
എലേന ഫെറാൻ്റെ – II

സൗമ്യ പി. എൻ
സത്യത്തെ സാധാരണയാക്കരുതെന്ന് (Domestication of Truth), പറഞ്ഞു പഴകിയ വാക്കുകളുപയോഗിച്ചതിനെ വിവരിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഫെറാൻ്റെ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ഫെറാൻ്റെയെക്കുറിച്ച് എഴുതുമ്പോഴും ഈയൊരു ചിന്ത മനസിൽ നിൽക്കുന്നുണ്ട്. ഫെറാൻ്റെയുടെ സ്ത്രീകൾ മിക്കവരും എഴുത്തിൻ്റെ പശ്ചാത്തലമുള്ളവരാണ് . വാക്കുകൾ ധ്വനിപ്പിക്കുന്ന അർത്ഥത്തെക്കുറിച്ചും എങ്ങനെ വാക്കുകളുപയോഗിക്കണമെന്നും നല്ല ധാരണയുള്ളവർ. എഴുത്തുകാരികളോ, ബാഹ്യസമ്മർദ്ദത്താൽ എഴുത്തുപേക്ഷിച്ചവരോ ആണവർ.
ഫെറാൻ്റെ തൻ്റെ കൃതികളിൽ ഭാഷയും വാമൊഴിയും ഇടപഴകുന്നതിലെ രാഷ്ട്രീയമറിഞ്ഞ് പ്രയോഗിക്കുന്നുണ്ട്. “മൈ ബ്രില്യൻറ് ഫ്രണ്ട് ” നേപ്പിൾസിൽ നടക്കുന്ന കഥയാണെങ്കിലും കഥാപാത്രങ്ങൾ നെപ്പോളിറ്റൻ ഭാഷാഭേദത്തിലല്ല ഇറ്റാലിയനിലാണ് സംസാരിക്കുന്നതായി കാണിച്ചിരിക്കുന്നത്. അവർ വാമൊഴിയിൽ പറഞ്ഞു എന്നു മാത്രമാണ് ഫെറാൻ്റെ എഴുതുന്നത്. ലിലയും ലെനുവും പക്ഷെ എപ്പോഴും ഇറ്റാലിയനിൽ തന്നെയാണ് സംസാരിച്ചിരുന്നത്. അവരുടെ സൗഹൃദത്തെ അടയാളപ്പെടുത്തിയിരുന്നതും ഭാഷ തന്നെ എന്നു പറയാം. “ഞാനും ലിലയും സുഘടിതമായ പദങ്ങളും” എന്നാണ് ലെനു അതെപ്പറ്റി പറയാറു തന്നെ. അങ്ങനെ അവരിരുവരും വാക്കുകളിലൂടെ തങ്ങളിൽത്തന്നെ സ്വന്തമായൊരിടം കണ്ടെത്തിയെന്നു തോന്നും. ഫെറാൻ്റെ മലയാളത്തിനു പരിചിതമായി തോന്നുന്നതും വാക്കുകളിൻമേലുള്ള ഈ ഊന്നൽ കാരണം കൂടിയാവണം . എനിക്കു ലിലയെയും ലെനുവിനെയും അടുത്തറിയാമെന്ന്, അവരുടെ വർത്തമാനങ്ങൾക്കു ഞാനും സാക്ഷിയാണെന്നു തോന്നാറുണ്ട്. അതു പക്ഷെ നേപ്പിൾസിൻ്റെയോ ഇറ്റലിയുടെയോ ചരിത്രമറിഞ്ഞിട്ടോ ഫെറാൻ്റെയുടെ ബയോഗ്രഫി വായിച്ചിട്ടോ അല്ല. അവരുടെ എഴുത്തുകൾ തന്നെയാണാ അനുഭവത്തിന് കാരണം. നമുക്കറിയുന്ന സ്ത്രീകളിലെല്ലാം ഫെറാൻ്റെയുടെ സ്ത്രീകളുടെ സാദൃശ്യം കണ്ടെത്താവുന്നതാണ്.
മലയാളത്തിൽ രചനാശൈലി കൊണ്ടും അല്ലാതെയും സമാനമായ വായനാനുഭവം തന്നിട്ടുള്ളത്അഷിതയുടെ കഥകളാണ്. വ്യക്തിപരമായ യാതൊരു ഇടപെടലും നടത്താറില്ലാത്ത എഴുത്തുകാരിയാണ് അഷിത.ചെറുപ്പത്തിൽ എഴുതാൻ പേപ്പറുകൾ വേണ്ടത്ര കിട്ടിയിരുന്നില്ലത്രെ അവർക്ക് . അതു കൊണ്ട് പല തവണ മനസിൽ എഴുതി തിരുത്തി പാകപ്പെടുത്തിയ ശേഷമാണ് ഓരോ കഥയും കടലാസിലേക്ക് പകർത്താറ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഓരോ വാക്കും ഓരോ പ്രയോഗവും അത്രമേൽ ഉചിതമാണല്ലോ അഷിതയുടെ കഥകളിൽ . നമുക്കു പക്ഷെ അഷിത പറയാതെ അതിനു പിന്നിലെ അധ്വാനം ദൃശ്യമാകുകയുമില്ല. നെപ്പോളിറ്റൻ നോവലുകളിലെ ലിലയുടെയും ലെനുവിൻ്റെയും കാര്യം അതുപോലെയാണ്. ലില ഒരിക്കൽ എഴുത്തുകാരിയായ സുഹൃത്ത് ലെനുവിന് ഒരു കത്തെഴുതുണ്ട്. ലെനുവിൻ്റെ പല തീരുമാനങ്ങളോടും എഴുത്തിനോടും നിരാശ പ്രകടിപ്പിച്ചു കൊണ്ടാണ് ലില എഴുതുന്നത്. അതു വായിച്ച് ഇത്രയും സുഭഗമായ ഭാഷയിൽ, അനുയോജ്യമായ രൂപകങ്ങളുപയോഗിച്ച് ആശയം കൃത്യമായി പ്രകടിപ്പിക്കാൻ തനിക്കിനിയും സാധിക്കുന്നില്ലല്ലോ എന്നു ലെനു ഒട്ടൊരു വിഷമത്തോടെ ചിന്തിക്കുന്നുണ്ട്. ലില അതിനായെടുത്ത പരിശ്രമങ്ങളെല്ലാം ലെനു മനസിലാക്കുന്നത് പിന്നീടൊരിക്കൽ ലിലയുടെ പഴയ നോട്ടുബുക്കും മറ്റുമടങ്ങുന്ന പെട്ടി കൈയിലെത്തിയപ്പോഴാണ്.
ലില തൻ്റെ കഴിവിൻ്റെ , മിടുക്കിൻ്റെ ഒരടയാളവും അവശേഷിപ്പിക്കാതെ , താൻ ജീവിച്ചിരുന്നു എന്നതിനുപോലും തെളിവില്ലാതാക്കി അപ്രത്യക്ഷമാവുന്നുണ്ട് അവസാനം . അങ്ങനെ ലിലയെ അദൃശ്യയാകാൻ സമ്മതിക്കില്ല എന്നു പറഞ്ഞ് തനിക്കറിയാവുന്ന ലിലയെ വാക്കുകളിൽ പകർത്തിവെക്കുകയാണ് ലെനു.
ഫെറാൻ്റെയുടെ കാര്യത്തിൽ ഈ രണ്ടു പ്രവണതകളും ഒരാളിൽ ഒന്നുചേർന്ന് കാണാം. തൻ്റെ യഥാർത്ഥ വ്യക്തിത്വം പാടെ മറച്ചു വെക്കുന്ന ഫെറാൻ്റെ , അതേസമയം എഴുത്തുകളിലൂടെ എക്കാലത്തേക്കുമായി തൻ്റെ കൈയൊപ്പ് പതിച്ചു വെക്കുന്നു. എഴുത്തുകളിലൂടെ വായനക്കാരിക്കു മുൻപിൽ സ്വകാര്യമായി വെളിവാക്കുന്ന ആ വ്യക്തിത്വം , ഫെറാൻ്റെ എന്ന ആശയം , മനസിലാക്കിയെടുക്കുന്ന പണി നമുക്കു വിട്ടുതന്നിരിക്കുന്നു. ഫെറാൻ്റെയെ അറിയുക എന്നാൽ അവരുടെ എഴുത്തുകൾ പരിചയപ്പെടുക, അവരുടെ ലോകം, അതിലെ വ്യക്തികൾ, എല്ലാം നമുക്കു പരിചയമുള്ളവരിൽ കാണുക കൂടിയാണ്.