
സ്റ്റ്യാചു ജംഗ്ഷന് – XIV

പ്രശാന്ത് ചിന്മയന്
- തീ
അഞ്ചര മണിക്ക് പഞ്ചിംഗ് മെഷീനില്‍ തിടുക്കപ്പെട്ട് കാര്‍ഡുരച്ച് അനില്‍കൃഷ്ണന്‍ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങിയതും ഗിരീഷും പ്രസാദും സി ബ്ലോക്കിനടുത്ത് നിന്ന് സംസാരിക്കുന്നതു കണ്ടു. പക്ഷേ, അവരെ കണ്ടഭാവംപോലും കാണിക്കാതെ, വണ്ടി എടുക്കാനായി അയാള്‍ ധൃതിയില്‍ ബി ബ്ലോക്കിനടുത്തേക്കു നടന്നു. ഇതുകണ്ട ഗിരീഷും പ്രസാദും കൈകൊട്ടി സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അനില്‍ കൃഷ്ണന് തന്റെ ഹോണ്ട ആക്ടീവ സ്റ്റാര്‍ട്ട് ചെയ്തു.ഓഫീസ് വിട്ടാല്‍ സാധാരണ കുറേനേരം ഓഫീസ് വളപ്പില്‍ കൂടിനിന്ന് വാചകമടിക്കാറുള്ള അനിലിന് ഇന്നെന്തു പറ്റിയെന്ന് അവര്‍ പരസ്പരം നോക്കി അതിശയം കൂറി.
ഓഫീസില്‍ നിന്ന് അന്തം വിട്ടിറങ്ങിയ അനില്‍ കൃഷ്ണനേയും വഹിച്ചുകൊണ്ട് ആക്ടീവ വന്നു നിന്നത് മാധവറാവു പ്രതിമയ്ക്കടുത്താണ്. വണ്ടി പാര്‍ക്ക് ചെയ്ത്, ഹെല്‍മറ്റ് തലയില്‍ നിന്നൂരി മാറ്റാതെ, ചുറ്റുപാടുമൊന്ന് കണ്ണോടിച്ച് അയാള്‍ മെല്ലെ മെല്ലെ ‘സ്റ്റാച്യൂ മെഡിക്കല്‍സി’നടുത്തേക്കു നടന്നു. ഏതു പ്രസിദ്ധീകരണവും കിട്ടുന്ന രമേശന്റെ പത്രസ്റ്റാന്ഡിനു മുന്നിലാണ് ആ നടത്തം അവസാനിച്ചത്.
ഡോ: സുജിത്ത് ഉള്‍പ്പെടെ രണ്ടുമൂന്നുപേര് അപ്പോള്‍ അവിടെ പുസ്തകങ്ങള്‍ മറിച്ചുനില്പുണ്ടായിരുന്നു. കളിക്കുടുക്ക മുതല്‍ ഇക്കണോമിക് ടൈംസ്വരെയുള്ള വിവിധ പ്രസിദ്ധീകരണങ്ങള്‍ നിരന്നിരിക്കുന്ന ആ സ്റ്റാന്‍ഡിലൂടെ അനില്കൃഷ്ണന്റെ കണ്ണുകള്‍ പരവേശത്തോടെ എന്തോ തിരഞ്ഞു. അല്പനേരത്തെ തിരച്ചിലിനൊടുവില്‍ അയാള്‍ അത് കണ്ടെത്തുക തന്നെ ചെയ്തു. പക്ഷേ, ഉദ്ദിഷ്ടമാഗസിന് കൈയെത്തും ദൂരത്തല്ല. ഒന്നുരണ്ടുതവണ എത്തിവലിഞ്ഞു കൈനീട്ടി നോക്കിയെങ്കിലും രക്ഷയില്ല.
”ഏതാണ് സാര്‍?”
ഒരു അക്ഷരദാഹിയുടെ ആക്രാന്തം കണ്ട രമേശന് സഹായഹസ്തവുമായി അയാള്‍ക്കടുത്തേക്കു വന്നു.രമേശന്റെ ചോദ്യം കേട്ട അനിലിന്റെ മുഖം ഒന്നു വിളറിയെങ്കിലും ഹെല്‍മറ്റ് വച്ചിട്ടുള്ളതുകൊണ്ട് രമേശന് അത് കാണാന്‍ കഴിഞ്ഞില്ല. ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ മാഗസിനുകള്ക്കിടയിലേക്ക് കൈ ചൂണ്ടിയ അനില്‍കൃഷ്ണന്‍, ‘ അത്…. അത് …’എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ ചൂണ്ടുവിരലിന്റെ അറ്റം നീളുന്ന ഭാഗത്തേക്കു രമേശന്റെ കണ്ണുകള്‍ നീണ്ടു. അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി പരന്നു.
”ഫയറാണോ?”
രമേശന്റെ ആ ചോദ്യം കേട്ടതും ‘അതേ’ എന്ന മട്ടില്‍, ഹെല്‍മറ്റ് വച്ച തല അനില്‍കൃഷ്ണന്‍ രണ്ടു മൂന്നു തവണ ചലിപ്പിച്ചു. ‘ഭാഷാപോഷിണി’ മറിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്ന ഡോ: സുജിത്ത്, ഇന്‍ഷര്‍ട്ടു ചെയ്ത മാന്യനായ ആ ഹെല്മറ്റ്ധാരിയെ പരിഹാസച്ചിരിയോടെ ഒന്നു നോക്കി. കൈവിരല്‍ തൊട്ടാല്‍ കാഴ്ചകളും ശബ്ദങ്ങളുമായി എന്തും തെളിയുന്ന ഈ സൈബര്‍ യുഗത്തിലും ‘ഫയറി’നുവേണ്ടി മെനക്കെടുന്നവരോ! അവന് അതിശയം തോന്നി. ചുരുട്ടിപ്പിടിച്ച ‘ഫയറി’നെ ബാഗില്‍ നിക്ഷേപിച്ച അനില്‍ വണ്ടിയുടെ അടുത്തേക്കു നടന്നു.
മാറിമാറി വന്ന സാങ്കേതികവിദ്യകള്‍ പലതും മാറിമാറി പരീക്ഷിച്ചുനോക്കാറുണ്ടെങ്കിലും അനിലിന് ഇന്നും ഒരു ആത്മ സംതൃപ്തി നല്‍കുന്നത് ‘ഫയറും’ ‘മുത്തുച്ചിപ്പി’യുമൊക്കെ തന്നെയാണ്. വായനയിലൂടെ കിട്ടുന്ന ഭാവനാസുഖം മറ്റൊന്നില്‍ നിന്നും കിട്ടില്ലെന്നാണ് അയാളുടെ പക്ഷം.പണ്ട് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, പഞ്ചായത്തു പ്രസിഡന്റായിരുന്നചന്ദ്രന് പിള്ളയുടെ രണ്ടാമത്തെ മകന് ഋഷികേശനാണ് അയാള്‍ക്ക് ആദ്യമായി കൊച്ചു പുസ്തകങ്ങളുടെ ലോകം തുറന്നുകൊടുക്കുന്നത്. അന്നു വായിച്ച ‘കൊച്ചന്നാമ്മയുടെ കൈത്തെറ്റുകള്‍’ എന്ന കഥയെക്കുറിച്ചോര്ക്കുമ്പോള് ഇന്നും മേലാകെ ഒരു കിരുകിരുപ്പാണ്.ഇക്കിളിപ്പുസ്തകങ്ങളുടെ ചാകരക്കാലമായിരുന്നു അത്.കോളേജില്‍ പഠിക്കുമ്പോഴും വായന തുടര്‍ന്നു.പിന്നെ ടെലിവിഷനും വി സി പിയുമൊക്കെ വന്നപ്പോള്‍ കാസറ്റ് കാണലായി. കുറേക്കാലം കഴിഞ്ഞ് കമ്പ്യൂട്ടറും പിന്നെ മൊബൈലും വന്നതോടെ പോണ് സൈറ്റുകളുടെ നിത്യസന്ദര്‍ശകനായി. കുറേക്കഴിഞ്ഞപ്പോള്‍ അതും മടുത്തു. വീണ്ടും പുസ്തകങ്ങള്‍ തേടിയിറങ്ങി. പക്ഷേ, ആദ്യകാല പ്രസിദ്ധീകരണങ്ങള്‍ കൂട്ടത്തോടെ അരങ്ങൊഴിഞ്ഞു കഴിഞ്ഞിരുന്നു. അങ്ങനെയാണ് ‘ഫയറി’ല്‍ അഭയം തേടുന്നത്. സ്ഥിരം വായനക്കാരനല്ലെങ്കിലും, ചിലപ്പോഴെല്ലാം ഒരു ഉത്തേജനോപാധിയായി അയാള്‍ ‘ഫയറി’നെ ആശ്രയിക്കാറുണ്ട്. ഇന്ന് വാങ്ങിയതും അത്തരമൊരാവശ്യത്തിനു വേണ്ടിത്തന്നെയാണ്.
പതിവുപോലെ ഇന്നു രാവിലെ, മകളെ ട്യൂഷന് സെന്ററിലാക്കി അനില്‍ തിരികെ വീട്ടില്‍ വന്നപ്പോള്‍ പതിവിനു വിപരീതമായി പ്രിയംവദ വീട്ടിനുള്ളില്ത്തന്നെയുണ്ട്. സാധാരണ അയാള്‍ മോളെ കൊണ്ടാക്കി തിരികെ വരുമ്പോള്‍ ക്ഷേത്രദര്‍ശനത്തിനു പുറപ്പെടാനായി അവള് സിറ്റൗട്ടില്‍ത്തന്നെ കുളിച്ചൊരുങ്ങി നില്ക്കാറുള്ളതാണ്.ഇന്നു വ്യാഴാഴ്ചയായിട്ടും ഇവളെന്താ ഹനുമാന് കോവിലില്‍ പോകുന്നില്ലേ എന്നു ചിന്തിച്ചുകൊണ്ട് അയാള്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. ‘ജയ് ശ്രീറാം’ വിളികള്‍ മുഴങ്ങിക്കൊണ്ടിരിക്കേ പ്രിയംവദ കതക് തുറന്നു. നൈറ്റിയാണ് വേഷം. അതിശയത്തോടെ അവളെ നോക്കിക്കൊണ്ട് അയാള്‍ അകത്തേക്കു കയറി. പൂജാമുറി അടഞ്ഞുകിടക്കുന്നു!
”എന്തു പറ്റി? ഇന്ന് അമ്പലത്തിലൊന്നും പോകുന്നില്ലേ?”
”ഇന്ന് രാവിലെ പാര്വ്വതിക്കുഞ്ഞമ്മ വിളിച്ചിരുന്നു. സിങ്കപ്പൂരിലെ രവീന്ദ്രനങ്കിള് മരിച്ചെന്ന്. ഇനി പതിനാറു ദിവസം പുലയാ.അമ്പലത്തിലും പോയിക്കൂടാ. വിളക്കും കത്തിച്ചൂടാ.”
പ്രിയംവദയുടെ സ്വരത്തില്‍ ദു:ഖത്തിന്റെ ലാഞ്ഛന.
‘അത് നന്നായി’ എന്ന് അനില്‍കൃഷ്ണന്‍ മനസ്സില്‍ ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും മരണപ്പെട്ട സിങ്കപ്പൂര്‍ അങ്കിളിനോടുള്ള ആദരസൂചകമായി മുഖത്ത് വിഷാദ ഭാവം വരുത്താന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രിയംവദയുടെ അമ്മയുടെ ബന്ധത്തിലെങ്ങോ ഉള്ളയാളാണ് പരേതന്.വര്‍ഷങ്ങളായി കുടുംബസമേതം സിങ്കപ്പൂരില്‍ സ്ഥിരതാമസമായതിനാല്‍ മരണാനന്തര ചടങ്ങുകളൊക്കെ അവിടെത്തന്നെയായിരിക്കും.
പതിനാറു ദിവസം പുലയായതുകൊണ്ട് പ്രിയംവദയുടെ ക്ഷേത്രദര്‍ശനവും പൂജകളും വഴിപാടുകളുമൊക്കെ മുടങ്ങുകയാണെന്ന സദ്വാര്ത്ത കേട്ട അനില്കൃഷ്ണന്റെയുള്ളില് പ്രതീക്ഷകളുടെ ലഡു പൊട്ടി. പ്രതിമാസം നടക്കുന്ന ‘ശാരീരിക വിപ്ലവ’നാളുകളിലൊഴികെ മറ്റെല്ലാ ദിവസവും കടുത്ത വ്രതശുദ്ധിയും ക്ഷേത്ര സന്ദര്ശനങ്ങളുമൊക്കെയായി നടക്കുന്ന ഭാര്യയെ ഇനിയുള്ള പതിനാറു ദിവസമെങ്കിലും തികഞ്ഞ ‘ഭാര്യ’യായിത്തന്നെ കിട്ടുമെന്ന ചിന്തയാണ് അയാളെ ഉത്സാഹഭരിതനാക്കിയിരിക്കുന്നത്. അതിനുള്ള ഉത്തേജനൗഷധമായാണ് ‘ഫയറും’ വാങ്ങി അയാള്‍ വീട്ടിലേക്കു പായുന്നത്. ഗ്രീഷ്മയ്ക്ക് ഒമ്പതരമണിവരെ ട്യൂഷനുള്ളതുകൊണ്ട് എല്ലാത്തരത്തിലും അനുകൂലമാണ് സാഹചര്യങ്ങള്‍. പക്ഷേ, ഈ ലോകത്ത് തന്നെപ്പോലെ ഗതികെട്ട ഭര്ത്താക്കന്മാര് വേറെയുണ്ടാകുമോ എന്നും അയാള്‍ ചിന്തിക്കാതിരുന്നില്ല.

വെള്ളയമ്പലം യക്ഷിയമ്മന് ആല്‍ത്തറയുടെ അടുത്തുള്ള പൂക്കടയുടെ മുന്നില്‍ അനില്‍ കൃഷ്ണന്റെ ഹോണ്ട ആക്ടീവ വന്നു നിന്നു. രണ്ടുമുഴം മുല്ലപ്പൂ വാങ്ങി ബാഗിലിട്ട് അയാള്‍ വീട്ടിലേക്കുള്ള യാത്ര തുടര്‍ന്നു. മുല്ലപ്പൂവിന്റെ ഗന്ധം ‘ഫയറി’ലേക്കു പടര്‍ന്നു.
കോളിംഗ് ബെല്ലിന്റെ ഒച്ച കേട്ട് പ്രിയംവദ വാതില്‍ തുറന്നു. കറുത്ത പുള്ളികളുള്ള പിങ്ക് നൈറ്റിയില്‍ നില്ക്കുന്ന ഭാര്യയെ അനില്‍കൃഷ്ണന്‍ സാകൂതം നോക്കി. വിടര്‍ത്തിയിട്ട അവളുടെ തലമുടിയില്‍നിന്ന് പ്രസരിച്ച കാച്ചെണ്ണയുടെ മണത്തില്‍ അയാളുടെ നാസാ ദ്വാരങ്ങള്‍ വിടര്‍ന്നു. മേലാകെ ഒരു കമ്പനം പടര്‍ന്നു. കൈയിലിരുന്ന ബാഗിനെ സെറ്റിയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചു.
”ഛെ… വിട്… വിട്…. വിയര്‍പ്പ് നാറുന്നു. ഞാനിപ്പോ കുളിച്ചതേയുള്ളൂ…”
പ്രിയംവദ കുതറി മാറാന്‍ ശ്രമിച്ചു. അയാള്‍ പിടി വിട്ടു.
”പോയി കുളിച്ചിട്ടു വാ.ഞാന്‍ ചായയെടുക്കാം.”
അവള് മുടി വാരിച്ചുറ്റി അടുക്കളയിലേക്ക് നടന്നു.അതു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ബാഗുമെടുത്ത് അയാള്‍ ഗോവണി കയറാന്‍ തുടങ്ങി.
കിടപ്പുമുറിയിലെത്തിയ അനില്‍കൃഷ്ണന്‍ കതക് കുറ്റിയിട്ട ശേഷം ബാഗിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ്, ഡ്രസ് ഊരിമാറ്റി അശയിലിട്ട്, ഒരു കൈലിയുമുടുത്ത്, കുളിമുറിയിലേക്കു കയറി. ഷവറില്‍ നിന്നു വീണ തണുത്ത ജലത്തുള്ളികള്‍ അയാളുടെ മനസ്സിനേയും ശരീരത്തേയും ഒരു പോലെ തണുപ്പിച്ചു. പനിനീര്‍പ്പൂവിന്റെ പരിമളമുള്ള ലക്സ് സോപ്പ് പതപ്പിച്ചു തേയ്ക്കുന്നതിനിടയില്‍ എന്തുകൊണ്ടെന്നറിയില്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ പല സിനിമകളിലും വികാര വിജൃംഭിതനായ ആണ് കഥാപാത്രം സ്ഥിരമായി പാടുന്ന ആ പാട്ട് തന്നെയാണ് ഒരു ക്ലീഷേ പോലെ അയാളും മൂളിയത്:
”ഓ മൈ ജൂലീ ജൂലീ …
നിന്റെ ഗിറ്റാറിന് മാറിലെത്ര കമ്പി …?”
കുളി കഴിഞ്ഞ്, അലമാരയില്‍ അലക്കിവച്ചിരുന്ന നീലക്കരയുള്ള മുണ്ടും ക്രീം നിറത്തിലുള്ള ജൂബയുമെടുത്തിട്ട അനില്‍ കൃഷ്ണന്, കൈയുയര്‍ത്തി ഇരുകക്ഷത്തും മുല്ലപ്പൂവിന്റെ മണമുള്ള സ്പ്രേ അടിച്ചു. കണ്ണാടിയില്‍ തന്റെ പ്രതിബിംബത്തെ നോക്കി ആത്മവിശ്വാസംകൊണ്ടശേഷം കട്ടിലില്‍ കിടന്ന ബാഗിന്റെ സിപ്പിലേക്ക് അയാളുടെ കൈ നീണ്ടു.
ചൂടുപിടിപ്പിക്കുന്ന ‘ഫയര്‍’ക്കഥകളിലേക്ക് പരവേശത്തോടെ അയാള്‍ കണ്ണോടിച്ചു – സൈബര്‍ സിറ്റിയിലെ സീല്ക്കാരങ്ങള്, എക്സ്ട്രാ നടിയുടെ നെടുവീര്‍പ്പുകള്‍, സീരിയല്‍ സംവിധായകന്റെ പീഡനപരമ്പര ……
”ടക്… ടക് …ടക്…”
കതകിലെ മുട്ടുകേട്ട് കയ്യിലിരുന്ന ‘ഫയറി’നെ അയാള്‍ തിടുക്കത്തില്‍ ബാഗിലേക്ക് തള്ളിക്കേറ്റി സിബ്ബ് വലിച്ചിട്ടു. കതകു തുറന്നപ്പോള്‍ കയ്യിലൊരു ഗ്ലാസ് ചായയുമായി നില്ക്കുന്നു പ്രിയംവദ!
”ചായ തണുക്കാറായി. കുളിക്കാന്‍ കയറിയിട്ട് നേരമെത്രയായി?”
പരിഭവിച്ചു നില്ക്കുന്ന ഭാര്യയുടെ കയ്യില്‍ നിന്ന് അയാള്‍ ചായ വാങ്ങി.
”ഇന്നെന്താ വല്ല കവിയരങ്ങുമുണ്ടോ? മുണ്ടും ജൂബായുമൊക്കെയായിട്ട്…..”
”കവിയരങ്ങൊന്നുമില്ല. പക്ഷേ, വേറെ ചിലതിനുള്ള അരങ്ങിന്നൊരുങ്ങും.”
ആ പറഞ്ഞിതിന്റെ പൊരുള്‍ തിരിയാതെ പ്രിയംവദ നിന്നപ്പോള്‍, ഒറ്റവലിക്ക് ചായ കുടിച്ച് ഗ്ലാസ് മേശപ്പുറത്തു വച്ച ശേഷം അനില്‍കൃഷ്ണന്‍ ബാഗ് തുറന്ന് മുല്ലപ്പൂവിന്റെ പൊതിയെടുത്തു.
”ടണ്ട ഡാങ് …”
നാടകീയമായി പൊതി തുറന്ന് പൂമാല അയാള്‍ ഉയര്‍ത്തിക്കാട്ടി.
”ഇന്ന് നല്ല ഫോമിലാണല്ലോ. എന്തിനുള്ള പുറപ്പാടാണാവോ?” അവള് മാല വാങ്ങി മണപ്പിച്ചുകൊണ്ടു ചോദിച്ചു. തീ പിടിച്ചു തുടങ്ങിയ കൈകള്‍ കൊണ്ട് അയാള്‍ പ്രിയംവദയെ ചേര്‍ത്തു പിടിച്ചു. അയാളുടെ ചൂടു ശ്വാസം അവളുടെ മുഖത്ത് തട്ടി. അവളുടെ മുഖം ചുളിഞ്ഞു.
”വിട്… വിട്…”
അവള് കൈ തട്ടിമാറ്റാന്‍ ശ്രമിച്ചു. പക്ഷേ, അനിലിന്റെ പിടിത്തം കൂടുതല്‍ മുറുകിയതേയുള്ളൂ.
”അനിയേട്ടാ…. എന്താ ഈ കാണിക്കുന്നേ….”
”നിനക്കിന്ന് അമ്പലത്തിലൊന്നും പോണ്ടല്ലോ. പിന്നെന്താ?”
അയാള്‍ കിതച്ചുകൊണ്ടു ചോദിച്ചു.
”പക്ഷേ, എനിക്ക് പതിനാറു ദിവസം പുലയാ…”
”പുല …. പുല്ല്! പോവാന്‍ പറ.”
അയാള്‍ വര്‍ദ്ധിത വീര്യത്തോടെ അവളെ പൂണ്ടടക്കം പിടിച്ച് കട്ടിലിലേക്കിട്ടു. കൈയിലിരുന്ന പൂമാല തറയിലേക്കു തെറിച്ചു. അവള് ചാടിയെണീക്കുന്നതിനു മുമ്പേ അയാള്‍ അവളുടെ ഉടലിലേക്ക് വീണുകഴിഞ്ഞിരുന്നു. രണ്ടു വര്‍ഷത്തോളമായി അടക്കി വച്ചിരുന്നതെല്ലാം പെയ്തൊഴിക്കാനായി അയാള്‍ അവളുടെ ഉടലിലേക്ക് ഇഴഞ്ഞു തുടങ്ങിയതും അവള് കാലിട്ടടിച്ചും കൈകൊണ്ടു മാന്തിയും രക്ഷാമാര്‍ഗം തേടി. പക്ഷേ, ഫലമുണ്ടായില്ല. ഒടുവില്‍, ആ അറ്റകൈ പ്രയോഗിക്കാന്‍ തന്നെ അവള് തീരുമാനിച്ചു. അയാളുടെ തോളിനെ ലക്ഷ്യമാക്കി അവളുടെ തുറന്ന വായ നീണ്ടു!
”ആ……”
അയാള്‍ നിലവിളിച്ചുകൊണ്ട് ചാടി എണീറ്റു. പിന്നെ ഒട്ടും സമയംകളയാതെ അവളും കട്ടിലില്‍നിന്ന് പിടഞ്ഞെണീറ്റു. ഇരുവരും ഒന്നും മിണ്ടാതെ കുറേ നേരം രൂക്ഷമായി പരസ്പരം നോക്കിയിരുന്നു. പിന്നെ ഒരു നെടുവീര്‍പ്പോടെ ഇരുവരും തല കുനിച്ചു. അയാളുടെ ആ ഇരിപ്പ് കണ്ടപ്പോള്‍ അവള്‍ക്ക് സഹതാപം തോന്നി. അവള് അയാള്‍ക്കരികിലേക്ക് നീങ്ങിയിരുന്നു.പല്ലുകളുടെ പാട് പതിഞ്ഞുകിടന്ന അയാളുടെ തോളില്‍ അവള് പതിയെ തലോടി.
”വേദനിച്ചോ?”
അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. ദേഷ്യവും സങ്കടവുമൊക്കെ കൂടിച്ചേര്‍ന്ന മാനസികാവസ്ഥയിലായിരുന്നു അയാള്‍.
”…. നമ്മുടെ നല്ലതിനു വേണ്ടിയല്ലേ? ഇനിയൊരു ആറേഴു മാസത്തെ കാര്യമല്ലേയുള്ളൂ.”
അയാള്‍ ഒന്നും മിണ്ടാതെ തോളില്‍ നിന്നും അവളുടെ കൈ എടുത്തു മാറ്റി മുറിക്കു പുറത്തേക്കു നടന്നു…..
അനില്കൃഷ്ണന്റെ ദാമ്പത്യ ജീവിതത്തിന് എട്ടിന്റെ പണി കിട്ടിയ ആ സംഭവമുണ്ടായത് രണ്ടു വര്‍ഷം മുമ്പാണ്. പതിവുപോലെ ഓഫീസിലേക്കു പോകുകയായിരുന്നു അയാള്‍. വെള്ളയമ്പലം പിന്നിട്ട് ഹോണ്ട ആക്ടീവ കനകക്കുന്നിനടുത്തെത്തിയതും ട്രാഫിക് ബ്ലോക്ക്. വണ്ടി ഇഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ കാലുകള്‍ കൊണ്ട് വണ്ടി തുഴയുന്നതിനിടയിലാണ് അയാളുടെ കണ്ണുകള്‍ റോഡിന്റെ വലതുവശത്തെ നടപ്പാതയിലേക്ക് ഒന്നു പാളി നോക്കിയത്. അതാ റൗണ്ട് ഹാറ്റും കൂളിംഗ് ഗ്ലാസുമൊക്കെ വച്ച, ആപ്പിളിന്റെ നിറമുള്ള ഒരു സുന്ദരി! ചുവപ്പ് സ്ലീവ് ലെസ് ടോപ്പും മുട്ടിനു മുകളിലുള്ള ജീന്‍സ് മിഡിയുമാണ് വേഷം! അവള് കെ.കരുണാകരന്റെ പ്രതിമയ്ക്കു മുന്നില്‍ അങ്ങനെ നില്‍ക്കുകയാണ്. ആ നയനാനന്ദകരമായ കാഴ്ചയില്‍ അയാളുടെ തുഴച്ചിലിന്റെ വേഗം കുറഞ്ഞു. വാക്സ് ചെയ്ത് സുന്ദരമാക്കിയ ആ വെണ്പെണ്ണുടലിനെ അയാള്‍ നയനാലിംഗനം ചെയ്തു കൊണ്ടിരുന്നു. ഇതിനിടയില്‍ ഗതാഗത സ്തംഭനം മാറിയതൊന്നും അയാളറിഞ്ഞില്ല. പിന്നില്‍ വന്ന കാറുകാരന്റെ നിര്‍ത്താതെയുള്ള ഹോണടി വേണ്ടിവന്നു അയാള്‍ക്ക് സ്ഥലകാലബോധം വീണ്ടെടുക്കാന്‍. അന്തം വിട്ട് ആക്സിലറേറ്റര്‍ ഒന്നു തിരിച്ചു. അതല്പം കൂടിപ്പോയി. കയറുപൊട്ടിച്ച മൂരിയെപ്പോലെ ഇരച്ചുതുമിച്ചുകൊണ്ട് വണ്ടി ഇടത്തോട്ട് തിരിഞ്ഞ് മുന്നില്‍പ്പോയ ഒരു കാറിന്റെ പിന്നിലേക്ക് ഇടിച്ച് റോഡിലേക്കു ചരിഞ്ഞു!
ഇടതു കൈ മുട്ട് റോഡിലുരഞ്ഞ് തൊലിയല്പം ഇളകിയെന്നതൊഴിച്ചാല് അങ്ങനെ കാര്യമായ പരിക്കൊന്നും പറ്റിയില്ല. ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ മുന്‍ഭാഗം അല്പം ഞണുങ്ങുകയും കുറച്ച് പെയിന്റടര്‍ന്നു പോകുകയും ചെയ്തു. വൈകുന്നേരം അയാള്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, വണ്ടിയുടെ പരിക്കുകള്‍ കണ്ടാണ് പ്രിയംവദ അപകടവിവരം മനസ്സിലാക്കിയത്. അപകടത്തിന്റെ അടിസ്ഥാന ഹേതുവായ ‘വായ്നോട്ടം’ ഒഴികെയുള്ള കാര്യങ്ങളെല്ലാം വിശദീകരിച്ച് അനില്‍കൃഷ്ണന്‍ ഭാര്യയെ സമാശ്വസിപ്പിച്ചു. എന്നാല്‍ ആ സംഭവത്തെ അത്ര നിസ്സാരമായി കാണാന്‍ ആ പരമഭക്തയ്ക്കു കഴിയുമായിരുന്നില്ല. രാവിലെ, തന്നെ അടുക്കളപ്പണിയില്‍ സഹായിക്കുമ്പോള്‍ അടുപ്പില്‍ നിന്ന് അവിയല്‍ വാങ്ങുന്നതിനിടെ അയാളുടെ കൈ ചെറുതായൊന്നു പൊള്ളിയതും അവളോര്‍ത്തു. സമയദോഷവും ഗ്രഹപ്പിഴയുമെല്ലാം അവളുടെ മനസ്സില്‍ ഭയത്തിന്റെ മണി മുഴക്കി. ഒട്ടും സമയം കളയാതെ, ഇളയ സഹോദരനോടൊപ്പം വലിയശാലയില്‍ താമസിക്കുന്ന അമ്മ സൗദാമിനി തങ്കച്ചിയെ അവള് വിളിച്ചു. മകള്‍ പറഞ്ഞതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ നെടുവീര്‍പ്പോടെ അമ്മ പോംവഴി നിര്‍ദ്ദേശിച്ചു:
”മോളേ, എന്തൊക്കെയോ ശകുനപ്പിഴകളുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു. നീ നാളെത്തന്നെ നമ്മുടെ ആറ്റിന്‍പുറം ഗോപാലകൃഷ്ണന് ജ്യോത്സ്യനെ പോയൊന്നു കാണണം.”
അങ്ങനെയാണ് അനില്കൃഷ്ണനും പ്രിയംവദയും കൂടി ആറ്റിന്‍പുറം ഗോപാലകൃഷ്ണന് ജ്യോത്സ്യനെ കാണാന്‍ പാല്‍ക്കുളങ്ങര ഉമാ ജ്യോതിഷാലയത്തിലേക്കു പിറ്റേ ദിവസം രാവിലെ തന്നെ പുറപ്പെട്ടത്. ഈശ്വരവിശ്വാസിയാണെങ്കിലും ജ്യോതിഷത്തിലൊന്നും വിശ്വാസമില്ലാത്ത അനില്‍ കൃഷ്ണന് പലതും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ പരമാവധി നോക്കിയതാണ്. പക്ഷേ, പ്രിയംവദ, പിടിച്ചപിടിയാലെ അയാളെയും കൂട്ടുകയായിരുന്നു. സിനിമാ-സീരിയല്‍ താരങ്ങളുടേയും പ്രമുഖരായ പല രാഷ്ട്രീയ നേതാക്കളുടെയുമൊക്കെ വിശ്വസ്ത ജ്യോത്സ്യനാണ് ആറ്റിന്‍പുറം ഗോപാലകൃഷ്ണന്. ചന്ദ്രാ ടി.വി.യിലെ ‘നിങ്ങളുടെ നാളെ’ എന്ന ജനപ്രിയ ജ്യോതിഷപരിപാടിയുടെ അവതരാകനുമാണ് അദ്ദേഹം. എന്നാല്‍, എല്ലാവരുടേയും ഭാവി പ്രവചിക്കുകയും ദോഷങ്ങള്‍ക്ക് പരിഹാരക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ജ്യോത്സ്യന് സ്വന്തം ഭാവി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് അയാളുടെ ഭാര്യ, ജ്യോതിഷാലയത്തില്‍ കമ്പ്യൂട്ടര്‍ ജാതകം തയ്യാറാക്കാനിരുന്ന ചെറുപ്പക്കാരനോടൊപ്പം നാടുവിട്ടത്!
ജ്യോതിഷാലയത്തിനു മുന്നില്‍ രാവിലെമുതല്‍തന്നെ ടോക്കണെടുത്തവരുടെ ഒരു നീണ്ട നിര രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അനില്കൃഷ്ണന്റേയും പ്രിയംവദയുടേയും ഊഴം എത്തിയപ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു! ജ്യോത്സ്യന്റെ ശീതീകരിച്ച കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് ഇരുവരും വലതുകാല്‍ വച്ചു കയറി. ടൈല്‍സ് പാകിയ നിലത്ത് വിരിച്ച പുലിത്തോലില്‍ (?) ചമ്രം പടിഞ്ഞിരിക്കുകയാണ് ജ്യോത്സ്യന്. മുന്നില്‍ കവടിയും പലകയുമൊക്കെയുണ്ട്. തറയില്‍ മടക്കിവിരിച്ചിരുന്ന വെള്ളപ്പുതപ്പില്‍, ജ്യോത്സ്യന് അഭിമുഖമായി അനില്കൃഷ്ണനും പ്രിയംവദയും തൊഴുതുകൊണ്ട് ഇരുന്നു.
അനില്‍കൃഷ്ണന്‍, ജ്യോത്സ്യനെ സാകൂതം നോക്കി.വീതിയുള്ള കസവുകരയന്‍ മുണ്ട് മാത്രമാണ് വേഷം. വീര്‍ത്ത വലിയ ബലൂണുകള്‍ പോലെയുള്ള നെഞ്ചിനെ അലങ്കരിച്ചു കൊണ്ട് നെല്ലിക്കാ വലുപ്പത്തിലുള്ള സ്വര്‍ണമുത്തുമാല. തടിച്ച കൈകളില്‍ തുടല്‍പോലെ കിടക്കുന്ന ബ്രേസ്ലെറ്റുകള്. പത്തു വിരലുകളിലും ബഹുവര്ണങ്ങളില് തിളങ്ങുന്ന മോതിരങ്ങള്‍. ദുര്‍മേദസിന്റെ ആള്‍രൂപമായ ആ ഉടലിന്റെ പല പല ഭാഗങ്ങളിലായി നിറഞ്ഞുകിടക്കുന്ന ഭസ്മ- ചന്ദന- കുങ്കമക്കുറികള് എണ്ണിത്തിട്ടപ്പെടുത്തുന്നത് അത്ര നിസ്സാര കാര്യമല്ല.
”ജാതകങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടോ?”
കടുത്ത ആസ്തമ രോഗിയുടെ ശ്വാസംമുട്ടല്‍ പോലെ ജ്യോത്സ്യന്റെ ശബ്ദം പുറത്തുവന്നു. ഹാന്‍ഡ് ബാഗ് തുറന്ന് പ്രിയംവദ നീട്ടിയ ജാതകങ്ങള്‍ ഇരു കൈയും നീട്ടി ജ്യോത്സ്യന് സ്വീകരിച്ചു. ആദ്യം പ്രിയംവദയുടേയും പിന്നെ അനില്കൃഷ്ണന്റേയും ജാതകമാണ് അയാള്‍ ഓടിച്ചു നോക്കിയത്. ജ്യോത്സ്യന് ജാതകങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയില്‍, തങ്ങള്‍ ഇവിടെ എത്തിച്ചേരാനുണ്ടായ ‘ദുര്ന്നിമിത്ത’ങ്ങളെക്കുറിച്ച് പ്രിയംവദ ചുരുക്കിപ്പറഞ്ഞു. അതെല്ലാം കേട്ട ഭാവത്തില്‍ അലക്ഷ്യമായൊന്നു മൂളിക്കൊണ്ട് അയാള്‍ അനിലിന്റെ മുഖത്തേക്കു നോക്കി ചിറി ചെറുതായൊന്നു കോട്ടി ഒരു ചിരി ചിരിച്ചു.അപകടത്തിനു പിന്നിലെ മൂല കാരണം തന്റെ ദിവ്യദൃഷ്ടിയില്‍ ജ്യോത്സ്യന് കണ്ടെത്തിയോ!
അനില്കൃഷ്ണന്റെ മുഖം വിളറാന്‍ തുടങ്ങി.
”ഭാഗ്യം. മഹാഭാഗ്യം. ഈശ്വരകൃപ ഒന്നുകൊണ്ടു മാത്രമാണ് നിങ്ങളിപ്പോള്‍ ഇങ്ങനെ ഇവിടെ ഇരിക്കുന്നത്.ജാതക വിധി പ്രകാരം ഒരു മാസം മുമ്പേ നിങ്ങള്‍ ഇഹലോകവാസം വെടിഞ്ഞു കഴിഞ്ഞു….. ”
ഭയവിഹ്വലയായ പ്രിയംവദ തുറന്ന വായോടെ വിടര്‍ന്ന കണ്ണുകളോടെ, ഭര്‍ത്താവിനെ നോക്കി. പക്ഷേ, അവളെ നോക്കി ലാഘവത്തോടെ ചിരിക്കുകയാണ് അയാള്‍ ചെയ്തത്.
”അഷ്ടമത്തില്‍ കുജന്റെ അപഹാരമുള്ള സമയത്തെ കരുതലോടെ നേരിട്ടില്ലെങ്കില്‍ അത്യാപത്തായിരിക്കും ഫലം.”
ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞ ജ്യോത്സ്യന് അല്പ നേരം കിതച്ചു.
”പരിഹാരം?”
പ്രിയംവദയുടെ സ്വരത്തില്‍ പരിഭ്രാന്തി കലര്‍ന്നിരുന്നു.
”നോക്കട്ടെ….”
ജ്യോത്സ്യന്, മുന്നിലെ പലകയിലെ കവടികള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നീക്കി, കുറച്ചുനേരം ധ്യാനനിമഗ്നനായി. പിന്നെ മെല്ലെ കണ്ണുകള്‍ തുറന്ന്, പ്രതീക്ഷാനിര്ഭരയായി തനിക്കു മുന്നിലിരിക്കുന്ന പ്രിയംവദയെയും ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന മട്ടിലിരിക്കുന്ന അനില്കൃഷ്ണനേയും മാറി മാറി നോക്കിയശേഷം വലത്തോട്ടുതിരിഞ്ഞ്, കൈയെത്തും ദൂരത്തിരിക്കുന്ന ആമാടപ്പെട്ടിയില്‍ നിന്ന് ഒരു ഏലസ്സ് വലിച്ചെടുത്ത് മുറുകെപ്പിടിച്ച് നെഞ്ചോടു ചേര്‍ത്ത് എന്തോ പിറുപിറുത്തിട്ട് അവള്‍ക്കു നേരെ നീട്ടി.
ഇതാണ് ഭര്ത്തൃരക്ഷാ യന്ത്രം. കുളികഴിഞ്ഞ്, ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ഇത് അരയില്‍ ധരിക്കണം.
അവള് താണുവണങ്ങി ഇരു കൈയും നീട്ടി ആ യന്ത്രം സ്വീകരിച്ചു. ചിരിയടക്കാന്‍ കഴിയാതിരുന്ന അനില്കൃഷ്ണനെ രൂക്ഷമായൊന്നു നോക്കിയശേഷം ജ്യോത്സ്യന് തുടര്‍ന്നു:
”രണ്ടര വര്‍ഷത്തോളം നീളുന്ന കുജന്റെ അപഹാരത്തെ കഠിന വ്രതാനുഷ്ഠാനങ്ങളിലൂടെയേ നേരിടാനാവൂ. ഭാര്യയുടെ ഈശ്വരാരാധനയാണ് പ്രധാനം. ക്ഷേത്രങ്ങളില്‍ പോകാന്‍ പറ്റുന്ന ദിവസങ്ങളിലെല്ലാം പോകണം. ഒരു കാര്യം. എല്ലാ അര്‍ത്ഥത്തിലുമുള്ള വ്രതം നോറ്റിട്ടു വേണം ക്ഷേത്രദര്‍ശനം നടത്താന്‍. മനസ്സിലായല്ലോ.”
ഇത്രയും പറഞ്ഞിട്ട് അനിലിനെ നോക്കി ജ്യോത്സ്യന് ഒരു വല്ലാത്ത ചിരി ചിരിച്ചു. ഇപ്പോഴാണ് ആ ചിരിയുടെ ആന്തരികാര്ത്ഥത്തെക്കുറിച്ച് അയാള്‍ ചിന്തിക്കുന്നത്. ‘നീ മാത്രം അങ്ങനെയിപ്പം സുഖിക്കണ്ട കേട്ടാ…’ എന്നല്ലേ ഭാര്യ ഉപേക്ഷിച്ചുപോയ ആ ജ്യോത്സ്യന്റെ ചിരിയുടെ വ്യംഗ്യാര്‍ത്ഥം?
അന്നത്തെ ആ ജ്യോത്സ്യദര്ശനത്തിനുശേഷം തുടങ്ങിയതാണ് അനില്കൃഷ്ണന്റെ ദാമ്പത്യ ജീവിതത്തിലെ താളഭംഗം. മറ്റെല്ലാ കാര്യങ്ങളിലും അയാളെ ശ്രദ്ധിക്കുന്ന പ്രിയംവദ, വ്രതഭംഗം പേടിച്ച് അയാളെ ഒന്നു തൊടാന്‍ പോലും മടിക്കുകയാണ്. എല്ലാം ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനും തങ്ങളുടെ ദാമ്പത്യ സൗഖ്യത്തിനും വേണ്ടിയാണെന്ന് ഇടയ്ക്കിടെ അയാളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
വികാരവിക്ഷുബ്ധനായി മുറിക്ക് പുറത്തിറങ്ങിയ അനില്‍കൃഷ്ണന്‍, കുറേ നേരം വീടിന്റെ സിറ്റൗട്ടില്‍ ചെന്നിരുന്നു. പുറത്ത് നല്ല കാറ്റ് വീശുന്നുണ്ട്. ആകാശം ഇരുണ്ട് കിടക്കുകയാണ്. പെട്ടെന്ന് മിന്നലിന്റെ വെള്ളിവെളിച്ചവും പിന്നാലെ അതിശക്തമായ ഇടിയും മുഴങ്ങി. ഒരു നല്ല മഴ പെയ്തിട്ട് കുറേക്കാലമായല്ലോ എന്നയാള്‍ ഓര്‍ത്തു. മണ്ണും മനസ്സും നിറയ്ക്കുന്ന നല്ലൊരു മഴ പെയ്തെങ്കില്‍ എന്നു കൊതിച്ചുകൊണ്ട് അയാള്‍ കണ്ണടച്ച് കസേരയില്‍ ചാരിക്കിടന്നു. അപ്പോള്‍, കിടപ്പുമുറിയില്‍ നിന്ന് തന്റെ തലയിണയും ബെഡ്ഷീറ്റുകളും ഗ്രീഷ്മയുടെ മുറിയിലേക്ക് മാറ്റുകയായിരുന്നു പ്രിയംവദ. ഇനി മുതല്‍ മകളോടൊപ്പമാണ് അവളുടെ ഉറക്കം.
1 Comment
[…] By Litartmedia February 15, 2022 0 Comment […]