
കണ്ടല്പിടപ്പ്

സിദ്ധാര്‍ത്ഥ്
കെട്ടികിടന്ന ഉയിരിന്റെ
ആഴങ്ങളിലാണ്
കണ്ടലിന്റെ വ്രണംപിടിച്ച
വേരുകള്‍
ആദ്യമൊന്ന് ‘കുത്തിയിരുന്നത്’.
തൊലിപ്പുറത്ത്
ശുക്ലത്തിനു സമാനമായി,
തുറന്നുവിട്ട അനുഭൂതിയുടെ
നനുത്ത പാടകള്‍.
അതിനുമേല്‍
ഉടലിനു വെള്ളപുതപ്പിച്ച
സൂക്ഷ്മജീവികളുടെ കൂട്ടം.
144 ലംഘിച്ചതിന്റെ
കമ്പനം
വേരുകള്‍ക്കുള്ളില്‍ ഊളിയിടുന്നു.
അജ്ഞാതരായ
ദ്വീപുസമൂഹത്തെ
സ്വപ്നം കണ്ടുറങ്ങിയ
ആധുനിക മനുഷ്യനുമേല്‍
ചിതറിയോടുന്ന
ബസിലിസ്ക് പല്ലികള്‍
ചോരയുടെ ചോപ്പുതുടങ്ങുന്നിടത്തൊരു
ലിപിയുണ്ടാക്കി.
വേരിനുള്ളിലെ പുഴുക്കുത്തില്‍
കട്ടപിടിക്കുന്ന രക്തം
മൂടിപ്പുതച്ച കോട്ടുവായയില്‍
മതിമറക്കാതെ
വികലാംഗരായ സൂചിക്കൂട്ടങ്ങളോട്
അമരകോശത്തിന്റെ രത്നചുരുക്കം
ചര്‍ച്ചചെയ്തു.
ചിത്രീകരണം: നിധിന് വി.എന്‍
കുന്തിരിക്കത്തിന്റെ പുക
ഇടനാഴികളെ മയക്കുമ്പോള്‍
അകലങ്ങളിലെ ദേശാടനക്കിളികള്‍
അസ്തമയത്തിലും യാത്രയാകുന്നു.
ഒരാള്മാത്രമാകുന്നിടത്ത്
രാത്രിയുടെ ഒഴുക്കിനും കണ്ണുണ്ടാകുന്നു
കാതുണ്ടാകുന്നു
പതിഞ്ഞ താളമുണ്ടാകുന്നു.
അതിലലിഞ്ഞ മുഖങ്ങള്‍ക്ക്
കണ്ടല്വേരുകളില്
ഭ്രൂണങ്ങളൊളുപ്പിക്കാം,
ഗര്‍ഭാശയത്തില്‍
ജീവനൊടുക്കാം.
പകലിന്റെ
ശുഷ്ക രശ്മികള്‍
എന്നെ കൊന്നുതിന്നുമ്പോള്‍
ഇരുള് വിഴുങ്ങിയ
ഓളങ്ങളിലെ വേരുകളോട്
ഞാന്‍ പറയും,
”നിന്നിലെ ഭ്രൂണങ്ങളെ
തുറന്നുവിടരുത്,
അകാലത്തില്‍
ആത്മാക്കള്‍ ഉരുകിയൊലിച്ച
ഇടമാണിത്……”