
ഒരു വിധുരന്റെ കഥ

ഷഹീർ പുളിക്കൽ
സന്തോഷവും ആഹ്ലാദവും പോയ്മറഞ്ഞു.സങ്കടത്തിന്റെ നിഴൽ പതിച്ച കരിമ്പടം മനസ്സിലെ സന്തോഷ ഗഹ്വരത്തിലേക്കുള്ള വാതിലുകളടച്ചു.നിര്വൃതിയാല് പെരുവിരൽ മുതൽ തലവരെ കയറാറുള്ള തരിപ്പ് നിലച്ചു.വീണ്ടും ആ കത്തിലേക്ക് തന്നെ നോക്കി.തൊണ്ണൂറ്റിയെട്ടിലെ പത്താം ക്ലാസ് ബാച്ചിലെ എല്ലാവരും ഒരുമിക്കുന്നു.അതിനാണ് ആരോ എനിക്കീ കത്തയച്ചിരിക്കുന്നത്.എല്ലാവരും ഒരുമിക്കുന്നു എന്നത് വെറും കളവാണ്.മരിച്ചുപോയ ബിബിതയും ജോസഫും എങ്ങനെ വരാനാണ്.അഥവാ വന്നാൽ തന്നെ ഞങ്ങൾ അവരോട് എങ്ങനെ സംസാരിക്കാനാണ്.
കുളിച്ച് ഭക്ഷണം കഴിച്ച് മെത്തയിലേക്ക് ചാഞ്ഞു.ഓർമകളുടെ പാന്ഥാവില് അനേകായിരം മനുഷ്യരുണ്ടായിട്ടും ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നതിന്റെ രഹസ്യം സ്വന്തത്തോട് തന്നെ ചോദിച്ചു നോക്കി.ഉത്തരമില്ല അതങ്ങനെ തന്നെയാണ് വരേണ്ടത്.ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമുള്ള ഒരു ജീവിതമാണ് ഈയുള്ളവന്റേത്.
സെന്റ് ഓഫ് ഡേ.പച്ചയും നീലയും നിറമുള്ള ചുരിദാറിൽ അവൾ വന്നിറങ്ങിയ നിമിഷം ഞാൻ ഒരു വശത്തേക്ക് ചായാൻ പോയതാണ്.
ഷിജു ജിഷയ്ക്ക് റോസാപ്പൂ നൽകിയത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി.കാരണം സാധാരണ പോലെ ഒരു നൽകലായിരുന്നില്ല അത്.ജിഷയുടെ മുന്നിൽ കാൽമുട്ടുകുത്തിയിരുന്ന് തലതാഴ്ത്തിയാണ് അവൻ റോസാപ്പൂ അവൾക്ക് നേരേ നീട്ടിയത്.അവളത് സന്തോഷത്തോട് കൂടി സ്വീകരിക്കുകയും ചെയ്തു.
ഞാൻ ഒരു വെള്ള ഷർട്ടും ഒറ്റത്തുണിയുമായിരുന്നു ഉടുത്തിരുന്നത്.അന്ന് ഈ ഞാൻ ഞാനായിട്ടുണ്ടായിരുന്നില്ല ഞ്യാൻ മാത്രം.
ഉച്ചയാകുന്നത് വരെ അവളെ പിന്തുടരലായിരുന്നു എന്റെ പ്രധാനപണി.ഒരു കാര്യം പറയാൻ മറന്നു.ദാ ഈ നിമിഷം വരെ നിന്നെ പ്രണയിക്കുന്നുണ്ട് എന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല.പക്ഷേ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പലവുരു എന്റെ നോട്ടങ്ങളിലൂടെയും പുഞ്ചിരികളിലൂടെയും അവളോട് പറയാതെ പറഞ്ഞിരിക്കുന്നു.
അന്ന് സെന്റ് ഓഫിന് ഞാൻ ഉച്ചഭക്ഷണം വിളമ്പുമ്പോൾ ഭക്ഷണം വാങ്ങാൻ വരി നിന്നവരുടെ കൂട്ടത്തിൽ അവളുമുണ്ടായിരുന്നു.അവൾക്ക് മുന്നിൽ നിന്നിരുന്ന ഓരോരുത്തരുടെ പാത്രത്തിലേക്കും കൈ വിറയ്ക്കാതെ ഞാൻ ചോറ് വിളമ്പിക്കൊടുത്തു.പക്ഷേ അവളുടെ ഊഴം എത്തിയപ്പോൾ എന്റെ കൈ വിറച്ചു.പാത്രത്തിൽ പിടിക്കുന്നതിന് പകരം ഞാൻ അവളുടെ വിരലുകളിൽ കയറിപ്പിടിച്ചു.അന്നേരം അവളുടെ മുഖത്ത് ഒരമ്പരപ്പ് പ്രകടമായിരുന്നു.
നീലയും പച്ചയും നിറമുള്ള ചുരിദാർ അതേ നിറമുള്ള ഒരു ഷോൾ.എന്റെ വർണ്ണ സങ്കൽപ്പങ്ങൾക്ക് യഥാർത്ഥ നിറം നൽകിയത് അവളാണ്.എന്റെ ആദ്യ നോവൽ പ്രസിദ്ധീകരിക്കുന്ന സമയത്ത് പ്രസാധകരോട് ശാഠ്യം പിടിച്ച് പുസ്തകത്തിന്റെ കവർപേജിൽ നീലയും പച്ചയും നിറങ്ങൾ ഉൾപ്പെടുത്തിയത് എന്നെന്നും അവളെ ഓർക്കാനാണ്.
നാടും വീടും അകലെയാണ്;ഒരുപാടകലെ.മാതാപിതാക്കളുടെ വിയോഗശേഷം ബന്ധങ്ങളെല്ലാം കെട്ടഴിഞ്ഞു.അനിയന്മാർ രണ്ടുപേരും വിദേശത്താണ്.വേനലിലെ പുതുമഴ പോലെ വല്ലപ്പോഴും വിളിക്കും അതിൽ കൂടുതലായി ഒന്നുമില്ല.
ഞാൻ പുറത്തേക്കിറങ്ങി.നല്ല തണുപ്പുണ്ട്.അല്പം നടന്ന് തേയിലച്ചെടികൾക്കിടയിലേക്ക് കയറി.ഇലകളിൽ തണുത്ത ജലകണികകൾ പറ്റിപ്പിടിച്ചിരിക്കുന്നു.അന്തരീക്ഷത്തിൽ ഈർപ്പം നിന്നിരുന്നു.ഞാൻ മുന്നോട്ട് നടന്നു…..
നാലര മണിക്കൂർ കാറോടിച്ചാണ് സ്കൂളിലെത്തിയത്.എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതേ മണ്ണിൽ.അനുഭവങ്ങളും പാളിച്ചകളും പരസ്പരം ഇടകലർന്ന എന്റെ ഈ ജീവിതം അതിന്റെ നാന്ദി കുറിച്ചത് ഇവിടെ വെച്ചാണ്.സ്കൂൾ ഗ്രൗണ്ടിൽ കുറേ കാറുകളും ബൈക്കുകളും കിടപ്പുണ്ട്.വന്നവരെല്ലാം നേരത്തെ എത്തിയിട്ടുണ്ടെന്ന് തോന്നുന്നു.
വേദിയിൽ ഇരിക്കുന്നത് ഉചിതമല്ല എന്ന് എത്രയാവർത്തിച്ച് പറഞ്ഞിട്ടും പ്രജോഷ് മാഷ് കേട്ടില്ല.അവസാനം വേദിയിൽ തന്നെ ഇരിക്കേണ്ടിവന്നു.ഒരു കണക്കിന് നന്നായി എന്ന് എനിക്കും തോന്നി.ഇവിടെയിരുന്ന് കൊണ്ട് അവളെ നോക്കാമല്ലോ.ഒരു തല മുതൽ മറുതല വരെ നോക്കി.അവളെ മാത്രം കണ്ടില്ല.
എല്ലാ ഉഡായിപ്പിലും കൂടെയുണ്ടായിരുന്ന ആത്മമിത്രം അമൃതേഷിനെ കണ്ടു.ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായി നടന്നിരുന്ന അഖിലിനെ കണ്ടു.സ്കൂളിലെ ആസ്ഥാന കോഴിയായിരുന്ന നിഥിനെ കണ്ടു.പിന്നെ പഠിപ്പിച്ച ടീച്ചർമാരുടെ പട്ടികയിലെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപിക എന്ന പട്ടം നൽകി മനസ്സിൽ ആദരിച്ചിരുന്ന പ്രമീള ടീച്ചറേയും കണ്ടു.പക്ഷേ അവളെ മാത്രം കണ്ടില്ല.
ഉച്ചയ്ക്ക് ബിരിയാണി വിളമ്പിയപ്പോഴും മധുരമൂറുന്ന പായസം ആരൊക്കെയോ മുന്നിൽ കൊണ്ട് വച്ചപ്പോഴും മനസ്സിലാകെ ഒരു നീറ്റലായിരുന്നു.അറിയാതെയെങ്കിലും ഞാൻ അവളെ ശപിച്ചോയെന്ന് സ്വഗാത്രത്തോട് ഒരായിരം തവണ ചോദിച്ചു.രണ്ട് തവണ മാത്രം പിച്ചിയ ഇറച്ചിക്കാൽ എന്നോട് പരിതപിക്കുന്നു എന്നെനിക്ക് തോന്നി.
ഷിജുവിനേയും ജിഷയേയും കണ്ടു.രണ്ടുപേരും ഒരുപാട് മാറിയിരിക്കുന്നു.അവന്റെ മുഖത്തിപ്പോൾ കടുകട്ടിയിൽ താടിയുണ്ട്.പൊടിമീശ വളർന്ന് പൊടിയാത്ത മീശയായിരിക്കുന്നു.എല്ലാം കാലത്തിന്റെ ചെയ്തികൾ.ജിഷയും ഷിജുവും ഡെെവേഴ്സായി എന്ന് അമൃതേഷ് പറഞ്ഞാണ് ഞാൻ അറിയുന്നത്.എന്തിന് എന്ന ചോദ്യം എന്റെ നാവിന് തുമ്പിൽ വന്നുനിന്നതാണ്.പക്ഷേ ചോദിച്ചില്ല.വിവാഹ മോചനത്തിന് എന്തിനാണ് കാരണങ്ങൾ.പങ്കാളിയെ മടുക്കുമ്പോൾ എന്നെന്നേക്കുമായി ആ ബന്ധം മുറിച്ചുമാറ്റലാണല്ലോ വിവാഹമോചനം.ഹാ! ഒരു കാലത്ത് ജിഷയും ഷിജുവും നല്ല ഇണകളായിരുന്നു.
കൂടെ പഠിച്ചവരിൽ പ്രണയിച്ച് കല്യാണം കഴിച്ചവർ വേറെയുമുണ്ടായിരുന്നു.സിദ്ധാർഥും ലക്ഷ്മിയും പിന്നെ രാഗേഷും ജിജിതയും.നാവിൽ ഇതൊക്കെയാണെങ്കിലും മനസ്സിൽ ഇവയൊന്നും അശേഷം പോലും തുള്ളികളിക്കുന്നില്ല.ചിന്തകളെല്ലാം അവളെക്കുറിച്ചാണ്.കാക്കകളുടെ നശിച്ച സംസാരത്തിനിടയിലും വന്നുചേർന്നവരുടെ ഉച്ചത്തിലുള്ള ഭാഷണങ്ങൾക്കിടയിലും അവളുടെ മുഖം തിരയനങ്ങാതെ മനസ്സിൽ തങ്ങിനിൽപ്പുണ്ടായിരുന്നു.
അമൃതേഷിനോട് അങ്ങോട്ട് ചോദിക്കണമെന്ന് വിചാരിച്ചതാണ്.പക്ഷേ കഴിഞ്ഞില്ല.ഓരോ നിമിഷവും മനസ്സ് വേദന കൊണ്ട് പുളയുകയാണ്.ഇരുപത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇനി അവളെ കണ്ട് മനസ്സിലാകാത്തതാണോ!…….
‘പിന്ന്യേ’
എന്തോ സംസാരിക്കുന്നതിനിടയ്ക്ക് അവൻ എന്നെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ വേണ്ടി ഏതോ ദിക്കിലേക്ക് ചൂണ്ടി.
‘നീ ഓളെ കാണാൻ വന്നിര്ന്നോ’
ആ ശബ്ദം എന്റെ ഹൃദയത്തെ തലങ്ങും വിലങ്ങും മുറിപ്പെടുത്തി.ചലം ഒലിക്കുന്ന വ്രണങ്ങളുടെ ദുർഗന്ധം മൂക്കിലൂടെ വമിച്ചു.തലച്ചോറിലെ നാഡീഞരമ്പുകൾ ഒരു നിമിഷം സ്തബ്ധരായി.എന്റെ ജീവിതത്തിൽ ഓളേയുള്ളൂ അത് അവളാണ്.പ്രണയമെന്ന ചേതോവികാരത്തെ ഞാനറിയാതെ എന്നിലേക്ക് ആവാഹിച്ചവൾ.
‘ഓൾ……?’
അറിഞ്ഞിട്ടും അറിയാത്ത പോലെ ഞാൻ അവനോട് ചോദിച്ചു.
‘നന്ദനാ…….ജോസഫ്’
ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി.എത്ര നിസ്സാരമായാണ് അവനത് പറഞ്ഞത്.എന്റെ കണ്ണുകളിൽ ജലകണികകൾ നിറഞ്ഞു.ഈ നിമിഷം അവന്റെ കണ്ണുകളിലും സങ്കടമുണ്ട്.പ്രിയപ്പെട്ടവന്റെ ഏറ്റവും പ്രിയപ്പെട്ടവൾ ഭൂമിയിൽ നിന്ന് മാഞ്ഞുപോയതിൽ അവനും ദുഃഖമുണ്ട്.പക്ഷേ ഞാൻ സങ്കടം രേഖപ്പെടുത്തിയത് പോലെ അവൻ രേഖപ്പെടുത്തിയില്ല.അവന്റെ കഴിവില്ലായ്മയായിരിക്കും.അല്ലാതെ ഞാനെന്ത് പറയാൻ.
‘ഞാൻ അറിഞ്ഞില്ല’
‘മ്ം നിക്കറിയാം ആരും നിന്നെ അറിയിച്ചിട്ട്ണ്ടാവില്ലാന്ന്’
‘നീയും’
‘അറിയിച്ചാലോ ന്ന് വിചാരിച്ചതാണ് പിന്നെ വേണ്ടാന്ന് തോന്നി’
‘നിനക്കെങ്കിലും അറിയിക്കാമായിരുന്നു’
‘ഞാൻ തന്നെ കണ്ട്ട്ടില്ല ഓള് മരിച്ചൂന്ന് അറിഞ്ഞപ്പത്തിനും ഓളെ അടക്കം ചെയ്തിര്ന്നു’
‘ഓള്… എവടെ വെച്ചാ എപ്പഴാ എങ്ങനാ……?’
നിശബ്ദം അരിച്ചുകയറിയ അസ്വസ്ഥതകളുടെ പുഴുക്കൾ എന്റെ തലക്കുള്ളിലാകമാനം നാശനഷ്ടം വിതച്ചു.സെറിബ്രത്തിന്റെയും സെറിബെല്ലത്തിന്റെയും സൂക്ഷ്മ പാളികളിലേക്ക് അവ ഇരച്ചു കയറി.കണ്ണുകളടച്ചിട്ടും കാതുകള് പൊത്തിയിട്ടും എനിക്കാശ്വസം ലഭിച്ചില്ല.
വാ നമുക്ക് കുറച്ച് നടക്കാം’
അമൃതേഷിന്റെ ഒരടി പിന്നിലായി ഞാനും നടക്കാൻ തുടങ്ങി.പണ്ടുണ്ടായിരുന്ന ആൽമരം ഇരുപത്തിരണ്ട് വർഷങ്ങൾ കൊണ്ട് ഒരുപാട് വളർന്നിരിക്കുന്നു.ചാടിക്കയറിയ ചില്ലകൾ ഇന്ന് കണ്ടഭാവം നടിക്കുന്നില്ല.കാല്പാദം പതിഞ്ഞ മണ്ണോ പൂഴിയോ കാണണമെങ്കിൽ ഇന്റർലോക്ക് പൊളിക്കേണ്ടിയിരിക്കുന്നു.എല്ലാം മാറിയിരിക്കുന്നു;എല്ലാം.മാറ്റം സംഭവിക്കാത്തത് മാറ്റത്തിന് മാത്രമാണെന്ന് എഴുതിയത് ഞാൻ തന്നെയല്ലേ എന്നോർത്തുപോയി.
‘രണ്ടരക്കൊല്ലാകാനായി…….’
അവന്റെ നാവ് ഉയരാനും താഴാനും തുടങ്ങി.അവനിലും വല്ലാത്ത മാറ്റം വന്നിരിക്കുന്നു.പഴയ പതിനാറുകാരനില്ലാത്ത പലതും ഇന്നവനിലുണ്ട്.കട്ടിയുള്ള മീശയോ പൊന്തൻ താടിയോ അവനില്ല.എന്നാലും നേരിയ മീശയും താടിയും അവൻ കൊണ്ടുനടക്കുന്നു.പണ്ട് അവന്റെ കണ്ണുകൾക്ക് മുകളിൽ ഈ സാധനം ഉണ്ടായിരുന്നില്ല.ആയിരമായിരം പുസ്തകങ്ങളിലേക്ക് അതിസൂക്ഷ്മമായി നോക്കുന്ന എനിക്ക് പോലും ഈ ഉപകരണം ആവശ്യമില്ല.പിന്നെ എന്തിനാണാവോ ഇവന്!……
‘മണ്ണാർക്കാട്ടെ ഏതോ പ്രൈവറ്റ് ആശുപത്രീലായിര്ന്നു ഈ മഞ്ഞപ്പിത്തം കരളിൽ കേറീന്നാണ് പറഞ്ഞ് കേട്ടത്’
അവൻ കൂടുതൽ വ്യക്തത വരുത്തി.പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല.അവനൊന്നും പറഞ്ഞതുമില്ല.പിരിയാൻ നേരം ‘ഇനി’ എന്നവൻ പറഞ്ഞുനിർത്തി.
‘കൊറേ കാലായില്ലെ വീട്ടില് പോണം പറ്റ്യാ ഓളെ കല്ലറ വരേം’
ആ ഉത്തരം കേട്ട നേരം അവൻ ഒരു നെടുവീർപ്പിട്ടു.നിന്റെ യോഗമെന്ന് അവൻ അതിലൂടെ പറയാതെ പറയുന്നതായി എനിക്ക് തോന്നി.അതെ ഇതെന്റെ യോഗമാണ്.ഭാര്യയോ മക്കളോ ഇല്ലാതെ ബന്ധങ്ങളോ ബാന്ധവങ്ങളോ ഇല്ലാതെ ഇങ്ങനെ ജീവിക്കേണ്ടി വരുന്നത് എന്റെ മാത്രം വിധിയാണ്.
സ്വപ്നം കണ്ടപ്പോൾ കാണാതിരുന്ന പലരേയും കണ്ടു.പലരേയുമല്ല സ്വപ്നത്തിൽ കാണാതിരുന്ന എല്ലാവരേയും കണ്ടു.പക്ഷേ സ്വപ്നത്തിൽ കണ്ട ഒരേ ഒരാളെ മാത്രം കണ്ടില്ല.തേനിനാൽ പുഷ്പിച്ച പൂവിനെ കണ്ടില്ല.പാലിനാൽ നേർപ്പിച്ച വെണ്ണയെ കണ്ടില്ല.അകതാരിൽ ചേർത്തുവെച്ച അധരങ്ങളെ കണ്ടില്ല.
ടിപ്പുസുൽത്താൻ റോഡിലൂടെ ഞാൻ വണ്ടിയോടിച്ചു പോയി.നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതേ പാതയിൽ മുഴങ്ങിക്കേട്ട കുതിരക്കുളമ്പടികൾക്ക് വേണ്ടി ഞാൻ കാതോർത്തു.പിന്നാലെ പാഞ്ഞ ശത്രുസൈന്യത്തിന്റെ നിർദ്ദേശങ്ങൾക്കും ആക്രോശങ്ങൾക്കും ഞാൻ ചെവിയോർത്തു.ഇല്ല പണ്ട് കേട്ടതൊന്നും ഇന്നീ വായുവിലില്ല.എല്ലാം മാറിയിരിക്കുന്നു വായുവും ആകാശവും മണ്ണും മനുഷ്യനും.
വീട്ടിലേക്കുള്ള ഇടവഴി തുടങ്ങുന്നിടത്ത് വണ്ടി നിർത്തി.ചുറ്റും ടെറസ് വീടുകളുയുർന്നിരിക്കുന്നു.ഇടവഴി തുടങ്ങുന്നിടത്ത് നിന്ന് കൊണ്ട് വീട്ടിലേക്ക് നോക്കി.ശൂന്യതയുടെ സർവ്വഭാവങ്ങളും സമന്വയിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾ ഓടുകൾക്കിടയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു.ഒരു നിമിഷം എന്റെ ചങ്കൊന്ന് ഇടറി.
ഒട്ടും പതിവില്ലാത്ത നേരത്ത് ഒരു വാഹനം വന്നുനിന്നിരിക്കുന്നു അതും പാർപ്പില്ലാത്ത ഒരു ഭ്രാന്താലയത്തിന് മുന്നിൽ.വീടിന്റെ സിറ്റൗട്ടിൽ നിന്ന് തലയുയർത്തി നോക്കുന്ന ഗൃഹനാഥന്മാരുടെ ചിന്തകളെ ഞാൻ ഊതിപ്പറപ്പിച്ചു.ഇടവഴിയിൽ ആകെ ഇലകളായിരുന്നു.എത്ര കാലമായി ഞാൻ ഇങ്ങോട്ടൊന്ന് വന്നിട്ട്.അച്ഛനും അമ്മയ്ക്കും പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടാകും.ഉരുണ്ട എന്തിലോ ചവിട്ടി.പേടിച്ച് കൊണ്ട് കാലെടുത്ത് കുറച്ച് ദൂരേക്ക് വെച്ചു.ഇലകൾക്കിടയിൽ നിന്ന് അനക്കമൊന്നും കേൾക്കാനില്ല.കാലു കൊണ്ട് ഒന്ന് തട്ടിനോക്കി.മണ്ടൻ!.പ്ലാവിന്റെ നീണ്ടുപോയ വേരായിരുന്നു അത്.എത്ര തവണ ഇത് കണ്ടിരിക്കുന്നു എന്നിട്ടും മറന്നുപോയി.ഞാൻ ആകെ മാറിയിരിക്കുന്നു.ഇല്ലെങ്കിൽ ഇടയ്ക്കെങ്കിലും ഇതുവഴി വരുമായിരുന്നു.
മുറ്റത്തും നിറയെ ഇലകളായിരുന്നു.മുന്നിലെ വാതിൽ തുറന്ന് അകത്തേക്ക് കയറി.സ്മരണകളുടെ ഒരായിരം തിരമാലകൾ വായിലൂടെ തികട്ടിവന്നു.ചിലന്തി കെട്ടിയ വലകൾ ഓർമകളുടെ വ്യക്തത കുറച്ചു.കൈ കൊണ്ട് ആവുന്നിടത്തെ ചിലന്തി നിർമിതികളെല്ലാം നശിപ്പിച്ചു.കൈ എത്താത്ത ഉയരത്തിൽ ഒരു ചിലന്തി വലയിൽ കിടന്ന് ഓടുകൾക്കിടയിലൂടെ സൂര്യപ്രകാശം വലിച്ചെടുക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം ഞാൻ ഒന്നും ചെയ്യാനാകാതെ നിന്നു.മുന്നിൽ ചിതലരിച്ച കട്ടിൽ കണ്ണുകളിൽ ഉടക്കിയപ്പോൾ ഓർമ വന്നത് അച്ഛനെയാണ്.ദീനം വന്നത് മുതൽ മരിക്കുന്നത് വരെയും അച്ഛൻ കിടന്നത് ഈ കട്ടിലിലാണ്.കട്ടിലിൽ കിടന്നുകൊണ്ട് അച്ഛൻ മാടി വിളിക്കുന്നത് പോലെ തോന്നി.വിറയ്ക്കുന്ന പദങ്ങളോടെ ഞാൻ കട്ടിലിനരികിലേക്ക് നടന്നു.അമ്മയുടെ മരണശേഷം വിഴുപ്പുഭാണ്ഡങ്ങൾ കൊണ്ട് പുഴക്കരയിലേക്ക് എങ്ങനെയായിരുന്നോ നടന്നിരുന്നത് അങ്ങനെയാണ് ഞാൻ ഇപ്പോൾ നടക്കുന്നത്.കട്ടിലിനരികിലേക്കെത്തി അച്ഛൻ നീട്ടിയ കൈക്ക് നേരേ ഞാൻ കൈ നീട്ടി.ഇല്ല അത് അപ്രത്യക്ഷമായിരിക്കുന്നു.പുറത്ത് കാറ്റ് വീശുന്നുണ്ടെന്ന് തോന്നുന്നു.പ്ലാവും മാവുമെല്ലാം കാറ്റിൽ ആടിയുലയുന്നതിന്റെ മൂളൽ കേൾക്കാം.ദൂരെ എവിടെ നിന്നോ പട്ടികൾ ഓരിയിടുന്നത് കേൾക്കാം.വേട്ടക്കാരനായി എന്നെ കണക്കാക്കിയ ഏതോ ചീവിടിന്റെ അട്ടഹാസം കേൾക്കാം.
ശ്വാസനാളവും അന്നനാളവും കടന്ന് ഓർമകൾ പിന്നെയും തികട്ടിവന്നു.അച്ഛന്റെ ലാളനകളും അമ്മയുടെ ചുംബനങ്ങളും എന്റെ കണ്ണുകളെ ഈറനണിയിച്ചു.ഇവിടെ എവിടെയോ അവരുണ്ട്.എനിക്കവരുടെ കാൽപ്പെരുമാറ്റം കേൾക്കാം,അവരുടെ കാൽപ്പാടുകൾ കാണാം.എല്ലാം ഇന്നലെത്തേക്കാൾ വ്യക്തം.പക്ഷേ കണ്ണുകൾ മങ്ങിയിരിക്കുന്നു.
ഓർമകളുടെ ഒഴുക്കിൽ നിന്നും ഞാൻ ഒരു കരയിലേക്ക് നീന്തിക്കയറി.നനച്ച ഓർമകളുടെ കുത്തൊഴുക്കിൽ നിന്നും വീണ്ടും എന്നിലേക്ക്.പഴുത്തതും കരിഞ്ഞതുമായ ഇലകളെ ചവിട്ടിമെതിച്ച് കാറിനടുത്തേക്ക് നടക്കാൻ തുടങ്ങി.ഇടവഴിയിൽ നിന്നും കുറച്ചകലെയായി ഇലയനങ്ങുന്ന ശബ്ദം കേട്ടു.ഒരല്പം ഭയത്തോടെ അങ്ങോട്ട് നോക്കി.ഏതാണ് ജാതിയെന്നോ എന്താണ് മതചിഹ്നമെന്നോ എന്നറിയില്ല പക്ഷേ പാമ്പാണ്.
ഇനി പോകേണ്ടത് അവൾക്കരികിലേക്കാണ്.നന്ദനാ ജോസഫിനരികിലേക്ക്.ഇടക്കുർശ്ശിയിൽ നിന്ന് ശിരുവാണിയിലേക്കുള്ള പാതയിലൂടെ കുറച്ച് ദൂരം ചെന്നാൽ ഒരു പള്ളിയുണ്ട്.അതിനരികിൽ വിശാലമായൊരു സെമിത്തേരിയും.ഇതും അമൃതേഷ് പറഞ്ഞുതന്നതാണ്.ഞാനായി ഒന്നും കണ്ടെത്തിയിട്ടില്ല.അവളോടെനിക്ക് മാപ് പറയണം.സ്നേഹിച്ചതിന് ക്ഷമ ചോദിക്കണം.സ്നേഹമുണ്ടായിട്ടും സ്വയം വെന്തുവീർത്തതിന് ഒരു മെഴുകുതിരിയെന്ന പോൽ അവളുടെ മുന്നിൽ ഉരുകിയൊലിക്കണം.
ഈ ചവിട്ടുപടികൾക്കപ്പുറം അവളുണ്ട്.ഓരോ പടി കയറുമ്പോഴും ഞാൻ ചുറ്റിലും നോക്കി.എന്നെ അറിയുന്ന ആരെങ്കിലും ഉണ്ടോയെന്നറിയാൻ വേണ്ടി.ആരുമില്ല.ഇനിയും അവളിലേക്കുള്ള പാതയിൽ ആരെങ്കിലും കയറിനിന്നാൽ എനിക്ക് ആര്ക്കുമറിയാത്ത ഞാൻ ആകേണ്ടിവരും.
ഒരുപാട് കല്ലറകളുണ്ട് ഇതിലേതാണാവോ അവളുടേത്.കണ്ടു!.അൾത്താരയിലെ ഗിഥാറിന്റെ താളവും കാറ്റിന്റെ ഇരമ്പലും മിന്നിമറഞ്ഞ ഇടിയുടെ ഗാഢതയും എന്റെയും അവളുടെയും കൂടിക്കാഴ്ചക്ക് പശ്ചാത്തല സംഗീതമൊരുക്കി.നിനക്ക് വേണ്ടി ഞാൻ സുഗന്ധമുള്ള റോസാപ്പൂവോ വിശുദ്ധിയുടെ വെളുത്ത മെഴുകുതിരിയോ കൊണ്ടുവന്നിട്ടില്ല.നിനക്ക് വേണമെങ്കിൽ ഒരു റോസാപ്പൂവായി എന്നെ വാസനിക്കാം അതല്ലെങ്കിൽ ഒരു മെഴുകുതിരി കണക്കെ നിനക്ക് വേണ്ടി ഞാൻ ഉരുകിയൊലിക്കാം.എന്താണ് നീ ഒന്നും മിണ്ടാത്തത്.നിന്നിൽ നിന്ന് ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നു.പറയൂ ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന് എന്നോട് പറയൂ എന്നോട് മാത്രം.ഞാൻ കണ്ണുകളടച്ചു.പതിയെ തുറന്നു.അവളെന്നോട് മിണ്ടുന്നില്ല.അവളെന്നെ സ്നേഹിച്ചിട്ടില്ല.ഇഷ്ടമല്ലാഞ്ഞിട്ടും അവളെ സ്നേഹിച്ച,അവൾക്ക് വേണ്ടി കാത്തിരുന്ന ഞാനാണ് മണ്ടൻ.ദൈവമേ നിന്നോട് പറയാൻ എനിക്കൊരു കഥയുണ്ട്;ഒരു വിധുരന്റെ കഥ.