
സ്റ്റ്യാചു ജംഗ്ഷന്

പ്രശാന്ത് ചിന്മയന്
13. ബന്ധങ്ങള്‍
”സിന്ധുവിനെ ചൂണ്ടി രാജീവ്, സുനിലിനോടു പറഞ്ഞു: ‘എന്റെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവിന്റെ ഭാര്യയുടെ ചേച്ചിയുടെ മകളുടെ ഭര്‍ത്താവിന്റെ മകളാണത്.’ എങ്കില്‍, രാജീവും സിന്ധുവും തമ്മിലുള്ള ബന്ധമെന്ത്?”
കോട്ടണ്‍ഹില്‍ സ്കൂളിലെ IX A ക്ലാസ്സ് റൂമിലിരുന്ന് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയുടെ മുപ്പത്തിരണ്ടാമത്തെ ചോദ്യത്തിനു മുന്നില്‍ ജിനി തലപുകച്ചു കൊണ്ട് തലചൊറിഞ്ഞു. വളച്ചുകെട്ടിപ്പറയുന്ന ഇത്തരം ‘മനുഷ്യബന്ധങ്ങള്‍’ കാണുമ്പോഴേ അവള്‍ക്ക് തലതരിപ്പാണ്. ”ഈ…..മോന്മാര്ക്ക് നേരേ ചൊവ്വേ കാര്യം പറഞ്ഞൂടേ?” അവള് കലി കയറി പിറുപിറുത്തു. പരിചയമുള്ള പലരേയും മനസ്സില്‍ സങ്കല്പിച്ച് അവര്‍ തമ്മിലുള്ള ബന്ധത്തിലേക്ക് ചോദ്യത്തെ ആരോപിച്ച്, രണ്ടു മൂന്നു മിനിട്ട് മനനം നടത്തി, വല്ല വിധേനെയും അവള് ഒരു ഉത്തരത്തിലെത്തി. അത് ശരിയാണോ എന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ലെങ്കില് കൂടിയും, കര്‍ത്താവീശോമിശിഹായെ മനസ്സില്‍ ധ്യാനിച്ച്, അവള് രണ്ടുംകല്പിച്ച് ആ ഉത്തരം കറുപ്പിക്കാന്‍ തുടങ്ങി – (c) ഭാര്യയും ഭര്‍ത്താവും.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവള്‍ക്ക് വലിയ തൃപ്തിയൊന്നും തോന്നിയില്ല. പി. എസ്.സി ഗൈഡ് വാങ്ങി മൂന്നാലു മാസം പഠിച്ചതാണെങ്കിലും പരീക്ഷയടുത്തപ്പോള്‍ കാര്യമായൊന്നും നോക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് സ്റ്റേഷനും വില്ലേജോഫീസും വക്കീലോഫീസും കോടതിയുമൊക്കെയായി പല ദിവസങ്ങളിലും അലയേണ്ടി വന്നു. എന്നിട്ട് അതിനെന്തെങ്കിലും ഫലമുണ്ടായോ? അതുമില്ല. ബിനു ഇപ്പോഴും ജയിലില്‍ത്തന്നെയാണ്.
വഴുതക്കാട് നിന്ന് ബസ്സില്‍ കയറിയിരുന്നപ്പോഴാണ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണല്ലോ എന്ന് ജിനി ഓര്‍ത്തത്. അവള് ബാഗില്‍ നിന്ന് ഫോണെടുത്ത് ഓണ്‍ ചെയ്ത് വാട്ട്സ്ആപ്പ് തുറന്നു. ചില ട്രോളുകള്‍ നോക്കി ചിരിച്ചു.പരമാവധി പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ ഇന്ന് രാത്രിക്കു മുമ്പ് നല്ലൊരു വാര്‍ത്ത കേള്‍ക്കുമെന്നു പറഞ്ഞ് നല്‍കിയിരുന്ന വേളാങ്കണ്ണി മാതാവിന്റെ ചിത്രം അഞ്ചുപേര്‍ക്ക് ഷെയര്‍ ചെയ്തു.അങ്ങനെ ഓരോന്നു നോക്കി നോക്കി വന്നപ്പോള്‍ അതാ കിടക്കുന്നു കൗണ്‍സിലര്‍ വിനോദ് അയച്ച ഒരു വീഡിയോ! അവള് അതിലേക്ക് ചൂണ്ടുവിരലമര്‍ത്തി. രണ്ടു മൂന്നു പ്രാവശ്യം വട്ടം കറങ്ങിയ ശേഷം ചിത്രം ചലിച്ചു തുടങ്ങിയതും അതില്‍ കണ്ണും നട്ടിരുന്ന ജിനിയുടെ കണ്ണുകളും ചുണ്ടുകളും വികസിക്കാന്‍ തുടങ്ങി. പെട്ടെന്നു തന്നെ അവള് ‘ഛെ…’ എന്നുറക്കെപ്പറഞ്ഞുകൊണ്ട് മൊബൈലിന്റെ പള്ളയില്‍ ആഞ്ഞൊരു കുത്തുകൊടുത്തു. ചലനചിത്രം നിശ്ചലമായി. അവളുടെ ഉറക്കെയുള്ള ‘ഛെ…’ കേട്ട് ബസ്സിലിരുന്ന പലരും അവളെ സൂക്ഷിച്ചുനോക്കി. ദേഷ്യവും സങ്കടവും ഇടകലര്‍ന്ന ഭാവത്തിലായിരുന്ന ജിനിയുടെ കൈയിലിരുന്ന് മൊബൈല്‍ വിറച്ചു.
ശുഭദിനവും ശുഭരാത്രിയും കൃത്യമായി നേര്‍ന്നുകൊണ്ടും, ഇടയ്ക്കിടെയുള്ള ലിഖിതകുശലാന്വേഷണങ്ങളിലൂടെയും വികസിപ്പിച്ച വാട്സ് ആപ്പ് സൗഹൃദത്തിന്റെ ബലത്തില്‍ തന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തിലേക്കുള്ള ചൂണ്ടയായി ജിനിക്ക് വിനോദ് അയച്ചതായിരുന്നു ആ പോണ് വീഡിയോ. പുരുഷ സൗഹൃദ കൂട്ടായ്മകളിലേതിലോ നിന്ന് അയാള്‍ക്ക് കൈമാറിക്കിട്ടിയതായിരുന്നു അത്. ജിനിക്ക് താന്‍ അപമാനിക്കപ്പെട്ടതായാണു തോന്നിയത്. എന്തു ചെയ്യണമെന്നറിയാതെ അവള് വിയര്‍ത്തു. വിളിച്ചു നാല് തെറി പറയണോ, നമ്പര്‍ ബ്ലോക്ക് ചെയ്യണോ, ആരോടെങ്കിലും പരാതി പറയണോ ….. എന്നിങ്ങനെ പലവിധ ചിന്തകളില്‍ അവള് വീര്പ്പുമുട്ടിക്കൊണ്ടിരുന്നപ്പോഴേക്കും ബസ് സ്റ്റാച്യുവിലെത്തി.
ബസ്സിറങ്ങി ടെക്സ്റ്റൈല്സിലേക്കു നടക്കുന്നതിനിടയില്‍ അവള് ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്തു. എങ്കിലും മനസ്സ് പിന്നെയും അസ്വസ്ഥമായിക്കൊണ്ടേയിരുന്നു. കൂടെ ജോലി ചെയ്യുന്ന ശോഭച്ചേച്ചിയും ഗായത്രിയുമൊക്കെ അവള്‍ക്കെന്തുപറ്റി, എന്തു പറ്റി എന്ന് പലവട്ടം ചോദിക്കുകയും ചെയ്തു. ആരോടും ഒന്നും പറഞ്ഞില്ല. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയില്‍ വച്ച് അയല്ക്കാരന് അലോക് മണ്ഡലിനെ കണ്ടു. കൂട്ടുകാരെല്ലാം സിനിമയ്ക്കു പോയതു കൊണ്ട് വീടിന്റെ തിണ്ണയില്‍ ചുമ്മാ മൊബൈല്‍ നോക്കിയിരിക്കുകയായിരുന്നു അയാള്‍. അയാളെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി അവള് വീട്ടിലേക്കു നടന്നു. വില്ലേജ് ഓഫീസില്‍ നിന്ന് മടങ്ങുന്ന വഴി റോഡില്‍ തല കറങ്ങി വീണപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ച അലോകുമായി അവള് ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെ അയാളോട് എന്തെങ്കിലും സംസാരിക്കാറുമുണ്ട്. പക്ഷേ, ഇന്ന് അയാളെ കണ്ടപ്പോള്‍ ഒന്നും മിണ്ടാന്‍ തോന്നിയില്ല. കാണുന്ന പുരുഷന്മാരിലെല്ലാം വിനോദുമാരെയാണ് അവള് കണ്ടത്. ഒന്നും മിണ്ടാതെ നടന്നു പോകുന്ന അവളെ അലോക് കൗതുകത്തോടെ നോക്കി നിന്നു.
വീടിനു പുറത്തുള്ള മീറ്റര്‍ ബോക്സിനുള്ളില്‍ വച്ചിരുന്ന താക്കോല്‍ തപ്പിയെടുത്ത് വീട് തുറന്ന് ജിനി അകത്തു കയറി. ലില്ലി കിടക്കുന്ന മുറിയിലെത്തിയ അവള് തോളില്‍ തൂക്കിയിരുന്ന ബാഗ് ചുമരലമാരയില്‍ വച്ചിട്ട് ലൈറ്റിട്ടു. അമ്മ നല്ല ഉറക്കത്തിലാണ്. അവള് വന്നതു പോലും അറിഞ്ഞിട്ടില്ല. പെട്ടെന്നാണ് അവള് അത് ശ്രദ്ധിച്ചത്. കട്ടിലിനടുത്ത് സ്റ്റൂളില്‍ അടച്ചു വച്ചിരുന്ന കഞ്ഞിപ്പാത്രത്തില്‍ നിന്ന് തറയിലേക്ക് ഉറുമ്പുകള്‍ വരിവരിയായി നീങ്ങുന്നു. അവള് പാത്രത്തിന്റെ അടപ്പ് തുറന്നു. ഉച്ചയ്ക്കു കഴിക്കാന്‍ കോരി വച്ചിരുന്ന കഞ്ഞി തണുത്തുറഞ്ഞിരിക്കുന്നു! അവള് അമ്മയെ തട്ടി വിളിച്ചു. അമ്മയുടെ ദേഹം തണുത്ത് വിറങ്ങലിച്ചിരിക്കുന്നതായി തോന്നി. അവള് പരിഭ്രാന്തിയോടെ അമ്മയെ കുലുക്കി വിളിച്ചു:

”അമ്മാ…. അമ്മാ….”
അയല്പക്കത്തെ നിലവിളി കേട്ട അലോക് മണ്ഡല് ജിനിയുടെ വീട്ടിലേക്കു പാഞ്ഞുചെന്നു.അമ്മയെ കൈകളില്‍ കോരിയെടുത്ത് ഏങ്ങലടിക്കുകയാണ് ജിനി. അവന് ഓടിച്ചെന്ന് ലില്ലിയുടെ കൈത്തണ്ടയില്‍ പിടിച്ചു നോക്കി. നേരിയ മിടിപ്പുണ്ടോ?
”ചേച്ചീ,ഞാനൊരു വണ്ടി പിടിച്ചോണ്ടു വരാം…”
അലോക് ധൃതിയില്‍ വീടിനു പുറത്തേക്കിറങ്ങിയതും അയല്പക്കത്തുള്ള ചിലര്‍ ‘എന്താ… എന്താ…’ എന്നു തിരക്കിക്കൊണ്ട് വീടിനകത്തേക്കു കയറി.
ജിനിയും അയല്‍വാസിയായ ചന്ദ്രന് മേസ്തിരിയുടെ ഭാര്യ സുശീലയും അലോക് മണ്ഡലും ചേര്‍ന്ന് ഒരു ഓട്ടോയില്‍ ലില്ലിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. നേരിയ ശ്വാസഗതി മാത്രം ഉണ്ടായിരുന്ന അവരെ ഐ.സി.യുവിലാക്കി. മടങ്ങിപ്പൊയ്ക്കോള്ളാന് ജിനി നിര്‍ബന്ധിച്ചെങ്കിലും അലോക് കൂട്ടാക്കിയില്ല. ഐ സി യു വിനു മുന്നിലെ കസേരയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ജിനി ഇരുന്നു. മണി പത്തായി.അവളുടെ ഫോണ്‍ ശബ്ദിച്ചു – വിനോദ് കൗണ്‍സിലര്‍! അവള് പല്ലിറുമ്മിക്കൊണ്ട് അത് കട്ടു ചെയ്തു. അല്പസമയം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ ചിലച്ചു – വിനോദ് കൗണ്‍സിലര്‍! അവള് പിന്നെയും കട്ടു ചെയ്തു. അലോകും സുശീലയും അവളെ നോക്കി. ദേഷ്യവും സങ്കടവും കടിച്ചമര്‍ത്തി ഇരിക്കുകയാണ് ജിനി. മൂന്നാം തവണ ഫോണ്‍ പാടിത്തുടങ്ങിയതും ഇനി രണ്ടു പറഞ്ഞിട്ടേ കാര്യമുള്ളൂ എന്ന മട്ടില്‍ അവള് ഫോണെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും ഐ സി യു വിന്റെ വാതില്‍ തുറന്ന് ഒരു നഴ്സ് വെളിയിലേക്കു വന്നു.
”ലില്ലിയുടെ ആള്ക്കാരാരെങ്കിലുമുണ്ടോ?”
നഴ്സിന്റെ ചോദ്യം കേട്ട് ഫോണ്‍ കട്ട് ചെയ്തുകൊണ്ട് ചാടിയെണീറ്റ് ജിനി വാതിലിനടുത്തേക്കു ചെന്നു. നഴ്സ് സ്വരം താഴ്ത്തി അവളോടെന്തോ പറഞ്ഞു. പിന്നെ ഉയര്‍ന്നു കേട്ടത് ഒരു പൊട്ടിക്കരച്ചിലാണ്.
ആശുപത്രിയിലെ ആംബുലന്‍സ് കേടായതിനാല്‍ പുറത്തുള്ള സ്വകാര്യ ആംബുലന്‍സിലാണ് ലില്ലിയുടെ മൃതദേഹം കയറ്റിയത്. തേങ്ങിക്കരയുന്ന ജിനിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അലോകും സുശീലയും അവള്‍ക്കരികിലിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ജിനി അമ്മയെ നോക്കി. ജീവിതത്തില്‍ ഒരു ദിവസമെങ്കിലും ഈ സ്ത്രീ സന്തോഷമെന്തെന്നറിഞ്ഞിട്ടുണ്ടോ? ഓര്‍മ്മ വച്ച നാള് മുതല്‍ കാണുന്നത് കണ്ണുകളില്‍ സങ്കടക്കടല്‍ മാത്രമുള്ള അമ്മയെയായിരുന്നു. സദാ മദ്യപിച്ച് കുടുംബം നോക്കാതെ നടന്ന ഭര്‍ത്താവിനെ സഹിച്ച്, പല വീടുകളില്‍ വീട്ടുജോലി ചെയ്താണ് അവര്‍ മക്കളെ വളര്‍ത്തിയത്. അച്ഛന്റെ ആത്മഹത്യക്കുശേഷമെങ്കിലും ഒരു സമാധാനമുണ്ടാകുമെന്നു കരുതി. പക്ഷേ, അപ്പോഴേക്കും അച്ഛന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി ചേട്ടന് മാറിക്കഴിഞ്ഞിരുന്നു. അച്ഛന് വീട്ടുകാര്‍ക്കു മാത്രമേ പൊറുതി കൊടുക്കാതിരുന്നുള്ളൂവെങ്കില് മകന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സമാധാനം കൊടുക്കാത്തവനായി. മകളെ പഠിപ്പിച്ച് എങ്ങനെയെങ്കിലും നല്ല നിലയിലെത്തിക്കണമെന്ന് അമ്മ ആശിച്ചെങ്കിലും ദൈവഹിതം മറ്റൊന്നായി. ഓള് സെയ്ന്റ്സ് കോളേജില്‍ അവള് രണ്ടാം വര്‍ഷ ബിരുദത്തിനു പഠിക്കുമ്പോഴാണ് അമ്മ രോഗിയായത്. പിന്നെ പഠിത്തം മുടങ്ങി. കുടുംബം പുലര്‍ത്താന്‍ വേറെ വഴിയില്ലാതായതോടെയാണ് അവള് ജോലിക്കു പോയിത്തുടങ്ങിയത്.
മൃതദേഹവും വഹിച്ച് ആംബുലന്‍സ് കോളനിയിലെത്തുമ്പോള്‍ മണി പതിനൊന്നു കഴിഞ്ഞിരുന്നു. അലോക് കൂട്ടുകാരോട് വിവരങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നതുകൊണ്ട് ആംബുലന്‍സ് എത്തിയപ്പോഴേക്കും വീട്ടുമുറ്റത്ത് ആളുകള്‍ കൂടിയിരുന്നു.അവര്‍ ബോഡി വീട്ടിനകത്തേക്കു കയറ്റി ഹാളില്‍ കിടത്തി.
”സ്വന്തക്കാരെ അറിയിക്കണ്ടേ? നമ്പരു തന്നാ ഞാന്‍ വിളിച്ചു പറയാം.”
ചന്ദ്രന് മേസ്തിരി, ജിനിയോടു പറഞ്ഞു. അമ്മയ്ക്കോ അച്ഛനോ അങ്ങനെ പറയത്തക്ക ബന്ധുക്കളാരെങ്കിലും ഉള്ളതായി അവള്‍ക്കറിയില്ല. എങ്കിലും ഓര്‍ത്തുനോക്കി. അല്പനേരത്തെ ആലോചനയ്ക്കൊടുവില് ഒരാളെ അവള് കണ്ടെത്തി – ഹാര്‍വിപുരം കോളനിയിലെ റൂത്ത് കുഞ്ഞമ്മ!
അങ്ങനെയൊരു ബന്ധു തനിക്കുണ്ടെന്ന് അവള് തിരിച്ചറിഞ്ഞതുതന്നെ ഒരു വര്‍ഷം മുമ്പാണ്.അമ്മയേയും കൊണ്ട് ആര്.സി.സിയില്‍ പോയപ്പോഴാണ് അവരെ പരിചയപ്പെടുന്നത്. പരിശോധന കഴിഞ്ഞ്, എസ്.എ.ടി ആശുപത്രി നടയിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നില്‍ മെഴുകുതിരി കത്തിച്ചു നില്‍ക്കുമ്പോഴാണ് കയ്യിലൊരു ബൈബിളും പിടിച്ച്, വെളുത്ത സാരിയുടുത്ത ആ നാല്പത്തഞ്ചുകാരി അവരുടെ മുന്നില്‍ പ്രത്യക്ഷയാകുന്നത്.
”ലില്ലിച്ചേച്ചിയല്ലേ?”
ചോദ്യം കേട്ട് ലില്ലിയും ജിനിയും ചോദ്യകര്‍ത്താവിനെ സൂക്ഷിച്ചു നോക്കി. ഒരു പിടിയും കിട്ടുന്നില്ല.
”എന്നെ മനസ്സിലായില്ലേ? റൂത്ത്. ഹാര്വിപുരത്തെ……”
ക്ലാവു കയറിയ ഓര്‍മ്മകള്‍ രാകി മിനുക്കാന്‍ ശ്രമിച്ചുകൊണ്ട് ലില്ലി ആ സ്ത്രീയെ മിഴിച്ചുനോക്കിയെങ്കിലും, മുപ്പതുവര്‍ഷത്തോളം മുമ്പ് ബന്ധമറ്റു പോയ ജന്മനാട്ടില് എവിടെയെങ്കിലും വച്ച് ഈ സ്ത്രീരൂപത്തെ കണ്ടിട്ടുള്ളതായി അവള്‍ക്ക് തോന്നിയില്ല. പക്ഷേ, തന്റെ ഊരും പേരും കൃത്യമായിപ്പറയണമെങ്കില് അവര്‍ക്ക് തന്നെ അറിയാമെന്നല്ലേ?
”ചേച്ചീ, കൊടപ്പനക്കുന്ന് ഫാമില്‍ ജോലിക്കാരനായിരുന്ന എബനീസറിന്റെ മോളാണ് ഞാന്‍. അമ്മ മാര്‍ഗരറ്റ്…”
അങ്ങിങ്ങു മാഞ്ഞു പോയൊരു ചിത്രംപോലെ ലില്ലിയുടെയുള്ളില് ഓര്‍മ്മകള്‍ തെളിഞ്ഞു. അതിലെവിടെയോ റൂത്തിന്റെ രൂപം പോലൊന്ന് ഉള്ളതായി അവള്‍ക്കു തോന്നി. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് അന്യജാതിയില്‍ പെട്ട ഒരുത്തനോടൊപ്പം ഇറങ്ങിപ്പോയതോടെ കുടുംബത്തില്‍ നിന്ന് പുറത്തായതില്‍ പിന്നെ ഹാര്വിപുരത്തേക്ക് ലില്ലി പോയിട്ടേയില്ല; അപ്പനും അമ്മയും മരിച്ചപ്പോള്‍ പോലും. എന്നിട്ടും ഇപ്പോഴും തന്നെ ഓര്‍ത്തിരിക്കുന്ന റൂത്തിനെ നോക്കി അവള് വിസ്മയത്തോടെ ചിരിച്ചു.
”ചേച്ചീരെ മുഖത്തിനൊന്നും ഒരു മാറ്റോം വന്നിട്ടില്ല. പിന്നെ ആ നെറ്റീലെ തഴമ്പു കണ്ടപ്പഴാ ആളിതു തന്നെന്ന് ഞാനൊറപ്പിച്ചത്.”
പണ്ടൊരു മഴയത്ത്, വീട്ടിനടുത്തുള്ള വഴുക്കലുള്ള പാറയില്‍ നിന്ന് കുഞ്ഞുലില്ലി ഉരുണ്ടു വീണപ്പോള്‍ പറ്റിയ തഴമ്പായിരുന്നു അത്.
”മോളേ, നിന്റെ അമ്മേരെ ചേച്ചീടെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യേടെ അനിയത്തിയാ ഞാന്‍. മുറ പറഞ്ഞു വന്നാ……”
അവരെന്തോ ഓര്‍ത്തുകൊണ്ട് അല്പ നേരം നിശ്ശബ്ദയായി. പിന്നെ തുടര്‍ന്നു:
”….. ങാ കുഞ്ഞമ്മ.റൂത്ത് കുഞ്ഞമ്മ.”
ആ മുറ ശരിയാണോ എന്ന കാര്യത്തില്‍ വാസ്തവത്തില്‍ അവര്‍ക്കു തന്നെ ഒരു തീര്‍ച്ചയില്ലായിരുന്നു.അങ്ങനെയാണ് റൂത്ത് കുഞ്ഞമ്മ എന്ന ബന്ധുവിനെ ജിനി പരിചയപ്പെടുന്നത്.മെഡിക്കല്‍ കോളേജ് ക്യാന്റീനില്‍ നിന്ന് അവരൊരുമിച്ച് അന്ന് ഊണു കഴിച്ചു. ദൈവവഴിയില്‍ സഞ്ചരിക്കുന്ന കന്യകയാണ് താന്നെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞു. പിരിയാന്‍ നേരം ഒരു ചെറിയ ‘പുതിയ നിയമ’വും സമ്മാനിച്ചു.
കൃത്യം ഒരാഴ്ച കഴിഞ്ഞതിന്റെ പിറ്റേ ദിവസം രാവിലെ ധവളവസ്ത്രധാരികളായ റൂത്ത് കുഞ്ഞമ്മയും രണ്ടു സ്ത്രീകളും ഒരു മീശയില്ലാ തടിമാടനും ലില്ലിയുടെ വീട്ടിലെത്തി വേദപുസ്തകവുമായി.
”ഡാക്ടറ്മാര് തരണ ഗുളിക വിഴുങ്ങിയതോണ്ട് മാത്രം ദീനം മാറൂല. അതിന് ദൈവകൃപ കൂടി വേണം. പ്രാര്‍ത്ഥന കൊണ്ട് മാറാത്ത ദീനങ്ങളില്ല.”
എന്നിങ്ങനെ പ്രഖ്യാപിച്ചു കൊണ്ട് അവര്‍ പ്രാര്‍ത്ഥന തുടങ്ങി; ബണ്ടു മേട് കോളനിയെ കിടുക്കുന്ന പ്രാര്‍ത്ഥന. പിന്നെയും രണ്ടു തവണ അവര്‍ വന്നു പ്രാര്‍ത്ഥന നടത്തി. അപ്പോഴേക്കും ലില്ലിക്ക് റേഡിയേഷനും കീമോതെറാപ്പിയുമൊക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ അവര്‍ വന്നത് മൂന്നു മാസം മുമ്പാണ്. അന്ന് അവരൊറ്റയ്ക്കാണ് വന്നത്. പ്രകമ്പനം കൊള്ളിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കൊന്നും മുതിരാതെ ലില്ലിയുടെ നെറ്റിയില്‍ കൈവച്ച് നിശ്ശബ്ദ പ്രാര്‍ത്ഥന മാത്രം നടത്തിയാണ് അന്ന് മടങ്ങിയത്.
മൊബൈലില്‍ നിന്ന് റൂത്ത് കുഞ്ഞമ്മയുടെ നമ്പര്‍ കണ്ടെത്തിയ ജിനി, ചന്ദ്രന് മേസ്തിരിക്ക് അതു കൈമാറി.മേസ്തിരി അവരെ വിളിക്കാനായി മുറ്റത്തേക്കിറങ്ങാന്‍ തുടങ്ങിയതും അവള് പതിയെ പറഞ്ഞു:
”മാമാ, കാര്യങ്ങള്‍ നോക്കി നടത്താന്‍ വേറെ ആരുമില്ല…..”
”കൊച്ച് വെഷമിക്കാതിരി….. അതെല്ലാം നടക്കും….”
ജിനിയോട് ആശ്വാസവാക്ക് പറഞ്ഞിട്ട് ചന്ദ്രന് മേസ്തിരി മുറ്റത്തേക്കിറങ്ങിയതും കൗണ്‍സിലര്‍ വിനോദിന്റെ യമഹ ഇരമ്പിപ്പാഞ്ഞ് അവിടെയെത്തി.വിനോദ് തിടുക്കത്തില്‍ വീടിനകത്തേക്കു കയറി മൃതദേഹത്തിനരികിലെത്തി. വിഷാദം കനക്കുന്ന ഭാവത്തോടെ മൃതദേഹത്തെ തൊഴുകൈയോടെ അല്പ നേരം നോക്കിയ ശേഷം തന്റെ തലയേയും കൃഷ്ണമണികളെയും അയാള്‍ ഇടതു വശത്തേക്ക് മെല്ലൈ മെല്ലെ ചലിപ്പിച്ചു. കണ്ണീര്‍മിഴികളുമായി ചുമരില്‍ ചാരി, കുനിഞ്ഞ് തളര്‍ന്നിരിക്കുന്ന ജിനിയെ കണ്ടെത്തുന്നതുവരെ ആ ചലനം തുടര്‍ന്നു. ആരോ തന്നെ നിരീക്ഷിക്കുന്നുവെന്ന് ഉള്‍വിളി തോന്നിയതിനാലാകാം ജിനി പെട്ടെന്നു തലയുയര്‍ത്തി. നിരീക്ഷകക്കണ്ണുകളുടെ ഉടമയെ തിരിച്ചറിഞ്ഞ അവളുടെ കണ്ണുകളില്‍ രോഷാഗ്നി പടര്‍ന്നു.മുഖം വലിഞ്ഞു മുറുകി. അവളുടെ ഭാവമാറ്റം തിരിച്ചറിഞ്ഞ വിനോദ് ഒരു വളിച്ച ചിരിയോടെ തല ചൊറിഞ്ഞുകൊണ്ട് ഹാളിനു പുറത്തേക്കിറങ്ങി.
പിറ്റേന്ന് അതിരാവിലെതന്നെ ഒരു ഓട്ടോയില്‍ റൂത്ത് കുഞ്ഞമ്മ വന്നിറങ്ങി. വെളുത്ത സാരിയുടുത്തു മാത്രം ഇതുവരെ കണ്ടിട്ടുള്ള റൂത്ത് കുഞ്ഞമ്മയെ കറുത്ത പൂക്കളുള്ള ഇളം മഞ്ഞ സാരിയില്‍ കണ്ടപ്പോള്‍ ജിനി അത്ഭുതപ്പെട്ടുപോയി. വില കുറഞ്ഞതെങ്കിലും, അവരുടെ കഴുത്തിലും കാതുകളിലും ആഭരണങ്ങളുമുണ്ടായിരുന്നു!
”കെടന്ന് നരകിക്കാതെ അങ്ങ് പോയതു തന്നെ ഒരു കണക്കിന് നല്ലത്. എത്ര കാലമെന്നു വച്ചാ ഈ കെടപ്പ് കെടക്കണത് ……”
ജിനിയുടെ അരികില്‍ വന്നിരുന്ന് അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം റൂത്ത് കുഞ്ഞമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ, ദൈവമെന്നോ കര്‍ത്താവെന്നോ ഉള്ള വാക്കുകള്‍ അതിലൊന്നുമുണ്ടായിരുന്നില്ല! മൂന്നു മാസം കൊണ്ട് റൂത്ത് കുഞ്ഞമ്മയ്ക്ക് ഇങ്ങനെയൊരു മാറ്റമുണ്ടായതെങ്ങനെയെന്ന് ജിനി ആലോചിച്ചു.
ദൈവവേല ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ കന്യകയായ റൂത്തിന് സംഭവിച്ച ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. റൂത്തിന്റെ ചേച്ചിയായ മറിയയുടെ കെട്ട് കഴിഞ്ഞ് രണ്ടു വര്‍ഷമായപ്പോഴേ രണ്ടാമത്തെ മോള്‍ക്കൊരു ചെറുക്കനെ കണ്ടു പിടിക്കാന്‍ അവളുടെ പപ്പ എബനീസര്‍ ശ്രമം തുടങ്ങിയതാണ്. പല ഭേദപ്പെട്ട ആലോചനകള്‍ വന്നെങ്കിലും എല്ലാം പാതിവഴിയില്‍ മുടങ്ങി. കല്യാണാലോചനകളെല്ലാം അടിക്കടി മുടങ്ങുന്നതിന്റെ കാരണം രഹസ്യമായി അന്വേഷിച്ച എബനീസര്‍ വൈകിയാണെങ്കിലും ആ സത്യം തിരിച്ചറിഞ്ഞു – ഒന്നും മുടങ്ങുന്നതല്ല; മുടക്കുന്നതാണ്. മൂത്ത മോളുടെ കെട്ടിയോനായ വിന്‍സെന്റായിരുന്നു വില്ലന്‍.
കുടപ്പനക്കുന്നിനടുത്ത് ഇരപ്പുകുഴിയില്‍ സ്വന്തമായൊരു പന്നിഫാം നടത്തിവന്നിരുന്ന വിന്‍സെന്റ് യാതൊരു ദുശ്ശീലവുമില്ലാത്തവനായിരുന്നു.ഇത്രയും മാന്യനും സാധുവുമായ ഒരാള്‍ക്ക് എങ്ങനെ പന്നിയെ കൊല്ലാനും അതിനെ വെട്ടിനുറുക്കാനും കഴിയുന്നുവെന്ന് ആളുകള്‍ അതിശയിക്കുമായിരുന്നു. പക്ഷേ, മനുഷ്യമനസ്സിന്റെ ഉള്ളറകള്‍ പലപ്പോഴും വിചിത്രങ്ങളായിരിക്കുമല്ലോ. അതു തന്നെയാണ് വിന്‍സെന്റിലും സംഭവിച്ചത്. ചന്തത്തിന്റെ കാര്യത്തില്‍ തന്റെ കെട്ടിയോളെക്കാള് ഒരു പടി മുന്നില്‍ നില്ക്കുന്ന റൂത്തിനെക്കൂടി സ്വന്തമാക്കാന്‍ അയാള്‍ ഗൂഢമായി ആഗ്രഹിച്ചിരുന്നു. സൗന്ദര്യം മാത്രമല്ല, ചുറുചുറുക്കും തന്റേടവുമൊക്കെയുള്ളവളായിരുന്നു റൂത്ത്. പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയില്‍ ഒരു സഹോദരിയോടെന്ന പോലെയാണ് വിന്‍സെന്റ് റൂത്തിനോടു പെരുമാറിയിരുന്നത്. അയാള്‍ അടുത്തു വരുമ്പോള്‍ പന്നിയുടെ മുശിട് അനുഭവപ്പെട്ടിരുന്നുവെന്നത് ഒഴിച്ചാല്‍ അവള്‍ക്കും അയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയതുമില്ല.പക്ഷേ, നിഗൂഢമായി അവളെ അയാള്‍ ആഗ്രഹിച്ചിരുന്നു. സ്വന്തം കെട്ടിയോളുമൊത്തുള്ള വേഴ്ചകളില്പ്പോലും അയാളുടെ മനസ്സില്‍ നിറഞ്ഞുനിന്നത് റൂത്തിന്റെ ഉടലളവുകള്‍ ആയിരുന്നു!
കാര്യങ്ങള്‍ തിരിച്ചറിഞ്ഞ എബനീസറിന്റെ പിന്നീടുള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധാപൂര്വ്വമായി. വിന്‍സെന്റിന്റെ മനസ്സിലിരിപ്പിനെയും കയ്യിലിരിപ്പിനെയും കുറിച്ച് അയാള്‍ ആരോടും ഒന്നും പറഞ്ഞില്ല. മൂത്ത മോളുടെ ജീവിതം ഇതു കാരണം തകരാന്‍ പാടില്ല. വിന്‍സെന്റിനെ അറിയിക്കാതെ രഹസ്യമായി റൂത്തിന്റെ വിവാഹാലോചനകള്‍ അയാള്‍ സജീവമാക്കി. വാളകത്തെ ചെറുക്കനുമായുള്ള ബന്ധം ഉറപ്പിക്കുന്നതു വരെ മൂത്തമരുമോന് കാര്യങ്ങളറിയാതിരിക്കാന് അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു.ചെറുക്കന്റെ വീടു കാണല്‍ ചടങ്ങിലേക്കു ക്ഷണിച്ചപ്പോഴേ വിന്‍സെന്റ് കാര്യങ്ങളറിഞ്ഞുള്ളൂ. ദേഷ്യവും നിരാശയുമൊക്കെ അടക്കി, നാട്ടുകാരെ ബോധ്യപ്പെടുത്താനായി ബന്ധുക്കളോടൊപ്പം അയാളും വാളകത്തേക്കു പുറപ്പെട്ടു. പന്ത്രണ്ടു പേര്‍ക്കിരിക്കാവുന്ന ഒരു ടെമ്പോ ട്രാവലറിലായിരുന്നു യാത്ര. പക്ഷേ, വാളകമെത്തുന്നതിനു മുമ്പ് വെട്ടിക്കവലയില്‍ വച്ച് ആ യാത്ര അവസാനിച്ചു. എതിരേ വന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച്, എബനീസറും ഭാര്യയും ഉള്‍പ്പെടെ ടെമ്പോയിലുണ്ടായിരുന്ന ആറുപേര്‍ മരിച്ചു. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വിന്‍സെന്റ് തളര്‍ന്ന് കിടപ്പിലുമായി. ആ ദുരന്തം റൂത്തിന് വലിയ ആഘാതമായി. തനിക്ക് കല്യാണ യോഗമില്ലെന്ന് സ്വയം വിശ്വസിച്ച അവള് ഇനി കല്യാണമേ വേണ്ടെന്ന നിലപാടിലെത്തി.വിന്‍സെന്റ് കിടപ്പിലായതോടെ പന്നിഫാം പൂട്ടി. ഭര്‍ത്താവിനേയും മൂന്നു വയസ്സുള്ള മകള്‍ ഏയ്ഞ്ചലിനെയും പോറ്റാന്‍, കുടുംബശ്രീയില്‍ നിന്ന് സ്വയം തൊഴില്‍ വായ്പയെടുത്ത് ‘സോഫ്ട്’ എന്ന പേരില്‍ ആട്ടിയ മാവ് പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ചെറിയൊരു യൂണിറ്റ് മറിയ തുടങ്ങി. റൂത്തും ചേച്ചിയെ സഹായിച്ചു. അങ്ങനെയിരിക്കെയാണ് ഹാര്‍വിപുരം കോളനിയില്‍ പുതുതായി തുടങ്ങിയ പെന്തക്കോസ്ത് പള്ളിയില്‍ സുവിശേഷ പ്രസംഗത്തിനായി വന്ന പാസ്റ്റര്‍ ഗ്ലാഡ്സണ്‍ റൂത്തിനെ ദൈവവേലയ്ക്കായി ക്ഷണിക്കുന്നത്. ആത്മീയ പ്രചാരകയായി മാറിയ റൂത്ത് താന്‍ കര്‍ത്താവിന്റെ മണവാട്ടിയാണെന്ന് സ്വയം പ്രഖ്യാപിച്ചു. പരിചയപ്പെടുന്നവരോടെല്ലാം ‘ഞാന്‍ കന്യകയാണ്…. കന്യകയാണ്’ എന്ന് സാഭിമാനം ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു.
പതിനഞ്ചു വര്‍ഷത്തോളം പാസ്റ്ററും ഭാര്യയും മകളുമടങ്ങുന്ന സംഘത്തോടൊപ്പം പല സ്ഥലങ്ങളിലും പോയി അവള് ദൈവവേല ചെയ്തു.
മൂന്നു മാസം മുമ്പുള്ള ഒരു ഞായറാഴ്ച വൈകുന്നേരം ഒരു ഗ്ലാസ് ചായയുമായി റൂത്ത്, വിന്‍സെന്റിന്റെ കിടക്കയ്ക്കരികിലെത്തി, അയാളെ താങ്ങി എണീപ്പിച്ച്, ചുണ്ടിലേക്കു ഗ്ലാസ് വച്ചു കൊടുത്തു. പുറത്ത് മഴ ചാറുന്നുണ്ട്. മറിയയും ഏയ്ഞ്ചലും കുടുംബശ്രീ മീറ്റിംഗിനു പോയിരിക്കുകയാണ്. ഒരു കുഞ്ഞിനെപ്പോലെ ചായ മൊത്തിമൊത്തിക്കുടിക്കുന്ന വിന്‍സെന്റിനെ സഹതാപത്തോടെ റൂത്ത് നോക്കി. പത്തു പതിനാറു വര്‍ഷമായി അസ്ഥിപഞ്ജരം പോലെ ഒരേ കിടപ്പു കിടക്കുന്ന അയാളുടെ രോഗശാന്തിക്കുവേണ്ടി താന്‍ എന്തുമാത്രം പ്രാര്‍ത്ഥിച്ചിരിക്കുന്നു. ഇപ്പോഴും മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നു. അവള് ചുമരിലെ യേശുവിന്റെ ചിത്രത്തിലേക്കു നോക്കി. ഈ പാവത്തിനോട് എന്തിനാണീ ക്രൂരത തുടരുന്നത്? പാപികളോടു പോലും ക്ഷമിച്ചിട്ടുള്ള ദൈവമേ, നീ ഈ മനുഷ്യനില്‍ കരുണ ചൊരിയില്ലേ?…. എന്നിങ്ങനെ ഈശ്വരനോടു പരിഭവം പറഞ്ഞു കൊണ്ടിരിക്കേ, തന്റെ ഇടതു മാറിടത്തില്‍ എന്തോ ഇഴയുന്നതായി തോന്നിയ അവള് ചിന്തകളില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. വിന്‍സെന്റിന്റെ ശുഷ്കിച്ചകൈപ്പടം തന്റെ മാറില്‍! ഒരു നിമിഷം പകച്ചുപോയ അവള് ആ കൈപ്പടത്തെ ബലമായി അടര്‍ത്തിമാറ്റാന്‍ നോക്കിയെങ്കിലും അത് കൂടുതല്‍ മുറുകുകയാണ് ചെയ്തത്. കൈയിലിരുന്ന ഗ്ലാസ് തറയില്‍ വീണ് ചിതറി. പുറത്ത് മഴ ആര്‍ത്തലച്ചു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന ഈ മനുഷ്യ ശരീരത്തിന് ഇത്രയും കരുത്ത് എവിടുന്ന് കിട്ടി? കുതറി മാറാന്‍ ശ്രമിച്ചെങ്കിലും പിടിത്തം കൂടുതല്‍ മുറുകുകയും നരകയറിയ തന്റെ നെഞ്ചിന് കൂട്ടിലേക്ക് വിന്‍സെന്റ് അവളെ വലിച്ചടുപ്പിക്കുകയും ചെയ്തു. ചാളുവ ഇറ്റുവീഴുന്ന തന്റെ വായ്ക്കടുത്തേക്ക് അവളുടെ മുഖത്തെ അടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. റൂത്തിന്റെ മൂക്കിലേക്ക് പന്നിയുടെ ഗന്ധം ഇരച്ചുകയറി. അവളുടെ ആമാശയത്തില്‍ നിന്ന് എന്തോ തികട്ടി വന്നു. പക്ഷേ, അവളുടെ എല്ലാ ചെറുത്തു നില്പുകളേയും വിഫലമാക്കിക്കൊണ്ട് പ്രാചീനഗന്ധം പേറുന്ന വിന്‍സെന്റിന്റെ ഇരുണ്ട ചുണ്ടുകള്‍ റൂത്തിന്റെ ഇളം ചുവപ്പുള്ള ചുണ്ടുകളില്‍ അമര്‍ന്നു. അഴുക്കു കൂമ്പാരത്തില്‍ ഇളകി മറിയുന്ന പന്നികളുടെ കൂട്ടില്‍ അകപ്പെട്ടതു പോലെ റൂത്ത് അസഹ്യതയോടെ പുളഞ്ഞു. അവള് അയാളുടെ തോളില്‍ കൈ മുറുക്കി ഇടിക്കുകയും മാന്തുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ ഏതാണ്ട് ഒരു മിനിട്ടോളം നീണ്ടു നിന്ന അധരബന്ധനത്തിനു ശേഷമേ വിന്‍സെന്റിന്റെ പിടിത്തം അയഞ്ഞുള്ളൂ. കിതച്ചു കൊണ്ടിരുന്ന അയാളെ കിടക്കയിലേക്ക് തള്ളി മാറ്റിയിട്ട് വായ പൊത്തിക്കൊണ്ട് റൂത്ത് മുറിക്ക് പുറത്തേക്കോടി. വീടിന്റെ തിണ്ണയില്‍ ചെന്നു നിന്ന അവള്, തിണ്ണയില്‍ കുത്തിയിരുന്ന് മുറ്റത്തേക്കു ഛര്‍ദിച്ചു. പലവട്ടം. ഒടുവില്‍, തളര്‍ന്നവശയായി കിതച്ചു കൊണ്ട് തിണ്ണയില്‍ത്തന്നെ ഇരുന്നു. മഴ അപ്പോഴും തിമിര്‍ക്കുകയായിരുന്നു. വീശിയടിച്ച കാറ്റില്‍, മഴത്തുളളികള്‍ വീണ് അവള് നനഞ്ഞു കുതിര്‍ന്നു.
അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മഴ തോര്‍ന്നു. മറിയയും ഏയ്ഞ്ചലും മടങ്ങിയെത്തി. തിണ്ണയില്‍ നനഞ്ഞ് തളര്‍ന്നിരിക്കുന്ന അനിയത്തിയോട് മറിയ കാര്യം തിരക്കിയെങ്കിലും അവള്, ഒന്നുമില്ലെന്നു പറഞ്ഞൊഴിഞ്ഞു. മറിയ വീട്ടിനകത്തേക്കു കയറി.
”അയ്യോ…..”
മറിയയുടെ നിലവിളി കേട്ട് റൂത്ത് വീടിനകത്തേയ്ക്കോടി. വിന്‍സെന്റിന്റെ മുറിയില്‍ നിന്ന് വാവിട്ടു നിലവിളിക്കുകയാണ് മറിയ. റൂത്തിനെ കണ്ട മറിയ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു കൊണ്ട് കിടക്കയിലേക്കു വിരല്‍ ചൂണ്ടി – കണ്ണുകള്‍ മേല്പോട്ട് തുറുപ്പിച്ചു നോക്കി ചലനമറ്റു കിടക്കുകയാണ് വിന്‍സെന്റ്. അല്പം വിടര്‍ന്നിരിക്കുന്ന അയാളുടെ ചുണ്ടുകളുടെ കോണില്‍ ഒരു ഗൂഢസ്മിതം തങ്ങി നില്ക്കുന്നതായി റൂത്തിനു തോന്നി!
വിന്‍സെന്റിന്റെ മരണശേഷം ആ വീട്ടില്‍ തങ്ങുന്ന ഓരോ നിമിഷവും റൂത്തിന് അസ്വസ്ഥതകളുടേതായിരുന്നു.ഇത്രയും നാള് ദൈവദാസിയായി നടന്ന തന്നോട് ദൈവം എന്തിനീ ക്രൂരത കാട്ടി? ചലനമറ്റു കിടന്നവന്റെ ഉള്ളിലേക്കു കയറിയ സാത്താനെ തുരത്താന്‍ ദൈവത്തിന് കഴിയാതിരുന്നത് എന്തുകൊണ്ട്?കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് പൂര്‍ണമായിട്ടല്ലെങ്കിലും, മോചിതയാകാന്‍ ഒന്നു രണ്ടാഴ്ച വേണ്ടി വന്നു. അപ്പോഴേക്കും രൂപത്തിലും ഭാവത്തിലും അവള്‍ക്കു കാര്യമായചില മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. കര്‍ത്താവിന്റെ മണവാട്ടി എന്ന സ്ഥാനം തനിക്കു നഷ്ടമായി എന്ന തോന്നലായിരുന്നു അതില്‍ പ്രധാനം. അവള് ആത്മീയതയുടെ വെള്ള വസ്ത്രം ഉപേക്ഷിച്ചു.കാതിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞു. അവള് പഴയ റൂത്തായി.
”മണ്മയമാം ഈയുലകില്‍
കാണ്മതെല്ലാം മായയത്രേ!
ഇങ്ങു നിന്റെ ജീവതാളം
ക്ഷണികമാണെന്നോര്ക്കുക നീ….”
പാറ്റൂര്‍ പള്ളിയില്‍ നിന്ന് കുര്യാക്കോസച്ചനും സെബാസ്റ്റ്യന്‍ കൊച്ചച്ചനും ഗായക സംഘവുമൊക്കെ എട്ടു മണിയോടെ തന്നെയെത്തി പ്രാര്‍ത്ഥന തുടങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായി കഴിയുന്ന ബിനുവിനെ പ്രത്യേക അനുമതി വാങ്ങി, സംസ്കാര ചടങ്ങിനെത്തിക്കാന്‍ വിനോദും ശിവരാജനും കൂടി രാവിലേതന്നെ ശ്രമങ്ങളാരംഭിച്ചു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉച്ചകഴിയുമെന്നുള്ളതുകൊണ്ട് മൃതദേഹമെടുക്കുന്നത് വൈകിട്ടത്തേക്കു മാറ്റി. ഗാനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെയായി സമയം ഇഴഞ്ഞുനീങ്ങി.ആളുകള്‍ വന്നും പോയുമിരുന്നു. കോളനിയിലുള്ളവരായിരുന്നു വന്നവരില്‍ അധികവും. രോഷ്നി ടെക്സ്റ്റയില്‍സ് മുതലാളി ചന്ദ്രശേഖരന് പിള്ളയും ശോഭച്ചേച്ചിയും ഗായത്രിയും ഉച്ചയോടെ എത്തി. മടങ്ങാന്‍ നേരം ‘ഇതിരിക്കട്ടെ. ആവശ്യം വരും…..’ എന്നു പറഞ്ഞ് ചന്ദ്രശേഖരന് പിള്ള അയ്യായിരം രൂപ അവളുടെ കൈയില്‍ വച്ചു കൊടുക്കുകയും ചെയ്തു.
വൈകിട്ട് മൂന്നു മണിയായപ്പോഴേക്കും ജയിലില്‍ നിന്ന് ബിനു എത്തി. വലിയ വികാര വിക്ഷോഭങ്ങളൊന്നുമില്ലാതെ ഒരു തരം നിസ്സംഗഭാവത്തോടെയാണ് ബിനു അമ്മയെ നോക്കിയത്. അണ്ണനെ കണ്ടതും ജിനി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. നിസ്സംഗഭാവത്തില്ത്തന്നെ അവളെയും നോക്കിയ ശേഷം ബിനു ആളുകള്‍ക്കിടയിലേക്കു മാറി. അധികം താമസിയാതെ തന്നെ മൃതദേഹം പള്ളിസെമിത്തേരിയിലേക്കു കൊണ്ടു പോയി.
മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ റൂത്ത് കുഞ്ഞമ്മയൊഴികെയുള്ളവരെല്ലാം പിരിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഈ വീട്ടില്‍ ഇനി തനിച്ചാണല്ലോ കഴിയേണ്ടതെന്ന് ജിനി ഓര്‍ത്തത്. ജീവച്ഛവമായാണെങ്കിലും ഇന്നലെ വരെയുണ്ടായിരുന്ന അമ്മയുടെ സാന്നിദ്ധ്യം ഇനിയില്ല. അവള് തേങ്ങിക്കരഞ്ഞു.
”കരയാതെ മോളേ.പോയോര് പോയി. സങ്കടം കാണും.എന്നു വച്ച് നമുക്ക് ജീവിച്ചല്ലേ പറ്റൂ. ഞാനൊരു കാര്യം ചെയ്യാം. വീട്ടിപ്പോയി എന്റെ സാധനങ്ങളൊക്കെ എടുത്തോണ്ട് തിരിച്ചു വരാം.ഇവിടെ നീ ഒറ്റയ്ക്കല്ലേ….”
അങ്ങനെ ജിനിക്ക് കൂട്ടായി റൂത്ത് കുഞ്ഞമ്മ ബണ്ട്മേട് കോളനിയില്‍ താമസം തുടങ്ങി. വിന്‍സെന്റിന്റെ ഓര്‍മ്മകള്‍ പേറുന്ന ഹാര്വിപുരത്തെ വീട്ടില്‍ നിന്നൊരു മാറ്റം അവര്‍ക്കും ആവശ്യമായിരുന്നു.
പൊറുതി തുടങ്ങിയതിന്റെ പിറ്റേന്നുമുതല്‍ തന്നെ വീടിന്റെ സകല നിയന്ത്രണവും അവര്‍ സ്വയം ഏറ്റെടുത്തു. രാവിലെ ആറുമണിക്കു തന്നെ എണീറ്റ്, വീടിനകത്ത് അലങ്കോലമായിക്കിടന്ന സാധന സാമഗ്രികളെല്ലാം അടുക്കിപ്പെറുക്കി വൃത്തിയാക്കി. ലില്ലി ഉപയോഗിച്ചിരുന്ന തുണികളെല്ലാം വാരിയെടുത്ത് പുറത്തു കൊണ്ടുപോയി തീയിട്ടു. മുറ്റമടിച്ചു. അപ്പോഴെല്ലാം സുഖനിദ്രയിലായിരുന്ന ജിനിയെ അവര്‍ ഏഴുമണിയായപ്പോഴേക്കും തട്ടിയുണര്‍ത്തി.
”മോളേ, ഒറങ്ങിയത് മതി. എഴിക്ക് …..”
കണ്ണു തിരുമ്മി എണീറ്റ ജിനി, വീടിനുണ്ടായ മാറ്റം കണ്ട് അതിശയിച്ചു പോയി. അപ്പോഴേക്കും റൂത്ത്കുഞ്ഞമ്മ അടുക്കളയില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. കുറേക്കാലമായി ശോകമൂകതയിലമര്ന്നു കിടന്ന വീട് പ്രസന്നഭരിതമാകുന്നതുകണ്ട് ജിനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. താന്‍ അനാഥയല്ലെന്ന ബോധ്യം അവളില്‍ ആത്മവിശ്വാസം നിറച്ചു.അവള് പല്ലുതേയ്ക്കാനായി വീടിന്റെ വടക്കേപ്പുറത്തിറങ്ങി. അപ്പോള്‍ വീടിനു പുറത്തു നില്‍ക്കുകയായിരുന്ന അലോക് മണ്ഡല് അവളെ നോക്കി പുഞ്ചിരിച്ചു. ആശുപത്രിയില്‍ നിന്ന് മടങ്ങി വന്നതിനു ശേഷം അയാളെ ഇപ്പോഴാണല്ലോ കാണുന്നതെന്ന് അവളോര്‍ത്തു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജിനി ജോലിക്ക് പോയിത്തുടങ്ങി.ഒരു ദിവസം രാവിലെ അവള് ബസ് കയറാനായി ധൃതിയില്‍ റോഡിലേക്കു നടക്കുമ്പോള്‍, കോളനി റോഡ് തുടങ്ങുന്നതിനു മുമ്പുള്ള ഒരു മുറുക്കാന്‍ കടയ്ക്കു മുന്നില്‍ വച്ച് വിനോദിന്റെ യമഹ എതിരേ പാഞ്ഞു വന്ന് അവള്‍ക്കു മുന്നില്‍ ബ്രേക്കിട്ടു.
”ങാ…. നീ ജോലിക്ക് പോയിത്തൊടങ്ങിയാ? ഞാനെടയ്ക്ക് കൊറേ പ്രാവശ്യം നിന്നെ വിളിച്ചിരുന്ന് …. നീ എടുക്കാത്തതെന്ത്?”
അവന്റെ ആ ചോദ്യം കേട്ട് ഒന്നും മിണ്ടാതെ അവള് അവനെ രൂക്ഷമായൊന്നു നോക്കി. കാര്യം പിടികിട്ടിയ വിനോദിന്റെ നെഞ്ചൊന്നു പിടഞ്ഞെങ്കിലും അത് പുറത്തുകാണിക്കാതെ മുഖത്തൊരു ചിരി വരുത്തി ഒരു രാഷ്ട്രീയക്കാരന്റെ നയചാതുരിയോടെ തുടര്‍ന്നു:
”ബിനുവിനെ ഇറക്കണ കാര്യം ഞാന്‍ വക്കീലിനോട് ഇന്നലെയും സംസാരിച്ചിരുന്നു. മിക്കവാറും അടുത്ത പ്രാവശ്യം ജാമ്യം കിട്ടും.”
അയാള്‍ അതു പറയുമ്പോഴെല്ലാം യാതൊരു ഭാവഭേദവുമില്ലാതെ അയാളെ തറപ്പിച്ചു നോക്കിനില്ക്കുകയായിരുന്നു ജിനി.ആ നോട്ടത്തിനു മുന്നില്‍ കൂടുതല്‍ നില്ക്കുന്നതു പന്തിയല്ലെന്നു തിരിച്ചറിഞ്ഞ വിനോദ് വണ്ടി മുന്നോട്ടെടുക്കാനാഞ്ഞപ്പോള്‍ ജിനിയുടെ വലതുകൈയിലെ ചൂണ്ടുവിരല്‍ വിറച്ചുകൊണ്ട് ഉയര്‍ന്നു.
”ഇനിമേല്‍ എന്റെ ഫോണിലോട്ട് അനാവശ്യം വല്ലതും അയച്ചാല്‍ അത് കാണണത് ഞാന്‍ മാത്രമായിരിക്കൂല. ഞാന്‍ നിങ്ങളെ വീട്ടിലോട്ട് വരും. വന്ന് നിങ്ങളെ ഭാര്യേം പിള്ളേരേം എല്ലാം അത് കാണിച്ചു കൊടുക്കും…..”
കൈ ചൂണ്ടി,ചോര ഇരച്ചു കയറിയ മുഖത്തോടെ അഞ്ചാറു സെക്കന്റുകള്‍ അവനെത്തന്നെ തുറിച്ചുനോക്കിനിന്നശേഷം അവള് തിടുക്കത്തില്‍ നടന്നു പോയി. അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തില്‍ പകച്ചുപോയ കൗണ്‍സിലര്‍, നെറ്റിയില്‍ നിന്ന് കവിളിലേക്ക് ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികളെ ചൂണ്ടുവിരല്‍ കൊണ്ട് തുടച്ചു മാറ്റി. ചുറ്റും നോക്കി, ആരും ഒന്നും കണ്ടിട്ടില്ലെന്നുറപ്പു വരുത്തിയശേഷം അയാള്‍ ബൈക്ക് മുന്നോട്ടെടുത്തു.