
തലക്കെട്ടുകൾ

ഷാഹിന റഫീഖ്
‘അപ്പോ നിങ്ങളുടെ കുട്ടി എന്താവും?’ കൂട്ടുകാരി തമാശയായി ചോദിച്ചു
‘മുക്രിന്തു’, അവൻ സംശയം കൂടാതെ പറഞ്ഞു
ക്യാമ്പസ്സിനു പുറകിലെ കൂൾ ബാറിൽ ഒരു കുഞ്ഞു പ്രണയത്തിന്റെ ചൂടിൽ എന്റെ മുൻപിലിരിക്കുന്ന ഐസ് ക്രീം അലിഞ്ഞു തുടങ്ങിയിരുന്നു.
മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു സങ്കര പ്രണയത്തിന്റെ ത്രെഡ് മനസ്സിലേക്ക് വന്നതും ആദ്യം ഓർത്തത് ഈ വാക്കാണ്, മുക്രിന്തു.
‘ഭ്രാന്തു വന്ന് കാലിൽ ചുഴറ്റിപ്പിടിക്കുമ്പോൾ രാജ്മോഹന പല ജീവിതങ്ങൾ ജീവിക്കാൻ തുടങ്ങും; അപ്പോൾ അവൾ പലോമയെ മറക്കും, അവളുടെ അച്ഛനെ മറക്കും, അവരൊന്നിച്ചുണ്ടായിരുന്ന ജീവിതവും മറക്കും’. ഇങ്ങനെയൊരു മുഴുവൻ വാചകമായാണ് ഭ്രാന്ത് എന്ന കഥ മനസ്സിലേക്ക് വരുന്നത്, കൂട്ടത്തിൽ ചിമ്മിണി എന്ന പേരും, കപ്ലങ്ങ കുത്തിയിടുന്ന ഇമേജും. കഥ വന്ന ശേഷം പലപ്പോഴും തോന്നിയിട്ടുണ്ട് അതിന്റെ പേര് മാറ്റാമായിരുന്നെന്ന്, ആ പേരിൽ മുൻപും പല കഥകളും വന്നിട്ടുള്ളതുകൊണ്ട്. സാഹിത്യത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട/ പെടുന്ന വാക്കായതുകൊണ്ടും.

അതുപോലെ പ്രസിദ്ധീകരിച്ചു വന്ന ശേഷം മാറ്റണമെന്ന് തോന്നിയ തലക്കെട്ടാണ് ലേഡീസ് കൂപെ അഥവാ തീണ്ടാരി വണ്ടി. ഒരു ലേഡീസ് കംപാർട്മെന്റിൽ നടക്കുന്ന സംഭവങ്ങളായാണ് ആ കഥ ആലോചിക്കുന്നത്. ചില കഥകൾ തലക്കെട്ടുകളായാണ് പിറവി എടുക്കുന്നത് തന്നെ, ചിലത്, കഥ മുഴുവൻ എഴുതിക്കഴിഞ്ഞ്, ദിവസങ്ങളോളം ആലോചിച്ച ശേഷമാവും ഒരു തലക്കെട്ട് കിട്ടുക. ആദ്യത്തെ വിഭാഗത്തിൽ പെടുന്ന കഥയാണ് തീണ്ടാരി വണ്ടി. ആദ്യത്തെ കഥാസമാഹാരത്തിനും ഈ പേര് തന്നെ ആയിരുന്നു. പുസ്തകം വന്ന ശേഷമാണ് അനിത നായരുടെ ഇതേ പേരിലുള്ള പുസ്തകത്തെ കുറിച്ച് ആലോചിക്കുന്നത്, പലരും ആ കൃതിയുടെ വിവർത്തനം ആണ് ഇതെന്ന മട്ടിൽ പരാമർശിച്ചു കണ്ടപ്പോൾ. (ഇതുവരെ ആ പുസ്തകം വായിച്ചിട്ടുമില്ല) ഈയടുത്തും അങ്ങനെയൊരു അനുഭവമുണ്ടായി. അന്നേരമൊക്കെ ഓർക്കാറുണ്ട് തീണ്ടാരി വണ്ടി എന്ന പേരുമാത്രം മതിയായിരുന്നു ആ കഥയ്ക്ക് എന്ന്. ഇപ്പോൾ അധികം ഉപയോഗത്തിൽ ഇല്ലാത്ത വാക്കാണ് തീണ്ടാരി, പലരും അതിന്റെ അർത്ഥം എന്താണ് എന്ന് ചോദിച്ചിട്ടുണ്ട്. ‘അയ്യേ ഇങ്ങനെ ഒരു പേരാണോ പുസ്തകത്തിന് ഇടുന്നത്’, ‘ഇത് പൊത്തിവച്ചു വായിക്കേണ്ടി വരുമല്ലോ’, ‘ഇത്തരം പുസ്തകങ്ങളാണോ വായിക്കുന്നതെന്ന് വീട്ടിൽ നിന്ന് ചോദിച്ചു’, മുതലായ കമന്റുകൾ കേട്ടിട്ടുണ്ട്. സ്ത്രീകൾക്കായിരുന്നു ഈ പേര് കേൾക്കുമ്പോൾ നാണക്കേട് എന്നതും കൗതുകകരമായിരുന്നു.
വളരെ ഇഷ്ട്ടപ്പെട്ട ഒരു ഗാനത്തിന്റെ പിറവിയെ കുറിച്ച് കേട്ട കഥയാണ് (സത്യമാണോ എന്നറിയില്ല), ഉറക്കം വരാതെ കിടക്കുമ്പോൾ കൊതുകിന്റെ മൂളൽ കേട്ടിട്ടാണ് എക്കാലവും പ്രിയം തോന്നിയ ആ വരികൾ പിറവി എടുത്തത് എന്ന് വായിക്കുമ്പോൾ മനസ്സിൽ നിന്ന് അതിന്റെ കാല്പനിക ഭംഗികൾ ചോരുന്നത് പോലെ തോന്നും. ചൂടിനെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് ഈ കാര്യമാണ്. ഉണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ച് പുതപ്പിനുള്ളിലെ ചൂടിൽ ചുരുണ്ടു കിടക്കുമ്പോൾ മനസ്സിലേക്ക് വന്ന ആശയമാണ് ആ കുഞ്ഞു കഥയാവുന്നത്. പ്രിയപ്പെട്ടൊരാളുടെ അകാല വിയോഗവും, ശൂന്യതയും ആ വരികൾക്ക് പ്രചോദനമായിട്ടുണ്ട്. അന്നും ഇന്നും ആ കഥയ്ക്ക് ചൂട് എന്നല്ലാതെ ഒരു പേരെനിക്ക് തോന്നിയിട്ടില്ല.

ചില കഥകൾ എഴുതുന്നതിലും പാടാണ് നല്ല ഒരു തലക്കെട്ട് കിട്ടുക എന്നുള്ളത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണമായിട്ടാണ് പശു മുഖ്യ കഥാപാത്രമായുള്ള കഥ എഴുതി തുടങ്ങുന്നത്. പേരിൽ അത് വരരുതെന്നും നിർബന്ധമുണ്ടായിരുന്നു. കഥകളുടെ ആദ്യ വായനക്കാരായ കൂട്ടുകാരുമായും ചർച്ച ചെയ്തു, ഒന്നും തന്നെ തീരുമാനമാവാതെ നിൽക്കുമ്പോഴാണ് സ്കൂളിലെ ഹിന്ദി പാഠത്തിൽ നിന്നുള്ള (ആകെ ഓർമ്മയുള്ളതും!), ഗായ് ഏക് പാൽതു ജാൻവർ ഹെ കൂട്ടുകാരൻ പറയുന്നത്. ശ്രദ്ധിക്കപ്പെട്ട ആ തലക്കെട്ടിന് അവന് കടപ്പാട്.
പേരല്ലാതെ, വേഷം കൊണ്ടോ, ആചാരങ്ങൾ കൊണ്ടോ മതം വെളിപെടുന്ന ജീവിതം ജീവിക്കാതിരുന്നിട്ടും, കുറച്ചു കാലങ്ങളായി കൂട്ടുകാരുടെ കൂടെയിരിക്കുമ്പോൾ കേൾക്കുന്ന വാക്കാണ്, നിങ്ങടാൾക്കാര്, വേറെ ആരുടെ നേരേയും തൊടുക്കാത്ത ഒന്ന്. ആ പോറലുകളിൽ നിന്നാണ് ‘നിങ്ങടാൾക്കാർ’ ഉണ്ടാവുന്നത്.
ഏറെ മോഹിച്ച യാത്രയാണ്, പാമ്പൻ പാലത്തിനു മുകളിൽ നിന്ന് താഴെ തീവണ്ടി പോവുന്നതും നോക്കി നിൽക്കുമ്പോൾ കണ്ണിൽ കുരുങ്ങിയതാണ് നീല നിറമുള്ള ക്യാബിൻ. യാത്ര കഴിഞ്ഞു വന്ന് ദിവസങ്ങൾ കഴിഞ്ഞും ആ കാഴ്ച കണ്ണിൽ നിന്ന് പോയില്ല. അവിടെ കഴിയുന്ന ഒരാളെക്കുറിച്ച് ഓർത്തു നോക്കും, തീർത്തും ഏകാകിയായ ഒരാൾ, അയാൾക്ക് ചുറ്റും നിറയുന്ന ഏകാന്തത, കടലിന്റെ, ആകാശത്തിന്റെ നീല നിറം മാത്രം ചുറ്റും, കടലിലും കരയിലും ആകാശത്തിലുമല്ലാതെ, കാറ്റിന്റെ വന്യത മാത്രം കൂട്ടുള്ള ജീവിതം. ‘നീലനിറമുള്ള ഏകാന്തത’ പിറക്കുകയായിരുന്നു.
തലക്കെട്ടിൽ നിന്ന് കഥയുണ്ടാക്കുന്ന കൂട്ടുകാരനോട്, രസകരമായി ഒന്നും എഴുതാൻ കിട്ടുന്നില്ല എന്നുപറഞ്ഞപ്പോൾ, ‘എന്റെയത്ര പ്രതിഭ നിനക്കില്ല’ എന്ന മറുപടി. അവന്റെ തലക്കെട്ടുകൾ അടിപൊളിയാണ്!