നീല നിറമുള്ള ഏകാന്തത

ഷാഹിന കെ. റഫീഖ്
കാറ്റ് കാതിൽ ചൂളം കുത്തി. അവളുടെ മുടിയിഴകൾ പിണഞ്ഞു. വസ്ത്രങ്ങൾ പറിച്ചെടുത്ത് പായാൻ വെമ്പുന്ന പോലെ കാറ്റ് ഇരമ്പിയാർത്തു. പാലത്തിന്റെ കൈവരിയിൽ പിടിച്ച് താഴേക്ക് നോക്കുമ്പോൾ കൈ വിട്ടാൽ കാറ്റ് തന്നെ പൊക്കിക്കൊണ്ട് പോയേക്കും എന്ന് തോന്നി. പാമ്പൻ പാലത്തിലൂടെ വരുന്ന തീവണ്ടിയെ ക്യാമറക്കുള്ളിലാക്കാൻ അവൾ ഫോൺ കൈയിലെടുത്ത് കൈവരിയിൽ ചാരി മുന്നോട്ടാഞ്ഞു.
നീല നിറമുള്ള ക്യാബിനിൽ നിന്ന് അയാൾ അവളെ കണ്ടു.
‘ധനുഷ്കോടിയോ? അതൊരുപാട് ദൂരെയല്ലേ?’
‘നീ പോയിട്ടുണ്ടോ?’
-‘ഇല്ല, കാണണമെന്ന് ആഗ്രഹം ഉണ്ട്, പക്ഷേ ഇതുവരെ പോവാനൊത്തില്ല’
‘അവിടെ വച്ച് കാണാം നമുക്ക്. ആ മുനമ്പിൽ നിന്നെ ചേർത്തു പിടിച്ച് ചുംബിക്കണം എനിക്ക്.’
‘പക്ഷേ വിനീ …’
‘നീ പ്ലാൻ ചെയ്യ്. ഞാൻ പിന്നെ മെസ്സേജ് ചെയ്യാം, വർക്ക് ഉണ്ട്’
‘Feel like seeing you’
അവൾ ഓർക്കുകയായിരുന്നു, എങ്ങനെയാണ് താനും വിനീതും ഇത്ര അടുപ്പമായതെന്ന്, എപ്പോഴാണെന്ന്. ഒരിക്കൽ ഭർത്താവുമൊന്നിച്ച് സിനിമ കാണുമ്പോഴാണ് അവനിത് പറയുന്നത്, കാണാൻ തോന്നുന്നെന്ന്. ഇടവേളനേരം ആയിരുന്നു. മുന്നിലിരിക്കുന്ന ആൾ കാപ്പിയും കൊറിക്കുന്നതുമായി വരുന്നതു കണ്ടപ്പോഴേ അവൾക്ക് ചൊറിഞ്ഞു, സിനിമ കാണുമ്പോൾ മറ്റു ശബ്ദങ്ങൾ കേൾക്കുന്നത് അവൾക്കത്രയും അരോചകമായിരുന്നു. വിനീതിന് ഒരു സ്മൈലി അയച്ചതും രണ്ടാമത്തെ സന്ദേശം വന്നു, ‘actually dying to see you’

തന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയെ ഭർത്താവിൽ നിന്നൊളിപ്പിച്ച് അവൾ സിനിമ കാണാൻ തുടങ്ങി. പടം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് വീട്ടിലെത്തുമ്പോൾ നേരം വൈകിയിരുന്നു.
‘I am in love with you’
അവളെ കാത്ത് അയാളുടെ പ്രണയം ഫോണിലുണ്ടായിരുന്നു.
‘പക്ഷേ വിനീ, നമ്മൾ കണ്ടിട്ടു പോലുമില്ലാലോ’, അവൾ മറുപടി അയച്ചു.
വേണ്ട ദൈവമേ വേണ്ട, ഞാൻ അങ്ങനെയൊരു പെണ്ണല്ല, സന്തോഷത്തോടെ ജീവിക്കുന്ന കുടുംബിനിയാണ്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അയാളെ ഒരുതവണയെങ്കിലും കാണാൻ തോന്നിയ വെമ്പലിനെ അവൾക്ക് അടക്കാനായതുമില്ല.
* * *
‘നമുക്ക് ധനുഷ്കോടി വിട്ടാലോ? നിങ്ങൾ ട്രെയിനിനു ഈറോഡ് വാ, അവിടെന്നു നമുക്ക് ഡ്രൈവ് ചെയ്തു പോവാം,’ കല്യാണി പറഞ്ഞു.
ഇഷ, അന്ന, കല്യാണി. മതേതര പരസ്യത്തിൽ അഭിനയിക്കാൻ നിരത്തി നിർത്തിയവരൊന്നുമല്ല. കൂട്ടുകാരികളാണ്, പഠിക്കുന്ന കാലം തൊട്ടേ. കുട്ടീം കുടുംബോം ഒക്കെ ആയിട്ടും അവരുടെ സൗഹൃദം പഴയതുപോലെ തന്നെ. അന്നക്ക് കുട്ടികളില്ല. അതിനെ കുറിച്ച് അവൾ പറയട്ടെ.
‘കല്യാണം കഴിഞ്ഞ സമയത്ത് ഇച്ചായൻ അങ്ങ് ഗൾഫിൽ അല്ലാരുന്നോ, ഞാനും പോയി നിന്നു കുറച്ചുകാലം. എന്നാ രസവാരുന്നെന്നോ, ഫുൾ കറക്കോം ഷോപ്പിങ്ങും പിന്നെ എന്നും രാത്രി…’, അന്ന കണ്ണിറുക്കി. ‘ഇച്ചായൻ സിംഗിൾ മാൾട്ട് വിസ്ക്കീടെ ആളായിരുന്നു, എനിക്ക് വോഡ്കയാരുന്നു കൂടുതൽ പിടുത്തം. പണ്ടേ റഷ്യയോട് ഒരിഷ്ടം ഒണ്ടല്ലോ, പ്രഭാത് ബുക്ക് ഹൗസിലെ റഷ്യൻ കഥകൾ വായിച്ചപ്പോൾ തൊട്ടുള്ള ഇഷ്ടം. പപ്പായുടെ കൈയിൽ എന്തോരം പുസ്തകങ്ങളായിരുന്നു. പിന്നെ വായനയൊക്കെ അങ്ങ് നിന്ന് പോയന്നേ. അങ്ങനെ തിന്നും കുടിച്ചും രമിച്ചും കഴിയുമ്പോഴാ ഇച്ചായന്റെ അപ്പന് സ്ട്രോക്ക് വന്നതും ഞങ്ങൾ നാട്ടിലേക്ക് പോരണ്ടി വന്നതും. ഒറ്റ മോനാന്നല്ലോ. പിന്നെ ഇവിടങ്ങു കൂടേണ്ടി വന്നു. എന്നാ ബോറടിയായിരുന്നു, അതിന്റെ കൂടെയാണ് കുടുംബക്കാരടെ കുത്തുവാക്കു തുടങ്ങിയത്, ഇതെന്നാ കല്യാണം കഴിഞ്ഞു ഇത്രേം ആയില്ലേ, കൊച്ചുങ്ങളൊന്നും വേണ്ടായോന്നും ചോദിച്ച്. പിന്നെ അമ്മച്ചിം തൊടങ്ങി പതം പറച്ചിൽ, കുടുംബം അന്യം നിന്ന് പോവുമല്ലോന്നൊക്കെ. സത്യത്തിൽ ഞങ്ങൾ കൊച്ചുങ്ങളുടെ കാര്യമൊന്നും അത്ര സീരിയസ് ആയി ചിന്തിച്ചിട്ടില്ലായിരുന്നു. ഇഷാ, നീ മോളുടെ ബർത്ത്ഡേയ്ക്ക് വിളിച്ചത് ഓർക്കുന്നൊണ്ടോ? അന്ന് രാത്രിയാണ് ഞങ്ങൾ പ്രീക്കോഷൻ ഒന്നുമില്ലാതെ ശ്രമം തുടങ്ങിയത്. അതുപിന്നെ എത്ര ഡോക്ടർമാരുടെ മുൻപിൽ എത്തി. പിന്നെ നാട്ടുവൈദ്യം, നേർച്ച, അയ്യോ ഒന്നും പറയണ്ട. മിഡ് സൈക്കിൾ കണക്ക് കൂട്ടി, കൃത്യ സമയം അലാറം വയ്ക്കുന്ന പോലൊരു പണി. എന്റെ മോളേ, ബെല്ലടിക്കുമ്പോ അങ്ങേരു എന്റെ മോളിൽ കയറുന്നു, പിശും പിശും ആക്കുന്നു, പത്തു ദിവസവും ഇതു തന്നെ. ചിലപ്പോൾ ഒരു മാസം മുഴുവൻ, ആർത്തവം ഒഴിച്ച്. രണ്ടു പിങ്ക് വരകൾ കാണാനൊള്ള പെടാപാടുകൾ. വന്നു വന്നു എനിക്ക് അങ്ങേരുടെ സാമാനം കാണുന്നത് തന്നെ അറപ്പായി. അന്നേരം ഞങ്ങളൊരു തീരുമാനത്തിലെത്തി, കൊച്ച് അല്ല വലുത് ജീവിതം ആണെന്ന്. അതോടെ തീർന്നു പരീക്ഷണങ്ങൾ. പിന്നെ സ്വസ്ഥം. അല്ലെടീ നീയെന്നാ ഒന്നിൽ നിർത്തിയേ? നിങ്ങടെ കൂട്ടർക്ക് കൊറേ കൊച്ചുങ്ങൾ വേണന്നല്ലേ?’
‘പോടീ ക്രിസ്ത്യാനി സംഘീ’
ഇഷയുടെ കലിപ്പ് കണ്ട് കല്യാണി ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവളുടെ പതിവ് സ്റ്റൈൽ ചിരി ചിരിച്ചു. അവൾക്ക് രണ്ടാൺകുട്ടികളാണ്.
‘സുമ്മാ സണ്ഠ പോടാത്’, കല്യാണി രണ്ടുപേരോടും പറഞ്ഞു.
‘എന്നാ സണ്ഠ കണ്മണീ, അല്ലേടീ ഇച്ചാ ’, അന്ന ഇഷയുടെ കൈകൾ കോർത്തു പിടിച്ചു. സ്നേഹം കൂടുമ്പോൾ പണ്ടുമതെ അവൾ ഇച്ചാന്നേ വിളിക്കൂ.
‘നിങ്ങൾ ലെസ്ബോ ആണെന്ന് പണ്ട് സ്കൂളിൽ ഒരു സംസാരം ഉണ്ടായിരുന്നു’ കല്യാണി തമിഴ് വിട്ടു.
‘അതീ പഹച്ചി തന്നെ പറഞ്ഞൊണ്ടാക്കിയതാ, എനിക്ക് നമ്മളെ കണക്ക് മാഷോട് ഒരു റങ്ക് ഒണ്ടായപ്പോ. ഇവൾക്കുംണ്ടായിരുന്നു ഒരു ജബുലാനിന്ന് എനിക്ക് പിന്നീടല്ലേ മനസ്സിലായത്’
‘അയാൾ കൊള്ളായിരുന്നുല്ലേ. ആ മുഖത്തെ മറുകിൽ ഞാൻ എത്ര രാത്രികളിൽ ചുംബിച്ചിട്ടുണ്ട്’
‘അന്നമ്മോ നീയല്ലേ ആ പ്രശോഭിനെകൊണ്ട് മൂത്രപ്പുരയുടെ ചുവരിൽ രവിചന്ദ്രൻ + യമുന എന്നു എഴുതിച്ച് സംഗതി കൊളമാക്കിയത്’ ഇഷയും കല്യാണിയും പഴയ കാര്യങ്ങൾ ഓർത്തു ചിരി തുടങ്ങി
‘അതുപിന്നെ, പുള്ളിക്കാരന് നമ്മടെ മലയാളം ടീച്ചറോട് ഒരു ചായ്വ് കണ്ടപ്പോ എനിക്കങ്ങു സഹിച്ചില്ല. എടേ നൊസ്റ്റു അടിക്കാതെ നമ്മുടെ പ്ലാൻ പറ. എത്ര കാലായി ഒരു ട്രിപ്പ് ന്നു പറയുന്നു, അപ്പോ നിങ്ങൾ കുട്ടി ചട്ടി പായ്യാരം തുടങ്ങും. ഇത്തവണ എന്നതായാലും പോയേ പറ്റൂ, ഇല്ലെങ്കിൽ ഞാനീ പരിപാടി വിടും. ഇവൾ ഈറോഡ്ന്ന് കൊല്ലത്തിൽ ഒരിക്കൽ വരും, നമ്മൾ ഒരൂസം അടിച്ചുപൊളിച്ചു കുറേ പ്ലാനും ഇട്ടു പിരിയും, പിന്നെ വാട്ട്സ്ആപ്പിൽ ബഡായിയടി മാത്രേ കാണൂ’ എന്ന് അന്ന പറഞ്ഞപ്പോൾ, ‘നിങ്ങൾ വീട്ടിലോട്ടു വാ, നമുക്ക് ചെന്നൈ പോവാം’ എന്നായി കല്യാണി.
‘ഹായ്, സമ്മറിൽ പോവാൻ പറ്റിയ സ്ഥലം’ ഇഷ കളിയാക്കി. ‘വെക്കേഷന് പ്ലാൻ ചെയ്താ മതിട്ടോ, എന്നാപ്പിന്നെ മോളെ ഉമ്മയുടെ അടുത്ത് ആക്കാം , ആ ടെൻഷൻ ഇല്ലാലോ’
‘ട്രാവലോഗ് നിന്റെ വ്ലോഗിൽ ഇടണ്ടേ ?’
‘അത് നല്ല ഐഡിയ ആണല്ലോ അന്നാ , നമുക്ക് പൊളിക്കാ’
‘എന്റെ പൊന്ന് ഇഷാ ഡോണ്ടു ഡോണ്ടു. കല്യാണീ നീയെന്നാ ഇവൾടെ ബ്ലോഗോ വ്ലോഗോ എന്നതാന്നുവെച്ചാ അത് നോക്കാത്തത്. ഇവളുണ്ടാക്കുന്ന ഭക്ഷണം, വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങൾ, ഇവൾടെ ചെടി, അവിടെ വെള്ളം കുടിക്കണ കിളി എന്നുവേണ്ട സകല ഉടായിപ്പും ഉണ്ട്’
‘മോളേ അന്ന കൊച്ചേ എനിക്കെത്ര ഫോളോവെഴ്സ് ആണെന്ന് ഒന്നെടുത്ത് നോക്ക്’. ‘അതൊക്കെ സമ്മതിച്ച്, പക്ഷേ നീ കവിത മാത്രം പോസ്റ്റരുത്, ബ്ലീസ് . കല്യാണീ ഇവൾടെ ഒരു മാസ്റ്റർപീസ് കേൾക്കണോ ? ഞാൻ ഗ്രൂപ്പിൽ ഇടാൻ വേണ്ടി സ്ക്രീൻഷോട്ട് എടുത്ത് വച്ചതായിരുന്നു, മറന്നു.
അന്ന ഫോണിൽ തപ്പാൻ തുടങ്ങിയതും ഇഷ കൈ പിടിച്ചു വച്ചു . ഒരുവിധം പിടിവിടുവിച്ച് അന്ന സർകാസ്റ്റിക് ടോണിൽ ഭാവഹാദികളോടെ കവിത ചൊല്ലാൻ തുടങ്ങി.
യാത്ര പറഞ്ഞു പോകുന്നവർ
അറിയുന്നുണ്ടാവുമോ
അവർ ബാക്കി വച്ച മണങ്ങൾ
നീണ്ട വിരൽ സ്പർശം
പാതി പറഞ്ഞ വാക്കുകൾ
ഓർത്തിരിക്കുന്നവരെ?
കുത്ത് കുത്ത് കുത്ത്
കുത്ത് കുത്ത് കുത്ത്
ഇല്ല സഖി
ഓർമ്മകൾ ഒരുക്കൂട്ടിയ ഇടമാണ്
നിന്റെ കണ്ണുനീർ
വീണു പൊള്ളിയത്
‘ഹൗ ! ലോല !’ കല്യാണി ചിരിച്ചു വീണു.
‘ബൈ ദി വേ മിസ് കവി, ആരാണീ നീണ്ട വിരലുള്ള ആൾ? ഉം..ഉം..’അന്ന നോട്ടം കൂർപ്പിച്ചു.
‘അതെന്താ എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ?’
‘നമുക്ക് ധനുഷ്കോടി വിട്ടാലോ?, നിങ്ങൾ ട്രെയിനിനു ഈറോഡ് വാ, അവിടെന്നു നമുക്ക് ഡ്രൈവ് ചെയ്തു പോവാം,’ കല്യാണി പെട്ടന്ന് പറഞ്ഞു.
‘ഹായ്, ഞാൻ പോവണമെന്ന് ഒരുപാട് ആഗ്രഹിച്ച സ്ഥലം, ഇത് ഉറപ്പിച്ചു’ എന്ന് അന്ന പറഞ്ഞതും ഇഷയ്ക്ക് നിരാശയായി, ‘എടോ ഞാൻ കഴിഞ്ഞ വെക്കേഷനാണ് ശ്രീലങ്ക പോയത്, അത് വീഡിയോ എടുക്കായിരുന്നു, എങ്കിൽ ഇതും കൂടെ ചേർത്ത് ഒരു അടിപൊളി പോസ്റ്റ് ഇടായിരുന്നു. ശ്രീലങ്ക സൂപ്പർ സ്ഥലാണ്ട്ടോ. ഭയങ്കര വൃത്തിയാ, റോഡൊക്കെ ഇങ്ങനെ പട്ടുപോലെണ്ട്, എപ്പോഴും ഒരു വണ്ടി വന്നു ക്ലീൻ ചെയ്യുന്നത് കാണാം. നമ്മുടെ നാട് പോലെയൊന്നുമല്ല.’
‘പൊന്ന് ഇച്ചാ, ഇതൊക്കെ അന്നു തന്നെ നീ ഫോട്ടോസ് ഇട്ടു വെറുപ്പിച്ചതാണ്. ലെറ്റസ് പ്ലാൻ ദി ട്രിപ്പ്. കല്യാണീ, നീ ഏതാ കൺവീനിയന്റ് ആയ ഡേറ്റ് എന്നു നോക്കീട്ട് പറ. എന്നിട്ട് ട്രെയിൻ ബുക്ക് ചെയ്യാം. ഇച്ചാ നമുക്ക് കോഴിക്കോട്ന്ന് കയറാംല്ലേ?’
അന്ന് കണ്ടു പിരിയും നേരം അവരൊക്കെ മനസ്സിൽ യാത്രയ്ക്കുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
പട്ടുപോൽ മിന്നും ശാലയ്ക്ക് കീഴ്
ചുക്കുചുക്കാക ഉടൈന്തു ചിതറിയ എൻ ഉടലുണ്ട് *
ലങ്കയിലെ തിരക്കേറിയ പൊതുവീഥിയിൽ നിന്ന് ഇടറോഡിലേക്ക് കയറുമ്പോൾ അദീപയ്ക്ക് തലപെരുത്തു, വാക്കുകൾ, വരികൾ അവളുടെ നെഞ്ചിലൂടെ പാഞ്ഞു. മുറിയിൽ ഒറ്റയ്ക്കിരിക്കുന്ന ഗുണയെ ഓർത്തു വിണ്ടുകീറിയ കാലുകൾ വലിച്ചുവച്ചു നടന്നു. പനിയിൽ കോടിയ അവന്റെ മുഖം കാണുമ്പോൾ അവൾക്കവളുടെ ഛായ തോന്നി അവന്, അല്ലാത്തപ്പോഴൊക്കെ പല കോണുകളിൽ പല മുഖങ്ങളെ ഓർമിപ്പിച്ച് ഒരേസമയം വെറുക്കാനും, അമ്മയെന്ന പതം പെരുകലിൽ ആഞ്ഞു സ്നേഹിക്കാനും തോന്നിപ്പിക്കുന്ന കുരുന്നായിരുന്നു അവൻ. വലുതായിട്ടും വലുതാവാത്ത കുട്ടി. സ്വയം ഓർക്കുമ്പോഴൊക്കെ അദീപ അവനെ ഓർത്തു, അമരനെ, അവരൊന്നിച്ചു പോയ അവസാന യാത്രയെ, തിരിച്ചുവരാൻ കാത്തുനിൽക്കാതെ അവരുടെ ഊര് ഭൂമിയിൽ നിന്ന് കുതിർന്നു പോയതിനെ.

നീല നിറമായിരുന്നു അയാൾക്ക് ചുറ്റും, ആകാശത്തിന്റെ, കായലിന്റെ, നിശബ്ദതയുടെ. വീശിയടിക്കുന്ന കാറ്റ് അയാളുടെ നീലനിറമുള്ള ക്യാബിനു ചുറ്റും ഓരിയിട്ടു പാഞ്ഞു. അയാൾ ആകാശത്തോ ഭൂമിയിലോ അല്ലായിരുന്നു. അവിടെയിരുന്ന് അയാൾ അവളുടെ കവിതകൾ കേട്ടു, അദീപയുടെ. പലവട്ടം അമരൻ ആ മുനമ്പിൽ പോയി നിന്നിട്ടുണ്ട്, അറുത്തുമാറ്റപ്പെട്ട പൊക്കിൾ കൊടി പോലെ തോന്നും അന്നേരം അത്. ആ നേർത്ത നൂലിനപ്പുറം അവളുണ്ട്, ഒന്ന് കൈനീട്ടിയാൽ പരസ്പരം തൊടാമെന്നു തോന്നുന്ന അകലത്തിൽ. അനേകം സ്വപ്നങ്ങളിൽ അവനാ വെള്ളത്തിനു മുകളിലൂടെ നടന്നിട്ടുണ്ട്, മുങ്ങാംകുഴിയിട്ടു നീന്തിയിട്ടുണ്ട്, അപ്പൂപ്പൻതാടി പോലെ പറന്നിട്ടുണ്ട്. അന്നേരമെല്ലാം അവളുണ്ടായിരുന്നു അപ്പുറത്ത്, മുടി പിന്നിയിട്ട് കനകാംബരം ചൂടി, ‘എന്നോട കവിതയ്ക്കു ബദിൽ സൊൽ, ഉന്നാലെ സൊല്ല മുടിയാത്. നാൻ തിരുമ്പി വരമാട്ടേൻ’, അവളുടെ കണ്ണുകൾ കത്തും.
You are sailing away
To greener pastures
Withered I stand
You have taken my soul
With you
അയാൾ പെറുക്കിവച്ച വാക്കുകൾ കാറ്റ് തട്ടിത്തെറിപ്പിച്ചു. ക്യാബിനിലെ ചുമരുകളിൽ ചെന്നിടിച്ച് അവ പൊടിഞ്ഞു.
‘ഇംഗ്ളീഷാ! നീയെന്നാ വെള്ളൈക്കാരനാ? എനക്ക് തമിഴ് മട്ടും പുടിക്കും’ അവൾ കലമ്പും.
പിന്നെ നീയെന്തിനാണ് പോയതെന്ന് അവൻ ചോദിക്കും.
‘നീയും നിന്റെ അപ്പാവും കാരണമാണ് എനിക്ക് പോരേണ്ടി വന്നത്. അമ്മ, അക്ക, പാട്ടി, താത്ത.. എനിക്കവരുടെ കൂടെ പോയാൽ മതിയായിരുന്നു. നിനക്കറിയാമോ എന്റെ കാലിനു ചുവട്ടിൽ കനലാണ്, എന്റെ ദേഹം, അതാരുടേതാണ്? പതിനാറ് വയസ്സിൽ ഗർഭം അലസുമ്പോൾ കാലിലൂടെ ഒഴുകുന്ന ചോരയുടെ ചൂട്…’
മുഴുവൻ കേൾക്കാൻ നിൽക്കാതെ കാറ്റിന്റെ നിലവിളിക്കൊപ്പം റെയിൽപാളത്തിലൂടെ ഇറങ്ങി ഓടണമെന്ന് അമരൻ ഓർക്കും.
അവർ എപ്പോഴും വിപരീത ദിശയിലായിരുന്നു, അമരൻ ജലവും അവൾ അഗ്നിയും, അവൻ ഭൂമിയും അദീപ വായുവും. എന്നിട്ടും എപ്പോഴും ഒരുമിച്ചായിരുന്നു അവർ, സ്കൂളിൽ, കളിക്കുമ്പോൾ, എന്നുവേണ്ട ഉറങ്ങാൻ പോവുന്ന നേരം വരെ. വെള്ളത്തിലേക്ക് വലിച്ചുകെട്ടിയ നാടപോലെ അവരുടെ ഭൂമി. ഓളം വെട്ടാതെ, ഉള്ളിലെ തേക്കങ്ങൾ പുറത്തുകേൾപ്പിക്കാതെ ഒരു കടൽ അദീപയുടെ വീടിനു പുറകിൽ കാവൽ കിടന്നു. അവൾക്കന്നേരം അമരനെ ഓർമ്മ വരും. കൂര പൊളിച്ചുപായും എന്നമട്ടിൽ കാറ്റും കടലും അവന്റെ ജനാലപ്പുറത്ത് വന്നാർത്തു, അവനപ്പോഴൊക്കെ അദീപയെ ഓർക്കും, പെണ്ണിനെ പോലെ ഏതുനേരവും പിടയ്ക്കുന്നൊരു കടൽ. അടിക്കാനോങ്ങിയ ടീച്ചറിന്റെ വടി പിടിച്ച് ഒടിച്ചു കളഞ്ഞവൾ, കളിയാക്കിയവന്റെ മൂക്കിനിട്ട് ഇടിച്ച് പതം വരുത്തിയവൾ, അദീപ നിലയ്ക്കാത്ത ചുഴിയായിരുന്നു, അവനുമാത്രം പൊതിഞ്ഞു പിടിക്കാൻ പറ്റുന്ന ഒന്ന്.
‘നീ സ്റ്റേഷനിൽ എത്തിയോ? ഏതാ പ്ലാറ്റ് ഫോം? ഞാൻ ഇതാ വന്നു മോളേ, അഞ്ചു മിനിറ്റ്. ഫുഡ് ഞാൻ എടുത്തിട്ടുണ്ട്, നീ ഒരു ബോട്ടിൽ വെള്ളം വാങ്ങിവച്ചോ’
‘ഇതെന്താടീ രണ്ടു ദിവസത്തെ ട്രിപ്പിന് ഇത്രേം വല്യ ബാഗ്? ഇയ്യ് പൊര പൊളിച്ച് കൊണ്ടന്നോ?’, ആകെ ഒരു ബാക്ക് പാക്കും പിടിച്ചുനിൽക്കുന്ന ഇഷ അന്തംവിട്ടു.
‘എനിക്കങ്ങനെയാ, എന്നതേലും ആവശ്യം വന്നാലോന്നോർത്ത് കുറെ എക്സ്ട്രാ വയ്ക്കും. പിന്നേയ്, ഞാൻ തേങ്ങാക്കൊത്തിട്ട ബീഫ് എടുത്തിട്ടുണ്ട്, ട്രെയിനീന്നു തിന്നു തീർക്കാ, ഇനി രണ്ടു ദിവസം പച്ചക്കറി മാത്രേ കിട്ടത്തൊള്ളൂ’
നിങ്ങൾടെ നോമ്പിന്റെ ടൈം അല്ലേ ഇപ്പോ? നോൺ കഴിക്കോ?’
‘ഇച്ചാ നമ്മൾ എവിടെയാ ജീവിച്ചതും പഠിച്ചതും?’
‘ങേ! ഇതെന്തു ചോദ്യമാണ്? നമ്മൾ മൂന്നാളും ജനിച്ചതും വളർന്നതും മലപ്പുറത്ത്, ഒരേ കോൺവെന്റ് സ്കൂൾ, ഞാൻ മലപ്പുറത്ത് തന്നെ കല്യാണം കഴിച്ചു കൂടി, നീ അങ്ങു തിരുവമ്പാടി എത്തി, കല്യാണി ഈറോഡും ’
‘നീ മോളുടെ കൂടെ ഡോറ കാണാറുണ്ടോ?’
ഇതെന്താ ഇങ്ങനെ ഒരു ചോദ്യം എന്നമട്ടിൽ ഇഷ അന്നയെ നോക്കി
‘നമ്മൾ ഇപ്പോൾ എങ്ങോട്ടാണ് പോവുന്നത്? ആ വളവിനപ്പുറം എന്താണ് ടൈപ്പ് ചോദ്യങ്ങളുമായി ഈ വഴി വരല്ലേയെന്ന്. ഓർമ്മയൊണ്ടോ നോമ്പ് സമയത്ത് നീ പൈപ്പിലെ വെള്ളം കുടിക്കുന്നതും ആരും കാണാതെ ഞങ്ങളുടെ ടിഫിൻന്ന് കഴിക്കുന്നതും? ശരീരത്തെ പീഡിപ്പിച്ചു കൊണ്ടുള്ള ഭക്തി വേണ്ടാന്നു നമ്മൾ അന്നേ ഉറപ്പിച്ചതല്ലേ?’
‘അതല്ലാന്നേ, ഇപ്പോ വേറെ വീട്ടിൽ അല്ലേ’
‘ഉവ്വ! എന്നിട്ട് നീ നന്നായോ ഇച്ച?’
‘അതുപിന്നെ എനിക്ക് നോമ്പ് തുറക്കാനല്ലേ അറിയൂ, എടുക്കാനറീലാലോ’
‘നിലവാരത്തിന് ഒരു മാറ്റവും ഇല്ലാല്ലേ’
‘ട്രെയിൻ വന്നു, ട്രെയിൻ വന്നു’
‘ആ വരും, വരും’, അന്നയുടെ ചിരിയിൽ ഇഷയും ചേർന്നു .
‘ന്റമ്മോ ഒരു പോത്തിന്റെ കനം ഉണ്ടല്ലോ നിന്റെ ബാഗിന്’, അന്നയുടെ ബാഗ് എടുത്തുവയ്ക്കാൻ സഹായിച്ചുകൊണ്ട് ഇഷ പറഞ്ഞു.
അന്ന തിരിച്ചെന്തോ പറയാൻ തുടങ്ങുമ്പോഴാണ് ജീൻസും വെള്ള ഷർട്ടുമിട്ട ഒരാൾ അവരുടെ സീറ്റിലേക്ക് വന്നത്. അയാൾ അവരെ ശ്രദ്ധിച്ചതേയില്ല, വന്നപാടെ ബാഗ് വച്ച് അയാൾ സൈഡ് സീറ്റിൽ പോയിരുന്ന് ഫോണിൽ മെസ്സേജ് അയക്കാൻ തുടങ്ങി.
‘ആൾ നല്ല ലുക്ക് ഉണ്ടല്ലേ, യാത്ര മുഷിയൂല’ ഇഷ അന്നയോട് ശബ്ദം താഴ്ത്തി പറഞ്ഞു.
‘അങ്കിൾ ആണ് മോളെ, മുടിയൊക്കെ നരച്ചു തുടങ്ങീട്ടുണ്ട്’
‘അതിനെന്നാ അന്നമ്മോ, ആള് കൊള്ളാം, not an inch of flab. എനിക്ക് പിടിച്ചു, കൂടെ കൂട്ടിയാലോ?’
‘മൂന്നാളേയും കൂടെ അയാൾക്ക് താങ്ങോ?’
‘നിങ്ങൾ നോക്കി നിന്നോ’
അതും പറഞ്ഞു അവർ ചിരിക്കാൻ തുടങ്ങി. അയാൾ അന്നേരം ഫോണും പിടിച്ച് സീറ്റിൽ നിന്നെഴുന്നേറ്റ് പ്ലാറ്റഫോമിലേക്ക് ഇറങ്ങി.
‘അദീപാ ഏയ് അദീപ, “കിരിസ്തുമസ് പണ്ടികൈ വരുകിരത്, കടയ്ക്കു കൊൾമുതൽ പണ്ണ രാമേശ്വരം പോകലാംനു ഇറുക്കേൻ, നീ കൂടെ വാ”ന്നു അപ്പാ സൊന്നാര്. നീയും വായേൻ. അപ്പാവോട സ്നേഹിതർ പിള്ളൈ ഗണേശൻ രാമേശ്വരത്തിലെ താൻ ഇരുക്കാൻ. അവനോടുകൂടെ രാമേശ്വരം മുഴുക്കെ ചുത്തി പാത്തുട്ട് വരലാം.
‘അമ്മാക്കിട്ടേ എന്ന സൊല്ല വേണ്ടും? പോക വിടമാട്ടേയ്ൻ’
‘അടുത്ത വാരം ഉങ്ക മാമ, രേവതി എല്ലാരും തലൈമാന്നാറിലെ ഇരുന്തു വരപ്പോരാ ഇല്ലൈയോ? അവളുക്കു സ്വീറ്റ് സ്, രേവതിക്ക് പട്ടു പാവാടൈ ഇപ്പടി ഏതാവത് രാമേശ്വരത്തിലെ നയമാനതാ വാങ്ങിണ്ടു വരലാം അപ്പടിന്നു സൊല്ലേന്’
അങ്ങനെയാണ് അമരാ ഞാൻ നിങ്ങളുടെ കൂടെ രാമേശ്വരം വന്നത്. നിന്റെ കൂടെയാണെന്ന് പറഞ്ഞാൽ അമ്മ പിന്നെ ഒന്നും ചോദിക്കില്ലായിരുന്നു, എനിക്ക് ഒരു കാരണവും പറയേണ്ടതില്ലായിരുന്നു. അതെനിക്കറിയാം, നിനക്കും. എന്നാലും ഞാൻ നിന്നോട് ഓരോന്നു പറഞ്ഞുകൊണ്ടിരിക്കും, തർക്കിക്കും, നീ പറയുന്നത് കേൾക്കാൻ എനിക്കിഷ്ടമായിരുന്നു. എന്തു രസമായിരുന്നു അന്നത്തെ ദിവസം, നീ ഓർക്കുന്നുവോ? പാമ്പൻ പാലത്തിലൂടെ വണ്ടി പോവുമ്പോൾ നീ ജനലഴികളിൽ മുഖം ചേർത്ത് എന്തായിരുന്നു കണ്ടുകൊണ്ടിരുന്നത്? ഞാൻ നിന്റെ ശ്രദ്ധ തിരിക്കാൻ, കാറ്റിന്റെ, ആഴിയുടെ, ട്രെയിനിന്റെ ശബ്ദത്തെക്കാളും ഉച്ചത്തിൽ നിന്നോട് മിണ്ടിക്കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ ഊര് പോലെയായിരുന്നില്ല രാമേശ്വരം, ഓരോ കാഴ്ചകളും പുതുതായിരുന്നു, എത്ര തവണ വന്നാലും എന്തെങ്കിലും പുതിയത് കാണാൻ ബാക്കി വയ്ക്കുന്ന പട്ടണം. അന്ന് നിന്റെ അപ്പാ സാധനങ്ങൾ വാങ്ങി തീരാൻ താമസിച്ചതു കൊണ്ടാണ് നമുക്ക് തിരിച്ചുള്ള ട്രെയിൻ കിട്ടാതായത്. എനിക്കതിന്റെ നമ്പർ ഇപ്പോഴും ഓർമ്മയുണ്ട്, 653, ബോട്ട് മെയിൽ. നമ്മളും അതിൽ ഉണ്ടാവേണ്ടതായിരുന്നു, ഒരിക്കലും ഇറങ്ങാതെ ഒരു യാത്ര പോവാൻ. നിന്നോടും അപ്പാവോടും എനിക്ക് ഏറെക്കാലം കലിയായിരുന്നു അതിന്.
എന്റെ എല്ലാ ചിന്തകൾക്കും പിന്നാടിയായി ഇവളുടെ ചിലമ്പൽ ഉണ്ടായിരുന്നു, പെണ്ണ് വായ വയ്ക്കാതെ കലമ്പിക്കൊണ്ടിരിക്കും. എല്ലാം സംശയങ്ങളാണ്, ചോദ്യങ്ങളാണ്, ആരോടെന്നില്ലാതെ, എപ്പോഴെന്നില്ലാതെ. ഉനക്കു ജ്ഞാപകം ഇറുക്കാ അദീപാ, നീ അന്നിക്കു ഗണേശനോട പാട്ടിയെ എപ്പടി തൊന്തരവ് പണ്ണിനേന്നു?
‘പാട്ടി, അതെന്ന രാമതീർത്ഥം മട്ടും ഇരുക്ക്, സീത തീർത്ഥം കിടയാതാ? അന്നിക്കു രാമൻ സേതുബന്ധനമാ പാലം പോട്ട് സമുദ്രത്തൈ കടന്തു ഇലങ്കൈ പോന്ന പോതു സീത ഇപ്പടി സൊല്ലി ഇരുന്താ എപ്പടി ഇരുക്കുംന് യോസിച്ചിട്ടിരിക്കേൻ –
“നാഥാ എനക്ക് ഇന്ത ഇടം റൊമ്പ പിടിച്ചു പോച്ച്. നാമ ഇങ്കയേ തങ്ങിടലാം. ഇങ്കേ ഇറുക്കപ്പെട്ടവാ എല്ലാരും തങ്കമാന മനുഷാ. നാൻ വേറെ എങ്കേയും വരമാട്ടേൻ.”
ഇപ്പടി സീത സൊല്ലിയിരുന്നതാ രാമൻ എന്ന പണ്ണിയിരുപ്പാനാ ഇറുക്കും?’
‘കടവുളേ, ഇന്ത പൊണ്ണുക്കു എന്ന പൈത്യമാ? ആമ്പടയാൻ കിട്ടേ ഇപ്പടി എല്ലാം ദത്തുപുത്തുന്നു പേശുവാളാ? ഏണ്ടിയമ്മാ, രാമൻ എന്ന നമ്മ മാതിരി സാമാന്യ മനുഷനാ? ദെയ്വം ഡി, ദെയ്വം. പുരിഞ്ഞുതാ?’
‘അവൻ കടവുള് നാ ഏൻ തൻ പൊണ്ടാട്ടിയ രാവണൻ തൂക്കിണ്ട് പോക പോരാണ് രാമനുക്ക് തെരിയലെ? കടവുൾ താനേ? തെരിഞ്ചിറുക്ക വേണ്ടിയ താനെ?’
ഷൊർണൂർ എത്തിയതും അന്ന ബീഫിന്റെ പൊതി തുറന്നു, കൊതിപ്പിക്കുന്ന മണം. ബോഗിയിൽ അവരെക്കൂടാതെ ‘അങ്കിൾ’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന പൊതിയെടുത്ത് അയാൾക്കുനേരെ നീട്ടിയതാണ്, ‘എടീ വേണ്ട, വല്ല സനാതനക്കാരനും ആണെങ്കിലോ’ എന്ന ഇഷയുടെ വാക്കുകൾ കേൾക്കാതെ. അയാളാണെങ്കിൽ ഫോണിലല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാതെ ഇരിക്കുകയാണ്, തുരുതുരാ മെസ്സേജ് അയക്കുന്നുമുണ്ട്. മുഴുവനായി തലപോലും ഉയർത്താതെ ഒരു നോ താങ്ക്സിൽ അയാൾ അന്നയുടെ ബീഫിനെ നിഷ്ക്കരുണം നിരസിച്ചു.
‘ഇയാൾ ശരിയാവൂലപ്പാ, വിട്ടേക്കാം’ ഇഷ മുഖം കോട്ടി ബീഫിലേക്ക് ശ്രദ്ധ തിരിച്ചു.
പാലക്കാട് ആവാറാവുമ്പോഴേക്കും അയാൾ ആകെ വെപ്രാളപ്പെട്ടു കണ്ടു, ഫോണിൽ നിന്ന് കണ്ണെടുക്കുന്നില്ല. ഒരു കുഴച്ചിൽ, വിവശത അയാളിൽ ഉണ്ടായിരുന്നു.
‘ആ മമ്മൂട്ടി സിനിമയിൽ കണ്ടപോലെ ഇയാൾക്ക് വീട്ടിൽ വല്ല പ്രശ്നവും ആയിട്ടു പോവുന്നതാവോ? പടച്ചോനെ ഇനി ആരെങ്കിലും ഹോസ്പിറ്റലിലോ മറ്റോ ആണോ?’ ഇഷ ശബ്ദം താഴ്ത്തി അന്നയോട് പറഞ്ഞു. നേരത്തെ, തമാശയായിട്ടാണെങ്കിലും അയാളെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞതോർത്ത് അവർക്ക് ജാള്യത തോന്നുകയും ചെയ്തു.
പാലക്കാട് സ്റ്റേഷനിലേക്ക് വണ്ടി അടുക്കുമ്പോഴേക്കും അയാൾ പ്ലാറ്റ് ഫോമിലേക്ക് ചാടിയിറങ്ങി. അയ്യോ അയാൾ ബാഗ് എടുത്തില്ല എന്ന് ഇഷയും അന്നയും പറയാൻ തുടങ്ങുമ്പോഴേക്കും അയാൾ നടന്നകന്നിരുന്നു. ഇനിയെന്ത് ചെയ്യും എന്ന മട്ടിൽ ഇഷയും അന്നയും കുറച്ചുനേരം ഇരുന്നു.
‘ബാഗിനകത്തു വല്ലതും വച്ചിട്ടുണ്ടാവുമോ?’
‘ഏയ്’
‘ഉണ്ടാവോ?’
‘നമുക്ക് ടി ടി വന്നാ പറയാം’
‘മാറി ഇരിക്കണോ?’
‘എന്റെ മോള്…എനിക്കവളെ കാണണം’
‘നീയൊന്നു പോയേ വെറുതെ ആധി കൂട്ടാണ്ട്’
അവരുടെ സന്ദേഹങ്ങൾക്ക് മുകളിലൂടെ വണ്ടി പതുക്കെ ഓടി തുടങ്ങി. അന്നേരമാണ് അയാൾ ഫോണിൽ സംസാരിച്ചുകൊണ്ട് ഏതോ കോണിൽ നിന്ന് ഓടിവന്ന് ട്രെയിനിൽ കയറിയത്. അയാളെ കണ്ടതും എന്തെന്നില്ലാത്ത ഒരാശ്വാസത്തിൽ അവർ ശ്വാസം വിട്ടു. ഓടിവന്ന അണപ്പിൽ അയാൾ വാതിലിനരികെത്തന്നെ നിന്നു കൊണ്ട് സംസാരിക്കുന്നത് ഇരുവരും കാതുകൂർപ്പിച്ചു ശ്രദ്ധിച്ചു.
‘നീ ഇതെന്നോട് ചെയ്യരുതായിരുന്നു. എത്ര ആഗ്രഹിച്ചിട്ടാണ്…നീ പറയുന്നത് എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല, നിനക്ക് മാത്രമല്ല കുടുംബമുള്ളത്, എനിക്കും ഉണ്ട്, അതു നീ മനസ്സിലാക്ക്. ഇതൊക്കെ അറിഞ്ഞിട്ടു തന്നെയല്ലേ നമ്മൾ സ്നേഹിച്ചത്? നീയും കൂടി പറഞ്ഞിട്ടല്ലേ ആദ്യമായി ഒന്നു കാണാൻ വേണ്ടി… വേണ്ട… വേണ്ട… എനിക്കിനി ഒന്നും കേൾക്കണ്ട. ഞാനിനി നിന്നെ വിളിക്കില്ല. ബൈ…’
ഫോൺ വച്ച് കഴിഞ്ഞും അയാൾ വാതിൽക്കൽ തന്നെ നിന്നു.
‘എടോ ഇങ്ങോര് ഇനി വല്ല സാഹസവും കാണിക്കോ? എന്തോ ലവ് കേസ് ആണ്. ഓള് പറ്റിച്ചു തോന്നുന്നു’ അന്ന ഇഷയെ നോക്കി.
‘നീ വാ, നമുക്ക് കൈ കഴുകാൻ എന്ന വ്യാജേന അവിടെപ്പോയി നില്ക്കാ’
അതും പറഞ്ഞ് അവർ രണ്ടുപേരും ഡോറിനടുത്തേക്ക് നടന്നു.
അവർ വിശദമായി കൈ കഴുകി, ബാത്റൂമിൽ പോവാൻ കാത്തുനിൽക്കുന്ന പോലെ ഇടനാഴിയിൽ തന്നെ നിന്നു. അവരുടെ കലപില സംസാരം കേട്ട് അയാൾ വാതിൽക്കൽ നിന്ന് പിൻവാങ്ങി സീറ്റിൽ പോയിരുന്നു. അല്പനേരം കൂടി കഴിഞ്ഞാണ് ഇഷയും അന്നയും അകത്തേക്ക് പോയത്. അയാൾ സീറ്റിൽ തലചായ്ച്ചു കണ്ണടച്ചു കിടക്കുകയായിരുന്നു. ഇഷയ്ക്ക് അന്നേരം അയാളെ ഒന്ന് ഹഗ് ചെയ്യണമെന്ന് എന്തിനെന്നില്ലാതെ തോന്നിയത് അവൾ അന്നയോട് പറഞ്ഞില്ല.
അന്നാണ് നീയെന്നെ ആദ്യമായി ചുംബിച്ചത്, അമരാ നീയതൊക്കെ മറന്നു പോയിക്കാണും അല്ലേ. വഴിയിൽ ആരോ ഉപേക്ഷിച്ച ഉന്ന കിടക്ക, പിന്നിക്കീറിയ അതിൽനിന്നും പറന്നു പോവുന്ന ഉന്നം, അതെന്റെ ഉടലാണെന്നു തോന്നുന്നു. എന്നിൽ നിന്നും ഊർന്നു പോയ എന്തൊക്കെയോ, എന്നിട്ടും ഞാൻ ശേഷിക്കുന്നുണ്ട്. നീ ചുംബിച്ച ഇടം ഇപ്പോഴും സ്പന്ദിക്കുന്നുണ്ട്, നിന്നെയോർക്കുമ്പോഴൊക്കെ എനിക്കവിടം പൊള്ളുന്നുണ്ട്, വയറിൽ എന്തൊക്കെയോ ഉരുണ്ടു കയറുന്നുണ്ട്. അന്നത്തെ രാത്രിയിൽ പുറകിലൂടെ ചേർത്തുപിടിച്ചു നീ മുത്തമിട്ട പിൻകഴുത്ത്. എത്ര ചുണ്ടുകൾ തൊട്ടിരിക്കാം പിന്നെ, എനിക്ക് എണ്ണമില്ല, കിടക്കകൾ കണക്ക് വയ്ക്കാറില്ലാത്ത പോലെ. അവർ പിടിച്ചുവലിച്ചു കൊണ്ടുപോയ നാൾ ഓർമ്മയുണ്ട്, തലയ്ക്ക് പുറകിലേറ്റ അടിയിൽ വട്ടം കറങ്ങി വീഴുമ്പോൾ ചുറ്റിലും വെറിപൂണ്ട കണ്ണുകൾ കൊത്തിവലിക്കുന്നുണ്ട്. പിന്നെ ഓർമ്മ വരുമ്പോൾ തുപ്പലും രക്തവും രേതസ്സും കൂട്ടിക്കുഴച്ച ആട്ട പോലുള്ള എന്റെ ദേഹമുണ്ട്. വേദനയായിരുന്നു അമരാ , നിന്നിൽ നിന്നു പറിഞ്ഞു പോരുമ്പോൾ മനസ്സ് മുറിഞ്ഞതു പോലുള്ള വേദന.
അപ്പാവുടെ ജോലികൾ തീരാത്തതുകൊണ്ട് വണ്ടി പിടിക്കാനായില്ല. ഞങ്ങൾക്ക് ആ ദിവസം ഗണേശന്റെ വീട്ടിൽ തങ്ങേണ്ടി വന്നു. ഒരുപാട് കറങ്ങി നടന്നിരുന്നു അന്ന്. രാമതീർത്ഥം, രാമനാഥ സ്വാമി കോവിൽ, അഗ്നി തീർത്ഥം, പെണ്ണിന് വഴിനീളെ കൊറിക്കാൻ എന്തൊക്കെയോ വാങ്ങിയിരുന്നു. പാവം, എല്ലാം ഗണേശന്റെ കാശായിരുന്നു. സന്ധ്യക്കാണ് ഞങ്ങൾ തിരിച്ചെത്തിയത്. കിടക്കാൻ നേരത്ത് കാലും മുഖവും കഴുകാനാണ് അവളുടെ കൂടെ പോയത്, പുറത്തായിരുന്നു ശുചിമുറി. അന്നേരമാണ് ഞാനവളെ ചേർത്തുനിർത്തി ഉമ്മ വച്ചത്. അദീപാ എത്രയായിരുന്നു നമുക്കന്നു പ്രായം, പതിമൂന്നോ പതിനാലോ. തിരിച്ചു നടക്കുമ്പോൾ നീയെന്റെ കൈകൾ കോർത്തു പിടിച്ചിരുന്നു. അതായിരുന്നു അവസാനവും, പിന്നീട് നീയെന്നോട് മിണ്ടിയിട്ടില്ല. നാളുകൾ കഴിഞ്ഞ് മാമാവോടൊപ്പം ലങ്കയിലേക്ക് പുറപ്പെടുമ്പോൾ നീയെന്റെ കണ്ണുകളിലേക്ക് ഏറെനേരം നോക്കിയിട്ടുണ്ട്, ഒന്നും പറയാതെ. അത് ഞാനറിയുന്ന അദീപയല്ലായിരുന്നു.
വണ്ടി കോയമ്പത്തൂർ സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് കല്യാണിയുടെ ഫോൺ വന്നത്. ഈറോഡ് എത്താൻ കഷ്ടിച്ചു ഒന്നര രണ്ടു മണിക്കൂർ കാണും എന്നവൾ പറഞ്ഞു. കയറിയിരുന്നപ്പോൾ തൊട്ട് വാ പൂട്ടിയിട്ടില്ലാത്ത ഇഷയും അന്നയും അത്ര ദൂരം വന്നത് തന്നെ അറിഞ്ഞമട്ടില്ലായിരുന്നു . അവർ കല്യാണിയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയാൾ ബാഗുമെടുത്ത് ഇറങ്ങിപ്പോയത്.
‘അയാൾ എങ്ങോട്ടാവും പോയത് അന്ന?’
‘ എന്തോ പ്രശ്നമുണ്ട്, ആൾ ആകെ അപ്സെറ്റ് ആണ്’
‘മ്.. പ്രേമം ആവോ? ഈ പ്രായത്തിലൊക്കെ?’
‘പിന്നേ വയസ്സ് നോക്കീട്ടല്ലേ. എന്തോന്നെടേ?’
‘അപ്പോ നമുക്കൊക്കെ കുറേക്കാലത്തേക്ക് സ്കോപ്പ് ഉണ്ടല്ലേ’
‘ഇച്ചാ , സത്യം പറ, എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടല്ലോ.’
‘ഒന്നുപോയേ, എന്തോന്ന് പ്രേമം. വീട് വല്ലാത്ത ട്രാപ് ആണെടോ. നമുക്കൊന്നിനും നേരം തരില്ല. ഏറിവന്നാൽ വാട്ട്സാപ്പിൽ കുറേ മെസ്സേജ് അയക്കാം. എവിടെ വച്ചു കാണാനാ നമ്മളൊരാളെ? ഇപ്പോ തന്നെ നോക്ക്, അയാൾക്ക് ഈസിയായി ഇറങ്ങി വരാൻ പറ്റിയ പോലെ ആ സ്ത്രീക്ക് സാധിച്ചോ?’
‘അയാൾ സംസാരിച്ചത് ഒരു സ്ത്രീയോടാണ് എന്ന് നമ്മൾ തീരുമാനിച്ചതല്ലേ? അതൊരു ആണായിക്കൂടെ? പിന്നെ ഇയാൾ എളുപ്പത്തിൽ ഇറങ്ങിവന്നു എന്നും നമുക്ക് ഉറപ്പില്ലാലോ. We just assumed’
‘അതും ശരിയാണ്’.
രണ്ടുപേരും അവരുടെ ചിന്താ വഴികളിൽ അയാളെ അല്പനേരം പിന്തുടർന്നു
‘ഈ തേങ്ങാക്കൊത്ത് എണ്ണയിൽ വഴറ്റിയിട്ടാണോ ഇടുക? ഞാൻ ഒരിക്കൽ ഉണ്ടാക്കി നോക്കിയതാ, മൂപ്പർക്ക് ഇഷ്ടായില്ല, തേങ്ങാ കടിക്കുന്നു പറഞ്ഞ്. പണ്ട് ചുക്കപ്പം ഉണ്ടാക്കുമ്പോ ഉമ്മ ബീഫ് ഉണക്കി വച്ചത് ചേർക്കും. സൂപ്പർ ടേസ്റ്റാ’
‘നീ വിന്താലു ട്രൈ ചെയ്ത് നോക്ക്, റെസിപ്പി ഞാൻ തരാ. പോർക്ക് ആണ് ബെസ്റ്, അതുപിന്നെ നിങ്ങൾക്ക് പറ്റില്ലാലോ’
‘ദാ കല്യാണി വിളിക്കുന്നു’, ഇഷ ഫോണെടുത്തു. ‘ഏതു സ്റ്റേഷനാ കഴിഞ്ഞതെന്ന് ശ്രദ്ധിച്ചില്ല മോളെ, ആണോ… ആ ഓക്കേ ഓക്കേ…ഏതു പ്ലാറ്റ്ഫോമിലാ? ശരി, ഞങ്ങൾ ഫസ്റ്റിലേക്ക് വരാം. ഇറങ്ങീട്ടു വിളിക്കാം’.
‘പെട്ടീം കിടക്കേം എടുത്തോ അന്നമ്മോ, എത്താറായിന്നു. ലഗേജ് ഉണ്ടെങ്കിൽ ലിഫ്റ്റ് എടുത്തോളാൻ പറഞ്ഞു, ഓള്’
കല്യാണി അവരെക്കാത്ത് സ്റ്റേഷനിൽ നിൽപ്പുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയത്രയും, വീടെത്തിയും, ഉറക്കത്തിലേക്ക് വഴുതി വീഴുന്നതുവരെയും അവർ പിന്നെ വാ പൂട്ടിയിട്ടില്ല.
പുലർകാല മഞ്ഞിൽ നീണ്ട പാതകൾ കുളിർത്തു കിടന്നു, ഇരുഭാഗങ്ങളിലുമുള്ള മരങ്ങൾ ഉറക്കം വിട്ടുണരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു പെൺ യാത്രയുടെ എല്ലാ രസങ്ങളും ഉണ്ടായിരുന്നു, തോന്നിന്നിടത്തു നിർത്തുക, ഫോട്ടോയെടുക്കുക, ചിലച്ചുകൊണ്ടേയിരിക്കുക, അങ്ങനെയങ്ങനെ. മൂത്രമൊഴിക്കൽ മാത്രമായിരുന്നു ഏക പ്രശ്നം. അവസാനം ഇഷ ഒരു പ്രമേയം പാസ്സാക്കി, എപ്പോൾ മുട്ടുന്നുവോ അപ്പോൾ കാണുന്നിടത്ത് നമ്മൾ കാര്യം സാധിക്കും, നോ പിടിച്ചുവയ്ക്കൽ. ടോയ്ലെറ്റിന്റെ വൃത്തി എന്നുള്ളതിനെ നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു, സായിപ്പിന്റെ പാത്രം ആണെങ്കിൽ ഒരിക്കലും ചന്തി വയ്ക്കരുത്, യൂറിനറി ഇൻഫെക്ഷൻ എപ്പോൾ കിട്ടീന്നു ചോദിച്ചാൽ മതി. കണ്ണടയ്ക്കുക, നിലത്തിരിക്കുക, കാര്യം കഴിക്കുക. കുഴലില്ലാത്ത നമ്മൾ ഇതിനെ അതിജീവിക്കും.
കണ്ണുക്ക് മൈ അഴക്, കവിതൈക്കു പൊയ് അഴക്
കന്നത്തിൽ കുഴി അഴക്, കാർകൂന്തൽ പെൺ അഴക്
അന്ന പാട്ടിന്റെ കൂടെ മൂളാൻ തുടങ്ങി. തിരക്കില്ലാത്ത, കുണ്ടും കുഴിയുമില്ലാത്ത അസ്സൽ റോഡ്. പശുക്കൾ മാത്രം സ്വൈര്യവിഹാരം നടത്തുന്നു, ഏതു വണ്ടിയായാലും ഉള്ള ഗ്യാപ്പിൽ നോക്കീം കണ്ടും പൊയ്ക്കോ എന്ന മട്ട്.
‘ബന്ധുക്കൾ ഭരിക്കുമ്പോ പശുക്കൾക്ക് നടുറോഡിലും നില്ക്കാലോ’ എന്ന ഇഷയുടെ കമന്റ് കല്യാണിക്ക് അത്ര ബോധിച്ചില്ല.
‘ അവർക്കും ജീവിക്കേണ്ടെടോ’
തേങ്ങാക്കൊത്തിട്ട ബീഫ് മുഴുവൻ തൂറി പോവാത്തതു കൊണ്ട് അന്ന പാട്ടിൽ തന്നെ തുടർന്നു. സ്ഥലം മാറിയാൽ, നന്നേ കാലത്ത് ഒക്കെ കക്കൂസിൽ പോക്ക് എന്നും ഒരു പ്രശ്നമാണല്ലോ തനിക്ക്, രാമേശ്വരം എത്തുന്നവരെ ആവിധ ചിന്തകൾ വയറിനെ ബാധിക്കല്ലേ എന്ന പ്രാർത്ഥനയിൽ അവൾ തല്ക്കാലം രാഷ്ട്രീയം വിട്ടു.
‘കന്നത്തിൽ മുത്തമിട്ടാൽ വയ്ക്ക്’, ഇഷയും രാഷ്ട്രീയം വിട്ടു.
‘അയ്യോ ഇതുമതി, നല്ല പാട്ടല്ലേ’
‘അതല്ല അന്നമ്മോ, നമ്മൾ ധനുഷ്കോടി പോവല്ലേ, അപ്പോ അതല്ലേ അതിന്റെ ഒരു മൂഡ്. ആ മുനമ്പിൽ പോയി നിന്നു നമുക്ക് വെള്ളൈ പൂക്കൾ പാടണം. വീഡിയോയും ചെയ്യാ’
‘ഹോ! മാധവൻ!’
കണ്ണാടിയുടെ മുൻപിൽ നിന്ന് മുടി പറ്റെ വെട്ടുകയായിരുന്നു അദീപ. താഴെ വീണ മുടിച്ചുരുളുകൾ തിരയടിക്കും പോലെ ഓർമ്മകൾ കൊണ്ടുവന്നു. താത്തി എപ്പോഴും പറയും ഈ പെണ്ണ് തിന്നുന്നതൊക്കെ മുടിയിലേക്കാണ് പോവുന്നതെന്ന്. അമരാ നീ പറയും എന്റെ തല നിറച്ചും ചേറാണ്, മുടി ഇത്ര തഴച്ചു വളരാനെന്നു. കാൽമുട്ടുവരെ മുടി കാലനെന്ന് അപ്പുറത്തെ പാട്ടി പ്രാകുന്നത് ഓർമ്മയുണ്ടോ? ഞാനവരെ കൊഞ്ഞനം കുത്തും. പെണ്ണിൻ അഴക്! ബുദ്ധൻ പോലും പെണ്ണിന്റെ മുടിയെ ഭയന്നിട്ടുണ്ട്, അമ്രപാലിയുടെ മുറിച്ചിട്ട മുടിയിൽ ബുദ്ധൻ നിൽക്കുന്നത് കണ്ടിട്ടില്ലേ. നര വീണു തുടങ്ങിയെങ്കിലും ഇപ്പോഴും മുറ്റ് പോയിട്ടില്ല, പക്ഷെ ഗുണ, അവൻ ചില നേരങ്ങളിൽ മുടി ചുഴറ്റിപ്പിടിച്ചാണ് എന്റെ മുഖം മതിലിൽ ചേർക്കുന്നത്. അവന്റെയുള്ളിലെ പറയാനാവാത്ത വാക്കുകളും വിചാരങ്ങളും ഇങ്ങനെയൊക്കെയാവും പ്രകടിപ്പിക്കുക. മിക്ക സമയവും അവൻ ഒരേ കിടപ്പാണ്, വായിൽ നിന്നൂറുന്ന കേല പോലും തുടക്കാനാവാതെ. അമരാ നീയെന്താണ് എന്നെ തേടി വരാതിരുന്നതെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നിന്നോട് ഒരുവാക്ക് പോലും മിണ്ടാതെ വന്നതു കൊണ്ടാണോ? അല്ലെങ്കിലും നീ എന്നെ എവിടെ കണ്ടെത്താനായിരുന്നു? നമുക്ക് വിലാസങ്ങൾ ഇല്ലായിരുന്നല്ലോ. മാമാവോടൊപ്പം ലങ്കയിലേക്ക് പോരുമ്പോൾ പറിഞ്ഞു പോയ വേരുകൾക്ക് എന്റെ ശബ്ദം തർപ്പണം ചെയ്താണ് പോന്നതെന്നു തോന്നുന്നു. എനിക്കാരോടും മിണ്ടാനില്ലായിരുന്നു, ഒന്നും പറയാൻ ബാക്കിയില്ലായിരുന്നു. ഉള്ളിലുള്ള ശൂന്യത ഞാൻ നിന്നോട് മാത്രം പറഞ്ഞുകൊണ്ടേയിരുന്നു. നീ കേട്ടിരുന്നുവോ അമരാ എന്നെ? ആ വർഷത്തിന്റെ ബാക്കിയത്രയും ഞാനാ കുഞ്ഞുവീട്ടിലെ ഏതെങ്കിലും മുറിയിൽ ചുരുണ്ടുകൂടിയിരുന്നു. മാമ, മാമി, മക്കൾ എല്ലാവർക്കുമിടയിൽ ചില നേരങ്ങളിൽ എനിക്ക് എന്നെ തന്നെ കാണാതായിരുന്നു. പിറ്റത്തെ കൊല്ലം മാമ എന്നെ സ്കൂളിൽ ചേർത്തു. അന്നേരമാണ് ഞാൻ നോട്ടുബുക്കിൽ നിറയെ കവിത എഴുതി തുടങ്ങിയത്. എന്റെ ചുറ്റിലുമുള്ളതിനോട് ഞാൻ അങ്ങനെയാണ് മിണ്ടിയത്. ആദ്യത്തെ അടി ക്ലാസ് ടീച്ചറിന്റെ, പിന്നെ പ്രിൻസിപ്പാൾ, ശേഷം എത്ര അടികൾ. കണക്കുകളൊക്കെ എന്നോ കൈമോശം വന്നിരിക്കുന്നു. കവിതകൾ അച്ചടിച്ചു വരാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. എന്റെ മേൽ വീഴുന്ന അടികൾ എന്നെ വേദനിപ്പിക്കാതെയായിരുന്നു. ആദ്യമായി പട്ടാള വണ്ടി വീടിനു മുൻപിൽ വന്നു നിന്നതോർക്കുന്നു. മാമ അവരുടെ കാൽക്കൽ വീണതും. അന്ന് മാമി എന്നെ മനസ്സറിഞ്ഞു ശപിച്ചു, വെറുതെയല്ല ഒരു കുടുംബം മുഴുവൻ വെള്ളത്തിൽ വിറങ്ങലിച്ചു പോയത്, കാലന്റെ ജാതകം എന്നെല്ലാം അവർ വിളിച്ചു പറഞ്ഞിട്ടുണ്ട്. മൂന്നു പെൺകുട്ടികളുള്ള ഒരമ്മയ്ക്ക് ശപിക്കാൻ മാത്രമേ ആവുകയുള്ളൂ ആ നാട്ടിൽ. പിറ്റേന്നാണ് എന്റെ പലായനം തുടങ്ങുന്നത്. ഹോസ്റ്റലുകൾ, ഏതൊക്കെയോ തുരുത്തുകൾ, കവിത വായിച്ചു പൊള്ളിയവർ ഒരുക്കിത്തന്ന ഇടങ്ങൾ. എന്റെ ഈ വീണു കിടക്കുന്ന മുടിച്ചുരുൾ കൂട്ടിപ്പിടിച്ചാണ് അവരെന്നെ പട്ടാള ജീപ്പിലേക്ക് വലിച്ചിട്ടത്. വലതു കൈയിലെ രണ്ടു വിരലുകൾ തിരിച്ച് ഈ കൂരയിൽ കൊണ്ടിടുമ്പോൾ ഇല്ലായിരുന്നു. പറഞ്ഞില്ലാലോ, ഇതവർ ഒരുക്കിത്തന്ന വീടാണ്, അല്ല, ജയിൽ, ഇവിടം വിട്ടുപോവാൻ എനിക്ക് അനുവാദമില്ല. എന്റെ അലസിപ്പോയ കവിതയാണ് ഗുണ.
ഉച്ചതിരിഞ്ഞാണ് അവർ രാമേശ്വരം എത്തിയത്. ബുക്ക് ചെയ്ത ഹോട്ടൽ കണ്ടുപിടിക്കാൻ ഇത്തിരി ചുറ്റേണ്ടി വന്നു. മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്ന വഴി, മര്യാദയ്ക്ക് ഒരു ബോർഡും ഇല്ലായിരുന്നു. ഡ്രൈവ് ചെയ്തതു കൊണ്ട് നേരിയ തലവേദനയുണ്ട്, നിങ്ങൾ വന്ന ആവേശത്തിൽ രാത്രി ശരിക്ക് ഉറങ്ങിയതുമില്ല, ഒരു പത്തു മിനിറ്റ് കിടക്കട്ടെ പറഞ്ഞു കല്യാണി. ഇഷയും അന്നയും കുളിച്ചു ഫ്രഷ് ആയി കാണേണ്ട സ്ഥലങ്ങൾ ഗൂഗിൾ ചെയ്ത് ലിസ്റ്റ് ഉണ്ടാക്കി വച്ചു. അന്ന സ്കർട്ട് ഇട്ടതു കണ്ടപ്പോൾ തനിക്കും എടുക്കായിരുന്നു, ഇയ്യൊന്നു പറയണ്ടേ എന്നായി ഇഷ. ഒരു കാപ്പിയും കുടിച്ച് അവർ ഇറങ്ങുമ്പോൾ മൂന്നു മണി കഴിഞ്ഞു.
‘നീലയുടെ രണ്ടുടൽ, നടുക്ക്, കറുത്ത പട്ടുനാടപോൽ ഈ വീഥി, അരികുകളിൽ തൊങ്ങൽ പോലെ വെളുത്ത പഞ്ചാര മണൽ,
ആഹാ! ഒരു ഏരിയൽ ഷോട്ട് കിട്ടിയിരുന്നേ തകർത്തേനെ’, ഇഷ ക്യാമറയും ഫോണും മാറിമാറി ക്ലിക്ക് ചെയ്തുകൊണ്ട് പറഞ്ഞു
‘മിസ് കൂറ കവി, ചില വിയോജനങ്ങൾ അറിയിക്കട്ടെ, കടൽ ഒരുഭാഗത്ത് പച്ചയാണ്, പിന്നെ ഈ പട്ടുനാട, തൊങ്ങൽ ആദിയായവ കാല്പനിക ക്ളീഷേ ആണ്, മാറ്റിപ്പിടിക്കൂ’ അന്നയും വിട്ടില്ല.
ധനുഷ്കോടി അടുക്കുംതോറും വിവരിക്കാനാവാത്ത ഭംഗിയിൽ ഭൂമിയുടെ ഒരു നീളൻ കഷ്ണം അവർക്കു മുൻപിൽ വിരിഞ്ഞു കിടന്നു.
‘ അയ്യോ ദാ ബോട്ട്, വണ്ടി നിർത്ത് ഫോട്ടോ എടുക്കാം’, ധനുഷ്കോടി എന്നു കേൾക്കുമ്പോൾ ഇഷയുടെ മനസ്സിലേക്ക് ആദ്യം വരുന്ന ചിത്രം അതായിരുന്നു.
‘അതൊക്കെ തിരിച്ചു വരുമ്പോ, അഞ്ചു മണി കഴിഞ്ഞാൽ മുനമ്പിലോട്ട് കടത്തിവിടില്ല’, വേഗം കാറോടിച്ചു കൊണ്ട് കല്യാണി തീർപ്പുകല്പിച്ചു.

ആവേശത്തോടെ ചെന്നെത്തുമ്പോൾ അവിടെ നിറയെ വാഹനങ്ങൾ കണ്ടു, കയറുകെട്ടി തിരിച്ച ഒരിടത്ത് പാർക്ക് ചെയ്തിരിക്കുന്നു. അതിനപ്പുറത്തേക്ക് വണ്ടി വിടില്ല, സമയം കഴിഞ്ഞുവെന്ന് ആരോ പറഞ്ഞു. അസ്തമയ നഷ്ടത്തിൽ തെല്ലൊന്നു നിരാശപ്പെട്ടെങ്കിലും, ‘അതിനെന്താ നാളെ നമുക്ക് ഉദയം കാണാലോ’ എന്നും പറഞ്ഞ് അവർ പ്രേതനഗരത്തിൽ ചുറ്റിക്കറങ്ങി. അന്നയാണ് കഷ്ടപ്പെട്ടുപോയത്, കാറ്റ് അവളുടെ പാവാടയെ പറിച്ചെടുത്ത് ഓടാൻ വെമ്പി. ഹാലിളകിയ പാവാടയെ മെരുക്കി അവൾ കുഴഞ്ഞു. പള്ളി, റെയിൽവേ സ്റ്റേഷൻ, ഹോസ്പിറ്റൽ അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ നടന്നു,
‘ഇതൊക്കെ ശരിക്കും ബാക്കിയായവ തന്നെയാണോ? അതോ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഒണ്ടാക്കി വച്ചതാവോ? സിനിമയിൽ സെറ്റ് ഇട്ടപോലെയില്ലേ ചിലത് കാണുമ്പോൾ?’
‘എനിക്കും തോന്നി അന്നാ അത്, എന്തായാലും ഭീകരംതന്നെ അല്ലേ, ഒരു നഗരം മുഴുവൻ ഒറ്റരാത്രി കൊണ്ട് ഇല്ലാതാവുക. എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാതെ മരണത്തിലേക്ക്.’ മ്…ആലോചിക്കാൻ വയ്യ ഇഷാ’
‘അല്ല, തിരിച്ചു പോവണ്ടേ? ഇന്നിനി വേറെ ഒന്നും കാണൽ നടക്കൂല, രാമനാഥസ്വാമി ക്ഷേത്രത്തിൽ പോവാം, നടക്കാനുള്ള ദൂരമേയുള്ളൂ എന്നാ റിസപ്ഷനിസ്റ്റ് പറഞ്ഞത്’
റോഡരികിൽ വിൽക്കാൻ വച്ച, ഉപ്പും മുളകും വിതറിയ മാങ്ങ നുണഞ്ഞുകൊണ്ടാണ് അവർ കാറിൽ വന്നിരുന്നത്. ഓലമേഞ്ഞ ചെറിയ ഹോട്ടലിൽ ഒരു ചേച്ചി മീൻ പൊരിക്കുന്നുണ്ടായിരുന്നു. കാർ സ്റ്റാർട്ട് ആവുന്നില്ല. കല്യാണി ആകെ പരിഭ്രമിച്ചു. ഹെഡ്ലൈറ്റ് ഇട്ടുവച്ചായിരുന്നു അവർ ഇറങ്ങിപ്പോയത്. ബാറ്ററി ഡൗൺ ആയതാണ്. അവിടെ പാർക്ക് ചെയ്തിരുന്ന വണ്ടികൾ മിക്കതും മടങ്ങിപ്പോയിട്ടുണ്ട്. നേരം ഇരുട്ടി വരുന്നു, മഴയുടെ മൂടലിൽ ഒന്നുകൂടി ഇരുണ്ട പോലെ. ഫോണിൽ റേഞ്ചും കിട്ടുന്നില്ല. കല്യാണി കരയുന്ന മട്ടായി
‘ഇയ്യ് ബേജാറാവല്ലേ, ഇവിടെ ഫാമിലി ആയിട്ട് ആൾക്കാർ താമസിക്കുന്നില്ലേ. നമ്മൾ ഏതെങ്കിലും വണ്ടിയിൽ കയറി ഹോട്ടലിൽ പോവും, രാവിലെ ഒരു മെക്കാനിക്കിനെ കൂട്ടി വരും, അത്രന്നെ’, ഇഷ ധൈര്യം പകർന്നു.
‘എടോ നോക്ക്, ആ വാൻ കേരള രജിസ്ട്രേഷൻ ആണ്, അയാളോട് ഹെല്പ് ചോദിക്കാം’ എന്നും പറഞ്ഞ് അന്ന ഇറങ്ങി നടന്നു.
അയാൾ വേഗം സഹായത്തിനു വന്നു, അവിടെയുള്ള ആരോടൊക്കെയോ സംസാരിച്ച് വേറെ ബാറ്ററി കൊണ്ടുവച്ച് കാർ സ്റ്റാർട്ട് ആക്കി. തിരിച്ച് വണ്ടിയിൽ ഇരിക്കുമ്പോൾ അന്ന പറഞ്ഞു, ‘വണ്ടി നന്നാക്കുമ്പോ അവര് പറഞ്ഞത് കേട്ടോ? കേരള പൊണ്ണുങ്ങൾ റൊമ്പ അഴക്, റൊമ്പ സ്മാർട്ട് എന്ന്’
‘അതിനെന്താടോ, നമ്മൾ പൊളിയല്ലേ’ എന്ന് ഇഷയും.
അദീപാ നിനക്കു മാത്രമല്ലാലോ വേരറ്റു പോയത്. അപ്പ പിന്നെ ഒരിക്കലും ആ ദിക്കിലേക്ക് പോവാനിഷ്ടപ്പെട്ടില്ല. കുറേ നാളുകൾ ഗണേശന്റെ വീട്ടിൽ, പിന്നെ ഒരു കൊച്ചു വാടക വീട്. അപ്പ പതിയെ പതിയെ പുറത്തിറങ്ങുന്നത് നിർത്തി, വരാന്തയിലിട്ട ചൂടിക്കട്ടിലിൽ ചുരുണ്ടുകൂടി. അങ്ങനെയാണ് ഞാൻ പണിക്ക് പോവാൻ തുടങ്ങിയത്. സ്കൂളും അതുകഴിഞ്ഞുള്ള ജോലിയും, മനസ്സിൽ ആകെയുണ്ടായിരുന്നത് രണ്ടു വയറുകൾ, അതിനു മുകളിലൊരു കൂര, പിന്നെ നീ. എന്നെങ്കിലും ഞാൻ നിന്നേയോ നീ എന്നേയോ തേടിവരുമെന്നുറപ്പിച്ച്. അതിനിടയിൽ കാലമെത്ര പോയി? എനിക്കറിയില്ല. ഒന്നും ഓർക്കാനാവുന്നില്ല. അപ്പാ പോയി, ഞാനീ നീല ക്യാബിനിൽ. എത്ര തീവണ്ടികൾ എന്നെ കടന്നുപോയിക്കാണും? ചുറ്റും ഈ നീലയല്ലാതെ, കടലിന്റെയും കാറ്റിന്റെയും വണ്ടിയുടെയും ഇരമ്പമല്ലാതെ ഒന്നുമില്ല. കടലിനും കരയ്ക്കുമിടയിൽ പൊക്കിൾ കൊടിയറ്റ് ശ്വാസം കിട്ടാതെ, നീലിച്ച് ഞാൻ. നമ്മുടെ ഭൂമിയിലേക്ക് പിന്നീട് ആരെല്ലാമോ ചെന്നു ചേർന്നിരിക്കുന്നു. ഇപ്പോഴവിടെ ടൂറിസ്റ്റുകളുടെ തിരക്കാണത്രേ. എത്ര പെട്ടന്നാണല്ലേ ആളുകൾ മറക്കുന്നത്. അവരുടെ കൂരകൾക്കു താഴെ ഒരു നഗരത്തിന്റെ പ്രേത കുടീരം , അവർ ഉണ്ടായിരുന്നേ ഇല്ല എന്ന മട്ട്. പതിഞ്ഞ ഒരു കരച്ചിലെങ്കിലും കേൾക്കില്ലേ ചെവിയോർത്താൽ? കാലങ്ങളായിരിക്കുന്നു ഞാനവിടെ പോയിട്ട്. എന്നാണ് ഞാൻ ഈ ജോലിയിൽ കയറിയത്? പാലം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുമ്പോൾ മുകളിൽ കാഴ്ച കാണാൻ നിൽക്കുന്നവരുടെ ആരവം. ആ കൂട്ടത്തിൽ നിന്ന് അമരാ എന്ന നിന്റെ വിളി മാത്രം ഞാൻ കാതോർക്കുന്നു.
‘അന്നാ നീയാ അലാറം ഓഫ് ചെയ്യുന്നുണ്ടോ? ഇല്ലെങ്കി ആ പണ്ടാരം ഫോൺ ഞാൻ എടുത്ത് ഏറിയും’, പുതപ്പിനുള്ളിലേക്ക് തല പൂഴ്ത്തിക്കൊണ്ട് ഇഷ ഉറക്കത്തിൽ വിളിച്ചുപറഞ്ഞു.
‘ഉദയം കാണാൻ പോവണം പറഞ്ഞിട്ടല്ലേ അലാറം വച്ചത്’ അന്നയും ഉറക്കപ്പിച്ചിൽ പറഞ്ഞു.
‘ഉദയം എല്ലാ നാട്ടിലും ഒരുപോലെ തന്നെയാ, വീട്ടിൽ പോയിട്ട് കാണാം’ പുതപ്പിനുള്ളിൽ പൂണ്ടതിനാൽ ആരാണ് പറഞ്ഞതെന്നറിയാത്ത ഒരശരീരി പോലെ ആ വാചകം കുറച്ചു നേരം മുറിയിൽ തങ്ങിനിന്നു.
അവർ പുറപ്പെടുമ്പോൾ മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.
‘ഇതെന്താ ഈ സമയത്ത് ഒരു മഴ. ഇവിടെ വല്ലപ്പോഴും ആണ് മഴ പെയ്യുക, എന്റെ വീട്ടിൽ കുടപോലും ഇല്ല,’ കല്യാണി പറഞ്ഞു
‘ആകെ ഇന്നലെ രാത്രി അമ്പലത്തിൽ പോയതാണ്, നമ്മൾ വേറെ എവിടേം പോയില്ലാട്ടോ. ശരിക്കും ഒരുദിവസം കൂടി വേണായിരുന്നു’ തുടങ്ങുമ്പോഴേക്കും യാത്ര തീരാറായല്ലോ എന്ന സങ്കടത്തിൽ ആയിരുന്നു അന്ന.
‘ശരിയാ, നമ്മുടെ പ്ലാനിങ്ങ് ശരിയായില്ല, ഒരൂസം കൂടെ നിന്നിരുന്നേ തഞ്ചാവൂരോ, ചെട്ടിനാടോ വഴി പിടിക്കായിരുന്നു’
‘തല്ക്കാലം നീ നേരെയുള്ള വഴി പിടിക്ക്. മുനമ്പ് വരെ പോയി ഫോട്ടോസ് എടുത്ത് വേഗം മടങ്ങുന്നു, വഴീൽ പാമ്പൻ പാലം കാണാൻ നിർത്താം. തിരിച്ചുവന്ന് റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങുമ്പോൾ കലാമിന്റെ വീടും കാണാം. പിന്നെ നേരെ വീട്ടിലേക്ക്. അത്രേ നടക്കൂ’ ഇഷ ഫുൾ പ്ലാൻ പറഞ്ഞു.
തലേ ദിവസം വണ്ടി പാർക്ക് ചെയ്ത ഇടത്തിൽ എത്തിയപ്പോൾ അവിടെ കയർ കെട്ടിവച്ചു വഴി അടച്ചിട്ടുണ്ട്, അവിടുന്നങ്ങോട്ട് വണ്ടി വിടില്ലാത്രേ, നടന്നു പോവാം, രണ്ടു കിലോമീറ്ററുണ്ട് അരിച്ചാമുനൈ വരെ എന്നൊരാൾ പറഞ്ഞു. ഈ പെണ്ണുങ്ങൾ പിന്നേം വന്നോ എന്നൊരു ഭാവം അയാളുടെ മുഖത്തില്ലേ എന്നൊരു സംശയം ഇവർക്ക് തോന്നി. അത്രേം ദൂരം നടക്കണോ എന്നായി. കാലത്തേ ആയതുകൊണ്ടാവാം വേറെ വാഹനങ്ങൾ ഒന്നും ഇല്ലായിരുന്നു. സേഫ് ആവില്ല നമ്മൾ പെണ്ണുങ്ങൾ മാത്രം എന്ന പേടിയിൽ കല്യാണിയും അന്നയും നിലയുറപ്പിച്ചപ്പോൾ ‘നമ്മളെയൊക്കെ ആര് പിടിച്ചോണ്ട് പോവാനാ, ഇവിടെ വരെ വന്നിട്ട് മുനമ്പ് കാണാതെ പോവുന്ന പ്രശ്നമില്ല’ എന്ന നിലപാടിൽ ഇഷയും ഉറച്ചു നിന്നു. ഏറെ തർക്കങ്ങൾക്കൊടുവിൽ അവർ നടന്നു തുടങ്ങി. ഇടംവലം നോക്കി, ഇടയ്ക്കിടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കിയായിരുന്നു അന്നയും കല്യാണിയും നടന്നത്. ഇഷാ, നമുക്ക് തിരിച്ചു പോവാം എന്നവർ പറയുന്നുമുണ്ടായിരുന്നു. വിജനമായ, അപരിചിത ഇടം, നേരിയ പേടി ഉള്ളിലേക്ക് നാമ്പ് നീട്ടുന്നതിനെ വകഞ്ഞുമാറ്റി ഇഷ നടന്നു, എത്ര പേടിയോടെയാണ് സ്ത്രീ ശരീരങ്ങൾ തങ്ങൾ കൊണ്ടുനടക്കുന്നത് എന്ന വേവലാതിയിൽ പൂണ്ടുപോവില്ലെന്നു സ്വയം ശഠിച്ച്. അല്പ ദൂരം പിന്നിട്ടപ്പോഴേക്കും മുൻപിൽ നടക്കുന്ന ചിലരെ കാണാറായി, പുറകിലും ഒറ്റയ്ക്കും തറ്റയ്ക്കുമായി ആളുകൾ വന്നു തുടങ്ങിയതോടെ എല്ലാവരും ശ്വാസം വിട്ടു. ഇടയ്ക്കൊന്നു ആഞ്ഞുവീശിയ കാറ്റിൽ മണൽത്തരികൾ മുള്ളുപോലെ അവരുടെ ദേഹം വരിഞ്ഞു. ഇഷ കാറ്റിനെ പ്രതിരോധിക്കാൻ കുട നിവർത്തിയതും ചുറഞ്ഞുപിടിച്ച് കാറ്റ് കുടയോടൊപ്പം അവളെ വട്ടം കറക്കി.
‘നീയാ കുട മടക്കുന്നുണ്ടോ? ഇല്ലെങ്കിൽ ലങ്കയിൽ ലാൻഡ് ചെയ്യാം. നിന്റെ കെട്ട്യോൻ രാമസേതു ഒണ്ടാക്കേണ്ടി വരും’, അന്ന ഒരുവിധത്തിൽ കാറ്റിനെ പുറംതള്ളി കുടപൂട്ടാൻ സഹായിച്ചുകൊണ്ട് പറഞ്ഞു.
‘എന്തൊരതിശയം ആണല്ലേ, ഒരുവശത്ത് അലറിക്കരഞ്ഞ് ഉന്മാദിയായ കടൽ. മറുവശത്തു തൊട്ടിലാട്ടം പോലെ പതിഞ്ഞൊരുവൾ. നടുക്കൊരു കഷ്ണം മണ്ണ്’, കല്യാണി അത്ഭുതംകൂറി.
‘അയ്യോ ദാ അങ്കിൾ’, അന്ന പൊടുന്നനെ ഒച്ചയിട്ടു
‘എവിടെ, എവിടെ?’ അന്ന കൈചൂണ്ടിയ ദിക്കിലേക്ക് നോക്കി ഇഷ വ്യഗ്രതപ്പെട്ടു. ‘നമുക്ക് പോയി ഹായ് പറഞ്ഞാലോ?’
‘എന്നാത്തിന്? നീയൊന്നു ചുമ്മായിരുന്നേ’, അന്ന അവളേയും വലിച്ചു നടക്കാൻ തുടങ്ങി, കൂട്ടത്തിൽ കഥയൊന്നുമറിയാതെ പകച്ചു നില്ക്കുന്ന കല്യാണിയേയും.
അയാൾ അന്നേരം എങ്ങോട്ടോ നോട്ടംപായിച്ച് മണലിൽ ഇരിക്കുകയായിരുന്നു. പിന്നിൽ ഒരു പെൺകൂട്ടം അയാളെക്കണ്ട് ബഹളം വച്ചതൊന്നുമറിയാതെ അയാൾ ഏറെനേരമായി ഫോണിൽ വന്നു കിടക്കുന്ന അവളുടെ സന്ദേശം വായിക്കാനായി എടുത്തു.
‘വിനീ, നീയെന്നോട് പിണങ്ങിയിട്ടുണ്ടാവുമെന്ന് എനിക്കറിയാം. നമ്മൾ രണ്ടുപേരും അത്രയും ആഗ്രഹിച്ച്, ഒന്നിച്ചെടുത്ത തീരുമാനമാണ്. അതിൽ നിന്ന് ഇന്ന് കാലത്ത് ഒരു മുന്നറിയിപ്പുമില്ലാതെ ഞാൻ പിൻവാങ്ങിയത് നിന്നെ എത്ര മുറിപ്പെടുത്തിക്കാണും എന്നെനിക്ക് ഊഹിക്കാം, ആ വേദന എന്റേതുകൂടി ആയതുകൊണ്ട്. നിനക്കറിയോ, ഇന്നലെ വൈകുന്നേരം, ഒരുപാട് തവണ ഒരുക്കിയ പെട്ടി ഞാൻ വീണ്ടും ഒതുക്കി വയ്ക്കുകയായിരുന്നു. നിനക്ക് പ്രിയപ്പെട്ട നീല നിറത്തിലുള്ള കുപ്പായം മുകളിൽ എടുത്തുവയ്ക്കുമ്പോഴാണ് പരിഭ്രമിച്ച മുഖത്തോടെ മകൾ അടുത്തുവന്നു നിന്നത്. അവൾ വയസ്സറിയിച്ചിരിക്കുന്നു! അവളേക്കാൾ അമ്പരപ്പിൽ ഞാൻ നിന്നു, അവളുടെ അമ്മയ്ക്കാണ് വയസ്സ് തെറ്റിയത് എന്നോർത്തുകൊണ്ട്…’
ബാക്കി വായിക്കാതെ അയാൾ ഫോൺ മണ്ണിലേക്കിട്ടു. പിന്നീട് എന്തോ ഓർത്തെന്നപോലെ എഴുന്നേറ്റ് നടന്നു, അവളെ ചേർത്തു പിടിച്ച് ചുംബിക്കാനാഗ്രഹിച്ച മുനമ്പിലേക്ക്, കലപില ചിലച്ചു കൊണ്ടു നടക്കുന്ന പെൺകൂട്ടത്തിനു പിന്നിലായി.
എത്താറായി എത്താറായി എന്നു ഭ്രമിപ്പിച്ചുകൊണ്ട് ഒരു മുനമ്പ് അവരുടെ നോട്ടത്തിന്റെ തുഞ്ചത്ത് ഞാത്തിയിട്ട പോലെ കിടന്നു. പക്ഷെ, അവരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന കാഴ്ചയാണ് അവിടെ കാത്തിരുന്നത്. സിനിമയിൽ കണ്ടുമോഹിച്ച മുനമ്പിനു പകരം വട്ടത്തിൽ മതിലുകെട്ടി തിരിച്ച ഒരിടം, ഒന്നു കാൽ നനയ്ക്കാൻ, നനഞ്ഞ മണ്ണിന്റെ തണുപ്പിലൊന്നു പാദം ചേർത്തുവയ്ക്കാൻ കടലോ കരയോ ഇല്ലാതെ, ആരാന്റെ സ്ഥലത്തേക്ക് സിമെന്റിട്ട മുറ്റത്തു നിന്ന് എത്തിനോക്കുന്ന പോലൊരു കാഴ്ച.
‘ഏതു ബോറനാവും ഇതിങ്ങനെ നശിപ്പിച്ചത്?’ അന്നയ്ക്ക് കലിപ്പുമുട്ടി.
പോലീസ് എയ്ഡ് പോസ്റ്റ് എന്ന ബോർഡ് കണ്ടിടത്തേക്ക് നടക്കുകയായിരുന്നു ഇഷ അപ്പോൾ. അതിനകത്തെങ്കിലും ഒരു ബാത് റൂം കാണാതിരിക്കില്ല എന്ന് അവളുടെ മൂത്രസഞ്ചിയെ ആശ്വസിപ്പിച്ചു കൊണ്ട്. അത് അടച്ചു കിടക്കുന്നത് കണ്ട് അവൾ മാധവനെയും വെള്ളൈ പൂക്കളെയും മറന്നു. ഇത്രയ്ക്കിത്ര ദൂരം തിരിച്ചു നടക്കണല്ലോ എന്ന് വിയർത്തു.
അങ്ങോട്ടു പോയ ആവേശം ഒട്ടുമില്ലായിരുന്നു തിരിച്ചു നടക്കുമ്പോൾ അവർക്ക്.
‘എടോ സമയം നോക്ക്, പന്ത്രണ്ടൊക്കെ എപ്പോഴോ കഴിഞ്ഞു’, കല്യാണി ഫോൺ കൈയിൽ പിടിച്ച് ഹതാശയായി നടന്നു.
അവർ തളർന്നിരുന്നു തിരിച്ചെത്തുമ്പോഴേക്കും. വെള്ളം കൊണ്ടുവന്ന വണ്ടിക്കു മുൻപിൽ കുടങ്ങളുമായി കാത്തു നില്ക്കുന്ന സ്ത്രീകൾ. ചെറിയ കുഴികളിൽ നിന്ന് വെള്ളമെടുക്കുന്ന കുട്ടികൾ.
‘ഈ കുഴീല് ശുദ്ധജലം ഒരത്ഭുതമല്ലേ?’
‘രാമൻ ചവിട്ടിയ മണ്ണല്ലേ’ അന്നയോട് കല്യാണി പറഞ്ഞു.
‘അതോണ്ടാവും പിന്നെ മൊത്തത്തിൽ കടലിൽ മുങ്ങിയത്. ഏതായാലും രാവണന്റെ ലങ്കയ്ക്ക് ഒന്നും പറ്റിയതുമില്ല’ ഇഷ ചെറുതായൊന്നു കോർത്തു.
‘റൂം വെക്കേറ്റ് ചെയ്ത് ലഞ്ചും കഴിച്ച് ഇറങ്ങാനേ ഇനി നേരം കാണൂ, അടുത്ത തവണ ട്രിപ്പ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണം’, അന്ന വിഷയം മാറ്റി
പാമ്പൻ പാലം എത്തുന്നവരെ അവർ അവരുടെ ചിന്തകളിലേക്ക് ചേക്കേറി.
‘എടോ ഫോട്ടോസ് എല്ലാരും ഗ്രൂപ്പിൽ ഇടണേ’, ഫോണിൽ നോക്കിക്കൊണ്ട് അന്ന പറഞ്ഞു.
പാലത്തിൽ നിറയെ വണ്ടികളും കാഴ്ചക്കാരും ആയിരുന്നു. ഒഴിഞ്ഞ ഒരിടത്ത് വണ്ടി പാർക്ക് ചെയ്ത് അവരിറങ്ങി.
കാറ്റ് കാതിൽ ചൂളം കുത്തി. അവളുടെ മുടിയിഴകൾ പിണഞ്ഞു. വസ്ത്രങ്ങൾ പറിച്ചെടുത്ത് പായാൻ വെമ്പുന്ന പോലെ കാറ്റ് ഇരമ്പിയാർത്തു. പാലത്തിന്റെ കൈവരിയിൽ പിടിച്ച് താഴേക്ക് നോക്കുമ്പോൾ കൈ വിട്ടാൽ കാറ്റ് തന്നെ പൊക്കിക്കൊണ്ട് പോയേക്കും എന്ന് ഇഷയ്ക്ക് തോന്നി. പാമ്പൻ പാലത്തിലൂടെ വരുന്ന തീവണ്ടിയെ ക്യാമറക്കുള്ളിലാക്കാൻ അവൾ ഫോൺ കൈയിലെടുത്ത് കൈവരിയിൽ ചാരി മുന്നോട്ടാഞ്ഞു.
നീല നിറമുള്ള ക്യാബിനിൽ നിന്ന് അയാൾ അവളെ കണ്ടു.
കണ്ണിൽ എന്തോ തുളച്ചു കയറിയ പോലെ ഇഷ തറയിലേക്കൂർന്നു വീഴാൻ തുടങ്ങുമ്പോഴാണ് കല്യാണി അവളെ താങ്ങിയത്. കണ്ണും പൊത്തിപ്പിടിച്ച് അവളിരുന്നു, എന്താ പറ്റിയത് എന്ന അന്നയുടെയും കല്യാണിയുടെയും ആധികൾക്ക് മറുപടി കൊടുക്കാനാവാതെ.
അന്നേരം അവളുടെ നീല കണ്ണുകളുടെ ആഴത്തിൽ അയാൾ കണ്ടു, മുങ്ങിപ്പോയ തന്റെ ഊര്, ഇപ്പോഴും യാത്രയിലാണെന്ന മട്ടിൽ ഒരു തീവണ്ടി നിറയെ ആളുകൾ, ചുറ്റിലും നിറയുന്ന നീല. എല്ലാം വിഴുങ്ങിയ കടലിന്റെ നിശബ്ദത.
———————————————————————————————————————
* പട്ടുപോലെ മിനുത്ത റോഡിനു കീഴെ
പൊട്ടിപ്പൊളിഞ്ഞ എന്റെ ഉടലുണ്ട്