
അടയാളങ്ങളില്ലാത്ത ഒരിടത്ത്

സ്മിത ഗിരീഷ്
വഴി വിജനമായ
ഒരിടത്ത് വെച്ചാണ്
അയാൾ
ഒരിടത്തും സ്പർശിക്കാത്ത
ഒരു തുമ്പിയെപ്പോലെ,
എന്നെ കടന്നു പോയത്.
ഞാൻ നടന്ന് തളർന്നിരുന്നു.
കുടിക്കാൻ കുറച്ച് വെള്ളം വേണമായിരുന്നു.
അവിടാകെ,
വെയിലും കാറ്റും
മിടിച്ചിരുന്നു.
ഇലകൾ തിളങ്ങുകയും
വായുവിലേക്ക് കുതിക്കുകയും
ചെയ്തിരുന്നു..
വഴിയുടെ വശത്തുള്ള പറമ്പ്
കുത്തനെ കയറി ചെന്നാൽ
തന്റെ വീടെന്നയാൾ പറഞ്ഞു.
അവിടെ വന്നാൽ
വെള്ളം തരാമെന്നും..
അങ്ങോട്ടേയ്ക്ക് പക്ഷേ
ഒരു നടപ്പാതയുമില്ലായിരുന്നു..
കാട്ടുപൊന്തകളും,
ഉണക്കപ്പുല്ലും
കരിയിലകളും,
പാറക്കെട്ടുകളും മാത്രം.
കാറ്റിൽ പറക്കുന്ന
വള്ളികളെന്ന് തോന്നിച്ചു
ഏറെ മുന്നിൽ കുന്നു കയറുന്ന
അയാളുടെ കൈകൾ..
വീട്ടുമുറ്റം
നിറയെ പൂന്തോട്ടമാണെന്നും
എനിക്ക് പൂക്കൾ ഇഷ്ടമാണെന്നറിയാമെന്നും
മാത്രം
അയാൾ പറഞ്ഞു.
ഏറെ നടന്ന്,
അടയാളങ്ങളില്ലാത്ത പോലെ
തോന്നിച്ച
ഒരിടത്തെത്തി,
അയാൾ തിരിഞ്ഞു നോക്കി.
ഉൽപ്പത്തിയോ, ഒടുക്കമോ
എന്നറിയാത്തൊരു
വെളിച്ചവും ഇരുട്ടും
അവിടെ മങ്ങിക്കിടന്നിരുന്നു.
പേര് തിട്ടമില്ലാത്ത
മരങ്ങൾക്കിടയിലെ
ഒരു പഴയ വീട്ടിലേക്ക്
അയാൾ
വെള്ളമെടുത്ത് വരാമെന്ന്
പറഞ്ഞ് കയറിപ്പോയി..
ചെത്തിമിനുക്കിയിട്ട
ആ മുറ്റത്ത്
ഞാനൊരു പൂച്ചെടി പോലും
കണ്ടില്ല…
അത് അയാളോട്
ചോദിക്കണമെന്ന് കരുതി,
തിരിച്ചു പോകാനുള്ള വഴി
പിടുത്തമില്ലാതെ,
വിചിത്രമായൊരു
നിസ്സഹായതയിൽ
ഞാനവിടെത്തന്നെ
നിന്നു പോയി..
അയാളാവട്ടെ,
വെള്ളവുമായി,
ഇറങ്ങി വന്നതുമില്ല.