന്റെ സ്ഥാനത്ത് മുഖ്യമന്ത്രിയുടെ മുഖത്തിന്റെ വലിയ ചിത്രമായിരുന്നു. കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ, കോലത്തിലേക്ക് ഒരാൾ വീശിയൊഴിച്ചു. മേട്ടുക്കടസുരേഷ് പോക്കറ്റിൽനിന്ന് തീപ്പെട്ടിയെടുത്ത് ഉരച്ചു. മുദ്രാവാക്യം വിളികളുയർന്നു. തീ ആളിപ്പടർന്നു. പക്ഷേ,മുഖ്യമന്ത്രിയെ ചുട്ടു കരിക്കുന്നതിനൊപ്പം, തീ കൊളുത്തിയ മേട്ടുക്കടസുരേഷിന്റെ പച്ചക്കരമുണ്ടിനേയും തീ ചാടിപ്പിടിച്ചു! കത്തുന്ന മുണ്ടുമായി സുരേഷ് ഓടി. അതു കണ്ട അനുയായിവൃന്ദം ഭയചകിതരായി ആർത്തലച്ചുകൊണ്ട് നാലുപാടും ചിതറി. ‘തന്ത്രപ്രധാനകേന്ദ്ര’ങ്ങളിലേക്ക് തീ ആളിപ്പടരുമെന്ന തിരിച്ചറിവിൽ മേട്ടുക്കടസുരേഷ്, തന്റെ മുണ്ട് വലിച്ചൂരിയെറിഞ്ഞ് മരയ്ക്കാർ മോട്ടേഴ്സിന്റ കോമ്പൗണ്ടിലേക്ക് പാഞ്ഞു. ഒന്നും വിടാതെ എല്ലാം ഒപ്പിയെടുക്കുകയായിരുന്ന ചാനൽ ക്യാമറാക്കണ്ണുകൾ, പിൽക്കാലത്ത് വൈറലായി മാറാനുള്ള സാധ്യത മുന്നിൽക്കണ്ട് ഈ പലായന ദൃശ്യങ്ങളും അതിസൂക്ഷ്മമായിത്തന്നെ പകർത്തി.എല്ലാം കണ്ടു നിന്നവരിൽ ആദ്യം വിരിഞ്ഞ പരിഭ്രമഭാവം ക്രമേണ ചിരിയിലേക്ക് വഴിമാറി. അടിവസ്ത്രത്തിലോടിയ നേതാവിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാനായി അണികളിൽ ചിലർ അയാളുടെ പിറകേയോടി. അധികം താമസിയാതെ ഒരു 108 ആംബുലൻസ് അപകട സംഗീതം പൊഴിച്ച് അവിടെ എത്തുകയും മേട്ടുക്കട സുരേഷിനേയും കയറ്റി മെഡിക്കൽ കോളേജിലേക്ക് പായുകയും ചെയ്തു.
യുദ്ധഭൂമിയിൽ സേനാനായകനെ നഷ്ടപ്പെട്ടെങ്കിലും പിന്തിരിഞ്ഞോടുന്നത് നാണക്കേടാണെന്നു തിരിച്ചറിയാമായിരുന്ന അവശേഷിച്ച സമരഭടന്മാർ വീണ്ടും സംഘടിച്ചു. യുവജന കോൺഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റായ പ്രാവച്ചമ്പലം പ്രകാശ് നായകസ്ഥാനത്ത് സ്വയം അവരോധിതനാകുകയും അണികളിൽ ആവേശം നിറച്ച് വർദ്ധിത വീര്യത്തോടെ ‘ഈങ്ക്വിലാബ്’ മുഴക്കുകയും ചെയ്തു. സംഘടനാ തെരഞ്ഞെടുപ്പിൽ തന്നെ വെട്ടിനിരത്തി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത എതിർ ഗ്രൂപ്പുകാരനായ മേട്ടുക്കടസുരേഷിന്റെ അസാന്നിദ്ധ്യത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നത് ഭാവിയിൽ തനിക്ക് സംഘടനാപരമായി ഗുണം ചെയ്യുമെന്ന് പ്രകാശിനറിയാം. അയാൾ തൊണ്ട കീറുമാറ് മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാരിക്കേഡുകളെ ലക്ഷ്യമാക്കി നടന്നു. പിന്നാലെ അണികളും. സമരം ചീറ്റിപ്പോയെന്നു കരുതി ആശ്വാസം പൂണ്ടിരിക്കുകയായിരുന്ന പോലീസുകാർ വീണ്ടും കർമ്മനിരതരായി. ചാനൽ ക്യാമറാമാന്മാർ ഉത്സാഹഭരിതരായി.
ബാരിക്കേഡുകളെ പിടിച്ചുകുലുക്കി മറിച്ചിടാനുള്ള ശ്രമങ്ങളെ പോലീസുകാർ സർവ്വ ശക്തിയുമെടുത്ത് തടഞ്ഞുകൊണ്ടേയിരുന്നെങ്കിലും ഏതുനിമിഷവും അതെല്ലാം മറിഞ്ഞു വീഴാമെന്ന് അവർ തിരിച്ചറിഞ്ഞു. പോലീസുകാർക്കു പിന്നിൽ നിലയുറപ്പിച്ചിരുന്ന ‘വരുൺ’ അപകടം തിരിച്ചറിഞ്ഞ് ജലവർഷം തുടങ്ങി. സമര സേനാനികൾ നനഞ്ഞു കുതിർന്ന് നാലുപാടും ചിതറിയോടിയെങ്കിലും ജലവർഷം നിലച്ചപ്പോൾ വീണ്ടും സംഘടിച്ച് തിരികെ വന്ന് മുദ്രാവാക്യം വിളി തുടങ്ങി. ഇതിനിടെ, റോഡിൽ അവിടവിടെയായി ചിതറിക്കിടക്കുകയായിരുന്ന കമ്പുകൾ കയ്യിലെടുത്ത ചിലർ ബാരിക്കേഡുകൾക്ക് മുകളിലേക്ക് വലിഞ്ഞുകയറി പോലീസിനെ കുത്താൻ തുടങ്ങി. ഷീൽഡു കൊണ്ട് ചെറുക്കാൻ പരമാവധി ശ്രമിച്ചിട്ടും ആ മുളങ്കമ്പ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുജിത്തിനു കഴിഞ്ഞില്ല. മുന കൂർത്ത ഒരു കമ്പ് അവന്റെ ഷോൾഡറിനെ കീറി മുറിച്ചു.രക്തം ചീറ്റിയൊഴുകി. അസഹ്യമായ വേദനയിൽ അയാൾ പിടഞ്ഞുപോയി. കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ… നിലത്തേക്കു കുഴഞ്ഞു വീണു അയാളെ സഹപ്രവർത്തകരിൽ ചിലർചേർന്ന് താങ്ങിയെടുത്തു. അപ്പോഴേക്കും എസ്പി ബാബുരാജിന്റെ അലർച്ച ഉയർന്നു കഴിഞ്ഞിരുന്നു:
”ചാർജ് …..”
ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സുജിത്തിന്റെ മുറിവ് ആഴത്തിലുള്ളതായിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല. രക്തം കുറേ വാർന്നുപോയതുകൊണ്ട് ചെറിയ ക്ഷീണം തോന്നി. ഏതായാലും ഈ അപകടത്തിന്റെ പേരിൽ ഒരാഴ്ചയെങ്കിലും സിക്ക് ലീവ് കിട്ടുമല്ലോ എന്നോർത്തപ്പോൾ അയാൾക്ക് ആശ്വാസം തോന്നി. മുറിവ് വച്ചുകെട്ടി, അരമണിക്കൂർ ഒബ്സർവേഷൻ വാർഡിൽ കിടന്നു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഡോക്ടർ അയാളെ ഡിസ്ചാർജ് ചെയ്തു.
വാർഡിനു പുറത്തിറങ്ങി, അയാളും കൂടെയുണ്ടായിരുന്ന രണ്ടു പോലീസുകാരും ആശുപത്രി വരാന്തയിലൂടെ നടക്കുന്നതിനിടയിൽ ആരോ പിന്നിൽനിന്ന് ‘സാറേ ….’ എന്നു വിളിച്ചു. അവർ തിരിഞ്ഞു നോക്കി. അസ്ഥിരോഗ ഡോക്ടറുടെ മുറിയുടെ മുന്നിൽനിന്ന് തിടുക്കത്തിൽ നടന്നുവരികയാണ് കറുത്ത ടോപ്പും വെള്ള ജീൻസുമിട്ട ഒരു പെൺകുട്ടി! അവളുടെ കണ്ണുകൾ സുജിത്തിലേക്കാണ്. ആരാണിവൾ? അവൾ ഏതാണ്ടടുത്തെത്തിയപ്പോഴേക്കും സുജിത്തിന്റെ മുഖത്ത് പരിചിത ഭാവം വിടർന്നു കഴിഞ്ഞു. അട്ടക്കുളങ്ങര സബ് ജയിൽ… ആക്രി ഷജീർ… വഞ്ചിയൂർ കോടതി… കരാട്ടേപെൺകുട്ടി!
”സാറിനു മനസ്സിലായോ?”
അവൾ പുഞ്ചിരിയോടെ അടുത്തെത്തി.
”കൊള്ളാം. മറക്കാൻ പറ്റുമോ?”
അയാൾ ചിരിച്ചു.
”എന്തു പറ്റി?”
”ചെറിയൊരു ഇൻജുറി. സമരത്തിനിടയിൽ നിന്ന് …. പിന്നെ, അന്നത്തെ ആ തിരക്കിനിടയിൽ തന്റെ പേര് പോലും ചോദിക്കാൻ പറ്റിയില്ല.”
”ആർദ്ര”
കാക്കി ഷർട്ടിലെ നെയിംബോർഡിൽ അയാളുടെ പേര് വ്യക്തമായി എഴുതിവച്ചിരുന്നതുകൊണ്ട് അവൾക്ക് അയാളുടെ പേര് ചോദിക്കേണ്ടി വന്നില്ല.
”സുജിത്തേ, ഞങ്ങള് വണ്ടീലിരിക്കാം….”
കൂടെയുണ്ടായിരുന്ന പോലീസുകാർ മുറ്റത്തേക്കിറങ്ങി.
”ആർദ്രയെന്താ ഇവിടെ?”
സുജിത്ത് തിരക്കി.
”ഒരു പ്രോജക്ട് ആവശ്യത്തിനു വന്നതാ…..”
”കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റാണോ?”
സുജിത് ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
”ഏയ് ഇല്ലില്ല. ബ്രൗൺ ബെൽറ്റേയുള്ളൂ. പണ്ട് സ്കൂളിലായിരുന്നപ്പോ പഠിച്ചതാ….. ഇപ്പോഴാണ് അതിനൊരാവശ്യം വന്നത്.”
അവൾ ചിരിച്ചു. അപ്പോൾ, അസ്ഥിരോഗഡോക്ടറുടെ റൂമിൽ നിന്നും ഒരു നഴ്സ് പുറത്തേക്കിറങ്ങി അവരുടെ അടുത്തേക്കു വന്നിട്ട് അവളോടു പറഞ്ഞു:
”കുട്ടീ, ഡോക്ടർ വന്നു….. ”
”അപ്പോ ബൈ…” അവൾ അയാളോടു യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു.നടക്കുന്നതിനിടയിൽ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം വീണ്ടും തിരിഞ്ഞ് ധൃതിയിൽ അയാളുടെ അടുത്തേക്കു വന്നു.
”സാറിന് ജയിലിലെ ഓഫീസർമാരെയൊക്കെ പരിചയം കാണുമല്ലോ. ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊരു ഹെൽപ് വേണമായിരുന്നു. തടവുപുള്ളികളുടെ ലൈഫിനെക്കുറിച്ചുള്ള പ്രോജക്ടിന്റെ ഡീറ്റെയിൽസെടുക്കാനാ. സാറിന്റെ നമ്പർ തന്നാൽ….”
അയാൾ നമ്പർ പറഞ്ഞു. ആ കൂടിക്കാഴ്ച്ച അങ്ങനെ അവസാനിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ജയിൽ കാര്യം ഓർമ്മിപ്പിച്ച് അയാൾക്ക് ആർദ്രയുടെ വിളി വന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡൻ സന്തോഷിനെ വിളിച്ച്, അവൾക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ പറഞ്ഞു. സഹായത്തിന് നന്ദി പറഞ്ഞു കൊണ്ട് അടുത്ത ദിവസം ആർദ്ര പിന്നെയും വിളിച്ചു.
ഒരാഴ്ച കഴിഞ്ഞ്, പരിക്ക് ഭേദമായി, സുജിത്ത് വീണ്ടും ക്യാമ്പിൽ ജോയിൻ ചെയ്തു. അന്നും സെക്രട്ടറിയേറ്റിനു മുന്നിൽത്തന്നെയായിരുന്നു ഡ്യൂട്ടി. സമര കോലാഹലങ്ങളൊന്നുമില്ലാത്ത ഒരു ദിവസമായിരുന്നു അത്.പോലീസുകാരെല്ലാം ഒരു വിശ്രമദിനം കിട്ടിയല്ലോ എന്ന മട്ടിൽ അലസ ഭാവത്തോടെ നിൽക്കുകയാണ്. നോർത്ത് ഗേറ്റിന്റെയടുത്തുള്ള മരത്തണലിൽ, മതിലും ചാരിയാണ് സുജിത്ത് നിന്നത്. ബസ് സ്റ്റോപ്പിൽ ‘ഉണ്ണികൃഷ്ണൻ ‘ ബസ് വന്നു നിന്നു. ഇരുപതോളം പെൺകുട്ടികൾ അതിൽ നിന്നിറങ്ങി.അവരിൽ ചിലർ നടപ്പാതയിലേക്കു കയറി. ചിലർ റോഡ് മുറിച്ച് മറുവശത്തേക്കു പോയി.അൽപം കഴിഞ്ഞപ്പോൾ ‘സരോമ’ വന്നു. അതിൽ നിന്നും പത്തു പതിനഞ്ച് പെൺകുട്ടികൾ ഇറങ്ങി.അവർ പല വഴിക്ക് പിരിഞ്ഞു. സമയം ഇഴഞ്ഞു നീങ്ങുകയാണ്. ഏതാണ്ട് പതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും. ട്രാഫിക് ലൈറ്റ് ചുവപ്പിലാണ്.വാഹനങ്ങൾ നിന്നു. പെട്ടെന്ന്, റോഡിന്റെ പല ഭാഗങ്ങളിൽ നിന്നായി, നേരത്തേ ബസ്സിറങ്ങിയ പെൺകുട്ടികൾ മാധവറാവു പ്രതിമയ്ക്കു മുന്നിലുള്ള സീബ്രാ ക്രോസിങ്ങിലേക്ക് ഓടിവന്നു. അവർ ഒരുമിച്ച് ഒരേ താളത്തോടെ കൈകാലുകൾ ചലിപ്പിച്ചു. നൃത്തച്ചുവടുകൾ വച്ചു.
വണ്ടികളുടെ നിർത്താതെയുള്ള ഹോണടി കേട്ടാണ് പോലീസുകാർ റോഡിലെന്തോ സംഭവിച്ചെന്ന് തിരിച്ചറിയുന്നത്. സുജിത്തും സഹപ്രവർത്തകരും അവിടേക്ക് ഓടിയെത്തിയപ്പോഴേക്കും ഫ്ളാഷ് മോബിന്റെ അവസാന ഘട്ടം എത്തിയിരുന്നു. ‘മറക്കരുത്; ഇവൾ മകളാണ് ‘ എന്ന ബാനറും പിടിച്ചു നിൽക്കുകയാണ് പെൺകുട്ടികൾ. അഞ്ചു വയസ്സുകാരിയായ ഉത്തരേന്ത്യൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആ ഫ്ളാഷ് മോബ്. ബാനർ പിടിച്ചു നിൽക്കുന്നവരിൽ മുൻ നിരയിലുള്ള പെൺകുട്ടിയെ കണ്ട സുജിത് അതിശയിച്ചുപോയി. അത് ആർദ്രയായിരുന്നു! അവൾ സുജിത്തിനെ കണ്ടു. അവൾ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു. പോലീസ് ഇടപെടൽ ഉണ്ടാകുന്നതിനു മുമ്പുതന്നെ, ഏതാണ്ട് ഒന്നര മിനിട്ട് നീണ്ട ഫ്ളാഷ് മോബ് അവസാനിപ്പിച്ച് കുട്ടികൾ നടപ്പാതയിലേക്കു കയറി. വാഹനങ്ങൾ ചലിച്ചുതുടങ്ങി. സുജിത്തിനെ കയ്യുയർത്തിക്കാണിച്ച ശേഷം ആർദ്ര കൂട്ടുകാരികളോടൊപ്പം നടന്നു പോയി.
അന്നു വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ക്യാമ്പിലെത്തിയ സുജിത്ത് ആർദ്രയെ വിളിച്ചു.
”എന്താടോ താൻ ആക്ടിവിസ്റ്റാണോ?”
സുജിത്തിന്റെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു.
”അയ്യോ.. ആക്ടിവിസ്റ്റും മാവോയിസ്റ്റൊന്നുമൊന്നുമല്ലേ. ആ പെൺകുട്ടിയുടെ അവസ്ഥയറിഞ്ഞപ്പോൾ പ്രതികരിക്കണമെന്നു തോന്നി.എല്ലാരും ചെയ്യുന്നതിൽനിന്ന് ഡിഫറന്റായി ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. എല്ലാരും എന്റെ കോളേജിലെ സ്റ്റുഡന്റ്സാ. എന്താ പരിപാടി പൊളിച്ചില്ലേ?”
”പരിപാടിയൊക്കെ പൊളിച്ചു. അറസ്റ്റ് ചെയ്യാതിരുന്നത് നിങ്ങളുടെ ഭാഗ്യം.”
”പിന്നെ സാറിന്റെ ഇൻജുറിയൊക്കെ മാറിയോ?”
”ങാ…കുഴപ്പമില്ല.”
”ഒരു കണക്കിന് നിങ്ങള് പോലീസുകാരുടെ കാര്യം കഷ്ടം തന്നെ അല്ലേ? എവിടെ എന്തു പ്രശ്നമുണ്ടായാലും നിങ്ങളുടെ നേർക്കല്ലേ പ്രതിഷേധം.”
”എന്തുചെയ്യാം. ഭരിക്കുന്നവരുടെ പ്രതിരൂപമായിട്ടല്ലേ ആൾക്കാര് പോലീസിനെ കാണുന്നത്”
”സാറ് വേറെ ജോലിക്കൊന്നും ട്രൈ ചെയ്തില്ലേ?”
”കിട്ടണ്ടേ? മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. പോലീസാകാനാവിധി.”
”ഡോക്ടറേറ്റോ!”
”വിശ്വാസം വരുന്നില്ലേ?”
”അല്ല. ഞാനോർക്കുവാരുന്നു. എത് പോലീസുകാരനും കിട്ടുന്നതാണോ ഈ ഡോക്ടറേറ്റെന്ന്….”
അവൾ പൊട്ടിച്ചിരിച്ചു.
”കളിയാക്കണ്ട. അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിംഗ് വെയ്റ്റ് ചെയ്തു നിൽക്കുകയാ ഞാൻ….”
”അതായത് പോലീസിൽ നിന്ന് പ്രൊഫസറിലേക്ക് അധിക ദൂരമില്ലെന്ന് അല്ലേ?”
അവൻ ചിരിച്ചു.
അങ്ങനെ ആ വർത്തമാനം നീണ്ടു. പിന്നെ മിക്കവാറും എല്ലാ ദിവസങ്ങളിലും അവർ സംസാരിച്ചു. ഫേസ് ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും ആ സൗഹൃദം മെല്ലെ മെല്ലെ ദൃഢമാവുകയായിരുന്നു.
ബാങ്കുദ്യോഗസ്ഥനായ ജയരാജന്റെയും സ്വകാര്യ സ്കൂളിൽ അധ്യാപികയായ വിനീതയുടേയും ഒരേയൊരു മകളാണ് ആർദ്ര. ഭാര്യ ഗർഭിണിയായപ്പോൾ, പിറക്കാൻ പോകുന്നത് ആൺകുട്ടിയായിരിക്കുമെന്നാണ് ജയരാജൻ ഉറച്ചു വിശ്വസിച്ചിരുന്നത്. പിറന്നത് പെൺകുഞ്ഞായിരുന്നെങ്കിലും ഒരാൺകുട്ടിയെപ്പോലെ എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അയാൾ അവളെ വളർത്തിയത്. ആണിനെപ്പോലെ വളരാത്ത പെണ്ണിന് ഇന്നത്തെക്കാലത്ത് ജീവിക്കാൻ കഷ്ടപ്പെടേണ്ടിവരുമെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ടാണ് മകളെ അയാൾ കരാട്ടെ പഠിപ്പിച്ചത്. സ്കൂളിലേയും കോളേജിലേയും എൻസിസിയിലും എൻ എസ് എസി ലുമൊക്കെ ആർദ്ര വളരെ ആക്ടീവായിരുന്നു. മോളെ വളർത്തി വഷളാക്കുകയാണെന്നു പറഞ്ഞ് നീരസം പ്രകടിപ്പിക്കാറുള്ള വിനീതയുടെ അമ്മ ദേവകി പലപ്പോഴും ചെറുമകളെ ഓർമ്മപ്പെടുത്തും:
”പെണ്ണേ, നീയൊരു പെണ്ണാണ്.”
സ്കൂളിൽ പഠിക്കുമ്പോൾ ഡോക്ടറാകണമെന്നായിരുന്നു ആർദ്രയുടെ ആഗ്രഹം. പക്ഷേ, പ്ലസ് ടൂ കഴിഞ്ഞപ്പോൾ വക്കീലാകാനായി മോഹം. അങ്ങനെ എൽ എൽ ബി ക്കു ചേർന്നു. അത് പാസായപ്പോൾ ആഗ്രഹം സാമൂഹ്യ പ്രവർത്തനത്തോടായി. മഹാപ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ വോളന്റിയറായി പ്രവർത്തിച്ചപ്പോഴാണ് ആ ഇഷ്ടം കയറിക്കൂടിയത്.അങ്ങനെയാണ് അവൾ എം.എസ്.ഡബ്ല്യൂവിന് ചേർന്നത്.വീട്ടുകാർ അവൾക്കു വേണ്ടി വിവാഹാലോചനകൾക്കു തുനിഞ്ഞെങ്കിലും കോഴ്സ് കഴിഞ്ഞ് സ്വന്തം കാലിൽ നിൽക്കാറായതിനുശേഷം മതി കല്യാണമെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. സ്വന്തമായി വരുമാനമൊക്കെയായ ശേഷം പെൺകുട്ടികൾ കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന പക്ഷക്കാരനായതിനാൽ അച്ഛൻ മകളെ നിർബന്ധിക്കാറുമില്ല. പക്ഷേ, കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന മകളെക്കണ്ട് ആധികയറുന്ന വിനീത, മകളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നു പറഞ്ഞ് ഭർത്താവിനെ വഴക്കുപറയും. ഭാര്യയുടെ ദേഷ്യം കാണുമ്പോൾ, അവളെ വീണ്ടും പ്രകോപിപ്പിച്ചു കൊണ്ട് ഒരു പൊട്ടിച്ചിരിയായിരിക്കും അയാളുടെ മറുപടി.
”ഇന്ന് വൈകിട്ട് ഫ്രീയാണോ?”
ഒരുദിവസം രാവിലെ വാട്ട്സ്ആപ്പിൽ സുജിത്തിനോട് ആർദ്രയുടെ ചോദ്യം. ക്യാമ്പിലേക്കു തിരിക്കുന്നതിനു മുമ്പ്, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ വാട്ട്സ്ആപ്പ് ഓടിച്ചു നോക്കുന്നതിനിടയിലാണ് സുജിത്ത് ആ മെസേജ് കണ്ടത്. ഇന്ന് ട്രഷറി ഡ്യൂട്ടി മാത്രമേയുള്ളൂ. അത് ഉച്ചയോടെ കഴിയും. വൈകുന്നേരം മിക്കവാറും ഫ്രീയാകാനാണു സാധ്യത. എന്തെങ്കിലും അപ്രതീക്ഷിത കാര്യങ്ങൾ സംഭവിച്ചാലേ അതിന് മാറ്റം വരൂ.
”മിക്കവാറും. എന്താ കാര്യം?”
അവൻ റിപ്ലേ അയച്ചു.
”ആറുമണിക്ക് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ വരൂ.”
അവളുടെ മറുപടി ഉടൻ വന്നു. എന്താണ് കാര്യമെന്ന് അവൻ വീണ്ടും ചോദിച്ചെങ്കിലും ‘സർപ്രൈസ് ‘എന്ന മറുപടിയാണ് വന്നത്.
ആറുമണിക്കു തന്നെ സുജിത്ത് മാനവീയം വീഥിയിലെത്തി. യുവതീ യുവാക്കളും ട്രാൻസ്ജൻഡേഴ്സുമൊക്കെയായി നൂറോളം പേർ അവിടെയുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ ആർദ്രയെ തിരഞ്ഞു. അതാ കുറേ ചെറുപ്പക്കാരോടൊപ്പം അവൾ! സുജിത്തിനെ അവളും കണ്ടു. അവൾ അവനടുത്തേക്ക് നടന്നു. കടും ചുവപ്പു ചുരിദാറും അരയിൽ കെട്ടിയ വെളുത്ത ഷോളുമായിരുന്നു അവളുടെ വേഷം.
”വേഷം കണ്ട് സാറ് വണ്ടറടിക്കണ്ട. ഒരു തെരുവുനാടകമുണ്ട്.”
”താനൊരു സംഭവമാണല്ലോ.”
അവൾ ചിരിച്ചു.
ആറേകാൽ മണിയോടെ നാടകം തുടങ്ങി. വർദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധമായിരുന്നു നാടകത്തിന്റെ ഉള്ളടക്കം.
പാട്ടും നൃത്തച്ചുവടുകളുമായി ഏതാണ്ട് അര മണിക്കൂർ നാടകം നീണ്ടു. നാടകം കഴിഞ്ഞപ്പോൾ സുജിത്ത് ആർദ്രയുടെ അടുത്തേക്കു ചെന്നു.
”കലക്കി”
അയാൾ അവൾക്ക് കൈ കൊടുത്തു. അവൾ കൂട്ടുകാരികൾക്ക് അയാളെ പരിചയപ്പെടുത്തി.
”സാറ് വന്നതിന് ഒത്തിരി താങ്ക്സ്.”
അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു.
”നമുക്കൊരു ചായ കുടിച്ചാലോ?”
അയാൾ അവളെ ക്ഷണിച്ചു. അവർ അടുത്തുള്ള തട്ടുകടയിലേക്കു നടന്നു. ചായ കുടിച്ചുനിൽക്കുന്നതിനിടയിൽ മഴ ചാറിത്തുടങ്ങി. തട്ടുകടയുടെ ടാർപോളിൻ മേൽക്കൂരയ്ക്കു ചുവട്ടിലേക്ക് അവർ കയറി നിന്നു. മഴയത്ത്, ചൂടു ചായയും കുടിച്ച് അവർ സംസാരിച്ചുകൊണ്ടിരുന്നു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ തോർന്നു. ആർദ്രയോടു യാത്ര പറഞ്ഞ് സുജിത്ത് വീട്ടിലേക്കു തിരിച്ചു. തണുത്ത കാറ്റേറ്റ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ, ശരീരത്തിൽ മാത്രമല്ല മനസ്സിലും ഒരു കുളിർ കാറ്റ് വീശുന്നതായി അയാൾക്കു തോന്നി. കാക്കിക്കുള്ളിൽ ഒരു കാമുക ഹൃദയം മിടിച്ചു തുടങ്ങിയോ എന്ന് അവൻ സംശയിക്കാതിരുന്നില്ല. പക്ഷേ, നല്ല സൗഹൃദങ്ങളെ പ്രണയത്തിലേക്ക് വലിച്ചിഴയ്ക്കണോ? അവളുടെ മനസ്സിൽ അങ്ങനെ എന്തെങ്കിലും കാണുമോ? സുജിത്ത് ആകെ ആശയക്കുഴപ്പത്തിലായി.
വട്ടിയൂർക്കാവ് ജംഗ്ഷനിലെത്തിയപ്പോഴേക്കും മഴ വീണ്ടും ശക്തമായി. അവൻ ബൈക്ക് റോഡിലൊതുക്കി, സാഹിത്യ പഞ്ചാനൻ വായനശാലയുടെ വരാന്തയിലേക്ക് ഓടിക്കയറി. വായനശാല തുറന്നിട്ടില്ല. മഴ തിമിർക്കുകയാണ്. സമയം ഇഴഞ്ഞു നീങ്ങി.അവൻ പോക്കറ്റിൽക്കിടന്ന മൊബൈലെടുത്തു നോക്കി – പി.എസ്.സി പ്രൊഫൈലിൽ നിന്നും ഒരു മെസേജ് വന്നുകിടക്കുന്നു! ആകാംക്ഷയോടെ മെസേജ് തുറന്നു. അതിലെ വാചകങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കേ,അവന്റെ ഉള്ളിലും ആഹ്ലാദപ്പെരുമഴ പെയ്തുതുടങ്ങി. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന ശുപാർശ കൈപ്പറ്റണമെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്!
(തുടരും)