
സമരപക്ഷം ഗുണ്ടകളായി മുദ്രകുത്തപ്പെടുമ്പോള്‍

ഷഫീഖ് താമരശ്ശേരി
നീതിയില്‍ നിന്നും പുറത്താക്കപ്പെട്ട പാര്‍ശ്വവത്കൃത ജനത നടത്തിയ പ്രതിരോധങ്ങളുടെ തുടര്‍ച്ച കൂടിയാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ മുന്നണി സമവാക്യങ്ങളുടെ ഭാഗമായ തെരഞ്ഞെടുപ്പ്-അധികാര സമസ്യകള്‍ക്ക് പുറത്ത്, അതിജീവന രാഷ്ട്രീയമുയര്‍ത്തി വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങള്‍ നിരന്തരമായി നടത്തിയ സമരത്തുടര്ച്ചകള്, രാഷ്ട്രീയ കേരളത്തിന്റെ ഗതിവിഗതികളെ പല രീതിയില്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. 70 കളില്‍ തുടങ്ങി 80കളില്‍ ശക്തി പ്രാപിച്ച് നിരവധി ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്കിയ അനേകം സമരങ്ങളാണ് കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തെ ഇന്നലെകളില്‍ സചേതനമാക്കിയത്.
മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് സമരം, സൈലന്റ് വാലി പ്രക്ഷോഭം, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ ജനകീയ പ്രക്ഷോഭം, കാസര്‍ഗോട്ടെ എന്റോസള്ഫാന് വിരുദ്ധ സമരം, വിവിധ ആണവ നിലയ വിരുദ്ധ സമരങ്ങള്‍, ലാലൂരിലെയും വിളപ്പില്‍ ശാലയിലെയും മലിനീകരണ വിരുദ്ധ സമരങ്ങള്‍, ഭൂമിക്ക് വേണ്ടി ദളിത് ആദിവാസി ജനത നടത്തിയ മുത്തങ്ങ-മതികെട്ടാന്‍-അരിപ്പ-ചെങ്ങറ സമരങ്ങള്‍ തുടങ്ങി അടിസ്ഥാന ജനതയുടെ ജീവല്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന സമരങ്ങള്‍ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തെ കൂടുതല്‍ രാഷ്ട്രീയവത്കരിച്ചിട്ടുണ്ട്. കേരളത്തിലെ – ദളിത് ആദിവാസി – പരിസ്ഥിതി – സ്ത്രീപക്ഷ – മനുഷ്യാവകാശ മുന്നേറ്റങ്ങളെല്ലാം ഇത്തരമൊരു ബദല്‍ സമരപക്ഷത്തിന്റെ രാഷ്ട്രീയ വിശാലതയില്‍ പരസ്പരം കൈകോര്‍ക്കുന്നവരാണ്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍ പദ്ധതിയായ കെ റെയിലുമായി ബന്ധപ്പെട്ട നിരവധി സംവാദങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമെല്ലാം പദ്ധതിക്കെതിരെ സമരാഹ്വാനവുമായി രംഗത്ത് വന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സമരപക്ഷത്ത് നിലകൊള്ളുന്ന വ്യത്യസ്തരായ ആളുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പൊലീസ് നീക്കം നടക്കുന്നത് കെ റെയില്‍ സമരങ്ങളെ മുളയിലെ നുള്ളുക എന്ന ഭരണകൂട തീരുമാനത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിയോജിക്കുന്നവരെ പൊലീസ് ഗുണ്ടകളാക്കുമ്പോള്
ഓപ്പറേഷന് കാവലിന്റെ ഭാഗമായി പൊലീസ് തയ്യാറാക്കിയ ഗുണ്ടാ ലിസ്റ്റില്‍ കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമെല്ലാം ഉള്‍പ്പെട്ടത് ഏറെ ഞെട്ടലുളവാക്കുന്ന സംഭവമാണ്. സംസ്ഥാനത്ത് ക്രിമിനല്‍ സംഘങ്ങളുടെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണ്ടകള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, മയക്ക് മരുന്ന് മാഫിയ സംഘങ്ങള്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവരെയെല്ലാം പിടികൂടുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഇക്കഴിഞ്ഞ ഡിസംബര്‍ 18 ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രഖ്യാപിച്ച പദ്ധതിയാണ് ‘ഓപ്പറേഷന് കാവല്‍’. ഈ ലിസ്റ്റിലെങ്ങിനെ സ്ത്രീകളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടുവെന്നത് സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ ഭാഗമായി പൊലീസ് വിളിപ്പിച്ചതും നേരിട്ടെത്തി ചോദ്യം ചെയ്ത് വിശദവിവരങ്ങള്‍ ശേഖരിച്ചതുമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നിരവധി പേര് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോളേജ് അധ്യാപകരും ഗവേഷകരും മാധ്യപ്രവര്‍ത്തകരും പൊതുപ്രവര്ത്തകരുമെല്ലാമുണ്ട്. പൊലീസില്‍ നിന്നും ഈ അനുഭവങ്ങള്‍ നേരിട്ടവര്‍ക്ക് പൊതുവിലുള്ള സമാനത ഇവരെല്ലാം നേരത്തെ ഏതെങ്കിലും വിധത്തില്‍ ഭരണകൂടവിരുദ്ധ സമരങ്ങളുടെ ഭാഗമായവരായിരുന്നു എന്നതാണ്. മൂലമ്പിള്ളി, പ്ലാച്ചിമട, ചെങ്ങറ, എന്‍ഡോസള്‍ഫാന്‍, സര്‍ഫാസി, വാളയാര്‍, സി.എ.എ-എന്‍.ആര്.സി തുടങ്ങി വ്യത്യസ്ത കാലങ്ങളില്‍ കേരളത്തിന്റെ പലമേഖലകളില്‍ നടന്ന വിവിധങ്ങളായ സമരങ്ങളുടെ ഭാഗമായി നിലകൊണ്ട ആളുകള്‍ക്ക് നേരെയാണ് ഇപ്പോള്‍ ഓപ്പറേഷന് കാവലിന്റെ ഭാഗമായ പൊലീസ് അന്വേഷണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ എന്തുകൊണ്ട് ഇങ്ങനെയൊരു പൊലീസ് നീക്കം എന്ന സംശയം സ്വാഭാവികമായും നീളുന്നത് കെ റെയില്‍ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കാണ്.

കെ റെയില്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ആഭ്യന്തര വകുപ്പ് ഓപ്പറേഷന് കാവലിനെ മറയാക്കുകയാണോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. കെ റെയിലിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കലിനെതിരെ വ്യാപകമായ ഒരു പ്രക്ഷോഭം സംസ്ഥാനത്ത് നടക്കുകയാണെങ്കില്‍ ആ സമരത്തിന് സഹായം നല്‍കുമെന്ന് പൊലീസ് കരുതുന്ന തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ ബോധം കൈക്കൊള്ളുന്നവര്‍ തന്നെയാണ് ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. പാര്‍ലമെന്ററി പ്രതിപക്ഷത്തിന് പുറമേ കേരളത്തിലെപ്പോഴും ഒരു രാഷ്ട്രീയ പ്രതിപക്ഷം കൂടിയുണ്ടാകാറുണ്ട്. ഇത്തരം സമാന്തര രാഷ്ട്രീയ ധാരകളുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ഇല്ലാതാക്കാനും അവയുടെ നേതൃത്വത്തെ വേട്ടയാടി ഇത്തരം മുന്നേറ്റങ്ങളെ ശിഥിലീകരിക്കാനും ഭരണകൂടം എല്ലാ കാലത്തും ശ്രമിക്കാറുണ്ട്. അത്തരമൊരു ശ്രമം തന്നെയാകാം ഇപ്പോള്‍ നടക്കുന്നതും.

സംഭവിക്കുന്നത് പൊലീസ് വീഴ്ചകളുടെ ആവര്‍ത്തനം
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ഇടതുപക്ഷം ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും നടന്നിട്ടില്ലാത്ത വിധത്തിലുള്ള തുടര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളുമാണ് പിണറായിയുടെ ആദ്യ ഭരണകാലത്ത് സംഭവിച്ചത്. ജനകീയ പ്രതിരോധങ്ങള്‍ക്ക് നേരെ നടന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, അന്യായമായ അറസ്റ്റുകള്‍, സദാചാര ആക്രമണങ്ങള്‍, ഭീകരനിയമങ്ങളുടെ ദുരുപയോഗം, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍, കസ്റ്റഡി മരണങ്ങള്, വംശീയ-വര്‍ഗീയ സമീപനങ്ങള്‍ എന്നിങ്ങനെ പൊലീസ് നടത്തിയ നീചമായ അമിതാധികാര പ്രയോഗങ്ങളുടെ നിരവധി സംഭവങ്ങള്‍ പല ഘട്ടങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഏറ്റവുമൊടുവില്‍ പൊലീസിനകത്തെ ആര്.എസ്.എസ് സ്വാധീനത്തെ കുറിച്ച് ഭരണമുന്നണിയിലെ പ്രബല പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നു. എന്നിട്ടും ഇതുവരെ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ചകള്‍ തുറന്നുസമ്മതിക്കാനോ പൊലീസ് തിരുത്തപ്പെടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനോ ആഭ്യന്തരവകുപ്പ് തലവന്‍ കൂടിയായ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പൊലീസ് നടത്തുന്ന എല്ലാ നീക്കങ്ങളും ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ.
പൊലീസിലെ സംഘപരിവാര്‍ സ്വാധീനം
ആലപ്പുഴയില്‍ ഈയിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ആലപ്പുഴ മണ്ണഞ്ചേരി മാച്ചനാട് സ്വദേശി ഫിറോസ് മുഹമ്മദ് പറഞ്ഞത് പൊലീസ് കസ്റ്റഡിയില്‍ വെച്ച് തന്നെ ജയ് ശ്രീറാം വിളിപ്പിച്ചു എന്നും അതിന് ദൃക്സാക്ഷികളുണ്ട് എന്നുമാണ്. സംഘപരിവാറിനെതിരെ ഫേസ്ബുക്കില്‍ എഴുതിയതിന്റെ പേരില്‍ ബാംഗ്ളൂരില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ ഫോണും ഇയര്‍ഫോണും അടക്കമുള്ള സാധനങ്ങള്‍ കേരളത്തിലെയും കര്‍ണാടകയിലെയും പൊലീസിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി വന്ന് എടുത്തുകൊണ്ട് പോയി എന്ന് അയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് രണ്ട് ദിവസം മുമ്പാണ്. പൊലീസിന്റെ സംഘിവത്കരണവുമായി ബന്ധപ്പെട്ട വളരെ ഗൗരവമായ ആരോപണങ്ങളാണിതെല്ലാം.
രാഷ്ട്രീയമായി കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്ത ബി.ജെ.പി കേരളത്തിലെ സേനയെ തങ്ങളുടെ വരുതിയിലാക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട് എന്നത് വ്യക്തമാണ്. ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി മേധാവിയായിരിക്കുന്ന കണ്ണൂര്‍ ഇരിട്ടിയിലുള്ള പ്രഗതി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ നിന്ന് 2020 ജനുവരിയില്‍ മാത്രം 54 പേരാണ് കേരള പൊലീസില്‍ പ്രവേശിച്ചത്. നേരത്തെ സുരേഷ് ഗോപി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഈ സ്ഥാപനത്തിന് ഫണ്ട് അനുവദിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. നേരത്തെ തൃശൂരിലെ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി. സുരേഷ് രാജ് പുരോഹിത് വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പൊലീസ് ആസ്ഥാനത്ത് താന്‍ ആര്.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂ എന്നും അദ്ദേഹം പരസ്യമായി വെല്ലുവിളി നടത്തിയത് ഇതുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രീതിയില്‍ വംശീയവും വര്‍ഗീയവുമായ സമീപനങ്ങളോടെ സാധാരണ പൗരന്റെ ജീവിതത്തിന് മേല്‍ കുതിര കയറുന്ന തരത്തില്‍ ഒരു ക്രിമിനല്‍ സംഘമായി മാറിക്കൊണ്ടിരിക്കുന്ന കേരള പൊലീസാണ് സാമൂഹ്യപ്രവര്‍ത്തകരെ ഗുണ്ടകളാക്കി മാറ്റുന്നത് എന്നതാണ് കൗതുകകരം.