
സ്റ്റ്യാചു ജംഗ്ഷന് – X

പ്രശാന്ത് ചിന്മയന്
- കള്ളനും പോലീസും
നന്ദാവനം ഏ.ആര് ക്യാമ്പ് വളപ്പിലെ മാടന്നട ക്ഷേത്രത്തില്‍ തൊഴുതുനിന്ന സുജിത് കുമാര്‍ കണ്ണടച്ച് മനമുരുകി പതിവുപോലെ പ്രാര്‍ത്ഥിച്ചത് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനം എത്രയും വേഗം നടത്താന്‍ പി.എസ്.സിക്ക് കനിവുണ്ടാകണമേ എന്നാണ്. ആദ്യ പെണ്ണുകാണല്‍ കലങ്ങിപ്പോയതില് അവന് മാടന് തമ്പുരാന് മനസ്സുകൊണ്ടു നന്ദി പറഞ്ഞു. കോളേജ് അധ്യാപകനൊക്കെ ആയശേഷം കൂടുതല്‍ നല്ല ബന്ധം കിട്ടുന്നതിനായി ദൈവമായിട്ടായിരിക്കും ആ വിവാഹാലോചന മുടക്കിയത്.
ധ്യാനലീനനായി തൊഴുതുനിന്ന സുജിത്തിനുനേര്ക്ക് ക്ഷേത്ര പൂജാരികൂടിയായ എ.എസ്.ഐ ശ്രീകുമാര്‍ നമ്പൂതിരി പ്രസാദം നീട്ടിയപ്പോള്‍ അവന്റെ ഉടല്, മേലുദ്യോഗസ്ഥനെ കാണുമ്പോഴുള്ള ബഹുമാന സൂചകമായ അറ്റന്ഷന് അവസ്ഥയിലേക്ക് അറിയാതെ പരിണമിച്ചു. പെട്ടെന്നുതന്നെ അബദ്ധം തിരിച്ചറിഞ്ഞ സുജിത്, ഒരു വളിച്ച ചിരിയോടെ പ്രസാദം സ്വീകരിച്ചു കൊണ്ട് അഞ്ചുരൂപാ നാണയം തട്ടത്തിലിട്ടു.
”ഇന്നെന്താ ഡ്യൂട്ടി?”
പൂജാരി കം എ.എസ്.ഐ. ചോദിച്ചു.
”കോടതി ഡ്യൂട്ടിയാ. അട്ടക്കുളങ്ങരേന്ന് പ്രതിയെ എടുക്കണം.”
വാഴയിലച്ചീന്തിലെ കുങ്കുമം നെറ്റിയില്‍ തൊട്ടുകൊണ്ടു സുജിത് പറഞ്ഞു.
മാടന്തമ്പുരാനെ ഒന്നുകൂടി തൊഴുത് ‘പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ’ എന്ന മട്ടില്‍ ഒന്നു നോക്കിയശേഷം സുജിത് ക്ഷേത്രത്തിനു പുറത്തേക്കു നടന്നു.
മോഷണക്കേസിലെ റിമാന്‍ഡ് പ്രതിയായ ആക്രി ഷജീറിനെ അട്ടക്കുളങ്ങര സബ്ജയിലില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി,കോടതി നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ ജയിലില്‍ സുരക്ഷിതമായി എത്തിക്കുകയാണ് സുജിത്തിന്റെ ഇന്നത്തെ ആദ്യ ഡ്യൂട്ടി. ഏ.ആറിലെ തന്നെ കോണ്‍സ്റ്റബിളായ ബൈജുവുമുണ്ട് ഒപ്പം.
ജയിലിലെ നടപടിക്രമങ്ങള്‍ക്കുശേഷം ആക്രി ഷജീറിനെ സ്വീകരിച്ച് കൈയില്‍ വിലങ്ങണിയിച്ച് മൂവരും ഓട്ടോയിലേക്കു കയറി. രണ്ടു കാക്കിധാരികള്ക്കുനടുവില് വിനയവും ബഹുമാനവും സ്ഫുരിക്കുന്ന മുഖഭാവത്തോടെ ആക്രി ഷജീര്‍ ഒതുങ്ങി ഇരുന്നു.ഇത്രയും അടക്കവും ഒതുക്കവുമുള്ള പാവം മനുഷ്യജീവിയെ ഏതു നീതിന്യായാസനമാണ് തടവറയിലാക്കിയതെന്ന് ആരും ധാര്‍മിക രോഷംകൊണ്ടുപോകുന്ന മട്ടിലായിരുന്നു ഷജീറിന്റെ ശരീരവും ശരീരഭാഷയും. പക്ഷേ, അങ്ങനെ സംശയം ഉന്നയിക്കുന്നവരെപ്പോലും അന്ധാളിപ്പിക്കാനും ദേഷ്യം കൊണ്ട് പല്ലിറുമ്മിപ്പിക്കാനും പോന്നതായിരുന്നു യഥാര്‍ത്ഥ ഷജീറിന്റെ ഫ്ളാഷ്ബാക്ക്!
പകല്‍ മുഴുവന്‍ ആക്രി ശേഖരിക്കാനായി വീടുകള്‍തോറും കയറിയിറങ്ങി, നല്ല ‘ലക്ഷണമൊത്ത’ വീടുകള്‍ നോക്കിവച്ച്, രാത്രി മോഷണം നടത്തുന്നതില്‍ വൈദഗ്ദ്ധ്യമുള്ള തസ്കരവീരനാണ് കല്ലറ സ്വദേശിയായ ഷജീര്‍.ആക്രി പെറുക്കലിന്റെ മറവില്‍ മോഷണം ശീലമാക്കിയതിനാലാണ് പോലീസുകാര്‍ അയാള്‍ക്ക് പേരിനൊപ്പം ആക്രി എന്ന വിശേഷണം കൂടി ചാര്‍ത്തിക്കൊടുത്തത്. ഏതാണ്ട് രണ്ടു വര്‍ഷത്തോളം മോഷണകലയില് അഗ്രഗണ്യനായി വിലസിയ ഷജീര്‍ ഒടുവില്‍ ജയിലിലായത് പോലീസുകാരുടെ കര്‍മ്മകുശലത കൊണ്ടൊന്നുമല്ല, മോഷണം പോലൊരു തൊഴിലില്‍ മോഷ്ടാവ് അവശ്യം പുലര്‍ത്തേണ്ട ജാഗ്രതയ്ക്ക് ഭംഗം ഭവിച്ചതൊന്നു കൊണ്ടു മാത്രമാണ്.
‘പഴയ കുപ്പീ… പാത്രം… ഇരുമ്പ്… പൊടിയിരുമ്പ്… തകരം… ചെരുപ്പ്… പ്ലാസ്റ്റിക്… പേയ്പ്പര്‍…’ എന്ന ഉച്ചത്തിലുള്ള താളാത്മകമായ വായ്ത്താരികളോടെയാണ് രണ്ടാഴ്ച മുമ്പുള്ള ഒരു വെള്ളിയാഴ്ച രാവിലെ പതിനൊന്നര മണിക്ക് കാഞ്ഞിരംപാറ പടയണി നഗറില്‍ ഷജീര്‍ പ്രവേശിച്ചത്. പതിനഞ്ചോളം വീട്ടുകാര്‍ മാത്രം താമസമുള്ള ചെറിയൊരു ഹൗസിംഗ് കോളനിയായിരുന്നു അത്. ഇടതുകക്ഷത്തില്‍ എട്ടായി മടക്കിയ ഒരു കീറച്ചാക്കും വലതുകൈയിലൊരു കൈത്രാസുമായിട്ടായിരുന്നു ഷജീറിന്റെ വരവ്. കോളനിയിലെ രമ്യഹര്‍മ്യങ്ങളില്‍ ചങ്ങല ബന്ധിതരായും കൂട്ടുതടങ്കലിലുമൊക്കെയായി അലസശയനം നടത്തിയിരുന്ന വൈദേശികരക്തം പേറുന്ന ശുനകന്മാര് ചാടിയെണീറ്റ് ഷജീറിന്റെ വായ്ത്താരിക്കെതിരെ പലവിധ ശബ്ദത്തില്‍ കുരച്ചുകൊണ്ട് തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ തുടങ്ങി. ധനാഢ്യരും ഉന്നതോദ്യോഗസ്ഥരും മാത്രം താമസിക്കുന്ന ഒരു കോളനിയായിരുന്നു അത്. മിക്ക വീടുകളുടേയും ഗേറ്റുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. തന്റെ വായ്ത്താരിക്ക് വിരാമം നല്‍കാതെ ഷജീര്‍ മന്ദനടത്തം നടന്ന് കള്ളക്കണ്ണുകള്‍ കൊണ്ട് ഓരോ വീടിനേയും വിശദമായി സ്കാന്‍ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ നടന്ന് നടന്ന് റോഡിന്റെ ഇടതുഭാഗത്തെ ഇടറോഡിലേക്കു കയറിയതും അതാ പൂട്ടില്ലാത്തൊരു ഗേറ്റ്! മതിലില്‍ ‘ഡോ: ജോര്‍ജ് ഇടമണ്‍, പുളിക്കല്‍ ഹൗസ്’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ മാര്‍ബിള്‍ ഫലകം.ഗേറ്റിനുള്ളില്നിന്ന് ശുനക പ്രതിഷേധമൊന്നും കേള്‍ക്കുന്നുമില്ല! ഷജീര്‍ ഗേറ്റിനടുത്തേക്കു ചെന്ന് കണ്ഠശുദ്ധി വരുത്തി ‘പഴയ കുപ്പീ… പാത്രം…’ എന്ന തന്റെ തൊഴില്‍ മുദ്രാവാക്യം ഉറക്കെ മുഴക്കിക്കൊണ്ട് ഗേറ്റിനു മുകളിലൂടെ എത്തിവലിഞ്ഞ് വീടിന്റെയും പറമ്പിന്റെയും പൊതു സ്ഥിതി വിലയിരുത്തി. അല്പം കാലപ്പഴക്കമുള്ള ഇരുനില വീട്, വിശാലമായ മുറ്റം, കാര്‍പോര്‍ച്ചില്‍ ആഡംബര കാര്‍, സണ്‍ ഷെയ്ഡിനോടു ചേര്‍ന്നു നില്ക്കുന്ന ഒരു തൈമാവ്,മുകള്‍നിലയിലെ ഇടതുവശത്തെ ജനല്‍ തുറന്നിട്ടിരിക്കുന്നു, വീടിന്റെ മുന്‍ ഭാഗത്തെ ഗ്രില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുന്നതിനാല്‍ വീട്ടില്‍ ആളുണ്ട്. പക്ഷേ, പട്ടിയില്ല.
ഷജീറിന്റെ നിഗമനങ്ങള്‍ ഇങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കേ, ഗ്രില്ലിനുള്ളില്‍ ഒരു സ്ത്രീരൂപം പ്രത്യക്ഷമാകുകയും ‘പോ…പോ… ഇവിടൊന്നുമില്ല….’ എന്നിങ്ങനെ ദാക്ഷിണ്യരഹിതമായി വിളിച്ചു പറയുകയും ചെയ്തു. എന്തോ ചിന്തിച്ചുറപ്പിച്ച ഷജീര്‍, പൂര്‍വ്വാധികം ശക്തിയോടെ തന്റെ വായ്ത്താരി മുഴക്കിക്കൊണ്ട് കോളനിയുടെ വെളിയിലേക്ക് തിരിഞ്ഞു നടന്നു.
അന്നുരാത്രി ഒന്നര മണിക്ക് പുളിക്കല്‍ ഹൗസിനു മുന്നില്‍ ഷജീര്‍ വീണ്ടും പ്രത്യക്ഷനായി! പട്ടാപ്പകല്‍ ജില്ലുജില്ലനെ നിന്നു കുരച്ച വീരശൂരശുനകന്മാരെല്ലാം സുഖനിദ്രയിലായിരുന്നതിനാല് കോളനി സമ്പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. തെരുവുവിളക്കുകള്‍ പലതും കത്തുന്നുമുണ്ടായിരുന്നില്ല.ചുറ്റുപാടും ഒന്നു വീക്ഷിച്ച ശേഷം ഷജീര്‍ മതില് ചാടിക്കടന്ന് നിമിഷനേരത്തിനുള്ളില്‍ തൈമാവിലൂടെ വലിഞ്ഞുകയറി സണ്‍ ഷെയ്ഡിലേക്കിറങ്ങി. തുറന്നു കിടന്ന ജനലിലേക്ക് എത്തിവലിഞ്ഞു പിടിച്ച അവന് ആ മുറിയില്‍ എത്തിനോക്കി ആരുമില്ലെന്നുറപ്പുവരുത്തിയ ശേഷം ജനല്‍ക്കമ്പി വളയ്ക്കാനുള്ള പണിയായുധം ഇടുപ്പില്‍ നിന്നെടുത്തു!
ജനല്‍ക്കമ്പി വളച്ച് വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമില്‍ നൂഴ്ന്നിറങ്ങിയ ഷജീര്‍, മുറിയാകെ ഒന്നുഴിഞ്ഞു നോക്കി. തടിയന് ആംഗലേയ പുസ്തകങ്ങള്‍ നിറഞ്ഞ മുട്ടന്‍ രണ്ടു ഷെല്ഫുകളും, പുസ്തകങ്ങളും കടലാസുകളും വാരിവലിച്ചിട്ട് ആകെ അലങ്കോലമാക്കിയ ഒരു മേശയും ഒരു ചാരുകസേരയും മാത്രമേ ആ മുറിയിലുണ്ടായിരുന്നുള്ളൂ. തനിക്കു വേണ്ടതൊന്നും ആ മുറിയിലില്ലെന്നു ബോധ്യപ്പെട്ട ഷജീര്‍, ചാരിയിരുന്ന വാതില്‍ പതിയെത്തുറന്ന് മുറിക്ക് പുറത്തിറങ്ങി. ഇപ്പോള്‍ അവന് പ്രവേശിച്ചിരിക്കുന്നത് ചെറിയൊരു ഹാളിലാണ്.മൂന്നാലു സോഫാ സെറ്റികളും ഒരു ചെറിയ ടീപ്പോയും മാത്രമേ അവിടെയുള്ളൂ. ഈ വീടിനെക്കുറിച്ചുള്ള തന്റെ നിഗമനങ്ങള്‍ പാളിപ്പോവുകയാണോ എന്ന ആധിയോടെ അവന് ഹാളിന്റെ പൂട്ട് പൊളിക്കാനായി ഇടുപ്പിലുള്ള പണിയായുധത്തില്‍ കൈവച്ചു!
ഹാളിന്റെ വാതില്‍ തുറന്ന്, ഗ്രാനൈറ്റ് പാകിയ സ്റ്റെയര്‍കേസിറങ്ങി ഷജീര്‍ താഴത്തെ നിലയിലെ വിശാലമായ ഹാളിലെത്തി. ഭിത്തിയില്‍ പതിപ്പിച്ച കൂറ്റന്‍ ടി.വി യും ഫര്‍ണിച്ചറുകളുമൊക്കെ നിറഞ്ഞ ആ ഹാളിന്റെ ആഡംബരത്തെ അവന് അന്തംവിട്ടു നോക്കിനിന്നു. ചുമരില്‍ മിന്നി മിന്നിത്തെളിയുന്ന ചെറിയ ചുവന്ന ബള്‍ബുകള്‍ കോര്‍ത്ത മാലയുടെ വലയത്തിനുള്ളില്‍ ചിരിതൂകിനില്‍ക്കുന്ന യേശുക്രിസ്തുവിന്റെ ചില്ലിട്ട ചിത്രം. ഹാളിനോടു ചേര്‍ന്ന് രണ്ട് ബെഡ് റൂമുകള്‍! പെട്ടെന്ന് അവനെ ഞെട്ടിച്ചുകൊണ്ട് ഹാളിനോടു ചേര്‍ന്ന ബെഡ്റൂമില്‍നിന്ന് ഒരു ഇംഗ്ലീഷ്ഗാനം വലിയ ഒച്ചയില്ലാതെ ഒഴുകി വന്നു:
”നോ വുമണ്‍ നോ ക്രൈ
നോ വുമണ്‍ നോ ക്രൈ….
സെഡ് ഐ റിമംബര്‍ വെന്‍ വി യൂസ്ഡ് റ്റു സിറ്റ്….”
ബോബ് മെര്‍ളിയുടെ സുപ്രസിദ്ധമായ ആ ഗാനത്തിന്റെ ആരോഹണാവരോഹണങ്ങള്‍ കേട്ട ഷജീര്‍, പാതിരാത്രിയില്‍ ഈ കൊലവിളി വിളിക്കുന്നതാരാണെന്നും അതു കേട്ട് ഉറങ്ങാതിരിക്കുന്നതാരായിരിക്കുമെന്നൊക്കെ ചിന്തിച്ചുകൊണ്ട്, തന്റെ പന്ത്രണ്ടാമത്തെ ദൗത്യം പരാജയപ്പെട്ടു എന്നു തന്നെ ഉറപ്പിച്ചു. വന്ന വഴിയേ തിരിച്ചു പോകാന്‍ അവന് രണ്ടു ചുവടുവച്ചെങ്കിലും എന്തോ ഉള്‍പ്രേരണയാല്‍, ഗാനത്തിന്റെ പ്രഭവകേന്ദ്രമായ വലതു വശത്തെ ബെഡ് റൂമിലേക്ക് തിരിഞ്ഞു നടന്നു. വാതില്‍ പകുതി ചാരിയിരുന്ന ആ മുറിയുടെ അടുത്തേക്ക് മാര്ജാരപാദനായി ചെന്ന അവന് നെഞ്ചിടിപ്പോടെ അകത്തേക്കു നോക്കി. സീറോ വാട്ട് ബള്‍ബിന്റെ നേരിയ ചുവപ്പു വെളിച്ചത്തില്‍, അമ്പതു വയസിനടുത്ത് പ്രായം വരുന്നൊരു ബുള്‍ഗാന്‍ താടിക്കാരന് തടിയന്, കട്ടിലില്‍ തല ചായ്ച് കണ്ണുകളടച്ച് കാലുകള്‍ നീട്ടി തറയിലിരിക്കുകയാണ്! വെള്ളയില്‍ കറുത്ത പൂക്കളുള്ള ഒരു ബര്‍മുഡ മാത്രമേ അയാള്‍ ധരിച്ചിട്ടുള്ളൂ. ശ്വാസോച്ഛ്വാസത്തിനനുസരിച്ച് അയാളുടെ പെരുവയര്‍ ഉയര്ന്നുതാഴ്ന്നുകൊണ്ടിരുന്നു. അയാള്‍ക്കരികിലായി ഒഴിഞ്ഞ ഒരു ബ്ലാക്ക് വെല്‍വെറ്റ് വിസ്കി കുപ്പിയും പകുതിയോളം വിസ്കി നിറച്ച ഒരു ഗ്ലാസും! ഒരു മേശയും, പാടിക്കൊണ്ടിരിക്കുന്ന സി ഡിപ്ലേയറുമല്ലാതെ ആ മുറിയില്‍ അങ്ങനെ കാര്യമായൊന്നും ഉണ്ടായിരുന്നില്ല.
പടച്ചോനേ, ഇന്ന് ഏത് ഹറാം പിറന്നവനെയാണ് കണികണ്ടതെന്ന് പ്നാറ്റിക്കൊണ്ട് ഷജീര്‍ ഇടതുവശത്തെ ബെഡ് റൂമിലേക്കു നടന്നു.ഭാഗ്യം! അതിന്റെ വാതിലും ചാരിയിട്ടേയുള്ളൂ. അകത്ത് സീറോ വാട്ട് ബള്‍ബിന്റെ നേര്‍ത്ത നീല പ്രകാശം. അവന് വാതില്‍ മെല്ലെ തുറന്ന് അകത്തേക്കു നോക്കി. ഒരു വലിയ തടിയലമാരയും ഒരു സൈന്‍ ബോര്‍ഡ് മേശയുമൊക്കെയുള്ള ആ മുറിയിലെ കട്ടിലില്‍ നാല്‍പ്പത് നാല്‍പ്പത്തഞ്ച് വയസുള്ള ഒരു സുന്ദരിയായ സ്ത്രീ പിങ്ക് നിറമുള്ള ഗൗണും ധരിച്ച് ചരിഞ്ഞ് കിടന്നുറങ്ങുന്നു.രാവിലെ താന്‍ കണ്ട സ്ത്രീയാണതെന്ന് അവന് ഓര്‍ത്തു. അവന് മുറിക്കകത്തേക്കു കയറി. ഇനി സമയം ഒട്ടും കളയാനില്ല. ഇടുപ്പില്‍നിന്ന് ഒരുകൂട്ടം താക്കോലുകള്‍ തപ്പിയെടുത്ത്, അതിലോരോന്നായി മാറിമാറി അലമാരയുടെ പൂട്ടിലേക്കിട്ട് തിരിച്ചു.നാലാമത്തെ താക്കോല്പരീക്ഷണം വിജയിച്ചു.
ഒരു തുണിക്കടയുടെ ഷോറൂമില്‍ പ്രവേശിച്ച പ്രതീതിയായിരുന്നു ആ അലമാരയുടെ ഉള്‍വശത്തിന് .എല്ലാ അറകളിലും കുത്തിനിറച്ചിരിക്കുന്ന സാരികള്‍, ചുരിദാറുകള്‍, അടിപ്പാവാടകള്‍, ബ്ലൗസുകള്‍… ഈ തുണിക്കൂമ്പാരത്തിനിടയില്‍, അലമാരയുടെ ഒത്ത മദ്ധ്യത്തിലുണ്ടായിരുന്ന ചെറിയ ഡ്രോ കണ്ടെത്താന്‍ ഷജീറിന് അല്പം പ്രയാസപ്പെടേണ്ടി വന്നു. അവനെ സഹായിക്കാനെന്നവണ്ണം, പൂട്ടിന്റെ സുഷിരത്തില്‍ തന്നെയുണ്ടായിരുന്നു അതിന്റെ താക്കോല്‍! വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് അവന് അതൊന്നു തിരിച്ചു.
മൂന്നു പവന്റെ രണ്ടു മാലകളും അഞ്ചു പവന്റെ ഒരു നെക്ലേസും അരപ്പവന്‍ വീതം വരുന്ന രണ്ടു വളകളും നാലായിരത്തി ഇരുന്നൂറു രൂപയുമെടുത്ത്, മുണ്ടിനടിയിലെ കാക്കി നിക്കറിന്റെ വലിയ പോക്കറ്റുകളിലാക്കി. ദൗത്യം വിജയകരമായ സന്തോഷത്തോടെ പുറത്തേക്കുപോകാന്‍ കാലനക്കിയതും എവിടെയോ ഒരു വണ്ടിന്റെ മുരള്‍ച്ച! അവന് ഭീതിയോടെ ചെവി കൂര്‍പ്പിച്ചു. കട്ടിലില്‍ നിന്നാണ് അതു കേള്‍ക്കുന്നത്. പെട്ടെന്ന്, ഉറങ്ങിക്കിടന്ന സ്ത്രീയുടെ ദേഹം ഒന്നനങ്ങി. മുന്നോട്ടുവച്ച കാല് ഷജീര്‍ പിന്നോട്ടുവച്ചു. അവള് ഇടതുകൈ കിടക്കയിലൂടെ തപ്പിത്തപ്പി ഒരു ഫോണ്‍ കയ്യിലെടുത്ത് അതില്‍ വിരലോടിച്ചു. ഫോണിന്റെ വെളിച്ചവും വണ്ടിന്റെ മുരള്‍ച്ചയും നിലച്ചു. അവള് ഫോണിനെ കിടക്കയിലേക്കു തന്നെ എറിഞ്ഞു. കിടന്നുകൊണ്ടു മൂരി നിവര്‍ത്തി, നീണ്ട ഒരു കോട്ടുവാ വിട്ടശേഷം അവള് കിടക്കയില്‍ നിന്നെണീക്കാന്‍ തുടങ്ങിയതും പരിഭ്രാന്തനായ ഷജീര്‍ അലമാരയുടെ മറവിലേക്കു വലിഞ്ഞു. കിടക്കയില്‍ നിന്നെണീറ്റ സ്ത്രീ അതാ മുടി വാരിച്ചുറ്റി പുറത്തേക്കു നടക്കുന്നു. ഇവരെങ്ങോട്ടു പോണതായിരിക്കും? മൂത്രമൊഴിക്കാനാണോ? അലറാം വച്ച് മൂത്രമൊഴിക്കണവരുണ്ടോ?… പലവിധ ചോദ്യങ്ങള്‍ സ്വയം ചോദിച്ച് അവന് വിയര്‍ക്കാന്‍ തുടങ്ങി. മുറിക്ക് പുറത്തേക്കു കടക്കാന്‍ പറ്റിയ അവസരം ഇതുതന്നെയെന്നു ചിന്തിച്ചു കൊണ്ട് അവന് അലമാരയുടെ മറവില്‍ നിന്ന് തല മെല്ലെ പുറത്തേക്കിട്ട് രംഗ നിരീക്ഷണം നടത്തി.അപ്പോള്‍, വീടിന്റെ മുന്‍വശത്തെ ഗ്രില്‍ തുറക്കുന്നതും അടയ്ക്കുന്നതുമായ നേര്‍ത്ത ശബ്ദം കേട്ടു. ഒപ്പം ആരുടേയോ കാല്‍പ്പെരുമാറ്റവും! എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞ ഷജീര്‍ പിന്നെയും അലമാരയുടെ സുരക്ഷിതമറവിലേക്ക് പിന്‍വലിഞ്ഞു. ആരോ മുറിക്കുള്ളില്‍ കയറുന്നതും കതകടയുന്നതും കതകിന്റെ കുറ്റി വീഴുന്നതും ഉള്‍ക്കിടിലത്തോടെ ഷജീര്‍ തിരിച്ചറിഞ്ഞു!
”റബ്ബേ!”
ഒരെത്തും പിടിയും കിട്ടാതെ വലഞ്ഞ ഷജീര്‍, നെഞ്ചില്‍ കൈവച്ച് ഒച്ച താഴ്ത്തി പടച്ചവനെ വിളിച്ചുപോയി. അവന്റെ സര്‍വ്വനാഡികളും തളര്‍ന്നു. മുറിക്കുള്ളില്‍ എന്തൊക്കെയോ അനക്കങ്ങളും ശബ്ദങ്ങളും കേള്‍ക്കുന്നുണ്ട്. വിറച്ചു വിയര്‍ത്ത ഷജീര്‍, അല്പസമയത്തിനുശേഷം പിന്നെയും തല മെല്ലെ പുറത്തേക്കിട്ടു. ആ മുറിക്കുള്ളില്‍ കണ്ട കാഴ്ചയില്‍ അവന്റെ കണ്ണുകള്‍ തള്ളുകയും വായ തുറന്നുപോവുകയും ചെയ്തു! തുണിരഹിതരായി കിടക്കയില്‍ കെട്ടിമറിയുന്ന ആണും പെണ്ണും! നേരത്തേ കിടക്കവിട്ടു പോയ സ്ത്രീയും അവരേക്കാള്‍ പ്രായം കുറഞ്ഞ ഒരു യുവാവും മെത്തയെ മൈതാനമാക്കി മുന്നേറുകയാണ്. അര മണിക്കൂറോളം നീണ്ടു നിന്ന ആ തത്സമയക്രീഡാവിനോദത്തിന് ഷജീര്‍ വിറവിറച്ചുകൊണ്ട് പ്രേക്ഷകനായി. ഇരുപത്തിയാറുകാരനായ അവന്റെ ജീവിതത്തില്‍ അത്തരമൊരു നേര്‍ക്കാഴ്ച ആദ്യത്തേതായിരുന്നു. പേടി കൊണ്ട് മരവിച്ചുപോയ നാഡികള്‍ കിരുകിരുപ്പോടെ മെല്ലെ ചൂടുപിടിച്ചു. ശരീരം കൂടുതല്‍ വിയര്‍ത്തു. തൊണ്ട വരണ്ടു.
ക്രീഡാനന്തരം, കതകു തുറന്ന് യുവാവിനെ സുരക്ഷിതനായി യാത്രയാക്കി, വീണ്ടും മുറിക്കുള്ളില്‍ പ്രവേശിച്ച ആ സ്ത്രീ, മുറിയോടു ചേര്‍ന്നുള്ള ബാത്ത് റൂമിലേക്കു കയറി കതകടച്ചു. ഇനി ഒട്ടും അമാന്തിക്കേണ്ട കാര്യമില്ല.ഷജീര്‍ അലമാരയുടെ മറവില്‍ നിന്ന് ധൃതിയില്‍ മുറിക്ക് പുറത്തിറങ്ങി. അങ്കവും കണ്ട് താളിയുമൊടിച്ച നിര്‍വൃതിയില്‍ ഹാളിലൂടെ പമ്മി നടന്ന ഷജീര്‍, വലതുവശത്തെ മുറിയില്‍ വെറുതേ ഒന്നു പാളി നോക്കി. നേരത്തേ കണ്ട കാഴ്ചയ്ക്ക് ഒരു മാറ്റവുമില്ല – കട്ടിലില്‍ ചാരിക്കിടക്കുന്ന ബുള്‍ഗാന്‍ താടിക്കാരന്, ഒഴിഞ്ഞ മദ്യക്കുപ്പി, പകുതിയോളം മദ്യം നിറച്ച ഗ്ലാസ്. ബോബ് മെര്‍ളി അപ്പോഴും പാടിക്കൊണ്ടിരിക്കുന്നു:
”… ഗിവ് താങ്ക്സ് ആന്‍ഡ് പ്രെയ്സ് ടു ദി ലോര്‍ഡ്
ആന്‍ഡ് ഐ വില്‍ ഫീല്‍ ആള് റൈറ്റ്…..”
പെട്ടെന്ന് ഷജീറിന്റെ ഉള്ളില്‍ ഒരു ആഗ്രഹം മുളപൊട്ടി. തൊണ്ട വരണ്ടിരിക്കുകയാണ്. ആ ഗ്ലാസിലിരിക്കുന്ന മദ്യം എടുത്തു കുടിച്ചാലോ? പ്രാണനുംകൊണ്ട് പലായനംചെയ്യാനുള്ള വെപ്രാളത്തിനിടയിലും ആ സ്വര്ണവര്ണദ്രാവകത്തിന്റെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാത്ത ആ തസ്കരന്, അധികം ചിന്തിച്ചു സമയം കളയാതെ മുറിക്കകത്തേക്കു കയറി ഗ്ലാസ് കയ്യിലെടുത്ത് ഒറ്റ വലി!
കയറിയ വഴിയിലൂടെ തന്നെ വീടിനു പുറത്തിറങ്ങിയ ഷജീര്‍, മതിലിനടുത്തേക്കു നടന്നു. ഇതിനിടയില്‍ അവന് ദീര്‍ഘ ദീര്‍ഘങ്ങളായ കോട്ടുവായകള്‍ വിട്ടുകൊണ്ടിരുന്നു. തല പെരുത്തു കയറുന്നതായും കണ്ണുകളില്‍ ഉറക്കം കനം വയ്ക്കുന്നതായും തോന്നി. മോഷണ പ്രക്രിയയുടെ അവസാന ഘട്ടത്തിലേക്കാണ് ഇനി അവനു പ്രവേശിക്കേണ്ടത്.ഘ്രാണശക്തി കൊണ്ട് മോഷ്ടാവിനെ പിടികൂടാന്‍, നാളെ വാലും പൊക്കി കുതിച്ചു വരുന്ന പോലീസ് ശ്വാനന്മാര്ക്ക് കൊടുക്കേണ്ട എട്ടിന്റെ പണി! മതിലിന്റെ മൂലയിലേക്ക് വേച്ചു വേച്ചു നടന്ന അവന് മുണ്ട് മടക്കി കുത്തി,കാക്കി നിക്കര്‍ താഴേക്കു വലിച്ചു…
പിറ്റേന്നു രാവിലെ ആറേകാല്‍ മണിക്ക് പുളിക്കല്‍ ഹൗസിലെ വേലക്കാരി ഗിരിജയുടെ നിലവിളി കേട്ടാണ് പടയണി നഗര്‍ ഉണര്‍ന്നത്.വീടിന്റെ മുറ്റം തൂത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് മതിലിനോടു ചേര്‍ന്ന് ഒരു ചെറുപ്പക്കാരന് വശപ്പിശകു രീതിയില്‍ മയങ്ങിക്കിടക്കുന്നത് ഗിരിജ കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടി. പോലീസും പാഞ്ഞു വന്നു. ഷജീര്‍ തൊണ്ടി സഹിതം കസ്റ്റഡിയിലായി! പക്ഷേ, തനിക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നു മാത്രം ഷജീറിന് ഒരെത്തും പിടിയും കിട്ടിയില്ല. മദ്യത്തിന്റെ ലഹരിവീര്യം കൊണ്ട് മാത്രം തൃപ്തനാകാത്ത ഡോ.ജോര്‍ജ് ഇടമണ്‍, വിസ്കിയില്‍ എല്‍.എസ്.ഡി ഗുളികകള്‍ പൊടിച്ചു ചേര്‍ത്താണ് സേവിക്കുന്നതെന്ന് പാവം ആക്രി ഷജീര്‍ എങ്ങനെ അറിയാന്‍?

വഞ്ചിയൂര്‍ കോടതി വളപ്പിലേക്ക് ഷജീറിനേയും വഹിച്ചുകൊണ്ടുള്ള ഓട്ടോ വന്നു നിന്നു. സുജിത്തും ഷജീറും ബൈജുവും പുറത്തിറങ്ങി അഡീഷണല്‍ സെഷന്‍സ് കോടതി – 2 നടുത്തേക്കു നടന്നു. അപ്പോള്‍, അഡീഷണല്‍ സെഷന്‍സ് കോടതി – 1 ന്റെ വരാന്തയുടെ ബഞ്ചില്‍ ജിനിയും അമ്മയും ഇരിപ്പുണ്ടായിരുന്നു. ലുട്ടാപ്പി ബിനുവിനെ കോടതിയില്‍ ഹാജരാക്കുന്നത് ഇന്നാണ്. അവരുടെ മുന്നിലൂടെ ആക്രി ഷജീറിനെയും കൊണ്ടു കോടതിയുടെ മുന്നിലെത്തിയതും ബൈജു, ഷജീറിന്റെ വിലങ്ങഴിച്ചു മാറ്റി. അടുത്ത കേസ് ഷജീറിന്റേതാണ്.പെട്ടെന്ന് കോടതിയുടെ വടക്കേ ഗേറ്റിനടുത്ത് ഒരാരവം! കോടതി പരിസരത്തുനിന്ന എല്ലാവരുടേയും കണ്ണുകള്‍ അങ്ങോട്ടേക്കായി. വനിതാ പോലീസുകാരുടെ അകമ്പടിയില്‍ ഒരു യുവതിയെ കോടതിയിലേക്കു കൊണ്ടുവരികയാണ്. ചാനല്‍ ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരും പത്രലേഖകരും ദൃശ്യങ്ങള്‍ പകര്‍ത്തിയും തത്സമയ റിപ്പോര്‍ട്ടിംഗ് നടത്തിയും അവര്‍ക്കൊപ്പമുണ്ട്.കൂട്ടത്തില്‍ ‘ദി സിറ്റി ന്യൂസ്’ പത്രാധിപര്‍ നരിപ്പാറ രതീഷുമുണ്ട്. സാരിത്തലപ്പുകൊണ്ടു തന്റെ മുഖം മറയ്ക്കാന്‍ യുവതി പാടുപെടുകയാണ്. കൂടിനിന്ന ജനക്കൂട്ടം കൂക്കിവിളിക്കുകയും തെറി വര്‍ഷിക്കുകയും ശാപവചസ്സുകള്‍ ചൊരിയുകയും ചെയ്തു കൊണ്ടിരുന്നു. കാമുകനോടൊപ്പം ചേര്‍ന്ന് നാലു വയസുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന ടെക്നോപാര്‍ക്കിലെ സോഫ്ട് വെയര്‍ എഞ്ചിനീയറായിരുന്നു ആ പെണ്പ്രതി. പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആ ‘കഴപ്പുകാരി’യെ നേരിട്ടു കാണാനും നല്ല നാലു ‘വര്‍ത്തമാനം’ പറഞ്ഞ് തങ്ങളുടെ ‘കഴപ്പ്’ തീര്‍ക്കാനും വന്ന പ്രതികരണ ശേഷിയുള്ള പൗരാവലിയെ പോലീസുകാര്‍ വിരട്ടിയോടിച്ചുകൊണ്ടിരുന്നു. കൂക്കുവിളികളോടെ ജനം ചിതറിയോടി. ബൈജുവും സുജിത്തും ആ രസകരമായ കാഴ്ചകള്‍ നോക്കി കോടതി വരാന്തയില്‍ നിന്നു.
കേസ് വിളിക്കാറായോ? പെട്ടെന്ന് ഒരു ഉള്‍വിളി വന്നതു പോലെ സുജിത്ത് കോടതി മുറിയിലേക്കു തിരിഞ്ഞു നോക്കുന്നതിനിടയില്‍, തനിക്കും ബൈജുവിനുമിടയിലുള്ള സ്ഥലം ശൂന്യമാണെന്നറിഞ്ഞ് ഞെട്ടിത്തരിച്ചു! അപ്പോഴും ഒന്നുമറിയാതെ, അഴിച്ചെടുത്ത വിലങ്ങും കയ്യില്‍ പിടിച്ച് വായും തുറന്ന് പുറത്തെ കാഴ്ചകളില്‍ അഭിരമിച്ചു നില്‍ക്കുകയാണ് ബൈജു!
”പ്രതിയെവിടെ?”
വെള്ളിവീണ ഒച്ചയിലുള്ള സുജിത്തിന്റെ ചോദ്യം കേട്ട് സ്ഥലകാലബോധം വീണ്ടെടുത്ത ബൈജു,തിരിച്ച് സുജിത്തിനോടു ചോദിച്ചതും അതുതന്നെയായിരുന്നു:
”പ്രതിയെവിടെ?!”
മൂട്ടില് തീപിടിച്ച സുജിത്തും ബൈജുവും കോടതി വരാന്തയിലൂടെ അന്തം വിട്ട് പാഞ്ഞു. വരാന്തയില്‍ കൂടിനിന്ന പലരേയും ഇടിച്ചുതെറിപ്പിച്ചുകൊണ്ടായിരുന്നു അവരുടെ പരക്കംപാച്ചില്‍. ജിനിക്കും കിട്ടി ഒരിടി! വരാന്തയില്‍ നിന്ന് ചാടിയിറങ്ങിയ സുജിത്തും ബൈജുവും, ആവേശഭരിതരായി നില്ക്കുന്ന ജനക്കൂട്ടത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് തിടുക്കപ്പെട്ടു നടന്നു. ദൈവമേ! ആ കള്ള ബഡുവന്‍ എവിടെപ്പോയി? ആള്‍ക്കൂട്ടത്തിനിടയ്ക്ക് ഓടിനടന്ന് പരതിയെങ്കിലും ഷജീറിനെ കണ്ടെത്താനായില്ല.അവര്‍ കോടതി വളപ്പിന്റെ മുക്കിലും മൂലയിലും ഓടിനടന്നു. ഷജീറിന്റെ പൊടിപോലുമില്ല! ഇരുവരും പരിഭ്രാന്തരായി വിയര്‍ത്തുതുടങ്ങി.
”ഇനി എന്തു ചെയ്യും?”
ബൈജു കിതച്ചുകൊണ്ട് ചോദിച്ചു. എന്തുപറയണമെന്നറിയാതെ സുജിത് കൈകൊണ്ട് നെറ്റിയിലെ വിയര്‍പ്പു തുടച്ചു. ഒരു സസ്പെന്ഷന് ഓര്‍ഡര്‍ തലയ്ക്കുമീതെ ഡമോക്ലീസിന്റെ വാള്‍പോലെ തൂങ്ങുന്നതായും സര്‍വ്വീസ് ബുക്കിന്റെ താളുകളില്‍ ചുവപ്പുമഷി പടരുന്നതായും അവന് പേടിയോടെ ഓര്‍ത്തു. വാര്ത്തയാകുന്നതിനുമുമ്പ് ഇരുചെവിയറിയാതെ പ്രതിയെ പൊക്കിയെങ്കില്‍ മാത്രമേ പിടിച്ചുനില്ക്കാന് പറ്റൂ.
”വാ….”
വിയര്ത്തൊലിച്ചുനിന്ന ബൈജുവിന്റെ കൈത്തണ്ടയില്‍ പിടിച്ചുവലിച്ച് സുജിത് ഗേറ്റിനുപുറത്തേക്കു പാഞ്ഞു. റോഡിലെത്തി, ഇരുവശത്തേക്കും മാറിമാറി നോക്കിക്കൊണ്ട് സുജിത് പറഞ്ഞു:
”നീ വേഗം അതിലേ പോ… ഞാനിതിലേ പോവാം…”
റോഡിന്റെ വലത്തോട്ടു ബൈജുവും റോഡിന്റെ ഇടത്തോട്ടു സുജിത്തും ഓടി.
റോഡിന്റെ ഇരുവശത്തും പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളിലേക്ക് എത്തിനോക്കിക്കൊണ്ടാണ് സുജിത്ത് പാഞ്ഞത്. ‘എന്തര് സാറേ നോക്കണത്’ എന്നു ചോദിച്ച ഒരു ഓട്ടോക്കാരനോട് ഒന്നുമില്ലെന്നു മാത്രം പറഞ്ഞ് അവന് വിജനമായ ഒരു ഇടറോഡിലേക്കു കയറിയതും അതാ ഏതാണ്ട് നൂറു മീറ്റര്‍ അകലെ ധൃതിയില്‍ ഒരാള്‍ നടക്കുന്നു! ഒറ്റനോട്ടത്തില്‍ത്തന്നെ സുജിത്തിന് ആളെ പിടികിട്ടി! സര്‍വ്വശക്തിയും കാലുകളിലേക്ക് ആവാഹിച്ച്, സുജിത് ഓടി. പണിഷ്മെന്റ് പേടിച്ച് പരിശീലനകാലത്തു മാത്രമേ അവന് ഇത്രയും വേഗത്തില്‍ മുമ്പ് ഓടിയിട്ടുള്ളൂ.
അടുത്തടുത്തു വരുന്ന പോലീസ് ബൂട്ടിന്റെ കുളമ്പടിയൊച്ച കേട്ട് അപകടം തിരിച്ചറിഞ്ഞ ഷജീര്‍ ഭയവിഹ്വലതയോടെ ഒന്നു തിരിഞ്ഞുനോക്കിയ ശേഷം അന്തംവിട്ട് ഓടാന്‍ തുടങ്ങി.
”ഡേയ്…. ഓടല്ല്…..”
സുജിത് കിതച്ചുകൊണ്ട് വിളിച്ചുപറഞ്ഞു. പക്ഷേ, വെടി കൊണ്ട പന്നിയെപ്പോലെ പാഞ്ഞ ഷജീറിന്റെ കാതുകളില്‍ ആ അഭ്യര്‍ത്ഥന വീണ്വാക്കായി.തോളില്‍ തൂക്കിയിരിക്കുന്ന എസ്.എല്‍.ആര് തോക്കിന്റെ ഭാരം കാരണം സുജിത്തിന്റെ തോള് വേദനിച്ചു തുടങ്ങിയിരുന്നു. ആ തോക്കെടുത്ത് — മോന്റെ പള്ളയിലോട്ട് ഒരു ഉണ്ട പായിച്ചാലെന്തെന്നു പോലും അവന് ചിന്തിച്ചു.
”ഡേയ്……. നില്ല്…. ഇല്ലെങ്കി വെടി വയ്ക്കും….”
പോലീസുകാരന്റെ ആ ഭീഷണി കേട്ട് ഭയചകിതനായതുകൊണ്ടാണോ എന്നറിയില്ല, ഷജീര്‍ റോഡിന്റെ വലത് വശത്തു കണ്ട തുറന്നിട്ട ഗേറ്റിലൂടെ, മഞ്ഞ പെയിന്റടിച്ച ഒരു ചെറിയ ടെറസ് വീടിന്റെ മുറ്റത്തേക്കു ഓടിക്കയറി. എവിടെയോ പോകാനായി വീടുപൂട്ടി മുറ്റത്തിറങ്ങി ഹോണ്ട ആക്ടീവ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ മുന്നിലേക്കാണ് ഷജീര്‍ ചെന്നുപെട്ടത്. ഓടിക്കിതച്ചു വന്ന അജ്ഞാതനെക്കണ്ട് പരിഭ്രാന്തയായ പെണ്‍കുട്ടി വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി ‘ആരാ?’ എന്നു ചോദിച്ചെങ്കിലും ഉത്തരമൊന്നും പറയാതെ അവളെ ദാരുണ ഭാവത്തില്‍ നോക്കിയ ഷജീര്‍, വീടിന്റെ ഇടതു വശം വഴി ഓടി. ഭയചകിതയായ പെണ്‍കുട്ടി എന്തു ചെയ്യണമെന്നറിയാതെ സംഭ്രമിച്ചു നില്‍ക്കേ, അതാ ഗേറ്റു കടന്നു കിതച്ചു വരുന്നു ഒരു പോലീസുകാരന്! അവള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് പിടി കിട്ടി. അയാള്‍ എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ അവള് വീടിന്റെ ഇടതു വശത്തേക്കു വിരല്‍ ചൂണ്ടി. അയാള്‍ അങ്ങോട്ടോടി.
വീടിന്റെ പിന്നാമ്പുറത്തെത്തിയ ഷജീര്‍ കണ്ടത് ഒരു കൂറ്റന്‍ മതില്! എങ്ങനെയും അത് ചാടിക്കടന്നാലേ രക്ഷയുള്ളൂ. അവന് വെപ്രാളപ്പെട്ട് മതിലില്‍ അള്ളിപ്പിടിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ അതാ കേള്‍ക്കുന്നു പോലീസ് ബൂട്ടിന്റെ കുളമ്പടിനാദം. അവന് ആ ശ്രമം ഉപേക്ഷിച്ച് താഴേക്കു ചാടിയതും സുജിത് അവിടെ എത്തിക്കഴിഞ്ഞിരുന്നു. രണ്ടു കൈ അകലത്തില്‍ കള്ളനും പോലീസും! ഇരുവരും കിതച്ചുകൊണ്ട് പരസ്പരം നോക്കി. പിടിക്കാന്‍ തയ്യാറെടുത്തു പോലീസും, വഴുതി മാറാന്‍ തക്കം പാത്ത് കള്ളനും! പോലീസ് മെല്ലെ മെല്ലെ ചുവടുകള്‍ വച്ചു.ഇനി ഒരു കൈ അകലം മാത്രം! പിടിച്ചു എന്നു തന്നെ ഉറപ്പിച്ചെങ്കിലും കള്ളന് അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറി, വീടിന്റെ വലതുഭാഗത്തേക്കു പാഞ്ഞു. പിന്നാലെ പോലീസും.
പ്രാണനുംകൊണ്ടു പാഞ്ഞ ഷജീര്‍ വീണ്ടും വീട്ടുമുറ്റത്തെത്തിയപ്പോള്‍, അയാളെ കാത്തുനില്ക്കുകയാണെന്ന മട്ടില്‍ ഇടുപ്പില്‍ കൈകള്‍ വച്ച് നില്‍ക്കുകയായിരുന്നു ആ പെണ്‍കുട്ടി! എന്തോ ചിന്തിച്ചുറപ്പിച്ചതു പോലെ കരളുറപ്പില്‍ നിന്ന അവളെ കണ്ടപ്പോള്‍ ഷജീറിന്റെയുള്ളില് ഒരു പന്തികേട് തോന്നി. അവളെ തള്ളിമാറ്റി മുന്നോട്ടു കുതിക്കാന്‍ ആയുന്നതിനു മുമ്പുതന്നെ വെള്ള ലഗ്ഗിന്സിട്ട പെണ്‍കുട്ടിയുടെ വലതുകാല്‍ ഊക്കോടെ അയാളുടെ അടിവയറ്റില്‍ പതിച്ചു. ‘അള്ളാ…’ എന്നു വിളിച്ചുകൊണ്ട് അയാള്‍ വയര്‍ പൊത്തിപ്പിടിച്ചു കുനിഞ്ഞപ്പോള്‍, അവള് വലതു കൈയുടെ മുട്ടുമടക്കി അവന്റെ മുതുകില്‍ ഒരിടികൂടി കൊടുത്തു.
ഷജീറിനെ പിന്തുടര്ന്നുവന്ന സുജിത് മുറ്റത്തെത്തിയപ്പോള്‍ കണ്ടത് ഞരങ്ങിക്കൊണ്ട് വയര്‍പൊത്തി നിലത്തിരിക്കുന്ന ഷജീറിനെയും കരാട്ടെ സ്റ്റൈലില്‍ നില്ക്കുന്ന പെണ്‍കുട്ടിയേയും! അവന് ഷജീറിനെ കോളറില്‍ തൂക്കിയെടുത്ത് കരണത്തൊന്നു കൊടുത്തു! കള്ളനേയും പിടിച്ചു വലിച്ചു പുറത്തേക്കു പോകുന്നതിനിടയില്‍ ആ പെണ്‍കുട്ടിയോട് ‘താങ്ക്സ്’ എന്നു പറയാന്‍ സുജിത് മറന്നില്ല.
വിജനമായ റോഡിലൂടെ ഷജീറിനെ കോളറില്‍ പിടിച്ചു കൊണ്ട് നടക്കുന്നതിനിടയില്‍ ബൈജുവിനെ വിളിച്ച്, നടന്ന കാര്യങ്ങളെല്ലാം സുജിത് വിവരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് അവന് പിന്തിരിഞ്ഞൊന്നു നോക്കി. ആ പെണ്‍കുട്ടി ഗേറ്റിനരികില്‍ നില്ക്കുന്നുണ്ടോ? പ്രതിയെ പിടിക്കാനുള്ള തത്രപ്പാടിനിടയില്‍ അവളുടെ പേര് പോലും താന്‍ ചോദിച്ചില്ലല്ലോ എന്ന് ഖേദത്തോടെ അവനോര്‍ത്തു.