
സ്റ്റ്യാചു ജംഗ്ഷന് – XII

പ്രശാന്ത് ചിന്മയന്
12. പ്രേരണ
മൊബൈല്‍ ഫോണിന്റെ നിര്‍ത്താതെയുള്ള വിറയലൊച്ച കേട്ടാണ് രതീഷ് കണ്ണ് തുറന്നത്.നേരം വെളുക്കുന്നതിനു മുമ്പേ ആരാണിത്? അയാള്‍ കണ്ണു തിരുമ്മിക്കൊണ്ട് കട്ടിലില്‍ നിന്നെണീറ്റ്, മേശപ്പുറത്ത് കിടന്നു വിറയ്ക്കുന്ന ഫോണിനെ കയ്യിലെടുത്തു – അല്‍ത്താഫ് ! പത്രമോഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ. അയാള്‍ ഇന്നലെയും ഒന്നുരണ്ടു തവണ വിളിച്ചിരുന്നു. എടുത്തില്ല. ഈ മാസത്തെ വാടക മുടക്കമാണല്ലോയെന്നോര്ത്തപ്പോള് രതീഷിന്റെ നെഞ്ചിടിപ്പ് ഇരട്ടിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് അക്കൗണ്ടിലേക്ക് എണ്ണായിരം രൂപ കൃത്യമായി ട്രാന്‍സ്ഫര്‍ ചെയ്തോളാമെന്ന കരാറിലാണ് അല്‍ത്താഫ് മുറി വാടകയ്ക്കു തന്നത്.ഇന്ന് തീയതി പതിനഞ്ചാണ്. അയാളോട് എന്ത് സമാധാനം പറയണമെന്നറിയാതെയും, വിറയല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഫോണ്‍ സ്ക്രീനില്‍ തുടിക്കുന്ന ഹരിത വട്ടത്തില്‍ വിരലമര്ത്തണോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തിലായും രതീഷ് വിയര്‍ത്തു. ഒടുവില്‍, രാവിലെതന്നെ അല്‍ത്താഫിന്റെ വായിലിരിക്കുന്നതു കേള്‍ക്കണ്ടാ എന്നുറപ്പിച്ചു കൊണ്ട് അയാള്‍ ഫോണിന്റെ ചുവന്ന വട്ടത്തില്‍ വിരലമര്‍ത്തി.
ഫോണിനെ നിശ്ശബ്ദാവസ്ഥയിലേക്കു മാറ്റി മേശപ്പുറത്തിട്ട ശേഷം രതീഷ് വീണ്ടും കട്ടിലിലേക്കു വീണു. രശ്മിയും മകളും ഒന്നുമറിയാതെ നല്ല ഉറക്കത്തിലാണ്. സമ്പൂര്‍ണ വേഗതയില്കറങ്ങിക്കൊണ്ടിരുന്ന സീലിംഗ് ഫാനിലേക്ക് കണ്ണും നട്ട് അയാള്‍ കിടന്നു. മണി അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല. ഇന്നത്തെ ദിവസം ശുഭകരമായിരിക്കില്ല എന്ന സൂചനയാണ് അല്‍ത്താഫിന്റെ ഫോണ്‍ കോള്‍. രശ്മിയുടെ വള പണയം വച്ച് പ്രസ്സിലെ കുടിശ്ശികയില്‍ കുറേ കൊടുത്തുതീര്‍ത്തെങ്കിലും പെരുമാള്‍ പിള്ളയുടെ വിളി ഇനിയും ഉണ്ടാകും. പ്രതിഫലം അന്വേഷിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടര്‍മാരുടെ വിളികളും വന്നേക്കാം. എന്തെങ്കിലുമൊക്കെ നല്ലവാക്ക് പറഞ്ഞ് എല്ലാവരേയും അനുനയിപ്പിച്ച് കൊണ്ടുപോകാനുള്ള മെയ് വഴക്കത്തിന് ഇനി എത്ര കാലം ആയുസ്സുണ്ടാകുമെന്ന കാര്യത്തില്‍ അയാള്‍ക്കുതന്നെ ഒരുറപ്പുമില്ല. തുടരെത്തുടരെയുള്ള പ്രളയങ്ങളും വിപണി മാന്ദ്യവുമെല്ലാം കൂടിയായതോടെ പരസ്യങ്ങള്‍ കിട്ടുന്നതും കുറഞ്ഞിരിക്കുന്നു.
എന്തെല്ലാം പ്രതീക്ഷകളോടെയാണ് പത്രം തുടങ്ങിയത്. പലരും വിലക്കിയെങ്കിലും, ചെയ്യുന്നത് സാഹസ കൃത്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഇറങ്ങിത്തിരിച്ചത്. പത്രത്തേയും പത്രപ്രവര്‍ത്തനത്തേയും പത്രപ്രസാധനത്തേയും ഓര്‍മ്മവച്ചനാള്‍മുതല്‍ അടുത്തറിഞ്ഞ അവന് അങ്ങനെ ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രതീഷിന്റെ ചിന്തകള്‍ ആ തണുത്ത വെളുപ്പാന്‍കാലത്ത് വയനാടന്‍ ചുരം കയറാന്‍ തുടങ്ങി……

”തീക്കനലേ, ചെക്കനേം കൂട്ടി എങ്ങട്ടാ?”
അമ്പലവയല്‍ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേരാനായി അച്ഛന്റെ കൈയും പിടിച്ച്, ആയിരം കൊല്ലി പാടവരമ്പ് താണ്ടി, ഹൈദ്രോസ് മാപ്പിളയുടെ കമുകിന് തോട്ടത്തിലൂടെ നടന്ന്, അമ്പലവയല്‍ കവലയിലെത്തിയപ്പോഴാണ് ‘റസിയ ഹോട്ടലി’ന്റെ തിണ്ണയിലിരുന്ന് ആവി പറക്കുന്ന ചായ ഊതിയൂതി കുടിക്കുകയായിരുന്ന, നരകയറിത്തുടങ്ങിയ താടിയുള്ള ഒരാള്‍ വിളിച്ചു ചോദിച്ചത്. രതീഷ് ചുറ്റുപാടും കണ്ണോടിച്ചു.റോഡിലെങ്ങും വേറെ ആരെയും കാണുന്നില്ല. പിന്നെ ആരോടാണ് ഇയാള്‍ ചോദിച്ചത്. അച്ഛന്റെ മുഖത്തു നോക്കിയായിരുന്നല്ലോ ചോദ്യം. പക്ഷേ, അച്ഛന്റെ പേര് രാജന് എന്നല്ലേ? നരിപ്പാറ രാജന്. പിന്നെ എന്തിനാണയാള്‍ തീക്കനലേ എന്നു വിളിച്ചത്? ഇനി അച്ഛന്റെ വട്ടപ്പേരായിരിക്കുമോ? തണ്ടാന്‍ നാരായണനെ മന്ദന്‍ നാരായണനെന്ന് എല്ലാരും വിളിക്കുന്നതു പോലെ. അയ്യേ! കുഞ്ഞു രതീഷിന്റെ സന്ദേഹങ്ങള്‍ ഇങ്ങനെ എരിപൊരിസഞ്ചാരംകൊള്ളാന് തുടങ്ങി. കാരണം, അച്ഛനെ ഒരാള്‍ ‘തീക്കനല്‍’ എന്നു വിളിക്കുന്നത് അന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു അവന്. പക്ഷേ, അവന്റെ സന്ദേഹങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ട് മറുപടി പറഞ്ഞത് അച്ഛന് തന്നെയാണ്:
”ചെക്കനെ ഉസ്ക്കൂളില് ചേര്‍ക്കണം കണാരേട്ടാ.”
ങാ… അതു ശരി. അപ്പോ അച്ഛന് തന്നെയാണ് തീക്കനല്‍. അച്ഛനിങ്ങനെയൊരു വട്ടപ്പേരുള്ള കാര്യം അമ്മയ്ക്കും അനിയത്തിക്കും അറിയുമായിരിക്കുമോ? വീട്ടില്‍ തിരിച്ചെത്തട്ടെ. എല്ലാരോടും പറയണം. അവനുറപ്പിച്ചു. പക്ഷേ, എന്തിനായിരിക്കും ‘തീക്കനല്‍’ എന്നു വിളിക്കുന്നത്? അഡ്മിഷനെടുത്ത് സ്കൂള്‍ ഗേറ്റ് കടന്ന് പുറത്തു വന്നയുടന്‍ അടക്കി വച്ച സംശയം അവന് അച്ഛന്റെ മുഖത്തു നോക്കിത്തന്നെ ചോദിച്ചു. ഒന്നും പറയാതെ ഉറക്കെയുള്ള പൊട്ടിച്ചിരിയായിരുന്നു അതിന് അച്ഛന്റെ മറുപടി.
തിരികെ വീട്ടിലേക്കു നടക്കാതെ, സ്കൂളിനെതിരെയുള്ള മുറുക്കാന്പീടികയില് നിന്ന് ഓരോ നന്നാറി സര്‍ബത്ത് വാങ്ങിക്കുടിച്ചശേഷം അച്ഛനും മകനും ബസ് കയറി ബത്തേരി ടൗണിലിറങ്ങി. ഇരുവശത്തും പീടികകള്‍ നിറഞ്ഞ ജനത്തിരക്കേറിയ ടൗണിലൂടെ അവര്‍ നടന്നു. ബത്തേരി സന്തോഷ് തീയേറ്ററിനടുത്തുള്ള ഇടവഴി പിന്നിട്ട് ഹൈറേഞ്ച് ലോഡ്ജിന്റെ എതിര്‍വശത്തുള്ള ഓടിട്ട ഒരു പഴയ ഇരുനില കെട്ടിടത്തിന്റെ മൂലയിലുള്ള മരഗോവണി കയറി അച്ഛനും മകനും മുകള്‍നിലയിലെ ഒരു ചെറിയ മുറിക്കു മുന്നിലെത്തി. മുറിയുടെ മുന്നില്‍ തൂക്കിയിരുന്ന വെളുത്ത പ്രതലത്തില്‍ ചുവപ്പുകൊണ്ടെഴുതിയ തകര ബോര്‍ഡ് ചൂണ്ടി ചെറിയൊരു ചിരിയോടെ അച്ഛന് അവനോടു ചോദിച്ചു:
”മോനിതു കണ്ടോ…?”
അവന് കാര്യം തിരിയാതെ കണ്ണു മിഴിച്ചു നിന്നപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്ന മുറിയുടെ വലിയ ഇരുമ്പു പൂട്ട് തുറന്ന് അച്ഛന് അകത്തേക്കു കയറി. പിറകേ അവനും. മുറിയിലാകെ അച്ചടിമഷിയുടെ ഗന്ധം. അച്ഛന് ജനലുകള്‍ തുറന്നു. മുറിക്കുള്ളില്‍ അടുക്കി വച്ചിരിക്കുന്ന കടലാസുകെട്ടുകളില്‍ വെളിച്ചം വീണു. അച്ഛന് അതില്‍ നിന്ന് ഒരു കടലാസ് വലിച്ചെടുത്തു. എട്ടു പേജുകളുള്ള ഒരു പത്രമായിരുന്നു അത്. നേരത്തേ കണ്ടബോര്ഡിലെ ചുവന്ന അക്ഷരങ്ങള്‍ വലുതായെഴുതിയത് അതില്‍ തെളിഞ്ഞുകണ്ടു. അച്ഛന് അതിലേക്കു വിരല്‍ ചൂണ്ടി.
”ഇതാ. ഇതു നോക്ക്. ഇതാണ് തീക്കനല്‍.”
അവന് കൈകള്‍ നീട്ടി. അക്ഷരങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ആ അഞ്ചു വയസുകാരനില്ലായിരുന്നെങ്കിലും ആ കടലാസിനും അതിലെ അക്ഷരങ്ങള്‍ക്കും എന്തോ ശക്തിയുണ്ടെന്ന് അവനു തോന്നി. നേരിയ മഞ്ഞ നിറമുള്ള ആ കടലാസിനെ മൂക്കിനോടു ചേര്‍ത്തുപിടിച്ച് അതിന്റെ പുതുമണത്തെ അവന് ഉള്ളിലേക്കാവാഹിച്ചു….
രാഷ്ട്രമീമാംസയില്‍ ബിരുദം തേടി കോഴിക്കോട് ദേവഗിരി കോളേജിലേക്കു പോയ അമ്പലവയല്‍ നരിപ്പാറ വീട്ടില്‍ കുഞ്ഞിരാമന്റെ നാലാമത്തെ മകന് നരിപ്പാറ രാജന് എന്ന എന്‍.രാജന്, പഠനശേഷം താമരശ്ശേരി ചുരം കയറി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ രൂപത്തിലും ഭാവത്തിലും പുതിയ രാജനായി മാറിയിരുന്നു. താടിവളര്‍ത്തിയും, ബീഡി വലിച്ചും, മനുഷ്യന്മാര്ക്ക് തിരിയാത്ത ഭാഷയില്‍ സംസാരിച്ചുമൊക്കെ അവന് വീട്ടുകാരെയും നാട്ടുകാരെയും അതിശയിപ്പിച്ചു. മൂന്നു വര്‍ഷം കോളേജ് ഹോസ്റ്റലില്‍ നിന്ന് പഠിച്ചതിന്റെ ബാക്കിപത്രമായിരുന്നു ഇതെല്ലാം.എഴുപതുകളില്‍ തകര്‍ന്നുപോയ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ വീരസ്മരണകള്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലിലും നെഞ്ചേറ്റിപ്പോന്നിരുന്ന ചിലരായിരുന്നു രാജന്റെ ചങ്ങാതിമാര്‍. പാഠപുസ്തകം തുറക്കല്‍, ക്ലാസില്‍ കയറല്‍, പരീക്ഷ എഴുതല്‍ തുടങ്ങിയ ബൂര്‍ഷ്വാ പ്രവൃത്തികളിലൊന്നും തീരെ വിശ്വാസമില്ലാത്തവരായിരുന്നു ഈ ചങ്ങാതിക്കൂട്ടം. പക്ഷേ, അവര്‍ മാവോയേയും ചെഗുവേരയെയും ചാരു മജൂംദാറിനെയുമൊക്കെ വായിച്ചു. ക്യാമ്പസിലെ മരച്ചുവടുകളിലും, കോളേജ് ഹോസ്റ്റലിലെ, മൂട്ടകള്‍ വിഹരിക്കുന്ന കട്ടിലുകളിലുമെല്ലാം ഇരുന്നും കിടന്നും അവര്‍ രക്തരൂക്ഷിത വിപ്ലവങ്ങളിലൂടെയുള്ള പുതുലോകനിര്മ്മിതിയെപ്പറ്റി ഘോരഘോരം ചര്‍ച്ച ചെയ്തു. ഓരോ നേതാക്കന്മാരുടേയും പേരില്‍ ഓരോരോ ഗ്രൂപ്പുകളായി കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം ചിന്നിച്ചിതറിപ്പോയതുകൊണ്ട് പ്രത്യേകിച്ച് ഒരു സംഘടനയിലും ചേരാതെയുള്ള വിപ്ലവവായാടി സംഘമായിരുന്നു അവരുടേത്. കൂട്ടം തെറ്റി മേഞ്ഞുനടന്ന ഈ അതിവിപ്ലവകാരികളെക്കണ്ട് കലികയറാറുള്ള സാദാ വിപ്ലവകാരികളായ എസ്.എഫ്.ഐ ക്കാര് ചിലപ്പോഴെല്ലാം ഇവര്‍ക്കു നേരെ പോര്‍വിളി നടത്തിയിരുന്നെങ്കിലും അവര്‍ തിരിച്ചൊന്നും പ്രതികരിക്കാതെ തികഞ്ഞ ഗാന്ധിയന്മാരായി നിലകൊണ്ടു. മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി. ഒടുവില്‍, പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ ഈ അതിതീവ്ര വിപ്ലവകാരികളുടെയൊന്നും നമ്പര്‍ അതിലെവിടെയും ഇല്ലായിരുന്നു.പരീക്ഷ എഴുതാത്തവര്‍ക്ക് ബിരുദം നല്‍കാനുള്ള വകുപ്പൊന്നും യൂണിവേഴ്സിറ്റിക്കില്ലല്ലോ.
അടയ്ക്കാ കച്ചവടം ചെയ്തു പഠിപ്പിച്ച മകന് തല തിരിഞ്ഞു പോവുകയാണെന്ന് കുഞ്ഞിരാമന് തിരിച്ചറിഞ്ഞു. അടയ്ക്കയാണെങ്കില്‍ മടിയില്‍ വയ്ക്കാം. അടയ്ക്കാ മരമാണെങ്കിലോ? രക്ഷാമാര്‍ഗങ്ങളെക്കുറിച്ച് തന്റെ മൂത്ത മൂന്ന് ആണ്മക്കളുമായി അയാള്‍ കൂലംകഷമായി ചര്‍ച്ച നടത്തി. പല നിര്‍ദ്ദേശങ്ങളും വന്നു. ഒടുവില്‍, അമ്പലവയല്‍ അങ്ങാടിയില്‍ മലഞ്ചരക്കു വ്യാപാരം നടത്തുന്ന രണ്ടാമത്തെ മകന് നരിപ്പാറ രമേശന് പറഞ്ഞ നിര്‍ദ്ദേശം എല്ലാവര്ക്കും സ്വീകാര്യമായി. അത് ഇപ്രകാരമായിരുന്നു:
”ഓനെയിനിയും പഠിപ്പിച്ചോണ്ടൊന്നും കാര്യോല്ല. ഇനി വല്ല കച്ചോടോം ചെയ്ത് കുടുംബത്തെ നയിക്കട്ടെ.അയിനൊള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഓന് കൊറച്ചു നാള് എന്റെ പീടികേല് നിക്കട്ടെ…”
മുതലാളിത്ത സമ്പദ് വ്യവസ്ഥയിലെ വലിയ ചൂഷണോപാധിയായി വിലയിരുത്തപ്പെടുന്ന, കച്ചവടം എന്ന പ്രവൃത്തിയിലേര്‍പ്പെടാന്‍ രാജന് തീരെ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, പറഞ്ഞത് കേട്ടില്ലെങ്കില്‍ വീട്ടീന്ന് കുടിവെള്ളം പോലും തരില്ലെന്നു പറഞ്ഞ് കുഞ്ഞിരാമന് കണ്ണുരുട്ടിയതോടെ രാജന് വഴങ്ങി. അങ്ങനെ അമ്പലവയല്‍ അങ്ങാടിയിലെ ‘സ്പൈസി സ്റ്റോറി’ലിരുന്ന് കാപ്പിയുടേയും കുരുമുളകിന്റേയും ചുക്കിന്റേയും ഏലത്തിന്റേയുമൊക്കെ കണക്കെഴുതിക്കൊണ്ട് രാജന് തന്റെ ബിസിനസ് ജീവിതത്തിനു തുടക്കം കുറിച്ചു. വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള അന്തരം നേരിട്ടറിഞ്ഞ രാജന്, കാറല്‍ മാര്‍ക്സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തെക്കുറിച്ചെല്ലാമോര്ത്ത് ചുമ്മാ നെടുവീര്‍പ്പുതിര്‍ത്തു കൊണ്ട് നീളന്‍ കണക്കുപുസ്തകത്തില്‍ അക്കങ്ങള്‍ എഴുതിക്കൂട്ടിക്കൊണ്ടേയിരുന്നു. എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരേ വാചാലനായിരുന്ന തനിക്ക് ഈ ഗതി വന്നല്ലോ എന്ന് അയാള്‍ ഇടയ്ക്കൊക്കെ ഒരു തരം കുറ്റബോധത്തോടെ ഓര്‍ക്കുമായിരുന്നു. ഒടുവില്‍, മാറ്റമില്ലാത്തത് മാറ്റം എന്ന പ്രക്രിയയ്ക്കു മാത്രമാണെന്നല്ലേ മഹാനായ മാര്‍ക്സ് പോലും പറഞ്ഞിരിക്കുന്നതെന്നോര്ത്ത് അയാള്‍ സ്വയം സമാശ്വസിച്ചു. ശമ്പളമെന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും വട്ടച്ചെലവിനുള്ള കാശ് രമേശന് അനിയനു കൊടുക്കുമായിരുന്നു. മാസങ്ങള്‍ കടന്നുപോയി. കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ രാജന് സ്വായത്തമാക്കിയെന്നു തിരിച്ചറിഞ്ഞ രമേശന്,ബത്തേരി ടൗണില്‍ ഒരു പീടിക ഒത്തുവന്നപ്പോള്‍ അനിയന് അത് വാടകയ്ക്കെടുത്തുകൊടുത്തു. അങ്ങനെ രാജന് ഒരു സ്വതന്ത്രവ്യാപാരിയായി.

ബത്തേരി ടൗണിലെ ഒരൊഴിഞ്ഞ കോണിലുള്ള മൂന്നുവരിപ്പീടികകളിലൊന്നിലാണ് രാജന് കച്ചവടം തുടങ്ങിയത്. തൊട്ടടുത്ത പീടിക മുറികളിലൊന്നില്‍ ഒരു വൈദ്യശാലയും മറ്റേത് ഒഴിഞ്ഞുകിടക്കുകയുമായിരുന്നു. നെന്മേനിക്കാരനായ ശങ്കരന് വൈദ്യരുടേതായിരുന്നു വൈദ്യശാല. അതിനു തൊട്ടടുത്തുതന്നെ രാജന് മലഞ്ചരക്കു വ്യാപാരവും തുടങ്ങിയതോടെ അങ്ങാടിമരുന്നുകളുടേയും മലഞ്ചരക്കുകളുടേയും സമ്മിശ്ര ഗന്ധം അവിടെങ്ങും പ്രസരിച്ചു തുടങ്ങി. കാപ്പി, തേയില, ഏലം, ഇഞ്ചി, കുരുമുളക്, അടയ്ക്ക തുടങ്ങിയവയ്ക്കു പുറമേ കൊക്കോ കൂടി രാജന് വ്യാപാരത്തിനെടുത്തു. കൊക്കോയ്ക്ക് നല്ല വിലയുള്ള സമയമായിരുന്നു അത്. ഒന്നുരണ്ട് വര്‍ഷങ്ങള്‍ കൊണ്ട് വ്യാപാരത്തില്‍ അഭിവൃദ്ധിയുണ്ടാക്കിയ രാജന്, ഒഴിഞ്ഞുകിടന്ന തൊട്ടടുത്ത പീടിക കൂടി വാടകയ്ക്കെടുത്തും രണ്ടു പേരെക്കൂടി ജോലിക്കു നിര്‍ത്തിയും കച്ചവടം വിപുലീകരിച്ചു. സ്വന്തം കാലില്‍ നില്‍ക്കാറായെന്നു ബോധ്യമായതോടെ വീട്ടുകാര്‍ അവനു കല്യാണാലോചനകള്‍ തുടങ്ങി. അങ്ങനെ, പടിഞ്ഞാറേത്തറ സ്വദേശിനിയായ അനിത, രാജന്റെ ജീവിത സഖിയായി. ഒരു വര്‍ഷം കഴിഞ്ഞ്, രതീഷ് ജനിച്ചതോടെ ആയിരം കൊല്ലിയില്‍ പുതിയൊരു വീടു പണിത് രാജനും കുടുംബവും അങ്ങോട്ടേക്ക് താമസം മാറ്റി.
സ്വച്ഛസുരഭിലമായി രാജന്റെ ജീവിതം അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ബത്തേരിയിലെ അറിയപ്പെടുന്ന വ്യാപാരിയായി മാറി അയാള്‍. പക്ഷേ, വരാനുള്ളത് വഴിയില്ത്തങ്ങില്ലല്ലോ. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കുള്ള ‘സെന്റ് സെബാസ്റ്റ്യന്‍’ ബസ്സിലാണ് ‘അത്’ വന്നിറങ്ങിയത്. ഊണ് കഴിഞ്ഞ്, ആകാശവാണിയിലെ ഇഷ്ട ഗാനങ്ങളും കേട്ട് കസേരയിലിരുന്ന് ഒന്നു മയങ്ങിവരികയായിരുന്നു രാജന്. പീടികയിലെ പണിക്കാര് രണ്ടു പേരും പള്ളിയില്‍ പോയിരിക്കുകയാണ്.
”ഹലോ… ഹലോ….”
ശബ്ദം കേട്ട് രാജന് കണ്ണു തുറന്നു. നരകയറിയ താടിയും തടവി, കണ്ണട വച്ച ഒരു മനുഷ്യന്!
”വൈദ്യശാല ഇന്ന് തുറക്കില്ലേ?”
”വൈദ്യന് മരുന്നെടുക്കാന്‍ കല്‍പ്പറ്റവരെ പോയതാ. വരും.”
വെള്ളിയാഴ്ചകളില്‍ അങ്ങാടി മരുന്ന് വാങ്ങാന്‍ പോകുന്നതു കൊണ്ട് ശങ്കരന് വൈദ്യന് ഉച്ചയ്ക്കുശേഷമേ വൈദ്യശാല തുറക്കാറുള്ളൂ.
”ഇങ്ങോട്ടിരുന്നോളൂ …..”
രാജന് നീക്കിയിട്ടുകൊടുത്ത മരക്കസേരയില്‍ ആഗതന് ഇരുന്നു.
”എവിടുന്നാ?”
രാജന് കുശലാന്വേഷണത്തിനു തുടക്കമിട്ടു.
നടുവേദനയ്ക്ക് ചികിത്സ തേടിവന്ന വൈത്തിരിക്കാരനായ അമ്പത്തഞ്ചുകാരന് ലൂക്കോസായിരുന്നു അത്. ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും യുനാനിയുമൊക്കെ പരീക്ഷിച്ചിട്ടും വിട്ടുമാറാതെ നില്ക്കുന്ന നടുവേദനയെ തളയ്ക്കാന്‍ ശങ്കരന് വൈദ്യരുടെ ഒറ്റമൂലി അന്വേഷിച്ചിറങ്ങിയതാണ് ലൂക്കോസ്. വൈദ്യന്റെ ഒറ്റമൂലി പ്രയോഗം കൊണ്ട് മൂലക്കുരുവിന് ശമനം കിട്ടിയ അയല്‍വാസിയുടെ സാക്ഷ്യം പറച്ചില് കേട്ടാണ് അയാള്‍ ശങ്കരന് വൈദ്യന്റെ കൈപ്പുണ്യത്തെക്കുറിച്ച് അറിയുന്നത്.
വൈദ്യന് വരാന്‍ വൈകിയപ്പോള്‍, രാജനും ലൂക്കോസും ലോഹ്യം പറഞ്ഞിരുന്നു.
”കുടുംബം?”
”ഓ…. പെണ്ണൊന്നും കെട്ടീട്ടില്ലപ്പാ. ഒറ്റത്തടിയാ. ഒരു പെങ്ങളുണ്ട്.
ഓളോടൊപ്പമാ…. ”
”അതെന്താ കെട്ടാത്തേ..?”
ലൂക്കോസ് കുറച്ചു നേരം മൗനിയായി. പിന്നെ പറഞ്ഞു തുടങ്ങി:
”നല്ല പ്രായത്തില്‍ രാഷ്ട്രീയോമായി നടന്നു. കൊറേക്കാലം ജയിലിലായിരുന്നു.പിന്നെ കെട്ടൊന്നും വേണ്ടെന്നു വച്ചു….”
”ജയിലിലോ!”
രാജന് കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നു.
മിന്നല്‍പ്പിണര്‍ പോലെ നട്ടെല്ലിലൂടെ കടന്നുപോയ വേദനയെ തന്റെ ഇടം കൈ കൊണ്ട് അമര്‍ത്തിത്തടവി, അല്പം ശമനം വരുത്തിയ ശേഷം ഇടയ്ക്കിടയ്ക്ക് ചുമച്ചു കൊണ്ട് ലൂക്കോസ് ആ കഥ പറഞ്ഞു. ഇരുപത് വര്‍ഷം മുമ്പ്,തിരുനെല്ലിക്കാടുകളില്‍ സംഘടിച്ച് സായുധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത സഖാവ് വര്‍ഗ്ഗീസിന്റെ സംഘാംഗമായിരുന്നു യുവാവായ ലൂക്കോസ്. വര്‍ഗീസ് കൊല്ലപ്പെട്ടതോടെ നാഥനില്ലാതായി മാറിയ സംഘാംഗങ്ങള്‍ പോലീസ് പിടിയിലായി. ലോക്കപ്പിലെ മൃഗീയ പീഡനവും നീണ്ട നാളത്തെ ജയില്‍വാസവുമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഉള്ളിലെ വിപ്ലവത്തീയും ജീവിതാസക്തിയുമെല്ലാം മിക്കവാറും കെട്ടുപോയിരുന്നു. അന്നത്തെ കൊടും പീഡനങ്ങളുടെ ബാക്കിപത്രമാണ് ഈ നടുവേദന. ലൂക്കോസ് കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ രാജന് അത്ഭുതാതിരേകത്തോടെ അയാളെത്തന്നെ നോക്കി ഇരുന്നു.
കലാലയ സ്മൃതികളിലേക്ക് രാജനെ വലിച്ചെറിയുന്നതായിരുന്നു ലൂക്കോസിന്റെ ആ ഭൂതകാലവിവരണം. നക്സലൈറ്റ് ആക്ഷനുകളെക്കുറിച്ച് വായിച്ചും കേട്ടും മാത്രം അറിവുണ്ടായിരുന്ന രാജന്, ആദ്യമായാണ് അതില്‍ നേരിട്ടു പങ്കെടുത്ത ഒരാളെ നേരില്‍ കാണുന്നത്. അയാള്‍ക്ക് ലൂക്കോസിനോട് ബഹുമാനം തോന്നി. ആവേശപൂര്‍വ്വം കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങിയപ്പോഴേക്കും രണ്ടര മണിക്കുള്ള ‘വാനമ്പാടി ‘ബസ് എത്തുകയും അതില്‍ നിന്നിറങ്ങി, അങ്ങാടി മരുന്നുകള്‍ നിറച്ച വലിയൊരു ചാക്ക് വലിച്ചിറക്കി, തലച്ചുമടാക്കി ശങ്കരന് വൈദ്യന് വൈദ്യശാലയിലേക്കു നടന്നു വരികയും ചെയ്തു. പിടലിയില്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ട് ഒരു ഞരക്കത്തോടെ ലൂക്കോസ് കസേരയില്‍ നിന്നെണീറ്റു.
നടുവേദനയ്ക്ക് ഒറ്റമൂലി ഫലപ്രദമല്ലാത്തതു കൊണ്ട് തൈലവും കുഴമ്പും ലേഹ്യവുമൊക്കെ ചേര്‍ന്ന ചികിത്സാവിധിയാണ് ശങ്കരന് വൈദ്യന് ലൂക്കോസില്‍ പ്രയോഗിച്ചത്. അതു കൊണ്ട് തുടര്‍ ആഴ്ചകളിലും അയാള്‍ക്ക് വൈദ്യനെ കാണാന്‍ ബത്തേരിയില്‍ വരേണ്ടി വന്നു.അങ്ങനെ വന്നപ്പോഴെല്ലാം അയാള്‍ രാജനുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കുകയും ചെയ്തു. കച്ചവടത്തില്‍ സജീവമായതിനു ശേഷം പത്രപാരായണം പോലും നേരാംവണ്ണം നടത്താന്‍ കഴിയാത്ത രാജന് പുതിയ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ലൂക്കോസിന്റെ വര്‍ത്തമാനത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്നു.
”ഇങ്ങനെ പോയാല്‍ നമ്മുടെ നാട് എവിടെ ചെന്ന് നിക്കും? ഇവിടുത്തെ സ്വര്‍ണ്ണം മുഴുവന്‍ ലോക ബേങ്കില്‍ പണയം വക്ക്വല്ലേ? പിന്നെ ഗാട്ടു കരാറും ഡങ്കല്‍ നിര്‍ദ്ദേശങ്ങളും കൂടിയാകുമ്പോ രാജ്യം വീണ്ടും വെള്ളക്കാരന്റെ കയ്യിലാവും…….”
ലൂക്കോസിലെ പഴയ വിപ്ലവകാരി ഉണര്‍ന്നു.
”പ്രധാനമന്ത്രി ഒന്നും മിണ്ടണില്ലാലോ?”
”വായില്‍ കോലിട്ട് കുത്തിയാ ഓന് മിണ്ടോ?”
”പതിനാറ് ഭാഷ അറിയണ ആളാ.”
”പക്ഷേ, ജീവിതത്തിന്റെ ഭാഷ ഓനറിയില്ലല്ലോ. ഓന് ചിരിക്കണത് ങ്ങള് ഇന്നേവരെ കണ്ടിട്ടൊണ്ടാ?”
ഇങ്ങനെ പോയി അവരുടെ ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങള്‍ തകൃതിയായി നടക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസം വൈകിട്ട് രാജന്റെ കടയിലേക്കു ലൂക്കോസ് ചെന്നത് കലി കയറിയ ഭാവത്തോടെയാണ്.
”രാജ്യം നശിക്കാന്‍ പോവ്വാണ് രാജാ. അറിഞ്ഞില്ലേ ആഗോളവത്കരണവും ഉദാരവത്കരണവും വരണെന്ന്.രാജ്യത്തെ കൊള്ളയടിക്കാന്‍ ഇനി വിദേശികള്‍ക്ക് ധൈര്യമായി കടന്നു വരാം.”
”ഇതൊന്നും ചെറുക്കാന്‍ ഇവിടാരുമില്ലേ?”
”അയ്ന് ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ നാട്ടുകാര്‍ക്കറിയില്ലല്ലോ.”
”ഇനിയിപ്പോ എന്താ ചെയ്യാ?”
രാജന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ മുതുക് തടവിക്കൊണ്ട് ലൂക്കോസ് എന്തോ ചിന്തിച്ചിരുന്നു. ഭരണകൂടത്തിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട കാലമാണ്. പക്ഷേ, പഴയ രീതിയിലുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ആരോഗ്യം അനുവദിക്കുന്നുമില്ല. കാലവും മാറി.പിന്നെ….?
രാജന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അന്ന് മടങ്ങിപ്പോയ ലൂക്കോസ് കൃത്യം അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍, രാവിലെ പതിനൊന്നേകാലിനുള്ള ‘സെന്റ് സെബാസ്റ്റ്യനി’ല്‍ ബത്തേരിയില്‍ വന്നിറങ്ങിയത് ഒരു ഉത്തരവുമായിട്ടായിരുന്നു. വെള്ളമുണ്ടയില്‍ നിന്നൊരു മാപ്ല കൊണ്ടുവന്ന കുരുമുളകിന് രാജന് പണമെണ്ണിക്കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ചുട്ടുപൊള്ളുന്ന വെയിലത്തുനിന്നും ലൂക്കോസ് കടയിലേക്കു കയറി വന്നത്. പണം വാങ്ങി മാപ്ല മടങ്ങിയപ്പോള്‍, മുണ്ടിന്റെ തുമ്പ് കൊണ്ട് വിയര്‍പ്പൊപ്പി, അയാള്‍ രാജനടുത്തേക്കു ചെന്ന് സ്വരം താഴ്ത്തി പറഞ്ഞു:
”ഒരു പത്രം തുടങ്ങിയാലോ?”
രാജന് സംശയഭാവത്തില്‍ ലൂക്കോസിനെ നോക്കി.
”അതാവുമ്പോ കാര്യങ്ങള്‍ സത്യസന്ധമായി ആളുകളെ അറിയിക്കാം. വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണല്ലോ ആശയ പ്രചരണം.”
”അയിനൊക്കെ പണം കൊറേ വേണ്ടി വരില്ലേ?”
”തുടക്കത്തില്‍ കൊറച്ചു വേണ്ടി വരും.പിന്നെ പരസ്യം പിടിച്ച് ലാഭമാക്കാം.”
ലൂക്കോസ് നല്ല ഉത്സാഹത്തിലാണ്.
”പക്ഷേ, പത്രം നടത്തി പരിചയമില്ലാതെ…….”
”പരിചയമില്ലെന്നാരു പറഞ്ഞു. പണ്ട്, അറുപത്തഞ്ചില്‍, കോഴിക്കോടീന്ന് ഇറങ്ങിക്കൊണ്ടിരുന്ന ‘നല്ല വാര്‍ത്ത’ എന്ന പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നപ്പാ ഞാന്‍. അത്യാവശ്യ കാര്യങ്ങളൊക്കെ എനിക്കറിയാം. രാജന് കൂടെ നിന്നാ മതി. ദിനപ്പത്രം വേണ്ട. ആഴ്ചയിലൊന്നു മതി. ഒരെട്ടു പേജ്.”
കൂടെ നില്ക്കുക എന്നു പറഞ്ഞാല്‍ പണം മുടക്കുക എന്നാണര്‍ത്ഥമെന്ന് ലൂക്കോസിന്റെ തുടര്‍ സംഭാഷണങ്ങളില്‍ നിന്ന് രാജന് മനസ്സിലായി. ലൂക്കോസ് അവതരിപ്പിച്ച കണക്കു പ്രകാരം അത്ര ഭീമമായ തുകയൊന്നും വേണ്ടിവരില്ല. തന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വച്ചു നോക്കുമ്പോ താങ്ങാവുന്നതുമാണ്. ആഴ്ചയിലൊന്നായതു കൊണ്ട് ആള്ക്കാര് വാങ്ങാനും മടിക്കില്ല. അങ്ങനെ, പത്രം തുടങ്ങാമെന്ന ധാരണയില്‍ അവരെത്തി. കല്‍പ്പറ്റയിലെ സെന്റ്മേരീസ് പ്രസ്സില്‍ പത്രം അച്ചടിപ്പിക്കാമെന്നും തന്റെ സുഹൃത്തുക്കളെക്കൊണ്ട് പത്രത്തില്‍ എഴുതിപ്പിക്കാമെന്നും ലൂക്കോസ് ഏറ്റു. ബത്തേരി ടൗണിലെ കച്ചവടക്കാരെയും തങ്ങളുടെ പരിചയക്കാരെയും നാട്ടുകാരെയുമൊക്കെ വരിക്കാരായി ചേര്‍ക്കാനുമെല്ലാം തീരുമാനമെടുത്ത് ഉച്ചയോടെ അവര്‍ പിരിഞ്ഞു.
കാര്യങ്ങളെല്ലാം പിന്നെ നല്ല വേഗത്തിലായി. പത്രമോഫീസിനായി ടൗണില്‍ത്തന്നെ ഒരു മുറി വാടകയ്ക്കെടുത്തു. തനിക്കു പരിചയമുള്ള ലേഖകന്മാരെ കണ്ട് ലൂക്കോസ് ലേഖനങ്ങള്‍ വാങ്ങി. ലൂക്കോസിന്റെ സുഹൃത്തും ലേഖകനുമൊക്കെയായ പുതുപ്പാടി വിക്ടറാണ് പത്രത്തിന് ‘തീക്കനല്‍’ എന്ന പേര് നിര്‍ദ്ദേശിച്ചത്. ‘സാമ്രാജ്യത്വ അധിനിവേശത്തെ കരുതിയിരിക്കുക’ എന്നൊരു ലേഖനവും അയാള്‍ എഴുതിക്കൊടുത്തു.അങ്ങനെ, ഏതാണ്ട് ഒരു മാസത്തിനു ശേഷം ഒരു ബുധനാഴ്ച രാവിലെ പത്രം പുറത്തിറങ്ങി. ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചുള്ള ബൗദ്ധിക ലേഖനങ്ങളായിരുന്നു അതിന്റെ ഉള്ളടക്കത്തില്‍ ഭൂരിഭാഗവും. അഞ്ഞുറ് കോപ്പിയാണ് അച്ചടിച്ചത്. രാജന്റെ കടയിലെ ജോലിക്കാരാണ് ടൗണിലെല്ലാം പത്രവിതരണം നടത്തിയത്. ‘തീക്കനല്‍’ എന്ന പേരും ഇത്തരം ചെറു പത്രങ്ങളില്‍ നിന്ന് കിട്ടാവുന്ന എരിവും പുളിയുമുള്ള വാര്‍ത്തകളുടെ രുചിയുമൊക്കെയോര്ത്ത് വെള്ളമിറക്കിക്കൊണ്ടാണ് എല്ലാവരും ഉത്സാഹത്തോടെ പത്രം കൈപ്പറ്റിയത്.കൊണ്ടുപോയ പത്രമെല്ലാം വിതരണം ചെയ്ത് കീശ നിറയെ കാശുമായി ജോലിക്കാര്‍ കടയില്‍ മടങ്ങി വന്നപ്പോള്‍ രാജനിലെ പത്രമുതലാളി ആനന്ദചിത്തനായി. ടൗണിലെ ചില തുണിക്കടകളുടേയും ട്യൂട്ടോറിയല്‍ കോളേജുകളുടേയുമൊക്കെ പരസ്യങ്ങള്‍ കൊടുത്ത വകയില്‍ കിട്ടിയ പണം കൂടി ചേര്‍ക്കുമ്പോള്‍ പുതിയ സംരംഭം മോശമല്ലെന്ന് രാജനു തോന്നി. പക്ഷേ, ആ തോന്നലിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഒരു പത്രമുതലാളി കൂടി ആയതിന്റെ ആത്മ നിര്‍വൃതിയോടെ, ഉച്ചയൂണും കഴിഞ്ഞ് ഒന്നു മയങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു രാജന്. അപ്പോഴാണ്, ടൗണില്‍ ‘ചോയ്സ് സലൂണ്‍’ നടത്തുന്ന ബാര്‍ബര്‍ പുഷ്പാംഗദന് ധൃതിയില്‍ കടയിലേക്കു കയറി വന്നത്. അയാളുടെ കൈയില്‍ ചുരുട്ടിപ്പിടിച്ച ‘തീക്കനലു ‘മുണ്ടായിരുന്നു.
”എന്താണ് മുതലാളീ ഈ കടലാസില്‍ എഴുതിപിടിപ്പിച്ചിരിക്കണത്? ഒന്നും അങ്ങട്ട് തിരിയണില്ലല്ലാ. ങ്ങള് മനുഷ്യന്മാര്ക്ക് തിരിയാത്ത വല്യ വല്യ കാര്യങ്ങള്‍ എഴുതാതെ വായിക്കാന്‍ പറ്റണ വല്ലതും എഴുതീന്.വെള്ളമുണ്ടേല്‍ ഒമ്പതില്‍ പടിക്കണ ഒരു പെങ്കൊച്ച് ഗര്‍ഭിണിയായത് നിങ്ങളറിഞ്ഞില്ലേ? ടൗണിലെ ഉസ്കൂള് മാഷിന്റെ കെട്ടിയോള് ഒരു റബ്ബറ് വെട്ടുകാരന്റെ കൂടെ ഓടിപ്പോയതും നിങ്ങളെ പത്രത്തിലില്ലല്ലാ…. ഇതെന്ത് പത്രമാണപ്പാ.”
വായനക്കാരന്റെ പ്രതികരണത്തോട് പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ രാജന് വെറുതേ ചിരിച്ചു. ഈ മട്ടിലുള്ള പ്രതികരണങ്ങള്‍ പിന്നെയും പലരില്‍ നിന്നുണ്ടായി. അതു കൊണ്ട് അടുത്തയാഴ്ച പത്രമിറക്കിയപ്പോള് പ്രാദേശിക പ്രശ്നങ്ങള്‍ക്കും ഇടം കൊടുത്തു. ലൂക്കോസിന് അതിനോട് അത്ര യോജിപ്പില്ലായിരുന്നെങ്കിലും പത്രത്തിന്റെ നിലനില്പിനെക്കരുതി അയാള്‍ മനസ്സില്ലാ മനസ്സോടെ അത് സമ്മതിക്കുകയായിരുന്നു. പക്ഷേ, അതിശക്തമായ തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുഖപ്രസംഗങ്ങളിലൂടെ അയാള്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
കാലം കടന്നുപോകുന്നതിനനുസരിച്ച് പത്രത്തിനും പല മാറ്റങ്ങള്‍ വന്നു. ലെറ്റര്‍ പ്രസില്‍ നിന്ന് ഓഫ് സെറ്റ് പ്രസിലേക്ക് അച്ചടി മാറിയതായിരുന്നു അതില്‍ പ്രധാനം.അതെല്ലാം കണ്ടാണ് രതീഷ് വളര്‍ന്നത്.പത്രത്തിനു വേണ്ടി ചുമ്മാ പണം കളയുന്നുവെന്ന് പറഞ്ഞ് അച്ഛനും അമ്മയും ഇടയ്ക്കിടെ വഴക്കിടുന്നതും അവന് കണ്ടു. ടെലിവിഷന്‍ വ്യാപകമാവുകയും സ്വകാര്യ ചാനലുകള്‍ കടന്നു വരികയുമൊക്കെ ചെയ്തതോടെ പത്രം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. കിട്ടിക്കൊണ്ടിരുന്ന പരസ്യങ്ങളും കുറഞ്ഞു. പേജുകളുടെ എണ്ണം എട്ടില്‍ നിന്ന് നാലായി. കാര്യമായ ശമനമൊന്നുമില്ലാത്ത നടുവേദനയുമായി ലൂക്കോസ് തന്നെ ഓടിനടന്ന് വാര്‍ത്തകളും ലേഖനങ്ങളുമൊക്കെ ശേഖരിച്ച് മുടക്കമില്ലാതെ പത്രമിറക്കി. പക്ഷേ, സാമ്പത്തിക ഉദാരവത്കരണം മൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലയിടിവ് നേരിട്ടതോടെ രാജന്റെ കച്ചവടം മന്ദഗതിയിലായി. പത്രത്തിനു വേണ്ടി പണം മുടക്കാന്‍ പറ്റാത്ത അവസ്ഥ. ഇതിനിടയ്ക്കായിരുന്നു ലൂക്കോസിന്റെ അപ്രതീക്ഷിത മരണം. ഒരു ദിവസം രാത്രി കഞ്ഞിയും കുടിച്ച് ഉറങ്ങാന്‍ കിടന്ന അയാള്‍ പിറ്റേന്ന് ഉണര്‍ന്നതേയില്ല. പിന്നെ രണ്ടാഴ്ച കൂടി മാത്രമേ ‘തീക്കനലി’ന് ആയുസുണ്ടായുള്ളൂ. മുത്തങ്ങ വെടിവയ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടോടെ അതിന്റെ അവസാന ലക്കം പുറത്തിറങ്ങുമ്പോള്‍ രതീഷ് പത്താം ക്ലാസിലെത്തിയിരുന്നു.
പ്ലസ് ടൂ കഴിഞ്ഞ്, കോഴിക്കോട് ഗവണ്മെന്റ് കോളേജില്‍ രതീഷ് മലയാളസാഹിത്യത്തില്‍ ബിരുദത്തിനു ചേര്‍ന്നു. കോളേജില്‍ എസ്.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അവന് തേര്‍ഡ് ക്ലാസോടെയാണ് പാസ്സായത്. എന്തെങ്കിലും ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടിലെ സംഘടനാ പ്രവര്‍ത്തനങ്ങളിലും വായനശാലാ പ്രവര്‍ത്തനങ്ങളിലും സജീവമായി. കച്ചവട കാര്യങ്ങളില്‍ തന്നെ സഹായിക്കാന്‍ രാജന് പറഞ്ഞെങ്കിലും മകന് വഴങ്ങിയില്ല. പണ്ട്,തന്റെ അച്ഛന് തന്നെ വിരട്ടി അനുസരിപ്പിച്ചതു പോലെ ഇപ്പോഴത്തെ തലമുറയോടു നടക്കില്ലെന്ന് രാജനു ബോധ്യമുള്ളതിനാല്‍ അയാള്‍ കൂടുതല്‍ നിര്‍ബന്ധിക്കാനൊന്നും പോയില്ല.അങ്ങനെയിരിക്കേയാണ് അമ്പലവയല്‍ ഫാമിംഗ് സൊസൈറ്റിയില്‍ തെരഞ്ഞെടുപ്പ് വരുന്നത്. കോണ്‍ഗ്രസും സി പി എമ്മുമായിരുന്നു എതിരാളികള്‍. കോണ്‍ഗ്രസിന്റെ കൈവശമായിരുന്ന ഭരണസമിതിയെ എങ്ങനെയും പുറത്താക്കി ഭരണം പിടിക്കാന്‍ സി പി എം ഉറപ്പിച്ചിരുന്നു. വാശിയോടെ വോട്ടെടുപ്പു നടക്കുന്നതിനിടെ ഇരുവിഭാഗവും ഏറ്റുമുട്ടി. ഒരു കോണ്ഗ്രസുകാരന് കുത്തേറ്റു. സംഭവം നടക്കുമ്പോള്‍ ബൂത്ത് ഓഫീസിലിരുന്ന് സ്ലിപ്പെഴുതുകയായിരുന്നു രതീഷ്. പക്ഷേ, പന്ത്രണ്ടു പേരുള്ള പ്രതിപ്പട്ടികയില്‍ അവന്റെ പേരും ഇടം പിടിച്ചു. മാര്‍ക്സിസ്റ്റുകാരെ വെട്ടിനുറുക്കുമെന്ന് ആക്രോശിച്ചുകൊണ്ട് കോണ്‍ഗ്രസുകാരും, പ്രതികളെ പൊക്കാന്‍ പോലീസും നാടെങ്ങും പാഞ്ഞുനടന്നു. സഖാക്കളെല്ലാം ഒളിവിലായി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആയിരം കൊല്ലി ബ്രാഞ്ച് സെക്രട്ടറി സത്യനോടൊപ്പമായിരുന്നു രതീഷ്.
”സഖാവേ, നമുക്ക് തിരുവനന്തപുരത്തിന് വിടാം. മ്മടെ കൊറേ ചങ്ങായിമാര് അവിടൊണ്ട്.പ്രശ്നങ്ങളെല്ലാം ഒന്ന് തണുക്കട്ടെ.ന്നിട്ട് മടങ്ങാം.”
അങ്ങനെയാണ് രതീഷ് ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്. എസ് എഫ് ഐ യിലേയും ഡി വൈ എഫ് ഐയിലേയും സംസ്ഥാന നേതാക്കളായ കോഴിക്കോടുകാരായിരുന്നു സത്യന്റെ ചങ്ങാതിമാര്‍. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലും സ്റ്റുഡന്റ്സ് സെന്ററിലുമൊക്കെയായി രണ്ടാഴ്ചക്കാലം അവര്‍ കഴിച്ചുകൂട്ടി. ഈ ഒളിവുകാലത്തിനിടയില് തിരുവനന്തപുരത്തെ അടുത്തറിയാനും ഇവിടുത്തെ ചില സഖാക്കളുമായി ആത്മബന്ധം സ്ഥാപിക്കാനും രതീഷിനു കഴിഞ്ഞു.പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ ജോലി നോക്കിയിരുന്ന തിരുവല്ലം ജയകുമാറായിരുന്നു അതില്‍ പ്രധാനി.അതുകൊണ്ടാണ് വയനാട്ടിലേക്കു മടങ്ങിയിട്ടും ഒരു മാസം കഴിഞ്ഞപ്പോള്‍ അവന് തിരികെ തിരുവനന്തപുരത്തേക്കു വണ്ടി കയറിയത്. കുറേക്കാലം പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ റിപ്പോര്‍ട്ടറായി താത്ക്കാലിക ജോലി നോക്കി. പിന്നെ പല പത്രസ്ഥാപനങ്ങളിലുമായി അഞ്ചാറു വര്‍ഷം കടന്നുപോയി. അതിനിടയില്‍ ‘ജനരമ’ പത്രമോഫീസിലെ റിസപ്ഷനിസ്റ്റായിരുന്ന രശ്മിയുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു അവരുടെ വിവാഹം.
കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായൊരു പത്രം തുടങ്ങണമെന്ന ആഗ്രഹം ശക്തമായി. പത്രപ്രസാധനത്തിന്റെ ഉള്ളുകള്ളികളെല്ലാം ഏതാണ്ട് പിടികിട്ടിയപ്പോഴാണ് അതിനുള്ള ധൈര്യം രതീഷിനു കിട്ടിയത്. വയനാട്ടിലെ കുടുംബ ഓഹരിയില്‍ നല്ലൊരു ഭാഗം വിറ്റുകിട്ടിയ പണം കൊണ്ടാണ് ‘ദി സിറ്റി ന്യൂസ്’ തുടങ്ങിയത്. പക്ഷേ,….
എന്തോ മിന്നി മിന്നി പ്രകാശിക്കുന്നതായി തോന്നിയ രതീഷ് കണ്ണുകള്‍ തുറന്നു. മേശമേല്‍ ഇരിക്കുന്ന മൊബൈല്‍ നിശ്ശബ്ദമായി വെളിച്ചം പൊഴിക്കുകയാണ്. ആരാകും വിളിക്കുന്നത്? വാടക അന്വേഷിച്ച് അല്‍ത്താഫോ? കുടിശ്ശിക തിരക്കി പെരുമാള്‍ പിള്ളയോ? പ്രതിഫലം തിരക്കി റിപ്പോര്‍ട്ടര്‍മാരോ?…. വര്‍ദ്ധിതമായ നെഞ്ചിടിപ്പോടെ രതീഷ് കട്ടിലില്‍ നിന്നെണീറ്റ് മേശയ്ക്കരികിലേക്ക് നടന്നു.