
അതേ നുണകൾ

ഷിഫാന സലിം
ഈ ലോകത്തെന്തു
മാത്രം മനുഷ്യരാണുള്ളത്.!
പക്ഷെ ഒരാൾ മാത്രം
നിങ്ങളുടെ നിശ്വാസങ്ങളെ
പിടിച്ചു നിർത്തിയേക്കും..
അവരുറങ്ങുമ്പോൾ
നിങ്ങളുണർന്നിരിക്കും.
നിങ്ങള് കരയുമ്പോൾ
അവര് ചിരിച്ചെന്നിരിക്കും.
ഒരേ വഴീല് വിരൽ
തൊടാതെ കണ്ണുകളുടക്കാതെ
പോകുമ്പോഴും നിങ്ങളോട്
അവർ ഇഷ്ടമാണെന്ന്
വെറുതെ പറഞ്ഞെന്നിരിക്കും.
അപ്പോൾ ഈ പകല്
ഒരു രാത്രിയാണെന്നു
പറയുന്നത്രയും
ലാഘവത്തോടെ
നിങ്ങളത് വിശ്വസിക്കും.
വാക്കുകളുടെ
വിഷം തേച്ച
അപ്പക്കഷ്ണങ്ങളവരൂട്ടും.
അവസാനത്തെ
അത്താഴമാണെന്നറിഞ്ഞിട്ടും
വീണ്ടുമത് നിങ്ങൾ
മേടിച്ചു കഴിച്ചെന്നിരിക്കും.
കവിതയാണെന്ന്
പറഞ്ഞു കഥകൾ
ഉറക്കെ വായിച്ചു
കേൾപ്പിക്കും.
ഇത്രനേരം
നിന്നെ മാത്രമാലോചിച്ചു
മനസ്സ് മരവിച്ചു
പോയെന്ന്
ഹൃദയത്തിലേക്കൊരു
കൊള്ളിയാനെറിയും.
വാല് മുറിഞ്ഞ
വാൽ നക്ഷത്രങ്ങളെ
പോലെ,നിഴലുകളുണ്ടാകാത്ത
മനുഷ്യരായപ്പോൾ
നിങ്ങൾ പരിണമിക്കും.
ഒടുവിൽ ഞെട്ടിയുണരുമ്പോൾ
പങ്കിട്ടെടുത്ത തലയിണയിൽ
നിങ്ങൾ മാത്രം
തുപ്പലൊലിപ്പിച്ചു കിടക്കും.
അപ്പോൾ ചെമ്മരിയാടിന്റെ
വാട കൊണ്ട് ആ ഒറ്റമുറി
നിറഞ്ഞിരിക്കും.!
ജനാലക്കു പിന്നിൽ
നിന്ന് വളരെ നേർത്ത
സ്വരത്തിൽ ഇഷ്ടങ്ങളുടെ
ആഴങ്ങളൊരാൾ പതിയെ
പറയും..
പക്ഷെ അത് കേൾക്കേണ്ട
കാതുകൾ നിങ്ങളുടെതല്ലെന്ന
തിരിച്ചറിവിൽ,മുടി കെട്ടി
വെക്കാതെ, പല്ലുതേക്കാതെ,
മധുരമില്ലാത്ത ഒരുകാപ്പി
ചുണ്ടുകളെ ഉമ്മ വെക്കും.
വീണ്ടും അതെ ഉമ്മകൾ..
അതെ സ്വരങ്ങൾ..
അതെ നുണകൾ..
വീണ്ടും വീണ്ടും.