
ദിലീപിന് ഓശാന പാടുന്നവർ

ഷാഫി മുഹമ്മദ് പി.
എനിക്ക് ഒരു പ്രശ്നമുണ്ട് എന്നറിഞ്ഞാൽ വീട്ടുകാർക്കും ബന്ധുക്കൾക്കും മുമ്പേ ഓടിയെത്തുന്ന സുഹൃത്തുക്കൾ അനവധിയുണ്ട്. അധ്യാപക കുപ്പായമണിഞ്ഞപ്പോൾ അവിടുന്നും കിട്ടി കാക്കത്തൊള്ളായിരം ബന്ധങ്ങൾ. ഇനി നാളെ ഏതെങ്കിലും ഒരു റെജിസ്റ്റെർഡ് സംഘടനയിൽ അംഗമാകുമ്പോൾ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്ലക്കാർഡുമായി തെരുവിലിറങ്ങാൻ അവിടെയും കാണും ആൾക്കാർ. മനുഷ്യൻ സാമൂഹിക ജീവിയാണെന്നതിനുള്ള തെളിവുകൾ.
ഇനി വിഷയത്തിലേക്ക് വരാം, 2O17ൽ ഒരു പ്രമുഖനടി ആക്രമിക്കപ്പെട്ടു. സിനിമാ മേഖലയിൽ തന്നെ ചുറ്റിപ്പറ്റി നടക്കുന്ന ക്രിമിനലുകൾ അവരെ തട്ടിക്കൊണ്ടു പോയി പീഡനങ്ങൾ നടത്തി റോഡിൽ ഇറക്കിവിട്ടു. പക്ഷേ വീട്ടിലിരുന്ന് കരയാൻ നടി തയ്യാറായില്ല. പോലീസും അടങ്ങിയിരുന്നില്ല. അന്നേ ദിവസം താര സംഘടനകൾ അവർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അതിൽ സംസാരിച്ച നടൻ ദിലീപ് പിന്നീട് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇത്തരത്തിലുള്ള കുറ്റ കൃത്യത്തിന് ചരടുവലിക്കാരൻ ആയി പോലീസ് കണ്ടെത്തി. പ്രതിയെന്ന് ആരോപിക്കപ്പെട്ടു രണ്ട് മാസം ജയിലിലും കടന്നു. ജയിലിലേക്ക് അയാളെ കാണാൻ ശബരിമല ദർശനത്തിന് ചെല്ലുന്ന പോലുള്ള തിരക്കായിരുന്നു. കെ.പി.എസ്.സി ലളിതയും അയാളെ സിനിമയിലേക്ക് എത്തിച്ച ജയറാമും ഓണ ക്കോടിയുമായി എത്തി. സിദ്ദീഖും ഗണേഷ് കുമാറും ചെന്ന് കണ്ടു.
പൃഥ്വിരാജും ആസിഫ് അലിയും ഒഴികെ പരസ്യമായി ദിലീപിന് എതിരെ രംഗത്ത് വരാൻ ഒരു പുരുഷ താരവും തയ്യാറായില്ല. പക്ഷേ മലയാളത്തിലെ പ്രമുഖ നടിമാർ രംഗത്ത് വന്നു. ശക്തമായി പ്രതിഷേധിച്ചു. ഒരു സംഘടന രൂപീകരിച്ചു. ഫലം അവർ എ.എം.എം.എയിൽ നിന്നും പുറത്തായി. എന്നിട്ടും കുറെ കഴിഞാണ് ജനരോഷം തണുപ്പിക്കാൻ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്ത് ഇരുത്തുന്നത്. ചാനൽ ചർച്ചകളിൽ ദിലീപിൻ്റെ പണവും വാങ്ങി ന്യായീകരിക്കാൻ നടൻ മഹേഷും നിർമാതാവ് സജി നമ്പ്യാട്ടും മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നിരന്തരമായി രംഗത്ത് വന്നു. ശ്രീനിവാസനും പരോക്ഷമായി ദിലീപിനെ ന്യായീകരിച്ചു.
കേരളാ സാംസ്കാരിക മണ്ഡലത്തിൽ കൃത്യമായി സ്വാധീനിക്കാൻ കെൽപുള്ള സിനിമാ പ്രവർത്തകരായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ജയറാമും രഞ്ജിത്തും ലളിതയും കവിയൂർ പൊന്നമ്മയും മധുവുമൊന്നും രംഗത്ത് വന്നില്ലെന്ന് മാത്രമല്ല ദിലീപിനെ സംരക്ഷിക്കാൻ വേണ്ടി കഴിയാവുന്ന തെല്ലാം ചെയ്തു. മനോരമയും വനിതയുമോക്കെ ദിലീപിൻ്റെ ഔദാര്യം കൈ പറ്റി അയാളെ വെള്ള പൂശാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സിനിമാ മേഖലയിൽ നിന്നുമുള്ള രണ്ട് എം.എൽ. എമാർ ദിലീപിനെ സംരക്ഷിക്കാൻ മാധ്യമ പ്രവർത്തകർക്ക് നേരെ എടുത്ത് ചാടിയതും കേരളം കണ്ടു. അതിനിടയിലാണ് ഞെട്ടിക്കുന്ന വാർത്തയും കത്തുമെല്ലാം പുറത്ത് വന്നത്. പൾസർ സുനി പറഞ്ഞത് ശരിയാണെങ്കിൽ ദിലീപ് കുരുക്കിൽ നിന്ന് കുരുക്കിലേക്ക് തന്നെയാണ് പോവുക. സുനിയുടെ അമ്മയുടെ മകനെ ന്യായീകരിക്കാനുള്ള ശ്രമം വെറുതെയാണ്. ഇരുപത്തിമൂന്ന് വയസ്സിനു താഴെ മാത്രം പ്രായമുളള ഈ ചെറുപ്പക്കാരൻ തെന്നിന്ത്യയിൽ ഒട്ടുമിക്ക ഭാഷയിലും അഭിനയിച്ച കലാകാരിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചത്. ചില്ലറക്കാരനല്ല എന്ന് സാരം.
ഈ വിഷയത്തിൽ പ്രബല രാഷ്ട്രീയ പാർട്ടികൾ എല്ലാം വേട്ടക്കാരൻ്റെ കൂടെ നിൽക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഭരണ കക്ഷിയുടെ രണ്ട് എംഎൽഎ മാർ, അതും സിനിമാ മേഖലയിൽ നിന്നുള്ളവർ, ഗണേഷ് കുമാറും മുകേഷും പത്ര പ്രവർത്തകരോട് പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇറങ്ങിയത് നമ്മൾ കണ്ടു. ഇവരെ തിരുത്തേണ്ട ധാർമിക ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. പ്രതിപക്ഷം ഈ വിഷയം ഒരു രാഷ്ട്രീയ ആയുധമായി എടുത്തില്ല എന്നതും കുറച്ചു കാണാൻ കഴിയില്ല.
യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര പറയുന്ന പോലെ മമ്മൂട്ടിയും മോഹൻലാലും അവരുടെ കഴിവുകൊണ്ട് എത്തപ്പെട്ടവരാണ്. പ്രതിബദ്ധതയുടെ ആവശ്യമില്ല എന്ന വാദം തെറ്റാണ്. ഇവർക്ക് ലഭിക്കുന്ന വരുമാനം ഇവരുടെ താരമൂല്യം കാരണമാണ്. ആ മൂല്യം നൽകിയത് ഇവിടുത്തെ ജനങ്ങളാണ്. ആ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്, ഇത്തരം പ്രവണതകൾക്കെതിരെ ഇക്കയും ഏട്ടനും തൊള്ള തുടങ്ങണമെന്ന്. അല്ലാതെ എവിടെയും തട്ടാതെയുള്ള ഉപദേശങ്ങൾ ആർക്ക് വേണം. വിഷയത്തിൽ മോഹൻലാലിൻ്റെ ദിലീപിന് വേണ്ടിയുള്ള പ്രാർത്ഥന ഉണ്ടെന്ന വർത്തയെല്ലാം നമ്മൾ കേട്ടതാണ്. കേസിൻ്റെ പ്രാരംഭ ഘട്ടത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച പൃഥ്വിരാജും ആസിഫലിയും പിന്നീട് മൗനം ദീക്ഷിച്ചതും നമ്മൾ കണ്ടു. WCCയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടെയായ മഞ്ജു വാര്യർ പിന്നീട് അമ്മയോട് രാജിയായതും നമ്മൾ കണ്ടു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും നമ്മെ ഞെട്ടിച്ചു. റിപോർട്ടർ ചാനൽ ഒഴികെ ആരും ഈ വിഷയം കൃത്യമായ രീതിയിൽ അടുത്ത കാലത്ത് ഫോളോ ചെയ്തില്ല. ഇടത്പക്ഷ ചാനൽ കൈരളി ദിലീപിൻ്റെ സൗഹൃദ അഭിമുഖം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. കേരളത്തിലെ സാംസ്കാരിക നായകരും വിമർശകരും കൃത്യമായ നിലപാടും മുന്നേറ്റങ്ങളും വിഷയത്തിൽ എടുത്തില്ല എന്ന് തന്നെയാണ് കാണാൻ കഴിഞ്ഞത്.
കേരളം മുഴുവൻ അറിഞ്ഞോ അറിയാതെയോ വേട്ടക്കാരൻ്റെ, അല്ലെങ്കിൽ ദിലീപിൻ്റെ കൂടെയാണ് നിലയുറപ്പിച്ചത്. ഗവൺമെൻ്റ് ഈ വിഷയത്തിൽ ഇപ്പോഴും ഭീകര മൗനം തുടരുകയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ്റെ കണ്ടെത്തലുകൾ എന്ത് കൊണ്ട് ജനങ്ങൾക്ക് മുന്നിൽ വെക്കുന്നില്ല? ആരെ സംരക്ഷിക്കാനാണ് സിനിമാ മന്ത്രിയും മുഖ്യമന്ത്രിയും റിപ്പോർട്ട് മുക്കുന്നത്?
മറുപടി പറഞ്ഞേ തീരൂ. ആ നടിക്കും അവർക്ക് വേണ്ടി പലതും വേണ്ടെന്ന് വെച്ച രേവതിയ്ക്കും പാർവതിക്കും രമ്യാ നമ്പീശനും അർച്ചന പത്മിനിക്കും പത്മ പ്രിയക്കും ഗീതു മോഹൻദാസിനും റിമാ കല്ലിങ്കലിനും നമ്മൾ ജനങ്ങളാണ് ഉള്ളത്. പ്രതികരിക്കുക, പ്രതിഷേധിക്കുക. സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷൻ പുറത്ത് വിടുക.