
കണ്ണട കാണ്മോളം

സിന്ധു കെ.വി.
കാഴ്ച്ച മങ്ങിയ വൈകുന്നേരം പോലെ
കലങ്ങിയ ലോകം
ഞാൻ ഒരു ചില്ലുഗ്ലാസിലൂടെ എത്തിനോക്കുന്നു
ആഹാ !
വെളിച്ചത്തിൻ്റെ ലോകം
അനക്കത്തിൻ്റെ ലോകം
മുന്നിൽ ഒരു പള്ളിക്കൂടം തുറക്കുന്നു
ചരിവിടങ്ങളിൽ
കച്ചവട തകൃതി
ചോളവും കിഴങ്ങും പുഴുങ്ങുന്ന മണത്തിലേക്ക്
കാഴ്ച ലയിക്കുന്നു
ഞാനെൻ്റെ കണ്ണട തുടച്ച് സൂചി കോർക്കുന്നു
തലയിണയുറയിൽ പൂ തുന്നുന്നു
ഒരു പൂപ്പാടം വിരിയുന്നു

ആകയാലോ പ്രകാശമേ ഇക്കാണും കാഴ്ചയിൽ
സത്യമേത്? മിഥ്യയേത്?
എനിക്കുറക്കം വരുംപോലെ ക്ഷീണമേറുന്നു
ചില്ലു ഗ്ലാസിറങ്ങുന്നു
കാഴ്ചയുടെ പകലിറങ്ങുന്നു
ലോകം കബളിപ്പിക്കലിൻ്റെ കൊട്ടകയെന്ന പോലെ
ഇളകുന്നു.
ശബ്ദം കേട്ടിടത്തല്ല വെളിച്ചം
വെളിച്ചം ഒരു വസ്തുവാണെന്ന് മാറ്റിപ്പഠിക്കുന്നു
എൻ്റെ കയ്യിലെ കണ്ണടക്കൂട്
അന്നേരത്ത്
വെളിച്ചത്തിൻ്റെ പെട്ടിയാകുന്നു
വിശാലതകളെയും കുന്നുകളെഴും
നിറച്ചാർത്തുകളെയും പൂട്ടിയിട്ട
അത്ഭുതങ്ങളുടെ ചെപ്പ്
ഞാൻ വെളിച്ചമേന്തുന്ന ഒരു വനിത!