
പക്ഷിക്കണ്ണുകള്‍

സൂക്കി
ആമയൂരില്‍
ആമകള്‍ സുഭിക്ഷമായി
വാണു പോന്നു
‘ആമയും മുയലും’ കഥയിലെ
മുയലിന് അവര്‍ ക്ഷേത്രം
പണിഞ്ഞു..
കഥയിലെ
ആമയെ അവര്‍
ആദിമ ദൈവദൂതനുമാക്കി
ഇരുപതാം നൂറ്റാണ്ടിന്റെ
അന്തിമ ശതകത്തില്‍
ഒരു കുഞ്ഞാമ പിച്ച വെച്ചു
തുടങ്ങി..
ആ കുഞ്ഞിനു മറ്റെല്ലാ
ആമകളില്‍ നിന്നും
വ്യത്യസ്തമായി രണ്ടു
കണ്ണുകളുണ്ടായിരുന്നു..
പൂച്ചക്കണ്ണ് പോലെ
അവ രാത്രിയില്‍
തിളങ്ങി..
കുഞ്ഞാമ അവന്റെ
തല എപ്പോഴും
തോടിനുള്ളില്‍ ഒതുക്കി..
മരച്ചില്ലകളില്‍ നിന്നും
കൊടും കാടുകളില്‍ നിന്നുമുള്ള
ചിറകനക്കങ്ങള്‍
ആ കുഞ്ഞു ജീവിയുടെ
കാതുകളിലേക്ക് കിണറ്റിലേക്ക്
എറിയുന്ന ഉരുളന്‍ കല്ലുകള്‍
പോലെ മുഴക്കങ്ങളുണ്ടാക്കി.
അപ്പോള്‍ മാത്രം
ആ കുഞ്ഞാമ തല
പുറത്തേക്കിട്ടു..

മറ്റാരും കാണാത്ത
കിളികളെ കണ്ടു..
നാഗമോഹനെ കോഴിവേഴാമ്പലിനെ
കാട്ടുകോഴിയെ കൊത്തിളിനെ
കാട്ടുമൈനയെ മാക്കാച്ചിക്കാടയെ
കുഞ്ഞാമയുടെ
ഈ വിവരണങ്ങള്‍
കേട്ട് മറ്റാമകള്
സംശയാലുക്കളായി
കുഞ്ഞാമയെ
ദൈവനിഷേധിയെന്നും
പുത്തന്‍ വാദിയെന്നും
അവര്‍ കല്ലെറിഞ്ഞു…
വരും തലമുറയ്ക്ക്
വഴിതെറ്റാതിരിക്കാന്‍
അവര്‍ കുഞ്ഞാമയെ
കുരിശില്‍ തറച്ചു..
കുരിശില്‍ തറച്ച
കുഞ്ഞാമയുടെ
പടമെടുത്തു…
ആ പടം കാണിച്ചു
വരും തലമുറയിലെ
കുഞ്ഞുങ്ങളെ പേടിപ്പിച്ചു
അന്നമൂട്ടി
അങ്ങനെ
കാണരുതായ്കകളുടെ
ഒരേട് കൂടി വേദഗ്രന്ഥത്തില്‍
കൂട്ടിച്ചേര്‍ത്തു…