
മറൈൻഡ്രൈവ്

ഷുക്കൂർ ഉഗ്രപുരം
ആ നഗരത്തിലെ ജനങ്ങൾ രവീന്ദ്രനാഥ ടാഗോറിനേയും അല്ലാമാ മുഹമ്മദ് ഇഖ്ബാലി നേയും ലിയോ ടോൾസ്റ്റോയിയേയും കൂടുതൽ വായിച്ചിരുന്നു. അന്നൊരു വൈകുന്നേരം തെരുവിലെ പുസ്തകശാലയിലെ ശീതീകരിച്ച മുറിയിൽ അടുക്കി വെ ച്ചിരുന്ന പുസ്തകത്തിൻറെ പുറംചട്ടയിൽ നിന്നും ‘അവർ’ കുതറിച്ചാടി അറബിക്കടലിൻറെ തീരത്ത് സായാഹ്ന സവാരിക്കിറങ്ങി. സമുദ്രത്തിൻറെയലമാലകൾ മണൽത്തിട്ടകളെ മത്സരിച്ച് ചുംബിച്ചുകൊണ്ടിരുന്നു. കടലിനക്കരെ നിന്നും കാറ്റ് അറേബ്യയിലെ പഴന്തോപ്പുകളിലെ പഴുത്ത് പാകമായ ഈന്തപ്പഴത്തിൻറെയും മുന്തിരിയുടേയും ഗന്ധങ്ങളെ ഇക്കരെയുള്ള മറൈൻഡ്രൈവിലെ ഹിന്ദുസ്ഥാനി നരിച്ചീറുകളുടെ നാസികകളിലേക്ക് ഒഴുക്കി ക്കൊണ്ടിരുന്നു. സായാഹ്ന സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തെ മൈലാഞ്ചി ചുവപ്പിൽ മുക്കി കടലിൽ അന്തിയുറങ്ങാൻ പോകുന്ന നേരത്ത് ഇക്കരെ നിന്നും അക്കരയിലേക്ക് നരിച്ചീറുകൾ അതിരുകൾ താണ്ടി സമുദ്രത്തിന് മീതെ പറന്നു കൊണ്ടിരിന്നു.
ഞായറാഴ്ച്ചയിലെ അവധിദിനം ആസ്വദിക്കാനെത്തിയ അനേകം മനുഷ്യർ അവരുടെ സന്താപങ്ങളെ കടലിലേക്കും കായലിലേക്കും വലിച്ചെറിയാൻ വെമ്പുന്നത് ടാഗോർ ശ്രദ്ധിച്ചു. ചിലർ ജീവിതം കരുപിടിപ്പിക്കാൻ ഓടി നടക്കുന്നു. കടലിലെ തിരമാലകളും കരയിലെ മണൽതരികളും മനുഷ്യൻറെ ജീവിത മോഹങ്ങളെ നോക്കി പരിഹസിക്കുന്നുണ്ടെന്ന് ഇഖ്ബാൽ പറഞ്ഞു. സമാധാനവും ശാന്തിയും തേടി കടൽക്കരയിലെത്തുന്നവർ പോലും മദ്യക്കുപ്പിയിൽ തങ്ങളുടെ സ്വപ്നങ്ങളേയും സന്തോഷങ്ങളേയും അടച്ചുപൂട്ടി ദൂരെ എറിയുന്നത് കണ്ട് ടോൾസ്റ്റോയി അത്ഭുതപ്പെട്ടു. സമുദ്രത്തിലെ കപ്പലും കായലിലെ ബോട്ടും അവരെ മൂവരേയും നോക്കി ചരിത്രത്തിൻറെ പിന്നാമ്പുറത്തേക്കൊഴുകാൻ വൃഥാ പരിശ്രമിച്ചുകൊണ്ടിരുന്നു.
തീരത്തെ വീതികൂടിയ നടപ്പാതയിലെ അരണിപ്പൂമണം വിതറുന്ന തണൽ വൃക്ഷത്തെ തേടിയാണവർ നടക്കുന്നത്. ടാഗോറിൻറെ നീളൻ കുപ്പായവും കാറ്റിലൊഴുകുന്ന വെള്ളത്താടിയും കണ്ട് അതിലെ നടന്നു പോകുന്ന യുവതീ യുവാക്കൾ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വളരെ ദൃതിപ്പെട്ട് കടൽതീരത്തിലൂടെ നടക്കുന്ന ആളുകളെ കണ്ട് ഇഖ്ബാൽ ചോദിച്ചു, ‘’ഇവർക്ക് സ്വസ്ഥമായി ഒരിടത്തിരുന്ന് കവിത വായിച്ചാൽ സമാധാനം ലഭിക്കില്ലേ’’?
അത് കേട്ട് ടോൾസ്റ്റോയ് പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിലെ സ്ഫടിക മുത്തുകളെയെടുത്ത് തിരമാലകൾ സമുദ്രത്തിൻറെ ആഴിയിലേക്ക് ഊളിയിട്ടു. ‘’ഇഖ്ബാൽ ലോകമെപ്പോഴും അങ്ങനെയാണ്. സമാധാനത്തിൻറെ പരവതാനിയിൽ ചവിട്ടി നിന്ന് താഴേക്ക് നേത്രങ്ങളയക്കാതെ മാനത്തെ ചന്ദ്രികയെ നോക്കി അവിടെയാണ് ശാന്തി കുടികൊള്ളുന്നതെന്ന് നിനച്ച് ആ ചന്ദ്രികയെ കൈവെള്ളയിലൊതുക്കാൻ പരിശ്രമിക്കും! ആ ശ്രമം തൻറെ നിഴൽ കണ്ട് ഇരയാണെന്ന് തെറ്റിദ്ധരിച്ച് അതിനെ പിടിക്കാനായി പറന്നു പറന്ന് ക്ഷീണിച്ച് താഴെ വീണ് എല്ലാം നഷ്ടപ്പെടുന്ന റൂമി പറഞ്ഞ പക്ഷിയെപ്പോലെ ആയിരിക്കുകയും ചെയ്യും’’ – ടോൾസ്റ്റോയ് പറഞ്ഞു.
“സ്പിരിച്വലിസത്തെ എല്ലായിടത്തുനിന്നും മനുഷ്യൻ പറിച്ചെറിഞ്ഞതാണ് സകല കുഴപ്പങ്ങൾക്കും നിദാനമെന്ന്’’ ടാഗോർ അഭിപ്രായപ്പെട്ടു. നടത്തത്തിനിടെ സ്റ്റോൺ ബെഞ്ചിലിരിക്കുന്ന യുവതീ യുവാക്കളെ കുറിച്ചവർ സംസാരിച്ചു.
“പ്രണയത്തിൻറെ ഭൂമിയും ആകാശവും തീർക്കാൻ പരിശ്രമിക്കുകയാണവർ, തൻറെ പ്രണയിനിയുമായി സല്ലപിച്ച് പരസ്പരം മിഴികളിൽ കടലും കരയും സൃഷ്ടിക്കുകയാണവർ. അവരുടെ ലോകത്ത് അവർ മാത്രം. ഈ പ്രണയത്തെ തഴുകുന്ന കാറ്റ് എത്ര ഭാഗ്യവാൻ’’ – കാല്പനികമായി ടോൾസ്റ്റോയ് പറഞ്ഞുവെച്ചു.
ടാഗോർ അതിനോട് തൻറെ വിയോജിപ്പറിയിച്ചത് ഇങ്ങനെയാണ്, “അങ്ങയുടെ വാചകങ്ങളിലെ ഒഴുക്ക് എനിക്കിഷ്ടമായി; പക്ഷേ അതിൽ സൈദ്ധാന്തികമായ ചില തിരുത്തലുകൾ അനിവാര്യമാണ്. അവർ മിഴികളിൽ പ്രണയത്തിൻറെ കരയും കടലും സൃഷ്ടിക്കുന്നു എന്നത് ശരിയാണ്. പക്ഷേ അവ ചൈതന്യമുള്ളതാവണം! അവരുടെ ലോകത്ത് അവർ മാത്രം! അതും വലിയ നിരർത്ഥകമായ ഉണ്മയാണ്. ആ ലോകത്ത് അവരുടെ മാതാവും പിതാവും പുറത്താണ്, സമൂഹവും കുടുംബവും വിശ്വാസവും പുറത്താണ്. അവർ രണ്ടും സൃഷ്ടിക്കുന്നത് അവർ ഓരോരുത്തർക്കും മാത്രമുള്ള സ്വാർത്ഥതയുടെ രണ്ട് ലോകമാണ്. ചുരുങ്ങിയത് അവർക്ക് രണ്ടുപേർക്കും പരസ്പരം ഉൾക്കൊള്ളാൻ കഴിയുന്ന നിസ്വാർത്ഥതയുടെ ഒരു ലോകമെങ്കിലും സൃഷ്ട്ടിക്കാനവണ്ടേ?
അതേയെന്ന് ടോൾസ്റ്റോയ് തലയാട്ടി!
“കഴിഞ്ഞയാഴ്ച ഷെൽഫിൽ എൻറെ പുസ്തകയട്ടിക്കടുത്ത് കിടന്ന പുസ്തകങ്ങളിൽ ചിലത് ഞാൻ വായിച്ചു. ഇവിടുത്തെ സാഹിത്യങ്ങളായിരുന്നുവത്. അതിൽ മിക്കതും കടലാസിലൂടെ മഷിപ്പുഴ ഒഴുക്കിയത് കുടുംബത്തിലെ അസ്വസ്ഥതകളെ കുറിക്കാനാണ്. അസ്വസ്ഥമാണിവരുടെ ഉള്ളം’’ – ഇഖ്ബാൽ പറഞ്ഞു.
നടന്നു നടന്ന് അവർ ആ അരണിയുടെ തണൽ വൃക്ഷം കണ്ടെത്തി. അതിനടുത്ത് കറുത്ത മാർബിൾ ശിലയിൽ ഇങ്ങനെ ഉല്ലേഖനം ചെയ്തിട്ടുണ്ട്. ‘’ക്ലാസ് മുറികളിലെ അവസാനത്തെ ബെഞ്ചുകളിലാണ് പലപ്പോഴും രാജ്യത്തെ ഏറ്റവും നല്ല തലച്ചോറുകൾ കണ്ടെത്താനാവുക ’’(ഡോ. എ പി ജെ അബ്ദുൽ കലാം).
ടാഗോർ അത് വായിച്ച് കണ്ണുനീർ പൊഴിച്ചു, ‘’അങ്ങനെ ചൈതന്യമുള്ള ആശയങ്ങളെ സൃഷ്ടിച്ചെടുക്കാൻ ഇനിയെത്ര പതിറ്റാണ്ടുകൾ എൻറെ സമൂഹം കാത്തിരിക്കേണ്ടിവരും’’?
അരണി വൃക്ഷത്തിൻറെ താഴെയുള്ള മാർബിൾ ഇരിപ്പിടത്തിൽ അവർ ഇരുന്നു. ഐസ്ക്രീം നുണഞ്ഞ്കൊണ്ട് പോകുന്ന യുവതീ യുവാക്കളെ നോക്കി ടോൾസ്റ്റോയ് പറഞ്ഞു – ‘’നാളെ ഈ സമൂഹത്തിന് വെളിച്ചം നൽകേണ്ടത് അവരാണ്’’.
അപ്പോൾ ഇഖ്ബാൽ മറുപടിയെന്നോണം പറഞ്ഞു – “അതേ, മാനത്തെ നക്ഷത്രങ്ങളെ വേട്ടയാടുന്ന യുവതക്കേ സമൂഹത്തിന് വെളിച്ചം നൽകാൻ സാധിക്കൂ’’.
നിശബ്ദമായി ദൂരേക്ക് കണ്ണും നട്ടിരിക്കുന്ന ടാഗോറിനെ അവർ രണ്ടുപേരും നോക്കി, എന്നിട്ട് ടോൾസ്റ്റോയ് ചോദിച്ചു ‘’അങ്ങെന്താണ് മൗനത്തിൻറെ സമുദ്രം സൃഷ്ടിക്കുന്നത് ?’’ ടാഗോർ ഒരു സ്വപ്നത്തിൽ നിന്നുമെന്നപോലെ കണ്ണുകൾ പറിച്ചെടുത്ത് അവർക്ക് മുഖം കൊടുത്തു. എന്നിട്ട് പതിനാലാം രാവിലെ പൂർണ ചന്ദ്രനെപ്പോലെ വശ്യമായി പുഞ്ചിരിച്ചു.
ഇഖ്ബാൽ ആകാംക്ഷയോടെ ടാഗോറിനോട് – “വിശ്വ ഭാജനമേ പറയൂ, എന്തുണ്ടായി’’? ടാഗോർ പറഞ്ഞു- “ഏണസ്റ്റ് ഹെമിങ്വേ ഈ സമുദ്ര മധ്യത്തിൽ ഊളിയിട്ട് ഒരു കുട്ട നിറയെ മുത്തും പവിഴവും രത്നങ്ങളുമായി അവിടെയുള്ള അശോക വൃക്ഷച്ചുവട്ടിൽ ഭദ്രമായി കുഴിച്ചുമൂടി അറബിക്കടലിന് മീതെ ചിറക് വിരിച്ച് ദേവലോകത്തേക്ക് പറന്നു പോകുന്നത് ഞാൻ കണ്ടു! അതുകേട്ട് ടോൾസ്റ്റോയിയും ഇഖ്ബാലും ടാഗോറിനെ തുറിച്ചുനോക്കി.
“വരൂ നമുക്ക് ആ അശോകവൃക്ഷത്തിനടുത്തേക്ക് പോകാം’’ – ടാഗോർ പറഞ്ഞു. കടലിന് കരയോടുള്ള പ്രണയത്താൽ അലമാലകളൊത്തിരി കടൽകാറ്റിനെ സൃഷ്ടിച്ചുകൊണ്ടിരുന്നു. സമുദ്രത്തിൻറെ പ്രണയ ഗീതത്തിനുമീതെ പറവകൾ പുതിയ ലോകം തേടി പറന്നു കൊണ്ടിരുന്നു.
അവർ മൂവരും നടന്ന് നടന്ന് സമുദ്രതീരത്തെ നടപ്പാതയിലെ അശോക വൃക്ഷച്ചുവട്ടിലെത്തി. നാല് വയസ്സ് തോന്നിക്കുന്ന ഒരു ബാലൻ വ്യത്യസ്ത നിറങ്ങളിലുള്ള നീണ്ട കുറേ പേനകൾ പത്തെണ്ണം വീതം അട്ടികളാക്കി റബ്ബർ ബാന്റിട്ട് ഒതുക്കി വെക്കുന്നു. അവൻറെ കുപ്പായം മുഷിഞ്ഞ് കീറിപ്പറഞ്ഞിരുന്നു, എണ്ണയിടാതെ വരണ്ട അവൻറെ തല മുടി പാറിപ്പറന്ന് കൊണ്ടിരുന്നു. ആ സമുദ്രതീരത്തെ പൊള്ളുന്ന വെയിലിലിരുന്ന് ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധിക്കുന്ന അവനെ കണ്ട് അവർ മൂവരും അത്ഭുതംകൂറി!
മൗനത്തെ ഭേദിച്ചുകൊണ്ട് ടാഗോർ ചോദിച്ചു – “കുഞ്ഞേ നിനക്ക് പേനാക്കച്ചവടമാണോ?’’
അപ്പോൾ അവൻ ആ തീരത്തെ ചീന വല വിരിച്ച സ്റ്റെപ്പുകളിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു, ‘’എൻറെ അമ്മയാണത്, അവരാണ് വിൽക്കുന്നത്’’.
“നിൻറെ വീട് എവിടെയാണ്?’’ – ഇക്ബാൽ ചോദിച്ചു.
“ഇവിടെ ഈ വൃക്ഷത്തിന് ചുവട്ടിൽ’’ – അവൻ ആ കീറിയ പായയിലേക്കും പിഞ്ഞിയ പുതപ്പിലേക്കും വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അവർ മൂവരും പരസ്പരം നോക്കി. ആ കുട്ടി അടുക്കിയ പേനകളുമായി തൻറെ അമ്മയുടെ അടുത്തേക്കോടി.
തനിച്ച് നിൽക്കുന്ന അശോക വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് ടാഗോർ പറഞ്ഞു- “കടലിനെ സാക്ഷിനിർത്തി ആകാശത്തേക്ക് കരങ്ങളുയർത്തി പ്രാർഥനാ നിർഭരമായിരിക്കുകയാണ് ആ വൃക്ഷം. ആ വൃക്ഷച്ചുവട്ടിലെ നിധികളത്രയും അവനുള്ളതാണ്’’. അവർ മൂവരും പേന വിൽക്കുന്ന ആ കുട്ടിയുടെ അമ്മയുടെ അടുത്തേക്ക് നടന്നു. അവിടെ സ്റ്റെപ്പിന് മുകളിലിരുന്ന് സവാരിക്കാർക്ക് ആ സ്ത്രീ പേന വിൽക്കാൻ ശ്രമിക്കുകയാണ്. പേന വാങ്ങുന്നത് പോയിട്ട് അവരിലധികമാരും ആ സ്ത്രീയെ ശ്രദ്ധിക്കുന്നുപോലുമില്ല. കയ്യിലെ ഉറങ്ങുന്ന കുഞ്ഞിൻറെ ദേഹത്ത് വെയിലേൽക്കാതിരിക്കാൻ അവരുടെ മുഷിഞ്ഞ സാരിത്തലപ്പുകൊണ്ട് കുഞ്ഞിനെ മൂടിയിട്ടുണ്ട്. നാല് വയസുള്ള ബാലൻ അവർക്ക് രണ്ടുപേർക്കും സുരക്ഷിതമേർപ്പെടുത്താനെന്നപോലെ അവരുടെ അടുത്ത് നിൽപ്പുറപ്പിച്ചു.
ടോൾസ്റ്റോയി അഞ്ഞൂറ് ഡോളർ എടുത്ത് ആ സഹോദരിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു – “ഇന്നത്തെ കച്ചവടം നിർത്തി വിശ്രമിച്ചോളൂ’’. ആ സ്ത്രീ അവരെ മൂവരേയും നോക്കി, എന്നിട്ട് ഇങ്ങനെ പറഞ്ഞു- “നിങ്ങളുടെയൊന്നും ഔദാര്യത്താലുള്ള പണം എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും വേണ്ട. അധ്വാനിച്ചു കിട്ടുന്ന പണം കൊണ്ടേ ഞങ്ങൾ ഭക്ഷണം കഴിക്കൂ’’, ടോൾസ്റ്റോയ് ആദരവോടെ കൈകൂപ്പി.
ഇഖ്ബാൽ നൂറ് രൂപക്ക് അഞ്ചു പേനകൾ അവരിൽ നിന്നും വാങ്ങി.
ടാഗോർ ആ അശോക വൃക്ഷത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു – ‘’അതിന് കീഴെ വളരെയേറെ വിലപിടിപ്പുള്ള മുത്തും പവിഴവും രത്നങ്ങളും നിധികളായ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്’’. അത് കേട്ട മാത്രയിൽ ആ സ്ത്രീ ചിരിച്ചു കൊണ്ട് പറഞ്ഞു- ‘’അതൊക്കെ നിങ്ങൾ തന്നെ എടുത്ത് കൊണ്ട് പൊയ്ക്കൊള്ളൂ ; ഞങ്ങൾക്കത് വേണ്ട’’. അതുകേട്ട് അവർ മൂവരും അത്ഭുതത്തോടെ ആ സ്ത്രീയെ തന്നെ നോക്കിക്കൊണ്ടിരുന്നു. മറുപടിയെന്നോണം ആ സ്ത്രീ പറഞ്ഞു- ‘’മുത്തും പവിഴവും കൊടുത്ത് സമാധാനം വാങ്ങാൻ കഴിയാത്തിടത്തോളം കാലം ഞങ്ങൾക്ക് അവയൊന്നും വേണ്ട’’. ഞങ്ങളീ തീരത്ത് സ്വസ്ഥമായി കഴിഞ്ഞു കൊള്ളാം.
ടാഗോർ തൻറെ ബാഗിൽ നിന്നും ‘ഗീതാഞ്ജലിയും’ വിലപിടിപ്പുള്ള ഒരു പേനയും ആ കുട്ടിക്ക് നൽകി. ടോൾസ്റ്റോയി ‘യുദ്ധവും സമാധാനവും’ എന്ന പുസ്തകവും നോട്ട് പുസ്തകങ്ങളും ആബാലന് നൽകി. ഇഖ്ബാൽ തൻറെ തോൾ സഞ്ചിയിൽ നിന്നും ‘മരുഭൂമിയിലെ വർണ്ണപുഷ്പങ്ങളെന്ന’ പുസ്തകവും അതിൻറെ കൂടെ ഒരു ഡയറിയും അവനുനൽകി.
അവർ മൂവരും ‘കലാം മാർഗിലേക്ക്’ തിരിച്ച് നടന്നു. അവിടെ അരണി വൃക്ഷച്ചുവട്ടിലവർ ഇരുന്നു. മണൽപ്പരപ്പിൽ നിന്നും ടോൾസ്റ്റോയ് ഒരു പഴയ ശംഖ് കയ്യിലെടുത്തു. കലാമിൻറെ വാചകങ്ങൾ ഉല്ലേഖനം ചെയ്ത മാർബിളിന്റെ പിറകുവശ ത്തായി ഇങ്ങനെ എഴുതി. ‘’രാജ്യത്തെ തെരുവുകളിലാണ് പലപ്പോഴും ഏറ്റവും നല്ല മനുഷ്യരെ കണ്ടെത്താനാവുക’’ (ലിയോ ടോൾസ്റ്റോയ്).
അവർ മൂവരും തിരിച്ചുനടക്കാനായി അവിടെ നിന്നുമെണീറ്റു, അപ്പോഴാണ് ആ ബാലൻ അവന് ലഭിച്ച ഗ്രന്ഥ സമ്മാനങ്ങളുമായി അശോക വൃക്ഷച്ചുവട്ടിലേക്ക് ഓടിവരുന്നത് അവർ ശ്രദ്ധിച്ചത്. അവൻറെ ഓട്ടത്തിനൊത്ത് തിരമാലകൾ നൃത്തമാടി, അവൻറെ തലമുടികളെ ചുംബിച്ചുകൊണ്ട് കടൽക്കാറ്റ് കൊച്ചി കോട്ടയിലൂടെ ചുറ്റിത്തിരിഞ്ഞ് സിനഗോഗിനകത്ത് കയറി അവിടെ തൂങ്ങിക്കിടക്കുന്ന വർണ്ണ വിളക്കുകളുടെ പ്രകാശത്തിൽ ലയിച്ച് ചേർന്ന് വർണ്ണ ധൂളികളായ് പരിണമിച്ച് മെഡിറ്ററേനിയൻ കടലിന്മു കളിലൂടെ പറന്നു പറന്ന് ജറൂസലേമിലെ നഗരത്തിൽ ചേർന്നലിഞ്ഞു.