
സ്റ്റ്യാചു ജംഗ്ഷന് – XI

പ്രശാന്ത് ചിന്മയന്
- പ്രതിമകള്‍
വാഹനങ്ങള്‍ ചീറിപ്പാഞ്ഞും ആളുകള്‍ പരക്കം പാഞ്ഞും ചടുലമായിരുന്ന സെക്രട്ടറിയേറ്റിനു മുന്നിലെ നഗരനിരത്ത് മന്ദഗതിയിലായത് പെട്ടെന്നാണ്. നടപ്പാതയിലെ സമരക്കുടിലുകളോടു ചേര്‍ന്നു നില്ക്കുന്ന കൂറ്റന്‍ വേപ്പുമരത്തിന്റെ മുകളിലേക്ക് നോക്കിക്കൊണ്ട് നടുറോഡില്‍ ആളുകള്‍ കൂട്ടം കൂട്ടമായി നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം താറുമാറായി. കാല്‍നടക്കാരുടേയും വാഹനയാത്രക്കാരുടേയും കണ്ണുകളെല്ലാം ഒരേ ഒരു ബിന്ദുവിലേക്കായി. ബസ് യാത്രക്കാര്‍ ബസ് ജനാലകളിലൂടെ തങ്ങളുടെ ഉടലുകള്‍ കൂടി പുറത്തിട്ടാണ് വേപ്പുമരത്തിന്റെ ഉച്ചിയിലേക്ക് കണ്ണുകള്‍ പായിച്ചത്. മേല്പോട്ടു നോക്കി നിന്നവര്‍ മൊബൈല്‍ ഫോണുകളെ ക്യാമറാമോഡിലാക്കി ഉയര്‍ത്തിപ്പിടിച്ചു. നിമിഷങ്ങള്‍ക്കകം ഹെഡ് ലൈറ്റുകള്‍ മിന്നിച്ചു കൊണ്ട് ഒരു പോലീസ് ജീപ്പ് അവിടേക്കു പാഞ്ഞു വന്നു. ഒട്ടും താമസിയാതെ തന്നെ ചാനലുകളുടെ ഓ.ബി വാനുകളും കുട നിവര്‍ത്തി. ജീപ്പില്‍ നിന്നിറങ്ങിയ കന്റോണ്‍മെന്റ് എസ്.ഐ റാഫി, കൂടി നിന്ന ആള്‍ക്കാരെ വകഞ്ഞുമാറ്റി മുന്നോട്ടു വന്ന് മുകളിലേക്ക് നോക്കി പല്ലിറുമ്മി.
സമരക്കുടിലിനുള്ളില് വിരിച്ചിരുന്ന ചാക്കില്‍ ചുരുണ്ടുകൂടി ഉച്ചമയക്കത്തിലായിരുന്ന സുധാകരന്, റോഡിലെ ബഹളം കേട്ട് ചാടിയെണീറ്റു.നേരാംവണ്ണം ആഹാരം കഴിക്കാതിരുന്നതിനാല്‍ അയാള്‍ നന്നേ ക്ഷീണിതനായിരുന്നു. കുടിലിനു പുറത്തിറങ്ങി നോക്കുമ്പോള്‍ റോഡിലെ പുരുഷാരം മുഴുവന്‍ മാനത്തു നോക്കി നില്‍ക്കുകയാണ്! അവരെ അനുകരിച്ച് അയാളും മുഖമുയര്‍ത്തി. അതാ വേപ്പുമരത്തിന്റെ തുഞ്ചത്തിലുള്ള കൊമ്പില്‍ ഒരു മനുഷ്യന് അള്ളിപ്പിടിച്ചിരിക്കുന്നു! തൊട്ടടുത്തുതന്നെ ഒരു കാലന് കുട തൂക്കിയിട്ടിട്ടുണ്ട്! നീലപ്പാന്റ്സും വെള്ളയുടുപ്പുമിട്ട, അമ്പതു വയസ് പ്രായം തോന്നിക്കുന്ന, കഷണ്ടിക്കാരനായ ആ മെലിഞ്ഞ മനുഷ്യനെ എവിടെയോ കണ്ടിട്ടുള്ളതായി സുധാകരനു തോന്നി.
”എന്താണു നിങ്ങള്‍ക്കു വേണ്ടത്? താഴെ ഇറങ്ങി വരൂ. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.”
എസ്.ഐ. റാഫി മുകളിലേക്ക് നോക്കി അലറി വിളിച്ചു. രണ്ടു തവണ അതാവര്ത്തിച്ചപ്പോഴേക്കും അയാളുടെ തൊണ്ടയടഞ്ഞു. ഏമാന്റെ അവസ്ഥ തിരിച്ചറിഞ്ഞ പോലീസുകാര്‍, ഓടിച്ചെന്ന്, തൊട്ടടുത്ത സമരപ്പന്തലില്‍ സത്യാഗ്രഹമിരിക്കുകയായിരുന്ന ചെത്തുതൊഴിലാളികള് ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു മെഗാ ഫോണ്‍ വാങ്ങിക്കൊണ്ടുവന്നു.തൊണ്ട ശരിയാക്കിക്കൊണ്ട് മെഗാഫോണിലൂടെ എസ്.ഐ. അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു: ”ഇറങ്ങി വരൂ… നമുക്ക് പരിഹാരമുണ്ടാക്കാം…” പക്ഷേ, മുകളിലിരിക്കുന്നവനില് നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല.
‘സെക്രട്ടറിയേറ്റിനു മുന്നില്‍ ആത്മഹത്യാശ്രമം’ എന്ന് ചാനലുകളില്‍ ഫ്ളാഷ് മിന്നിത്തുടങ്ങി. ക്യാമറ പരമാവധി സൂം ചെയ്ത്, മുകളിലിരിക്കുന്നവന്റെ മുഖം ഒപ്പിയെടുക്കാന്‍ ചാനല്‍ ക്യാമറാമാന്മാര് കിണഞ്ഞു പരിശ്രമിക്കുകയും തത്സമയ റിപ്പോര്‍ട്ടിംഗിനായി റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറെടുപ്പ് തുടങ്ങുകയും ചെയ്തു. ആളാരാണെന്നോ കാരണമെന്താണെന്നോ പിടിപാടില്ലാതെ വലഞ്ഞെങ്കിലും ഭരണത്തിനെതിരേ പ്രതിഷേധമുള്ള ആരോ ആയിരിക്കുമെന്ന ഉറച്ച നിഗമനത്തില്ത്തന്നെയായിരുന്നു അവര്‍. ഇന്നലെ പ്രഖ്യാപിച്ച വൈദ്യുത ചാര്‍ജ് വര്‍ദ്ധനവിനെതിരെയുള്ള ഒരു പൗരന്റെ സ്വാഭാവികപ്രതിഷേധമായിരിക്കുമെന്ന് അവരില്‍ പലരും അനുമാനിച്ചു. ആത്മഹത്യ സംഭവിച്ചാല്‍ കിട്ടാവുന്ന വാര്‍ത്താ മൂല്യത്തെക്കുറിച്ച് പൂര്‍ണ ബോധവാന്മാരായിരുന്ന റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാമാന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും അന്നത്തെ അന്തമില്ലാത്ത അന്തിച്ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കേണ്ട പ്രമുഖരുടെ നമ്പറുകള്‍ മൊബൈലില്‍ പരതുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നാണ്, മരത്തിനു മുകളില്‍നിന്ന് ഒരു കടലാസ് കഷണം കാറ്റിലൂഞ്ഞാലാടിയാടി താഴേക്കു വന്നുകൊണ്ടിരുന്നത് ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ കടലാസ് കരഗതമാക്കാന്‍ ആള്‍ക്കൂട്ടം കൈയുയര്‍ത്തി ഉയര്‍ന്നു ചാടിയെങ്കിലും അത് തനിക്കു മാത്രം അവകാശപ്പെട്ടതാണെന്നുറപ്പിച്ചു കൊണ്ട് എസ്.ഐ. റാഫി പൊങ്ങിച്ചാടി അതിനെ അതിവിദഗ്ദ്ധമായി കൈവള്ളയിലൊതുക്കി. അത്യന്തം ആകാംക്ഷയോടെ ആ നിയമപാലകന് കടലാസ് നിവര്‍ത്തി കണ്ണോടിച്ചു! കാണികളൊന്നടങ്കം ഉദ്വേഗപൂര്‍വ്വം അയാളെത്തന്നെ നോക്കി. കരയണോ ചിരിക്കണോ എന്ന ആശയക്കുഴപ്പത്തിലുള്ളതായിരുന്നു അപ്പോഴത്തെ അയാളുടെ മുഖഭാവം. എല്ലാവര്ക്കും വായിക്കാനായി അയാള്‍ ആ കടലാസ് ഉയര്‍ത്തിക്കാട്ടി:
”സെക്രട്ടറിയേറ്റിനു മുന്നില്‍ എന്റെ പ്രതിമ സ്ഥാപിക്കണം.”
അപ്പോള്‍ അവിടെ കൂടിയിരുന്ന മുഴുവന്‍ പേരുടേയും ചുണ്ടുകള്‍ ‘പ്രാന്തന്’ എന്ന് കോറസായി മന്ത്രിച്ചു. നട്ടുച്ചയ്ക്ക് തങ്ങള്‍ക്കു മുട്ടന്‍പണി തരാന്‍ ഇറങ്ങിത്തിരിച്ച വട്ടു കേസിനെ റാഫിയും പോലീസുകാരും അതിദയനീയമായി നോക്കി. നിക്കണോ പോണോ എന്ന മട്ടില്‍ ചാനല്‍ ക്യാമറാമാന്മാരും റിപ്പോര്‍ട്ടര്‍മാരും തല ചൊറിഞ്ഞുകൊണ്ട് പരസ്പരം നോക്കി.
”അയ്യോ! ഇത് നമ്മുടെ വെങ്കിടിയല്ലേ!”
ആരുടേയോ ഉറക്കെയുള്ള ആത്മഗതം കേട്ട് കൂടി നിന്നവരെല്ലാം ശബ്ദം കേട്ട ദിക്കിലേക്കു നോക്കി. ജനറല്‍ ഹോസ്പിറ്റല്‍ റോഡിലേക്കു തിരിയുന്നതിന് ഇടതു വശത്ത്, കറന്റ് ബുക്സിനു താഴെ തട്ടുകട നടത്തുന്ന വേലായുധന് പിള്ളയായിരുന്നു അത്. എസ്.ഐ. റാഫി അയാളുടെ അടുത്തേക്കു ചെന്നു….
വേലായുധന് പിള്ള പറഞ്ഞത് ശരിയായിരുന്നു. വേപ്പിന്റെ മുകളില്‍ കയറിയിരിക്കുന്നത് വെങ്കിടാചലപതി എന്ന വെങ്കിടി തന്നെയാണ്. നഗരത്തിലെ നിത്യസന്ദര്‍ശകരില്‍ പലര്‍ക്കും അയാളെ അറിയാമായിരുന്നു. നഗരത്തിലെ പ്രതിമകള്‍ക്കു മുന്നിലും കൊടിമരങ്ങള്‍ക്കു മുന്നിലുമാണ് അയാളെ അവരെല്ലാം കണ്ടിരുന്നത്. പ്രതിമകളോടും കൊടിമരങ്ങളോടും സംവദിച്ചു നില്ക്കുന്ന ആ മനുഷ്യന് അവര്‍ക്കെല്ലാം ഒരു വിചിത്ര കാഴ്ച തന്നെയായിരുന്നു.
കഴുകന്റെ ചുണ്ടുപോലെയുള്ള മൂക്കും, ഒട്ടിയ കവിളും, മൊട്ടത്തലയും കുഴിഞ്ഞ കണ്ണുകളുമുള്ള ആറടി പൊക്കക്കാരനായ കൃശഗാത്രനായിരുന്നു വെങ്കിടി. നരച്ച ജീന്‍സും ഷര്‍ട്ടുമിട്ട് നഗ്നപാദനായി നടക്കുന്ന അയാളുടെ പിറകില്‍ ഷര്‍ട്ടിന്റ കോളറില്ത്തൂങ്ങി സദാ ഒരു കാലന് കുട കിടന്നിരുന്നു. വെയിലാറിത്തുടങ്ങുന്ന സായാഹ്നങ്ങളിലാണ് മിക്കവാറും അയാള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അത്യാവശ്യമായി എന്തോ ചെയ്തു തീര്‍ക്കാന്‍ പോകുന്ന മട്ടില്‍ ധൃതഗതിയിലായിരുന്നു അയാളുടെ നടത്തം. അതവസാനിക്കുന്നതാകട്ടെ പ്രതിമകളുടേയും കൊടിമരങ്ങളുടേയും മുന്നില്‍!
പ്രതിമകളുടെ ആളും തരവും നോക്കി ഓരോ പ്രതിമയ്ക്കു മുന്നിലും അയാള്‍ തന്റെ സംഭാഷണങ്ങളും അംഗവിക്ഷേപങ്ങളും മാറ്റിക്കൊണ്ടിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ വേലുത്തമ്പി ദളവയെക്കണ്ടാല്, കുനിഞ്ഞൊന്നു വണങ്ങിയ ശേഷം കൈകള്‍ ഉയര്‍ത്തി അയാള്‍ ഇങ്ങനെ പറയാന്‍ തുടങ്ങും:
”പരശുരാമപ്രസിദ്ധിയാലുണ്ടായ ഈ മലയാളവും ഈ സംസ്കാരവും തുടങ്ങിയ നാള് മുതല്‍ ചേരമാന്‍ പെരുമാള്‍ മുതല്‍ പരിപാലനവും ചെയ്ത കാലത്തും അതിന് കീഴേ തൃപ്പാദസ്വരൂപത്തില് തിരുമുട്ട് മടക്കി, ബഹു തലമുറകളായി ചെങ്കോല്‍ നടത്തി, അനേകായിരം സംവത്സരത്തിനിടയിലും ഇങ്ങനെയൊരപകടസന്ധി നമുക്കാര്ക്കുമുണ്ടായിട്ടില്ല. ഈ ധര്‍മ്മരാജ്യം കള്ളക്കച്ചവടക്കാരായ കമ്പനിക്കാരുടെ കൈയിലകപ്പെട്ട് വീര്‍പ്പുമുട്ടുകയാണ്. നമ്മെ വഞ്ചിച്ച് നമ്മുടെ സകല ശക്തികളേയും സിദ്ധികളേയും സംഹരിച്ച് വംശനാശം വരുത്തി വാള്‍മുനകളെ പാഴ്മുനകളാക്കി സര്‍വ്വവും ഉന്മൂലനം ചെയ്യാനുള്ള വെള്ളക്കാരന്റെ തിരപ്പുറപ്പാടാണിത്.മുളയിലേ നുളളിക്കളഞ്ഞില്ലെങ്കില് ഈ വിഷവൃക്ഷം വളര്‍ന്ന് വിശാല തരമായി വിശാലദളമായി, അമ്പരപ്പിക്കുമാറ് അങ്ങാകാശം മുട്ടി നില്ക്കും… ജാതി മത ചിന്തകളെല്ലാം മറന്ന് തോളോടുതോള്‍ ചേര്‍ന്നുനിന്ന് യുദ്ധം ചെയ്യുക. സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്യുക. അടിമച്ചങ്ങല വെട്ടിമാറ്റാനായി യുദ്ധം ചെയ്യുക. വെള്ളക്കാരന്റെ കൊടി ഈ നീലാകാശത്ത് പറക്കാതിരിക്കാനായി യുദ്ധം ചെയ്യുക. മലനാട്ടു മക്കളുടെ മാനം കാക്കാനായി യുദ്ധം ചെയ്യുക.”

‘വേലുത്തമ്പി ദളവ’ എന്ന സിനിമയില്‍ വേലുത്തമ്പിയായി നിറഞ്ഞാടിയ കൊട്ടാരക്കര ശ്രീധരന് നായര്‍ രണ്ടു മൂന്ന് മിനിട്ട് നേരം നിര്‍ത്താതെ നടത്തിയ സ്പീച്ച് അതേപടി അനുകരിച്ചു പറഞ്ഞ ശേഷം കുറച്ചുനേരം പ്രതിമയെത്തന്നെ നോക്കി നിന്ന് ഒന്നു കിതപ്പാറ്റും. എന്നും ഇതുതന്നെ ആവര്‍ത്തിക്കണമെന്നില്ല. ചില ദിവസങ്ങളില്‍ ‘കുണ്ടറ വിളംബര’മായിരിക്കും നടത്തുന്നത്. വേലുത്തമ്പീദര്ശനം കഴിഞ്ഞ് അയാള്‍ നേരെ മാധവറാവുവിനടുത്തേക്ക് നടക്കും. മാധവറാവുവിനോട് അങ്ങനെ കാര്യമായിട്ടൊന്നും പറയാറില്ല. ചിലപ്പോള്‍ നമസ്കാരം പറഞ്ഞ് ഒന്നു തൊഴും. ചിലപ്പോള്‍ എന്തെങ്കിലും ചോദിക്കുകയും, പ്രതിമയില്‍ നിന്ന് ഉത്തരം കിട്ടി എന്ന മട്ടില്‍ തല കുലുക്കുകയും ചെയ്യും.അവിടുന്ന് പാളയത്തേക്കു നടക്കും. അതിനിടയില്‍ ഏതെങ്കിലും കൊടിമരം കണ്ടാല്‍ അതിനെയും കുനിഞ്ഞു തൊഴും. അയ്യങ്കാളി ഹാളിനു മുന്നിലെ പട്ടം താണുപിള്ളയുടെ മുന്നിലെത്തുമ്പോള്‍ ഉള്ളില്‍ വിമോചന സമരത്തിന്റെ തിരയിളക്കം തുടങ്ങുകയും അയാള്‍ മുഷ്ടി ചുരുട്ടി ആവേശത്തോടെ ഉറക്കെ ഇങ്ങനെ പറയുകയും ചെയ്യും:
”തെക്കു തെക്കൊരു ദേശത്ത്
തിരമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാനേരത്ത്
ഫ്ളോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരേ
പകരം ഞങ്ങള്‍ ചോദിക്കും
നിങ്ങളെ ഞങ്ങളെറക്കിവിടും.”
മുദ്രാവാക്യം വിളി കഴിഞ്ഞ്, ഇടത്തോട്ടു തിരിഞ്ഞു നടക്കുന്ന വെങ്കിടി, പാളയത്തെ യൂണിവേഴ്സിറ്റി ഓഫീസിനു മുന്നിലെ കുമാരനാശാന്റെ ചുവട്ടിലെത്തുമ്പോള്‍ നടത്തത്തിന് കടിഞ്ഞാണിടും. ആശയ ഗംഭീരനായ ആശാന്റെ കാവ്യസാഗരമാണ് ഇപ്പോള്‍ അയാളുടെ മനസ്സില്‍. കണ്ണടച്ച് കൈകൂപ്പിക്കൊണ്ട് ഇങ്ങനെ പാടിത്തുടങ്ങും:
”ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!……”
കാവ്യാലാപനം പൂര്‍ത്തിയാക്കി, ആശാനെ വലം വച്ച്, യൂണിവേഴ്സിറ്റി വളപ്പിനുള്ളില്‍ നില്ക്കുന്ന ചിത്തിര തിരുനാള്‍ മഹാരാജാവിനെ ഒന്നു തൊഴുത്, എം.എല്‍.എ ഹോസ്റ്റലിനു മുന്നിലെ നടപ്പാതയിലൂടെ നടന്ന്, ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിനു മുന്നിലെ ഫ്ളൈ ഓവറും കടന്ന് ചെന്നു നില്‍ക്കുന്നത് നിയമസഭാ മന്ദിരത്തിനു മുന്നിലായിരിക്കും. അവിടെ പ്രതിമയായി നില്ക്കുന്ന ഇ.എം.എസിനോട് ‘ലാല്‍സലാം’ പറഞ്ഞിട്ട് തൊട്ടിപ്പുറത്തിരിക്കുന്ന മഹാത്മാഗാന്ധിയെ നോക്കി ‘രഘുപതി രാഘവ രാജാറാം’ ആലപിക്കും. പിന്നെയും നടക്കും. പി.എം.ജിയില്‍ നില്ക്കുന്ന സുഭാഷ് ചന്ദ്ര ബോസിനോട് ‘ജയ്ഹിന്ദ്’ എന്നോ ‘ദില്ലി ചലോ’ എന്നോ മുഷ്ടി ചുരുട്ടിപ്പറഞ്ഞ് സലാം വച്ച ശേഷം എല്‍.എം.എസ് ജംഗ്ഷനില്‍ ചെന്ന് വലത്തോട്ടു നടക്കും. പബ്ലിക് ലൈബ്രറി വളപ്പിനുള്ളിലെ ‘ഉള്ളൂര്‍’ പ്രതിമയ്ക്കു മുന്നില്‍ ചെന്നു നില്ക്കുന്ന വെങ്കിടി, ഉള്ളൂരിനെ നോക്കി ഇങ്ങനെ പാടും:
”കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്
കുഞ്ഞ് കിടന്നു കരഞ്ഞീടും…”
ഉള്ളൂര്വന്ദനം കഴിയുന്നതോടെ അന്നത്തെ ദിവസത്തെ അയാളുടെ പ്രതിമാസംവാദം അവസാനിക്കും. പിന്നെ പബ്ലിക് ലൈബ്രറി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കും. സ്ഥിരം സന്ദര്‍ശകനായതിനാല്‍ ലൈബ്രറി ജീവനക്കാര്‍ക്കെല്ലാം അയാള്‍ സുപരിചിതനാണ്. പക്ഷേ, ആരോടും ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ ലൈബ്രറിയിലെ ഓരോ ഹാളിലും കടന്നുചെന്ന് ഓരോ ഷെല്ഫിലേയും പുസ്തകങ്ങളെ നോക്കി നോക്കി അങ്ങനെ നടക്കും. ക്രമം തെറ്റിക്കിടക്കുന്ന പുസ്തകങ്ങളെയും പത്രമാസികാദികളേയും അടുക്കി വയ്ക്കും. അനാവശ്യമായി കത്തുന്ന ലൈറ്റുകളും, കറങ്ങുന്ന ഫാനുകളും ഓഫ് ചെയ്യും. എന്നാല്‍, അയാള്‍ ഏതെങ്കിലും പുസ്തകം എടുത്തു വായിക്കുന്നത് ആരും കണ്ടിട്ടില്ല. സ്വന്തം സ്ഥാപനമെന്ന മട്ടില്‍ ഏതാണ്ട് അര മണിക്കൂറോളം അവിടെയെല്ലാം കറങ്ങി നടന്ന്, പുറത്തിറങ്ങുമ്പോഴേക്കും ഇരുട്ടു വീണുതുടങ്ങിയിട്ടുണ്ടാകും. പിന്നെ ഒരിടത്തും തിരിഞ്ഞു നില്‍ക്കാതെ ഉറച്ച കാല്‍വെപ്പുകളോടെ ഒറ്റ നടത്തമാണ്, കോട്ടയ്ക്കകത്തെ അഗ്രഹാരത്തെരുവില്‍ താമസിക്കുന്ന ഡോക്ടര്‍ കനകാംബാളിന്റെ വീട്ടിലേക്ക്.
സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയായി അടുത്തൂണ്‍ പറ്റിയ അനന്തശങ്കരം അയ്യരുടെയും സുന്ദരാംബാളിന്റെയും മകനായിരുന്നു വെങ്കിടാചലപതി എന്ന വെങ്കിടി. മകള്‍ കനകാംബാളിനെ ഡോക്ടറാക്കണമെന്നും, ഇളയ സന്താനമായ വെങ്കിടാചലപതിയെ ഒരു ഐ.എ.എസുകാരനാക്കണമെന്നുമായിരുന്നു അനന്തശങ്കരം അയ്യരുടെ ആഗ്രഹം. അതിനായി മകളെ ജീവശാസ്ത്രത്തിലേക്ക് കൈപിടിച്ചു നടത്തിച്ച അയ്യര്‍, മകനെ ആനയിച്ചത് ചരിത്രവഴികളിലേക്കാണ്. ചരിത്ര പുസ്തകങ്ങള്‍ വായിച്ചും ചരിത്ര സിനിമകള്‍ കണ്ടും ചരിത്ര ഭൂമികകള്‍ സന്ദര്‍ശിച്ചുമൊക്കെ ചരിത്ര വിജ്ഞാനത്തില്‍ വെങ്കിടി അഗ്രഗണ്യനായി. ഏത് ചരിത്ര സംഭവത്തിന്റേയും വര്‍ഷവും തീയതിയും സ്ഥലവും സമയവും കാര്യവും കാരണവും എന്നുവേണ്ട അതിസൂക്ഷ്മ വിവരങ്ങള്‍ പോലും മണിമണിയായി പറഞ്ഞുകൊണ്ടിരുന്ന വെങ്കിടിയെ അത്ഭുതാദരങ്ങളോടെയാണ് സഹപാഠികളും അദ്ധ്യാപകരും കണ്ടിരുന്നത്.
അച്ഛന്റെ ആഗ്രഹംപോലെ തന്നെ കനാകാംബാള് ഡോക്ടറായി. ഇനി തന്റെ ഊഴമാണ്. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ വെങ്കിടി, സിവില്‍ സര്‍വ്വീസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഊണും ഉറക്കവും കളഞ്ഞ് യൂണിവേഴ്സിറ്റി ലൈബ്രറിയിലും പബ്ലിക് ലൈബ്രറിയിലും ബ്രിട്ടീഷ് ലൈബ്രറിയിലുമൊക്കെ കയറിയിറങ്ങി ചരിത്രത്തെ തന്റെ മസ്തിഷ്കത്തിലേക്ക് അയാള്‍ ആവാഹിച്ചു കൊണ്ടിരുന്നു. അതിനുള്ള ഫലവും ഉണ്ടായി. പ്രിലിമിനറിയും മെയിന്‍ പരീക്ഷയും പാസായ അയാള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി അച്ഛനോടൊപ്പം ഡല്‍ഹിയിലെത്തി.
കേരളാ ഹൗസില്‍ റൂം കിട്ടാത്തതു കൊണ്ട് കരോള്‍ബാഗിലെ ‘രംഗോലി’ ഹോട്ടലിലായിരുന്നു അവര്‍ തങ്ങിയത്. മൂന്നു നിലയുള്ള ഒരു ഇടത്തരം ഹോട്ടലായിരുന്നു അത്. പിറ്റേദിവസത്തെ ഇന്റര്‍വ്യൂവിനായി അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം രാത്രി ഒമ്പതര മണിയോടെ അച്ഛനും മകനും ഉറങ്ങാന്‍ കിടന്നു. ഇന്റര്‍വ്യൂവിനെക്കുറിച്ചുള്ള ഉത്കണ്ഠയുള്ളതിനാല്‍ പന്ത്രണ്ടു മണിയായിട്ടും ഉറക്കം വരാതെ വെങ്കിടി കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്തു കിടക്കുന്ന അച്ഛന് കൂര്‍ക്കം വലിച്ച് സുഖമായുറങ്ങുകയാണ്. പെട്ടെന്ന്, എന്തോ കരിഞ്ഞ് മണക്കുന്നതായി വെങ്കിടിക്കു തോന്നി. അവന് മൂക്കുവിടര്‍ത്തി. അതെ. പ്ലാസ്റ്റിക് കത്തുന്നതിന്റെ ഗന്ധം! സംശയിച്ചും ചിന്തിച്ചും അങ്ങനെ കിടക്കേ, ഫാന്‍ ഓഫായി. പുറത്ത് എന്തൊക്കെയോ ബഹളം കേള്‍ക്കുന്നു. അവന് ചാടിയെണീറ്റ് വാതില്‍ തുറന്ന് ഹോട്ടലിന്റെ ഇടനാഴിയില്‍ നിന്നു കൊണ്ട് താഴേക്കു നോക്കി. തീ…! ഒന്നും രണ്ടും നിലകള്‍ പിന്നിട്ട് മൂന്നാമത്തെ നിലയിലേക്ക് ആര്‍ത്തലച്ച് പടരുന്ന തീ! താഴെയുള്ള നിലകളില്‍ നിന്ന് ആളുകളുടെ നിലവിളികളും ആര്‍ത്തനാദങ്ങളും. വെങ്കിടി ഓടിച്ചെന്ന് അച്ഛനെ കുലുക്കിയുണര്‍ത്തി. സുഖനിദ്രയിലായിരുന്ന അനന്ത ശങ്കരം അയ്യര്‍ കഥയറിയാതെ കണ്ണു മിഴിച്ചു. ‘തീ… തീ…’ എന്നു നിലവിളിച്ചു കൊണ്ട് മകന് അച്ഛന്റെ കൈയില്‍ പിടിച്ചു വലിച്ച് മുറിക്കു പുറത്തേക്കോടി. ഓട്ടത്തിനിടയില്‍ തൊട്ടടുത്ത റൂമുകളുടെ കതകുകളില്‍ ആഞ്ഞിടിച്ച് ‘തീ… തീ….’ എന്ന് അവന് അലറിക്കൊണ്ടിരുന്നു. ഓടി ലിഫ്റ്റിനടുത്തെത്തി സ്വിച്ചമര്‍ത്തി. അനക്കമില്ല.അവര്‍ ഓടി പടിക്കെട്ടുകളിറങ്ങാന് തുടങ്ങി. പക്ഷേ, രണ്ടാമത്തെ നിലയിലെ വൈദ്യുത സര്‍ക്യൂട്ടുകള്‍ മുഴുവന്‍ വിഴുങ്ങിയ അഗ്നി, മൂന്നാം നിലയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു. അവര്‍ തിരിഞ്ഞോടി വീണ്ടും മുകളിലെത്തി. ആളുകള്‍ പരക്കം പായുകയാണ്. ഏറ്റവും മുകളിലത്തെ നിലയായതിനാല്‍ ഇനി എന്തു ചെയ്യുമെന്നറിയാതെ എല്ലാവരും നിലവിളിക്കുകയാണ്. തീ അടുത്തടുത്തു വരുന്നു. ഒരു യുവാവും യുവതിയും കൈവരിയിലേക്ക് ചാടിക്കയറി കൈകള്‍ കോര്‍ത്തു പിടിച്ച് താഴേക്ക് ചാടി. അതു കണ്ട യുവാക്കളില്‍ പലരും അതേ പാത പിന്തുടര്ന്നു. പ്രായം ചെന്നവര്‍ നിസ്സഹായരായി പരസ്പരം നോക്കി.
”വെങ്കിടീ …. നീയും ചാടിക്കോ…..”
”അപ്പാ…. നീങ്ക….?”
”സുമ്മാ ടൈം വേസ്റ്റാക്കാതെ നീ പോ കണ്ണാ…..”
അയാള്‍ മകനെ പിടിച്ചു തള്ളി. അടുത്തടുത്തു വരുന്ന തീജ്വാലകളുടെ ചൂട് വെങ്കിടി അറിഞ്ഞു. അവന് മനസ്സില്ലാ മനസ്സോടെ കൈവരിയിലേക്ക് ചാടിക്കയറി. ചാടുന്നതിനു മുമ്പ്, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവന് അച്ഛനെ ഒന്നുകൂടി നോക്കി. അപ്പോഴേക്കും അഗ്നിക്കൈകള് അനന്തശങ്കരം അയ്യരെ ആലിംഗനം ചെയ്തു കഴിഞ്ഞിരുന്നു. നിലവിളിയോടെ വെങ്കിടി താഴേക്കു ചാടി…..
തലയ്ക്കും കാലിനും പരിക്കേറ്റ വെങ്കിടി, മൂന്നു മാസത്തോളം നീണ്ട ആശുപത്രിവാസത്തിനൊടുവിലാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ശരീരത്തിനേറ്റ മുറിവുകള്‍ ഭേദമായെങ്കിലും അവന്റെ മനസ്സ് കൈവിട്ടു പോയിരുന്നു. കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായ അവന് ആരോടും ഒന്നും ഉരിയാടാതെ വിദൂരത്തെവിടെയോ കണ്ണുംനട്ട് വീട്ടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടി. ഇടയ്ക്ക്, ഭിത്തിയില്‍ പൂമാലയിട്ട് തൂക്കിയിരിക്കുന്ന അച്ഛന്റെ ഫോട്ടോയില്‍ നോക്കി മണിക്കൂറുകളോളമിരുന്നു. ശരീരം മെലിഞ്ഞു. കണ്ണുകള്‍ കുഴിഞ്ഞു. പൂജയും വഴിപാടുകളും കഴിപ്പിച്ച് അമ്മയും, വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കൃത്യമായി നല്കി സഹോദരിയും അവനെ പരിചരിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ആ അത്ഭുതം സംഭവിച്ചു!
അന്ന് തൈപ്പൊങ്കലായിരുന്നു. വീട്ടുമുറ്റത്ത് പലവര്‍ണങ്ങളിലുള്ള കോലം വരച്ചുകൊണ്ടിരിക്കുകയായിരുന്നു ഡോ.കനകാംബാള്‍. അമ്മ സുന്ദരാംബാള്‍ മുറ്റത്തു കൂട്ടിയ അടുപ്പില്‍ പൊങ്കല്‍ തിളപ്പിക്കുന്ന തിരക്കിലും. പെട്ടെന്ന്, എന്തോ അനക്കം കേട്ട് കനകാംബാളും സുന്ദരാംബാളും വീട്ടിനുള്ളിലേക്കു നോക്കി. അതാ ഷര്‍ട്ടും പാന്റ്സുമൊക്കെ ധരിച്ച് വാതില്‍പ്പടിയില്‍ ചിരിച്ചു കൊണ്ടു നില്ക്കുന്നു വെങ്കിടി! അത്ഭുതവും സന്തോഷവും കലര്‍ന്ന ഭാവത്തില്‍ അമ്മയും മകളും പരസ്പരം നോക്കി. അവര്‍ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. ഇരുവരുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങി.
”പോണം… എനിക്ക് പോണം…. വെളീല് …..”
പുറത്തേക്ക് വിരല്‍ ചൂണ്ടി, അമ്മയേയും സഹോദരിയേയും തള്ളിമാറ്റി അവന് മുറ്റത്തേക്കിറങ്ങി.പെട്ടെന്ന് എന്തോ ആലോചിച്ച ശേഷം തിരിഞ്ഞു നടന്ന് വീട്ടിനകത്തുകയറി,തുരുമ്പെടുത്തു തുടങ്ങിയ ജനല്‍ക്കമ്പിയില്‍ തൂക്കിയിരുന്ന അനന്ത ശങ്കരം അയ്യരുടെ കാലന് കുട കൈയിലെടുത്ത് ഷര്‍ട്ടിന്റെ കോളറിനു പുറകില്‍ തൂക്കി വീണ്ടും മുറ്റത്തിറങ്ങി. കോലങ്ങള്‍ക്കു മീതേ കാലുകള്‍ നീട്ടിപ്പിടിച്ച് അയാള്‍ നടന്നു തുടങ്ങി.ആ നടത്തം അവസാനിച്ചത് വേലുത്തമ്പി പ്രതിമയുടെ മുന്നിലാണ്.പിന്നെ അതൊരു ശീലമായി.
”എന്തിനും പരിഹാരമുണ്ടാക്കാം. നിങ്ങള്‍ ആദ്യം താഴെ വരൂ.”
എസ്.ഐ. റാഫി മെഗാ ഫോണിലൂടെ അലറി. ഇത്തവണയും മുകളില്‍ നിന്നുള്ള പ്രതികരണമായി വന്നത് ഒരു തുണ്ട് കടലാസാണ്. എസ്.ഐ തന്നെ അത് കൈക്കലാക്കി വായിച്ചു:
”മുഖ്യമന്ത്രി നേരിട്ടുവന്ന് ഉറപ്പുതരണം.”
എസ്.ഐയുടെ മുഖം വലിഞ്ഞു മുറുകി.
”ഇത് ഒരു നടയ്ക്കു പോകുമെന്ന് തോന്നണില്ല.”
അയാള്‍ പല്ലിറുമ്മിക്കൊണ്ട് ഫയര്‍ഫോഴ്സിനെ വിളിക്കാനായി ഫോണെടുത്തു.
തലയ്ക്കു വെളിവില്ലാത്തവനാണ് മുകളിലിരിക്കുന്നതെന്ന് സ്ഥിരീകരിച്ചതോടെ നല്ലൊരു പങ്ക് ചാനലുകാരും നാട്ടുകാരും രംഗമൊഴിഞ്ഞു. അവശേഷിച്ചവരില്‍ പലരും ‘ഇവനെയൊക്കെ വല്ല പ്രാന്തനാശൂത്രീലും കൊണ്ടിടണം’ എന്നും ‘ഈ വേപ്പുമരങ്ങളെ മുറിച്ചു കളയണം’ എന്നുമൊക്കെ അഭിപ്രായപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ട്, കടലാസ്കുമ്പിളുകളില് നിറച്ച കപ്പലണ്ടിയുമായി ഒരു കപ്പലണ്ടിക്കച്ചവടക്കാരനും, ഭാഗ്യവിതരണക്കാരനായ ഒരു ഭാഗ്യക്കുറി കക്ഷിയും ഉത്സാഹത്തോടെ അവിടേക്കു കടന്നു വന്നു. കലികയറി നിന്ന റാഫി അവരെ തുറിച്ചു നോക്കി.
കഷ്ടിച്ച് അഞ്ചു മിനിട്ടിനുള്ളില്‍ത്തന്നെ ചെങ്കല്‍ച്ചൂളയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം അപായമണി മുഴക്കി സംഭവസ്ഥലത്തേക്കു പാഞ്ഞു വന്നു. പിന്നെയെല്ലാം ദ്രുതഗതിയിലായി. താഴെയിറങ്ങാനുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കും ഫലമില്ലാതായതോടെ, കൂടിനിന്ന ആള്‍ക്കാരെയെല്ലാം മാറ്റി, വേപ്പുമരച്ചുവട്ടില്‍ ഫയര്‍ ഫോഴ്സുകാര് വലവിരിച്ചു. ഏണി ഉയര്‍ന്നു. മുകളിലെ മരക്കൊമ്പില്‍ ചാരിയ ഏണിയിലൂടെ ഒരു ഫയര്മാന് മുകളിലേക്കു കയറി. തന്നെ താഴെയിറക്കാന്‍ കയറി വരുന്നവനെക്കണ്ട വെങ്കിടി, മരക്കൊമ്പില്‍ നിന്ന് മെല്ലെ എണീറ്റു.
”ഞാന്‍ ചാടും… ചാടും…”
അവന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. ഫയര്മാന് നിന്നു.എല്ലാവരും ഉത്കണ്ഠയിലായി.
”എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. നിങ്ങള്‍ ചാടിച്ചത്തതു കൊണ്ട് വല്ല കാര്യവുമുണ്ടോ?”
ഫയര്മാന് സന്ധി സംഭാഷണം തുടങ്ങി.
”എന്റെ പ്രതിമ വയ്ക്കണം …. മുഖ്യമന്ത്രി ഉറപ്പു തരണം.”
”അത്രയല്ലേയുള്ളൂ. നമുക്കതു ചെയ്യാം. മുഖ്യമന്ത്രി ഡെല്ലീലാ. വരട്ടെ. നമുക്ക് സംസാരിക്കാം.”
”ഉറപ്പ്?”
”ഉറപ്പ്.”
”വേലുത്തമ്പിടെ അത്രേം വലുതായിരിക്കണം. വാളിനുപകരം കുട തൂക്കി നിന്നോളാം.”
”ങാ…. ചെയ്യാം.”
വെങ്കിടി പലപല ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഫയര്മാന് എല്ലാം സമ്മതിച്ചുകൊണ്ടുമിരുന്നു. പത്തുപതിനഞ്ചു മിനിട്ടോളം ആ സംവാദം നീണ്ടു. ഒടുവില്‍, ഫയര്‍മാന്റെ നയതന്ത്രം ഫലിച്ചു.വെങ്കിടി മെരുങ്ങുകയാണെന്ന് ബോധ്യമായതോടെ അയാള്‍ വീണ്ടും മുകളിലേക്കു ചുവടുവച്ചു. അനുസരണയുള്ള കുഞ്ഞാടായി മാറിയ വെങ്കിടി, മരക്കൊമ്പില്‍ തൂക്കിയിരുന്ന കാലന് കുടയെ കോളറിനു പിറകില്‍ തൂക്കി, വിറയ്ക്കുന്ന കാലുകള്‍ ഏണിപ്പടിയില്‍ വച്ചു. ഫയര്മാന് അയാളുടെ കൈകളില്‍ പിടിച്ച് മെല്ലെ മെല്ലെ താഴേക്കിറക്കി. കാഴ്ചക്കാര്‍ ആര്‍ത്തുവിളിച്ചു.
താഴെയെത്തിയ വെങ്കിടിയേയും കയറ്റി പോലീസ് ജീപ്പ് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കു പാഞ്ഞു. ആളുകളും ഫയര്‍ഫോഴ്സുമൊക്കെ കളമൊഴിഞ്ഞതോടെ നഗരനിരത്ത് പൂര്‍വ്വസ്ഥിതിയിലായി. എല്ലാത്തിനും സാക്ഷിയായി നിന്ന സുധാകരന് നെടുവീര്‍പ്പിട്ടുകൊണ്ട് തന്റെ സമരക്കുടിലിനുള്ളിലേക്കു കയറി. പതിനഞ്ചു ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരും തിരിഞ്ഞു നോക്കാത്ത തന്റെ സമരത്തിന് ഒരന്ത്യമുണ്ടാകണമെങ്കില് പുതിയ സമരമാര്‍ഗങ്ങള്‍ വേണ്ടി വരുമോ എന്ന ചിന്തയിലായിരുന്നു അപ്പോള്‍ അയാള്‍.