
ആത്മീയദർശനത്തിന്റെ തികവിൽ വള്ളുവനാടിന്റെ ഗ്രാമശുദ്ധിയിൽനിന്നും ഒരു കവി

ശിവശങ്കരൻ കരവിൽ | അജയ് നാരായണൻ
അജയ് നാരായണൻ: അധ്യാപകൻ, ബാങ്കിലെ ജോലി, എഴുത്ത്, വായന, അവലോകനങ്ങൾ, കവികളെ പരിചയപ്പെടുത്തുന്ന ശക്തമായ വേദി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തലങ്ങളിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്തം താങ്കൾ നിറവേറ്റുമ്പോൾ, കരവിൽ മാഷ് ‘എന്നെത്തൊട്ടു’ എന്ന് പല എഴുത്തുകാരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു മഹത് വ്യക്തിയെ ചോദ്യങ്ങളിലൂടെ ഞാൻ തൊടുമ്പോൾ എന്തുതോന്നുന്നു?
ശിവശങ്കരൻ കരവിൽ: പലപ്പോഴും ഈ മാധ്യമത്തിലെ പ്രതിഭകളെ കണ്ട് അമ്പരക്കാറുണ്ട് ഞാൻ. എനിക്ക് അങ്ങനെ പറയത്തക്ക കേമം ഉണ്ടെന്നു തോന്നാറില്ല. നല്ല എഴുത്തുകളെ, എഴുത്തുകാരെ ആദരിക്കുക, മാറ്റാളുകൾക്ക് പരിചയപ്പെടുത്തുക. അത്രമാത്രം
അജയ് നാരായണൻ: കരവിൽ മാഷിനെ ആദ്യം അറിയുമ്പോൾ അത്ഭുതം ആയിരുന്നു. മെല്ലെ അത് ആദരവായി മാറി. വായനയ്ക്ക് ഒരു കാൽപ്പായ (ജാലകം), അക്ഷരത്തിന് ഒരു അരപ്പായ (ഒച്ച) തുടങ്ങിയ താളുകളിലൂടെ നവസാഹിത്യകാരന്മാരെ (സാഹിത്യകാരികളെ) വായനക്കർക്കായി പരിചയപ്പെടുത്തുന്നത് ഒരു പുണ്യമായി മാത്രമേ കാണാൻ സാധിക്കൂ. അതിലൂടെ അവർക്ക് കിട്ടുന്ന പ്രചോദനം വാക്കുകളിൽ ഒതുങ്ങില്ല. ഒരു വള്ളുവനാടൻ /ഏറനാടൻ കാരണവരുടെ കരുതലോടെ കരുത്തോടെ താങ്കൾ മിക്കവാറും എല്ലാ എഴുത്തുകാരേയും ചേർത്തുവയ്ക്കുന്നു.
എവിടെനിന്നായിരുന്നു തുടക്കം, എന്തായിരുന്നു പ്രചോദനം?
ശിവശങ്കരൻ കരവിൽ: ഞാൻ ജനിച്ചതും വളർന്നതും വള്ളുവനാട്ടിലാണ്. ഇവിടെ സംസാരപ്രകൃതി ഭിന്നമാണ്. തീർത്തും നിഷ്കളങ്കമായ ഒരു ഭാഷാസംസ്കൃതിയുണ്ട്. അത് ഉത്തമമായല്ല മറിച്ച് ഇവിടത്തുകാരിൽ അലിഞ്ഞു പോയതാണ്. ഉദാഹരണത്തിന്, ചമ്മന്തി എന്ന ശരിയായ പ്രയോഗം തെറ്റിയാണ് ഞങ്ങൾ ‘സമ്മന്തി’ പ്രയോഗിക്കുന്നത്. വന്നിരിക്കുന്നു എന്നുമാറി ‘വന്നണ്ണു ട്ട്വോ’ എന്ന് പറയും. അവനു നിശ്ചയം ഉണ്ടാവില്ല എന്നത് അവനു ‘നിശ്ശം ണ്ടാവില്ല്യ’ എന്നാവും. അങ്ങനെ പോകുന്നു ചില രീതികൾ.
അജയ് നാരായണൻ: താങ്കളുടെ എഴുത്തിൽ, പദചാതുരിയിൽ, വാക്യങ്ങളുടെ ഘടനയിൽ കാണുന്ന പ്രാവീണ്യം, പരിശുദ്ധി ഇവയൊന്നും അധികം എഴുത്തുകാരിൽ കാണുന്നതല്ല.
അതിനൊരു കാരണം, താങ്കൾ ജനിച്ചുവളർന്ന കാലവും ദേശവും ആകാം. ഉദാഹരണങ്ങൾ അനവധിയുണ്ട് (മല മറിക്കുന്നുണ്ടയാൾ, മതി മെതിക്കുന്നു മാരിയും).
താങ്കളുടെ എഴുത്തു വരുന്നവഴി ഒന്നു വിശദമാക്കാമോ?
ശിവശങ്കരൻ കരവിൽ: ജനിച്ച പ്രദേശം, ഇടപഴകുന്ന ആളുകൾ, അനുഭവങ്ങൾ, വീട്ടിലും നാട്ടിലുമുള്ള പ്രയോഗരീതികൾ, നാടൻ വാമൊഴികൾ. ഒക്കെ പറയേണ്ടിവരും.
ഞാൻ ജനിച്ച ഗ്രാമത്തിലെ വായനശാലകൾ, ചർച്ചകൾ, കൂട്ടായ്മകൾ. എല്ലാം പ്രചോദനം തന്നെ. അന്നൊക്കെ കൂട്ടായ്മകളുണ്ടായിരുന്നു നാട്ടിൽ. പാടക്കരയിലെ ഒഴിഞ്ഞ കുന്നിൻചെരുവിലെ പഴയ ഏതോ അമ്പലാവശിഷ്ടങ്ങളുടെ ശിലാപാത്തികളിലും പാറകളിലും ഇരുന്നു വൈകുന്നേരങ്ങളിൽ ചർച്ചകൾ ഉണ്ടാവും. ചിലപ്പോൾ പുതുതായി ഇറങ്ങിയ സിനിമകൾ. സംവിധായകരുടെ വിശേഷസിദ്ധികൾ (ആക്കാലത്ത് ഉത്തരായണം, എസ്തപ്പാൻ, പഥേർ പാഞ്ചാലി, തുടങ്ങിയ സിനിമകൾ. ഗോവിന്ദ് നിഹലാനി, മൃണാൾ സെൻ, അരവിന്ദൻ, അടൂർ, ജോൺ എബ്രഹാം, ഭരതൻ തുടങ്ങിയ പ്രതിഭകൾ) എല്ലാം പറയും. ഓരോ പുസ്തകത്തെ കുറിച്ചാവും ചിലപ്പോൾ ചർച്ച. എം ടി, ബഷീർ, ആനന്ദ്, പൊറ്റക്കാട്, കെ ടി, ഇടശ്ശേരി, വൈലോപ്പിള്ളി, വള്ളത്തോൾ, ചങ്ങമ്പുഴ, വയലാർ അങ്ങനെ നിരകൾ.
പുതിയ കവിത, കഥ, നാടകം, പ്രഭാഷണം, കഥാപ്രസംഗം ഒക്കെ ചർച്ച ചെയ്യും, ഒരു ദിവസം ഒരു വിഷയം വെച്ച്.
പട്ടാമ്പി റോഡിലെ പഴയ ഓടിട്ട പുരയാണ് വായനശാല. അവിടെ കവിത ചൊല്ലൽ പുസ്തകം വായിച്ചു കേൾപ്പിക്കൽ കഥ പറയൽ ക്ലാസ് ഒക്കെ ഉണ്ടാവും.
അങ്ങനെ ഒരു മൂശയിൽ ഞാൻ വർക്കപ്പെട്ടു എന്നതാവും ശരി.

അജയ് നാരായണൻ: ഗദ്യമാവട്ടെ, പദ്യമാവട്ടെ, മറ്റുള്ളവരുടെ എഴുത്തുകളെ വിലയിരുത്തുമ്പോഴുമാകട്ടെ, താങ്കളുടെ എഴുത്തുകളിൽ തെളിഞ്ഞുനിൽക്കുന്ന ആത്മീയതയും ദാർശനീകഭാവവും താങ്കളെ വ്യത്യസ്തനാക്കുന്നു.
എഴുതുമ്പോൾ താങ്കളുടെ മനസ്സിൽ അലയടിക്കുന്ന വികാരങ്ങളെ വിചാരങ്ങളെ ഒന്നു സ്വയം വിലയിരുത്താമോ?
ശിവശങ്കരൻ കരവിൽ: എന്നിൽ നിന്നു പുറപ്പെടുന്ന വാക്കുകൾക്ക് എന്റെ യാത്രാദൂരമേ പോവാൻ കഴിയൂ. ദർശനം ഓരോ ആളിലുമുണ്ട്.
ദൈവം ഉണ്ടോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്നാൽ എന്റെ തട്ടകത്തമ്മ (അങ്ങാടിപ്പുറം ഭഗവതി) ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. അതൊരു വികാരമായി വള്ളുവനാട്ടുകാരിൽ ഉണ്ട് ജാതിമത ഭേദമില്ലാതെ.
ഡിങ്കഭഗവാനും അങ്ങാടിപ്പുറം ദേവിയും ഒരേസമയം എന്നിൽ വരാറുണ്ട് എന്നൊരു കൗതുകമുണ്ട്. അത് കപട വിശ്വാസിയോ മുനാഫിക്കോ ആയത് കൊണ്ടല്ല. ആത്മീയതയിൽ ചാലിക്കാത്ത ഒരു വിചാരവും മാറ്റത്തെ ഉൾക്കൊള്ളില്ല എന്ന് ഞാൻ കരുതുന്നു. ആത്മീയത കച്ചവടമാവുമ്പോൾ ഈശ്വരൻ മികച്ച ഉൽപ്പന്നമാവുന്നു എന്നതാണ് കാലത്തിന്റെ ഗതികേട്.
അജയ് നാരായണൻ: എഴുത്തുകാരിലേക്ക് ചെന്നെത്തുന്ന ഒരു രീതി താങ്കളിൽ ഉണ്ട്. അതുകൊണ്ടുതന്നെ എഴുത്തുകാർ താങ്കളിലേക്കും നീർച്ചാലുകൾ സമുദ്രത്തിലേക്കെന്നതുപോലെ ഒഴുകിയെത്തുന്നു. ഈ പ്രക്രിയയിൽ താങ്കളുടെ ഊർജം ഒന്നുകൂടി വിശദമാക്കുമോ?
ശിവശങ്കരൻ കരവിൽ: നമുക്കൊക്കെ ഒരു സഞ്ചാരദൂരമുണ്ട്. ഒരാൾക്ക് ആ ആളുടെ ദൂരത്തേ പൊയ്ക്കൂടൂ. ആ ദൂരത്ത് വേറെ ഒരാൾക്ക് വയ്യ. എന്നാൽ അത് അയാൾക്ക് പോവുകയും ചെയ്യാം. ദൂരം ആപേക്ഷികമായതിനാൽ ഓരോ ആളും എഴുത്തിൽ അവരുടെ മികച്ച സിദ്ധി പ്രകടമാക്കിപ്പോരും, തീർച്ച.
അപ്പോൾ ശ്രദ്ധിക്കേണ്ടത് ഒരാളും വലുതോ ചെറുതോ അല്ല. ഓരോ ആളും മഹത്തും അവനവനിലെ പ്രതിഭയുമാണ്. എന്നേക്കാൾ നല്ല ഒരു രചന കാണുമ്പോൾ അതിനെ നല്ലത് എന്നു പറയാനും അംഗീകരിച്ചു കൊടുക്കാനും എനിക്കു കഴിയണം. ഒന്ന് അഭിനന്ദിക്കാനും ആശംസ പറയാനും എന്തിനാണ് മടി. ഞാൻ എഴുതുന്നുണ്ടാവും. ഞാൻ മാത്രമേ എഴുതുന്നുള്ളൂ എന്നെനിക്കു തോന്നിയാൽ പിന്നെ ഞാൻ തോറ്റു തുടങ്ങുകയായി. കയ്യില്ലാത്ത ഞാൻ വിരലില്ലാത്ത ആളുടെ കുറ്റം കണ്ടു പിടിക്കുന്നു എന്നതാണ് ഇന്നത്തെ ദുരവസ്ഥ.
അജയ് നാരായണൻ: ഓരോരുത്തർക്കും അവരവരുടേതായ വൃത്തമുണ്ട്, അതിനുള്ളിൽ ഒരു മൂശയിലെന്നപോലെ സ്വയം വാർത്തെടുക്കുന്ന വ്യക്തിത്വം, താങ്കളത് വളരെ വ്യക്തമായി പറഞ്ഞു. ഇതിൽ താങ്കൾ പുറംലോകത്തെക്കുറിച്ചാണ് പറഞ്ഞത്. നമുക്ക് താങ്കളുടെ ‘അകലോക’ത്തെക്കുറിച്ചും അറിയണമെന്നുണ്ട്.
എന്തായിരുന്നു വളർന്നുവന്ന ചുറ്റുപാടുകൾ? എങ്ങനെ അവയെല്ലാം താങ്കളിലെ എഴുത്തുകാരനെ പാകപ്പെടുത്തി?
ശിവശങ്കരൻ കരവിൽ: ഏതൊരു ജീവനും വളർച്ച വികാസം പരിണാമം സമാപ്തി എന്നീ നാലു ഘട്ടങ്ങളുണ്ട്. ഞാൻ ജനിച്ചത് അറുപതിലാണ്. അന്ന് നാട്ടിൽ കഷ്ടവും പട്ടിണിയുമുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു. കൊടുംപക ഇല്ലായിരുന്നു. കുറിയും നെറ്റിത്തഴമ്പും നോക്കില്ലായിരുന്നു.
ഒരു ഓലപ്പുരയിലാണ് ജനിച്ചത്. മണ്ണ് കൊണ്ടുള്ള ചുമർ. ചിമ്മിനിയും പാനീസും വിളക്കുകൾ. കുറച്ചപ്പുറം അച്ഛൻതറവാട്. ഓടിട്ട വലിയ വീട്. അന്നൊക്കെ ഓട്, കൃഷിയുള്ള വീടുകളുടെ നാട്ടു മുഖം ആയിരുന്നു. കന്നുകാലികൾ കോഴി ഒക്കെ വളർത്തുമായിരുന്നു.
അടുത്ത് അമ്പലവും കുളവും ഉണ്ടായിരുന്നു. ആ കുളത്തിൽ നീന്തലറിയാതെ മുങ്ങി മരിച്ചെന്നു കരുതി അതിശയം പോലെ രക്ഷപെട്ടതിന്റെ പിറ്റേന്ന് മുതലാണ് തോട്ടിൽ നീന്താൻ പഠിക്കുന്നത്. സ്കൂളിൽ അമേരിക്ക തന്നിരുന്ന മഞ്ഞ ഉപ്പുമാവും പാലും കിട്ടിയിരുന്നു. ആ സ്വാദ് ഇപ്പോഴും നാവിലുണ്ട്. അച്ഛൻ ഉണ്ടായിട്ടും അച്ഛന്റെ വാത്സല്യം കിട്ടാതെ പോയ മക്കളായിരുന്നു ഞങ്ങൾ അഞ്ചു പേരും. വളർന്ന നാടും സ്കൂളും കഷ്ടങ്ങളും ഉപ്പുമാവും കുളവും അമ്പലവും താലപ്പൊലിയും ഒക്കെ എന്നെ എഴുത്തിലേക്ക് നയിച്ചിട്ടുണ്ട് എന്നു പറയാം. ഇല്ലാത്ത കാലത്ത് വളർന്നതിന്റെ സ്നേഹം എന്നെ ഇന്നും മൂടുന്നുണ്ട് എന്ന് അഹംഭാവമില്ലാതെ പറയട്ടെ.
അജയ് നാരായണൻ: മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുവാനും ശുദ്ധമായ ഭാഷയിൽ അത് വ്യക്തമാക്കാനും താങ്കളിലെ എഴുത്തുകാരന് ആരാണ്, എന്താണ് മാതൃക?
ശിവശങ്കരൻ കരവിൽ: മാതൃക എന്നൊന്ന് ശരിക്കും അപ്പുറമാണ്. മനസ്സാണ് മാതൃക. ജർമ്മൻ തത്വചിന്തകൻ ആയ ഗെയ്ഥേ പറഞ്ഞിട്ടുണ്ട്, ഞാൻ എഴുതുന്നത് എനിക്കും എന്നെ മനസ്സിലാകുന്നവർക്കും എന്നെ അറിയുന്നവർക്കുമായാണ്. എന്ന മട്ടിൽ. അതിനപ്പുറം ഒരു കീർത്തിയും എനിക്ക് വേണ്ട എന്ന്. നമുക്കും അത് മാതൃകയാക്കാം എന്നു തോന്നുന്നു.
അജയ് നാരായണൻ: താങ്കളുടെ എഴുത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ചില ദാർശനീക ഭാവങ്ങളിൽ ആത്മീയതയുടെ സ്പർശവുമുണ്ട്. അതോർമ്മിപ്പിക്കുന്നത് ഭക്തിപ്രസ്ഥാനത്തിലെ ചില കവികളെയാണ്.
കാലികമായ സമൂഹത്തിൽ നടമാടുന്ന സംഘർഷങ്ങളാലും നിരാസങ്ങളാലും കലുഷിതമാക്കപ്പെട്ട മാനവീകതയ്ക്ക് ഒരു പരിഹാരമാണോ താങ്കളുടെ എഴുത്തുകളിൽ കാണുന്ന ഈ ആത്മീയഭാവങ്ങൾ?
ശിവശങ്കരൻ കരവിൽ: പൂന്താനത്തോളം പകിട്ടുള്ള ഒരു കവി ഉണ്ടായിട്ടില്ല എന്നു ഞാൻ പറയും. എന്റെ വീടിനടുത്തുള്ള ഇല്ലത്താണ് കവി ജനിച്ചത്.
ജ്ഞാനപ്പാനയിൽ കിട്ടാത്ത ദർശനം ഏതാണുള്ളത് ലോകത്ത്. മാനവജന്മത്തെ ഇങ്ങനെ ഉരുക്കഴിച്ച കവി വേറെ ഇല്ല. ആത്മീയത ശുദ്ധമാണെങ്കിൽ അവിടെ വിളയാത്ത വിപ്ലവമില്ല.
എഴുത്തച്ഛൻ, വാത്മീകി തുടങ്ങി ആത്മീയത ചാലിച്ചു പറഞ്ഞ ഓരോ കൃതികളും പോരാടി തോൽക്കുന്ന മനുഷ്യനു വേണ്ടിയാണ്. വിജയം കൊണ്ടു വൈരം മൂപ്പിക്കുന്ന കലുഷകാലത്തേക്ക് വേണ്ടിയാണ്. ദർശനങ്ങളാണ്. അമേരിക്കയിൽ ചിലയിടത്ത് മാനേജ്മെന്റ് സ്റ്റഡീസിൽ നമ്മുടെ ഗീത ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുകൂടി അറിയുക. ആത്മീയം ശാസ്ത്രീയമായ ഒരു മാനേജ്മെന്റ് ഉപകരണമാണ് എന്നർത്ഥം. പരിഹാരമല്ല ഒന്നും ഒന്നിനും ആത്മ പരിജ്ഞാനം ഒരു സംസ്കാരമാണ് എന്നേ അറിയേണ്ടൂ നമ്മൾ. എഴുത്ത് ആ വഴിക്കും പോവണം എന്ന് സാരം.
അജയ് നാരായണൻ: താങ്കളുടെ പുതിയ സംരംഭങ്ങളാണല്ലോ പുലരി വാർത്തമാനങ്ങളും അനുഭവകുറിപ്പുകളും.
എന്താണ് പുലരി വാർത്തമാനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത്?
ഒപ്പം ചോദിക്കട്ടെ, ഏതുതരം അനുഭവങ്ങളാണ് താങ്കൾ വായനക്കാരുടെ മുൻപിൽ വയ്ക്കുവാൻ ആഗ്രഹിക്കുന്നത്?
ശിവശങ്കരൻ കരവിൽ: 2010 മുതലാണ് ഞാൻ ഈ മാധ്യമത്തിൽ വരുന്നത്. എനിക്കൊരു ചാർത്തുപട്ടം ഉണ്ടായിരുന്നു, അക്കാലത്ത്. പോസ്റ്റ്മാൻ എന്ന്. ദിവസവും നിറയെ പോസ്റ്റുകൾ ഇടുന്ന എന്നെ കളിയാക്കി പറഞ്ഞു ആ പേര്.
അന്നുതൊട്ട് ഈ അടുത്ത കാലം വരെ അതിരാവിലെകളിൽ ഏതെങ്കിലും വിഷയം ഞാൻ എന്റെ ശൈലിയിൽ പറയുന്നുണ്ട്. അവ ചിലപ്പോൾ ചിലർക്കെങ്കിലും ഒരു വായനക്ക് പാകപ്പെടട്ടെ എന്നു കരുതിയാണ് പുസ്തകം “എന്റെ പുലരി വാർത്തമാനങ്ങൾ“ എന്ന സാഹസം.
അനുഭവങ്ങൾ ട്യൂഷൻ രംഗത്തെയും ബാങ്കിലെയും ആണ്. ഒരുപാട് സങ്കടങ്ങൾ അറിഞ്ഞു ഇടപാടുകാരുടെ പച്ചയായ ജീവിതങ്ങൾ. ട്യൂഷൻ കാലത്തും നൂറുകണക്കിന് ശിഷ്യരുടെ ജയപരാജയങ്ങളുടെ കഥകൾ. ഈ അനുഭവങ്ങൾ ഒരു വായനക്ക് പാകപ്പെടുത്തുകയാണ് ഞാൻ.
അജയ് നാരായണൻ: അവസാനമായി, വ്യക്തിപരമായ ഒരു ചോദ്യം കൂടി. കുടുംബത്തേക്കുറിച്ച്, അവർ നൽകുന്ന പ്രോത്സാഹനത്തേക്കുറിച്ച് ഒന്നുപറയാമോ?
ശിവശങ്കരൻ കരവിൽ – ഞാനും മോനും അവന്റെ അമ്മയും ആണ് കുടുംബം. എന്റെ അമ്മയും സഹോദരങ്ങളും നാട്ടിലുണ്ട്. പ്രോത്സാഹനം വേണ്ടത്ര കിട്ടി എന്നു പറഞ്ഞാൽ അതൊരു ഒന്നാന്തരം കള വാകും.
എന്നാലും എതിരായി വല്ലാതെ നിന്നിട്ടില്ല എന്നതാവും വസ്തുത. ‘എന്താച്ചാൽ ആയിക്കോളാ ഞങ്ങൾ ആ വഴി ഇല്ലേ’ എന്നൊരു മട്ടുണ്ടല്ലോ. അത് നല്ലതാണ് ജീവിതത്തിൽ എന്നു തോന്നിയിട്ടുണ്ട് എനിക്ക്. കാഴ്ചപ്പാടുകളിൽ വെട്ടിത്തിരുത്തലുകൾ വേണ്ടല്ലോ.
വായനക്കാർക്കായി മാഷിന്റെ രണ്ടു ചെറിയ കവിതകൾ തരുന്നു.
1. ആസുരം
=========
നിത്യോപചാരങ്ങളിൽ
നിമിഷങ്ങളെ
തീരു കൊടുക്കുമ്പോഴും
സുരാസുരങ്ങൾ
പോരിനു
പാകം നോക്കുന്നുണ്ട്.
അപ്പോൾ
അനന്തങ്ങളുടെ
ചുഴിക്കുടുക്കിൽ
ബോധിയാവുന്നു ഞാൻ.
വെട്ടിച്ചുരുക്കങ്ങളിൽ
നിലമറന്ന
പരനും
പരമനുമാവുന്നു ഞാൻ.
2. പത്മം
======
നമുക്കിടയിൽ
നിത്യേന ചുരുങ്ങിക്കൊണ്ടിരിക്കുന്ന
മിണ്ടലുകൾക്കും
ഓട്ട വീണിരിക്കുന്നു ഇപ്പോൾ.
എന്നിട്ടും ഇടപ്പഴുതുകൾചുരണ്ടി നാം
വ്യാഖ്യാനങ്ങൾ ജപിച്ചെടുക്കുന്നുണ്ട്.
നമ്മളെത്തന്നെ ഇല്ലാതാക്കുന്നുണ്ട്.
പട്ടനാട്ടിയും പത്മമിട്ടും
ഒടുക്കത്തളികൊണ്ടു
തീർക്കാൻ പോരാത്തവിധം
തീർപ്പുശുദ്ധങ്ങളും
അന്യം നിന്നിരിക്കുന്നു.
ഈ അറ്റക്കാലിലെങ്കിലും
ഒന്ന് നന്നായിക്കൂടെ നമുക്ക്?!
ആത്മശക്തിയുടെ
പങ്കായം തുഴഞ്ഞുനീങ്ങുമ്പോൾ
അന്യം എന്നൊന്നില്ലല്ലോ.
1 Comment
മനസ്സുനിറയെ അറിവിന്റെ കുത്തൊഴുക്ക് കരക്ക് നിന്ന് ഞാനും കോരുന്നു ചിലത്