
എലേന ഫെറാൻ്റെ – കഥകൾ നെയ്തെടുക്കുന്ന കല്പിത വ്യക്തിത്വം

സൗമ്യ. പി. എൻ
എലേന ഫെറാൻ്റെ എന്നത് ഇറ്റാലിയനിൽ എഴുതുന്ന ഒരു നോവലിസ്റ്റിൻ്റെ തൂലികാനാമമാണ്. നെപ്പോളിറ്റൻ നോവലുകൾ ഉൾപ്പെടെ പ്രശസ്തമായ എട്ടു നോവലുകളും ആത്മകഥാപരമായ രണ്ടു കൃതികളും എലേന ഫെറാൻ്റെയുടേതായുണ്ട്. ജീവിതത്തിൻ്റെ പല ശ്രേണികളിലുമുള്ള സ്ത്രീകൾ തമ്മിലുള്ള തീക്ഷ്ണമായ ബന്ധം വെളിവാക്കുന്ന കഥകളാണ് ഫെറാൻ്റെയുടെ നോവലുകളെല്ലാം. ഇറ്റലിയുടെ സാംസ്കാരികമായി താഴെത്തട്ടിൽ കിടക്കുന്ന പ്രദേശമായ നേപ്പിൾസ് ഫെറാൻ്റെ കൃതികളിലെ സ്ഥിരം ഭൂമികയാണ് . ഗുണ്ടകളും പരസ്പരം ചീത്ത വിളിക്കുന്ന അയൽപക്കങ്ങളും തെരുവിൽ തല്ലുകൂടുന്ന കുട്ടികളുമെല്ലാമായി ഇരുണ്ട ഒരു ചിത്രമാണ് ഫെറാൻ്റെയുടെ നെപ്പോളിറ്റൻ നോവലുകളുടെ തുടക്കത്തിൽ . അവിടെ വിചിത്രമായ സാഹചര്യത്തിൽ സുഹൃത്തുക്കളായിത്തീരുന്ന ലിലയുടെയും ലെനുവിൻ്റെയും കുട്ടിക്കാലത്തെ കഥയാണ് നാലു നോവലുകൾ ഉൾപ്പെടുന്ന നെപ്പോളിറ്റൻ പരമ്പരയിലെ ആദ്യ നോവലായ മൈ ബ്രില്യൻ്റ് ഫ്രണ്ട്. അവരുടെ സൗഹൃദം എല്ലായ്പ്പോഴും ഊഷ്മളവും സൗമ്യവുമൊന്നുമല്ല; പരസ്പരം മത്സരിക്കുന്ന , അസൂയയും പിണക്കവുമെല്ലാമുള്ളതാണ് .അതേസമയം അവരിരുവരും മറ്റെയാളെ തൻ്റെ മിടുക്കിയായ കൂട്ടുകാരിയായി കണക്കാക്കിയിരുന്നു താനും.
നെപ്പോളിറ്റൻ നോവലുകളോടെയാണ് ഫെറാൻ്റെ ഇംഗ്ലീഷ് വായനക്കാർക്കിടയിൽ പ്രശസ്തയായത് . Troubling Love , Days of Abandonment , The Lost child , The beach at night, The lying life of adults എന്നീ നോവലുകളിലും സ്ത്രീ ജീവിതത്തിൻ്റെ വിഭിന്ന ഭാവങ്ങൾ ഫെറാൻ്റെ തെളിച്ചു കാണിക്കുന്നു.

ഫെറാൻ്റെയുടെ കൃതികൾ അക്ഷരാർത്ഥത്തിൽ തന്നെ യാതൊരു മുഖവുരയും പരസ്യവും ആവശ്യമില്ലാത്തവയാണ് . എഴുത്തുകാരിയുടെ യാതൊരു വിവരവും ലഭ്യമല്ലാഞ്ഞിട്ടു പോലും അവരുടെ പുസ്തകങ്ങൾക്കായി, അഭിമുഖങ്ങൾക്കായി വായനക്കാർ കാത്തിരുന്നു.
വ്യക്തിപരമായ വിവരങ്ങളൊന്നും ഫെറാൻ്റെ വെളിവാക്കിയിരുന്നില്ല. അതിന് നിർബന്ധിച്ചാൽ താൻ ചിലപ്പോൾ നുണ പറയുമെന്ന് അവർ മുൻകൂറായി പറയുന്നുമുണ്ട്. എന്നാൽ അവരുടെ Frantumaglia ( ഓർമത്തുണ്ടുകൾ) എന്ന കൃതി ഫെറാൻ്റെ എന്ന എഴുത്തു വ്യക്തിത്വത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് . തൻ്റെ എഴുത്തു രീതികളെക്കുറിച്ചും തുന്നൽക്കാരിയായിരുന്ന അമ്മയെക്കുറിച്ചുമെല്ലാം വിശദമായി ഈ കൃതിയിൽ പ്രസാധകരോട് ഫെറാൻ്റെ സംസാരിക്കുന്നുണ്ട് .
കൃതികൾ എങ്ങനെയാണ് രചയിതാവിൻ്റെ മനസിൽ ഉടലെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ താൻ ആ ഉപമയോട് യോജിക്കുന്നില്ല എന്നു ഫെറാൻ്റെ പറയുന്നു. വസ്ത്രങ്ങൾ നെയ്തെടുക്കുന്ന പ്രവൃത്തിയാണ് രചനയോട് കൂടുതൽ അടുത്തു നിൽക്കുന്നത് എന്നവർ അഭിപ്രായപ്പെടുന്നുണ്ട് . പല സ്ഥലത്തു നിന്നും പല തരത്തിലുള്ള നൂലുകൾ ശേഖരിച്ച് നെയ്തെടുക്കുന്നതാണ് വസ്ത്രം . അതിനു ശേഷം മറ്റൊന്നു നെയ്യാം. നാം വളരുന്നതിനനുസരിച്ച് അതിനു മാറ്റം വരുന്നില്ല ,അതിന് സ്വതന്ത്രമായ നിലനില്പുണ്ട്. ഫെറാൻ്റെ അഭിപ്രായപ്പെടുന്നത് അതുപോലെ തന്നെയാണ് കൃതികളും എന്നാണ് . എഴുതാനുള്ള ചേരുവകൾ , പലതരം കഥാനൂലുകൾ ചേർത്തു ഗ്രന്ഥം നെയ്തെടുക്കുന്നു.
രചനാശേഷം ഗ്രന്ഥത്തിന് രചയിതാവിൻ്റെ സഹായം ആവശ്യമില്ല എന്നു വിശ്വസിക്കുന്നതു കൊണ്ടു തന്നെ ഫെറാൻ്റെ തൻ്റെ കൃതികളൊന്നും തന്നെ പ്രചരിപ്പിക്കാറില്ല. ഒരിടത്തും അവരുടെ ചിത്രമോ യഥാർത്ഥ പേരോ മേൽവിലാസമോ ലഭ്യമല്ല. അവരുടെ അടിയുറച്ച വായനക്കാർക്കിടയിൽ അതറിയാനുള്ള ശ്രമവുമില്ല. സത്യത്തിൽ ക്ലോഡിയോ ഗാറ്റി എന്ന ‘മാധ്യമ പ്രവർത്തകൻ ‘ ഫെറാൻ്റെയുടെ സാമ്പത്തിക ഇടപാടുകൾ പിന്തുടർന്ന് അവരുടെ യഥാർത്ഥ അസ്തിത്വം കണ്ടു പിടിച്ചു എന്നവകാശപ്പെട്ടു രംഗത്തു വന്നപ്പോൾ ഫെറാൻ്റെയുടെ വായനക്കാർ തന്നെയാണ് വലിയ തോതിൽ പ്രതിഷേധ സ്വരമുയർത്തിയത് .
അതേ സമയം ഫെറാൻ്റെയുടെ എഴുത്തുകൾ പോലെ തന്നെ അവരെക്കുറിച്ചുള്ള എഴുത്തുകൾക്കും ധാരാളം ആവശ്യക്കാരുണ്ട് എന്നതൊരു വസ്തുതയാണ്.
എഴുത്തുകാരുടെ വ്യക്തിത്വവും നിലപാടുകളും മലയാളി വായനക്കാർക്കിടയിൽ ഏറെ ചർച്ചയാവാറുണ്ട്. ലോകസാഹിത്യരചനകൾ ധാരാളമായി വായിക്കുന്ന മലയാളികൾക്ക് എഴുത്തിലൂടെ മാത്രം വ്യക്തിത്വം വെളിവാക്കുന്ന എലേന ഫെറാൻ്റെയുടെ രചനകൾ അവരവരെത്തന്നെ പുതിയ വെളിച്ചത്തിൽ കാണാൻ സഹായിക്കും. ഒന്നുമില്ലെങ്കിലും സ്വന്തം വ്യക്തിത്വം തന്നെ എഴുത്തിലൂടെ തുറന്നു കാണിച്ച ,അതു താൻ തന്നെ എന്നു തോന്നിപ്പിച്ച മാധവിക്കുട്ടി മലയാളത്തിനു സ്വന്തമാണല്ലോ .
1 Comment
എലാന ഫെറാന്റെ എന്ന ഇറ്റാലിയൻ എഴുത്തുക്കാരിയെ പരിചയപ്പെടുത്തി തന്ന സൗമ്യ പി.എൻ – ന് നന്ദി..