
ഒന്നാം കോണിലെ അതിരുസൂത്രം

സിദ്ധാർത്ഥ് എസ്
മുട്ടൻ കുന്നിന്റെ
ഉച്ചിയിൽ
പാറത്തൊലി ചിക്കിയിളക്കി
തലപൊക്കിയ പടുജീവൻ
ഒന്നാം കോണിലെ അതിരിലാണത്രേ
കുടുങ്ങിയത്.
മണ്ണറിയാത്ത കാലിനടി
നടന്നുകയറിയ
വഴിയെല്ലാം അതിരുകളാണ്.
ഒന്നാം കോണ്
രണ്ടാം കോണ് എന്നുതുടങ്ങി
മുട്ടൻ കുന്നൊന്ന്
അമർന്നിരുന്നയിടം വരെ
കോണുകളാണ്.
മൂലയളന്ന്
കെട്ടിത്തിരിച്ച മതിലിനുള്ളിൽ
അതിരുകൂട്ടി കല്ലിട്ട
മൂത്താശ്ശാരിയുടെ കഴുക്കോൽ
പൊരുളുപറയാതെ കിടന്നു.
ആശാരി
ഒന്നാം കോണിലെ
ഉറക്കമുണരാത്ത ഉഗ്രമൂർത്തി.
വർഗ്ഗമറിയാതെ
നാരുപോലുള്ളൊരു പടുജീവൻ.
ചെരുപ്പിട്ടവരുടെ കാലുതാങ്ങുന്നവർ
അതിനെ കളയെന്ന് വിളിച്ചു.
ഗുണമില്ലാത്ത നരുന്തെന്ന്
ഏറ്റുപാടി.
നൂറാംനാൾ
ഞെരിച്ചുകളയുന്നതുമോർത്ത്
വയറുപൊട്ടി ചിരിച്ചു.
കോടയിറങ്ങുമ്പോഴും
നുറുങ്ങുവെട്ടം പൊഴിക്കുന്ന
നക്ഷത്രങ്ങളുടെ നിൽപ്പിനെ
ഒന്നാം കോണിലെ കള
സ്വപ്നം കാണുന്നു.
വെളിവില്ലാത്ത വെളിപ്പെടുത്തലുകൾ
കാട്ടുന്ന മാനം
അതിരുകാക്കുന്ന
ചാവാലി ഭൂതങ്ങളുടെ
മറപ്പുര.
ഭീമൻ മതിലിന്റെ
അടിയിലുണ്ട്
ചിതലരിച്ച ഓലക്കെട്ടുകളുടെ
നാറ്റമെത്തിച്ച
വടക്കൻ കാറ്റ്.
പടുജീവനെ കളയാക്കി
ഞെരിച്ചവർ
കാലിലെ തള്ളവിരലിൽ
തരിപ്പ് കേറ്റിയ
കോലങ്ങൾക്ക്
തുട്ട് നീട്ടുന്നു.
തരിപ്പിനുപിന്നിൽ
കളകളുടെ ജടങ്ങൾ
മറച്ച
ചതുപ്പിന്റെ തണുപ്പാണ്.
വീണ്ടും
കള പിറക്കുന്നു.
അതിരിന്റെ ഉടമ്പടി മാറി
ചതുപ്പിന്റെ ആഴം കൂടി.
തൊലി കീറി
ചോര കാണിച്ചും
മുറുക്കികെട്ടിയ ഉടുതുണി
കൊക്കയിൽ തള്ളിയും
ഉടലുകൾ
ഒന്നാം കോണിന്റെ
ആഴങ്ങളിൽ ചുരുളുന്നു.
ഇന്നുണ്ടായ കള
മറഞ്ഞവരുണ്ടാക്കിയ
ഓളങ്ങളുടെ പ്രതിധ്വനി.
അതിൽ
വേര് വളരാനുള്ള കാത്തിരിപ്പ്
പടർന്നുപിടിക്കാനുള്ള
ശക്തി
അതിരുതകർത്ത്
കാടുണ്ടാക്കാനുള്ള ഉപദേശം
തിരുനെറ്റിക്കുനേരെയുള്ള ചൂണ്ടുവിരൽ.
എന്നിട്ടും…….
