
പൊതുദര്‍ശനത്തിന് വെച്ച അനുഭവങ്ങള്‍

ശ്രീന എസ്.
നഗരത്തില്‍ പൊതുദര്‍ശനത്തിന്
വെച്ചിരുന്ന അനുഭവങ്ങള്‍
അനുവാദം കൂടാതെ
ഞാനങ്ങ് മോഷ്ടിച്ച്
മുറിയില്‍ അടച്ചു പൂട്ടി.
കുറച്ച് സമയം കഴിഞ്ഞപ്പോളതാ
അനുഭവങ്ങളെന്നെ
കവിതയഴുതാന് വിളിക്കുന്നു.
അനുഭവങ്ങള്‍ ആലിംഗനം
ചെയ്തെന്നെ
സ്വീകരിച്ചു.

എഴുതിത്തുടങ്ങിയപ്പോള്‍
‘ആരുടെ മുറിവാണ് മനുഷ്യനെന്ന്’
കവിത ചോദിച്ചു.
കേട്ട ഭാവം നടിക്കാതെ
അടുത്തവരിയിലക്ക് കുതിച്ചു.
പരിചയമില്ലാത്ത മുഖങ്ങള്‍..
ഏകാന്തതയില്‍ കട്ട പിടിക്കുന്ന
ഒരു കൂട്ടം വാക്കുകള്‍..
പിന്നീടെപ്പോഴോ മറ്റുള്ളവരുടെ
അനുഭവത്തിന്റെ അന്തമില്ലാത്ത
വഴികളില്‍ ഞാന്‍ ചുരുണ്ടു കൂടി.
അനുഭവങ്ങള്‍ ഓര്‍മകളാവുന്നു.
അതിനെ അന്ധമായി വിശ്വസിക്കുന്നു.
പിന്നീടത് ചതിക്കുഴിയാവുന്നു.
എന്റെ പേന
അനുഭവങ്ങളുടെ
യാഥാര്‍ത്ഥ്യങ്ങള്‍
പകര്‍ത്തുമ്പോള്‍
ഞാന്‍ കവിയെന്ന
കുപ്പായം ധരിക്കുന്നു.
സംവാദവും സമ്പര്‍ക്കവും
ഇല്ലാതാവുമ്പോള്‍,
നഗരത്തിലെക്ക് വീണ്ടും
ഇറങ്ങി ചെന്ന്
അനുഭവങ്ങള്‍ പെറുക്കുന്നു.